തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, December 20, 2006

നക്ഷത്രങ്ങളുടെ അവകാശികള്‍

“ദേ ആ നക്ഷത്രം നിനക്ക്, ദേ ആ മൂലയ്ക്ക് നില്‍ക്കുന്നത് എനിക്ക്”

മരവിപ്പിക്കുന്ന കാറ്റ് വീശുന്ന രാത്രിയില്‍ ആ കിണറ് കരയില്‍ ഇരുന്ന് അവര്‍ നക്ഷത്രങ്ങളെ ഭാഗം വച്ചെടുക്കുന്നത് അവള്‍ ഒഴിഞ്ഞ മനസ്സോടെ നോക്കി നിന്നു. എവിടെയൊക്കെയോ കരോള്‍ ഗാനങ്ങളുടെ ഈരടികളും ബാന്റിന്റെ മേളവും മുഴങ്ങുന്നുണ്ടായിരുന്നു, ഈ നില്‍പ്പ് തുടങ്ങിയിട്ട് എത്ര നേരമായി എന്ന് അവള്‍ തന്നെ മറന്ന് പോയി, തണുപ്പ് ഒരു നിര്‍മമമായ വീര്യത്തോടെ മടക്കി വച്ച കാല്‍മുട്ടുകളെ നോവിക്കുന്നത് മാത്രം അതിന് തെളിവായി. സ്വന്തം വീടെന്ന് വിശ്വസിക്കുന്ന കെട്ടിടത്തിന്റെ വാതിലുകള്‍ അടഞ്ഞു കിടക്കുന്നതു അവള്‍ നോക്കിയിരുന്നു. ഒരു മെഴുകുതിരി പോലും കത്തിനില്‍ക്കാതെ ഇരുട്ടിന്റെ കാവല്‍മാടം പോലെ അത് കുനിഞ്ഞിരിക്കുന്നതായി അവള്‍ക്ക് തോന്നി.

തണുത്ത പിശറന്‍ കാറ്റ് അടിച്ചു, ഉള്ള് വരെ വിറച്ച് പോകുന്ന കുളിര്. എങ്കിലും വീടിനുള്ളിലേയ്ക്ക് പോവാന്‍ അവള്‍ക്ക് ധൈര്യം വന്നില്ല, കുരങ്ങാട്ടിയുടെ കയ്യിലെ കുരങ്ങുകളുടെ പോലെ കുട്ടികളുടെ അരയില്‍ കെട്ടിയിരുന്ന കയറിന്റെ അറ്റം ഇരുട്ടിലും അവള്‍ക്ക് കണ്ണില്‍ വേദനിക്കുന്ന നീറ്റലുണ്ടാക്കി, ഒരു നിമിഷത്തിന്റെ അന്ത്യം അടുത്ത നിമിഷത്തിന്റെ ആരംഭത്തില്‍ മറന്ന് പോവുന്ന അവര്‍ക്കൊപ്പം കൈവരിയില്‍ മലര്‍ന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ പങ്കുവയ്ക്കാനായിരുന്നെങ്കില്‍ എന്ന് അവള്‍ വ്യര്‍ത്ഥമായി വ്യാമോഹിച്ചു, എങ്കിലും വായിലൂറുന്ന ഉപ്പ് രസത്തിന്റെ ഭീകരത അവള്‍ക്ക് മറക്കാനായിരുന്നില്ല, ഉദയാസ്തമയങ്ങളുടെ ചക്രത്തില്‍ കുരുങ്ങി ചതഞ്ഞു തീരാനുള്ള തവളകുഞ്ഞുങ്ങളെ പോലെ ആ കുട്ടികള്‍ അവള്‍ക്ക് മുന്നില്‍ കഥ പറഞ്ഞിരുന്നു.

“അമ്മേ ഈ ക്രിസ്തുമസ്സിന് ആര്‍ക്ക് പുത്തനുടുപ്പ് എടുക്കാനാ ഫാദര്‍ കാശ് തരുവാ?”

