തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, October 30, 2006

സ്വപ്നങ്ങള്‍

കുന്നിന്‍ മുകളിലെ കാറ്റ് കഥ പറഞ്ഞ് ഒഴുകുകയായിരുന്നു.
“ഇതാ ഇത് ചെവിയില്‍ വച്ചു നോക്കൂ” അവന്‍ ശംഖ് അവളുടെ നേര്‍ക്ക് നീട്ടി, അവളത് വാങ്ങി ചെവിയോട് ചേര്‍ത്തു.

“ഒരു ഇരമ്പം കേള്‍ക്കുന്നില്ലേ” ഒരു മന്ത്രണം പോലെ അവന്‍ ചോദിച്ചു,

“കടലിന്റെ ആത്മാവാണത്, ശംഖിന്റെ സ്വപ്നങ്ങളുടെ വിളി, അതിന്റെ ആത്മാവിന്റെ ദാഹം”

“ഇത് ശംഖിന്റെ പിരിവുകളില്‍ കാറ്റ് കടക്കുമ്പോള്‍ ഉണ്ടാകുന്ന സ്വരമാണ്” അവള്‍ മറുപടി പറഞ്ഞു, അവന്‍ തൊട്ടടുത്ത് നില്‍ക്കുകയായിരുന്നു,അവന്റെ ഹൃദയത്തിന്റെ മിടിപ്പും കണ്ണില്‍ സ്വന്തം പ്രതിബിംബവും അവള്‍ക്ക് കാണാനായി.

“എന്റെ കണ്ണില്‍ നീയെന്താണ് കാണുന്നത്” അവന്‍ ചോദിച്ചു,

“എന്റെ രൂപം“ അവള്‍ മറുപടി പറഞ്ഞു.

“എന്റെ ആത്മാവിന്റെ വാതിലാണത്, എന്റെ സ്വപ്നങ്ങളുടെ വിളക്ക്, അവിടുത്തെ കാത്തിരിപ്പിന്റെ നാഴികമണിനാദമാണ് ഈ ഹൃദയമിടിപ്പ്”

“എന്റെ കണ്ണില്‍ നീയെന്താണ് കാണുന്നത്” അവള്‍ അവനെ ഉറ്റുനോക്കി ചോദിച്ചു.

“എന്നെ കാണാനാവുന്നില്ല,ഒരു വെളുത്ത നിറം“, ആദ്യമായി കണ്ട ആശ്ചര്യത്തോടെ അവന്‍
പറഞ്ഞു

“എന്റെ ഹൃദയമാണത്, ആകാശത്തിന്റെ നിറമാണവിടെ, അതാണെന്റെ സ്വപ്നം ഈ നിമിഷങ്ങള്‍ എന്റെ സ്വപ്നങ്ങളുടെ കാത്തിരിപ്പും.

പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ കുന്നുകളോടിയിറങ്ങി, താഴത്ത് വന്ന് നില്‍ക്കുമ്പോള്‍ അവന്‍ കാണാതെ നനഞ്ഞ കണ്ണുകള്‍ പുറം കയ്യ് കൊണ്ട് തുടച്ച് അവനെ കാത്തു നില്ക്കാതെ നടന്ന് തുടങ്ങി.

-പാര്‍വതി.

Friday, October 27, 2006

ആത്മാവിന്റെ അനാഥത്വം

വൈകിയെഴുന്നേറ്റ പ്രഭാതത്തിന്റെ മൌഡ്യവുമായാണ് ഞാന്‍ ടി.വി ഓണ്‍ ചെയ്തത്, പ്രഭാത ഗീതങ്ങളും ചിലപ്പോള്‍ കേള്‍ക്കാനാവുന്ന കവിതകളും സന്തോഷം തരും, ഇന്ന് ദേവരാഗം ആയിരുന്നു, പാരിജാതം തിരുമിഴിതുറന്നപ്പോഴും പവിഴമല്ലി പൂത്തപ്പോഴും വിണ്ണിലെ കന്യക നിശാഗന്ധിയായി മണ്ണിലെത്തിയെപ്പോഴും നമ്മളെ അറിയിച്ച കവിയുടെ ഓര്‍മ്മ പുതുക്കല്‍.

