തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, January 10, 2013

പുതുമഴയിലെ കള പോലെ - Trivandrum Lodge


തകർന്നു വീഴാറായ ഒരു കെട്ടിടം, പ്രത്യേകിച്ച് ആവശ്യമൊന്നിമില്ലാത്ത ഇത്തിരി പൈസ, ഇക്കിളി കഥകൾ വായിച്ച സുഖങ്ങളുടെ അതിശയോക്തിയും ന്യൂ ജെനറേഷൻ എന്ന പേരിൽ ഓരോ ഡയലോഗിന്റെയും ഇടയ്ക്കും തലയ്ക്കുംറൊരു ഫക്കും ബിച്ചും വച്ചാൽ തിരക്കഥയായി എന്ന ആത്മവിശ്വാസം, ഇതായിരുന്നു ടിവാണ്ഡ്രം ലോഡ്ജ് എന്ന ചലചിത്രത്തിന്റെ മുടക്ക് മുതലെന്ന് പറഞ്ഞാൽ അതിയോക്തിയാവില്ല.

പുതുമഴ പെയ്യുമ്പോൾ കളയ്ക്കും വിളയ്ക്കും അത് ഗുണം ചെയ്യും, കളയുണ്ടാവുന്നത് ചീഞ്ഞ് വളമായാൽ അത് വിളയ്ക്ക് നല്ലത് തന്നെ. പക്ഷെ കള വളരുമോ അതോ വിള വളരുമോ എന്നത് നട്ടവന്റെയും നനച്ചവനേയും ആശ്രയിച്ചിരിക്കുമെന്നത് പോലെ, ഇത്തരം ചിത്രങ്ങൾ നല്ല സിനിമയെ തളർത്തുമോ വളർത്തുമോ എന്നത് സൃഷ്ടിക്കുന്നവരുടേയും ആസ്വദിക്കുന്നവരുടേയും കയ്യിലാണ്.

തുടക്കം മുതലൊടുക്കം വരെ ഒരു കഥാതന്തു തിരയുകായിരുന്നു ഞാൻ. ഇത്രയേറെ കഥാപാത്രങ്ങളേ നിരത്തുമ്പോൾ പൊതുവായി പ്രതിഫലിക്കുന്ന ഒരു വിഷയം. അങ്ങനെയൊന്ന് പ്രതീക്ഷിച്ചതാണ് മണ്ടത്തരമെന്ന് അവസാനത്തോടെ മനസ്സിലായി, ന്യൂ ജെനറേഷനെന്ന ലേബലിന്റെ ബലത്തിലാവാം.

അനൂപ് മേനോനും ജയസൂര്യയും ജനാർദ്ധനനും അങ്ങനെ ഒരു പാട് കഴിവുള്ള അഭിനേതാക്കളുടെ പരിശ്രമം പാഴായി പോവുന്നത് കണ്ടപ്പോൾ വിഷമം തോന്നി. കുശവന്റെ കയ്യിലെ കളിമണ്ണ് പോലെയാണ് സംവിധായകന്റെ കയ്യിൽ കഥയും കഥാപാത്രങ്ങളും എന്നത് എത്ര സത്യമെന്നും. 
പെണ്ണ് പഠിച്ചവളാണെങ്കിൽ ,ഒറ്റയ്ക്ക് താമസിക്കാനാഗ്രഹിക്കുന്നവളാണെങ്കിൽ പിഴച്ചവളാണെന്ന് പതിവ് ശൈലി മാത്രം എത്ര തലമുറ പുതുക്കിയാലും മാറാത്തത് കുളത്തിന്റെ തവളയുടെ വാനനിരീഷണം പോലെ പരിഹാസ്യമായി തോന്നി.

സൂപ്പർ ഹീറോസിന്റെ ക്യാമ്പുകളിലും ലോബിയിലും പെട്ട് പരീക്ഷണങ്ങൾക്കു മുതിരുവാൻ ധൈര്യമില്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിൽക്കുന്ന ബോളിവുഡിന്റെയൊക്കെ ഗതികേട് കാണുന്നുണ്ട് നമ്മൾ. മലയാളത്തിലെങ്കിലും ലോബിയും ചേരി തിരിവും ഇല്ലാതെ, നല്ല കഥകൾക്കും പരീക്ഷണങ്ങൾക്കും സിനിമയ്ക്ക് വേണ്ട ആളുകളെല്ലാം ചേർന്ന് നിൽക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം 
കുറെ ഡയലോഗുകൾക്ക് വേണ്ടി കാണാൻ പറ്റിയ പ്രത്യേക മൂല്യങ്ങളൊന്നും തേടാനില്ലാത്ത ഒരു പടം എന്ന് പറയുമ്പോൾ, ഈ കള ചീഞ്ഞ് നല്ല പടങ്ങൾക്ക് വളമാവട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു..

