തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Saturday, September 30, 2006

ഇനി യാത്ര തുടരട്ടെ

ഒരു നീണ്ടയാത്രതന്‍ തീരത്തോ നടുവിലോ..
ഓര്‍മ്മയില്‍ തെളിയാത്ത പിള്ളത്തൊട്ടിലും
ഓര്‍മ്മകള്‍ നിറഞ്ഞൊരീ വഴിത്താരയും.

തുടങ്ങിയതെന്നീ യാത്രയെന്നറീവീല്ലെനിക്കെന്നാല്‍
തുടരേണമിതെന്നറിയാമിതിനക്കര പറ്റുവോളം
തങ്ങുവാനിട സത്രങ്ങളുണ്ടവിടെ പഥികരുമനേകം.

പാതകളൊരുപാട് പിന്നിട്ടു,കാലടിപാടുകളൊരു-
പാട് കണ്ടുവെന്നാലു,മില്ലയതിലൊന്നുമീ ഞാന്‍
പോകേണ്ട വഴിത്താര തെളിച്ചവയെന്നറിഞ്ഞു.

ഏകനായ് തുടങ്ങിയോരീയാത്രയെന്നാലു-
മെത്രയോ പേര്‍ കൂട്ടിനെത്തീവഴിത്തണലേകുവാ-
നെന്നിട്ടവരൊരു വേള വഴിപിരിഞ്ഞെങ്ങോ മറഞ്ഞു.

കാട്ടുപൂവിന്റെ കാന്തികണ്ടുമയങ്ങി നിന്നും-
കാറ്റിലെ പാട്ടിന് കാതോര്‍ത്ത് നിന്നും
കാലമൊരുപാടൊഴുകിയെന്റെ മുന്‍പില്‍

പങ്കിട്ട സ്വപ്നങ്ങള്‍,പകുത്തെടുത്ത നോവുകള്‍-
പാഥേയമായ് പഥികന്റെ പാതയില്‍.
പിന്നെയും താണ്ടുവാന്‍ ദൂരമിനിയുമേറെ.

അരുണനുമിന്ദുവുമൊളിചിതറുന്നൊരീപാതയി-
ലായിരം നിനവുകളുണ്ട് ഞാന്‍ നീങ്ങവെ-
അകലെയേതൊ വഴിയമ്പലത്തിലെന്നെയും കാത്ത്-

അണയാത്ത വിളക്കുമായിരിക്കുന്നെന്‍ സുകൃതങ്ങളെന്ന-
സ്വപ്നം കാണട്ടെ ഞാന്‍,പിന്നെയീ ഭാണ്ഡം മുറുക്കി
ത്തുടരട്ടെ യീ യാത്ര,വഴിപിരിഞ്ഞ കൂട്ടുകാരാ.


-പാര്‍വതി.

Wednesday, September 27, 2006

നഷ്ടപെട്ടവര്‍

വെയിലെന്റെ ചൂട് കൂടുതല്‍ തന്നെ..പാറ പഴുത്തിരിക്കുന്നു.പണ്ട് നിറഞ്ഞൊഴുകിയിരുന്ന തൊട് വരണ്ടുണങ്ങിയ പാറക്കൂട്ടം മാത്രമായി മാറിയിരിക്കുന്നു..ഇടയിലുള്ള ചെറുകുഴികളില്‍ ചേറ് കുഴഞ്ഞ ഇത്തിരി വെള്ളത്തിന്റെ ദ്വീപുകള്‍ മാത്രം..പണ്ട് മണിക്കൂറുകളോളം വെള്ളത്തില്‍ തല മാത്രം കല്ല് കെട്ടില്‍ വച്ച് ജലത്തിന്റെ തലോടലേറ്റ് കിടന്ന ഓര്‍മ്മ,ഇക്കിളിയിട്ട് കൊണ്ട് കല്ലേതട്ടിയും വട്ടോനും* കൊത്തിപറിച്ച ഓര്‍മ്മകള്‍. ഒരു നീറല്‍ പോലെ മനസ്സില്‍..

വെറുതെ ഒഴുകിപോയിരുന്ന വെള്ളം ഇപ്പോള്‍ ബണ്ട് കെട്ടി സംരക്ഷിച്ചിരിക്കുകയാണ്..അവിടെ നിന്ന് വീടുകളിലേയ്ക്കും തൊടികളിലേയ്ക്കും പമ്പ് ചെയ്ത് വെള്ളം എത്തിക്കാം,അവിടെ മത്സ്യകൃഷിയും നടക്കുന്നു,എല്ലാവരുടേയും സഹകരണ സംരംഭം.തിളങ്ങുന്ന സിലോപ്പിയ മീനുകള്‍ പിടഞ്ഞൊഴുകുന്നത് കാണാം.

പിന്നെയാര് വേദനിക്കണം ഈ വരണ്ട പാറക്കുട്ടങ്ങള്‍ കണ്ട്?കാലാന്തരത്തിന്റെ കൈവിരുതുകള്‍ കൊണ്ട് രൂപപെട്ട ഇവ കാലാന്തരത്തില്‍ രൂപമാറ്റപെടാം,ഉള്ളില്‍ വിങ്ങുന്ന മൌനത്തില്‍ ആയിരം കഥകളൊളിപ്പിച്ച് അവര്‍ക്ക് ഭൂമിയവസാനിക്കും വരെ കാഴ്ച കണ്ടിരിക്കാം.