പ്രശസ്തരാ‍യ ഒരുപാട് പേരുടെ മുഖങ്ങള്‍ കണ്ടു, ഉദിച്ചുയര്‍ന്ന മേഘജ്യോതിസ്സെന്ന് വിശേഷിപ്പിച്ച ഓ, ഏന്‍. വി. മനുഷ്യന്റെ സുകൃതമെന്ന് പറഞ്ഞ ഭാസ്കരന്‍ മാസ്റ്റര്‍. എന്നാല്‍ എന്റെ മനസ്സില്‍ കുപ്പിച്ചില്ല് കൊണ്ടത് പോലെ തറഞ്ഞത് അവരാരുമായിരുന്നില്ല, പ്രായത്തിന്റെ എല്ലാ ചുളിവുകളും, നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കതയും, മുഖം മൂടിയില്ലാത്ത മുഖവുമായി ഭാരതി തമ്പുരാട്ടി.

എന്റെ മനസ്സില്‍ ഇപ്പോഴും നില്ക്കുന്ന ആ വാക്കുകള്‍ ഞാന്‍ ഒന്നെഴുതി നോക്കട്ടെ..

“പൂക്കളെയും ചെടികളെയും ഒത്തിരി ഇഷ്ടമായിരുന്നു,ഈ പാരിജാതവും പിന്നെ ഒത്തിരി റൊസകളും ഒക്കെ വച്ചു പിടിപ്പിച്ചു, ഇതിനിടയിലൂടെ മിണ്ടാതെ നടക്കും, എഴുതുവാനുള്ള പാട്ടിനെ പറ്റി ആലോചിക്കയാവും, നമുക്കറിയില്ലല്ലോ, ചിലപ്പോല്‍ രാത്രി പെട്ടന്നെഴുന്നേറ്റ് പോയി കുത്തികുറിക്കുന്നത് കാണാം”

“.....ഓര്‍മ്മകളെന്ന് പറയാന്‍....ഇവിടുണ്ടായിരുന്നില്ലല്ലോ, അത് കൊണ്ട് എനിക്കധികം ഓര്‍മ്മകളില്ല, പിന്നെ ഇവിടെ വരുമ്പോള്‍ ആരെങ്കിലും പാട്ട് ചോദിച്ചാല്‍ എഴുതുന്നത് കണിട്ടുണ്ട്:

“.....പിന്നെ ഒരോര്‍മ്മ, അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു, അന്ന് അമ്മയ്ക്ക് വയ്യാണ്ടായി കിടക്കുകയായിരുന്നു, എന്നും മകന്‍ അടുത്ത് വേണമെന്ന് നിര്‍ബദ്ധം. അത് കൊണ്ട് പാട്ട് വേണ്ടവര്‍ക്ക് പറഞ്ഞ് കൊടുത്ത് എഴുതിക്കുകയായിരുന്നു.....ഇവിടെ ചുറ്റും പവിഴമല്ലി മരമായിരുന്നു,........അച്ഛനും മക്കളും ഒരുമിച്ച് വീട്ടിലുണ്ടാവുന്നത് അപൂര്‍വ്വമാണ്,,,,അന്ന് കൊച്ചു മകനെ അടുത്ത് വിളിച്ച് ചൊദിച്ചു....“

“നീ നിന്റെ അമ്മയോട് ചോദിക്ക്...അവള്‍ക്കെന്നെ അറിയാമോന്ന്...ഉം..അവള്‍ പറയും നാല് മക്കളുടെ തന്ത എന്ന്..അല്ലാതെ അവള്‍ക്കൊന്നും അറിയില്ല എന്നെ പറ്റി....അറിയും....ഞാന്‍ പോയി കഴിയുമ്പോള്‍ അവളെന്നെപറ്റി കൂടുതലറിയും...”