ഒത്തിരി പിടിച്ച് വയ്ക്കുന്ന കാശ് കൊണ്ട് ഓരോ പ്രാവശ്യം ഒരാള്‍ക്ക് വാങ്ങി കൊടുക്കുന്നതിന്റെ കാരണം പറയുന്നത് ഓര്‍മ്മ വച്ച് ഇളയകുട്ടി അവളോട് ചോദിച്ചു. അങ്ങ് താഴെ മരീചികയുടെ അറ്റം പോലെ കിണറ്റിലെ വെള്ളം ഇരുണ്ട നീല നിറത്തില്‍ നക്ഷ്ത്രങ്ങളെ എടുത്തണിഞ്ഞ് കാത്തു നിന്നു.

ലാഭനഷ്ടങ്ങളില്ലാത്ത ഒരു കണക്ക് പോലെ അവളുടെ മനസ്സില്‍ ഒഴിഞ്ഞ കോളങ്ങള്‍ നിറഞ്ഞു, എല്ലാ സമാധാനത്തിന്റെയും കവാടം സ്നേഹിക്കുന്ന അമ്മയെ പോലെ കൈനീട്ടി വിളിക്കുന്നത് അവള്‍ക്ക് കേള്‍ക്കാമെന്ന് തോന്നി, തണുത്ത കാറ്റില്‍ കവിളിലെ മുറിപാടും നീറ്റലും എല്ലാം ഉണക്കാമെന്ന് ആരോ ആസ്വസിപ്പിക്കുന്നത് പോലെ.

“ഈ ആകാശം എത്ര വലുതാ അമ്മേ” ചേച്ചീ,?”

മിണ്ടാതിരിക്കുന്ന അമ്മയില്‍ നിന്ന് തിരിഞ്ഞ് അവള്‍ ഉത്തരത്തിനായി ചേച്ചിയെ നോക്കി.

“ഒത്തിരി ഒത്തിരി, വലിയ കടലിന്റേം അതിന്റപ്പുറത്ത് പിന്നേ ഒത്തിരി സ്ഥലത്തിന്റേം ഒക്കെ മുകളിലായിട്ടാ ഈ ആകാശം നില്‍ക്കുന്നത്,“ ചേച്ചി അവളുടെ വലിയ വിജ്ഞാനം അനിയത്തിക്ക് പകര്‍ന്നു കൊടുത്തു,

കിഴക്ക് ഒരു നക്ഷ്ത്രം മിന്നിപൊലിഞ്ഞത് അവള്‍ കണ്ടു, ആകാശം ഒരു കൂടാരം പോലെ തലയ്ക്ക് മുകളില്‍, അത് വരെ തോന്നാത്ത ഒരു തിരതള്ളലില്‍ അവളുടെ ഹൃദയം പിടച്ചു, കീറത്തുണികളില്‍ പൊതിഞ്ഞ് നില്‍ക്കുന്ന മാലാഖമാരെ പോലെ അവര്‍ അവളുടെ മുഖത്ത് നോക്കി നിന്നു,

തേച്ചു മിനുക്കിയ പാടവരമ്പത്തു കൂടി തിരിഞ്ഞു നോക്കാതെ നടന്ന് നീങ്ങുമ്പോള്‍ ദൂരെ വലിയൊരു നക്ഷത്രം യാത്ര തുടങ്ങിയിരുന്നു.

-പാര്‍വതി.

Wednesday, December 13, 2006

അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത്…

ഉയരങ്ങളിലേയ്ക്ക് ഉയര്‍ന്ന് ഉയര്‍ന്ന് പോവുന്ന ഒരു കൊച്ചു പേടകം, കിളിവാതിലുകളില്ലാത്ത, അടഞ്ഞ ഉരുക്ക് വാതിലുകള്‍ ഉറപ്പിച്ച വാതിലുകള്‍, ഈ യാത്രകള്‍ അവള്‍ക്ക് എന്നും പേരറിയാത്ത ഒരു സമാധാനം കൊടുത്തിരുന്നു.

