തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Sunday, June 04, 2017

ചിറകുകൾ മുളയ്ക്കുന്ന കാലം.


ശോഭയുടെ മൂന്നാമത്തെ പണി വീടാണ് എസ്തേറിന്റേത്. ഓടികിതച്ച് അവിടെത്തുമ്പോഴേയ്ക്കും പതിനൊന്ന് മണിയാവും. എസ്തേറൊന്നും പറയാറില്ലെങ്കിലും ആ സമയം കൊണ്ട് ഉണരുമ്പോൾ മുതൽ കാലിയായി ഓടുന്ന വയർ ശോഭയെ തളർത്തിയിരിക്കും.

എസ്തേറിനെ കാണുമ്പോഴൊക്കെ കഴുത്തിൽ ചിറകില്ലാത്ത കഴുകനെ ആണ് ഓർമ്മ വരുക. താഴ്ന്ന ചില്ലകളിൽ കൂനികൂടി തലതാഴ്ത്തി കണ്ണുകൾ പാതിയടഞ്ഞ് ഇരിക്കുന്നവ, പക്ഷേ അതിന്റെ കഴുത്തിലെ പേശികളുടെ ബലം കാണുമ്പോൾ അവ ഓരോ അനക്കവും അറിയുന്നുണ്ടെന്ന് മനസ്സിലാവും. ആഭരണങ്ങളൊഴിഞ്ഞ കാതും കഴുത്തും വീതിയേറിയ നെറ്റിത്തടവും നേർത്ത നീണ്ട തലമുടിയും, പക്ഷേ എല്ലാറ്റിനേയും നിക്ഷ്പ്രഭമാക്കുന്നത് കൂർത്ത കണ്ണുകളാണ്. പാതിയടഞ്ഞിരുന്നാലും ആ കണ്ണുകളിൽ നിന്ന് ഒന്നും രക്ഷപെടില്ലെന്ന് ശോഭ പലവട്ടം കണ്ടറിഞ്ഞിട്ടുണ്ട്.

“ഇന്നും താമസിച്ചു.“ സ്വന്തം കയ്യിൽ സൂക്ഷിച്ചിരുന്ന താക്കോലിട്ട് കതക് തുറന്നയുടനെ അശരീരി പോലെ അവരുടെ ശബ്ദം കേട്ട് ശോഭ ഒന്നറച്ചു. താമസിച്ച് വരുന്നതിൽ പ്രത്യേകിച്ച് പരാതി ഉണ്ടായിട്ടല്ല ആ പറച്ചിൽ എന്നറിയാം, ക്ളോക്കിലെ സൂചി സമയം തെറ്റി സഞ്ചരിക്കുമ്പോഴുള്ള അസ്വസ്ഥ എന്നവർ തന്നെ പറഞ്ഞിട്ടുണ്ട്.

ബാത്ത് റൂമിൽ നിന്ന് ശരീരം വൃത്തിയാക്കി ശോഭ ധൃതിയിൽ അടുക്കളയിൽ കയറി, ഇന്നലെയുണ്ടാക്കിയ ചപ്പാത്തിയും കറിയും അത് പോലെ തന്നെ ഇരിക്കുന്നു, അതിനർത്ഥം ഇന്നലെ രാത്രിയും ഉറങ്ങിയിട്ടില്ല എന്ന് തന്നെ. ഉറങ്ങാത്ത രാത്രികളും ഉറക്കത്തിന്റെയും ഉണർവ്വിന്റെയും ഇടവേളകൾ നിറഞ്ഞ പകലുകളുമാണ് എസ്തേറിന്റെ ജീവിതമെന്ന് വന്ന കാലം മുതൽ അവൾ കാണുന്നതാണ്.

ശോഭ തിരക്കിട്ട് ചപ്പാത്തിയും കിഴങ്ങ് കറിയും ചൂടാക്കി എസ്തേറിന്റെ മുന്നിൽ വച്ചു. “എനിക്ക് വേണ്ട, നീ കഴിച്ചോളൂ, ഞാൻ ഉറങ്ങാൻ പോവുകയാണ്“ പാതി കണ്ണടച്ചിരുന്ന് തന്നെ എസ്തേർ പറഞ്ഞു.

അതിനർത്ഥം ഇന്ന് നേരത്തെ ഗുളിക കഴിച്ചിരിക്കുന്നു എന്നാണ്, ഉറങ്ങാത്ത രാത്രികളെ തുടർന്നെത്തുന്ന പകലുകളിൽ ഈ പാതിയുറക്കത്തിന് കൂട്ടുപിടിക്കുന്ന ആ വെള്ള ഗുളികകളുടെ കുപ്പി മേശപ്പുറത്ത് തന്നെ സൂക്ഷിച്ചിരിക്കുന്നത് ശോഭയ്ക്കറിയാം. ആ മയക്കത്തിൽ ഒരു ദിവസം മുഴുവൻ ചിലപ്പോൾ ഈ ഇരുപ്പ് ഇരുന്നെന്നും വരും. ഒരിക്കൽ ഭർത്താവിന്റെ അടി കൊണ്ട് ചതഞ്ഞ മുഖവുമായി വന്ന്, നീയാ ഗുളിക എട്ട് പത്തെണ്ണം പൊടിച്ച് ചോറിലിട്ട് കൊടുക്ക് എന്ന് പറഞ്ഞപ്പോഴാണ് അത് ഉറക്കഗുളികളാണ് എന്ന് മനസ്സിലായത്. മരണത്തിന് കാവലിരിക്കുന്ന കഴുകന്റെ ഭാവം തന്നെയായിരുന്നു അന്നും അവർക്ക്.

വയറിന്റെ കാളൽ അടങ്ങിയതും ശോഭ തന്റെ ജോലി തുടങ്ങി. എട്ടു വീടുകളിൽ പണിയെടുക്കുന്നുണ്ടെങ്കിലും അവളെ പറ്റി എന്തെങ്കിലും പറയുന്നത് എസ്തേറിനോട് മാത്രമാണ്, പലപ്പോഴും അവരത് കേൾക്കുന്നുണ്ടൊ എന്ന് പോലും അറിയില്ല, എന്നാലും ആ സംസാരം ശോഭയ്ക്ക് ഒരാശ്വാസമായിരുന്നു. ഒരാൾക്ക് താമസിക്കാൻ നാല് മുറികളുള്ള ഈ വീടെന്തിന് എന്നവൾ എപ്പോഴും ചിന്തിക്കും, അതിൽ തന്നെ ഏറ്റവും ഉപയോഗിക്കപ്പെടുന്നത് ഈ സോഫ മാത്രമാണ്.

“ഉങ്കളുക്ക് കല്യാണമാവലെയാ?“ എന്നോ വീണു കിട്ടിയ ധൈര്യത്തിൽ ചോദിച്ചതിന്റെ ഉത്തരം കല്യാണം കഴിക്കുന്നവർക്കും അവരുടെ തലമുറയ്ക്കും കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല എന്നതായിരുന്നു എന്ന് ശോഭ ഓർക്കുന്നുണ്ട്. അതിനർത്ഥം മനസ്സിലായില്ലെങ്കിലും അവർക്ക് ആരെയും തന്നെക്കാളധികം സ്നേഹിക്കനാവില്ല എന്നവൾക്ക് തോന്നിയിരുന്നു.

ശോഭയുടെ കാല്പാദങ്ങളുടെ താളം, ദൂര വ്യതിയാനങ്ങൾ ഒക്കെ എസ്തേറിന് പണ്ട് മനഃപാഠമാക്കിയ ഗുണനപട്ടിക പോലെ കാണാപാഠമാണ്. ഭർത്താവുമായി തല്ലിട്ട് വരുന്ന ദിവസങ്ങളിൽ കാലടിവയ്പുകൾ കനത്തിരിക്കും, വാടക, ചിട്ടി കടം പറയേണ്ട ദിവസങ്ങളിൽ കാലടിവീഴ്ചകൾക്ക് വല്ലാത്തൊരു തിരക്കായിരിക്കും, ജീവിതം ഓടിത്തീർക്കാനാവും എന്നവൾ പ്രതീക്ഷിക്കുന്നത് പോലെ, ഇന്ന് പക്ഷേ തളർന്ന പാദപതന ശബ്ദം മാത്രം, നിവൃത്തിയില്ലാതെ നടക്കേണ്ടി വരുമ്പോൾ നടക്കുന്നത് പോലെ. ഉറക്കഗുളികയുടെ തളർച്ചയ്ക്ക് മേലെയും ഡാറ്റാ അനാലിസിസ് നടത്തുന്ന മനസ്സിനെ ഓർത്ത് എസ്തേർ നെടുവീർപ്പിട്ടു.

“നളിനി എപ്പടിയിറുക്കാ?“ ഒരു നിമിഷം കാല്പെരുക്കങ്ങൾ നിലച്ചു, അവളെടുത്ത ദീർഘനിശ്വാസത്തിൽ ഒന്നിലധികം ജന്മങ്ങൾക്കാവശ്യമായ ജീവവായു തേടുന്നത് പോലെ തോന്നി.

“ആപ്പറേഷൻ മുടിഞ്ച് രണ്ട് വാരം താനെ ആവുത്, പൊഴച്ചിടുന്ന് താൻ ഡാക്റ്റർ സൊല്ലറാങ്ക..“

സ്വന്തം ശബ്ദത്തിൽ നിന്ന് പുറത്ത് വന്ന വാക്കുകളിൽ ശോഭയ്ക്ക് പോലും വിശ്വാസം തോന്നിയില്ല. കാതൽ കല്യാണത്തിൽ ആകെ കിട്ടിയ സമ്മാനം, ഹൃദയത്തിൽ തുള വീണ ഒരു പെൺകുട്ടി. ആദ്യമാദ്യം ആശുപത്രിയിൽ കൊണ്ട് പോവാനും ചികിത്സയ്ക്കും അയാൾ പൈസ തരുമായിരുന്നു, പിന്നെ പിന്നെ അശുഭം പിടിച്ച ജന്മം ചികിത്സിച്ച് നന്നാക്കിയെടുക്കുന്നതിലും നല്ലത് ജീവിക്കുന്നിടത്തോളം ജീവിക്കട്ടെ എന്നായി. അതിരാവിലെ അഞ്ചരമണി മുതൽ വീട് പണി ചെയ്തും കടം വാങ്ങിയും ഉണ്ടാക്കിയ രണ്ട് ലക്ഷം രൂപയിൽ അവളുടെ ഓപ്പറേഷൻ നടത്തുമ്പോൾ അയാൾ ഒരിക്കലും അരികിൽ ഉണ്ടായിരുന്നില്ല.

ശോഭയുടെ നിന്ന് പോയ കാലടി ശബ്ദങ്ങളിൽ അവളുടെ പ്രതീക്ഷയില്ലായ്മയുടെ നിസ്സഹായത അളന്നെടുക്കുകയായിരുന്നു എസ്തേർ. അല്ലെങ്കിൽ തന്നെ ഹൃദയത്തിന് തുള വീണ പെൺകുട്ടി അവരുടെ സമൂഹത്തിന് ഒരു ഭാരമാണ്. ശബ്ദമില്ലാതെ നീങ്ങുന്ന കാലടികൾ അവളെ വല്ലാതെ അസ്വസ്ഥയാക്കി. മനസ് വീണ്ടും മറ്റേതോ കുരുക്കഴിക്കാൻ പോയി.

നിശബ്ദതയിൽ ശോഭയുടെ മൊബൈൽ വല്ലാത്തൊരു വിള്ളലാണ് ഉണ്ടാക്കിയത്, ഉറക്കത്തിന്റെ വെള്ളി നൂലിഴകൾ ഇഴപൊട്ടിയെന്ന പോലെ അകന്ന് പോയി. അങ്ങേതലയ്ക്കലിൽ നിന്ന് കേൾക്കുന്ന അലമുറകളിൽ നിന്ന് നളിനിയെ അവളുടെ അപ്പാ തള്ളിയിട്ടെന്നും അവൾ അനങ്ങുന്നില്ലെന്നും എസ്തേറിന്റെ കാതുകൾ പിടിച്ചെടുത്തു, ഒന്നൊതുക്കി വച്ച് ഇറങ്ങിയോടിയ ശോഭയ്ക്ക് പിന്നാലെ പോവണമെന്ന് തോന്നിയെങ്കിലും ഒരു ഗുളികയും കൂടി വിഴുങ്ങി എസ്തേർ സോഫയിലേയ്ക്ക് ചാഞ്ഞു.

മൂടികിടക്കുന്ന ആകാശത്തിന് ചുവട്ടിലൂടെ നടക്കുമ്പോൾ ശോഭയുടെ മനസ്സ് അസാധാരണമാം വിധം ശാന്തമായിരുന്നു. കഴിഞ്ഞ് പോയ മൂന്ന് ദിവസങ്ങളിൽ ഒരു ജന്മം ജിവിച്ചു തീർന്ന പൊലെ അവൾക്ക് തോന്നി. ബോധം തെളിയാത്ത കുഞ്ഞിനേയും തോളത്തിട്ട് ആശുപത്രിയിലേയ്ക്ക് ഓടിയത്, എമർജൻസിയിലെ ബില്ലിൽ നിന്ന് കണ്ണെടുക്കാനാവാതെ ശ്വാസം മുട്ടി നിന്ന് പോയത്, ഒരു കഴുകന്റെ നിഴൽ പോലെ എസ്തേറിനെ കണ്ടത്, അവരുടെ കണിശ വിരലുകളിൽ എണ്ണയിട്ട് മിനുക്കിയ മെഷീനുകൾ പോലെ ആശുപത്രിയിലെ സംവിധാനങ്ങൾ നളിനിയെ പരിചരിച്ചത് ഒക്കെ..

മൂന്നാം ദിവസം കണ്ണ് തുറന്ന കുട്ടിയെ നോക്കാൻ ഇനി ഒരാൾ മതിയെന്ന് ഡോക്റ്റർ പറഞ്ഞപ്പോൾ, നീ പൊയ്ക്കോളൂ എന്ന് എസ്തേർ നളിനിയോട് പറഞ്ഞു. മൂന്ന് ദിവസവും അവരവിടെ തന്നെ ഉണ്ടായിരുന്നു എന്നവൾ ഓർത്തത് തന്നെ അപ്പൊഴാണ്.
ശോഭ പോയത് എസ്തേറിന്റെ വീട്ടിലേയ്ക്ക് ആയിരുന്നു.

രണ്ടാമത്തെ ഗുളിക വിഴുങ്ങിയിട്ടും ഉറക്കം കണ്ണിൽ മുള്ള് പോലെ കുത്തുന്നതല്ലാതെ ഉറങ്ങാനാവുന്നില്ലെന്ന് തോന്നിയപ്പൊഴാണ് എസ്തേർ എഴുന്നേൽക്കാൻ തീരുമാനിച്ചത്. ക്ളോക്കിന്റെ ചലനം ബലം കുറഞ്ഞ ഒരു ഹൃദയത്തിന്റെ മിടിപ്പിനെ ഓർമ്മിപ്പിച്ചു. വണ്ടിയുടെ ചാവിയുമെടുത്ത് പുറത്തേയ്ക്കിറങ്ങുമ്പോൾ കണക്കിന്റെ അളന്ന് കുറിക്കലുകൾ അവർ മനഃപൂർവ്വം മറക്കാൻ ശ്രമിച്ചു. വെയിലിന്റെ ചൂട് കണ്ണിൽ തീ കോരിയിടുന്നത് പോലെ.. ആശുപത്രി കിടയ്ക്കരുകിലെ രണ്ടു രാത്രികളിൽ ആദ്യമായി എസ്തേറിന് ഉറക്കം വന്നു, പകലുകളിൽ ഗുളികകൾ മറന്നു.