“...അപ്പോള്‍ ഞാന്‍ പറഞ്ഞു, വേണ്ട...എനിക്കിപ്പോള്‍ ഉള്ളതൊക്കെ മതി...പോയിക്കഴിഞ്ഞ് കൂടുതലറിയണ്ട...“
“....പിന്നെ അങ്ങനെ തന്നെ സംഭവിച്ചു,....ഒത്തിരി വൈകാതെ തന്നെ പോയി....പിന്നെ ഞാനും അറിഞ്ഞു”

എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ആര്‍ക്കുവേണ്ടിയാണെനിക്കറിയില്ല, കൈവഴികളായി ഒഴുകിപിരിയുന്ന പുഴ കരയുന്നുവോ എന്ന് ആരാഞ്ഞ കവിക്കായിട്ടൊ, അതോ ഏകാന്തമായ ഈ ശില്പത്തിന് വേണ്ടിയോ, അതോ ഈ ഓര്‍മ്മയില്‍ നീറി നീറി ജീവിച്ചുവെന്ന കേട്ട മറ്റൊരാത്മാവിന് വേണ്ടിയോ...മനുഷ്യനെ ചായങ്ങള്‍ തേച്ച് ആട്ടമറിയാത്ത വേദികളില്‍ കൊണ്ട് നിര്‍ത്തുന്ന വിധിയോര്‍ത്തോ..അതോ എന്നെ പറ്റി തന്നെ ഓര്‍ത്തോ..

അറിയില്ല..

--------------------------------------------------
വയലാറിന്റെ പറ്റിയുള്ള കൈരളിയുടെ ഡോക്യുമെന്ററി കണ്ട എന്റെ ചിന്തകള്‍
*ഭാരതി തമ്പുരാട്ടി- വയലാറിന്റെ ഭാര്യ.
---------------------------------------------------
-പാര്‍വതി.

Wednesday, October 25, 2006

മരുമോള് ചെയ്ത കടുംകൈ

കറിയാചേട്ടനും മറിയചേടത്തിക്കും മക്കളഞ്ചാ..അഞ്ചും ആണ്‍പിറന്നോന്മാര്‍..അതും ആറടി പൊക്കോം 4 അടി വ്യാസോമുള്ള കടാമുട്ടന്മാര്‍, എന്നാലും നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും കറിയാചെട്ടനെ വിളിക്കുന്ന വിളിപേര് അത്ര മാഞ്ഞ് പൊയില്ല, “പന്നി കറിയാ“,ന്ന്.

കാരണം രണ്ടാ, എവടെങ്കിലും കാട്ടുപന്നി വാഴയോ കപ്പയോ കുത്തീന്നറിഞ്ഞാ അപ്പോ പൊറപ്പെടും തോട്ട നിറച്ച നാടന്‍ തോക്കും കൊണ്ട് കറിയാചെട്ടനും മക്കളും, ആ സൂകര പുത്രന്‍ പിന്നെ എവിടെ പോയൊളിച്ചാലും എത്ര രാത്രികള്‍ കഴിഞ്ഞാലും അവനെ കൊന്ന് നല്ല പത്തലില്‍ കെട്ടി തൂക്കി വീട്ടിലെത്തിച്ച് മറിയചേടത്തിക്ക് രാവെളുക്കുവോളം അടുക്കളയില്‍ പണിയും കൊടുത്താലേ പിന്നെ തോട്ടില്‍ കുളിക്കാനിറങ്ങൂ, രണ്ട് ദിവസത്തേന് അയലോക്കത്തുള്ളവരാരും തുണിയലക്കാതിരിക്കാന്‍ ശ്രദ്ധിക്കും.

രണ്ടാമത്തെ കാരണം ഈ പന്നി പ്രേമം കാരണമാണൊന്നറിയില്ല, പന്നിയുടെ തൊലി പോലെ മിനുത്തതാണ് കറിയാചേട്ടന്റെ തൊലിയും,മൂക്കിന് താഴെയും തലയുടെ പിന്‍ഭാഗത്തും ആട് കേറി നിരങ്ങിയ പറമ്പ് പോലെ ഇത്തിരി പൂട കഴിച്ചാല്‍ പിന്നെ കാഴ്ചപ്പുറമെല്ലാം കരിയോയിലൊഴിച്ച ചാണകം മെഴുകിയിട്ട തറ പോലെ..