കാല്‍ക്കുലേറ്ററിലെ പോലെ 7 ന് പകരം 2 ഉം 7 ഉം അമര്‍ത്തി ഇരുപത്തിയേഴ് ആക്കാനാവുമായിരുന്നെങ്കില്‍ എന്ന് അവള്‍ പലപ്പോഴും ആശിച്ചു, എന്നാലും ആ യാത്രകള്‍ ഹ്രസ്വങ്ങളായിരുന്നു.ശാന്തിയുടെ ഒരു ഗുഹാന്തരത്തില്‍ നിന്നും വെളിച്ചത്തിന്റെ മഹാനഗരത്തില്‍ പുറന്തള്ളപേടുമ്പോള്‍ അവള്‍ ഒറ്റപെട്ടവളെ പോലെ പകച്ചു നിന്നു..എങ്കിലും ആ നിമിഷയാത്രകളെ അവള്‍ സ്നേഹിച്ചു, യാത്രക്കാരാരുമില്ലാത്തെ തനിക്കായ് കാത്തുനില്‍ക്കാറുള്ള പേടകത്തിനെ അവള്‍ സ്നേഹിച്ചു തുടങ്ങി, തന്റെ സ്വകാര്യതകളില്‍ നുഴഞ്ഞ് കയറുന്നവരെ അവള്‍ വെറുത്തു, അവരുടെ ചുഴിഞ്ഞ് നോട്ടങ്ങളില്ലാത്ത യാത്രകളില്‍ അവള്‍ തന്റെ പേടകത്തിനോട് സ്വകാര്യം പറഞ്ഞു, കാലപഴക്കത്തില്‍ കമ്പിവയറുകള്‍ ഉരഞ്ഞുണ്ടാക്കുന്ന ശബ്ദത്തെ ഓര്‍ത്ത് ആശങ്ക പ്രകടിപ്പിച്ചു. പ്രകാശത്തിന്റെ ലോകത്തില്‍ പുഴുക്കളെ പോലെ അരിച്ചു നടക്കുന്ന കഴുക കണ്ണുകളില്‍ നിന്ന് രക്ഷപേടാന്‍ അവള്‍ പേടകത്തിനെ കൂടുതല്‍ കൂടുതല്‍ ആശ്രയിച്ചു, മുഖം മുഴവുനായി പടര്‍ന്ന് കിടക്കുന്ന ആ മുറിവുമായി മുഖം കുനിച്ച് നടക്കുമ്പോള്‍ അവള്‍ ആ നോട്ടങ്ങളെ വെറുത്തു.അവയില്‍ നിന്ന് രക്ഷപെടാന്‍ കട്ടിയുള്ള സാരിത്തലപ്പുകള്‍ വലിച്ചിട്ട് മുഖം മറച്ചു. തുളച്ചു നോക്കുന്ന മിഴികളില്ലാത്ത യാത്രകള്‍ക്കായി അവള്‍ മണിക്കൂറുകളോളം കാത്തു നിന്നു.

സ്വകാര്യതകളുടെ കെട്ടഴിക്കുന്ന ആ നിമിഷത്തില്‍ തന്നെയാണ് രംഗബോധമില്ലാത്ത നടനെ പോലെ തുറന്ന് കിടന്ന വാതിലിലൂടെ ഉള്ളില്‍ കയറിയത്, തന്റെ മുഖത്തൂടെ ഇഴയുന്ന അയാളുടെ നോട്ടത്തിന് പഴുതാരക്കാലുകളുടെ വൈകൃതമുണ്ടെന്ന് അവള്‍ക്ക് തോന്നി. എന്നു ഈ യാത്രകളില്‍ അവളുടെ സ്വപ്നങ്ങളും സ്വകാര്യതകളുടെ പാലപ്പൂമണവും നിറയുന്ന പേടകത്തിനുള്ളില്‍ പേരറിയാത്ത ഏതോ പുകയിലകൂട്ടിന്റെ മണം പടര്‍ന്നിരുന്നു, അയാളെയും തനിക്കോപ്പം ഏറ്റിയ പേടകത്തോടെ അവള്‍ക്ക് പരിഭവം തോന്നി, കരിയിലലകളില്ലാത്ത കാട്ടിനുള്ളില്‍ പതുങ്ങി നടക്കുന്ന ചെന്നായുടെ കാല്പാടുകളുടെ ശബ്ദവും സാമിപ്യവും അവള്‍ക്ക് അനുഭവപെട്ടു.

