തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, September 15, 2017

രഘൂന്റെ പെണ്ണ്...


"നല്ല തുളസിക്കതിര് പോലത്തെ പെണ്ണ്, പിച്ചിപ്പറിച്ച് കളയല്ലേടാ രഘൂ, സലാമിന്റെ ഉമ്മ പറഞ്ഞതിന് രഘുവിന്റെ ഉത്തരം വേറെയാരും കേട്ടില്ല."

തുളസി തുളസിക്കതിര് മാത്രം ചൂടി നിലവിളക്കും പിടിച്ച് ആ രണ്ടുമുറി വീടിന്റെ പടി വലത്കാൽ വച്ച് കയറിയ അന്നാണ് അവളുടെ പേര് ആരോ അവസാനമായി പറഞ്ഞത്.. പിന്നെയെന്നും അവൾ രഘുവിന്റെ പെണ്ണായിരുന്നു, എല്ലാർക്കും…

കർക്കടകം പെയ്ത്ത് നിർത്തി തോർന്നതിന്റെ അന്നായിരുന്നു രഘൂന്റെ കല്യാണം,
അതിപ്പോ നമ്മുടെ നാട്ടിലെപ്പോഴും അങ്ങനാണല്ലോ പറയുന്നത്, അതായത് കിഴക്കേലെ ഏലിച്ചേടത്തി മരിച്ചതിന്റെ മൂന്നാം പക്കം, എന്നുവച്ചാ കന്നിമാസത്തില് തുലാം നേരത്തേ പെയ്ത വർഷം, അപ്പോ ഒരു നാല് വർഷം മുൻപ്… അങ്ങനെ..

രഘൂന്റെ കല്യാണം നാട്ടിലുള്ളവരാണ് കൂടുതൽ ആഘോഷിച്ചത്, അതിപ്പോ അവന് പെണ്ണ് കെട്ടണമെന്നും ഉണ്ടായിരുന്നില്ല, കൂടും കുടിയും ഇല്ലാത്തവന് എന്തിനാ പെണ്ണ്.. ഒറ്റാന്തടിയായിട്ട് പട്ട് പോവണ്ടല്ലോന്ന് കരുതിയാ പെണ്ണ് കൊടുത്തേന്ന് പെണ്ണിന്റെ അപ്പനും എന്നും അവന്റെ ചിലവിൽ കള്ള് കുടിക്കാൻ പെണ്ണിനെ കുരുതി കൊടുത്തൂന്ന് നാട്ടുകാരും അടക്കം പറഞ്ഞൂ..

കല്യാണപിറ്റേന്നും രഘു പണിക്ക് പോയി, അന്തിക്ക് ചാരായം മോന്തി ചെമ്പോത്തിന്റെ പോലെ കണ്ണും ചോപ്പിച്ച് രാവേറെ ചെന്ന് വീട് പറ്റി. അയലോക്കകാരൊക്കെ ഒരു കരച്ചിലോ നിലവിളിയോ പാത്രം പൊട്ടിക്കലോ ഒക്കെ പ്രതീക്ഷിച്ചു. ഒന്നും നടന്നില്ല, അന്നു മാത്രമല്ല കുറെ നാളത്തേയ്ക്ക്. രഘൂന്റെ പെണ്ണിനെ ആർക്കും വിലയില്ലാതായി. പെണ്ണ് വന്നിട്ടും രഘു നന്നായില്ലെന്ന് പരാതി പറയാനല്ലാതെ മറ്റൊന്നും അവർക്ക് വീണ് കിട്ടിയില്ല.

രഘൂന്റെ കല്യാണത്തിന്റെ ഒന്നാം വർഷത്തിലാണ് നാട്ടുകാർക്ക് ഇത്തിരിയെങ്കിലും സമാധാനമായത്, ഒരു വർഷം കൊണ്ട് പാതിരാത്രിക്ക് മുൻപ് അവൻ വീട് പറ്റുന്നതും കുടിയിൽ നിന്ന് വല്ലതും തിന്നാൻ തുടങ്ങിയിരിക്കുന്നതും ഒന്നും വാർത്തയേയല്ലായിരുന്നു. ഒന്നാം വാർഷികം പ്രമാണിച്ച് പെണ്ണിനേം കൊണ്ട് സിനിമയ്ക്ക് പോയതായിരുന്നു, ആരോ ഒരുത്തൻ സീറ്റേൽ കാലെടുത്തു വച്ചതിന് അവനേയും തല്ലി വീട്ടിലെത്തി ദേഷ്യത്തിലവൻ പെണ്ണിനേയും തല്ലി. കുറെ പാത്രങ്ങളൊക്കെ കലമ്പി പുറത്ത് ചാടി. അയലോക്കകാർക്ക് “രഘൂന്റെ പെണ്ണിനീ ഗതി വന്നൂല്ലോന്ന്“ സങ്കടപ്പെടാൻ അവസരം കിട്ടി.