അപ്പന്റെയും മക്കടെയും ഭള്ള് സഹിക്കാതെ നടുവൊടിയും എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് മറിയചേടത്തി മൂത്തവനെ പിടിച്ച് പെണ്ണ് കെട്ടിച്ചേക്കാം എന്ന് നല്ല കുരുമുളകിട്ട് വറുത്ത പന്നി ഉലത്തന്‍ കൊടുത്ത് മയക്കിയ കറിയാചേട്ടനെ സമ്മതിപ്പിച്ചത്. ആനവില്ലാസത്തു നിന്നും നല്ല തേക്കിന്‍ തടി പോലത്തെ സാറായെ കെട്ടി കേറ്റിയതീ പിന്നെ പന്നി മാത്രമല്ല കപ്പയും കോഴിയും ഒക്കെ ഇഷ്ടത്തിന് തിന്നാന്‍ തുടങ്ങി അപ്പനും മക്കളും.

മീനമാസത്തിലെ കത്തുന്ന ചൂട്..

“ഇത്തിരി കഞ്ഞിവെള്ളം തന്നെടീ മോളെ..“

ഏലത്തിന് വളമിടീല് നടക്കുന്നതിന്റെ ബഹളത്തീന്ന് കയറിവന്ന് കറിയാചേട്ടന്‍ മരുമകളോട് പറഞ്ഞു, പണിക്കാരൊന്നും വേണ്ടാത്ത വീട്ടില് വേറെ വെപ്പും വെണ്ട,

“ഇന്നെന്തുവാടീ മോളെ കറി ഉച്ചയ്ക്ക്?”

പുള്ളി കഞ്ഞിവെള്ളോം കൊണ്ട് വന്ന സാറയോട് ചൊദിച്ചു.

“അപ്പാ..പന്നിക്കറിയാ...“

അന്ന് കറിയാചേട്ടന്‍ നാട്ടുകാര്‍ അറിഞ്ഞിരിക്കുന്ന ചരിത്രത്തിലാദ്യമായി പന്നി ഉലത്തന്‍ തൊട്ടില്ലെന്നും പിന്നെ കെട്ടിയോന്‍ പറഞ്ഞ് കഥയറിഞ്ഞ സാറ, മറിയചേടത്തിയോട് കുമ്പസാരിക്കുന്നത് വരെയും, അത് കറിയാചേട്ടന്റെ ചെവിലെത്തുന്നത് വരെയും വെളുക്കെ ചിരിച്ചില്ലെന്നതും, തോട്ടിന്ന് കയറ്റിയ കുതിര്‍ന്ന ഓലമേടഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മറിയചെടത്തി തന്നെ എന്നോട് പറഞ്ഞതാ..

-പാര്‍വതി.

Tuesday, October 24, 2006

അരങ്ങൊഴിഞ്ഞ വേഷം

അരങ്ങിലുയരുന്നു കാലാശകൊട്ടിലതു-
കേട്ടെന്റെ മനസ്സ് പിന്നെയും പതറുന്നു
ഒരിക്കല്‍ കൂടിഞാനൊന്നരങ്ങത്തുചെന്നാ-
ലിത്തിരി നേരം കൂടിയെന്‍ വേഷമാടട്ടെ.

ഇത്തിരി നിറക്കുറവ് കാണുന്നയിടമൊക്കെ-
ഇത്തിരികസവിട്ട് ഞാനൊന്ന് മിനുക്കണ-
മെന്നിട്ട് ഇടയില്‍ പതറിയ പാട്ടിന്റെ ഭാഗ-
മെല്ലാമൊരുവട്ടം കൂടിയൊന്നിരുത്തി നോക്കണ-
മറിയാതെ പിഴച്ച ചുവടൊക്കെയുമൊന്നാഴ-
മായര്‍ത്ഥ മറിഞ്ഞൊന്നാടട്ടെ.