പേടകം എന്നത്തേയും പോലെ യാത്ര അവസാനിപ്പിച്ചിരുന്നു, യാത്ര പറയുമ്പോള്‍ എന്നും ചെയ്യാറുണ്ടായിരുന്ന പോലെ, വരാമെന്നവള്‍ പറഞ്ഞില്ല, മുഖം സാരിത്തലപ്പ് കൊണ്ട് മൂടി തല കഴുത്തിലൊടിച്ചിട്ടപോലെ കുനിഞ്ഞ് നടന്ന് നീങ്ങിയുമില്ല, കാലങ്ങള്‍ക്ക് ശേഷം കണ്ണിലടിച്ച വെളിച്ചത്തില്‍ അവളുടെ കൃഷ്ണമണികള്‍ വേദന കൊണ്ടു.

പകുതിയടഞ്ഞ പേടകത്തിനുള്ളില്‍ ചോര കനം പിടിപ്പിച്ച മത്ത് പിടിപ്പിക്കുന്ന ഗന്ധമായിരുന്നു, ഒരു മൂലയക്ക് അയാള്‍ തല നെഞ്ചിലേയ്ക്കൊടിച്ചിട്ട് കൂനിക്കിടപ്പുണ്ടായിരുന്നു.

-പാര്‍വതി.

Wednesday, December 06, 2006

ഇങ്ങനെയും ഒരു പ്രേതം

സ്റ്റഡിലീവ് സമയത്ത് ഞങ്ങള്‍ക്കൊക്കെ വീട്ടില്‍ പോയി പഠിക്കാന്‍ തോന്നണേ എന്ന് ലീവ് തുടങ്ങുന്നതിന് രണ്ടുമാസം മുതല്‍ക്കെ തന്നെ വാര്‍ഡന്‍ മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നത് പലരു വഴി കേട്ടറിഞ്ഞതെങ്കിലും സത്യം തന്നെയാണ്.പക്ഷേ അക്കാര്യത്തില്‍ ഈശ്വരന്‍ പലപ്പോഴും വിലാസിനി മാഡത്തിനെ കൈമലര്‍ത്തി കാണിക്കും,

അങ്ങനെ മൂത്ത് പഴുത്ത് നില്‍ക്കുന്ന ഒരു സ്റ്റഡിലീവ് സമയം, സമയം പോകാന്‍ രാവിലെ 11 മണിക്ക് എഴുന്നേല്‍ക്കുകയും പിന്നെ വാങ്ങി വച്ച് തണുത്ത് പോയ നോണ്‍ വെജ് ഉപ്പുമാവ് മൂന്നാം നിലയില്‍ നിന്നും താഴേ പോസ്റ്റോഫീസിന്റെ മുകളില്‍ താമസിക്കുന്ന പൂച്ച കുഞ്ഞുങ്ങള്‍ക്ക് ഇട്ട് കൊടുത്തിട്ട് ലൈറ്റ് ഹോള്‍ഡര്‍ ഊരി വയറിട്ട് അതില്‍ പിടിപ്പിച്ച സോക്കറ്റില്‍ കുത്തി, ഇലക്ട്രിക്ക് സ്റ്റൌവില്‍ ഉണ്ടാക്കുന്ന ചൂടന്‍ ചായയും തേപ്പുപെട്ടി പുറത്തെ സ്പെഷ്യന്‍ ബുള്‍സൈയും ബ്രെഡ്ഡും കഴിച്ച് തുടങ്ങുന്ന ദിവസം. ഉച്ചയൂണ് കഴിഞ്ഞ് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ സന്ധ്യയാവും പിന്നെ ഹോസ്റ്റലിന്റെ മുന്നില്‍ തന്നെയുള്ള ചെറിയ ബസ്റ്റാണ്ടില്‍ കിട്ടുന്ന ഉള്ളത്, കൊണ്ട് ഓണം പോലെ എന്ന മനസ്ഥിയിലുള്ള ‘ചുള്ളന്മാരുടെ കണക്കെടുപ്പ്‘, അങ്ങനെ ദിവസം തീരുമ്പോളാവും കൂട്ടത്തിലെ പഠിപ്പിസ്റ്റ് തട്ടത്തി കുട്ടി കലണ്ടറില്‍ ചുവപ്പ് വട്ടമിടുക, അത് കാണുമ്പോള്‍ തോന്നുന്ന പേടിക്ക് പുസ്തകമെടുത്താലും പഠനത്തിന് മുമ്പ് ഉറക്കം വരും.

