തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, March 14, 2007

തിരക്കഥ.

“അമ്മേ ജബ് ലീനാ ദീദി കെ സാഥ് പാര്‍ക്ക് ജാതെ ഹെ നാ, അവിടെ എപ്പോഴും ഒരു ബയ്യ ഉണ്ടാവും.“

അലസമായി ടി.വി കണ്ടുകൊണ്ടിരുന്നപ്പോഴാണ് സച്ചുവിന്റെ വക ഒരു ബോംബ്, ഇത് വരെ പുതിയ വേലക്കാരിയെ കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല, എന്ന് തന്നെയല്ല ഭക്ഷണകാര്യങ്ങളും സച്ചുവിന്റെ കാര്യങ്ങളും അവള്‍ ഒത്തിരി ശ്രദ്ധയോട് കൂടി തന്നെയാണ് നോക്കുന്നത്, ഇതിനിയിപ്പോ മധുരനാരങ്ങയ്ക്കകത്തെ പുഴുകൂട് പോലാകുമോ ഭഗവാനെ എന്നായി ഭയം.

“മ്ം എന്നിട്ട്?“

“അവരേ... ഒത്തിരി നേരം ഇരുന്ന് വര്‍ത്തമാനം പറയും.ഞാന്‍ അവിടുള്ള ഏതെങ്കിലും പിള്ളേരുടെ കൂടെ കളിക്കായിരിക്കില്ലേ, എന്നിട്ട് ആ ബയ്യ എന്നും ദീദിക്ക് പൂ കൊണ്ട് കൊടുക്കും, പിന്നെ പാര്‍ക്കീന്ന് പോരണ വരയ്ക്കും ഞങ്ങളുടെ കൂടെയുണ്ടാവും, പിന്നെ ദേ താഴെ വരെ കൊണ്ട് വിടും. പിന്നേയ് മോളിലെത്തണ വരെ അവിടെ നോക്കി നില്‍ക്കും.“

എന്റെ ബീ.പി ഏറാന്‍ തുടങ്ങിയിരിരുന്നു.

“പിന്നേ ഒരു ദിവസം ഞങ്ങളിങ്ങനെ പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ കുറെ ബയ്യമാര് വണ്ടീല് വന്നു, എന്നിട്ട് ദീദിനെ എന്തൊക്കെയോ പറഞ്ഞു അപ്പഴേ ആ ബയ്യ എല്ലാരേം ഒറ്റ ഇടി, എല്ലാരും താഴെ വീണു.“

“നീ പോടാ, കള്ളം പറഞ്ഞ് പഠിക്കയാ കുട്ട്യോള്? ചീത്ത സ്വഭാവമാണൂട്ടോ!”

“അല്ലന്നേ, പിന്നേ വേറൊരു ദിവസം ദീദീം ബയ്യേം വഴക്കുണ്ടാക്കി, അപ്പോ ദീദി മിണ്ടീതേ ഇല്ല, അപ്പോ ബയ്യ അവടെ ആ മതിലില്ലേ അതിന്റെ മോളീ കയറി ലീനാ ഐ ലവ് യൂന്ന് പറഞ്ഞു.“

“സച്ചൂ വേണ്ടാട്ടോ, നിന്റെ കഥ പറച്ചില്‍, മറ്റുള്ളോരെ പറ്റി ഇങ്ങനെ ഇല്ലാത്തത് പറയാന്‍ പാടില്യാന്ന് നിനക്കറിയാല്ലോ?“

അവന്റെ പുതിയ കഥകളാണ് ഇതൊക്കെന്ന് മനസ്സിലായപ്പോള്‍ മനസ്സില്‍ ഇത്തിരി കുളിര് വീണു.

രാത്രി ഊണുമേശയിലായിരുന്നു അതിന്റെ ബാക്കി..

അച്ഛാ ഈ അമ്മ ഒട്ടും റൊമാന്റിക്ക് അല്ലാട്ടോ?
എന്തേയ്?
ഞാനൊരു സിനിമയ്ക്ക് കഥയെഴുതാന്ന് വച്ചിട്ട് ഈ അമ്മയ്ക്ക് ഒരു ക്ലൈമാക്സും പിടിക്കണില്ല, അച്ഛനോട് പറേട്ടേ ഞാന്‍?

