തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, August 28, 2017

ആഴക്കിണറിന്റെ ഉൾകാമ്പുകൾ
എന്നാലും ജോയിയേ, നീയല്ലാതെ വേറാരേലും ഈ പാറമോളില് കിണറ് കുത്തുന്ന കാര്യം ആലോചിക്കുമോ, ഇതിപ്പോ എടുത്ത മണ്ണ് മൊത്തം തിരിച്ചിടാൻ തന്നെ വേണം ഒരാഴ്ച. നീനക്കും കുടുമ്മത്തിനും പ്രാന്തായീന്ന് നാട്ടുകാര് മൊത്തം പറഞ്ഞ് തുടങ്ങിയിട്ടുണ്ട്“

സാധാരണ ഇമ്മാതിരി സംസാരം കേട്ടിരിക്കുന്ന പ്രകൃതമല്ല അപ്പന്റേത്, ഇപ്പൊൾ പക്ഷേ പ്രതികരണമൊന്നും കാണാനില്ല, എവിടെ നിന്നോ സംഘടിപ്പിച്ച കരിമരുന്നും മെറ്റലും പ്ളാസ്റ്റിക്കും റബറുമൊക്കെ കൊണ്ട് വരിഞ്ഞു കൊണ്ടിരിക്കുന്ന സംഭവത്തിന് ഒരു കുഴിബോംബ് ലുക്കുണ്ടായിരുന്നത് കൊണ്ട് കിണറിന്റെ പണി മുന്നോട്ട് പോവുമെന്ന് എന്റെ മനസ്സ് പറഞ്ഞു.

ഇതിനും ഒരു മൂന്ന് മാസം മുന്നേയാണ്, എല്ലാ കാര്യത്തിലുമെന്ന പോലെ അപ്പന്റെ വക ഒരു കാര്യകാരണ വിശദീകരണങ്ങളില്ലാത്ത പ്രഖ്യാപനമുണ്ടായത് - “പറമ്പിലൊരു കിണർ കുത്താൻ പോവുകയാണ്“ . സ്ഥാനം നോക്കുന്ന ആളുമുണ്ടായിരുന്നു കൂടെ, പറമ്പിന്റെ താഴത്തെ അതിര് ചേർത്ത് കുത്തിയ നാല് കമ്പുകൾ പിന്നെയുണ്ടാക്കാൻ പോവുന്ന പുകിലുകളൊന്നുമറിയാത്ത പാവങ്ങളെ പോലെ നിന്നു.

മേലേയ്ക്ക് മേലേയ്ക്ക് ഉയർന്നു പോവുന്ന ഒരു കുന്നിന്റെ തുടക്കത്തിലെ വീടായിരുന്നു ഞങ്ങളുടേത്. വെള്ളം നിറച്ച സ്റ്റീൽ കലങ്ങളും നിറച്ചുള്ള നടപ്പുകൾ നിറഞ്ഞതായിരുന്നു ബാല്യത്തിന്റെ കുറേ ഏടുകൾ.

കിണറുപണി തകൃതിയായി തുടങ്ങിയപ്പോഴും ചൊറും കാപ്പിയും മുറയ്ക്ക് വച്ച് വിളമ്പുമ്പോളും ചുറ്റും നിന്ന തേൻവരിക്കയും പേരമരവും ഒക്കെ ചായുമ്പോഴും മനസ്സിൽ വീടിന്റെ ഓരം ചേർന്ന് വറ്റാത്ത ഒരു കിണറുടനെ ഉണ്ടാവുമെന്നായിരുന്നു സങ്കല്പം.

ദിവസങ്ങൾ ആഴ്ചകളും ആഴ്ചകൾ മാസങ്ങളുമായി, പരന്നൊരു പാതി കുളം പോലെ മുകൾവട്ടമുണ്ടായിരുന്ന കിണർ താഴോട്ട് താഴോട്ട് പോകുന്തോറും ഒതുങ്ങി ഒതുങ്ങി വന്നു, കോൽ കണക്കുകൾ ഏറി ഏറി വന്നു. പ്ളാവിന്റെ തടി മുറിച്ചിട്ട പാലം പശിമകൂടിയ മണ്ണ് വീണ് വഴുക്കി തുടങ്ങി, പിന്നെയൊരു ദിവസം പണിക്കാരും വരാതായി. വലിച്ച് കയറ്റിയ മണ്ണിന്റെ കൂമ്പാരം പറമ്പിന്റെ ഒരു മൂലയ്ക്ക് വിളർച്ച പിടിച്ച പോലെ ചെമ്മണ്ണ് നിറത്തിൽ കിടന്നു.