ആയിരം ചീളുകള്‍ പോലെ ചിന്തകള്‍ തെന്നിതെറിച്ച് നടന്നപ്പോഴാണ് ചേറ്കുഴിയില്‍ ഒരു ഇളക്കം കണ്ണീല്‍ പെട്ടത്..ഒന്ന് കൂടി നോക്കിയപ്പോള്‍ ചെറുവിരല്‍ വലുപ്പമുള്ള ഒരു വട്ടോന്‍.വറ്റിത്തീരുന്ന വെള്ളത്തില്‍ അവസാന ശ്വാസത്തിന്റെ ആയാസം.മനസ്സിലെ നീറ്റല്‍ ഒന്ന് കൂടി ഏറിയോ?

ചേമ്പിലകുമ്പിളുണ്ടാക്കി അതില്‍ വെള്ളം നിറച്ച് അതിനെ പിടിച്ചിട്ടു.തെളിഞ്ഞ വെള്ളത്തില്‍ വീണപ്പോള്‍ അത് ഒന്ന് സംശയിച്ച് നിന്നുവെന്നത് എന്റെ തോന്നല്‍ മാത്രമാണോ..

അതിനേയും കൊണ്ട് ബണ്ടിന് അടുത്തേയ്ക്ക് നടക്കുമ്പോള്‍ മനസ്സില്‍ തിരമാലകളും ചിതറിയ ചിന്തയുടെ ചീളുകളും ഉണ്ടായിരുന്നില്ല.നഷ്ടപെടുന്നവരുടെ മനസ്സിനെ തൊട്ടതിന്റെ സുകൃതം മാത്രം..

അതേ നമ്മള്‍ മാത്രമാണല്ലോ നഷ്ടപെട്ടവര്‍.നീയും ഞാനും പിന്നെ ചേമ്പിലത്താളിന്റെ സുരക്ഷിതത്വം അറിയാതെ പോയ വിലയില്ലാത്ത നിന്റെ വംശവും.

-പാര്‍വതി.


*കല്ലേതട്ടി,വട്ടോന്‍-ചെറിയ തോടുകളില്‍ കാണപെട്ടിരുന്ന കുഞ്ഞ് മീനുകള്‍

Monday, September 25, 2006

സ്വപ്നങ്ങള്‍

വിരസമായ ഒഴിവുദിനത്തിന്റെ സായാഹ്നങ്ങളില്‍,കൂട്ടുകാരാരുമില്ലാത്ത ഏകാന്തതയില്‍ ഈ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍ ഇവിടെ വന്ന് നിന്ന് താഴേയ്ക്ക് അനുസ്യൂതം ഒഴുകുന്ന ഈ ജനസമുദ്രം നോക്കി നില്ക്കാന്‍ എനിക്കിഷ്ടമാണ്.

മാതാപിതാക്കളുടെ കൈപിടിച്ചിട്ടുണ്ടെങ്കിലും നാലുപാടും കണ്ണ് പായിച്ച് തട്ടി തട്ടി നടക്കുന്ന കുരുന്നുകള്‍,കൈകോര്‍ത്ത് ഇഹലോകം മറന്ന പോലെ ഒഴുകി നീങ്ങുന്ന പ്രണയജോടികള്‍,ധൃതി കൂടി ചലിക്കുന്ന പടികളില്‍ നടന്ന് കയറി പോവുന്നവര്‍,അങ്ങനെ ഓരോ ജാതി മനുഷ്യര്‍.ഇവിടെ നില്‍ക്കാന്‍ മറ്റൊരു സ്ഥാനാര്‍ഥിയെ ഞാനിത് വരെ കണ്ടിട്ടില്ല..ഇതല്ല ഏറ്റവും മുകളിലത്തെ നിലയെങ്കിലും,ഇതിന് മുകളീലേയ്ക്ക് പോവാന്‍ എനിക്കും തോന്നിയിട്ടില്ല,സുരക്ഷിതമായ എന്റെ കൂട്ടില്‍ ഞാനിരുന്ന് ലോകം കാണുകയാണ് എന്നെനിക്ക് തോന്നും.

എന്നും എന്റെ കൈസഞ്ചിയില്‍ തൂവലുകള്‍ സൂക്ഷിച്ചിരുന്നു.വീടിന്റെ ജനാലയുടെ ഷേഡിന് മുകളില്‍ കൂട് കൂട്ടിയിരിക്കുന്ന പ്രാവുകളുടെ സമ്മാനം..ഇവിടെ വന്ന് നിന്ന് അത് താഴേയ്ക്കിട്ട് ഒരു സ്വപ്നം പോലെ അത് ഒഴുകിയൊഴുകി വീഴുന്നത് കാണുന്നതാണ് എന്റെ മറ്റൊരു വിനോദം..ഈ തൂവലിന്റെ കൂടെ ഞാനും പോയാല്‍ ഞാനും ഒഴുകിയൊഴുകിയാവുമോ പോവുന്നതെന്ന് സംശയിച്ചിട്ടുണ്ടെ..ആവണം..എനിക്കും ഈ സ്വപ്നങ്ങളുടെ ഭാരമല്ലേയുള്ളൂ..ഒഴുകിയൊഴുകി താഴെവീഴാന്‍.