പിന്നെ പിന്നെ പാത്രങ്ങളൊക്കെ ഇറ്റയ്ക്കിടെ കലമ്പി തുടങ്ങി. പെണ്ണായാലൊരിത്തിരി ഒതുങ്ങണം, അതും അവന്റെ സ്വഭാവത്തിന്.. അയലോക്കകാർക്ക് അടക്കം പറയാനല്ലാതെ രഘൂന്റെ പെണ്ണിനോടത് പറയാൻ അവസരം കിട്ടിയില്ല. അവൾ എന്നും പണിക്ക് പോയിത്തുടങ്ങിയിരുന്നു.

രഘൂന്റെ കല്യാണത്തിന്റെ രണ്ടാം വാർഷികം ഇത്തിരി കടന്നു പോയി. മേലോത്തെ ശാരദാമ്മയുടെ പശു മൂരിക്കുട്ടനെ പെറ്റതിന്റെ പിറ്റേന്ന്, രഘൂന്റെ പെണ്ണിൻ നാലു മാസം തികഞ്ഞിരുന്നില്ല, അവളൊന്ന് തുടുത്ത് വരുകയായിരുന്നു. ചോരവാർന്നൊഴുകിയവളെ ഓട്ടോയില് കയറ്റിവിടുമ്പോൾ കൂട്ടു പോവാൻ ആരും ഉണ്ടായിരുന്നില്ല. രാവേറി വന്ന രഘു വാതിൽ തല്ലിപ്പോളിച്ച് അകത്ത് കയറിയ ശബ്ദം കേട്ടു വന്ന ആരോ ആണ് അവൾ ആശുപത്രിയിലാണെന്ന് പറഞ്ഞത്, മൂന്നാം പക്കം ആശുപത്രി വിട്ട് അവളിങ്ങോട്ട് തന്നെ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. “സ്വന്തം വീട്ടിൽ കിടക്കാനുള്ളതിന്, അവമതി, കല്യാണം കഴിഞ്ഞാൽ പിന്നെ അപ്പനേം അമ്മയേം ഒന്നും വേണ്ടല്ലോ“ നിറമൊലിച്ച് പോയ ചെമ്പരത്തി പോലെ കുറെ നാൾ അവൾ പുറത്തിറങ്ങാതിരുന്നു, രഘു എന്നും പണിക്ക് പോയി, നിഴൽ പാളി വീഴുന്നത് പോലെ മറയുന്ന അവളെ ആരും കണ്ടില്ല, കലമ്പലുകളുടെ എണ്ണം കുറഞ്ഞിട്ടോ നിഴലിന്റെ വിളർച്ച കൂടിയതിനാലോ രഘൂന്റെ പെണ്ണിനെ എല്ലാരും മറന്നു.

അവരുടെ രണ്ടുമുറി വീട്ടിലേയ്ക്കുള്ള വഴി ഒരേ കാലടിപ്പാടുകൾ മാത്രം വീണ കാട് പിടിച്ച വഴിത്താര മാത്രമായിരുന്നു. മുറ്റത്ത് വരെ കറുകപ്പുല്ല് കിളിർത്ത് കയറി കാട് പിടിച്ചു, പല രാത്രികളിലും വിളക്ക് തെളിയാതെയായി.

രഘൂന്റെ കല്യാണത്തിന്റെ മൂന്നാം വാർഷികത്തിന് തലേ പകലാണ് രഘൂന്റെ പെണ്ണിന്റെ അപ്പൻ അവളെ കൂട്ടിക്കൊണ്ട് പോവാൻ വന്നത്. മൂന്ന് വർഷത്തെ പൊറുതി കഴിഞ്ഞിട്ടും ഒരു കുടുംബമാവാൻ കഴിഞ്ഞില്ലെങ്കിൽ നീ വീട്ടിൽ വന്ന് നിന്നാൽ മതിയെന്ന് അയാൾ മുറ്റത്ത് നിന്ന് ഒച്ച വയ്ക്കുന്നത് അയൽവക്കമൊക്കെ കേട്ടു. വാതിലും ചാരി കല്ല് പോലെ നിന്ന അവളുടെ മറുപടിയോ മുഖമോ ആരും കണ്ടില്ല.