പ്രതീക്ഷയോടെ,


Wednesday, January 09, 2013

ക്ഷമാപണം

"മോനൂൻ ഏത് കളിപ്പാട്ടമാണ് തുറക്കേണ്ടത്? അമ്മമ്മയോട്  അമ്മ പറയാട്ടോ തുറന്ന് തരാൻ.. ഉവ്വോ.. മോനൂ ചോറൂണ്ടൊ? അമ്മ ഉണ്ടില്ല, ട്രെയിനിലല്ലേ.. അമ്മ വിളിക്കാട്ടോ.. "
രണ്ടു വയസ്സുകാരി കുട്ടിയുമായി ട്രെയിനിൽ ഒരു യാത്രാ വേളയിൽ കേട്ട സംഭാഷണ ശകലം എന്റെ ജിജ്ഞാസ ഉണർത്തി.. സഹയാത്രികയെ പരിചയപ്പെട്ടപ്പോൾ എന്റെ കണ്ണിലെ ചോദ്യങ്ങൾ കണ്ടിട്ടാവാം അവർ വിശദീകരിച്ചു.
ഇന്ത്യൻ ആർമിയിൽ ഡോക്റ്ററാണവർ, കാശ്മീരിൽ ആണിപ്പോഴത്തെ പോസ്റ്റിങ്ങ്. വല്ലപ്പോഴും നമ്മൾ കേൾക്കുന്ന വെടിവയ്ക്കലുകളും തട്ടിപോകലുകളേക്കാളും ഒരു പാട് കൂടുതലാണ് അവിടുത്തെ അപായ നിരക്കെന്ന് അവർ പറയുമ്പോൾ നട്ടെല്ലിലൂടെ ഒരു വിറയലിറങ്ങിയതറിഞ്ഞിരുന്നു. ഭർത്താവും ആർമിയിൽ തന്നെ.. പോസ്റ്റിങ്ങ് പൂനെയിലോ മറ്റൊ..5 വർഷത്തെ കല്യാണജീവിതത്തിനിടയ്ക്ക് 1 വർഷമാണ് ഒന്നിച്ചൊരിടത്ത് പോസ്റ്റിങ്ങുണ്ടായതെന്നു അവർ പറയുമ്പോൾ എന്റെ കുടുംബം എന്റെ കൺ വെട്ടത്തുണ്ടാവണമെന്ന എന്റെ സ്വാർത്ഥ എന്നെ ലജ്ജിപ്പിച്ചു.
രണ്ട് വയസ്സുള്ള മോൻ നാട്ടിൽ ഉണ്ടെന്നും, എന്നോ കഴിഞ്ഞ അവന്റെ പിറന്നാൾ അമ്മ വരുമ്പോഴാണ് ആഘോഷിക്കാറെന്നും അതിന്റെ സമ്മാനപെട്ടികൾ തുറക്കുന്ന വിശെഷമാണ് ഫോണിലൂടെ പറഞ്ഞതെന്നും പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞത് കട്ടി കണ്ണാടി മറച്ചു.
ഭർത്താവ് ബോംബെയ്ക്കടുത്ത സ്റ്റേഷനിൽ നിന്ന് കയറുമെന്നും, ഒന്നിച്ച് ഡെൽഹി വരെ പോവുമെന്നും പിന്നെ അടുത്ത ദിവസം കാശ്മീരിലേയ്ക്ക് തിരിക്കുമെന്നും പറഞ്ഞത് ഇന്നും ഒരു നീറ്റൽ പോലെ മനസ്സിൽ.

