തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, April 26, 2007

ജന്മസാഫല്യം

ഉറക്കം തഴുകാത്തൊരെന്റെ കണ്ണുകളെ പഴിച്ചിന്നലെ-
ജാലകവാതിലിലൂടെയെങ്ങോ മനം തുലഞ്ഞിരിക്കവെ
അറിയാനില്ലയൊരു ചെറുകാറ്റിന്റെ ഉയിരു പോലും,
മരവിച്ചു നില്‍ക്കയാണൊ ഭൂമി പകലേറ്റ ചൂ‍ടില്‍.

ഓര്‍ക്കുവാനില്ലയൊരു കുളിര്‍ പോലുമെന്നോര്‍ത്ത്-
മനമതിനേക്കുറിച്ചോര്‍ത്ത് വിലപിക്കയായി പിന്നെ,
ഇത്തിരി ദൂരത്താ‍യൊരു വെള്ളപൊട്ട് പോലെ-
കണ്ണതിലുടക്കിനില്‍ക്കവെ,യെന്റെ നിശാഗന്ധി പൂത്തു.

പൂക്കാനേറെ കൊതിച്ചു മൊട്ടുകളൊത്തിരി വിരിച്ച-
താണവളെങ്കിലും,കരിഞ്ഞടര്‍ന്നൊരു മൊട്ടുകളൊക്കെയും-
കാലത്ത് തൂത്തെറിയുമ്പോള്‍ പറയുവാറ്ണ്ട് ഞാന-
വളോടുമിത് വേനലിനെരിയുന്ന ചൂടാണുള്ളിലും പുറത്തും.

കാക്കാതെ പറയാതെ പൂത്ത് നില്‍ക്കുന്നവള്‍-
കാലത്ത് പൊഴിയുന്ന പുതു പൂവിന്റെ ശുഭ്രത,
ഉയിരായൊരിറ്റ് വെള്ളമൊക്കെയുമിറ്റിച്ചു തന്റെ-
തിരുവാതിര മുണ്ട് തേച്ചെടുത്തപോലെ നില്‍ക്കെ

വേനലിനിയുമെരിയും, കാലവും കണ്ണിരുമൊഴുകും
ജാലകവാതിലില്‍ ഉറക്കം മറന്ന മിഴികളുണ്ടാവും
എങ്കിലും വിരിയും, ഉയിരിന്റെ നിറവിന്റെ-
ശുഭ്രവര്‍ണ്ണപൂകളിനിയുമീ കാറ്റ് പോവാത്ത വഴികളില്‍.

ഇനി ഞാനുമുറങ്ങട്ടെ,കണ്ണില്‍ സ്വപ്നമായി തെളിയുവാന്‍
ആരും കാണാതെ വിരിഞ്ഞൊരാ പൂവുമതിനായിമാത്രമൊരു
ജന്മം നേര്‍ച്ച വച്ചൊരാ നിശാഗന്ധിയുമവളുടെ പാല്‍ചിരിയും.
കാലത്തു ഞാനുമെരിവെയിലേറ്റു മുന്നേറാനെന്റെ ശക്തിയായ്.

-പാര്‍വതി.

Monday, April 16, 2007

ഓര്‍മ്മകളിലല്ലാത്ത വിഷു

എല്ലാ ഞായറാഴ്ചയും വിനുവിന് എവിടെങ്കിലും ഓഫീസാവശ്യമെന്നും പറഞ്ഞ് പോവാനുണ്ടാവും, പക്ഷേ വിഷുവായിട്ടും കൂടി പോകേണ്ടി വന്നപ്പോള്‍ രമ്യക്ക് കൂടുതല്‍ സങ്കടം തോന്നി, അതിനും കൂടെ വിനുവിന്റെ അമ്മയും വന്നിരിക്കുന്നു നാട്ടില്‍ നിന്ന്.

“എന്താ വിനുവേട്ടാ ചെയ്യാ, കണിയൊരുക്കണ്ടെ?“ രമ്യ ചിന്താഭാരത്തോടെ ചോദിച്ചു.

“എന്താ മോളെ തര്‍ക്കം?” ടി.വി കണ്ടിരുന്ന അമ്മ ചോദിച്ചു.

“ഡെല്‍ഹീല് വിഷുക്കണിയൊരുക്കാന്‍ പെടാപ്പാടാണമ്മേ“ വിനു പറഞ്ഞു.

“കണി കാണണതൊക്കെ നല്ലതല്ലേ മണീ, വീടിനും വീടോര്‍ക്കും ഒക്കെ ഐശ്വര്യാ അത്,“

അമ്മ വേണ്ടാന്ന് പറയുമെന്ന് കരുതി പറഞ്ഞത് ബൂമാറാംഗ് പോലെ തിരിച്ചു വന്നപ്പോള്‍ കുടുങ്ങി.

ഇവിടെ കണിക്കൊന്നയൊന്നും കിട്ടില്യാമ്മേ, അവിടെയൊരു മലയാളികടയുണ്ട്, പക്ഷേ ഒരു കൊന്ന പൂവിന് ഇത്ര രൂപ എന്ന നിലയ്ക്കാ വില, ഒരു കുലയൊന്നും കിട്ടുക പോലും ഇല്ല. രമ്യ സങ്കടം അറിയിച്ചു.

