തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Sunday, October 15, 2017

കരിക്കോട്ടക്കരി - തിരുത്തിയെഴുതപ്പെടുന്ന ചരിത്രങ്ങളിലും നാമ്പ് പടർത്തുന്ന നിയതിയുടെ കഥ


വെട്ടിയെടുത്ത് പോവുന്ന പ്രാചീന മലയരികുകളിലെ കുഴികൾ നികത്തപ്പെട്ടേക്കാം, പച്ചപ്പുകൾ വളർന്നേക്കാം എങ്കിലും ഇനിയിതിലെ വരുന്നവർക്ക് ഈ ദേശം വ്യത്യസ്ഥമായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല. മറ്റേതൊരു നാടും പോലെ വെരുകളില്ലാത്ത കുറെ ജീവിതങ്ങൾ ചിറക് വച്ച് ഈ ദേശത്തിന് മുകളിലൂടെ പറന്ന് പോകാം, അത്രമാത്രം“
-കരിക്കോട്ടക്കരി, വിനോയ് തോമസ്.

അധിനിവേശങ്ങളിൽ, അടിമപ്പെടലുകളിൽ, കുടിയേറ്റങ്ങളിൽ നശിച്ചുപോവുന്ന, തിരുത്തിയെഴുതപ്പെടുന്ന ചരിത്രത്തിന്റെ മനോഹരമായ കഥാഖ്യാനമാണ് വിനോയ് തോമസിന്റെ കരിക്കോട്ടക്കരി.

കൂട്ടത്തിൽ ഒറ്റപ്പെട്ടു പോവുന്നവരുടെ വ്യഥകളുടേയും ആകുലതകളുടെയും അലച്ചിലുകളുടെയും തീനടത്തങ്ങൾ ഒതുക്കിയെഴുതിയ മനൊഹരമായ ഭാഷയിൽ ഇറാനിയോസ് ഫീലിപ്പോസിന്റെ കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

പേർഷ്യനും ബ്രാഹ്മണ്യവും കൂട്ടികെട്ടിയ കുലമഹിമയുടെ, എഴുതിവച്ച കുടുംബപാരംബര്യം ഉള്ള വെളുത്ത് പൊക്കമുള്ള സന്തതികൾമാത്രം ജനിക്കുന്ന അധികാരത്തിൽ തറവാട്ടിൽ പിറന്ന ഇറാനിയോസിന്റെ കരിവീട്ടി നിറവും കരിക്കോട്ടക്കരിയെന്ന വിളിപ്പേരും അവന്റെ ബാല്യം ഒറ്റപ്പെട്ടതും ദൈന്യവും ആക്കി. കരിക്കോട്ടയെന്നത് പുലയസമുദാത്തിൽ നിന്ന് പുതുകൃസ്ത്യാനികൾ ആയവരുടെ കുടിയേറ്റഗ്രാമമാണെന്നറിയുന്ന അവനിൽ സ്വന്തം പിതൃത്വത്തെപറ്റി സംശയങ്ങളുണരുന്നു.

കുടിയേറ്റകൃസ്ത്യാനികളുടെ തനത് ഓർമ്മകളായ കാട്ടുപന്നി വേട്ടയും പെസഹാപെരുന്നാളും ദുഃഖവെള്ളിയിലെ കുരിശുമല നടത്തങ്ങളും ഏറ്റവും ഹൃദ്യമായാണ് എഴുതിവച്ചിരിക്കുന്നത്.. ഓർമ്മകളുടെ വേലിയേറ്റങ്ങളിൽ മനസ്സ് ആടിപോയ പോലെ.

കരിക്കോട്ടക്കരിയിലെ സെബാസ്റ്റ്യനെ കൂട്ടുകാരനായി കിട്ടുമ്പോൾ നിയതി ഇറാനിയോസിനെ അവന്റെ പൈതൃകത്തിലേയ്ക്ക് നയിക്കുകയായിരുന്നിരിക്കണം.
സുൽത്താന്മലയിലെ ശർഭപാത്രഗുഹയിൽ കണ്ട മങ്കുറുണി യോനാച്ചനുമായുള്ള തന്റെ രൂപസാദൃശ്യം അയാളുടെ ജാരസന്തതിയാണ് താനെന്ന അവന്റെ ബോധത്തെ ഉറപ്പിച്ചു.

കൗമാരത്തിന്റെ കൂതൂഹലങ്ങളും കണ്ടെത്തലുകളുമൊക്കെ പുതുകഥകളിൽ കാണാത്ത മനോഹരമായ ഒരു കൈയ്യടക്കത്തോടെ എഴുതാനായത് കഥാകൃത്ത് ഒരു അദ്ധ്യാപകൻ ആയത് കൊണ്ടാവാം.

സഹോദരീതുല്യയുമായുള്ള ആദിപാപത്തിന്റെ കനലും അന്യനെന്ന വ്യാകുലതയും അവനെ അധികാരത്തിൽ നിന്നിറക്കി കരിക്കോട്ടക്കരിയിലെത്തിക്കുന്നു. പന്നിയച്ചനെന്നറിയപ്പെടുന്ന നിക്കോളച്ചന്റെ തണലിൽ എത്തിപ്പെടുന്ന അവൻ അധികാരത്തിൽ കുടുംബത്തിന്റെ നിഴലിൽ നിന്നിറങ്ങി ഒരു വ്യക്തിയായി രൂപപ്പെടുന്നു. ആലപ്പുഴയിലെ ജന്മിപ്പാടങ്ങളിൽ അടിമപ്പണി ചെയ്തിരുന്ന പുലയന്മാരെ കരിക്കോട്ടക്കരിയെന്ന വാഗ്ദത്തഭൂമിയിലേയ്ക്ക് നയിച്ച മോശയായിരുന്നു പന്നിയച്ചൻ.

മാമോദീസ സ്വീകരിച്ച് കൃസ്ത്യാനികളായവരെയൊക്കെ അച്ചൻ കൂടെകൂട്ടി. അച്ചന്റെ തണലിൽ കരിക്കോട്ടകരിയിൽ മറ്റെങ്ങുമില്ലാത്ത വികസനങ്ങൾ നടന്നു.അച്ചന്റെ വീഴ്ചയില്ലാത്ത മേൽനോട്ടത്തിൽ കരിക്കോട്ടക്കരിയെന്ന ജാതിപ്പേടിയില്ലാത്ത കോട്ടയ്ക്കുള്ളിൽ ജീവിതം വളരുന്നതിന് ഇറാനിയൊസ് സാക്ഷിയായി. എന്നിട്ടും അച്ചന് മായ്ചുകളയാനാവാത്ത വിധം ജനിതകശിലകളിൽ മുദ്രപ്പെടുത്തിയ ചില ആനന്ദങ്ങൾ കരിക്കോട്ടക്കരിയുടെ ഉപബോധമനസ്സിനെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു.

നന്മയുടെ എല്ലാ യൗവനങ്ങളിലും മനസ്സ് അസ്വസ്ഥവും അർത്ഥം തേടുന്നവയും ആയിരിക്കുമെന്ന നിക്കോളച്ചന്റെ വാക്കുകൾ കഥയിലെ പോലെ തന്നെ വർത്തമാനകാലത്തിലും എത്ര പ്രസക്തമാണെന്ന് തോന്നി, ഇരുട്ടിൽ നിന്ന് കോണ്ട് ഉത്തരങ്ങൾ തേടുന്നതിന്റെ ഈർഷ്യയാണ് ഓരോ മനസ്സിലും, ചിന്തകൾ പ്രവൃത്തികൾ ആവുമ്പോൾ ചരിത്രം രേഖപ്പെടുന്നു, അതെത്ര ചെറുതായിരുന്നാൽ പോലും.

കരിക്കോട്ടക്കരിയിലെ വാഗ്ദത്തഭൂമിയിൽ താനവസാനം എത്തിച്ചേർന്നുവെന്ന് വിശ്വസിച്ച ഇറാനിയുടെ ജീവിതത്തിലേയ്ക്ക് അടുത്ത കൊടുങ്കാറ്റിന്റെ കെട്ടഴിച്ച് വിടാനാണ് ചാഞ്ചൻ വല്യച്ചനെന്ന, കരിക്കോട്ടക്കരിയിലെ എല്ലാ വീടുകളിലും ബന്ധുവെന്ന് പറഞ്ഞ് കയറിച്ചെല്ലാനാവുന്ന ചേരമന്റെ നാടായ ചേരമന്റെ അളമായ ചേരളം ആണ് കേരളമെന്ന് പറയുന്ന ആദിചേരമൻ അവതരിക്കുന്നത്..

സ്വപ്നം കണ്ട പെണ്ണ് സ്വന്തം മണ്ണിന്റെ ദൈവത്തിനെ ഉപേക്ഷിക്കാത്ത ഒരുവനെയെ കല്യാണം കഴിക്കൂ എന്ന് പറയുമ്പോൾ, അച്ഛനാണെന്ന് കരുതിയ യോനാച്ചാൻ ഗർഭഗുഹയിൽ മരിച്ചു കിടക്കുന്ന കാഴ്ച കാണുമ്പോൾ ഒരു കറുത്ത കോഴിയെ ആത്മാക്കൾക്ക് കുരുതി കൊടുത്തു അവൻ കരിക്കോട്ടക്കരി ഉപേക്ഷിച്ചു പോവുന്നു,

അവന്റെ യാത്ര അവനെ എത്തിക്കുന്നത് ആലപ്പുഴയിലെ ആർത്തുങ്കൽ വെളുത്തച്ചന്റെ പള്ളിമുറ്റത്താണ്, ആർത്തുങ്കൽ വെളുത്തച്ചൻ കടലിനെ പിന്നോട്ടോടിച്ച ചേരൻ ചെങ്കുട്ടുവനാണെന്ന തിരിച്ചറിവും കൊണ്ട് അവൻ വീണ്ടും ചാഞ്ചൻ വല്യച്ചന്റെ അടുത്തെത്തിപ്പെടുന്നു.

കണ്ണമ്മയെന്ന യഥാർത്ഥചേരമ പെണ്ണിന്റെ തത്വശാസ്ത്രങ്ങളിൽ കരുത്തും തന്റേടവും ഉള്ള ശുദ്ധദ്രാവിഡരുടെ കലർപ്പില്ലാത്ത ആത്മധൈര്യമാണ്.

ജന്മരഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ തിരുത്തിയെഴുതപ്പെട്ട ചരിത്രങ്ങൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കാനെ ഇറാനിയോസിന് കഴിഞ്ഞുള്ളൂ, കരിക്കോട്ടക്കരി മറ്റൊരു അധിനിവേശത്തിന്റെ ഇരയാവുകയായിരുന്നു, അമർഷത്തിന്റെ യൗവനങ്ങൾ അവരവരുടെ വഴികൾ തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു, ശരിതെറ്റുകൾ ഏതെന്ന് പറയാനാവാത്ത ഓരോരുത്തരുടെയും യാത്രകൾ.

കരിക്കോട്ടക്കരി 2014 ഡി സി കിഴക്കേമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കൃതിയാണ്. ഈ ബുക്കും ഉണ്ടെന്ന് പുറം ചട്ടയിൽ എഴുതിയിരിക്കുന്നു..


Friday, September 15, 2017

രഘൂന്റെ പെണ്ണ്...