അന്ന് രാവേറെ ചെന്നാണ് രഘു വീട് പറ്റിയത്, സന്ധ്യയ്ക്കത്തെ വിരുന്ന് വരവിന്റെ ഫലമറിയാൻ കാത്തുനിന്നവർ ഒച്ച കൂടിത്തുടങ്ങിയപ്പൊൾ അകത്ത് കയറി കതകടച്ചു. അത് കൊണ്ട് തന്നെ പാതിവെന്ത നെഞ്ചും പൊള്ളിയടർന്ന വയറുമായി ഓട്ടോയിലേയ്ക്ക് കയറുന്ന രഘൂനെ ആരും കണ്ടില്ല.

ഏഴും രാവും ഏഴ് പകലും ഉറങ്ങാതെ അവളവന് കാവലിരുന്നു. വേദനയുടെ വെള്ളിവെളിച്ചത്തിൽ കണ്ണ് തുറക്കുമ്പോഴൊക്കെ അവളുടെ കണ്ണ് കണ്ട് അവൻ കണ്ണിറുക്കി അടച്ചു കിടന്നു. കാവലിരുന്ന് വാങ്ങിയ ജീവന്റെ കടം വീട്ടാൻ കഴിയാത്തവന്റെ ദൈന്യത അവനെ ഒത്തിരി ചെറുതാക്കി, പേരില്ലാത്തവനാക്കി.

എട്ടാം പകലിന് വീടെത്തിയ ശേഷം, പിന്നെ അവളെ ആരും രഘൂന്റെ പെണ്ണെന്ന് വിളിച്ചിട്ടില്ല. തുളസി, തുളസീന്ന് മാത്രം…..

Sunday, September 10, 2017

ദൈവത്തിന്റെ സന്തതികൾ


പോസ്റ്റുമാൻ ചേട്ടന്റെ വീട്ടിലേയ്ക്കുള്ള ഒറ്റവഴി ഇടുങ്ങിയതും ദുർഘടം നിറഞ്ഞതും ആയിരുന്നു, രണ്ടരമണിക്കൂറോളം ഉപേക്ഷിക്കപ്പെട്ടവന്റെ വിലാപങ്ങൾ കേട്ട് കിരുകിരുക്കുന്ന മനസ്സും വിശക്കുന്ന വയറുമായാണ് ഞാൻ വഴുതി വീഴാതെ ഇറക്കമിറങ്ങുന്നത്.

എന്റെ മുൻപിൽ നടക്കുന്ന കഷ്ടിച്ച് നാലടി പൊക്കമുള്ള ആ രൂപം എന്റെ അമ്മയാണ്,ആര് കണ്ടാലും എന്റെ അമ്മയാണെന്ന് പറയില്ല, അത്രയ്ക്കാണ് ഞങ്ങൾ തമ്മിൽ കാഴ്ചയിലും സ്വഭാവത്തിലും ഉള്ള അന്തരം. ചുരുണ്ട് ആകാശത്തിലേയ്ക്ക് നിൽക്കുന്ന എന്റെ മുടിയും സിൽക്കിന്റെ നൂലുകൾ പോലുള്ള അമ്മയുടെ മുടിയും തുടങ്ങി ആരെയും കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് സംസാരിക്കുന്ന ഞാനും സംസാരത്തിനിടയിൽ പോലും മൗനത്തിന് ഇടവേള കൊടുക്കന്ന അമ്മയും തമ്മിലുള്ള അന്തരം. കർത്താവിന്റെ രണ്ടറ്റത്തുമായി തൂക്കപ്പെട്ട രണ്ട് തസ്കരന്മാരെ പോലെ, ഒരു കയറിന്റെ രണ്ടറ്റം പോലെ വ്യത്യസ്ഥർ.