അപ്പന്റെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല, തൊഴിലാളികളുടെ എണ്ണത്തിലും ഭാവത്തിലും മാത്രമേ മാറ്റം വന്നുള്ളൂ. പിന്നെ കുറെ നാളുകൾ നൈറ്റ് ഷിഫ്റ്റിന്റെ ബാലപാഠങ്ങൾ ആയിരുന്നു. രാത്രി ഏഴുമണിക്ക് കയറിൽ കെട്ടിയ കുട്ടയിൽ കിണറ്റിലേയ്ക്കിറങ്ങുമ്പോൾ അപ്പൻ മണ്ണിളക്കി തുടങ്ങിയിട്ടുണ്ടാവും, അത് കുട്ടയിലിട്ട് മുകളിൽ നിന്ന് വലിക്കുന്ന അമ്മയ്ക്കും അനിയനും ഒപ്പം വലിച്ച് മുകളിൽ കയറ്റുക എന്നതായിരുന്നു ബാലവേല. കട്ടൻകാപ്പിയും കുട്ടകണക്കിന് മണ്ണും ചെയ്യുന്ന ജോലിയുടെ വലുപ്പം കുറവല്ലെന്ന് കാണിക്കുന്നുണ്ടായിരുന്നു.

ശനിയും ഞായറുമൊക്കെ കിണറ് വിഴുങ്ങി, മാനം വല്ലാതെ വിളറി നിന്ന ഒരു ദിവസം കിണറ്റിൽ മോരും വെള്ളം കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് മേലേയ്ക്ക് നോക്കിയതും മൺനിരപ്പ് തലയ്ക്കും എത്രയോ മുകളിലാണ് എന്ന തോന്നലുണ്ടായത്. എന്നും കാലിന്റെ ചോട്ടിലായിരുന്ന മണ്ണാണ് ഇന്ന് തലയ്ക്ക് ഇത്രയും മേലെ നിൽക്കുന്നത് എന്നത് അതിനും എത്രയോ മേലെയായി ആകാശവും എന്ന്, മുകളിൽ നിൽക്കുന്നവരുടെ ശബ്ദങ്ങളൊക്കെ വിദൂരതയിൽ നിന്ന് കേൾക്കുന്ന മുഴക്കങ്ങൾ മാത്രമായി.

ചിലപ്പോ നേരെ നിന്ന് നോക്കിയാ ശരിയല്ലാ, ശരിയാവില്ലാന്ന് തോന്നുന്ന പലതും തലകുത്തി നിന്നോ, തല കീഴാക്കി നിന്നോ നോക്കിയാ ശരിയാവും“ തലകുത്തി നിൽക്കാൻ പഠിപ്പിച്ച അപ്പന്റെ വാക്കുകൾ പോലും അപ്പോൾ അശരീരിയായി തോന്നി, എന്റെ ഭാവമാറ്റത്തിന്റെ അർത്ഥം അറിഞ്ഞായിരുന്നിരിക്കണം ആ അത്മഗതം ഉറക്കെയായത്.

ഈ കുന്നിന്റെ അടീല് വല്യോരു മുതലപ്പാറയുണ്ട്, അതോണ്ടല്ലേ ഈ വശത്തൊന്നും ഇത് വരെ ആരും കിണറ് കുത്താതിരുന്നത്“ താടിയെല്ല് കടിച്ച് പിടിച്ചുള്ള അപ്പന്റെ നോട്ടം ശ്രദ്ധിച്ചപ്പൊൾ ഖദീജുമ്മ പിന്നെ അധികം വിസ്തരിക്കാൻ നിന്നില്ല. അവർ പറഞ്ഞത് പാഴറിവല്ലെന്നറിഞ്ഞത് കിണറാഴം പതിനെട്ട് കോൽ ചെന്ന ശേഷമാണ്.

