തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, July 21, 2017

പനിയെന്ന സമാധിക്കാലം..


ഓരോ പനിക്കാലവും ഒരു ശലഭപൂർവ്വ സമാധി അവസ്ഥയാണ്.. മനസ്സും ശരീരവും എന്ന പുഴുക്കൾ വിശക്കാതെ തിന്നും ഉറങ്ങാതെ ഉറങ്ങിയും അടിഞ്ഞ് കൂടിയ  പീഡകൾ ഉരുകിയൊലിച്ച് പോവാൻ ഒരു കൊക്കൂൺ കാലം.

പനിയോർമ്മകൾ പലതാണ്, രണ്ട് ദിവസം കരുതൽ കൂട്ടിയൊഴിച്ച പൊടിയരിക്കഞ്ഞിയും ഇഞ്ചിക്കറിയും മാത്രം കുടിച്ച് വീണ്ടും ഉറങ്ങി എഴുന്നേൽക്കുമ്പോൾ പോയിരുന്ന പനികൾ, പനിച്ചൂടിൽ വഴിയിലെ കുരിശടിച്ചോട്ടിലിരിന്നപ്പോൾ താഴെ ആകാശവും മുകളിൽ ഭൂമിയുമാണെന്ന് തോന്നിച്ച ഭ്രാന്തൻ പനികൾ, തണുത്ത ബണ്ണ് ചൂട് വെള്ളത്തിൽ കുതിർത്ത് കഴിച്ച് വിയർത്തു പനിച്ചിരുന്ന ചൂടൻ പനികൾ, അങ്ങനെയങ്ങനെ..

പക്ഷെ, പനി എന്ന സമാധിക്കും ഋതുക്കളെ പോലെ, മരണത്തിനെ പോലെ, ഉറക്കത്തിനെ പോലെ ഒരു താളമുണ്ട്, ചെറിയ ചൂടായി, ഉള്ളിൽ നിന്ന് ഉയരുന്ന ഒരു വിറയലായി ഒരു സുഖമുള്ള അവസ്ഥതയായി തുടങ്ങും, ഒരു ദിവസം മുഴുവൻ തോട്ടിലെ വെള്ളത്തിൽ തലമാത്രം കല്ലിൽ ഉയത്തി വച്ച് കിടന്ന് വൈകുന്നേരമാവുമ്പോൾ ശരീരത്തിന് രണ്ടിരട്ടി ഭാരം കൂടിയെന്ന് തോന്നിച്ച വേനൽ ദിവസങ്ങളിലെ പോലെ ശരീരം പ്രത്യേകിച്ച് തല  ഭൂഗുരുത്വാകർഷണത്തിന് കൂടുതൽ അടിമപ്പെടും, കോടമഞ്ഞിന്റെ തണുപ്പ് കാലുകളിലും, പുക മഞ്ഞിന്റെ നീറ്റൽ കണ്ണിലും നിറയും.

പിന്നെ ഒരിടവേളയിൽ രാവിന്റെയും പകലിന്റെയും എല്ലാ നിയമങ്ങളേയും കാറ്റിൽ പറത്തി മനസ്സും ശരീരവും ഒരു യാത്ര തുടങ്ങും, വെള്ളിടികൾ വെട്ടുന്ന ആകാശങ്ങളിലൂടെ, മഴ പെയ്ത് തെന്നി വീഴുന്ന പായൽ ചരിവുകളിലൂടെ, പഴയ സ്കൂളിന്റെ വാതിലുകളില്ലാത്ത മുറികളിലൂടെ, തലയറ്റ് പോയ ഒരു അണ്ണാന്റെ തുറന്ന കണ്ണുകൾ, സിൽവിയ പ്ളാത്തിന്റെ വേദനിക്കുന്ന കവിതകൾ, കാട്ടിലേയ്ക്കിറങ്ങിയിറങ്ങി പോവുന്ന ഒരിടവഴി, വരികളോർക്കാത്ത ഒരു പാട്ടിന്റെ ഈണം, വെള്ളി നിറമുള്ള ഒരു തിലോപ്പിയ മീനിന്റെ വയറ്റിനുള്ളിൽ ഒരു സ്ഫടികപ്പാത്രത്തിലെന്നവണ്ണം കാണാനാവുന്ന ഒരു കുഞ്ഞ് മീൻ. അതിനെ കാണാനായി വെള്ളത്തിലേയ്ക്കിറങ്ങുമ്പോൾ കുത്തിക്കയറുന്ന തണുപ്പിന്റെ സൂചികൾ, കമ്പിളി പുതപ്പിന്റെ ചൂടിനും മാറ്റാനാവാത്ത ഒരു വിറയൽ ഉടലിൽ പടരും.. വിശപ്പ് പോലും തോറ്റ് പോവുന്ന പനിയുടെ സമാധിക്കൂടുകൾ.

ദിവസങ്ങളുടെ സ്വപ്നജല്പങ്ങൾക്കൊടുവിൽ ഒരു നേർത്ത വെയിൽ നാളം പോലെ പ്രകാശം, വിയർപ്പ്മണികൾ പൊടിയുന്ന നെറ്റിക്കും നെഞ്ചിനും ആറടി മണ്ണിൽ നിന്നുയർന്ന് വന്ന ലാഘവത്വം. ശാന്തമായ ജലോപരിതലം പോലെ നിശ്ചലമായ മനസ്സ്. തിരിച്ചെത്തുന്ന വിശപ്പും ദാഹവും, പ്രാണൻ സമാധിയുടെ ഒരു പടിയോളം ചെന്ന് തിരിച്ചെത്തിയ പോലെ..

ഘടികാരത്തിന്റെ സൂചികളിൽ കെട്ടിയ നൂലിന്റെ അറ്റത്തെ കുരുക്കുകളിൽ തോല്പാവകളെ പോലെ നീങ്ങുമ്പോൾ, നീരാവിയുടെ പൊള്ളലിൽ തലയിലെ പുകമഞ്ഞുരുക്കുമ്പോൾ, വെളുത്ത ഗുളികയൊന്ന് വിഴുങ്ങി പനിയുടെ ആദ്യ സ്പർശത്തെ തട്ടി മാറ്റുമ്പോൾ, ‘നിന്നെ ഞാനൊരു പൂമ്പാറ്റയാക്കിയേനെ“ എന്ന നൊവുന്ന പരിഭവവുമായി പീഡകളുടെ പുഴുക്കാലം തുടരാനനുവധിച്ച് പനി പിന്മാറുന്നു, വിളിക്കാതെ ഇനിയുമെത്താൻ അധികാരമുള്ള അതിഥിയെ പോലെ..