തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Sunday, September 17, 2006

ഓണമുണ്ണാന്‍ ഒരു യാത്ര...

ഉച്ചവെയിലിനും നല്ല ചൂട്,കാല്‍ വലിച്ച് വച്ച് നടക്കുമ്പോള്‍ ഇനിയും എത്ര പോസ്റ്റെണ്ണം ദൂരം എന്ന കണക്കായിരുന്നു മനസ്സില്‍,

വിശപ്പോന്നടങ്ങാന്‍ കൊങ്ങിണിക്കായ പറിച്ച് തിന്ന് നടക്കുമ്പോല്‍ അവള്‍ ആ ദിവസത്തെന്റെ വേഗതയെപറ്റി തന്നെ ആലോചിക്കുകയായിരുന്നു.

ഓണം വീട്ടില്‍ ഒരിക്കലും ഒരു വിശേഷമായിരുന്നില്ല, ഓണമെന്നല്ല,ക്രിസ്തുമസ്സും,ഈസ്റ്ററും,ഈദുമൊന്നും തന്നെ, അയല്പക്കങ്ങളില്‍ വിരിയുന്ന പൂക്കളങ്ങളും, തെളിയുന്ന നക്ഷ്ത്രങ്ങളും ഓരോ ആഘോഷത്തിന്റെയും വര്‍വും പോക്കും അറിയിച്ചു.

ഇന്ന് തിരുവോണമായിരുന്നു,അമ്മയോട് ഒരു അവിയല്‍ ഉണ്ടാക്കിത്തരണെ എന്ന് രണ്ട് ദിവസം മുന്‍പ് തന്നെ പറഞ്ഞു,ഓണസദ്യ ഉണ്ണാന്‍,അരിയുണ്ടല്ലോ എന്നാശ്വസിച്ചിട്ടുണ്ടാവും പാ‍വം.അവിയല്‍ എന്തെങ്കില്‍ കഷണമിടാം,എന്നാലും തേങ്ങ വേണ്ടേ,അമ്മ തനിയെ പറയുന്നത് കേട്ടു, അച്ഛന്റെ പോക്കറ്റില്‍ ഉണ്ടായെക്കാവുന്ന കടലാസ് കഷണങ്ങളിലാണ് പ്രതിക്ഷ മുഴുവന്‍.

അയല്പക്കത്ത് നിന്നും കടം വാങ്ങിയ ഇലയുമായി ചോറും വച്ച് വേവിച്ച കഷണങ്ങള്‍ക്ക് അരച്ചിടാന്‍ തേങ്ങയുമായി എത്തുന്ന അച്ഛനെ കാത്ത് ഇരിക്കുമ്പോള്‍ മറ്റെല്ലായിടങ്ങളിലും ഓണം കഴിച്ച് ഇലമടക്കുന്ന നേരമായിരുന്നു.

കാത്തിരിന്ന് അച്ചന്‍ വന്നത് വലിയ രണ്ട് കവറുമായി,തുറക്കാന്‍ അമ്മയ്ക്ക് കൂട്ട് ചെന്നപ്പോള്‍ ചോര കിനിയുന്ന പുതു ഇറച്ചി,നിനക്ക് നല്ല നട* നോക്കി വാങ്ങിയിട്ടുണ്ടെടാ എന്ന് പട്ടിയോട് സ്നേഹപൂര്‍വ്വം അച്ഛന്‍ പറയുന്നത് കേട്ടു.

നിസ്സംഗമായ കണ്ണുകളൊടെ അമ്മ ഇറച്ചി ഒരുക്കാനിരിക്കവെ,മണ്‍കുടുക്ക പൊട്ടിച്ച് ചില്ലറയുമായി ഇറങ്ങുമ്പോള്‍ ആറേഴ് കിലോമീറ്റര്‍ അകലെയുള്ള അമ്മവീടായിരുന്നു മനസ്സില്‍,അവിടെ അവിയലും ഉപ്പേരിയും ഉണ്ടാവും.

താഴുന്ന വെയിലിനൊപ്പം അവിടെത്തവെ മിച്ചം ഉണ്ടാ‍യിരുന്ന ചോറും ഒത്തിരി അവിയ്യലും അമ്മായി ഇലയിലിട്ട് തന്നു..ഒറ്റയ്ക്കിരുന്ന് കഴിക്കുമ്പോള്‍ എന്റെ ഊഴം കഴിയാന്‍ കാത്തിരിക്കുന്ന വളര്‍ത്തുനായെ കണ്ടിലെന്ന് നടിച്ചു.

തിരിച്ചു നടക്കുമ്പോള്‍ കൊങ്ങിണിക്കായ്ക്ക് പകരം തിന്നാന്‍ ഉപ്പേരി പൊതിഞ്ഞ് വല്യമ്മ തരവേ കാശ് മിച്ചമായതിന്റെ സന്തോഷവും അവള്‍ക്ക് തോന്നി.

*നട- പോത്തിന്റെയും മറ്റും കാല്‍ഭാഗം,കനം കൂടിയ എല്ല്.