“ഞാന്‍ പോകാനൈറങ്ങുകയാ, നിനക്കിന്ന് ലീവല്ലേ. എന്തെങ്കിലും പ്ലാനൊരുക്ക്,“

വിനു വണ്ടി ചാവിയുമെടുത്ത് പുറത്ത് കടന്നു. ഡെല്‍ഹിയിലെ ചൂടില്‍ വിഷുക്കണിയും സദ്യയൊരുക്കും പിന്നെ ജോലിക്ക് പോക്കും.ഒക്കെ നൊസ്റ്റാല്‍ജിയ പറയാന്‍ കൊള്ളാമെന്നല്ലാതെ ഇതൊക്കെ ആഘോഷിക്കാന്‍ നേരവും സാഹചര്യവും ആര്‍ക്കാ,തല നന്നായൊന്ന് കുടഞ്ഞ് ആ ഓര്‍മ്മകളെ ഒഴിവാക്കി വണ്ടി എടുത്തു.

“നീയൊരു പേനയും പേപ്പറും എടുക്ക് മോളെ,“ വിലാസിനിയമ്മ മരുമോളോട് പറഞ്ഞു.

“എഴുതിക്കോ വിഷുക്കണി എന്നൊരു തലക്കേട്ട്.”
“എന്തൊക്കെ സാധനം ആണ് വേണ്ടത്.“
“കൊന്നപ്പൂവ്“
“കിട്ടില്ലാമ്മേ,വിനുവേട്ടന്‍ പറഞ്ഞത് കേട്ടില്ലേ,വല്യ വിലതന്നെയാണ്”
“ആ പാര്‍ക്കില് ഒരു പൂവ് കണ്ടൂല്ലോ, കൊന്നപ്പൂവിന്റെ മഞ്ഞ നിറം, എന്താ അത്?“
“അതീ വേനക്ക് ഇവിടെ ഒത്തിരി പൂത്ത് നില്‍ക്കണ ഒരു ചെടിയാ,വഴിയരികില്‍ എല്ലാം ഉണ്ടാവും അത്.“
“അത് ഒരു ചെറിയ പാത്രം നിറയെ പറിച്ചോളൂട്ടോ ഇന്ന് നടക്കാന്‍ പോവുമ്പോള്‍.“

അമ്മ കൊന്നപൂവ് പേന കൊണ്ട് കോറി കളഞ്ഞു.

“വെള്ളരിക്ക.“
“നാട്ടിലെ മഞ്ഞ വരയുള്ള വെള്ളരിക്ക കിട്ടില്ല, പക്ഷെ വെള്ളരിക്കയുടെ പല ജാതി നമുക്ക് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും.“
“മതീ‍ല്ലോ, നമുക്ക് കുറ്റപ്പാടില്ലാത്ത ഒന്ന് നോക്കിയെടുക്കാം. അമ്മ ആശ്വസിപ്പിച്ചു.“

അമ്മയ്ക്കേറ്റവും ഇഷ്ടപെട്ട ലാലിന്റെ നാടോടികാറ്റ് പടം കാണുന്നത് വിട്ടിട്ട് അമ്മ തന്ന ടിപ്സ് കേട്ട് രമ്യയ്ക്കും ഉന്മേഷമായി.

“ഫേസ്ത്രീയില്‍ കടയില്‍ വെള്ളമുണ്ടും നേര്യതും കിട്ടും, നല്ല കുത്തരിയും വാങ്ങാം, പക്ഷേ ഉരുളിയില്ലല്ലോ അമ്മേ,“ അടുത്ത പ്രശ്നത്തോരി പോലെ രമ്യ നിന്നു.

“ഉരുളിക്കിപ്പോ എന്താ ഹിന്ദീല് പറയുക, തന്നേല്ലാ ഇന്നാട്ടില് ഉരുളി ഇത് വരെ കണ്ടിട്ടും ഇല്ല.“

“എന്തായാലും ഇന്ന് കടയില്‍ പോവാം, വെയിലൊന്ന് താഴട്ടെ, അല്ലേങ്കില്‍ നല്ല ചെമ്പ് തളികയായാലും നമുക്ക് മതി“. അമ്മ ഉത്തരം കണ്ടു പിടിച്ചു.

വെയിലൊന്ന് താന്നതും അമ്മ കുടയുമെടുത്ത് റെഡിയായിരുന്നു, വെയില് താഴ്ന്നിട്ടും ചൂട് കുറയാത്ത സന്ധ്യയായിരുന്നു അത്.

എല്ലാ സാധനങ്ങളും വാങ്ങി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു പേരും നന്നായി തളര്‍ന്നിരുന്നു.ചൂടും പിന്നെ അലച്ചിലും.എന്നും വൈകുന്നേരം നടക്കാന്‍ പോവുമ്പോള്‍ അമ്മ കുറെ ഹിന്ദി വാക്കുകള്‍ പഠിച്ചുവെന്ന് രമ്യ അറിഞ്ഞത് ഇന്നാണ്.