"നല്ല തുളസിക്കതിര് പോലത്തെ പെണ്ണ്, പിച്ചിപ്പറിച്ച് കളയല്ലേടാ രഘൂ, സലാമിന്റെ ഉമ്മ പറഞ്ഞതിന് രഘുവിന്റെ ഉത്തരം വേറെയാരും കേട്ടില്ല."

തുളസി തുളസിക്കതിര് മാത്രം ചൂടി നിലവിളക്കും പിടിച്ച് ആ രണ്ടുമുറി വീടിന്റെ പടി വലത്കാൽ വച്ച് കയറിയ അന്നാണ് അവളുടെ പേര് ആരോ അവസാനമായി പറഞ്ഞത്.. പിന്നെയെന്നും അവൾ രഘുവിന്റെ പെണ്ണായിരുന്നു, എല്ലാർക്കും…

കർക്കടകം പെയ്ത്ത് നിർത്തി തോർന്നതിന്റെ അന്നായിരുന്നു രഘൂന്റെ കല്യാണം,
അതിപ്പോ നമ്മുടെ നാട്ടിലെപ്പോഴും അങ്ങനാണല്ലോ പറയുന്നത്, അതായത് കിഴക്കേലെ ഏലിച്ചേടത്തി മരിച്ചതിന്റെ മൂന്നാം പക്കം, എന്നുവച്ചാ കന്നിമാസത്തില് തുലാം നേരത്തേ പെയ്ത വർഷം, അപ്പോ ഒരു നാല് വർഷം മുൻപ്… അങ്ങനെ..

രഘൂന്റെ കല്യാണം നാട്ടിലുള്ളവരാണ് കൂടുതൽ ആഘോഷിച്ചത്, അതിപ്പോ അവന് പെണ്ണ് കെട്ടണമെന്നും ഉണ്ടായിരുന്നില്ല, കൂടും കുടിയും ഇല്ലാത്തവന് എന്തിനാ പെണ്ണ്.. ഒറ്റാന്തടിയായിട്ട് പട്ട് പോവണ്ടല്ലോന്ന് കരുതിയാ പെണ്ണ് കൊടുത്തേന്ന് പെണ്ണിന്റെ അപ്പനും എന്നും അവന്റെ ചിലവിൽ കള്ള് കുടിക്കാൻ പെണ്ണിനെ കുരുതി കൊടുത്തൂന്ന് നാട്ടുകാരും അടക്കം പറഞ്ഞൂ..

കല്യാണപിറ്റേന്നും രഘു പണിക്ക് പോയി, അന്തിക്ക് ചാരായം മോന്തി ചെമ്പോത്തിന്റെ പോലെ കണ്ണും ചോപ്പിച്ച് രാവേറെ ചെന്ന് വീട് പറ്റി. അയലോക്കകാരൊക്കെ ഒരു കരച്ചിലോ നിലവിളിയോ പാത്രം പൊട്ടിക്കലോ ഒക്കെ പ്രതീക്ഷിച്ചു. ഒന്നും നടന്നില്ല, അന്നു മാത്രമല്ല കുറെ നാളത്തേയ്ക്ക്. രഘൂന്റെ പെണ്ണിനെ ആർക്കും വിലയില്ലാതായി. പെണ്ണ് വന്നിട്ടും രഘു നന്നായില്ലെന്ന് പരാതി പറയാനല്ലാതെ മറ്റൊന്നും അവർക്ക് വീണ് കിട്ടിയില്ല.

രഘൂന്റെ കല്യാണത്തിന്റെ ഒന്നാം വർഷത്തിലാണ് നാട്ടുകാർക്ക് ഇത്തിരിയെങ്കിലും സമാധാനമായത്, ഒരു വർഷം കൊണ്ട് പാതിരാത്രിക്ക് മുൻപ് അവൻ വീട് പറ്റുന്നതും കുടിയിൽ നിന്ന് വല്ലതും തിന്നാൻ തുടങ്ങിയിരിക്കുന്നതും ഒന്നും വാർത്തയേയല്ലായിരുന്നു. ഒന്നാം വാർഷികം പ്രമാണിച്ച് പെണ്ണിനേം കൊണ്ട് സിനിമയ്ക്ക് പോയതായിരുന്നു, ആരോ ഒരുത്തൻ സീറ്റേൽ കാലെടുത്തു വച്ചതിന് അവനേയും തല്ലി വീട്ടിലെത്തി ദേഷ്യത്തിലവൻ പെണ്ണിനേയും തല്ലി. കുറെ പാത്രങ്ങളൊക്കെ കലമ്പി പുറത്ത് ചാടി. അയലോക്കകാർക്ക് “രഘൂന്റെ പെണ്ണിനീ ഗതി വന്നൂല്ലോന്ന്“ സങ്കടപ്പെടാൻ അവസരം കിട്ടി.

പിന്നെ പിന്നെ പാത്രങ്ങളൊക്കെ ഇറ്റയ്ക്കിടെ കലമ്പി തുടങ്ങി. പെണ്ണായാലൊരിത്തിരി ഒതുങ്ങണം, അതും അവന്റെ സ്വഭാവത്തിന്.. അയലോക്കകാർക്ക് അടക്കം പറയാനല്ലാതെ രഘൂന്റെ പെണ്ണിനോടത് പറയാൻ അവസരം കിട്ടിയില്ല. അവൾ എന്നും പണിക്ക് പോയിത്തുടങ്ങിയിരുന്നു.

രഘൂന്റെ കല്യാണത്തിന്റെ രണ്ടാം വാർഷികം ഇത്തിരി കടന്നു പോയി. മേലോത്തെ ശാരദാമ്മയുടെ പശു മൂരിക്കുട്ടനെ പെറ്റതിന്റെ പിറ്റേന്ന്, രഘൂന്റെ പെണ്ണിൻ നാലു മാസം തികഞ്ഞിരുന്നില്ല, അവളൊന്ന് തുടുത്ത് വരുകയായിരുന്നു. ചോരവാർന്നൊഴുകിയവളെ ഓട്ടോയില് കയറ്റിവിടുമ്പോൾ കൂട്ടു പോവാൻ ആരും ഉണ്ടായിരുന്നില്ല. രാവേറി വന്ന രഘു വാതിൽ തല്ലിപ്പോളിച്ച് അകത്ത് കയറിയ ശബ്ദം കേട്ടു വന്ന ആരോ ആണ് അവൾ ആശുപത്രിയിലാണെന്ന് പറഞ്ഞത്, മൂന്നാം പക്കം ആശുപത്രി വിട്ട് അവളിങ്ങോട്ട് തന്നെ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. “സ്വന്തം വീട്ടിൽ കിടക്കാനുള്ളതിന്, അവമതി, കല്യാണം കഴിഞ്ഞാൽ പിന്നെ അപ്പനേം അമ്മയേം ഒന്നും വേണ്ടല്ലോ“ നിറമൊലിച്ച് പോയ ചെമ്പരത്തി പോലെ കുറെ നാൾ അവൾ പുറത്തിറങ്ങാതിരുന്നു, രഘു എന്നും പണിക്ക് പോയി, നിഴൽ പാളി വീഴുന്നത് പോലെ മറയുന്ന അവളെ ആരും കണ്ടില്ല, കലമ്പലുകളുടെ എണ്ണം കുറഞ്ഞിട്ടോ നിഴലിന്റെ വിളർച്ച കൂടിയതിനാലോ രഘൂന്റെ പെണ്ണിനെ എല്ലാരും മറന്നു.

അവരുടെ രണ്ടുമുറി വീട്ടിലേയ്ക്കുള്ള വഴി ഒരേ കാലടിപ്പാടുകൾ മാത്രം വീണ കാട് പിടിച്ച വഴിത്താര മാത്രമായിരുന്നു. മുറ്റത്ത് വരെ കറുകപ്പുല്ല് കിളിർത്ത് കയറി കാട് പിടിച്ചു, പല രാത്രികളിലും വിളക്ക് തെളിയാതെയായി.

രഘൂന്റെ കല്യാണത്തിന്റെ മൂന്നാം വാർഷികത്തിന് തലേ പകലാണ് രഘൂന്റെ പെണ്ണിന്റെ അപ്പൻ അവളെ കൂട്ടിക്കൊണ്ട് പോവാൻ വന്നത്. മൂന്ന് വർഷത്തെ പൊറുതി കഴിഞ്ഞിട്ടും ഒരു കുടുംബമാവാൻ കഴിഞ്ഞില്ലെങ്കിൽ നീ വീട്ടിൽ വന്ന് നിന്നാൽ മതിയെന്ന് അയാൾ മുറ്റത്ത് നിന്ന് ഒച്ച വയ്ക്കുന്നത് അയൽവക്കമൊക്കെ കേട്ടു. വാതിലും ചാരി കല്ല് പോലെ നിന്ന അവളുടെ മറുപടിയോ മുഖമോ ആരും കണ്ടില്ല.

അന്ന് രാവേറെ ചെന്നാണ് രഘു വീട് പറ്റിയത്, സന്ധ്യയ്ക്കത്തെ വിരുന്ന് വരവിന്റെ ഫലമറിയാൻ കാത്തുനിന്നവർ ഒച്ച കൂടിത്തുടങ്ങിയപ്പൊൾ അകത്ത് കയറി കതകടച്ചു. അത് കൊണ്ട് തന്നെ പാതിവെന്ത നെഞ്ചും പൊള്ളിയടർന്ന വയറുമായി ഓട്ടോയിലേയ്ക്ക് കയറുന്ന രഘൂനെ ആരും കണ്ടില്ല.

ഏഴും രാവും ഏഴ് പകലും ഉറങ്ങാതെ അവളവന് കാവലിരുന്നു. വേദനയുടെ വെള്ളിവെളിച്ചത്തിൽ കണ്ണ് തുറക്കുമ്പോഴൊക്കെ അവളുടെ കണ്ണ് കണ്ട് അവൻ കണ്ണിറുക്കി അടച്ചു കിടന്നു. കാവലിരുന്ന് വാങ്ങിയ ജീവന്റെ കടം വീട്ടാൻ കഴിയാത്തവന്റെ ദൈന്യത അവനെ ഒത്തിരി ചെറുതാക്കി, പേരില്ലാത്തവനാക്കി.

എട്ടാം പകലിന് വീടെത്തിയ ശേഷം, പിന്നെ അവളെ ആരും രഘൂന്റെ പെണ്ണെന്ന് വിളിച്ചിട്ടില്ല. തുളസി, തുളസീന്ന് മാത്രം…..

Sunday, September 10, 2017

ദൈവത്തിന്റെ സന്തതികൾ


പോസ്റ്റുമാൻ ചേട്ടന്റെ വീട്ടിലേയ്ക്കുള്ള ഒറ്റവഴി ഇടുങ്ങിയതും ദുർഘടം നിറഞ്ഞതും ആയിരുന്നു, രണ്ടരമണിക്കൂറോളം ഉപേക്ഷിക്കപ്പെട്ടവന്റെ വിലാപങ്ങൾ കേട്ട് കിരുകിരുക്കുന്ന മനസ്സും വിശക്കുന്ന വയറുമായാണ് ഞാൻ വഴുതി വീഴാതെ ഇറക്കമിറങ്ങുന്നത്.

