തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, May 30, 2017

പെരുമഴക്കാലത്തിന് ശേഷം..ദൂരത്തിന്റെയും ശക്തികുറഞ്ഞ വൈഫൈയുടേയും മുറിപാടുകളിൽ അമർന്ന അവളുടെ നേർത്ത ശബ്ദത്തിൽ പണ്ടെപ്പോഴും കേട്ടിരുന്ന കൊലുസ്സിന്റെ കിലുങ്ങളുടെ താളത്തിൽ ചിതറിയൊഴുകുന്ന കാട്ടരുവിയുടെ കിലുക്കമില്ലായിരുന്നു....പകരം സമതലങ്ങളിലേയ്ക്ക് ഒഴുകി സമാധാനം നേടിയ ഒരു പുഴയുടെ ശാന്തത..

“ഓർക്കുന്നുണ്ടോ വാർഡന്റെ സാരോപദേശങ്ങൾ..?“

“ഇയാൾടെ റൂമിലേയ്ക്ക് കുട്ടികൾ പോവാൻ പാടില്ലാന്ന് നിന്നോട് പല വട്ടം പറഞ്ഞിട്ടില്ലേ?“

“ഉവ്വ്..“

“ഇനിയൊരിക്കൽ കൂടി,.....പിന്നെയീ ഹോസ്റ്റലിൽ താമസിക്കാമെന്ന് കരുതണ്ട.. “

മൂക്കത്തേയ്ക്കൂർന്നിറങ്ങിയ കണ്ണട കയറ്റി വച്ച് ആലപ്പുഴക്കാരി ശാരദ വാർഡൻ അവസാനമില്ലാത്ത അവസാന വാർണിങ്ങ് കൊടുത്തു.

“തന്നോടും കൂടിയാ പറയുന്നത്, മിണ്ടാൻ പോലും വിടാൻ പാടില്ല കുട്ടികളെ എന്നാണ് നിർദ്ദേശം. എങ്ങനെയെങ്കിലും പഠിച്ച് ജയിച്ച് പൊയ്ക്കൂടെ?“

ചീത്ത കേൾക്കുമ്പോഴും മനുവിന്റെ കണ്ണിൽ പൂത്തിരി കത്തുന്നത് പോലെ മിന്നുന്ന കുസൃതി കണ്ട് എനിക്ക് ചിരിയാണ് വന്നത്. ഇവളാണ് എന്റെ നിർബന്ധിത വനവാസത്തിലെ ആദ്യ കടന്ന് കയറ്റക്കാരി, കാലിൽ കാറ്റിന്റെ ചിലങ്ക കെട്ടിയവൾ, കാട്ടരുവി പോലെ ചിരിക്കുകയും ചിതറുകയും ചെയ്യുന്നവൾ..

“എന്താണ് മാഡം ചൂടിൽ? “

സൂപ്പറിന്ററ്റ് ഓഫ് പോലീസ് പ്രമീള മാഡത്തിനെ കണ്ടപ്പോൾ വാർഡൻ ഒന്നടങ്ങി.

“എന്ത് പറയാനാ സാറേ, കോളേജ് കുട്ടികളെ വർക്കിങ്ങ് വുമൺസ് ഫോസ്റ്റലിൽ നിർത്താൻ പാടില്ലാന്ന് പറഞ്ഞാൽ ആര് കേൾക്കാൻ എന്നിട്ട് അവരുടെ പിന്നാലെ നടക്കാൻ നമ്മളും.“

“നിങ്ങളെന്തിന് പിന്നാലെ നടക്കണം, അവരുടെ കാര്യം നോക്കാൻ പ്രാപ്തിയായവർ തന്നെയാണല്ലോ അവർ“.. ഒരു ചിരിയോടെ കണ്ണിറുക്കി കാട്ടിയിട്ട് അവർ റൂമിലേയ്ക്ക് നടന്നു.

“ഡൊ, താനൊരു പുസ്തകം ചോദിച്ചിരുന്നില്ലേ, അതെനിക്ക് കിട്ടിയിട്ടുണ്ട്, റൂമിലേയ്ക്ക് വാ, തരാം..“

രക്ഷപെടാൻ കിട്ടിയ പഴുതിൽ വാർഡന്റെ കയ്യിൽ നിന്നും ഊരി പോരുമ്പോൾ തീരാത്ത ഒരു തലവേദന പോലെ ഞങ്ങളെ നോക്കുന്ന അവരുടെ നോട്ടത്തിന്റെ ചൂട് അറിയാൻ പറ്റുന്നുണ്ടായിരുന്നു..