ദൈവമാണ് പോലും ദൈവം, ആകെ സൃഷ്ടിച്ചതിൽ അരശതമാനം ജന്മങ്ങൾ ഓർക്കുന്നു പോലുമില്ല, എന്നിട്ട് ഓർത്ത് വിളിക്കുന്നവരെ കേൾക്കാത്ത ദൈവമാണ് പോലും“ - കൂടെ നടക്കുന്ന, അങ്ങോട്ടുമിങ്ങോട്ടും തർക്കിക്കുന്ന, വേണ്ടുന്നവയൊക്കെ കരഞ്ഞും നിലവിളിച്ചും നിലത്തുരുണ്ടും സാധിച്ച് നൽക്കുന്ന, സാധിക്കാത്തവയ്ക്ക് സാധൂകരണം നൽകുന്ന എന്റെ ദൈവത്തെ വിശ്വസിക്കാത്ത അമ്മയ്ക്ക് ദൈവം, മദ്ബഹയിലെ എല്ലാമറിയുന്ന മഹാശക്തിയാണ്, എതിർത്ത് പറയാൻ പാടില്ലാത്ത, വീണ്ടെടുത്തത് കൊണ്ട് മാത്രം വിധേയരായവരുടെ ഇടയൻ, ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാത്ത അനുസരണയുടെ വിധേയത്വം. പള്ളിയിൽ നിന്നുള്ള പല മടങ്ങിവരവുകളും ഇത്തരം പൊരിഞ്ഞ വാഗ്വാദങ്ങൾ കൊണ്ട് ചൂട് പിടിച്ചവയായിരുന്നു..

പക്ഷേ ഇന്ന് ഞങ്ങൾ രണ്ട് പേരും അവരവരുടെ ലോകത്ത് നിശബ്ദരാണ്. കർക്കിടമഴ കൊണ്ട് തഴച്ച കമ്മ്യൂണിസ്റ്റ് പച്ചകളും വേലിപത്തലുകളും ഒരു ഇരുണ്ട ഗുഹയിലൂടെ നടക്കുന്ന പോലെ തോന്നിപ്പിക്കുന്ന വെയിൽ മങ്ങിയ മദ്ധ്യാഹ്നം.

കടലേഴും കടന്ന് പോകാവുന്ന ഒരു ജോലി, അതെന്റെ സ്വപ്നമായിരുന്നു, അതിന് വേണ്ടി മാത്രം പഠിച്ച രാവുകൾ, അതൊന്ന് കൊണ്ട് മാത്രം തനിച്ചായി പോയ പകലുകൾ, അകന്ന് പോയ സൗഹൃദങ്ങൾ അവസാന നിമിഷം വരെയ്ക്കും കയ്യെത്തും ദൂരത്തെന്ന് കരുതിയവ വെറും കിനാവ് മാത്രമായിരുന്നു എന്ന അവസ്ഥയോളം ദയനീയമെന്തുണ്ട്.

ആഗ്രഹങ്ങളുടെ പച്ചപുൽമേടുകളിൽ നിന്ന് അതിജീവനത്തിന്റെ വരണ്ട തരിശ് നിലങ്ങളിലേയ്ക്ക് ജീവിതം ഒഴുകിത്തുടങ്ങിയിരിക്കുന്നു, സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി, ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും മറ്റെല്ലാ പൂത്തിരികൾക്കും മേലെ ഒരു ജ്വലിക്കുന്ന തീഗോളം പോലെ ആ പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ. ഈ ഇരുണ്ട ഗുഹയുടെ അറ്റത്ത് കാണുന്ന ഒരു കുഞ്ഞ് വീട്ടിൽ അതിനുള്ള മറുപടിയാവും കാത്തിരിക്കുന്നത്. ചന്ദ്രനിലേയ്ക്ക് വേണമെങ്കിൽ പറഞ്ഞ് വിട്ടേക്കാം എന്ന് മുൻകൂർ ജാമ്യമെടുത്ത ബഹുരാഷ്ട്ര കമ്പനിയുടെ ജോലികത്ത്, അല്ലെങ്കിൽ നിങ്ങളെ ഞങ്ങൾക്കാവശ്യമില്ലെന്ന് അടിവരയിട്ട ഒരു ഒഴിവുകത്ത്..