എന്റെ മുൻപിൽ നടക്കുന്ന കഷ്ടിച്ച് നാലടി പൊക്കമുള്ള ആ രൂപം എന്റെ അമ്മയാണ്,ആര് കണ്ടാലും എന്റെ അമ്മയാണെന്ന് പറയില്ല, അത്രയ്ക്കാണ് ഞങ്ങൾ തമ്മിൽ കാഴ്ചയിലും സ്വഭാവത്തിലും ഉള്ള അന്തരം. ചുരുണ്ട് ആകാശത്തിലേയ്ക്ക് നിൽക്കുന്ന എന്റെ മുടിയും സിൽക്കിന്റെ നൂലുകൾ പോലുള്ള അമ്മയുടെ മുടിയും തുടങ്ങി ആരെയും കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് സംസാരിക്കുന്ന ഞാനും സംസാരത്തിനിടയിൽ പോലും മൗനത്തിന് ഇടവേള കൊടുക്കന്ന അമ്മയും തമ്മിലുള്ള അന്തരം. കർത്താവിന്റെ രണ്ടറ്റത്തുമായി തൂക്കപ്പെട്ട രണ്ട് തസ്കരന്മാരെ പോലെ, ഒരു കയറിന്റെ രണ്ടറ്റം പോലെ വ്യത്യസ്ഥർ.

ദൈവമാണ് പോലും ദൈവം, ആകെ സൃഷ്ടിച്ചതിൽ അരശതമാനം ജന്മങ്ങൾ ഓർക്കുന്നു പോലുമില്ല, എന്നിട്ട് ഓർത്ത് വിളിക്കുന്നവരെ കേൾക്കാത്ത ദൈവമാണ് പോലും“ - കൂടെ നടക്കുന്ന, അങ്ങോട്ടുമിങ്ങോട്ടും തർക്കിക്കുന്ന, വേണ്ടുന്നവയൊക്കെ കരഞ്ഞും നിലവിളിച്ചും നിലത്തുരുണ്ടും സാധിച്ച് നൽക്കുന്ന, സാധിക്കാത്തവയ്ക്ക് സാധൂകരണം നൽകുന്ന എന്റെ ദൈവത്തെ വിശ്വസിക്കാത്ത അമ്മയ്ക്ക് ദൈവം, മദ്ബഹയിലെ എല്ലാമറിയുന്ന മഹാശക്തിയാണ്, എതിർത്ത് പറയാൻ പാടില്ലാത്ത, വീണ്ടെടുത്തത് കൊണ്ട് മാത്രം വിധേയരായവരുടെ ഇടയൻ, ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാത്ത അനുസരണയുടെ വിധേയത്വം. പള്ളിയിൽ നിന്നുള്ള പല മടങ്ങിവരവുകളും ഇത്തരം പൊരിഞ്ഞ വാഗ്വാദങ്ങൾ കൊണ്ട് ചൂട് പിടിച്ചവയായിരുന്നു..

പക്ഷേ ഇന്ന് ഞങ്ങൾ രണ്ട് പേരും അവരവരുടെ ലോകത്ത് നിശബ്ദരാണ്. കർക്കിടമഴ കൊണ്ട് തഴച്ച കമ്മ്യൂണിസ്റ്റ് പച്ചകളും വേലിപത്തലുകളും ഒരു ഇരുണ്ട ഗുഹയിലൂടെ നടക്കുന്ന പോലെ തോന്നിപ്പിക്കുന്ന വെയിൽ മങ്ങിയ മദ്ധ്യാഹ്നം.

കടലേഴും കടന്ന് പോകാവുന്ന ഒരു ജോലി, അതെന്റെ സ്വപ്നമായിരുന്നു, അതിന് വേണ്ടി മാത്രം പഠിച്ച രാവുകൾ, അതൊന്ന് കൊണ്ട് മാത്രം തനിച്ചായി പോയ പകലുകൾ, അകന്ന് പോയ സൗഹൃദങ്ങൾ അവസാന നിമിഷം വരെയ്ക്കും കയ്യെത്തും ദൂരത്തെന്ന് കരുതിയവ വെറും കിനാവ് മാത്രമായിരുന്നു എന്ന അവസ്ഥയോളം ദയനീയമെന്തുണ്ട്.

ആഗ്രഹങ്ങളുടെ പച്ചപുൽമേടുകളിൽ നിന്ന് അതിജീവനത്തിന്റെ വരണ്ട തരിശ് നിലങ്ങളിലേയ്ക്ക് ജീവിതം ഒഴുകിത്തുടങ്ങിയിരിക്കുന്നു, സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി, ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും മറ്റെല്ലാ പൂത്തിരികൾക്കും മേലെ ഒരു ജ്വലിക്കുന്ന തീഗോളം പോലെ ആ പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ. ഈ ഇരുണ്ട ഗുഹയുടെ അറ്റത്ത് കാണുന്ന ഒരു കുഞ്ഞ് വീട്ടിൽ അതിനുള്ള മറുപടിയാവും കാത്തിരിക്കുന്നത്. ചന്ദ്രനിലേയ്ക്ക് വേണമെങ്കിൽ പറഞ്ഞ് വിട്ടേക്കാം എന്ന് മുൻകൂർ ജാമ്യമെടുത്ത ബഹുരാഷ്ട്ര കമ്പനിയുടെ ജോലികത്ത്, അല്ലെങ്കിൽ നിങ്ങളെ ഞങ്ങൾക്കാവശ്യമില്ലെന്ന് അടിവരയിട്ട ഒരു ഒഴിവുകത്ത്..

നിനക്കറിയാം, ഈ ജോലി എനിക്കെത്ര ആവശ്യമാണെന്ന്, ഇതിനായി ഞാൻ വേണ്ടെന്ന് വച്ച സ്വപ്നങ്ങളുടെ വിങ്ങലുകൾ പോലും നിനക്ക് മാത്രമേ അറിയൂ, എന്നിട്ടും ഇതെനിക്ക് കിട്ടിയില്ലെങ്കിൽ, നീയാണ സത്യം, ഇനിയൊരിക്കലും നിന്നെ ഓർക്കുക കൂടി ചെയ്യില്ല, ദൈവമാണെങ്കിൽ കൂടി ഓർക്കാനൊരാൾ ഉള്ളത് നല്ലതല്ലേ, “ മനസ്സിലങ്ങനെ നിർത്താതെ സംസാരിച്ചു നടക്കുന്ന സമയത്ത് ചില നേരങ്ങളിൽ എന്റേതല്ലാത്ത കാല്പാദങ്ങൾ പതിയുന്ന ശബ്ദം കൂടെ കേൾക്കാറുണ്ട് ഞാൻ.

അയ്യോ ചേച്ചീ, ഞാൻ വീട്ടിൽ നാളെ കൊണ്ടുവന്ന് തരുമായിരുന്നല്ലോ, ഇന്നിവിടെ വരെ നടന്ന് വരാൻ“

പോസ്റ്റുമാൻ ബെന്നിചേട്ടൻ വീടന്വേഷിച്ച് വന്ന് കത്ത് വാങ്ങി അൻപത് രൂപയും കൊടുത്ത് പോവുന്ന ഞങ്ങളെ കണ്ട് അന്തിച്ചു നിന്നു.

വീടെത്തും വരെ ആ കവർ പൊളിച്ച് നോക്കാൻ അമ്മ സമ്മതിച്ചില്ല, അത് ഓഫറാവണമെന്നില്ല, റിജക്ഷനും ആവാം എന്ന എന്റെ ന്യായവാദം കേട്ടിട്ടും ഒന്നും മിണ്ടാതെ നടക്കുമ്പോൾ ആട്ടുകല്ലിന് കാറ്റ് പിടിച്ച ആ സ്വഭാവം അറിയുന്ന എനിക്ക് കൂടെ നടക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.

വീടെത്തി, വിയർപ്പാറ്റി കവർ തുറന്ന എന്നോട് എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ചോദിച്ചത് ഇത്ര മാത്രം... “എന്ന് അവിടെത്തണമെന്നാണ് എഴുതിയിരിക്കുന്നത്“.

ഈ മാസം പത്താം തിയതി, ഇനി നാലഞ്ച് ദിവസമേയുള്ളൂ,“

പതിനാറ് വർഷങ്ങൾക്ക് മുൻപുള്ള ഒരു സെപ്റ്റംബർ മാസത്തിന്റെ കലണ്ടറിലെ പത്താം തിയതി ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായം എഴുതിത്തുടങ്ങാനുള്ള ഏടിന്റെ താക്കോൽ പോലെ തെളിഞ്ഞ് നിന്നു.

സ്വപ്നം മാത്രം കണ്ടിരുന്ന ജോലിക്ക് കേൾവികളിൽ മാത്രം പരിചയമുള്ള നാട്ടിലേയ്ക്ക് പോവുന്നു എന്നതിനേക്കാൾ അമ്മയുടെ വിശ്വാസത്തിന്റെ നിശബ്ദമായ ഉറപ്പാണ് ആ നിമിഷത്തിൽ എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത്.

ഇത് ഓഫർ ലെറ്റർ ആവുമെന്ന് അത്ര ഉറപ്പുണ്ടായിരുന്നോ?“

ഇല്ല, പക്ഷേ അത് എന്ത് തന്നെയായാലും അതാണ് ദൈവനിശ്ചയം എന്ന് ഉറപ്പുണ്ടായിരുന്നു“

ഇന്നും ദൈവത്തിനെ ആല്ഫയും ഒമേഗയും ആയവനെന്ന് അമ്മയും പൊരുതിപിണങ്ങി ഇണങ്ങികൂടുന്ന സന്തതസഹചാരിയെന്ന് ഞാനും വിശ്വസിക്കുന്നു

എങ്കിലും ദൈവമുണ്ടെന്ന് എന്താ ഇത്ര ഉറപ്പെന്ന് തർക്കിക്കുന്നവരോട് തർക്കിക്കാൻ തോന്നാത്ത നിമിത്തങ്ങളുടെ ഉൾചിരിയോടെ ഇന്നും വിശ്വസിക്കുന്നു..


Sunday, September 03, 2017

ഓർമ്മകളുടെ പേരാണ് ഓണം..


ഭൂതകാലത്തിനെ സ്നേഹിക്കുന്നവരാണ് മലയാളികളെന്ന് പഴയ പാട്ടുകൾ കേട്ട് ആസ്വദിക്കുമ്പോഴൊക്കെ മലയാളികളല്ലാത്തവർ കളിയായും കാര്യമായും പറഞ്ഞിട്ടുണ്ട്.

ഓണത്തോളം വലിയ തെളിവെന്താണതിന് വേണ്ടത്?


എന്നോ ജീവിച്ചിരുന്ന ഒരു നാട്ടുരാജാവിനെയും കള്ളവും ചതിയുമില്ലാതിരുന്ന ഒരു ഭരണകാലത്തേയും ഏതീഹ്യങ്ങളിലെ പഴം പാട്ടിന്റെ ഈണങ്ങളിൽ നിന്ന് ഓർത്തെടുത്ത് ഇന്നും ഓർമ്മകളിലെ ആ നല്ല കാലം ചേർത്തും പേർത്തും ആഘോഷിക്കുന്ന ഒരു ജനത.