ജീവിതം അങ്ങനെ കൊങ്കണിലൂടെ മംഗള എക്സ്പ്രസ്സ് പോവുന്നത് പോലെ പാഞ്ഞും ഇഴഞ്ഞും പോവുന്ന സുദിനങ്ങളൊന്നില്‍....

അത്താഴവും കഴിച്ച് അതിന് മേലെ ഒരു വലിയ പായ്ക്കറ്റ് മിക്ചര്‍ മത്സരിച്ച് തിന്ന് തീര്‍ത്തു കൊണ്ടിരിക്കുമ്പോഴാണ് കരണ്ട് യാത്ര പറയാതെ പോയതും ഓട്ടോമാറ്റിക്കലി പ്രേതകഥകളുടെ കെട്ടഴിഞ്ഞതും, താല്പര്യമുള്ള വിഷയം തന്നെ, എല്ലാവരും അവരവരുടെ പങ്ക് കഥകളും കൊണ്ട് അരങ്ങ് കൊഴുപ്പിക്കുകയാണ്, പതിനൊന്ന് മണിക്ക് ലൈറ്റ് ഓഫ് ചെയ്യണമെന്ന് നിയമം തെറ്റിക്കുന്നത് കണ്ട് വാര്‍ഡന്‍ ചര്‍ച്ച ഉഴപ്പരുതെന്ന് കരുതി ചര്‍ച്ച മെഴുകുതിരി വെളിച്ചത്തിലാക്കി, അങ്ങനെ കാട് കയറുമ്പോഴാണ് ആരോ ഗോസ്റ്റിനെ വിളിച്ചു വരുത്താമെന്ന് പറഞ്ഞത്, കുറെ പേര്‍ റെഡിയായതും കളം വരയ്ക്കാനുള്ള തയ്യാറെടുപ്പായി, എവിടെ വരയ്ക്കും എന്നതാണ് പ്രശ്നം, ആരെയും ശല്യപ്പെടുത്താതെ കോറിഡോറീല്‍ തന്നെ ആവാമെന്ന് തീരുമാനിച്ചു.

ഒരു വലിയ വൃത്തം, അതിന്റെ ഉള്‍ വശം ചേര്‍ത്ത് ഇംഗ്ലീഷ് അക്ഷരമാലയും പിന്നെ ഒന്ന് മുതല്‍ ഒമ്പത് വരെ അക്കങ്ങളും എഴുതണം, വലിയ വൃത്തത്തിന്റെ നടുവില്‍ ഒരു ചെറിയ വൃത്തം അതിന് താഴെയായി “യെസ്” എന്നും “നൊ” എന്നും രണ്ട് ചതുരക്കളങ്ങള്‍
(ഇംഗ്ലീഷ് അറിയാത്ത പ്രേതങ്ങള്‍ വന്നാലോ എന്ന ചോദ്യത്തിന് “നോ കമന്റ്സ്”), നടുവിലെ വൃത്തത്തിനുള്ളില്‍ ഒരു മിനുസമുള്ള തുട്ട് (മിക്കവാറും പുതിയ ഇരുപ്പത്തഞ്ച് പൈസ) വച്ച് അതിനു മുകളില്‍ ഒരു മെഴുകുതിരി, കത്തുന്ന മെഴുകുതിരിയെ ഒരു സ്റ്റീല്‍ ഗ്ലാസ്സ് കൊണ്ട് മൂടുന്നു, എല്ലാവരും അതിന് മുകളില്‍ പതുക്കെ വിരല്‍ തൊട്ട് പ്രേതത്തെ വിളിക്കും. ഇത് തന്നെ രീതി.