അഞ്ച് വയസ്സുകാരന് തിരക്കഥയുടെ ഭവിഷ്യത്ത് പറഞ്ഞു തീര്‍ത്തപ്പോഴേയ്ക്കും രാത്രി ഏറെയായി.

“വിത്തുഗുണം“

ക്ഷീണത്തോടെ കട്ടിലിലേയ്ക്ക് ചെരിയുമ്പോള്‍ കണവന്‍ പിറുപിറുക്കുന്നത് കേട്ടു.
-പാര്‍വതി.

Thursday, March 08, 2007

ഒളിയിടങ്ങള്‍

നിലാവ് പാതി വഴി പിന്നിട്ട് കഴിഞ്ഞിരുന്നു. തെളിഞ്ഞ ആകാശമെങ്കിലും വളരെ കുറച്ച് നക്ഷത്രങ്ങള്‍. അക്കങ്ങള്‍ അര്‍ത്ഥമില്ലാത്ത കോഡുകള്‍ പോലെ കട്ടിബയന്റിട്ട ബുക്കില്‍ നിരന്നിരുന്നു.

“ഇത്തിരി പൈസയുണ്ടാവോ നിന്റേല് എടുക്കാന്‍?ഗോമതിക്ക് പാലൊത്തിരി കുറഞ്ഞു.”

അമ്മ നാളെ പറയാന്‍ പോവുന്ന വാക്കുകള്‍..അവന്റെ മനസ്സില്‍ ചിരിയും നോവും ഒരു പോലെ വന്നു.

വിഷ്ണുവിന്റെ മൊബൈല്‍ കുറെ നേരമായി അടിക്കുന്നു, മെഴുകുതിരിവെട്ടത്തിലും തെളിവുള്ള അതിന്റെ സ്ക്രീന്‍ വെളിച്ചത്തില്‍ ‘ഹോം’ എന്ന് എഴുത്ത് കണ്ടു.

ഈ കണക്കുകള്‍ ആഡിറ്റ് ചെയ്ത് എഴുതി തീര്‍ത്താലെ ഇന്നുറക്കമുള്ളു. പകലിലെ ജോലിയും രാത്രി എട്ടുമുതല്‍ പത്ത് വരെ ക്ലാസ്സും, കൂട്ടിലിട്ട കിളി പോലെ ജീവിതം വിങ്ങുന്നു.

മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നു.അവന് പോലും പേരോര്‍മ്മയില്ലാത്ത ഏതെങ്കിലും ഗേള്‍ഫ്രന്‍ഡിന്റെ കൂടെ ഉറക്കമില്ലാത്ത തെരുവുകളിലെവിടെയെങ്കിലും ഉണ്ടാവും അവന്‍.

അയല്പക്കത്ത് വിളിച്ച് നാളെ സംസാരിക്കാന്‍ വരണമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. നാളെ പറയേണ്ടവയൊക്കെ ഓര്‍ത്ത് അമ്മയും ഇപ്പോഴും ഉറങ്ങിയിട്ടുണ്ടാവില്ല.

ഇന്നുകളില്‍ കാണാത്ത ജീവിതം നാളെ കണ്ടെത്താനുള്ള പ്രയത്നത്തില്‍ ബന്ധങ്ങള്‍ പോലും ചില സമയത്ത് സുന്ദരമല്ലാത്ത മുഖം കാട്ടുന്നു.

വിഷ്ണുവിന്റെ മൊബൈല്‍ പിന്നെയുമടിക്കാന്‍ തുടങ്ങി. കഴിഞ്ഞ തവണ അമ്മ കെട്ടികൊടുത്തുവിട്ടതെന്ന് അവന്‍ എപ്പോഴും പഴിക്കുന്ന സിന്തറ്റിക്ക് കമ്പിളി പാതി തറയിലിഴഞ്ഞു കിടന്നു.

നിലാവിന് ഒരു നിശബ്ദമായ മൊഴിയുണ്ട്,ഒളിക്കാനാഗ്രഹിക്കുമ്പോഴൊക്കെ ഇട്ടുതരുന്ന ഒരു നിഴലിന്റെ സ്നേഹം.ഒഴുകിവീഴുന്ന സില്‍ക്ക് പുതപ്പ് പോലെ പുതയുന്ന കുളിരുള്ള സ്നേഹം.

കണക്കുകളും മനുഷ്യമനസ്സുകള്‍ പോലെയാണ്, സുഭിക്ഷതയുടെ ആഡംബരങ്ങളുണ്ടെങ്കില്‍ കാണാന്‍ ഭംഗിയുള്ളവ.പ്രോത്സാഹിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നവ. കൂട്ടികിഴിക്കലിലെ കുറവില്‍ മുഖം മൂടി കൊഴിച്ച് കളയും.ആത്യാവശ്യങ്ങളുടെ നിലയ്ക്കാത്ത നിലവിളികളില്‍ ചോര വാര്‍ന്ന് തീരും.

മൊബൈലിലെ പച്ചലൈറ്റ് വിളറിമിന്നി നിന്നു. ഇപ്പോഴും കാള്‍ വന്നുകൊണ്ടിരിക്കുകയാണ്. പതുക്കെ എടുത്ത് ബട്ടണമര്‍ത്തി ചെവിയില്‍ വച്ചു.

“മോനെ, എന്തേ ഇത്രയും നേരം എടുക്കാഞ്ഞത്, അമ്മ പേടിച്ച് പോയി, നീ ഉറങ്ങി കാണുമെന്ന് തോന്നി. എന്നാലും ഇന്ന് നിന്റെ പിറന്നാളല്ലേ, അമ്മ ആദ്യം പറയാമെന്ന് കരുതി.”

ഒഴുകിവരുന്ന ശബ്ദം കേട്ടപ്പോള്‍ വിഷ്ണുവല്ലെന്ന് പറയാന്‍ തോന്നിയില്ല.

“ഉം...”

“ഉറങ്ങിക്കോളൂ, അമ്മയെ വിളിക്കൂ രാവിലെ” ഫോണ്‍ കട്ടായി.

അക്കങ്ങളുടെ യുദ്ധകളത്തിലെ നിലിവിളികള്‍ക്ക് മേലെ ഉറക്കം പുതപ്പ് നീര്‍ത്തി, കണ്ണ് തനിയെ അടഞ്ഞ് പോയി.നിലാവിന്റെ തണുപ്പ് കൂടിയത് പോലെ.

ഡാ...നീയെന്താ പുസ്തകത്തിന്റെ മേലെ കിടന്നുറങ്ങാന്‍ പഠിക്കയാണൊ, വിഷ്ണു ദാ പുറപ്പെടണൂ, അവന്റെ അമ്മ മരിച്ചൂന്ന്..ഇന്നലെ വന്നപ്പോ ലേറ്റായില്ലെ, കുറെ മിസ്സ് കാളുണ്ടായിരുന്നു പോലും.

ഇന്നലെ നിലാവ് ഒളിക്കാനിടം തന്ന നിഴലുകളൊക്കെയും സൂര്യപ്രകാശത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത് അടയ്ക്കാന്‍ മറന്ന് പോയ ജാലകത്തിലൂടെ തിരിഞ്ഞ് നോക്കാനാവാതെ നോക്കിനിന്നു.

-പാര്‍വതി.

Wednesday, March 07, 2007

ജീവിതച്ചാല്

മുങ്ങിയും പൊങ്ങിയും നീങ്ങുന്നതെന്റെ തോണി..
ഭാരമായ് നിറയുന്നവയെന്റെ സ്വപ്നങ്ങളും.
പാടുവാനില്ല പാട്ടിന്റെയീണങ്ങളൊന്നും-
കാറ്റിലെ ഉപ്പേറിയതെന്റെ കണ്ണിലെ കരടിനാല്‍.











-പാര്‍വതി.