ഇങ്ങനെ നാമറിയാത്ത എത്രയോ ത്യാഗങ്ങൾ ഈ സൈനികർ നമുക്കായി, ഈ രാജ്യത്തിനായി ചെയ്യുന്നു. മറ്റുള്ളർക്കൊരു തിരിനാളത്തിന്റെ സുരക്ഷ പകരാൻ യൗവ്വനത്തിന്റെ മുക്കാലും മെഴുകുതിരി പോലെ എരിച്ചു കളയുന്നവർ.കുടുംബത്തോടൊപ്പമുള്ള ഓരോ രാത്രിയും പകലും ഒരു സ്വപ്മൻ പോലെ സൂക്ഷിക്കുന്നവർ.

ഈ അമ്മയുടെ നോവ് പോലെ, ഇന്നലെ ഒരു നിമിഷത്തിന്റെ ഇടവേളയിൽ കഴുത്തറക്കപ്പെട്ട പാവം ജവാന്റെ വിടവാങ്ങൾ പോലെ, എത്ര കുരുതികൾ, ഈ കടങ്ങളോരൊന്നും ഒരു ശാപം പോലെ നമ്മേയും ഈ ത്യാശങ്ങൾ വെറും എണ്ണകണക്കായി എഴുതി ഒപ്പിട്ടവസന്നിപ്പിക്കുന്ന ഭരണ സാരഥികളേടെയും പിന്തുടരുമെന്ന് മനസ്സ് പറയുന്നു..

ഞങ്ങളോട് ക്ഷമിക്കൂ സഹോദരാ..

Monday, January 07, 2013

ഇഷ്ടപ്പെട്ടു പോയീ തടിയനെ..

ഇഷ്ടപ്പെട്ടു പോയീ തടിയനെ...


നീട്ടിയടിച്ചൊരു ചൂട് ചായയും നല്ലൊരു പരിപ്പുവടയും തിന്ന് , ചായക്കടയിലെ രാജ്യാന്തര ചർച്ചകളിൽ ഒന്ന് പങ്കെടുത്ത് ഉഷാറായ ഒരു സുഖം, "ഡാ തടിയാ" എന്ന ആഷിക്ക് അബു പടം കണ്ടിറങ്ങിയപ്പോൾ തോന്നിയത് അങ്ങനെയാണ്.
വ്യത്യസ്ഥമായ ഒരു അവതരണം, പടം കണ്ട് വന്ന സുഹ്രുത്ത് തന്ന തണുപ്പൻ പ്രതികരണം കാരണം അൽപ്പം ശങ്കിച്ചാണ് ടിക്കറ്റുമെടുത്ത് പോയത്. പക്ഷേ ഒന്നര മണിക്കൂർ കഴിഞ്ഞിറങ്ങുമ്പോൾ മനസ്സ് സന്തോഷിച്ചു. സിനിമയെ സ്നേഹിക്കുന്ന സിനിമയിലെ കഥാപാത്രത്തിനൊപ്പം കരയുന്ന, ചിരിക്കുന്ന, നന്മയെ തിന്മ ജയിക്കുമ്പോൾ സന്തോഷിക്കുന്ന ഒരു സാധാരണ മനസ്സിന്റെ സന്തോഷം..
ന്യൂ ജെനറേഷൻ എന്ന ചേല്ലപേർ കിട്ടിയ പടങ്ങളുടെ Simplicity as it is എന്ന സമാനത ഈ പടത്തിനും ഉണ്ട്.
വളരെ പ്രസക്തമായ ഒരു സാമൂഹിക പ്രശ്നം ഏറ്റവും ലളിതമായ രീതിയിൽ ഹ്രുദ്യമായി അവതരിപ്പിച്ച ആഷിക്കിനോട് തോന്നുന്നത് നന്ദിയാണ്. പടം കഴിഞ്ഞും മനസ്സിൽ കഥ നിൽക്കുമ്പോൾ സംവിധായകന്റെ വിജയമാണത്..
മലയാള പടം കാണാൻ പോവുന്നത് മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ മാത്രം എന്ന അവസ്ഥയിൽ നിന്ന്, കാത്തിരുന്ന് കാണാൻ പടങ്ങളുണ്ടാവുക എന്ന അവസ്ഥയിലേയ്ക്ക് മലയാളവും മനസ്സും മാറുന്നത് ഒരു നല്ല മാറ്റം തന്നെ.
ഇനിയും കാത്തിരിക്കുന്നു.