ഇന്നാണ് അവസരം ലഭിച്ചത്..ഇന്ന് രണ്ട് തൂവലുകള്‍ ഉണ്ട് എന്റെ കയ്യില്‍,ഒന്നിനു ഉള്ളീലൊഴികുന്ന കാറ്റ്കുമിളകളുടെ ഭാരം,മറ്റൊന്നിന് ഭാരമില്ലാത്ത സ്വപ്നങ്ങളുടെ ഭാരം,അത് താഴേയ്ക്ക് താഴേയ്ക്ക് പോവുകയാണ്..

ഒരു കാറ്റിന്റെ ചൂളം വിളി പോലെ,പിന്നെ യാത്ര പറഞ്ഞ് പോവുന്ന രാത്രി വണ്ടിയുടെ സ്വരം പോലെ,പിന്നെ സ്വപ്നമില്ലാത്ത ഉറക്കം പോലെ ശാന്തമായ നിശബ്ദത..

ഈ നിശബ്ദതയായിരുന്നു എന്റെ സ്വപ്നം..തൂവല്‍ തന്റെ ഉള്ളിലേയ്ക്ക് നോക്കി മന്ദഹസിച്ചു..കാറ്റ് അതിനേ എങ്ങോട്ടോ കൊണ്ട് പോയി..

-പാര്‍വതി.

Friday, September 22, 2006

വിത്തുഗുണം

“വിശുദ്ധനായ സെബസ്ത്യാനോസെ..
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്..”

പേരമ്മ വന്നാല്‍ പിന്നെ സന്ധ്യാപ്രാര്‍ത്ഥനകളൊക്കെ നീണ്ട് നീണ്ട് പോകും,സംഗീതത്മകവും ആകും,അത് ആര്‍ക്കെങ്കിലും ഇഷ്ടപെടുന്നതാണൊ അല്ലയോ എന്നതൊക്കെ ചോദ്യരേഖയ്ക്ക് പുറത്ത്..

“ടാ..കൊച്ചേ കവലേല്‍ പോയാല്‍ കാലിപൊയല ഒരു തണ്ട് കൊണ്ട് പോരെ.”

ഈ കൊച്ചെന്റെ വല്യപ്പനാനെങ്കിലും പേരമ്മയ്ക്ക് കൊച്ച് തന്നെ..മക്കളൊക്കെ വലുതായി നല്ല നിലയിലാണേങ്കിലും പേരമ്മ നാലഞ്ച് മാസത്തിലൊരിക്കല്‍ സഹോദര ഭവനങ്ങളിലേയ്ക്ക് യാത്ര പുറപ്പെടും..തിരിച്ച് വീട് പറ്റുക മാസങ്ങള്‍ കഴിഞ്ഞാവും..എന്നാലും എല്ലാവര്‍ക്കും പേരമ്മയെ സ്നേഹം തന്നെ..

പെരുനാള്‍ സമയത്തൊക്കെ പേരമ്മ വന്നാല്‍ ഞങ്ങള്‍ പിള്ളേര്‍ക്ക് കോളാണ്..നാടകവും ഗാനമേളയും ഒക്കെ ഇഷ്ടമുള്ള പേരമ്മ എല്ലാത്തിനും ഞങ്ങള്‍ പിള്ളേര്സെറ്റിനേയും കൂട്ടിയിറങ്ങും,വീട്ടിലിരിക്കുന്നവര്‍ക്കും സമാധാനം..

അങ്ങനെയൊരു നാള്‍,പള്ളിപെരുനാളിന്റെ നാടകത്തിന് നാടോടികൂട്ടത്തിന്റെ കെട്ടിലും മട്ടിലും ഞങ്ങളേയും കൊണ്ടിറിങ്ങി പേരമ്മ..കുട്ടികളെന്ന് പറയുമ്പോള്‍ എല്ലാ തരക്കാരും, പല്ലുന്തി എണ്ണ കാണാത്ത തലയും കൊണ്ട് നടക്കുന്ന ഞാനും,ആകെ ശരീരത്തില്‍ വയറ് മാത്രം കാണിക്കപോലുള്ള കെവിനും പിന്നെ മധുരപതിനേഴുകാരി റീമി ചേച്ചിയും ഒക്കെ..ഞങ്ങളൊക്കെ എങ്ങനെ പോയാലും ആര്‍ക്കും വിഷമുണ്ടാവാറില്ല..പക്ഷേ അങ്ങനെയല്ല റീമി ചേച്ചി.എപ്പോഴും ഒരു കണ്ണുണ്ടാവും..

പെരുന്നാള്‍ പറമ്പില്‍ ഉഴുന്നാടയും പരിപ്പുവടയും തിന്ന് തെക്ക് വടക്ക് നോക്കി നടക്കുന്ന ഞങ്ങളെ നാടകത്തിന് കെട്ടിപൊക്കിയ സ്റ്റേജിന്റെ മുന്നിലൊരു മൂലയ്ക്ക് പിടിച്ചിരുത്തി എല്ലാ സന്നാഹങ്ങളോടെയും നാടകത്തിന്റെ കര്‍ട്ടന്‍ ഉയരാനുള്ള കാത്തിരുപ്പായി പിന്നെ..എന്നത്തേയും പോലെ പറഞ്ഞ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നാടകം തുടങ്ങാത്തത് കുട്ടിപട്ടാളത്തില്‍ പലതിന്റെയും താത്പര്യം കെടുത്തി..ഓരോരുത്തരായി ഉറക്കം തൂങ്ങാന്‍ തുടങ്ങി.