“എന്താടോ തന്റെ കവിതകളൊക്കെ മുരടിച്ച് പോയോ, വനവാസമാണ് കവിത എഴുതാൻ നല്ലത്, വാക്കുകൾക്ക് മൂർച്ചയുണ്ടാവും..“, പ്രമീള മാഡത്തിന്റെ കളിയാക്കലുകളിൽ പോലും പരുപരുത്ത ഒരു സ്നേഹത്തിന്റെ ഒരു ചൂടുണ്ടായിരുന്നു..

“എഴുതാം..“

“പ്രേമത്തെ പറ്റി എഴുതണം, കാണാതെ പോവുന്ന പ്രേമത്തെ പറ്റിയല്ല, യുദ്ധം ചെയ്ത് പിടിച്ചടക്കുന്ന, ആകാശവും അമ്പെയ്ത് വീഴ്ത്തുന്ന പ്രേമത്തെ പറ്റി...“, അതായിരുന്നു മനുവിന് പ്രണയം.. നിർത്താതെ അവൾ സംസാരിച്ചു കോണ്ടേയിരുന്നു, സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക് നടത്താൻ പോവുന്ന ജൈത്രയാത്രകളെ പറ്റി.

“നിന്റെ ആഗ്രഹം പോലെ നടക്കട്ടെ..“ ചിരിച്ച് കൊണ്ട് റൂമിലേയ്ക്ക് പോവുമ്പോൾ ഒറ്റപ്പെടുന്ന നക്ഷത്രങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള മടുപ്പിക്കുന്ന വരികളെ എന്റെ മനസ്സിൽ വന്നുള്ളൂ.

“പിന്നെ നീ എവിടെയായിരുന്നു?“

ഒഴുകി, ഒരുപാടൊരുപാട്, ചില പകലുകൾ രാത്രികളെക്കാളും ഇരുണ്ടതായിരുന്നു, ജനാലകൾ ഇല്ലാത്ത മുറികളിൽ, മേഘങ്ങളില്ലാത്ത രാത്രി ആകാശത്തെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളെ നോക്കി നമ്മൾ പറഞ്ഞ കഥകൾ ഞാൻ ഓർക്കുമായിരുന്നു, പ്രണയം പാലാഴി കടഞ്ഞപ്പോൾ ഉയർന്ന് വന്ന അമൃത് മാത്രമല്ല കാളകൂട വിഷവുമാകാം എന്ന് പറഞ്ഞ് രാവെളുക്കുവോളം തർക്കിച്ചതിന്റെ വിഫലതയോർത്ത് കരഞ്ഞിരുന്നു..

പിന്നെ പലായനത്തിന്റെ നാളുകളിൽ ഒറ്റപെട്ട ആ മുറിയും നിങ്ങളുടെ വനവാസവും എന്നും ഓർക്കുമായിരുന്നു, പുസ്തകങ്ങളെ കെട്ടിപിടിച്ചുറങ്ങാൻ പഠിച്ചത് അവിടുന്നായിരുന്നല്ലോ..

ശബ്ദമിടറിയത് ദൂരം കൊണ്ടാവുമെന്ന് കരുതുന്നു.

നിന്റെ കൊലുസ്സിന്റെ കിലുക്കങ്ങൾ, ഇന്നും ഓർമ്മയുണ്ട്....?

ശാന്തമായ സ്വരത്തിൽ നിറഞ്ഞ ചിരിക്ക് പുഴയിലെ ഓളങ്ങളുടെ ശബ്ദമില്ലായ്മയായിരുന്നു. ആ കൊലുസ്സിന്റെ മണികളൊക്കെ എന്നേ അടർന്നു, ഇന്ന് ലോകം നിശബ്ദമാണ്, ചീവീട് കരഞ്ഞ് നിർത്തുമ്പോൾ കാട്ടിലൊരു നിമിഷം നിറയുന്ന പരിപൂർണ്ണ നിശബ്ദത പോലെ..

പെരുമഴകൾ പെയ്തു തോരുമ്പോൾ തോന്നുന്ന ശാന്തത പോലെ..

No comments: