തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, May 14, 2014

അർത്ഥമില്ലാത്ത അനർത്ഥങ്ങൾ

കാക്ക, അതൊരു പക്ഷിയാണ്, ആർക്കും വേണ്ടാത്തവയൊക്കെ,
കൊത്തിതിരഞ്ഞിട്ടവയടുത്ത ജന്മത്തിൻ വളമാവാൻ കിണയുന്നവർ.
കളയാൻ തിരിഞ്ഞതിൻ അളവേറിയതിനാലാവമല്ലെങ്കിൽ-
കളയുന്നത് പലതും വളമായി തീരുവാനുതകില്ലെന്നുമറിഞ്ഞാവാം,
കാണില്ലയിന്നുനീയവരെ , കൊത്തിതിരിക്കുന്നതും, കളമെഴുതുന്നതും.

കാട്, അവിടെ കുറെ മരങ്ങളുണ്ടായിരുന്നു, മഴ പെയ്തതിന്നീറമേറ്റി-
കാറ്റാ കുളിരു പേറി കാതങ്ങളോളം, കാലങ്ങളോളം ചുറ്റിത്തിരിഞ്ഞിരുന്നു.
കുളിർചോലകളൊഴുകുന്നതിൽ നിന്ന് നീർകുടിക്കുവാനാവുമായിരുന്നു,
കാണില്ല, കാടെങ്ങും നീ, കരയാൻ പോലും കണ്ണിരില്ലാത്തവരൊത്ത്,
കാടിന്റെ കരളുറരുത്തതിലുപ്പ് പുരട്ടി വറുത്തതിലാ കാറ്റുരുകി പോയി.

കനിവ്, കണിക്കയിടാനെടുത്ത കാശ് കണ്ണുനീരിന്റെ നനവ് കാൺകെ-
കൈതുറന്നേകുന്ന മനസ്സിന്റെ നനവാണാ കനിവെന്ന നോവ്.
കരളും പകർന്ന് നൽകും, മനസ്സിന്റെ നീറ്റൽ അറിയുന്ന കാറ്റ് പോലെ,
കലികാലത്തിലിന്ന് കാണില്ലയെങ്ങും നീ കനിവും, കാരണം -
കുടിനീരുവറ്റി വരണ്ട ഭൂമി പോലെതന്നെ   വരണ്ടതാണിന്നെല്ലാ മനസ്സും .