തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Saturday, March 15, 2008

ഒന്നും പറയാതെ പോയവര്‍

പിണങ്ങി പോയ സുഹൃത്ത് പാതി കുടിച്ച് വച്ച് പോയ ചായക്കപ്പ് പോലെയാണ് മരണം,
തിരികെ വന്ന് പറയാനാവത്ത ഒരു മാപ്പ്, കൊടുക്കാനാവാതെ പോയ ഒരു മുത്തം.
എന്നും യാത്രകളെ സ്നേഹിക്കുന്ന ഞാന്‍ മരണത്തെയും സ്നേഹിച്ചിരുന്നു-
ഒരു നീണ്ട യാത്രയില്‍ കൂട്ടുകാരില്ലാതെയെങ്കിലും പോവാന്‍, എങ്കിലും
തിരിച്ചു വരാതെ പോവുന്നവരോട് പറയാനാതെ പോയതെന്തെക്കെയോ..
തണുത്ത് മരവിച്ച് മുഖങ്ങള്‍, ഓര്‍ത്തെടുക്കാനാവാതെ ദൂരത്തിരിക്കുമ്പോള്‍-
ഒരിറ്റ് കണ്ണീര്‍ പൊഴിക്കാനാവാതെ ഓര്‍മ്മകള്‍ മാത്രം നീറി നില്ക്കുന്നു.

-പറയാനായി ഒരുപാട് ബാക്കി വച്ച് പറയാതെ പോയവര്‍ക്കായി....

-പാര്‍വതി

Monday, March 10, 2008

സ്നേഹം?വെറുപ്പ്?

തണല്‍ മരങ്ങളില്ലാത്ത വഴിയില്‍ വെയിലിലുരുകി നടന്നപ്പോള്‍ ഈ കിളിനാദം വരവേല്‍പ്പായാണ് തോന്നിയത്. പ്രളയത്തിലൊഴുകുന്ന പൊങ്ങുതടിയായി ജീവിതമെങ്കിലും ഉറവ വറ്റാതെ എവിടെയോ സ്നേഹസൌഹൃദങ്ങള്‍ വിതുമ്പി നിന്നത് കൊണ്ടാണ് ഞാന്‍ വാങ്ങിയത്, ഒരു വലിയ കൂടും അതില്‍ നാല് കിളികളും, പക്ഷെ കൂട് കെട്ടുന്നവനെയും കൂട്ടിലിടുന്നവരെയും വെറുക്കുന്ന പൊതു തത്വത്തിന്റെ കയ്പ്പറിഞ്ഞ നൊമ്പരത്തിലാണ് ഞാന്‍.
അവയുടെ ചിലമ്പല്‍ എന്നെ ശപിക്കുന്ന കൂരമ്പുകളായി എനിക്ക് തോന്നുന്നു. ചിറക് വിരിയ്ക്കാനാവത്ത ദൂരത്തിന്റെ വിഷാദം ഒരിക്കലും അടുക്കാനാവാത്ത ശത്രുവായി എന്നെ കാണുന്ന വൈരാഗ്യമായി മാറുമ്പോഴാണൊ എന്റെ സ്നേഹത്തലോടലുകള്‍ കൂര്‍ത്ത കൊക്കു കൊണ്ട് വരയ്ക്കുന്ന മുറിപാടുകളാവുന്നത്.
പുറത്ത് വട്ടം തിരിഞ്ഞ് നടക്കുന്ന കറുത്ത പൂച്ചയുടെയും വിശപ്പടങ്ങാത്ത തെരുവു നായ്ക്കളുടേയും ഇടയിലേയ്ക്ക് അവരെ തുറന്ന് വിടാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല.
ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ കര്‍ത്താവും കര്‍മ്മവും ആയി നില്‍ക്കുമ്പോള്‍ പഠിച്ചറിവുള്ള തത്വങ്ങളൊക്കെയും എന്നെ കുറ്റവാളിയാക്കുന്നു.

-പാര്‍വതി

Friday, March 07, 2008

സംശയം

ഇരുട്ടിനും ഒരു ആത്മാവുണ്ട് പോലും..
വെളിച്ചത്തിന്റെ തരിമ്പുമില്ലാത്ത സ്വപ്നങ്ങള്‍
അവ നെയ്യാറുണ്ട് പോലും...
ഇന്നിരുട്ടും വെളിച്ചവും ഇടകലര്‍ന്നൊഴുകി,
നരച്ച നിറങ്ങള്‍ പെയ്തിറങ്ങുമ്പോള്‍
സ്വപങ്ങളേത് നിറങ്ങളിലാവണം?

-പാര്‍വതി