തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, April 12, 2007

വേനല്‍..

താരാട്ട് പാടി തണലും നീരുമേകിയൊരെന്റെ-
തുളസിതന്നവസാന്‍ പച്ചപ്പുമുയിരറ്റ് മായവെ,
അറിയുന്നു ഞാനോരൊ രോമകൂപങ്ങളിലു-
മുറയുന്ന വെയിലിന്റെ ചൂടാം വിങ്ങലൊക്കെയും.

ഉരുകുന്ന വെയിലിലെല്ലാമൊരു മരീചിക പോലെ-
മനസ്സുമതിന്റെ വിഹ്വലതകളുമലയുന്നു തണല്‍ തേടി,
ദൂരെയൊരു നേര്‍ത്ത ശരത്കാല മേഘത്തണല് പോലും-
കാണുവാനാകാതെ കുഴയുന്ന കാലുകളിടറുന്നു വീണ്ടും

അമ്മതന്‍ താരാട്ടുമതില്‍ നെഞ്ചമറിഞ്ഞൊരാ കുളിരും-
എന്നോ മറന്ന പെരുമഴത്തുടി താളവും കാറ്റിന്റെ പാട്ടും,
ഉള്ളിലും പുറത്തുമണയുന്ന വേനലില്‍, മനസ്സു തിരയുന്നു-
കഴിഞ്ഞുപോയ ജന്മങ്ങളിലേതോ അറിഞ്ഞവയോയിതെന്ന്?

ഇനി കാത്തിരിപ്പ് മാത്രം, മാനത്ത് തെളിയുന്നൊരു മിന്നലിന്-
കുളിര് പകരുന്നൊരു കാര്‍മേഘ മുഖദര്‍ശനത്തിന്,പിന്നെ,
പൊഴിയുന്നൊരാ നീര്‍മണിത്തുള്ളികള്‍ക്കായിനി, മോക്ഷ-
കാലടിപാടുകള്‍തെളിയുന്ന ജലഛായ തേടിയിനി യുഗങ്ങള്‍.

-പാര്‍വതി.

15 comments:

പാര്‍വതി said...

ഒരു ശാപത്തിന്റെ നീറ്റല്‍ പോലെ-
മരീചിക കാണുന്ന മനസ്സിന്റെ ദാഹം പോലെ-
വേനല്‍ ഓരോ അണുവിലും നിറയുകയാണ്
എന്നോ മറഞ്ഞ സ്നേഹത്തിന്റെ ഓര്‍മ്മകള്‍ മാത്രം.

-പാര്‍വതി.

Manu said...

ഇവിടെ ഞാനൊരു തേങ്ങയുടക്കട്ടെ ആദ്യം..
വായിച്ചിട്ട് അഭിപ്രായമിടാം.. :P
ഠേ!!!!!!

Welcome back Parvathi.. really :)

Manu said...

“കണ്ടു ഞാന്‍ “ രാധയെ-
കണ്ണാ‍ടിയിലവളുടെ കണ്ണീലണ-
യാതെരിയുന്ന വിരഹത്തെ, അതി-
നിടയിലൂടെത്തിനോക്കുന്നൊരാശ-
തന്‍ തിരിനാളത്തെ,...

‘വേനല്‍’-ഇല്‍ നിന്നല്ല: പാര്‍വതിയുടെ തന്നെ ‘രാധ’യില്‍ നിന്ന്. രാധയില്‍ നിന്നു വേനലില്‍ എത്തുമ്പോഴും വിരഹത്തിന്റെ നോവുകൂടുകയാണല്ലോ..

മേഘത്തിന്റെ കാര്‍വര്‍ണ്ണം കാക്കുന്ന തുളസിക്കതിര്‍ രാധയുടെ പുനര്‍ജന്മമാകുന്നതുപോലെ..

വാക്കുകള്‍ പതിവുപോലെ ഈണം തിരയുന്നുണ്ട്. But judging by your prose style, which is magnificent in both kottayam and valluvanadan versions, you can do even better.

സങ്കുചിത മനസ്കന്‍ said...

പാറു ചേച്ചി,
കവിത ആയി തുടങ്ങി പിന്നീട്
പ്രോസ് ആയ പോലെ!

-സങ്കുചിതന്‍

കുറുമാന്‍ said...

മോക്ഷത്തിന്റെ കാലടിപാടുകള്‍ തേടിയധികം നടക്കാന്‍ ഇടവരുത്തരുതേ........

എവിടെയാ താന്‍? കുറേ നാളായല്ലോ?