ഓർമ്മകളിലെങ്ങും ഓളം നിറഞ്ഞ ഓണഓർമ്മകൾ ഇല്ല, ഓണപ്പൂക്കളവും ഓണപ്പൂവിളികളും, ഓണക്കോടിയും ഓണപ്പാട്ടും എന്തിന് കൊതി തീരെ ഒന്ന് ആഞ്ഞ് കുതിച്ച ആടിയ ഓണയൂഞ്ഞാൽ പോലുമില്ല.

എങ്കിലും ഓണക്കാലം കാത്തിരുന്ന കാലമായിരുന്നു. ഓണപ്പരീക്ഷപ്പേടിയകന്നിരിക്കുന്ന കണ്മുന്നിലെ മാവേലി മന്നൻ വെള്ള ഡബിൾ മുണ്ടും വെള്ളഷർട്ടും ഇട്ട നെഞ്ചൽപ്പം കൂടുതൽ വിരിച്ച് നടക്കുന്ന ചാച്ചനായിരുന്നെന്ന് മാത്രം.

പിന്നെയുള്ള പത്ത് ദിവസം ഇളം വെയിലിന്റെയും പൊടി മഴയുടെയും കൂടെ കാട് നിരങ്ങി നടന്ന അതിരുകളില്ലാ സ്വാതന്ത്ര്യത്തിന്റെ, ഇഴപൊട്ടി പോകാതിരുന്ന സാഹോദര്യത്തിന്റെ ദിക്ക് നോക്കാതെ ഇട്ട വാഴയിലയിൽ നിരതെറ്റി വിളമ്പിയ ശുഷ്കിച്ച വിഭവങ്ങൾ വിശന്ന് കത്തുന്ന വയറിന് സമൃദ്ധ സദ്യയൊരുക്കിയ ഓണക്കാലത്തിന്റെ ഓർമ്മയായിരുന്നു.ഇതൊക്കെ തന്നെയല്ലേ ഓർമ്മകളിലെ ഓണത്തിന്റെ സൗന്ദര്യം..

കൗതുകം തോന്നുന്ന വഴിയോര വാണിഭങ്ങളൊക്കെ വാങ്ങികൂട്ടുന്നതിന്റെ മനശാസ്ത്രം അന്വേഷിച്ചപ്പോൾ മനസ്സുകളെ പഠിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത്, നമുക്ക് നഷ്ടമായവ ഉണ്ടാക്കുന്ന വിടവുകൾ നികത്തുവാൻ മനസ്സ് കണ്ടെത്തുന്ന മാർഗ്ഗമാണ് പോലും കൗതുകം തോന്നുന്നവ കൊണ്ട് ആ വിടവുകൾ നികത്തുക എന്നത്, മറന്ന് പോയ ഒരു സ്വപ്നത്തിനെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ.

ഈ ആഘോഷങ്ങളും പൂവിളികളും നഷ്ടമായ ആ നല്ല കാലത്തിനെ തിരിച്ച് വിളിക്കട്ടെ. ഞാനും നിങ്ങളുമൊക്കെ അതിരുകളില്ലാത്ത സ്വാതന്ത്ര്യവും ആത്മാർത്ഥമായ സ്നേഹവും വിശപ്പറിഞ്ഞുണ്ണുന്ന ഒരു വയർ ചോറിന്റെ സമൃദ്ധിയും നിറഞ്ഞ് അറിഞ്ഞ ഒരു നല്ലകാലം.

-സ്നേഹത്തോടെ,


Monday, August 28, 2017

ആഴക്കിണറിന്റെ ഉൾകാമ്പുകൾ
എന്നാലും ജോയിയേ, നീയല്ലാതെ വേറാരേലും ഈ പാറമോളില് കിണറ് കുത്തുന്ന കാര്യം ആലോചിക്കുമോ, ഇതിപ്പോ എടുത്ത മണ്ണ് മൊത്തം തിരിച്ചിടാൻ തന്നെ വേണം ഒരാഴ്ച. നീനക്കും കുടുമ്മത്തിനും പ്രാന്തായീന്ന് നാട്ടുകാര് മൊത്തം പറഞ്ഞ് തുടങ്ങിയിട്ടുണ്ട്“

സാധാരണ ഇമ്മാതിരി സംസാരം കേട്ടിരിക്കുന്ന പ്രകൃതമല്ല അപ്പന്റേത്, ഇപ്പൊൾ പക്ഷേ പ്രതികരണമൊന്നും കാണാനില്ല, എവിടെ നിന്നോ സംഘടിപ്പിച്ച കരിമരുന്നും മെറ്റലും പ്ളാസ്റ്റിക്കും റബറുമൊക്കെ കൊണ്ട് വരിഞ്ഞു കൊണ്ടിരിക്കുന്ന സംഭവത്തിന് ഒരു കുഴിബോംബ് ലുക്കുണ്ടായിരുന്നത് കൊണ്ട് കിണറിന്റെ പണി മുന്നോട്ട് പോവുമെന്ന് എന്റെ മനസ്സ് പറഞ്ഞു.

ഇതിനും ഒരു മൂന്ന് മാസം മുന്നേയാണ്, എല്ലാ കാര്യത്തിലുമെന്ന പോലെ അപ്പന്റെ വക ഒരു കാര്യകാരണ വിശദീകരണങ്ങളില്ലാത്ത പ്രഖ്യാപനമുണ്ടായത് - “പറമ്പിലൊരു കിണർ കുത്താൻ പോവുകയാണ്“ . സ്ഥാനം നോക്കുന്ന ആളുമുണ്ടായിരുന്നു കൂടെ, പറമ്പിന്റെ താഴത്തെ അതിര് ചേർത്ത് കുത്തിയ നാല് കമ്പുകൾ പിന്നെയുണ്ടാക്കാൻ പോവുന്ന പുകിലുകളൊന്നുമറിയാത്ത പാവങ്ങളെ പോലെ നിന്നു.

മേലേയ്ക്ക് മേലേയ്ക്ക് ഉയർന്നു പോവുന്ന ഒരു കുന്നിന്റെ തുടക്കത്തിലെ വീടായിരുന്നു ഞങ്ങളുടേത്. വെള്ളം നിറച്ച സ്റ്റീൽ കലങ്ങളും നിറച്ചുള്ള നടപ്പുകൾ നിറഞ്ഞതായിരുന്നു ബാല്യത്തിന്റെ കുറേ ഏടുകൾ.

കിണറുപണി തകൃതിയായി തുടങ്ങിയപ്പോഴും ചൊറും കാപ്പിയും മുറയ്ക്ക് വച്ച് വിളമ്പുമ്പോളും ചുറ്റും നിന്ന തേൻവരിക്കയും പേരമരവും ഒക്കെ ചായുമ്പോഴും മനസ്സിൽ വീടിന്റെ ഓരം ചേർന്ന് വറ്റാത്ത ഒരു കിണറുടനെ ഉണ്ടാവുമെന്നായിരുന്നു സങ്കല്പം.

ദിവസങ്ങൾ ആഴ്ചകളും ആഴ്ചകൾ മാസങ്ങളുമായി, പരന്നൊരു പാതി കുളം പോലെ മുകൾവട്ടമുണ്ടായിരുന്ന കിണർ താഴോട്ട് താഴോട്ട് പോകുന്തോറും ഒതുങ്ങി ഒതുങ്ങി വന്നു, കോൽ കണക്കുകൾ ഏറി ഏറി വന്നു. പ്ളാവിന്റെ തടി മുറിച്ചിട്ട പാലം പശിമകൂടിയ മണ്ണ് വീണ് വഴുക്കി തുടങ്ങി, പിന്നെയൊരു ദിവസം പണിക്കാരും വരാതായി. വലിച്ച് കയറ്റിയ മണ്ണിന്റെ കൂമ്പാരം പറമ്പിന്റെ ഒരു മൂലയ്ക്ക് വിളർച്ച പിടിച്ച പോലെ ചെമ്മണ്ണ് നിറത്തിൽ കിടന്നു.

അപ്പന്റെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല, തൊഴിലാളികളുടെ എണ്ണത്തിലും ഭാവത്തിലും മാത്രമേ മാറ്റം വന്നുള്ളൂ. പിന്നെ കുറെ നാളുകൾ നൈറ്റ് ഷിഫ്റ്റിന്റെ ബാലപാഠങ്ങൾ ആയിരുന്നു. രാത്രി ഏഴുമണിക്ക് കയറിൽ കെട്ടിയ കുട്ടയിൽ കിണറ്റിലേയ്ക്കിറങ്ങുമ്പോൾ അപ്പൻ മണ്ണിളക്കി തുടങ്ങിയിട്ടുണ്ടാവും, അത് കുട്ടയിലിട്ട് മുകളിൽ നിന്ന് വലിക്കുന്ന അമ്മയ്ക്കും അനിയനും ഒപ്പം വലിച്ച് മുകളിൽ കയറ്റുക എന്നതായിരുന്നു ബാലവേല. കട്ടൻകാപ്പിയും കുട്ടകണക്കിന് മണ്ണും ചെയ്യുന്ന ജോലിയുടെ വലുപ്പം കുറവല്ലെന്ന് കാണിക്കുന്നുണ്ടായിരുന്നു.

ശനിയും ഞായറുമൊക്കെ കിണറ് വിഴുങ്ങി, മാനം വല്ലാതെ വിളറി നിന്ന ഒരു ദിവസം കിണറ്റിൽ മോരും വെള്ളം കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് മേലേയ്ക്ക് നോക്കിയതും മൺനിരപ്പ് തലയ്ക്കും എത്രയോ മുകളിലാണ് എന്ന തോന്നലുണ്ടായത്. എന്നും കാലിന്റെ ചോട്ടിലായിരുന്ന മണ്ണാണ് ഇന്ന് തലയ്ക്ക് ഇത്രയും മേലെ നിൽക്കുന്നത് എന്നത് അതിനും എത്രയോ മേലെയായി ആകാശവും എന്ന്, മുകളിൽ നിൽക്കുന്നവരുടെ ശബ്ദങ്ങളൊക്കെ വിദൂരതയിൽ നിന്ന് കേൾക്കുന്ന മുഴക്കങ്ങൾ മാത്രമായി.

ചിലപ്പോ നേരെ നിന്ന് നോക്കിയാ ശരിയല്ലാ, ശരിയാവില്ലാന്ന് തോന്നുന്ന പലതും തലകുത്തി നിന്നോ, തല കീഴാക്കി നിന്നോ നോക്കിയാ ശരിയാവും“ തലകുത്തി നിൽക്കാൻ പഠിപ്പിച്ച അപ്പന്റെ വാക്കുകൾ പോലും അപ്പോൾ അശരീരിയായി തോന്നി, എന്റെ ഭാവമാറ്റത്തിന്റെ അർത്ഥം അറിഞ്ഞായിരുന്നിരിക്കണം ആ അത്മഗതം ഉറക്കെയായത്.

ഈ കുന്നിന്റെ അടീല് വല്യോരു മുതലപ്പാറയുണ്ട്, അതോണ്ടല്ലേ ഈ വശത്തൊന്നും ഇത് വരെ ആരും കിണറ് കുത്താതിരുന്നത്“ താടിയെല്ല് കടിച്ച് പിടിച്ചുള്ള അപ്പന്റെ നോട്ടം ശ്രദ്ധിച്ചപ്പൊൾ ഖദീജുമ്മ പിന്നെ അധികം വിസ്തരിക്കാൻ നിന്നില്ല. അവർ പറഞ്ഞത് പാഴറിവല്ലെന്നറിഞ്ഞത് കിണറാഴം പതിനെട്ട് കോൽ ചെന്ന ശേഷമാണ്.

മാസങ്ങൾക്ക് ശേഷം അപ്പൻ ലെക്ക് കെട്ട് കുടിച്ചത് അന്നായിരുന്നു. ഭൂമിക്ക് വലിയൊരു മുഖക്കുരു വന്ന് അടർന്ന് പോയപ്പൊൾ ഉണ്ടായ കുഴി പോലെ ആ കിണറിന്റെ ആഴം മനസ്സിൽ തിക്കിതിരക്കി. രണ്ട് ദിവസത്തിന് ശേഷം അപ്പൻ വീണ്ടും പഴയപടിയായി പുറത്ത് പോയി വന്നപ്പൊഴാണ് ഒരു സഞ്ചി നിറയെ അത് വരെ കണ്ടിട്ടില്ലാത്ത കരിമരുന്നും കെട്ടും ഒക്കെ കൊണ്ട് വന്നത്.

അടുത്ത പകൽ കിണറ്റിലേയ്ക്കിറങ്ങുമ്പോൾ അത് വരെ തോന്നിയ ഒരു ആത്മബന്ധത്തിന് പകരം എന്തോ മോഷ്ടിക്കാൻ പോവുന്ന കുറ്റവാളിയുടെ കുറ്റബോധമായിരുന്നു മനസ്സ് നിറയെ.

മൂന്ന് ദിവസം ഇളകാതെ കിടന്ന മണ്ണ് ഉറച്ചിരുന്നു, മൺവെട്ടി ആഞ്ഞ് കൊത്തുമ്പോൾ പാറയിൽ തട്ടുന്നത് അറിയുന്നുണ്ട്. ഇത്രയും ആഴത്തിൽ എത്ര ബലം കുറഞ്ഞാൽ പോലും തമര് വയ്ക്കുന്നത് മണ്ണിടിച്ചേക്കും എന്നൊക്കെ ആരൊക്കെയോ പറഞ്ഞു പോലും, മനസ്സ് നിറയെ അനിശ്ചിതത്വം മാത്രം, ഉറപ്പ് അപ്പന്റെ മുഖത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ,

വൃത്തിയാക്കുന്തോറും പാറ തെളിഞ്ഞ് തെളിഞ്ഞ് വന്നു. പാറയ്ക്ക് ചുറ്റുമുള്ള മണ്ണ് മുട്ടൊളം മാറ്റിയപ്പൊഴേയ്ക്കും ഉച്ചയായിരുന്നു, ഉച്ചയ്ക്ക് ശേഷം തമരടിക്കുന്നവരെ പ്രതീക്ഷിക്കുന്നതിനാൽ ഒട്ടും തന്നെ വിശ്രമിച്ചില്ല, ഇടയ്ക്കിടയ്ക്ക് മുകളിലേയ്ക്ക് നോക്കാൻ തോന്നിക്കൊണ്ടിരുന്നു, ഒരു ചെറിയ കുലുക്കത്തിൽ ഈ മണ്ണ് ഇടിഞ്ഞിരുന്നാൽ, മനസ്സിൽ നല്ലതായൊന്നും വരാത്തതിൽ അവനവനോട് തന്നെ ദേഷ്യം തോന്നി, അപ്പൻ മാത്രം ഒരു നിമിഷം പോലും തലയുയർത്താതെ മണ്ണിളക്കി കൊണ്ടിരുന്നു.

പതുക്കെ പതുക്കെ കാലിനടിയിലെ മണ്ണ് ഈറമാവുന്നത് അറിഞ്ഞു, നാവ് പോലെ നിന്ന പാറയുടെ ഒരു വശത്ത് നിന്ന് വന്ന ഉറവ ആ നിമിഷം ജീവന്റെ ഉറവായിരുന്നു, പ്രതീക്ഷയുടെ നനവ്.

വിചാരിച്ചതിലും പകുതി ചുറ്റളവിലുള്ള ചുരുളുകളിറക്കി കിണർ കെട്ടുമ്പോഴും വലിച്ച് കയറ്റിയതിന്റെ പാതിയോളം മണ്ണ് തിരികെയിട്ട് അരികടയ്ക്കുമ്പോഴും ആ ഉറവ് ഊറിവരുന്നത് നോക്കി നിന്ന നിമിഷത്തിന്റെ ധന്യതയായിരുന്നു മനസ്സിൽ.

മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം ആ വീടും സ്ഥലവും വിട്ടു പോവുമ്പോൾ ആ കിണറ്റിൽ വെള്ളം കോരാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് എഴുതി വച്ചിരുന്നു പോലും അപ്പൻ.

ഇത് വരെ ഒരു വേനലിനും അത് വറ്റിയിട്ടില്ലെന്ന് അവിടുത്തെ അയൽവക്കക്കാർ പറഞ്ഞറിയുമ്പോൾ പതിനെട്ട് കോൽ ആഴത്തിലിരുന്ന് കണ്ട മൺപരപ്പും ആകാശവും മനസ്സിൽ തെളിയും.

ചില ചിത്രങ്ങൾ ചില ഓർമ്മകളുടെ ഉറവ തുറക്കാറുണ്ട്... ഇത് പോലെ...

Friday, August 18, 2017

"ധൈര്യോണ്ടോങ്കി" കളികൾ

"ധൈര്യോണ്ടോങ്കി ആ പ്ലാവിൽ കയറി  ചക്കേല്  ഉപ്പ് വയ്ക്കുക."
"ധൈര്യോണ്ടോങ്കി അമ്മമാരുടെ തോട്ടത്തിലെ റോസാ പൂ മോഷ്ടിക്കുക"
"ധൈര്യോണ്ടോങ്കി മദ്ബഹയിൽ കയറി നിന്ന് ഒരു ഫുൾ സിനിമാ പാട്ട് പാടുക."

അങ്ങനത്തെ ധൈര്യോണ്ടോങ്കി കളികളിൽ തുഞ്ചത്തെ ആയിരുന്നു..

ധൈര്യോണ്ടോങ്കി ഒരു ഉച്ച ബ്രെക്ക് മുഴുവൻ തെമ്മാടിക്കുഴിയിൽ ഇരിക്കുക എന്നത്.

ശവക്കോട്ടയ്ക്ക് പിന്നിലെ ഒരാൾപൊക്കത്തിൽ മതിൽ കെട്ടിയ പുണ്യം പോയ ആത്മാക്കളെ അടക്കുന്ന തെമ്മാടിക്കുഴി. പള്ളി പറമ്പിലെ  പേരമരത്തിൽ  നിന്ന്  പോക്കറ്റ്  നിറയെ പേരയ്ക്കയുമായി മതിൽ ചാടുമ്പോൾ തോന്നാതിരുന്ന പേടി മണ്ണിൽ കാൽ വച്ചപ്പോൾ തണുപ്പായി അരിച്ചുകയറി.

മൊത്തത്തിൽ ഒരു തണുപ്പ്, ഇളകി കിടക്കുന്ന മണ്ണിൽ കാണുന്നത് എല്ലുകളാണോ എന്നൊരു സംശയം. കാൽ താന്ന് പോവുന്നപോലെ, തിരിച്ച് മതിലിൽ കയറാൻ പോയിട്ട് ശ്വാസം വലിക്കാൻ വരെ പേടി തോന്നുന്ന പോലെ.

കാട് പിടിച്ച സ്ഥലം വൃത്തിയാക്കിയത് ഈയിടെയ്ക്കാണ്. അപ്പൻ അന്നൊരു വൈകുന്നേരം പറഞ്ഞ പൂവൻമ്പഴം പോലത്തെ ചെറുക്കനെ അടക്കാൻ.

"നല്ല പൂവമ്പഴം പോലൊരു ചെറുക്കാനാരുന്നെടി, ഇട്ടുമൂടാൻ കാശ് ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം ഉപകാരപ്പെടാണ്ട് പോയി." എന്ന് അപ്പൻ അമ്മയോട് പറയുന്നത് കേട്ടിരുന്നു. കാശിനാവശ്യം വന്ന് കുരുമുളകെടുത്ത് വിറ്റെന്നും അത് കണ്ട് പിടിച്ച അപമാനത്തിൽ ആത്മഹത്യ ചെയ്തുവെന്നും.

ശ്വാസം പിടിച്ച് നിൽക്കുമ്പോഴാണ് ആ പുതിയ മൺകൂന കണ്ടത്, എന്തായാലും ബെല്ലടിക്കുന്നത് വരെ നിന്നെ പറ്റൂ, ധൈര്യമില്ലാണ്ട് നേരത്തെ തിരിച്ച് കയറി നാണംകെടുന്നതിലും എളുപ്പം പേടിച്ച് ചാവുന്നതാവും എന്ന് തോന്നി.

അധികം കഴിയുന്നതിന് മുന്നേ വിശപ്പ് പേടിയെ തോല്പിച്ചു.ഒരു പേരയ്ക്കയെടുത്ത് തിന്നുകൊണ്ടിരിക്കുമ്പോൾ  കയ്ക്കും കാലിനുമൊക്കെ ജീവൻ വന്നു.മൊത്തം ഒന്ന് ചുറ്റി നടന്നു. മതിലിനടയ്ക്ക് പാമ്പിന്റെ പൊത്തും ഒക്കെ കണ്ട് പുതിയ മൺകൂനയ്ക്ക് അടുത്ത് ഒരു കല്ലേൽ ഇരുന്നു.

മരിക്കാനായിരുന്നിരിക്കില്ല പാട്, അന്ന് മരിക്കാതിരുന്നാൽ അടുത്ത ദിവസം മറ്റുള്ളവരുടെ മുഖത്തെങ്ങനെ നോക്കും എന്നാവും കരുതിയിരിക്കുക. അപമാനം, തോൽവി, നിരാശ, ഒറ്റപ്പെടുത്തിയതിലുള്ള വേദന മരണത്തിന്റെ ഒരു നിമിഷം എളുപ്പമായി തോന്നിയിട്ടുണ്ടാവും. അങ്ങനൊക്കെ ആലോചിച്ചപ്പോൾ പാവം തോന്നി,ശവക്കോട്ടയിലെ രണ്ട് മാർബിൾ കല്ലറകളിൽ ഒന്നുള്ള കുടുംബത്തിലെ പയ്യനാണ് ഒരു മതിലിനിപ്പുറത്ത്, ഓർമ്മകളിൽ പോലും ഒറ്റപെട്ടവനായി.

ഉച്ചബെല്ലടിക്കുന്നത് കേട്ട് ഒരു ശവംനാറി ചെടി പറിച്ച് തലയ്ക്കലെന്ന് തോന്നിയ ഭാഗത്ത് നട്ട്  മതിലേൽ പിടിച്ച് കയറുമ്പോൾ തോന്നിയത്,

ജീവിക്കാനാണ് ധൈര്യം വേണ്ടത്, കഷ്ടപ്പാടിലുടെ, വേദനകളിലുടെ, ഒറ്റപ്പെടലുകളിലൂടെ, ആത്മാഭിമാനത്തിന്റെ അരക്കില്ലങ്ങളിലൂടെ ഒക്കെ നടന്നാലും തലയുയർത്തി പിടിക്കാനാണ് ധൈര്യം വേണ്ടത്. അതിലും വലിയൊരു കളിയുണ്ടോ?

