തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, April 25, 2014

വെളിപാടുകൾ

ഈ പതിനാലാം നിലയിൽ നിന്ന് നോക്കുമ്പോൾ താഴെ ബുൾഡോസറുകളും ജെസിബികളും ഒക്കെ കളിപാട്ടവണ്ടികളുടെ അത്ര മാത്രം. ഇടമുറിയാതെ നടക്കുന്ന കെട്ടിടം പണിയിലേർപ്പെട്ടിരിക്കുന്നവർ ഉറുമ്പിൻ കൂട്ടത്തെ പോലെ. ഈ ഇടനാഴിയിൽ നിന്നുള്ള ചായ കുടിയാണ് വിരസമായ ഓഫീസ് ജോലികൾക്കിടയിലെ നല്ല നിമിഷങ്ങൾ.
രാമഷ്ണാ..
കരുണാകരൻ നായരെന്ന അച്ഛന്റെ പേര് കട നടത്തുന്ന നായര് എന്ന കാരണം കൊണ്ട്  'കണാര്' ആയത് പോലെ ഒരു സ്വാഭാവിക പരിണാമമായിരുന്നു കെ. രാമകൃഷ്ണനെന്ന പേർ ചുരുങ്ങി രാമഷ്ണനായതും. നാട്ടിലും സ്കൂളിലും ആ പേർ വിളിച്ച് വിളിച്ച് രാമകൃഷ്ണൻ എന്ന സ്വന്തം പേര് പേപ്പറിൽ മാത്രമായി. പിന്നെ നാട് വിട്ട് പുറം നാടുകളിൽ ജോലിക്ക് നടന്നപ്പോഴാണ് വേരറ്റു പോയ അനേകം നന്മകളെ പോലെ ആ പേരും ഓർമ്മകളും കളഞ്ഞു പോയി.
"രാമഷ്ണാാാ..."
ഉറക്കെ വിണ്ടും വിളി കേട്ടപ്പോഴാണ് ഓർമകൾ തേട്ടി വന്നതല്ല, ആരോ ശരിക്കും വിളിക്കുന്നതാണെന്ന് മനസ്സിലായത്.
തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ഒട്ടും പരിചയമില്ലാത്ത ഒരു മുഖമായിരുന്നു. മദ്ധ്യവയസ്സ് കടന്ന ഒരു സ്ത്രീ. വിശാലമായ പൊട്ട് തൊടാത്ത നെറ്റിയുടെ അതിരിൽ നിൽക്കുന്ന മുടിയിഴകൾ വെള്ളി വീണുതുടങ്ങിയവയാണ്. അസഹിഷ്ണുതയുടെ ചുളിവികൾ തെളിഞ്ഞ് നിൽക്കുന്ന നെറ്റി. കുർത്തയ്ക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ കഷ്ടപെടുന്ന വയറും കൈകളും. 
കണ്ണിലെ അപരിചിതത്വം കണ്ടിട്ടാവും അവർ പരിചയപെടുത്തി.
സുസ്മിത, സുസ്മിത രാഘവൻ.. ഓർമ്മയില്ലേ?
ഒരു ചായയുടെ കൂടി ചൂട് ചെന്നപ്പോഴാണ് താമര വിടർന്ന് നിൽക്കുന്നത് പോലെ എന്നെപ്പോഴും സ്വപ്നം കണ്ടിരുന്ന, എപ്പോൾ അരികിലൂടെ പോയാലും ഒരു കുളിർ കാറ്റ് വീശിയത് പോലെ തോന്നിച്ചിരുന്ന സുസ്മിത എന്ന സ്വപ്നത്തെ ഓർമ്മ വന്നത്.
അവളുടെ ഒരു നോട്ടത്തിന്, പുഞ്ചിരിക്ക് കാത്ത് നിന്ന നാളുകൾ, ചിലപ്പോൾ തല ചെറുതായൊന്ന് വെട്ടിച്ച് അവൾ പുഞ്ചിരിക്കുന്നതിൽ ഇത്തിരി പ്രണയമുണ്ടെന്ന് പോലും തോന്നി പോയി, പക്ഷേ ആ പുഞ്ചിരി പലർക്കും കൂടിയുള്ളതാണെന്ന അറിവ് നെഞ്ച് തകർത്ത നാളുകൾ. അപകർഷതയുടെ അതിരുകൾ ഭേദിക്കാൻ മനസ് ധൈര്യം കാട്ടാതിരുന്നതിനാൽ പ്രണയമെന്ന് പോലും വിളിക്കാനാവാതെ ആ സ്വപ്നം പൊലിഞ്ഞതിനാൽ ഒരു പഴയ സഹപാഠിയായി അവളുടെ മുന്നിലിരുന്നു.
ഉദ്യോഗസ്ഥനായ ഭർത്താവിന്റെയും ബഹുമുഖ പ്രതിഭയായി വളർന്ന് വരുന്ന മകന്റെയും സ്വന്തം ജോലിതിരക്കിന്റെയും കാര്യങ്ങൾ അവൾ പറയുമ്പോൾ വായിൽ വാക്കുകൾ വരണ്ട് തീരുന്നത് അയാൾ അറിഞ്ഞു. പാതിയിരുട്ട് വീഴുന്ന സീറ്റിന്റെയും അവിടുരുന്ന് ചെയ്യുന്ന ജോലിയുടെയും കാര്യങ്ങളല്ലാതെ മറ്റൊന്നും മനസ്സിൽ വരുന്നുണ്ടായിരുന്നില്ല.
വൈകിട്ട് വീടെത്തിയപ്പോൾ പതിവായി കിട്ടുന്ന ചായയ്ക്കും അവൽ വിളയിച്ചതിനും കൂടുതൽ രുചി തോന്നി. ആത്താഴം കഴിക്കുമ്പോൾ ഇടങ്കണ്ണിട്ട് ഭാര്യയെ നോക്കുമ്പോൾ അവളുടെ കണ്ണിനടിയിലെ കറുപ്പ് വളയങ്ങളും തലയിലെ വെള്ളി നരകളും അപരിചിതങ്ങളായി തോന്നി. കട്ടിലിന്റെ മറ്റേ ഓരം പറ്റി കിടക്കുന്ന ഭാര്യയെ കാണാനാവാത്തത്രയും ദൂരം, കണ്ണിൽ എരിച്ചിൽ മാത്രം.

ഒരുപാട് നാളുകൾക്ക് ശേഷം അന്ന് കെ. രാമകൃഷ്ണൻ എന്ന രാമഷ്ണന് ഉറക്കം നഷ്ടപെട്ടു. ലോകം അയാളെ നോക്കി ചിരിച്ച് കൊണ്ട് നിന്നു.