പോകയാണൊ നാമി,തൊന്നു മിനിയൊരു വേള-
തരില്ലയോ തിരുത്തുവാ, തിരക്കില്ലയെങ്കിലൊരു-
മാത്ര നിന്നിരുന്നെങ്കിലീ ആടയുമുടയുമൊക്കെയൊ-
ന്നഴിച്ചെടുത്തോട്ടെ ഞാനനിനി വരവില്ലയെങ്കിലൊരു-
ഓര്‍മ്മയായതെന്നിലുരുകട്ടെ,പാതയില്‍ കുളിരാവട്ടെ

യാത്ര പറയാനില്ലയാരുമെങ്കിലു,മെടുക്കുവാനില്ല-
ഭാണ്ഡവുമിപ്പെരുവഴിയില്‍ സുകൃതമാവും പാഥേയ-
മില്ലയെങ്കിലും തിരിക്കൂന്നു നീ വിളിച്ച പാതയി,
ലെന്നും കാത്തിരുന്ന നീയെത്തിയ വേളയിലാടാതെ-
പോയി ഞാനെന്റെ മനസ്സിലെന്നും കൊതിച്ചൊരാ-
നിറവിന്റെ വേഷം കെട്ടിയാടിയില്ലെന്നാലും

-പാര്‍വതി.

Saturday, October 21, 2006

മനസ്സില്‍ വിരിഞ്ഞ മഴവില്ല്

ഒരു ജന്മത്തിന്റെ മുഴുവന്‍ സ്നേഹവും സുകൃതവും സമ്മാനപൊതികളായി, ആശംസകളായി മധുരമായി എത്തിച്ചേര്‍ന്നപ്പോള്‍...


ഐശ്വര്യവും ആശംസയുമായി ഒരു വെള്ളിനാണയം


മധുരം നിറച്ച മിഠായി പൊതികള്‍

ഒരു കെട്ട് പൂക്കള്‍,ഒരു കുന്ന് സ്നേഹവുമായി

പേരറിയാത്ത ഒത്തിരി മധുരങ്ങളും..

എന്റെ മനസ്സിന്റെ മാനത്ത് ഒത്തിരി വര്‍ണ്ണക്കുടകള്‍ വിരിഞ്ഞിരിക്കുന്നു.ഈ സന്തോഷം എന്റെയീ സ്നേഹമുള്ള കുടുംബത്തില്‍ എല്ലാവരുമായി പങ്കുവയ്ക്കുന്നു..

സ്നേഹത്തോടെ പാര്‍വതി


Thursday, October 19, 2006

ഞാനും നീയും പിന്നെയൊരു ദിവസവും

“മേം..ദീവാലി നയി മനാന?..പഠാക്കെ വഠാക്കെ നയി ലേരയിയോ?“
(മാം,ദീവാലി ആഘോഷിക്കുന്നില്ലെ,പടക്കങ്ങളൊന്നും വാങ്ങുന്നില്ലെ?)

“ക്യാ ദീവാലീ യാര്‍, അകേലി ഹൂം, ഇസിലിയെ കുച്ച് കാസ് നഹി”
(എന്ത് ദീവാലീ ഡൊ, ഒറ്റയ്ക്കാണ് അ ത്കൊണ്ട് പ്രത്യേകത ഒന്നും ഇല്ല)

“തുമാരാ കൈസെ ഹൈ,തയ്യാരി സബ് ഹോയയീ?”
(നിങ്ങള്‍ക്കെങ്ങനെയുണ്ട്, ഒരുക്കങ്ങളൊക്കെയായോ?)

“ഹമാരേ തോ മാബാപ്പ് ഓര്‍ സാത്ത് ബായീബഹനാ ഹേ,ഇസിലിയെ വിശേഷ് കുച്ച് നഹി“
(ഞങ്ങള്‍ അച്ചനുമ്മമ്മയും ഏഴ് സഹോദരീസഹോദരരുമാണ്,അത് കൊണ്ട് ആഘോഷം ഒന്നും ഇല്ല)


-പാര്‍വതി

Monday, October 16, 2006

മനുഷ്യന്‍ എന്ന ജീവി

ഞായറാഴ്ചയുടെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് വെറുതെ മാര്‍ക്കറ്റിലിറങ്ങിയതായിരുന്നു ഞാന്‍,എങ്ങും തിരക്കാണ്,ദീവാലി ആഘോഷത്തിന്റെ വര്‍ണ്ണശബളിമ,കഴിഞ്ഞ വര്‍ഷം ജനം തിങ്ങിയ മൂന്ന് മാര്‍ക്കെറ്റുകളില്‍ ബോംബ് പൊട്ടിയതൊക്കെ മറന്ന പോലെ കൈവഴികളായി പിരിഞ്ഞൊഴുകുന്ന പുഴ പോലെ ജനം..