-പാര്‍വതി

10 comments:

കുട്ടന്മേനൊന്‍::KM said...

ഓണത്തിന് ഇപ്പൊള്‍ മറുനാടന്‍ മലയാളികളാണ് സദ്യയുണ്ണുന്നത്. നാട്ടുകാര്‍ക്ക് ബീഫും ചിക്കണും മതി. മനോഭാവത്തിലും വ്യത്യാസമില്ല.

അഗ്രജന്‍ said...

നന്നായിരിക്കുന്നു പാര്‍വ്വതി
കുറഞ്ഞ വരികളിലൂടെ ഒരുപാട് പറഞ്ഞിരിക്കുന്നു.

ദില്‍ബാസുരന്‍ said...

പാറു ചേച്ചീ,
നന്നായിരിക്കുന്നു.

ബൈ ദ ബൈ,ഓണമൊക്കെ കഴിഞ്ഞു കേട്ടോ :)

പല്ലി said...

അതില്‍ ഒരു പങ്കു അമ്മയ്ക്കും കൂടി കൊണ്ടൂവരാമായിരുന്നു പാര്‍വ്വതീ

വിനീതം said...

പ്രിയ പാറുചേച്ചി..എനിക്കു ചെറിയരീതിയില്‍ കവിത എഴുതനറിയാം ..തെറ്റുകകള്‍ പറഞ്ഞുതരുമൊ... i want u r advice

പുള്ളി said...

ഉള്ളതുകൊണ്ട്‌ ഓണം പോലെ. മണ്‍കുടുക്ക പൊട്ടിച്ചും ഓണമുണ്ടല്ലോ... അമ്മയ്ക്ക്‌ ഉപ്പേരിയെങ്കിലും കൊടുത്തോ?

പാര്‍വതി said...

വന്ന് കണ്ട് സന്ദര്‍ശന പുസ്തകത്തില്‍ കുറിപ്പെഴുതി പോയ എല്ലാവര്‍ക്കു,നന്ദി.

മേന്ന്യനേ.. :-)

നന്ദി അഗ്രജന്‍. :-)

ദില്‍ബുക്കുട്ടാ :-) നീയിപ്പോ ഓണവും കഴിച്ച് ചെമ്മീന്‍ കറിയും തീര്‍ത്ത് വിവാഹപരസ്യവും ഇട്ട് നടക്കുന്നത് ഞാന്‍ കാണുന്നുണ്ട്.

വിനീതം -
ഞാന്‍ പുതുവര്‍ഷം എന്ന ബ്ലോഗില്‍ കമന്റ് ഇട്ടിട്ടുണ്ട് കേട്ടോ..കണ്ടിരിക്കുമെന്ന് കാണുന്നു..പിന്നെ ഓരോ പോസ്റ്റും ഒരോ ബ്ലോഗായി ഇടണ്ട.ഒരു ബ്ലോഗാക്കി അതില്‍ പോസ്റ്റ് ചേര്‍ക്കൂ.അറിയാതെ ചെയ്തതാണങ്ങനെ എന്ന് തോന്നി അതു കൊണ്ട് പറഞ്ഞതാണ് ,:-)

പല്ലി, പുള്ളി :-)

കഥയിലെന്ത് ചോദ്യം :-) ???

ഇത്തിരിവെട്ടം|Ithiri said...

കാലത്തിന്റെ മാറ്റം എല്ലാത്തിലെന്ന പോലെ ഓണത്തിലും കണാം...

സദ്യക്കൊപ്പം വറുത്ത കോഴിക്കാലുള്ള ഒരു ഓണസദ്യയില്‍ പങ്കെടുത്തത് ഓര്‍ത്തുപോയി.. ചോദ്യഭാവത്തില്‍ നോക്കിയ എനിക്ക് ഇപ്പോള്‍ എല്ലായിടത്തും ഇങ്ങനെയാ എന്ന മറുപടി ചൂടോടെ കിട്ടി.

ഏതോ ഒരു സിനിമയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ കാണുന്ന ഒരു സമാധാനമുണ്ട്. എല്ലാം കലികാല വൈഭവം.

പാര്‍വ്വതീ. നന്നായി. ഒത്തിരി ഇഷ്ടമായി.

Peelikkutty!!!!! said...

“...അവള്‍ ആ ദിവസത്തെന്റെ വേഗതയെപറ്റി തന്നെ ആലോചിക്കുകയായിരുന്നു“.
നല്ല വാക്യങ്ങള്‍.നന്നായിട്ടുണ്ട്.

ഓ.ടോ.:-പാര്‍വതി ചെച്ചി പുതിയ ഉടുപ്പൊക്കെ ഇട്ടിട്ടുണ്ടല്ലോ

സു | Su said...

അവളുടെ നിസ്സഹായത. അവളെപ്പോലെ ഒരുപാട് പേര്‍. അതിനിടയ്ക്ക് സുഭിക്ഷമായി ഉണ്ടുറങ്ങുന്ന മറ്റു ചിലര്‍.

കഥ നന്നായി.