കൃഷ്ണന്റെ ഫോട്ടോയും മഞ്ഞപ്പൂവുകള്‍ കൊരുത്തെടുത്ത മാലയും മൂത്ത മഞ്ഞ നിറം കയറിയ നല്ല കണിവെള്ളരിക്കയും, ചെമ്പ് താലത്തില്‍ കണിയൊരുങ്ങി കഴിഞ്ഞപ്പോള്‍ മനസ്സിന് സന്തൊഷം തോന്നി.

“സദ്യവട്ടങ്ങളൊക്കെ കുറേശ്ശേ മതീട്ടോ മോളെ, ഒന്നും വെറുതെ കളയരുത്, തിന്നാല്‍ പശുവും കുഴിച്ചിടാന്‍ തോടിയും കൂടിയില്ലല്ലോ“ വിലാസിനിയമ്മ പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

പപ്പവടവും പാ‍യസവുമായി ഇലനിറയെ വിഭവങ്ങളും വച്ച് ഊണ് കഴിച്ച് കഴിഞ്ഞപ്പോള്‍ വിനുവിന് പുറത്തെ വരണ്ട വെയിലിന്റെ ചൂട് കുറഞ്ഞത് പോലെയും ഉള്ളിലും പുറത്തും കുളിരിന്റെ ചെറിയ തണുപ്പ് പടരുന്നത് പോലെയും തോന്നി.

“ഒത്തിരി താങ്ക്സ് ഡാ,“ അവന്‍ രമ്യക്ക് സ്നേഹത്തോടെ ഒരുമ്മ കൊടുത്തു.

“അമ്മയ്ക്കും കൊടുത്തേയ്ക്കൂ, ഇതിലും നല്ലൊരുമ്മ,“ അവള്‍ വിശ്വസ്തതയോടെ മനസ്സ് നിറഞ്ഞ് പറഞ്ഞു,അമ്മയും നിറഞ്ഞ് ചിരിച്ചു.

“ഓണവും വിഷുവും ഒക്കെ മനസ്സിലല്ലേ. സ്നേഹത്തോടെ വിളിച്ചാല്‍ ഐശ്വര്യം ചൊരിയാതിരിക്കാന്‍ ഏത് നാട്ടിലെ ദൈവത്തിനാ ആവുക.“

അമ്മ വീണ്ടും ടിവിയില്‍ തകര്‍ക്കുന്ന കൊച്ചീ രാജാവില്‍ മുഴുകി.

കാലമൊരിക്കലും പഴയതാവുന്നില്ലെന്നും ഓര്‍മ്മകളേക്കാള്‍ ഇന്നുകള്‍ക്ക് മധുരം എന്നും കൂട്ടാനാവുമെന്നും ഓര്‍ത്ത് വിനു അമ്മയുടെ മടിയിലേയ്ക്ക് തലചായ്ച്ചു.

-പാര്‍വതി.

Thursday, April 12, 2007

വേനല്‍..

താരാട്ട് പാടി തണലും നീരുമേകിയൊരെന്റെ-
തുളസിതന്നവസാന്‍ പച്ചപ്പുമുയിരറ്റ് മായവെ,
അറിയുന്നു ഞാനോരൊ രോമകൂപങ്ങളിലു-
മുറയുന്ന വെയിലിന്റെ ചൂടാം വിങ്ങലൊക്കെയും.

ഉരുകുന്ന വെയിലിലെല്ലാമൊരു മരീചിക പോലെ-
മനസ്സുമതിന്റെ വിഹ്വലതകളുമലയുന്നു തണല്‍ തേടി,
ദൂരെയൊരു നേര്‍ത്ത ശരത്കാല മേഘത്തണല് പോലും-
കാണുവാനാകാതെ കുഴയുന്ന കാലുകളിടറുന്നു വീണ്ടും

അമ്മതന്‍ താരാട്ടുമതില്‍ നെഞ്ചമറിഞ്ഞൊരാ കുളിരും-
എന്നോ മറന്ന പെരുമഴത്തുടി താളവും കാറ്റിന്റെ പാട്ടും,
ഉള്ളിലും പുറത്തുമണയുന്ന വേനലില്‍, മനസ്സു തിരയുന്നു-
കഴിഞ്ഞുപോയ ജന്മങ്ങളിലേതോ അറിഞ്ഞവയോയിതെന്ന്?

ഇനി കാത്തിരിപ്പ് മാത്രം, മാനത്ത് തെളിയുന്നൊരു മിന്നലിന്-
കുളിര് പകരുന്നൊരു കാര്‍മേഘ മുഖദര്‍ശനത്തിന്,പിന്നെ,
പൊഴിയുന്നൊരാ നീര്‍മണിത്തുള്ളികള്‍ക്കായിനി, മോക്ഷ-
കാലടിപാടുകള്‍തെളിയുന്ന ജലഛായ തേടിയിനി യുഗങ്ങള്‍.

-പാര്‍വതി.