സ്വതവേ ഉച്ചസ്ഥായിയിലുള്ള പേരമ്മയുടെ സ്വരം ഹൈവോള്യത്തില്‍ കേട്ടപ്പോഴാണ് അടഞ്ഞ കണ്ണ് തുറന്നത്..പട്ടി പിടിച്ചു കൊണ്ട് വന്ന കോഴി കണക്കെ ഒരു ചേട്ടായി നിന്ന് വിയര്‍ക്കുന്നു.

“നീയെവിടുത്തേതാടാ കൊച്ചനെ?”
“ഞാന്‍ തോണി പാറ...”
“ഓ..തൊമ്മീടെ മകനാ നീ,അപ്പന്റെ സന്തതി തന്നെ..എന്നാലും നിന്റെ അപ്പന്‍ ഇതിലും ഭേദമാരുന്നല്ലോടാ കൊച്ചേ..അവനവന്റെ പ്രായത്തിലുള്ളവരെയേ അങ്ങേര് തോണ്ടീരുന്നുള്ളല്ലോ?

അബദ്ധം പറ്റിയ ചേട്ടന്റെ മുഖം ചോര മുഴുവന്‍ പോയി കുമ്മായമടിച്ച പോലെ വെളുത്തിരുന്നു.യതാര്‍ത്ഥത്തില്‍ സംഭവിച്ചത് ഉറക്കം തൂങ്ങിയ പിള്ളേരെ ഒക്കെ മഞ്ഞടിക്കാതെ പുതപ്പിച്ചപ്പോള്‍ പേരമ്മയ്ക്ക് പുതയ്ക്കാന്‍ മിച്ചമുണ്ടായത് റീമി ചേച്ചിയുടെ ചുരിദാരിന്റെ ഷാള്‍ മാത്രം..

പിതൃഗുണ കഥകള്‍ കേള്‍ക്കേണ്ടീ വരുമെന്ന് പേടിച്ചാവും അതിന് ശേഷം പേരമ്മ കൂടെയുള്ളപ്പോള്‍ എത്ര സുന്ദരീമണികളും അദൃശ്യ സമാനരായി ചുറ്റുവട്ടത്തെ പൊടിമീശക്കാര്‍ക്ക്.

-പാര്‍വതി.

Thursday, September 21, 2006

വിശ്വാസം

“നിനക്ക് മരണത്തെ പേടിയുണ്ടോ..?”

അവളുടെ ഇളം തവിട്ട് നിറമുള്ള കൃഷ്ണമണികള്‍ക്ക് വല്ലാത്ത തിളക്കമുണ്ടായിരുന്നു..ഇനി അതിന്റെ ഭംഗി കളയണ്ടെന്ന് അവന്‍ കരുതി.

“ഇല്ല,നീ അരികിലുണ്ടെങ്കില്‍ മരണം പോലും എത്ര സുന്ദരം”,

“സ്നേഹം ഒരു ഭ്രാന്താണല്ലേ...അല്ല വെറും സ്വാര്‍ത്ഥതയാണ്, അല്ല ജീവിതത്തിനും മരണത്തിനും,പ്രത്യാശയ്ക്കും ആത്മഹത്യയ്ക്കും ഇടയിലുള്ള നൂല്‍പാലമാണ്”

വിദൂരതയിലെവിടെയോ കണ്ണ് നട്ട് അവള്‍ തുടര്‍ന്നു.

ആരെങ്കിലുമായി അടിയുണ്ടായോ..അവളുടെ സ്വപ്ന ലോകത്തിന്റെ പ്രകാശവേഗങ്ങള്‍ മനസ്സിലാക്കാന്‍ ഒരിക്കലും അവനായിരുന്നില്ല.

“നിന്നെ ഞാന്‍ എന്ത് മാത്രം സ്നേഹിച്ചിരുന്നു..എല്ലാം പറയുന്ന സുഹൃത്തായീ..പ്രണയത്തിന്റെ തേനുണ്ണുന്ന കാമുകനായി..എല്ലാം, എന്നിട്ടും”

അവളുടെ കണ്ണുകള്‍ക്ക് തിളക്കം കൂടുന്നുണ്ടെന്ന് അവന് തോന്നി.

കണ്ണിനു മുകളില്‍ ഒരു പാട വന്ന് മൂടിയത് പോലെ...തലയ്ക്കൊരു മന്ദത..അവള്‍ ഇത്ര ഗഹനമായി എന്താണ് നോക്കുന്നത് എന്ന് പണിപ്പെട്ട് ശ്രദ്ധിച്ചു..

മറവിയിലെവിടെയോ മറഞ്ഞ് പോയിട്ടും ഒരു രസത്തിന് സൂക്ഷിച്ച് വച്ചിരുന്ന കോളേജ് പ്രണയിനിയുടെ ഫോട്ടോ അവളുടെ കയ്യില്‍.അന്നൊരു ദിവസം ഓര്‍മ്മകളുടെ പഴമ്പുരാണങ്ങള്‍ എന്ന് പറഞ്ഞ് എല്ലാം അവള്‍ കാണ്‍കെ കത്തിക്കവെ മനപ്പൂര്‍വ്വം മാറ്റിവച്ചതായിരുന്നു ഇത്.പിന്നെയെന്നെങ്കിലും കൂട്ടുകാരുടെ കൂടെ വെടിപറഞ്ഞിരിക്കുമ്പോള്‍ ഗര്‍വ്വം കൊള്ളാന്‍.