മാസങ്ങൾക്ക് ശേഷം അപ്പൻ ലെക്ക് കെട്ട് കുടിച്ചത് അന്നായിരുന്നു. ഭൂമിക്ക് വലിയൊരു മുഖക്കുരു വന്ന് അടർന്ന് പോയപ്പൊൾ ഉണ്ടായ കുഴി പോലെ ആ കിണറിന്റെ ആഴം മനസ്സിൽ തിക്കിതിരക്കി. രണ്ട് ദിവസത്തിന് ശേഷം അപ്പൻ വീണ്ടും പഴയപടിയായി പുറത്ത് പോയി വന്നപ്പൊഴാണ് ഒരു സഞ്ചി നിറയെ അത് വരെ കണ്ടിട്ടില്ലാത്ത കരിമരുന്നും കെട്ടും ഒക്കെ കൊണ്ട് വന്നത്.

അടുത്ത പകൽ കിണറ്റിലേയ്ക്കിറങ്ങുമ്പോൾ അത് വരെ തോന്നിയ ഒരു ആത്മബന്ധത്തിന് പകരം എന്തോ മോഷ്ടിക്കാൻ പോവുന്ന കുറ്റവാളിയുടെ കുറ്റബോധമായിരുന്നു മനസ്സ് നിറയെ.

മൂന്ന് ദിവസം ഇളകാതെ കിടന്ന മണ്ണ് ഉറച്ചിരുന്നു, മൺവെട്ടി ആഞ്ഞ് കൊത്തുമ്പോൾ പാറയിൽ തട്ടുന്നത് അറിയുന്നുണ്ട്. ഇത്രയും ആഴത്തിൽ എത്ര ബലം കുറഞ്ഞാൽ പോലും തമര് വയ്ക്കുന്നത് മണ്ണിടിച്ചേക്കും എന്നൊക്കെ ആരൊക്കെയോ പറഞ്ഞു പോലും, മനസ്സ് നിറയെ അനിശ്ചിതത്വം മാത്രം, ഉറപ്പ് അപ്പന്റെ മുഖത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ,

വൃത്തിയാക്കുന്തോറും പാറ തെളിഞ്ഞ് തെളിഞ്ഞ് വന്നു. പാറയ്ക്ക് ചുറ്റുമുള്ള മണ്ണ് മുട്ടൊളം മാറ്റിയപ്പൊഴേയ്ക്കും ഉച്ചയായിരുന്നു, ഉച്ചയ്ക്ക് ശേഷം തമരടിക്കുന്നവരെ പ്രതീക്ഷിക്കുന്നതിനാൽ ഒട്ടും തന്നെ വിശ്രമിച്ചില്ല, ഇടയ്ക്കിടയ്ക്ക് മുകളിലേയ്ക്ക് നോക്കാൻ തോന്നിക്കൊണ്ടിരുന്നു, ഒരു ചെറിയ കുലുക്കത്തിൽ ഈ മണ്ണ് ഇടിഞ്ഞിരുന്നാൽ, മനസ്സിൽ നല്ലതായൊന്നും വരാത്തതിൽ അവനവനോട് തന്നെ ദേഷ്യം തോന്നി, അപ്പൻ മാത്രം ഒരു നിമിഷം പോലും തലയുയർത്താതെ മണ്ണിളക്കി കൊണ്ടിരുന്നു.

പതുക്കെ പതുക്കെ കാലിനടിയിലെ മണ്ണ് ഈറമാവുന്നത് അറിഞ്ഞു, നാവ് പോലെ നിന്ന പാറയുടെ ഒരു വശത്ത് നിന്ന് വന്ന ഉറവ ആ നിമിഷം ജീവന്റെ ഉറവായിരുന്നു, പ്രതീക്ഷയുടെ നനവ്.

വിചാരിച്ചതിലും പകുതി ചുറ്റളവിലുള്ള ചുരുളുകളിറക്കി കിണർ കെട്ടുമ്പോഴും വലിച്ച് കയറ്റിയതിന്റെ പാതിയോളം മണ്ണ് തിരികെയിട്ട് അരികടയ്ക്കുമ്പോഴും ആ ഉറവ് ഊറിവരുന്നത് നോക്കി നിന്ന നിമിഷത്തിന്റെ ധന്യതയായിരുന്നു മനസ്സിൽ.

മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം ആ വീടും സ്ഥലവും വിട്ടു പോവുമ്പോൾ ആ കിണറ്റിൽ വെള്ളം കോരാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് എഴുതി വച്ചിരുന്നു പോലും അപ്പൻ.

ഇത് വരെ ഒരു വേനലിനും അത് വറ്റിയിട്ടില്ലെന്ന് അവിടുത്തെ അയൽവക്കക്കാർ പറഞ്ഞറിയുമ്പോൾ പതിനെട്ട് കോൽ ആഴത്തിലിരുന്ന് കണ്ട മൺപരപ്പും ആകാശവും മനസ്സിൽ തെളിയും.

ചില ചിത്രങ്ങൾ ചില ഓർമ്മകളുടെ ഉറവ തുറക്കാറുണ്ട്... ഇത് പോലെ...

Friday, August 18, 2017

"ധൈര്യോണ്ടോങ്കി" കളികൾ

"ധൈര്യോണ്ടോങ്കി ആ പ്ലാവിൽ കയറി  ചക്കേല്  ഉപ്പ് വയ്ക്കുക."
"ധൈര്യോണ്ടോങ്കി അമ്മമാരുടെ തോട്ടത്തിലെ റോസാ പൂ മോഷ്ടിക്കുക"
"ധൈര്യോണ്ടോങ്കി മദ്ബഹയിൽ കയറി നിന്ന് ഒരു ഫുൾ സിനിമാ പാട്ട് പാടുക."

അങ്ങനത്തെ ധൈര്യോണ്ടോങ്കി കളികളിൽ തുഞ്ചത്തെ ആയിരുന്നു..

ധൈര്യോണ്ടോങ്കി ഒരു ഉച്ച ബ്രെക്ക് മുഴുവൻ തെമ്മാടിക്കുഴിയിൽ ഇരിക്കുക എന്നത്.

ശവക്കോട്ടയ്ക്ക് പിന്നിലെ ഒരാൾപൊക്കത്തിൽ മതിൽ കെട്ടിയ പുണ്യം പോയ ആത്മാക്കളെ അടക്കുന്ന തെമ്മാടിക്കുഴി. പള്ളി പറമ്പിലെ  പേരമരത്തിൽ  നിന്ന്  പോക്കറ്റ്  നിറയെ പേരയ്ക്കയുമായി മതിൽ ചാടുമ്പോൾ തോന്നാതിരുന്ന പേടി മണ്ണിൽ കാൽ വച്ചപ്പോൾ തണുപ്പായി അരിച്ചുകയറി.

മൊത്തത്തിൽ ഒരു തണുപ്പ്, ഇളകി കിടക്കുന്ന മണ്ണിൽ കാണുന്നത് എല്ലുകളാണോ എന്നൊരു സംശയം. കാൽ താന്ന് പോവുന്നപോലെ, തിരിച്ച് മതിലിൽ കയറാൻ പോയിട്ട് ശ്വാസം വലിക്കാൻ വരെ പേടി തോന്നുന്ന പോലെ.

കാട് പിടിച്ച സ്ഥലം വൃത്തിയാക്കിയത് ഈയിടെയ്ക്കാണ്. അപ്പൻ അന്നൊരു വൈകുന്നേരം പറഞ്ഞ പൂവൻമ്പഴം പോലത്തെ ചെറുക്കനെ അടക്കാൻ.

"നല്ല പൂവമ്പഴം പോലൊരു ചെറുക്കാനാരുന്നെടി, ഇട്ടുമൂടാൻ കാശ് ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം ഉപകാരപ്പെടാണ്ട് പോയി." എന്ന് അപ്പൻ അമ്മയോട് പറയുന്നത് കേട്ടിരുന്നു. കാശിനാവശ്യം വന്ന് കുരുമുളകെടുത്ത് വിറ്റെന്നും അത് കണ്ട് പിടിച്ച അപമാനത്തിൽ ആത്മഹത്യ ചെയ്തുവെന്നും.

ശ്വാസം പിടിച്ച് നിൽക്കുമ്പോഴാണ് ആ പുതിയ മൺകൂന കണ്ടത്, എന്തായാലും ബെല്ലടിക്കുന്നത് വരെ നിന്നെ പറ്റൂ, ധൈര്യമില്ലാണ്ട് നേരത്തെ തിരിച്ച് കയറി നാണംകെടുന്നതിലും എളുപ്പം പേടിച്ച് ചാവുന്നതാവും എന്ന് തോന്നി.