നിനക്കറിയാം, ഈ ജോലി എനിക്കെത്ര ആവശ്യമാണെന്ന്, ഇതിനായി ഞാൻ വേണ്ടെന്ന് വച്ച സ്വപ്നങ്ങളുടെ വിങ്ങലുകൾ പോലും നിനക്ക് മാത്രമേ അറിയൂ, എന്നിട്ടും ഇതെനിക്ക് കിട്ടിയില്ലെങ്കിൽ, നീയാണ സത്യം, ഇനിയൊരിക്കലും നിന്നെ ഓർക്കുക കൂടി ചെയ്യില്ല, ദൈവമാണെങ്കിൽ കൂടി ഓർക്കാനൊരാൾ ഉള്ളത് നല്ലതല്ലേ, “ മനസ്സിലങ്ങനെ നിർത്താതെ സംസാരിച്ചു നടക്കുന്ന സമയത്ത് ചില നേരങ്ങളിൽ എന്റേതല്ലാത്ത കാല്പാദങ്ങൾ പതിയുന്ന ശബ്ദം കൂടെ കേൾക്കാറുണ്ട് ഞാൻ.

അയ്യോ ചേച്ചീ, ഞാൻ വീട്ടിൽ നാളെ കൊണ്ടുവന്ന് തരുമായിരുന്നല്ലോ, ഇന്നിവിടെ വരെ നടന്ന് വരാൻ“

പോസ്റ്റുമാൻ ബെന്നിചേട്ടൻ വീടന്വേഷിച്ച് വന്ന് കത്ത് വാങ്ങി അൻപത് രൂപയും കൊടുത്ത് പോവുന്ന ഞങ്ങളെ കണ്ട് അന്തിച്ചു നിന്നു.

വീടെത്തും വരെ ആ കവർ പൊളിച്ച് നോക്കാൻ അമ്മ സമ്മതിച്ചില്ല, അത് ഓഫറാവണമെന്നില്ല, റിജക്ഷനും ആവാം എന്ന എന്റെ ന്യായവാദം കേട്ടിട്ടും ഒന്നും മിണ്ടാതെ നടക്കുമ്പോൾ ആട്ടുകല്ലിന് കാറ്റ് പിടിച്ച ആ സ്വഭാവം അറിയുന്ന എനിക്ക് കൂടെ നടക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.

വീടെത്തി, വിയർപ്പാറ്റി കവർ തുറന്ന എന്നോട് എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ചോദിച്ചത് ഇത്ര മാത്രം... “എന്ന് അവിടെത്തണമെന്നാണ് എഴുതിയിരിക്കുന്നത്“.

ഈ മാസം പത്താം തിയതി, ഇനി നാലഞ്ച് ദിവസമേയുള്ളൂ,“

പതിനാറ് വർഷങ്ങൾക്ക് മുൻപുള്ള ഒരു സെപ്റ്റംബർ മാസത്തിന്റെ കലണ്ടറിലെ പത്താം തിയതി ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായം എഴുതിത്തുടങ്ങാനുള്ള ഏടിന്റെ താക്കോൽ പോലെ തെളിഞ്ഞ് നിന്നു.

സ്വപ്നം മാത്രം കണ്ടിരുന്ന ജോലിക്ക് കേൾവികളിൽ മാത്രം പരിചയമുള്ള നാട്ടിലേയ്ക്ക് പോവുന്നു എന്നതിനേക്കാൾ അമ്മയുടെ വിശ്വാസത്തിന്റെ നിശബ്ദമായ ഉറപ്പാണ് ആ നിമിഷത്തിൽ എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത്.

ഇത് ഓഫർ ലെറ്റർ ആവുമെന്ന് അത്ര ഉറപ്പുണ്ടായിരുന്നോ?“

ഇല്ല, പക്ഷേ അത് എന്ത് തന്നെയായാലും അതാണ് ദൈവനിശ്ചയം എന്ന് ഉറപ്പുണ്ടായിരുന്നു“

ഇന്നും ദൈവത്തിനെ ആല്ഫയും ഒമേഗയും ആയവനെന്ന് അമ്മയും പൊരുതിപിണങ്ങി ഇണങ്ങികൂടുന്ന സന്തതസഹചാരിയെന്ന് ഞാനും വിശ്വസിക്കുന്നു

എങ്കിലും ദൈവമുണ്ടെന്ന് എന്താ ഇത്ര ഉറപ്പെന്ന് തർക്കിക്കുന്നവരോട് തർക്കിക്കാൻ തോന്നാത്ത നിമിത്തങ്ങളുടെ ഉൾചിരിയോടെ ഇന്നും വിശ്വസിക്കുന്നു..


Sunday, September 03, 2017

ഓർമ്മകളുടെ പേരാണ് ഓണം..