മുകളിലേയ്ക്ക് മറിഞ്ഞ് പോകുന്ന കൃഷ്ണമണികളിലൂടെ അവള്‍ ആ ചിത്രത്തെ സംതൃപ്തമായ മന്ദഹാസത്തോടെ വരഞ്ഞ് കീറുന്നതവന്‍ കണ്ടു.

-പാര്‍വതി.

Monday, September 18, 2006

പുതിയ കഥകള്‍

“അങ്ങനെ വിക്രമാദിത്യന്റെ ഉത്തരം കേട്ട വേതാളം തിരിച്ച് മുരിക്ക് മരത്തിലേയ്ക്ക് പറന്നു..”
“അടുത്ത കഥ നാളെ”

“അമ്മേ..ഒരു കഥ കൂടി പറയമ്മേ..സച്ചൂന് ഉറക്കം വരുന്നില്ലമ്മേ..നാളെ സ്കൂളില്‍ പോണ്ടല്ലോ..ഒരു കഥേം കൂടി..”

“സച്ചൂ..ഉറങ്ങടാ..നാളേ അമ്മയ്ക്ക് പോണ്ടേ ഓഫീസില്‍”

“അമ്മ ഒരു കഥ പറയുകയാണെങ്കില്‍ ഞാന്‍ ഒരു രഹസ്യം പറയാം..”

“ആരോടും പറേരുത്..”
“പറയുവോ?”

“ഇല്ല നീ പറ,എന്താണാവോ ഈ രഹസ്യം?”

“അതേ..ന്റെ ക്ലാസിലെ അഭീല്ലെ..ആ യോഗിതേനെ ചുണ്ടത്ത് ഉമ്മ വച്ചു,വല്യോരൊക്കെ ഇഷ്ടോള്ളൊരെ ഉമ്മവക്കണതങ്ങനാന്നാ അവന്‍ പറഞ്ഞേ..ആരോടും പറേരുതെന്ന് പറഞ്ഞു..അമ്മേം പറേരുത് കേട്ടോ..”

രണ്ടാം ക്ലാസുകാരന്റെ ബൌദ്ധിക വളര്‍ച്ചയും അതിന്റെ വഴിവിട്ട പാച്ചിലും,നടുങ്ങി നില്ക്കാനെ ആയുള്ളു എനിക്ക്..

എന്റെ കുഞ്ഞേ..നിനക്കായ് ഞാന്‍ കൂട്ടി വച്ച ഈസോപ്പ് കഥകളൊക്കെയും പാഴ്വേലകളായിരുന്നോ..നിന്റെ കാല്‍വേഗമെത്തുവാന്‍ എന്റെ തലമുറയ്ക്കാവുകില്ലേ..അമ്മയുടെ സ്നേഹത്തിന്റെ കരുതലിനും ??പുതിയ കഥകള്‍ തേടണമോ ഞങ്ങള്‍ നിന്റെ കണ്ണില്‍ വെളിച്ചത്തിന്റെ തിരി തെളിക്കാന്‍??

-പാര്‍വതി.

Sunday, September 17, 2006

ഓണമുണ്ണാന്‍ ഒരു യാത്ര...

ഉച്ചവെയിലിനും നല്ല ചൂട്,കാല്‍ വലിച്ച് വച്ച് നടക്കുമ്പോള്‍ ഇനിയും എത്ര പോസ്റ്റെണ്ണം ദൂരം എന്ന കണക്കായിരുന്നു മനസ്സില്‍,

വിശപ്പോന്നടങ്ങാന്‍ കൊങ്ങിണിക്കായ പറിച്ച് തിന്ന് നടക്കുമ്പോല്‍ അവള്‍ ആ ദിവസത്തെന്റെ വേഗതയെപറ്റി തന്നെ ആലോചിക്കുകയായിരുന്നു.

ഓണം വീട്ടില്‍ ഒരിക്കലും ഒരു വിശേഷമായിരുന്നില്ല, ഓണമെന്നല്ല,ക്രിസ്തുമസ്സും,ഈസ്റ്ററും,ഈദുമൊന്നും തന്നെ, അയല്പക്കങ്ങളില്‍ വിരിയുന്ന പൂക്കളങ്ങളും, തെളിയുന്ന നക്ഷ്ത്രങ്ങളും ഓരോ ആഘോഷത്തിന്റെയും വര്‍വും പോക്കും അറിയിച്ചു.

ഇന്ന് തിരുവോണമായിരുന്നു,അമ്മയോട് ഒരു അവിയല്‍ ഉണ്ടാക്കിത്തരണെ എന്ന് രണ്ട് ദിവസം മുന്‍പ് തന്നെ പറഞ്ഞു,ഓണസദ്യ ഉണ്ണാന്‍,അരിയുണ്ടല്ലോ എന്നാശ്വസിച്ചിട്ടുണ്ടാവും പാ‍വം.അവിയല്‍ എന്തെങ്കില്‍ കഷണമിടാം,എന്നാലും തേങ്ങ വേണ്ടേ,അമ്മ തനിയെ പറയുന്നത് കേട്ടു, അച്ഛന്റെ പോക്കറ്റില്‍ ഉണ്ടായെക്കാവുന്ന കടലാസ് കഷണങ്ങളിലാണ് പ്രതിക്ഷ മുഴുവന്‍.

അയല്പക്കത്ത് നിന്നും കടം വാങ്ങിയ ഇലയുമായി ചോറും വച്ച് വേവിച്ച കഷണങ്ങള്‍ക്ക് അരച്ചിടാന്‍ തേങ്ങയുമായി എത്തുന്ന അച്ഛനെ കാത്ത് ഇരിക്കുമ്പോള്‍ മറ്റെല്ലായിടങ്ങളിലും ഓണം കഴിച്ച് ഇലമടക്കുന്ന നേരമായിരുന്നു.