അങ്ങനെ വന്നും പൊയും നിന്ന ഒരു പ്രേതത്തിനെ അനുനയിപ്പിച്ച് പേരും ഊരും മരണകാരണവും അത് മരണമല്ല കൊലപാതകമായിരുന്നെന്ന് വരെ പറയിപ്പിച്ച് കഴിഞ്ഞപ്പോഴാണ് നീട്ടികെട്ടിയ അയയിലെ തുണികള്‍ക്കിടയില്‍ ഒരു ഇളക്കം കണ്ടത്, ഒരു ദുര്‍ബല ഹൃദയ അത് ആദ്യം കണ്ടിട്ട് ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ വിറയ്ക്കുന്നത് കണ്ടപ്പോഴാണ് ഓരോരുത്തരായി അങ്ങോട്ട് ശ്രദ്ധിച്ചത്, എന്നാല്‍ കണ്ടവരൊട്ട് മറ്റുള്ളവരൊട് പറയുന്നില്ല താനും, പ്രേതത്തിന്റെ എഫക്റ്റ് എന്ന് പറഞ്ഞ് കളിയാക്കിയാലോ എന്ന ചമ്മല്‍. ഹോസ്റ്റലിന്റെ അനിവാര്യതകളിലൊന്നാണ് ഇടനാഴികളില്‍ നീട്ടികെട്ടിയ അയകളും അതില്‍ മാസങ്ങളായി കിടക്കുന്ന തുണികളും, മൂന്നും നാലും നിരയില്‍ അടുക്കികെട്ടിയ അതിനിടയില്‍ ആരെങ്കിലും നിന്നാല്‍ പോലും അറിയില്ല, കറന്റ് പോവുന്ന സമയത്ത് ഇത് പോലെ ഒളിച്ച് നിന്ന് പേടിപ്പിക്കുക എന്നതൊക്കെ സാധാരണ വിനൊദങ്ങള്‍ മാത്രം.പ്രേതപ്രേമികളല്ലാത്ത ആരെങ്കിലും ഞങ്ങളെ പേടിപ്പിക്കാന്‍ ഒളിച്ചിരിക്കുന്നതാവും എന്നായിരുന്നു ആദ്യധാരണ, അത് ശ്രദ്ധിക്കാന്‍ പോയാല്‍ കഷ്ടപെട്ട് വിളിച്ചു കൊണ്ട് വന്ന പ്രേതം പോവും എന്നതിനാല്‍ ആരുടേയും ശ്രദ്ധ തിരിയാതിരിക്കാന്‍ പറഞ്ഞതും ഇല്ല.

പ്രേതം ഒരു വലിയ ദുരൂഹമായ കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ആ നിമിഷത്തിലാണ് അത് സംഭവിച്ചത്...

ഒരര്‍ച്ച..

ബ്ധും...മാവൊക്കെ വെട്ടി വീഴ്ത്തുമ്പോള്‍ കേള്‍ക്കുന്ന മുഴക്കമുള്ള ശബ്ദം..

ഇടനാഴിയുടെ ഇരുണ്ട വെട്ടത്തില്‍ ആരാണ് വീണ് കിടക്കുന്നതെന്ന് അറിയാനായില്ല, ആരോ ഓടി ലൈറ്റും മറ്റും ഇട്ടു, വീണ് കിടക്കുന്നത് വാര്‍ഡന്‍ വിലാസിനി മാഡം. പിന്നില്‍ ഒരു ജോടി കാലുകളും അവയുടെ ഉടമയുടെ കണ്ണുകളും, റോഷ്നി, അവളുടെ വെപ്രാളത്തില്‍ കാര്യം പിടികിട്ടി, പഠിക്കാനുള്ള പാഴ്ശ്രമം ഉപേക്ഷിച്ച് ഞങ്ങളുടെ കൂടെ ചേരാന്‍ വന്ന വഴിയാണ് അവള്‍ ആരോ ഞങ്ങളെ ശ്രദ്ധിച്ച് തുണികള്‍ക്കിടയില്‍ നില്‍ക്കുന്നത് കണ്ടത്. കുറെ നേരം അനങ്ങാതെ നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടും ആരാന്ന് മനസ്സിലാവാതെയായപ്പോള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നില്ക്കുന്ന മറ്റൊരു സമാന്തരരേഖയാണെന്ന കരുതി എന്നാല്‍ ഒന്ന് പേടിപ്പിച്ചേക്കാം എന്നവള്‍ കരുതി,