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഒരുമാസമെടുത്തല്ലോ ഒരു പുതിയ കവിത പിറക്കാന്‍.
ഒരുകണക്കിന് ഇതാ നല്ലത്.. ഒരു നല്ല കവിതയ്ക്ക് കുറച്ചു സമയമെടുക്കും അല്ലേ..??
ദില്ലിയിലെ കത്തുന്ന ചൂടില്‍നിന്നും ഇനിയും കവിതകള്‍ ജനിക്കട്ടെ...

G.manu said...

nala kavitha parvathi...

വേണു venu said...

:))

Anonymous said...

കവിത കുറച്ചു മനസ്സിലായി :)

ഉരുകിയൊലിക്കുന്ന വേനല്‍ അര്‍ത്തുല്ലസിച്ചൊരു കാലത്തെ ഒര്‍മകളിലേക്ക് തിരികേ കൊണ്ടുവരുന്നതുകൊണ്ടാകം വേനലിലുരുകാനും എനികിഷ്ടമാണ്.വിഷുവിന് വീട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞപ്പോള്‍ ലാപുടെ എന്നോട് പറഞ്ഞത്, ‘പോയി വടക്കു മലയാളത്തിന്റെ വെയിലില്‍ നനഞ്ഞു വാ ‘ എന്ന്‌ :)

പടിപ്പുര said...

വേനല്‍ എന്നത്‌ മഴയെ ഓര്‍മ്മിപ്പിക്കാനാണ്‌.
(നാട്ടിലിന്നലെ പെരുമഴയായിരുന്നെന്ന്)

ittimalu said...

പാറൂ.. വരികള്‍ എനിക്കിഷ്ടായി ..ചൊല്ലാന്‍ നോക്കിയപ്പോള്‍ ഒരല്‍‌പ്പം പ്രശ്നം .. സധാരണ മഴകള്‍ കവിതക്കു കാരണമാവുമ്പോള്‍ പാറുവിന്‍`വേനല്‍ പോലും വിഷയമാവുന്നു ..

ഏറനാടന്‍ said...

പാറൂട്ടീ, ഇതാണോ ഗദ്യവിത? ആശയം നന്നു, ഏതേലുമൊരു മീഡിയത്തില്‍ ആയ്യാലൊന്നൂടെ നന്നാവുമായിരുന്നു..

കുട്ടന്മേനൊന്‍::KM said...

പാറൂ, വരികള്‍ നന്നായി, കവിതയാണെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും.
ഇപ്പോള്‍ കാണാറില്ലല്ലോ. തിരക്കിലായിരിക്കും ..

പാര്‍വതി said...

വന്നു പോയ എല്ലാവര്‍ക്കും നന്ദി.

മനൂ നന്ദി :)

സങ്കുചിതന്‍ :) മനസ്സില്‍ തിങ്ങികൂടിയത് എഴുതി എന്നേയുള്ളൂ,കവിത്വം കുറഞ്ഞ് പോയി എന്ന് വായിച്ചപ്പോള്‍ തോന്നി, പിന്നെയൊന്നും തോന്നീല്ല :)അതോണ്ട് അങ്ങ് പോസ്റ്റി

കുറുമാന്‍ ചേട്ടാ :) ഓഫീസില്‍ ബ്ലോഗും ജിടാക്കും ഒക്കെ ബ്ലോക്കാണ്, അതോണ്ട് തന്നെ ഇവിടെ വരുന്നത് വിരളമാവുന്നു.

ബിജോയ്,മനൂ,വേണൂ :)

തുളസീ, പടിപ്പുരേ :)

ഇട്ടിമാളൂ, ഇത് ഞാന്‍ കവിതയെന്ന് പറയാതിരിക്കാം :), എന്റെ മനസ്സിന്റെ ഒരു വികൃതി.

ഏറനാടന്‍ മാഷേ, ഗദ്യകവിത?? അറീല്ലല്ലോ മാഷേ, വായിച്ചിട്ട് ഇഷ്ടമായോ, എനിക്ക് തോന്നിയ ആ ചൂടിന്റെ പൊള്ളല്‍ അറീയാനാല്‍ ആയാല്‍ ഈ സൃഷ്ടിയുടെ ജന്മദൌത്യം പൂര്‍ണ്ണം, ഏത് സൃഷ്ടിയുടേയും അല്ലേ :).വന്നതില്‍ ഒത്തിരി സന്തോഷം.
മേന്ന്യനെ ഒത്തിരി നാളു കൂടി കണ്ടതില്‍ ഒത്തിരി സന്തോഷം.

വല്യമ്മായി said...

പെരുമഴ പെയ്യും,പ്രതീക്ഷ കൈവിടാതിരിക്കൂ