കാത്തിരിന്ന് അച്ചന്‍ വന്നത് വലിയ രണ്ട് കവറുമായി,തുറക്കാന്‍ അമ്മയ്ക്ക് കൂട്ട് ചെന്നപ്പോള്‍ ചോര കിനിയുന്ന പുതു ഇറച്ചി,നിനക്ക് നല്ല നട* നോക്കി വാങ്ങിയിട്ടുണ്ടെടാ എന്ന് പട്ടിയോട് സ്നേഹപൂര്‍വ്വം അച്ഛന്‍ പറയുന്നത് കേട്ടു.

നിസ്സംഗമായ കണ്ണുകളൊടെ അമ്മ ഇറച്ചി ഒരുക്കാനിരിക്കവെ,മണ്‍കുടുക്ക പൊട്ടിച്ച് ചില്ലറയുമായി ഇറങ്ങുമ്പോള്‍ ആറേഴ് കിലോമീറ്റര്‍ അകലെയുള്ള അമ്മവീടായിരുന്നു മനസ്സില്‍,അവിടെ അവിയലും ഉപ്പേരിയും ഉണ്ടാവും.

താഴുന്ന വെയിലിനൊപ്പം അവിടെത്തവെ മിച്ചം ഉണ്ടാ‍യിരുന്ന ചോറും ഒത്തിരി അവിയ്യലും അമ്മായി ഇലയിലിട്ട് തന്നു..ഒറ്റയ്ക്കിരുന്ന് കഴിക്കുമ്പോള്‍ എന്റെ ഊഴം കഴിയാന്‍ കാത്തിരിക്കുന്ന വളര്‍ത്തുനായെ കണ്ടിലെന്ന് നടിച്ചു.

തിരിച്ചു നടക്കുമ്പോള്‍ കൊങ്ങിണിക്കായ്ക്ക് പകരം തിന്നാന്‍ ഉപ്പേരി പൊതിഞ്ഞ് വല്യമ്മ തരവേ കാശ് മിച്ചമായതിന്റെ സന്തോഷവും അവള്‍ക്ക് തോന്നി.

*നട- പോത്തിന്റെയും മറ്റും കാല്‍ഭാഗം,കനം കൂടിയ എല്ല്.

-പാര്‍വതി

Monday, September 11, 2006

കുഞ്ഞേ നിനക്കായി..

ആരെയാണുണ്ണിക്കേറെ ഇഷ്ടം?ഐസ്ക്രീം നുണയുന്ന-
തിരക്കിലുമവനോതി, അമ്മയേയാണെനിക്കേറെയിഷ്ടം
പിന്നെയൊരു നൊടിചിന്തിച്ചപോലെ ചൊല്ലീ-
അച്ഛനേയുമേറെയിഷ്ടം,കാരണം ഐസ്ക്രീം അമ്മ-
വാങ്ങിത്തരിലും,കാറുവാങ്ങിത്തരുന്നതച്ഛനല്ലേ?

ഉണ്ണീ നീടൂഴി വാഴ്ക നീ,അമ്മിഞ്ഞപാലു-
മമ്മ തന്‍ നെഞ്ചിന്റെ ചൂടും മറന്നാലും,
എങ്കിലും മറക്കാതെ, നീ നിനക്കായി എരിയുന്ന-
ഹൃത്തുമതിന്‍ പ്രാര്‍ത്ഥനാ രുധിരവും.

-പാര്‍വതി.

Monday, September 04, 2006

ഒരോണക്കാലം...

ബോധത്തിന്റെ വെള്ളിവെളിച്ചം നിറഞ്ഞ പ്രഭാതങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ പേടിസ്വപ്നങ്ങള്‍,തലേന്നാളിന്റെ അവ്യക്തമായ ഓര്‍മ്മകള്‍,അറിയാതെ പോയ മുറിവുകളുടെ പുതിയ നീറ്റല്‍,ആയിരം ചോദ്യങ്ങള്‍ ഒളിച്ചിരിക്കുന്ന ഭാര്യയുടെ കണ്ണുകള്‍,അപ്പന്‍ ഇറങ്ങി പോവുന്നത് വരെ അരണ്ട എലികുഞ്ഞുങ്ങളെ പോലെ ഒളിക്കുന്ന,അയാള്‍ക്ക് തന്നെ മുഖമോര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത രണ്ട് കുഞ്ഞുങ്ങള്‍..ഇത്രയും മതി അയാളെ പുതിയ ദിവസത്തിന്റെ പാച്ചിലിലേയ്ക്ക് തള്ളിയിടാന്‍..

വിറയ്ക്കുന്ന കയ്യുകളോടെ അയാള്‍ പോക്കറ്റില്‍ തപ്പി, ചില്ലറ നാണയങ്ങള്‍,വഴങ്ങാത്ത കയ്യില്‍ നിന്ന് ചിതറി താഴെ വീണു.വെളിച്ചത്ത് വന്ന് നിന്ന എലിയെ പോലെ അയാളുടെ മനസ്സ് രക്ഷപെടുവാനുള്ള തത്രപാടിലായിരുന്നു,അബോധത്തിന്റെ ആ സുരക്ഷിതത്വത്തിലേയ്ക്ക്..