Thursday, August 03, 2017

രണ്ട് സ്ത്രീകളും ഒരു പുരുഷനും


സ്ത്രീ ഒന്ന്:
-------------------
ഇന്നത്തെ പോലെ ആയിരുന്നില്ല അന്ന്,
കണ്ണുകളും കത്തുകളും മാത്രമേ സംസാരിച്ചിരുന്നുള്ളൂ.
പ്രണയിച്ചു  എന്ന തെറ്റാണ് അവൾ ചെയ്തത്
അതും അന്യജാതിക്കാരനെ,
പിശാചിന്റെ പ്രലോഭനമാണ് ഓരോ പ്രണയവും എന്ന് വിശ്വസിച്ച മാതാപിതാക്കൾ
അവളെ ധ്യാനാലയങ്ങൾ തോറും മാറി മാറി കൊണ്ട് പോയി.
അവനെ മറക്കാൻ പ്രണയത്തിനെ മറക്കാൻ മരുന്നും മന്ത്രവുമൂതി
അവൾ മറന്നു, അവനെ, പ്രണയത്തിനെ, അവളെ തന്നെ
പിന്നെയെന്നോ ജീവച്ചച്ഛവമായ അവൾക്കവർ മറ്റൊരു കൂട്ട് തേടിക്കൊടുത്തു
മരിച്ച മീനിന്റെ കണ്ണുള്ള പെണ്ണിനെ ഒന്നുമറിയാത്തവൻ ഉപേക്ഷിച്ചു
കാലത്തിന് മുന്നേ നരച്ച മുടിയും മരിച്ച മനസ്സുമായി അവളിന്നും ജീവിച്ചിരുപ്പുണ്ട്

സ്ത്രീ രണ്ട്
---------------------
ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നിരിക്കണം
അല്ലെങ്കിലെന്തിന്  പ്രണയം മറന്ന് അകന്ന് പോയവന്
അവൾ  പ്രാണൻ കൊണ്ട് ആട്ടോഗ്രാഫ് എഴുതിയത്
ഉതിരാതെ നിന്നു പോയ  കണ്ണുനീർ തുള്ളി പോലെ പക്ഷെ ജിവൻ പിടിച്ച് നിന്നു
പിന്നെ ഒരൊന്നര പതിറ്റാണ്ട് നിശ്വാസം പോലെ,
രാവിന്റെ അവസാനയാമത്തിൽ നിലാവ് മായും പോലെ അവൾ വിളറി മറഞ്ഞപ്പോൾ
മെഴുകുതിരി പോലെ ഉരുകി തീർന്ന ഒരമ്മയും ഒത്തിരി സ്നേഹിച്ചിരുന്ന ഒരച്ഛനും
കുറെ കണ്ണീരും മാത്രം ബാക്കി...
സ്വാർത്ഥ സ്നേഹം മാത്രമറിയുന്ന എന്റെ നെഞ്ചിന്റെ വിങ്ങലാണിന്നും  അവൾ

പുരുഷൻ ഒന്ന്:
------------------------
രാവിലെ കണ്ട ഡ്രൈവർ വെട്ടിയൊതുക്കിയ താടിയും
കഥയാഴമുള്ള കണ്ണുകളും ഉള്ള സുന്ദരനായിരുന്നു.
തിരക്ക് കുറഞ്ഞിട്ടും കല്യാണ മണ്ഡപം റോഡ് എടുക്കാഞ്ഞതെന്തേ
എന്ന ചോദ്യമായിരുന്നു തുടക്കം..
"അയ്യോ മാഡം, കാതലെ പത്തി മറ്റും പെസാതീങ്ക,
കാതലിലെ ഇന്ത വാഴ്കയേ  നാസമായിടിച്ച്...
എസ്.എസ്.എൽ.സി കഴിഞ്ഞ് സേലത്ത് നിന്ന്
ഡ്രസ് കമ്പനിയിൽ ട്രെയിനിങ്ങും കഴിഞ്ഞ് ഇവിടെത്തി
പത്ത് വര്ഷം കൊണ്ട് ട്രെയിനിയിൽ നിന്ന് മാസ്റ്റർ ടെയിലറും
സൂപ്പർ വൈസറും ആയി
ഒക്കെ അവൾ കാരണമായിരുന്നു, അത്ര മാത്രം സ്വപ്നങ്ങളാ കണ്ടത്,
അന്നത്തെ ബാംഗളൂരു സ്വർഗ്ഗമായിരുന്നു
അവളുടെ കല്യാണം നടന്നതീ ഹാളിലാ,
എട്ട് വർഷമായി ഇന്നും അതിന്റെ മുന്നിലൂടെ പോവാനാവുന്നില്ല
ചതിച്ചതല്ല, സർക്കാർ ജോലിയുള്ളവനെ പെണ്ണ് കൊടുക്കുവെന്ന
 അപ്പാവോടെ ധാർഷ്ട്യവും അമ്മയുടെ ആത്മഹത്യ ഭീഷണിയും
ഈ വണ്ടിക്കും എട്ട് വയസ്സാണ്, ഞങ്ങളിങ്ങനെ ഊരു ചുറ്റും,
ഒരു വിധം ഇന്ത്യ മുഴുവൻ ചുറ്റിയിട്ടുണ്ട്..
മൂന്ന് കുട്ടികളും ഒക്കെയായി അവൾ റാസിയായിരിക്കാ,
അപ്പടിയെ ഇറുക്കട്ടും..
അയാൾ പുറംകൈ കൊണ്ട് കണ്ണ് തുടയ്ക്കുന്നത് റിയർവ്യൂ മിററിലൂടെ ഞാൻ കണ്ടു 

Friday, July 21, 2017

പനിയെന്ന സമാധിക്കാലം..


ഓരോ പനിക്കാലവും ഒരു ശലഭപൂർവ്വ സമാധി അവസ്ഥയാണ്.. മനസ്സും ശരീരവും എന്ന പുഴുക്കൾ വിശക്കാതെ തിന്നും ഉറങ്ങാതെ ഉറങ്ങിയും അടിഞ്ഞ് കൂടിയ  പീഡകൾ ഉരുകിയൊലിച്ച് പോവാൻ ഒരു കൊക്കൂൺ കാലം.

പനിയോർമ്മകൾ പലതാണ്, രണ്ട് ദിവസം കരുതൽ കൂട്ടിയൊഴിച്ച പൊടിയരിക്കഞ്ഞിയും ഇഞ്ചിക്കറിയും മാത്രം കുടിച്ച് വീണ്ടും ഉറങ്ങി എഴുന്നേൽക്കുമ്പോൾ പോയിരുന്ന പനികൾ, പനിച്ചൂടിൽ വഴിയിലെ കുരിശടിച്ചോട്ടിലിരിന്നപ്പോൾ താഴെ ആകാശവും മുകളിൽ ഭൂമിയുമാണെന്ന് തോന്നിച്ച ഭ്രാന്തൻ പനികൾ, തണുത്ത ബണ്ണ് ചൂട് വെള്ളത്തിൽ കുതിർത്ത് കഴിച്ച് വിയർത്തു പനിച്ചിരുന്ന ചൂടൻ പനികൾ, അങ്ങനെയങ്ങനെ..

പക്ഷെ, പനി എന്ന സമാധിക്കും ഋതുക്കളെ പോലെ, മരണത്തിനെ പോലെ, ഉറക്കത്തിനെ പോലെ ഒരു താളമുണ്ട്, ചെറിയ ചൂടായി, ഉള്ളിൽ നിന്ന് ഉയരുന്ന ഒരു വിറയലായി ഒരു സുഖമുള്ള അവസ്ഥതയായി തുടങ്ങും, ഒരു ദിവസം മുഴുവൻ തോട്ടിലെ വെള്ളത്തിൽ തലമാത്രം കല്ലിൽ ഉയത്തി വച്ച് കിടന്ന് വൈകുന്നേരമാവുമ്പോൾ ശരീരത്തിന് രണ്ടിരട്ടി ഭാരം കൂടിയെന്ന് തോന്നിച്ച വേനൽ ദിവസങ്ങളിലെ പോലെ ശരീരം പ്രത്യേകിച്ച് തല  ഭൂഗുരുത്വാകർഷണത്തിന് കൂടുതൽ അടിമപ്പെടും, കോടമഞ്ഞിന്റെ തണുപ്പ് കാലുകളിലും, പുക മഞ്ഞിന്റെ നീറ്റൽ കണ്ണിലും നിറയും.

പിന്നെ ഒരിടവേളയിൽ രാവിന്റെയും പകലിന്റെയും എല്ലാ നിയമങ്ങളേയും കാറ്റിൽ പറത്തി മനസ്സും ശരീരവും ഒരു യാത്ര തുടങ്ങും, വെള്ളിടികൾ വെട്ടുന്ന ആകാശങ്ങളിലൂടെ, മഴ പെയ്ത് തെന്നി വീഴുന്ന പായൽ ചരിവുകളിലൂടെ, പഴയ സ്കൂളിന്റെ വാതിലുകളില്ലാത്ത മുറികളിലൂടെ, തലയറ്റ് പോയ ഒരു അണ്ണാന്റെ തുറന്ന കണ്ണുകൾ, സിൽവിയ പ്ളാത്തിന്റെ വേദനിക്കുന്ന കവിതകൾ, കാട്ടിലേയ്ക്കിറങ്ങിയിറങ്ങി പോവുന്ന ഒരിടവഴി, വരികളോർക്കാത്ത ഒരു പാട്ടിന്റെ ഈണം, വെള്ളി നിറമുള്ള ഒരു തിലോപ്പിയ മീനിന്റെ വയറ്റിനുള്ളിൽ ഒരു സ്ഫടികപ്പാത്രത്തിലെന്നവണ്ണം കാണാനാവുന്ന ഒരു കുഞ്ഞ് മീൻ. അതിനെ കാണാനായി വെള്ളത്തിലേയ്ക്കിറങ്ങുമ്പോൾ കുത്തിക്കയറുന്ന തണുപ്പിന്റെ സൂചികൾ, കമ്പിളി പുതപ്പിന്റെ ചൂടിനും മാറ്റാനാവാത്ത ഒരു വിറയൽ ഉടലിൽ പടരും.. വിശപ്പ് പോലും തോറ്റ് പോവുന്ന പനിയുടെ സമാധിക്കൂടുകൾ.

ദിവസങ്ങളുടെ സ്വപ്നജല്പങ്ങൾക്കൊടുവിൽ ഒരു നേർത്ത വെയിൽ നാളം പോലെ പ്രകാശം, വിയർപ്പ്മണികൾ പൊടിയുന്ന നെറ്റിക്കും നെഞ്ചിനും ആറടി മണ്ണിൽ നിന്നുയർന്ന് വന്ന ലാഘവത്വം. ശാന്തമായ ജലോപരിതലം പോലെ നിശ്ചലമായ മനസ്സ്. തിരിച്ചെത്തുന്ന വിശപ്പും ദാഹവും, പ്രാണൻ സമാധിയുടെ ഒരു പടിയോളം ചെന്ന് തിരിച്ചെത്തിയ പോലെ..