അധികം കഴിയുന്നതിന് മുന്നേ വിശപ്പ് പേടിയെ തോല്പിച്ചു.ഒരു പേരയ്ക്കയെടുത്ത് തിന്നുകൊണ്ടിരിക്കുമ്പോൾ  കയ്ക്കും കാലിനുമൊക്കെ ജീവൻ വന്നു.മൊത്തം ഒന്ന് ചുറ്റി നടന്നു. മതിലിനടയ്ക്ക് പാമ്പിന്റെ പൊത്തും ഒക്കെ കണ്ട് പുതിയ മൺകൂനയ്ക്ക് അടുത്ത് ഒരു കല്ലേൽ ഇരുന്നു.

മരിക്കാനായിരുന്നിരിക്കില്ല പാട്, അന്ന് മരിക്കാതിരുന്നാൽ അടുത്ത ദിവസം മറ്റുള്ളവരുടെ മുഖത്തെങ്ങനെ നോക്കും എന്നാവും കരുതിയിരിക്കുക. അപമാനം, തോൽവി, നിരാശ, ഒറ്റപ്പെടുത്തിയതിലുള്ള വേദന മരണത്തിന്റെ ഒരു നിമിഷം എളുപ്പമായി തോന്നിയിട്ടുണ്ടാവും. അങ്ങനൊക്കെ ആലോചിച്ചപ്പോൾ പാവം തോന്നി,ശവക്കോട്ടയിലെ രണ്ട് മാർബിൾ കല്ലറകളിൽ ഒന്നുള്ള കുടുംബത്തിലെ പയ്യനാണ് ഒരു മതിലിനിപ്പുറത്ത്, ഓർമ്മകളിൽ പോലും ഒറ്റപെട്ടവനായി.

ഉച്ചബെല്ലടിക്കുന്നത് കേട്ട് ഒരു ശവംനാറി ചെടി പറിച്ച് തലയ്ക്കലെന്ന് തോന്നിയ ഭാഗത്ത് നട്ട്  മതിലേൽ പിടിച്ച് കയറുമ്പോൾ തോന്നിയത്,

ജീവിക്കാനാണ് ധൈര്യം വേണ്ടത്, കഷ്ടപ്പാടിലുടെ, വേദനകളിലുടെ, ഒറ്റപ്പെടലുകളിലൂടെ, ആത്മാഭിമാനത്തിന്റെ അരക്കില്ലങ്ങളിലൂടെ ഒക്കെ നടന്നാലും തലയുയർത്തി പിടിക്കാനാണ് ധൈര്യം വേണ്ടത്. അതിലും വലിയൊരു കളിയുണ്ടോ?

Thursday, August 03, 2017

രണ്ട് സ്ത്രീകളും ഒരു പുരുഷനും


സ്ത്രീ ഒന്ന്:
-------------------
ഇന്നത്തെ പോലെ ആയിരുന്നില്ല അന്ന്,
കണ്ണുകളും കത്തുകളും മാത്രമേ സംസാരിച്ചിരുന്നുള്ളൂ.
പ്രണയിച്ചു  എന്ന തെറ്റാണ് അവൾ ചെയ്തത്
അതും അന്യജാതിക്കാരനെ,
പിശാചിന്റെ പ്രലോഭനമാണ് ഓരോ പ്രണയവും എന്ന് വിശ്വസിച്ച മാതാപിതാക്കൾ
അവളെ ധ്യാനാലയങ്ങൾ തോറും മാറി മാറി കൊണ്ട് പോയി.
അവനെ മറക്കാൻ പ്രണയത്തിനെ മറക്കാൻ മരുന്നും മന്ത്രവുമൂതി
അവൾ മറന്നു, അവനെ, പ്രണയത്തിനെ, അവളെ തന്നെ
പിന്നെയെന്നോ ജീവച്ചച്ഛവമായ അവൾക്കവർ മറ്റൊരു കൂട്ട് തേടിക്കൊടുത്തു
മരിച്ച മീനിന്റെ കണ്ണുള്ള പെണ്ണിനെ ഒന്നുമറിയാത്തവൻ ഉപേക്ഷിച്ചു
കാലത്തിന് മുന്നേ നരച്ച മുടിയും മരിച്ച മനസ്സുമായി അവളിന്നും ജീവിച്ചിരുപ്പുണ്ട്