അവധിയെടുത്ത ദിവസങ്ങളെ പറ്റിയുള്ള പരാതികൾ മിണ്ടാതെ കേട്ട് ശോഭ ഓരോ വീടുകളിലേയും പണി തീർത്തു. ഏസ്തേറിന്റെ വീട് എന്നത്തേയും പോലെ നിശബ്ദമായിരുന്നു, ശൂന്യവും. എല്ലാ ജോലികളും തീർത്ത് ഇറങ്ങുമ്പോൾ വെളുത്ത ഗുളികകളുടെ കുപ്പി കൂടി അവൾ കയ്യിലെടുത്തു.

എവിടെ നിന്ന് എത്തിയെന്നറിയാതെ തൂവെള്ള ചോറും രസവും കത്രിക്കാ പൊരിയലും കൂട്ടി അയാൾ കഴിക്കുന്നത് അവൾ നോക്കി നിന്നു. കുട്ടിയെവിടെ എന്നയാൾ അന്വേഷിക്കില്ല എന്നവൾക്കറിയാമായിരുന്നു, എങ്കിലും ഉറങ്ങുന്നതിന് മുൻപ് ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്നവൾ ആശിച്ചു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് സൂര്യൻ ഉദിക്കാൻ തുടങ്ങുന്ന ഒരു പ്രഭാതത്തിൽ മറ്റൊരു നഗരത്തിൽ കൂട് കൂട്ടാൻ പോവുന്ന സ്വർഗ്ഗം തിരഞ്ഞ് യാത്ര തിരിക്കുമ്പോൾ കയ്യിൽ കരുതിയിരുന്ന അച്ഛനമ്മമാരുടെ പഴകിയ ഒരു ഫോട്ടോയും ചേലയും ഒക്കെ ഒന്ന് ചിക്കി തിരഞ്ഞു.

വെയിൽ ചാഞ്ഞ് തുടങ്ങിയിരുന്നു, ഒരു ചെറിയ പ്ളാസ്റ്റിക്ക് കവറുമായി അവൾ പുറപ്പെട്ടു, അയാൾ ചിറക് കുഴഞ്ഞ് ഉറങ്ങിത്തുടങ്ങിയിരുന്നു, വായിൽ നിന്നിറങ്ങിയ പത സാരിതലപ്പ് കൊണ്ട് തുടച്ച് മാറ്റുമ്പോൾ അവൾക്ക് സഹതാപം തോന്നി.

ആശുപത്രിയിൽ എസ്തേർ നളിനിക്ക് സൂപ്പ് കൊടുക്കുകയായിരുന്നു..അവരുടെ കഴുകൻ കഴുത്തിൽ തൂവലുകൾ കിളിർത്ത് ഒരു തള്ളപക്ഷിയേ പോലെ തോന്നിക്കുന്നുവെന്ന് അവൾക്ക് തോന്നി.

അവരരിയാതെ ഒട്ടൊന്ന് നിന്ന് പടിയിറങ്ങുമ്പോൾ മഴ കുതിർന്ന പക്ഷി വെയിലിലേയ്ക്ക് ചിറക് കുടയുന്നത് പോലെ അവൾ നിവർന്ന് നിന്നു.

പിന്നെ നടന്നകന്നു.. 

2 comments:

സുധി അറയ്ക്കൽ said...

നല്ലൊരു കഥ.ക്ലൈമാക്സ്‌ കരുതിയതുപോലെ തന്നെ.സ്വന്തം വിരസത മാറ്റാൻ വേണ്ടി മാത്രമാണോ എസ്തേർ ഹോസ്പിറ്റലിൽ പോയി നിന്നതെന്ന് സംശയിക്കുന്നു.ഇരു പക്ഷേ ശോഭയ്ക്ക്‌ ഭാവിപരിപാടി ചിന്തിക്കാനും കൂടി ആയിരിക്കില്ലേ?

ലിഡിയ said...

ക്ളൈമാക്സ് ഊഹിച്ചിരുന്നെന്നോ... അത്ര പ്ലെയിനായി പോയൊ അപ്പോൾ കഥ?