ഘടികാരത്തിന്റെ സൂചികളിൽ കെട്ടിയ നൂലിന്റെ അറ്റത്തെ കുരുക്കുകളിൽ തോല്പാവകളെ പോലെ നീങ്ങുമ്പോൾ, നീരാവിയുടെ പൊള്ളലിൽ തലയിലെ പുകമഞ്ഞുരുക്കുമ്പോൾ, വെളുത്ത ഗുളികയൊന്ന് വിഴുങ്ങി പനിയുടെ ആദ്യ സ്പർശത്തെ തട്ടി മാറ്റുമ്പോൾ, ‘നിന്നെ ഞാനൊരു പൂമ്പാറ്റയാക്കിയേനെ“ എന്ന നൊവുന്ന പരിഭവവുമായി പീഡകളുടെ പുഴുക്കാലം തുടരാനനുവധിച്ച് പനി പിന്മാറുന്നു, വിളിക്കാതെ ഇനിയുമെത്താൻ അധികാരമുള്ള അതിഥിയെ പോലെ..

Thursday, June 08, 2017

രാധയും മീരയും


ഇതീതെരുവോരത്തെയാദ്യത്തെ വീട്-
ഇവിടെയാണിപ്പോൾ വൃന്ദാവനത്തിലെ രാധ,
കേൾക്കയില്ലവളുടെ പാട്ടിലൊട്ടുമേ വിരഹം-
കാത്തിരിക്കയല്ലല്ലോ അവളിന്നിപ്പോളാരെയും..

പ്രണയമാണവളുടെ വാക്കുകളിലൊക്കെയും-
പഴന്തുണികെട്ടാമൊരു മതിഭ്രമക്കാരിയായ് തോന്നിലും,
രാസലീലകൾ പകർന്നാടി തളർന്നയവളുടെ മേനിയിന്ന്-
രാഗമോഹങ്ങളറിയാതെ നിലാവുതിരാത്ത രാത്രിയായി...

ഇവിടെ കിട്ടുമതിരില്ലാ പ്രണയത്തിൻ കാട്ടുതേൻ മധുരം-
ഇല്ലതിനൊട്ടുമേ പ്രിയമിന്നെവിടെയും, കുറയേണ്ട ഗതിവേഗമൊട്ടും,
മേനിതുടിപ്പിന്റെ ചൂടിൽ കുറുകുന്ന വിരഹത്തിൻ ഗീഥികൾ-
മാത്രമാണാവശ്യമെങ്കിൽ നടക്കാമീ തെരുവിന്റെയങ്ങേക്കരയോളം..

അങ്ങൊരറ്റത്തായവസാനമായി കാണുന്നതത്ര-
അനുപമസുന്ദരിയെന്നറിയുന്ന ഭക്തയാം മീര,
വിരഹാദ്രമാണവളുടെ ഗാനങ്ങളൊക്കെയും-
വിണ്ടുകീറുന്ന നെഞ്ചകങ്ങൾ തുടിക്കുന്ന പോൽ...

വെണ്ണക്കൽ ശില്പമാണവളഴകിന്റെ കോവിൽ-
വെണ്ണതോൽക്കും പോൽ മൃദലമാ സ്വരത്തിൻ ഗതി,
എന്നുമെപ്പോഴും തിരക്കാണവിടെ, കവിതയിൽ പ്രണയം പൂക്കവെ-
എങ്കിലുമല്പമഴക് കൂടുതലാ സ്നിഗ്ധമാമുടലിന്ന് തന്നെ..!!
Sunday, June 04, 2017

ചിറകുകൾ മുളയ്ക്കുന്ന കാലം.


ശോഭയുടെ മൂന്നാമത്തെ പണി വീടാണ് എസ്തേറിന്റേത്. ഓടികിതച്ച് അവിടെത്തുമ്പോഴേയ്ക്കും പതിനൊന്ന് മണിയാവും. എസ്തേറൊന്നും പറയാറില്ലെങ്കിലും ആ സമയം കൊണ്ട് ഉണരുമ്പോൾ മുതൽ കാലിയായി ഓടുന്ന വയർ ശോഭയെ തളർത്തിയിരിക്കും.

എസ്തേറിനെ കാണുമ്പോഴൊക്കെ കഴുത്തിൽ ചിറകില്ലാത്ത കഴുകനെ ആണ് ഓർമ്മ വരുക. താഴ്ന്ന ചില്ലകളിൽ കൂനികൂടി തലതാഴ്ത്തി കണ്ണുകൾ പാതിയടഞ്ഞ് ഇരിക്കുന്നവ, പക്ഷേ അതിന്റെ കഴുത്തിലെ പേശികളുടെ ബലം കാണുമ്പോൾ അവ ഓരോ അനക്കവും അറിയുന്നുണ്ടെന്ന് മനസ്സിലാവും. ആഭരണങ്ങളൊഴിഞ്ഞ കാതും കഴുത്തും വീതിയേറിയ നെറ്റിത്തടവും നേർത്ത നീണ്ട തലമുടിയും, പക്ഷേ എല്ലാറ്റിനേയും നിക്ഷ്പ്രഭമാക്കുന്നത് കൂർത്ത കണ്ണുകളാണ്. പാതിയടഞ്ഞിരുന്നാലും ആ കണ്ണുകളിൽ നിന്ന് ഒന്നും രക്ഷപെടില്ലെന്ന് ശോഭ പലവട്ടം കണ്ടറിഞ്ഞിട്ടുണ്ട്.

“ഇന്നും താമസിച്ചു.“ സ്വന്തം കയ്യിൽ സൂക്ഷിച്ചിരുന്ന താക്കോലിട്ട് കതക് തുറന്നയുടനെ അശരീരി പോലെ അവരുടെ ശബ്ദം കേട്ട് ശോഭ ഒന്നറച്ചു. താമസിച്ച് വരുന്നതിൽ പ്രത്യേകിച്ച് പരാതി ഉണ്ടായിട്ടല്ല ആ പറച്ചിൽ എന്നറിയാം, ക്ളോക്കിലെ സൂചി സമയം തെറ്റി സഞ്ചരിക്കുമ്പോഴുള്ള അസ്വസ്ഥ എന്നവർ തന്നെ പറഞ്ഞിട്ടുണ്ട്.

ബാത്ത് റൂമിൽ നിന്ന് ശരീരം വൃത്തിയാക്കി ശോഭ ധൃതിയിൽ അടുക്കളയിൽ കയറി, ഇന്നലെയുണ്ടാക്കിയ ചപ്പാത്തിയും കറിയും അത് പോലെ തന്നെ ഇരിക്കുന്നു, അതിനർത്ഥം ഇന്നലെ രാത്രിയും ഉറങ്ങിയിട്ടില്ല എന്ന് തന്നെ. ഉറങ്ങാത്ത രാത്രികളും ഉറക്കത്തിന്റെയും ഉണർവ്വിന്റെയും ഇടവേളകൾ നിറഞ്ഞ പകലുകളുമാണ് എസ്തേറിന്റെ ജീവിതമെന്ന് വന്ന കാലം മുതൽ അവൾ കാണുന്നതാണ്.

ശോഭ തിരക്കിട്ട് ചപ്പാത്തിയും കിഴങ്ങ് കറിയും ചൂടാക്കി എസ്തേറിന്റെ മുന്നിൽ വച്ചു. “എനിക്ക് വേണ്ട, നീ കഴിച്ചോളൂ, ഞാൻ ഉറങ്ങാൻ പോവുകയാണ്“ പാതി കണ്ണടച്ചിരുന്ന് തന്നെ എസ്തേർ പറഞ്ഞു.

അതിനർത്ഥം ഇന്ന് നേരത്തെ ഗുളിക കഴിച്ചിരിക്കുന്നു എന്നാണ്, ഉറങ്ങാത്ത രാത്രികളെ തുടർന്നെത്തുന്ന പകലുകളിൽ ഈ പാതിയുറക്കത്തിന് കൂട്ടുപിടിക്കുന്ന ആ വെള്ള ഗുളികകളുടെ കുപ്പി മേശപ്പുറത്ത് തന്നെ സൂക്ഷിച്ചിരിക്കുന്നത് ശോഭയ്ക്കറിയാം. ആ മയക്കത്തിൽ ഒരു ദിവസം മുഴുവൻ ചിലപ്പോൾ ഈ ഇരുപ്പ് ഇരുന്നെന്നും വരും. ഒരിക്കൽ ഭർത്താവിന്റെ അടി കൊണ്ട് ചതഞ്ഞ മുഖവുമായി വന്ന്, നീയാ ഗുളിക എട്ട് പത്തെണ്ണം പൊടിച്ച് ചോറിലിട്ട് കൊടുക്ക് എന്ന് പറഞ്ഞപ്പോഴാണ് അത് ഉറക്കഗുളികളാണ് എന്ന് മനസ്സിലായത്. മരണത്തിന് കാവലിരിക്കുന്ന കഴുകന്റെ ഭാവം തന്നെയായിരുന്നു അന്നും അവർക്ക്.

വയറിന്റെ കാളൽ അടങ്ങിയതും ശോഭ തന്റെ ജോലി തുടങ്ങി. എട്ടു വീടുകളിൽ പണിയെടുക്കുന്നുണ്ടെങ്കിലും അവളെ പറ്റി എന്തെങ്കിലും പറയുന്നത് എസ്തേറിനോട് മാത്രമാണ്, പലപ്പോഴും അവരത് കേൾക്കുന്നുണ്ടൊ എന്ന് പോലും അറിയില്ല, എന്നാലും ആ സംസാരം ശോഭയ്ക്ക് ഒരാശ്വാസമായിരുന്നു. ഒരാൾക്ക് താമസിക്കാൻ നാല് മുറികളുള്ള ഈ വീടെന്തിന് എന്നവൾ എപ്പോഴും ചിന്തിക്കും, അതിൽ തന്നെ ഏറ്റവും ഉപയോഗിക്കപ്പെടുന്നത് ഈ സോഫ മാത്രമാണ്.

“ഉങ്കളുക്ക് കല്യാണമാവലെയാ?“ എന്നോ വീണു കിട്ടിയ ധൈര്യത്തിൽ ചോദിച്ചതിന്റെ ഉത്തരം കല്യാണം കഴിക്കുന്നവർക്കും അവരുടെ തലമുറയ്ക്കും കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല എന്നതായിരുന്നു എന്ന് ശോഭ ഓർക്കുന്നുണ്ട്. അതിനർത്ഥം മനസ്സിലായില്ലെങ്കിലും അവർക്ക് ആരെയും തന്നെക്കാളധികം സ്നേഹിക്കനാവില്ല എന്നവൾക്ക് തോന്നിയിരുന്നു.