കണ്ണാടിയില്‍ കാണുന്ന മുഖം തന്റേത് തന്നെയാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് സമയമെടുത്തു.നീണ്ട് വളര്‍ന്ന താടി..ഈ രൂപത്തില്‍ പോയാല്‍ ആര് കടം തരാന്‍,എപ്പോഴോ വാങ്ങി വച്ചിരുന്ന ബ്ലേഡ് വച്ചിരിക്കുന്നിടത്തേയ്ക്ക് അയാള്‍ കൈ നീട്ടി..

രണ്ട് മുറി വാടക വീടിന്റെ ധാരാളിമയില്‍ തന്റെ ലോകം ഒരുക്കി വച്ചിരുന്ന പത്ത് വസ്സുകാരി പെണ്‍കുട്ടി പേടിയോടെ എത്തി നോക്കി..ഒരു സ്വപ്നമുടയുന്നത് പോലെ തന്റെ ചാന്തുപൊട്ടും കണ്മഷിയും പറന്നു വീഴുന്നതവള്‍ കണ്ടു..

തേടിയത് കിട്ടാതെ,കയ്യില്‍ കിട്ടിയത് എടുത്തെറിയുമ്പോള്‍ തന്റെ ഇഷ്ടത്തിനെതിരെ പോയ ലോകത്തിന്റെ നേര്‍ക്കായിരുന്നു അയാളുടെ പ്രകടനം..ഒരു ചില്ല് കുപ്പി എവിടെയോ വീണ് ചിതറി.

“അമ്മേ..“കണ്ണ് പൊത്തി പത്ത് വയസ്സുകാരി നിലവിളിച്ചു..”എനിക്കൊന്നും കാണുന്നില്ല,മ്മേ..വേദനിക്കുന്നു..” അവളുടെ നിലവിളി ഉയര്‍ന്നു കൊണ്ടിരുന്നു.അയാളിലെ പിതൃത്വം ഒരു നിമിഷം പരിഭ്രമിച്ചു..പൂവിട്ട പ്രണയവല്ലരിയിലെ ആദ്യത്തെ പൂവായ പെണ്ണാണിവള്‍.നിലവിളി കേട്ട് ഓടിക്കുടിയവരില്‍ ആരൊക്കെയോ വണ്ടി വിളിക്കാന്‍ ഓടവേ വേഷം മാറാന്‍ നില്‍കാതെ അയാള്‍ ഇറങ്ങി നടന്നു..

എണ്ണമെടുക്കാന്‍ നില്‍കാതെ.വെള്ളമൊഴിക്കാതെ കുപ്പിയില്‍ നിന്ന് സ്വര്‍ണ്ണ നിറ ദ്രാവകം ഉള്ളിലൊഴുകി സിരകളില്‍ പടരുമ്പോള്‍ പത്തുവയസ്സുകാരിയും അവളുടെ നിലവിളിയും ഒക്കെ അയാളില്‍ നിന്ന് ഒരുപാട് അകലെയായിരുന്നു.

ഒരു മാസത്തിന് ശേഷം കീറിത്തുന്നിയ കണ്ണുമായി അവള്‍ വീട്ടിലെത്തി..ഒറ്റകണ്ണിന്റെ വേദനയിലും തന്റെ ചാന്ത് കുപ്പി തേടിയ അവളുടെ മുന്നില്‍ ചന്ദ്രക്കല ആകൃതിയില്‍ വക്ക് പൊട്ടിയ ഒരു കുഞ്ഞ് കുപ്പി ഭിത്തിയരിക് ചേര്‍ന്ന് കിടന്നു.

അവളുടെ കണ്ണിലെ മുറിവിനും ചന്ദ്രക്കലയുടെ ആകൃതിയായിരുന്നു..

അതൊരു ഓണക്കാലമായിരുന്നു.

-പാര്‍വതി

Friday, September 01, 2006

ഓണസമ്മാനം

“അപ്പോ അമ്മേ..മാവേലീം ക്രിസ്മസ്സ് അപ്പൂപ്പനെ പോലെയാണോ, എല്ലാ വീട്ടിലും വരുവോ?“

ഇവന്റെ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞാണ് ഞാന്‍ ഏറ്റവും കുഴയുന്നത്.ഈ കുഞ്ഞി തലയ്ക്കകത്ത് ഇത്ര മാത്രം ചിന്തകള്‍ എങ്ങനെ ഓടുന്നു എന്ന് ഉറങ്ങുന്ന അവന്റെ മുഖം നോക്കി ഞാന്‍ പലപ്പോഴും അത്ഭുതപെടാറുണ്ട്..

“ഉം..അങ്ങനെ തന്നെ..നമ്മളൊക്കെ സന്തോഷമായിട്ടിരിക്കുന്നോ എന്നൊക്കെ നോക്കാന്‍ വരും“ ഓഫീസില്‍ പോകാനിറങ്ങുന്നതിന്റെ തിരക്കില്‍ ഞാന്‍ മറുപടി പറഞ്ഞു..

കഥ പറയാന്‍ ഇഷ്ടമായ എനിക്ക് ഇത് പോലെ കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുഞ്ഞിനെ കിട്ടിയത് ഭാഗ്യമായിരുന്നു..