ഭൂതകാലത്തിനെ സ്നേഹിക്കുന്നവരാണ് മലയാളികളെന്ന് പഴയ പാട്ടുകൾ കേട്ട് ആസ്വദിക്കുമ്പോഴൊക്കെ മലയാളികളല്ലാത്തവർ കളിയായും കാര്യമായും പറഞ്ഞിട്ടുണ്ട്.

ഓണത്തോളം വലിയ തെളിവെന്താണതിന് വേണ്ടത്?


എന്നോ ജീവിച്ചിരുന്ന ഒരു നാട്ടുരാജാവിനെയും കള്ളവും ചതിയുമില്ലാതിരുന്ന ഒരു ഭരണകാലത്തേയും ഏതീഹ്യങ്ങളിലെ പഴം പാട്ടിന്റെ ഈണങ്ങളിൽ നിന്ന് ഓർത്തെടുത്ത് ഇന്നും ഓർമ്മകളിലെ ആ നല്ല കാലം ചേർത്തും പേർത്തും ആഘോഷിക്കുന്ന ഒരു ജനത.

ഓർമ്മകളിലെങ്ങും ഓളം നിറഞ്ഞ ഓണഓർമ്മകൾ ഇല്ല, ഓണപ്പൂക്കളവും ഓണപ്പൂവിളികളും, ഓണക്കോടിയും ഓണപ്പാട്ടും എന്തിന് കൊതി തീരെ ഒന്ന് ആഞ്ഞ് കുതിച്ച ആടിയ ഓണയൂഞ്ഞാൽ പോലുമില്ല.

എങ്കിലും ഓണക്കാലം കാത്തിരുന്ന കാലമായിരുന്നു. ഓണപ്പരീക്ഷപ്പേടിയകന്നിരിക്കുന്ന കണ്മുന്നിലെ മാവേലി മന്നൻ വെള്ള ഡബിൾ മുണ്ടും വെള്ളഷർട്ടും ഇട്ട നെഞ്ചൽപ്പം കൂടുതൽ വിരിച്ച് നടക്കുന്ന ചാച്ചനായിരുന്നെന്ന് മാത്രം.

പിന്നെയുള്ള പത്ത് ദിവസം ഇളം വെയിലിന്റെയും പൊടി മഴയുടെയും കൂടെ കാട് നിരങ്ങി നടന്ന അതിരുകളില്ലാ സ്വാതന്ത്ര്യത്തിന്റെ, ഇഴപൊട്ടി പോകാതിരുന്ന സാഹോദര്യത്തിന്റെ ദിക്ക് നോക്കാതെ ഇട്ട വാഴയിലയിൽ നിരതെറ്റി വിളമ്പിയ ശുഷ്കിച്ച വിഭവങ്ങൾ വിശന്ന് കത്തുന്ന വയറിന് സമൃദ്ധ സദ്യയൊരുക്കിയ ഓണക്കാലത്തിന്റെ ഓർമ്മയായിരുന്നു.ഇതൊക്കെ തന്നെയല്ലേ ഓർമ്മകളിലെ ഓണത്തിന്റെ സൗന്ദര്യം..

കൗതുകം തോന്നുന്ന വഴിയോര വാണിഭങ്ങളൊക്കെ വാങ്ങികൂട്ടുന്നതിന്റെ മനശാസ്ത്രം അന്വേഷിച്ചപ്പോൾ മനസ്സുകളെ പഠിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത്, നമുക്ക് നഷ്ടമായവ ഉണ്ടാക്കുന്ന വിടവുകൾ നികത്തുവാൻ മനസ്സ് കണ്ടെത്തുന്ന മാർഗ്ഗമാണ് പോലും കൗതുകം തോന്നുന്നവ കൊണ്ട് ആ വിടവുകൾ നികത്തുക എന്നത്, മറന്ന് പോയ ഒരു സ്വപ്നത്തിനെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ.

ഈ ആഘോഷങ്ങളും പൂവിളികളും നഷ്ടമായ ആ നല്ല കാലത്തിനെ തിരിച്ച് വിളിക്കട്ടെ. ഞാനും നിങ്ങളുമൊക്കെ അതിരുകളില്ലാത്ത സ്വാതന്ത്ര്യവും ആത്മാർത്ഥമായ സ്നേഹവും വിശപ്പറിഞ്ഞുണ്ണുന്ന ഒരു വയർ ചോറിന്റെ സമൃദ്ധിയും നിറഞ്ഞ് അറിഞ്ഞ ഒരു നല്ലകാലം.

-സ്നേഹത്തോടെ,