ശോഭയുടെ കാല്പാദങ്ങളുടെ താളം, ദൂര വ്യതിയാനങ്ങൾ ഒക്കെ എസ്തേറിന് പണ്ട് മനഃപാഠമാക്കിയ ഗുണനപട്ടിക പോലെ കാണാപാഠമാണ്. ഭർത്താവുമായി തല്ലിട്ട് വരുന്ന ദിവസങ്ങളിൽ കാലടിവയ്പുകൾ കനത്തിരിക്കും, വാടക, ചിട്ടി കടം പറയേണ്ട ദിവസങ്ങളിൽ കാലടിവീഴ്ചകൾക്ക് വല്ലാത്തൊരു തിരക്കായിരിക്കും, ജീവിതം ഓടിത്തീർക്കാനാവും എന്നവൾ പ്രതീക്ഷിക്കുന്നത് പോലെ, ഇന്ന് പക്ഷേ തളർന്ന പാദപതന ശബ്ദം മാത്രം, നിവൃത്തിയില്ലാതെ നടക്കേണ്ടി വരുമ്പോൾ നടക്കുന്നത് പോലെ. ഉറക്കഗുളികയുടെ തളർച്ചയ്ക്ക് മേലെയും ഡാറ്റാ അനാലിസിസ് നടത്തുന്ന മനസ്സിനെ ഓർത്ത് എസ്തേർ നെടുവീർപ്പിട്ടു.

“നളിനി എപ്പടിയിറുക്കാ?“ ഒരു നിമിഷം കാല്പെരുക്കങ്ങൾ നിലച്ചു, അവളെടുത്ത ദീർഘനിശ്വാസത്തിൽ ഒന്നിലധികം ജന്മങ്ങൾക്കാവശ്യമായ ജീവവായു തേടുന്നത് പോലെ തോന്നി.

“ആപ്പറേഷൻ മുടിഞ്ച് രണ്ട് വാരം താനെ ആവുത്, പൊഴച്ചിടുന്ന് താൻ ഡാക്റ്റർ സൊല്ലറാങ്ക..“

സ്വന്തം ശബ്ദത്തിൽ നിന്ന് പുറത്ത് വന്ന വാക്കുകളിൽ ശോഭയ്ക്ക് പോലും വിശ്വാസം തോന്നിയില്ല. കാതൽ കല്യാണത്തിൽ ആകെ കിട്ടിയ സമ്മാനം, ഹൃദയത്തിൽ തുള വീണ ഒരു പെൺകുട്ടി. ആദ്യമാദ്യം ആശുപത്രിയിൽ കൊണ്ട് പോവാനും ചികിത്സയ്ക്കും അയാൾ പൈസ തരുമായിരുന്നു, പിന്നെ പിന്നെ അശുഭം പിടിച്ച ജന്മം ചികിത്സിച്ച് നന്നാക്കിയെടുക്കുന്നതിലും നല്ലത് ജീവിക്കുന്നിടത്തോളം ജീവിക്കട്ടെ എന്നായി. അതിരാവിലെ അഞ്ചരമണി മുതൽ വീട് പണി ചെയ്തും കടം വാങ്ങിയും ഉണ്ടാക്കിയ രണ്ട് ലക്ഷം രൂപയിൽ അവളുടെ ഓപ്പറേഷൻ നടത്തുമ്പോൾ അയാൾ ഒരിക്കലും അരികിൽ ഉണ്ടായിരുന്നില്ല.

ശോഭയുടെ നിന്ന് പോയ കാലടി ശബ്ദങ്ങളിൽ അവളുടെ പ്രതീക്ഷയില്ലായ്മയുടെ നിസ്സഹായത അളന്നെടുക്കുകയായിരുന്നു എസ്തേർ. അല്ലെങ്കിൽ തന്നെ ഹൃദയത്തിന് തുള വീണ പെൺകുട്ടി അവരുടെ സമൂഹത്തിന് ഒരു ഭാരമാണ്. ശബ്ദമില്ലാതെ നീങ്ങുന്ന കാലടികൾ അവളെ വല്ലാതെ അസ്വസ്ഥയാക്കി. മനസ് വീണ്ടും മറ്റേതോ കുരുക്കഴിക്കാൻ പോയി.

നിശബ്ദതയിൽ ശോഭയുടെ മൊബൈൽ വല്ലാത്തൊരു വിള്ളലാണ് ഉണ്ടാക്കിയത്, ഉറക്കത്തിന്റെ വെള്ളി നൂലിഴകൾ ഇഴപൊട്ടിയെന്ന പോലെ അകന്ന് പോയി. അങ്ങേതലയ്ക്കലിൽ നിന്ന് കേൾക്കുന്ന അലമുറകളിൽ നിന്ന് നളിനിയെ അവളുടെ അപ്പാ തള്ളിയിട്ടെന്നും അവൾ അനങ്ങുന്നില്ലെന്നും എസ്തേറിന്റെ കാതുകൾ പിടിച്ചെടുത്തു, ഒന്നൊതുക്കി വച്ച് ഇറങ്ങിയോടിയ ശോഭയ്ക്ക് പിന്നാലെ പോവണമെന്ന് തോന്നിയെങ്കിലും ഒരു ഗുളികയും കൂടി വിഴുങ്ങി എസ്തേർ സോഫയിലേയ്ക്ക് ചാഞ്ഞു.

മൂടികിടക്കുന്ന ആകാശത്തിന് ചുവട്ടിലൂടെ നടക്കുമ്പോൾ ശോഭയുടെ മനസ്സ് അസാധാരണമാം വിധം ശാന്തമായിരുന്നു. കഴിഞ്ഞ് പോയ മൂന്ന് ദിവസങ്ങളിൽ ഒരു ജന്മം ജിവിച്ചു തീർന്ന പൊലെ അവൾക്ക് തോന്നി. ബോധം തെളിയാത്ത കുഞ്ഞിനേയും തോളത്തിട്ട് ആശുപത്രിയിലേയ്ക്ക് ഓടിയത്, എമർജൻസിയിലെ ബില്ലിൽ നിന്ന് കണ്ണെടുക്കാനാവാതെ ശ്വാസം മുട്ടി നിന്ന് പോയത്, ഒരു കഴുകന്റെ നിഴൽ പോലെ എസ്തേറിനെ കണ്ടത്, അവരുടെ കണിശ വിരലുകളിൽ എണ്ണയിട്ട് മിനുക്കിയ മെഷീനുകൾ പോലെ ആശുപത്രിയിലെ സംവിധാനങ്ങൾ നളിനിയെ പരിചരിച്ചത് ഒക്കെ..

മൂന്നാം ദിവസം കണ്ണ് തുറന്ന കുട്ടിയെ നോക്കാൻ ഇനി ഒരാൾ മതിയെന്ന് ഡോക്റ്റർ പറഞ്ഞപ്പോൾ, നീ പൊയ്ക്കോളൂ എന്ന് എസ്തേർ നളിനിയോട് പറഞ്ഞു. മൂന്ന് ദിവസവും അവരവിടെ തന്നെ ഉണ്ടായിരുന്നു എന്നവൾ ഓർത്തത് തന്നെ അപ്പൊഴാണ്.
ശോഭ പോയത് എസ്തേറിന്റെ വീട്ടിലേയ്ക്ക് ആയിരുന്നു.

രണ്ടാമത്തെ ഗുളിക വിഴുങ്ങിയിട്ടും ഉറക്കം കണ്ണിൽ മുള്ള് പോലെ കുത്തുന്നതല്ലാതെ ഉറങ്ങാനാവുന്നില്ലെന്ന് തോന്നിയപ്പൊഴാണ് എസ്തേർ എഴുന്നേൽക്കാൻ തീരുമാനിച്ചത്. ക്ളോക്കിന്റെ ചലനം ബലം കുറഞ്ഞ ഒരു ഹൃദയത്തിന്റെ മിടിപ്പിനെ ഓർമ്മിപ്പിച്ചു. വണ്ടിയുടെ ചാവിയുമെടുത്ത് പുറത്തേയ്ക്കിറങ്ങുമ്പോൾ കണക്കിന്റെ അളന്ന് കുറിക്കലുകൾ അവർ മനഃപൂർവ്വം മറക്കാൻ ശ്രമിച്ചു. വെയിലിന്റെ ചൂട് കണ്ണിൽ തീ കോരിയിടുന്നത് പോലെ.. ആശുപത്രി കിടയ്ക്കരുകിലെ രണ്ടു രാത്രികളിൽ ആദ്യമായി എസ്തേറിന് ഉറക്കം വന്നു, പകലുകളിൽ ഗുളികകൾ മറന്നു.

അവധിയെടുത്ത ദിവസങ്ങളെ പറ്റിയുള്ള പരാതികൾ മിണ്ടാതെ കേട്ട് ശോഭ ഓരോ വീടുകളിലേയും പണി തീർത്തു. ഏസ്തേറിന്റെ വീട് എന്നത്തേയും പോലെ നിശബ്ദമായിരുന്നു, ശൂന്യവും. എല്ലാ ജോലികളും തീർത്ത് ഇറങ്ങുമ്പോൾ വെളുത്ത ഗുളികകളുടെ കുപ്പി കൂടി അവൾ കയ്യിലെടുത്തു.

എവിടെ നിന്ന് എത്തിയെന്നറിയാതെ തൂവെള്ള ചോറും രസവും കത്രിക്കാ പൊരിയലും കൂട്ടി അയാൾ കഴിക്കുന്നത് അവൾ നോക്കി നിന്നു. കുട്ടിയെവിടെ എന്നയാൾ അന്വേഷിക്കില്ല എന്നവൾക്കറിയാമായിരുന്നു, എങ്കിലും ഉറങ്ങുന്നതിന് മുൻപ് ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്നവൾ ആശിച്ചു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് സൂര്യൻ ഉദിക്കാൻ തുടങ്ങുന്ന ഒരു പ്രഭാതത്തിൽ മറ്റൊരു നഗരത്തിൽ കൂട് കൂട്ടാൻ പോവുന്ന സ്വർഗ്ഗം തിരഞ്ഞ് യാത്ര തിരിക്കുമ്പോൾ കയ്യിൽ കരുതിയിരുന്ന അച്ഛനമ്മമാരുടെ പഴകിയ ഒരു ഫോട്ടോയും ചേലയും ഒക്കെ ഒന്ന് ചിക്കി തിരഞ്ഞു.

വെയിൽ ചാഞ്ഞ് തുടങ്ങിയിരുന്നു, ഒരു ചെറിയ പ്ളാസ്റ്റിക്ക് കവറുമായി അവൾ പുറപ്പെട്ടു, അയാൾ ചിറക് കുഴഞ്ഞ് ഉറങ്ങിത്തുടങ്ങിയിരുന്നു, വായിൽ നിന്നിറങ്ങിയ പത സാരിതലപ്പ് കൊണ്ട് തുടച്ച് മാറ്റുമ്പോൾ അവൾക്ക് സഹതാപം തോന്നി.

ആശുപത്രിയിൽ എസ്തേർ നളിനിക്ക് സൂപ്പ് കൊടുക്കുകയായിരുന്നു..അവരുടെ കഴുകൻ കഴുത്തിൽ തൂവലുകൾ കിളിർത്ത് ഒരു തള്ളപക്ഷിയേ പോലെ തോന്നിക്കുന്നുവെന്ന് അവൾക്ക് തോന്നി.

അവരരിയാതെ ഒട്ടൊന്ന് നിന്ന് പടിയിറങ്ങുമ്പോൾ മഴ കുതിർന്ന പക്ഷി വെയിലിലേയ്ക്ക് ചിറക് കുടയുന്നത് പോലെ അവൾ നിവർന്ന് നിന്നു.

പിന്നെ നടന്നകന്നു..