സ്ത്രീ രണ്ട്
---------------------
ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നിരിക്കണം
അല്ലെങ്കിലെന്തിന്  പ്രണയം മറന്ന് അകന്ന് പോയവന്
അവൾ  പ്രാണൻ കൊണ്ട് ആട്ടോഗ്രാഫ് എഴുതിയത്
ഉതിരാതെ നിന്നു പോയ  കണ്ണുനീർ തുള്ളി പോലെ പക്ഷെ ജിവൻ പിടിച്ച് നിന്നു
പിന്നെ ഒരൊന്നര പതിറ്റാണ്ട് നിശ്വാസം പോലെ,
രാവിന്റെ അവസാനയാമത്തിൽ നിലാവ് മായും പോലെ അവൾ വിളറി മറഞ്ഞപ്പോൾ
മെഴുകുതിരി പോലെ ഉരുകി തീർന്ന ഒരമ്മയും ഒത്തിരി സ്നേഹിച്ചിരുന്ന ഒരച്ഛനും
കുറെ കണ്ണീരും മാത്രം ബാക്കി...
സ്വാർത്ഥ സ്നേഹം മാത്രമറിയുന്ന എന്റെ നെഞ്ചിന്റെ വിങ്ങലാണിന്നും  അവൾ

പുരുഷൻ ഒന്ന്:
------------------------
രാവിലെ കണ്ട ഡ്രൈവർ വെട്ടിയൊതുക്കിയ താടിയും
കഥയാഴമുള്ള കണ്ണുകളും ഉള്ള സുന്ദരനായിരുന്നു.
തിരക്ക് കുറഞ്ഞിട്ടും കല്യാണ മണ്ഡപം റോഡ് എടുക്കാഞ്ഞതെന്തേ
എന്ന ചോദ്യമായിരുന്നു തുടക്കം..
"അയ്യോ മാഡം, കാതലെ പത്തി മറ്റും പെസാതീങ്ക,
കാതലിലെ ഇന്ത വാഴ്കയേ  നാസമായിടിച്ച്...
എസ്.എസ്.എൽ.സി കഴിഞ്ഞ് സേലത്ത് നിന്ന്
ഡ്രസ് കമ്പനിയിൽ ട്രെയിനിങ്ങും കഴിഞ്ഞ് ഇവിടെത്തി
പത്ത് വര്ഷം കൊണ്ട് ട്രെയിനിയിൽ നിന്ന് മാസ്റ്റർ ടെയിലറും
സൂപ്പർ വൈസറും ആയി
ഒക്കെ അവൾ കാരണമായിരുന്നു, അത്ര മാത്രം സ്വപ്നങ്ങളാ കണ്ടത്,
അന്നത്തെ ബാംഗളൂരു സ്വർഗ്ഗമായിരുന്നു
അവളുടെ കല്യാണം നടന്നതീ ഹാളിലാ,
എട്ട് വർഷമായി ഇന്നും അതിന്റെ മുന്നിലൂടെ പോവാനാവുന്നില്ല
ചതിച്ചതല്ല, സർക്കാർ ജോലിയുള്ളവനെ പെണ്ണ് കൊടുക്കുവെന്ന
 അപ്പാവോടെ ധാർഷ്ട്യവും അമ്മയുടെ ആത്മഹത്യ ഭീഷണിയും
ഈ വണ്ടിക്കും എട്ട് വയസ്സാണ്, ഞങ്ങളിങ്ങനെ ഊരു ചുറ്റും,
ഒരു വിധം ഇന്ത്യ മുഴുവൻ ചുറ്റിയിട്ടുണ്ട്..
മൂന്ന് കുട്ടികളും ഒക്കെയായി അവൾ റാസിയായിരിക്കാ,
അപ്പടിയെ ഇറുക്കട്ടും..
അയാൾ പുറംകൈ കൊണ്ട് കണ്ണ് തുടയ്ക്കുന്നത് റിയർവ്യൂ മിററിലൂടെ ഞാൻ കണ്ടു