മുഖത്ത് വെള്ളം കുടഞ്ഞും കോരിയൊഴിച്ചും ഒരു വിധം വാര്‍ഡന്‍ കണ്ണ് തുറന്നപ്പൊഴേയ്ക്കും പ്രേതവും കളവും എന്തിന് ചോക്കിന്റെ വെളുപ്പ് വരെ അപ്രത്യക്ഷമായിരുന്നു, അതും പോരാഞ്ഞ് ഞങ്ങളുടെ ഒക്കെ കൈയ്യില്‍ പുസ്തകങ്ങളും ഗൈഡുകളും.

വീണതിന്റെ ക്ഷീണവും ആരുടെ തലയില്‍ കയറും എന്ന വര്‍ണ്ണ്യത്തിലാശങ്കയും കാരണം വാറ്ഡന്‍ ഒന്നും മിണ്ടാതെ താഴേയ്ക്ക് പോയി, ഞങ്ങള്‍ മുറികളിലേയ്ക്കും.

സമയം പരപരാ വെളുത്ത് തുടങ്ങിയിരുന്നു, അടുത്ത ദിവസത്തിന്റെ ആരംഭം.

-പാര്‍വതി.

Friday, December 01, 2006

പിഴയ്ക്കുന്ന വഴികണക്കുകള്‍

അന്നൊരക്ഷരം തെറ്റിച്ച് ഞാനെഴുതവെയാ-
പെരുക്കപട്ടികയിലെന്നുമിടറി വീഴവെ-
അറിയാതെ പിന്നില്‍നിന്നെത്തുന്ന ചെറു-
ചൂടുള്ള നോവുകളിന്ന് തിരയുന്നു ഞാന്‍.

അന്നത്തെയക്ഷരങ്ങളെല്ലാം പഠിച്ചു ഞാനാ-
ഗുണനഹരണവുമതിന്റെ താളവുമെല്ലാമറിഞ്ഞു-
വെങ്കിലും തെറ്റിയിടറി വീഴുന്നു, അറിയാത്ത-
ജീവിതവഴി കണക്കിന്റെ കല്ലില്‍ കാലിടറി.

തിരയുന്നു ഞാന്‍ നിന്റെ കൈവിരലിനാലെന്റെ-
ചെവിയില്‍ പുകയുന്നൊരാ വേദന,യല്ലെങ്കിലൊരു
ചൂരലുയരുന്ന സീല്‍ക്കാരമതിനാലൊരു രക്ത രേഖ,
അങ്ങിനെയെങ്കിലുമീ വഴിക്കണക്കിനുത്തരം തേടാന്‍.

അറിയാത്ത പാഥകളി,ലുത്തരമില്ലാത്ത സമങ്ങളി-
ലെത്തി ഞാന്‍ നില്‍ക്കുമ്പോള്ളുളുരുകി തിരയുക-
യാണൊരു കരമെന്നെ വഴി നടത്താനീ സമസ്യാ
വഴികണക്കൊരു സമവുമിരുരേഖയുമാക്കി തരാന്‍.

ഉത്തരം കിട്ടാതെ പണ്ട് പകച്ചിരിക്കാറുള്ളപോ-
ലിന്നുമീ കണക്കുമായിവിടെ പകച്ചിരിക്കേ-
പരിചയം പുതുക്കിയൊരു കാറ്റുപോലുമില്ലിവിടെ-
മനസ്സു വിങ്ങുന്നതറിയുന്ന പാതിരാമഴചാറ്റുമില്ല

-പാര്‍വതി.