“പക്ഷേ കുടേം കിരീടോം ഉണ്ടാവോ?”
“വേറേ വേഷത്തില്‍ വരുവായിരിക്കും അല്ലേ?”
“നമ്മള്‍ നന്നായിട്ടിരുന്നാല്‍ സമ്മാനം തരുമോ?”, സച്ചുവിന്റെ ക്രിസ്മസ്സ് ഫാദറിനും മാവേലിക്കും ഒക്കെ ഒരേ ഷേയ്പ്പാണ്.

“ശാന്തേച്ചീ..ഞാനിറങ്ങുവാട്ടോ..സച്ചൂ പുറത്തൊന്നും ഒറ്റയ്ക്കിറങ്ങരുത്..ശാന്തേച്ചീ ഒരു കണ്ണ് വേണേ..പോവുമ്പോള്‍ രഹന ചേച്ചിയോടെ പറഞ്ഞിട്ട് പോണേ.”

ഞാന്‍ വരുന്നത് വരെ സച്ചു പിന്നെ അവിടെയിരുന്നോളും.അവിടെയും സമപ്രായക്കാര്‍ ഉള്ളത് കൊണ്ട് അവനും സന്തോഷമാണത്..മലയാളി മനസ്സിന്റെ നൈര്‍മല്യമുള്ള രഹന ചേച്ചി എനിക്കൊരു തണലും.

ഒരു ശ്വാസത്തില്‍ എല്ലാം പറഞ്ഞ് ഇറങ്ങുമ്പോള്‍ വല്ലാത്ത വിഷമം തോന്നി,അവധി ദിവസമാണ്..ഓണമൊരുക്കാന്‍ എന്തെങ്കിലും വാങ്ങാം എന്നൊക്കെ പറഞ്ഞ് സച്ചുവിനെ കൊതിപ്പിച്ചിരുന്നു, അപ്രതീക്ഷിതമായി ഓഫീസില്‍ പോവേണ്ടി വരുമ്പോള്‍, എന്നും പണി തീര്‍ത്ത് പോവാറുള്ള ശാന്തേച്ചിയെ പിടിച്ചു നിര്‍ത്തും..പേടിയാണ്..എന്റെ ഉണ്ണി...കേള്‍ക്കുന്ന ഓരോ കഥകള്‍.

പതിവിലും നീണ്ടു ഓഫീസില്‍..തളര്‍ന്നിരുന്നു വീട്ടിലെത്തുമ്പോള്‍..ശാന്തേച്ചി രാത്രി ഭക്ഷണം ഉണ്ടാക്കി വച്ചു പോകുന്നത് കൊണ്ട് ഇനി പണിയുണ്ടാവില്ല..

എന്തോ ചോദ്യവുമായി തയ്യാറായി വാതില്‍ പടിക്കെതന്നെ നില്‍പ്പുണ്ടായിരുന്നു സച്ചു

.“എന്താപ്പോ“
“മ്മേ..,ഓണം അടുത്ത ആഴ്ചേലല്ലേ?”
“അതേല്ലൊ, മോനു,,എന്താണാവോ?”
“മാവേലി അപ്പോ നേരത്തെ വരുവോ?”
“എന്ന്വച്ചാ?”

“അതേയ്യ്,ശാന്താമ്മ പോയൈ കുറേ നേരം കഴിഞ്ഞപ്പോ മാവേലി വന്നു, കിരീടവും കുടയും ഒന്നും ഇല്ലാര്‍ന്നു..ഒത്തിരി താടീണ്ടാര്‍ന്നു..എന്നെ മനസ്സിലായപ്പോ ചിരിച്ചിട്ട് എന്തേലും തരാന്‍ പറഞ്ഞു..വിശക്കുന്നുന്ന് പറഞ്ഞു. ഞാന്‍ ശാന്താമ്മ ഉണ്ടാക്കിയതെല്ലാം കൊടുത്തു..എല്ലാം കവറിലാക്കീട്ട് പോയി..“

“അപ്പോ മ്മേ..ഈ മാവേലിക്ക് ആരും സദ്യ ഒന്നും കൊടുക്കില്ലേ..നേരത്തെ വരണതെന്തിനാ?”

നെഞ്ചിന്‍ കൂട്ടില്‍ നിറഞ്ഞ ഒരു നടുക്കത്തില്‍ നിന്നും ഞാന്‍ അപ്പോഴും ഉണര്‍ന്നിരുന്നില്ല,ശാന്തേച്ചി പോയതിനും ഞാന്‍ വരുന്നതിനും ഇടയിലെ ഒരു നിമിഷം..

“എന്റെ കുഞ്ഞേ”, വിളറിയ മുഖത്തോടേ ഞാന്‍ അവനെ വാരി എടുത്തു..

എന്നും ടീ.വിയില്‍ കാണുന്ന കഥകളിലെ ഒത്തിരി ഒത്തിരി കുഞ്ഞുങ്ങളെ ഓര്‍ത്ത് സഹതപിച്ചാലും എന്റെ കുഞ്ഞ്..അവനാണെന്റെ ഓണവും..എന്റെ സ്വപ്നവും..

കുഞ്ഞ് മുഖത്തിന്റെ നിഷ്കളങ്കതയില്‍, ആഹാരം മാത്രം വാങ്ങി പോയ ആ നല്ലവനായ യാചകനെ മനസ്സ് തേടി.

ഏതോ ജന്മത്തില്‍ ഞാന്‍ ചെയ്ത പുണ്യങ്ങളോട് എന്റെ ഓണപൂത്തുമ്പിക്ക് കൂട്ടിരുന്നതിന് നന്ദി പറഞ്ഞു..

-പാര്‍വതി.