ഇപ്പോള്‍ ദെല്‍ഹിയിലെ ഏത് മാര്‍ക്കെറ്റിലെയും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍ ഏതെടുത്താലും 65/- രൂപ എന്ന പസ്യവുമായി നില്‍ക്കുന്ന ചൈന ബസാറുകളാണ്,ഓളത്തില്‍ പെട്ട് ഞാനും അതിനുള്ളില്‍ കയറി..

വല്ലാത്തൊരു ഞെട്ടലില്‍ നിന്ന് പോയി ഞാന്‍,പേര് കേട്ട എല്ലാ ബ്രാന്‍ഡുകളും നിരന്നിരിക്കുന്നു,Dove Moisturizing Lotion, Revlon Makeup Kits, L’ Oreal Hair Care Products എല്ലാം, Johnson & Johnson ന്റെ baby care products വരെ. അത് വരെ ബ്രാന്‍ഡ് ചെക്ക് ചെയ്യാന്‍ അതിന്റെ ബാര്‍കോഡ് ചെക്ക് ചെയ്തു നോക്കിയിരുന്ന ഞാന്‍ ഇതിലും അത് കണ്ടപ്പോള്‍ ഇരുട്ടടി കിട്ടിയത് പോലെ നിന്നു.

ഒക്കെറ്റിനും വില 65 തന്നെ എന്ന് വീണ്ടും ഉറപ്പിച്ചു,ചിരണ്ടിയും ഉരച്ചും ഒക്കെ നോക്കിയിട്ടും മേലെയുള്ള ഒറിജിനല്‍ ലേബലിന് മുകളില്‍ ഒന്നും കാണാത്തത് എന്റെ പേടി കൂട്ടിയതേ ഉള്ളൂ.

സൌന്ദര്യത്തിന് കൂട്ടാന്‍ ഇങ്ങനെയൊരു പിഴയോ എന്ന് സങ്കടപെട്ടിരിക്കുമ്പോഴാണ് സദാ രോഗിയായ വീട്ടുമസ്ഥ ഒരു പാരസിറ്റാമോളുമായി രാവിലെ ഉറക്കം കെടുത്തിയത്.കാലാവസ്ഥാ മാറ്റവും ഡെങ്കുവും അരങ്ങ് തകര്‍ക്കുമ്പോള്‍ മെഡിക്കല്‍ സ്റ്റോറുകാര്‍ക്ക് ഓണക്കോള്, മകന്‍ വാങ്ങികൊണ്ട് വന്ന പാരസിറ്റാമോള്‍ ഗുളിക കവര്‍ തുറന്നപ്പോള്‍ പൊടിഞ്ഞിരിക്കുന്നു,മുഴുവന്‍ പട്ടയും അരിച്ച് പെറുക്കിയിട്ടും expiry date കാണാനായില്ല..

ഇതൊക്കെ കണ്ട് തരിച്ചിരിക്കുമ്പോളാണ് പത്രത്തില്‍ ഈ വാര്‍ത്ത കണ്ടത്.ദൈവമേ ഈ ഇന്ത്യ എങ്ങോട്ട്,കുറുനരികളും കഴുതപുലികളും കൂടി വിശന്ന് ചത്താലും സ്വന്തം കൂട്ടത്തിലൊന്നിനെ കൊന്ന് തിന്നില്ലല്ലോ.
മനുഷ്യന്‍,ദൈവം സ്വന്തം രൂപത്തിലും ഭാവത്തിലും സൃഷ്ടിച്ച മനുഷ്യന്‍!

ദെല്‍ഹിയില്‍ ഇരിക്കുന്ന എനിക്ക് തിരിച്ചറിവിന്റെ ഈ വെളിച്ചമെങ്കിലും ഉണ്ടെങ്കില്‍ ആകെയുള്ള മരുന്ന് കടക്കാരനേയും ഡോക്റ്ററേയും ദൈവത്തിന്റെ പ്രതിരൂപമായി കാണുന്ന നാട്ടിലും അമ്മയ്ക്കും എന്താവും ഗതി എന്ന പേടിയില്‍ ഫോണില്‍ കുത്തുമ്പോള്‍ ഇതൊക്കെ ചെയ്യുന്നവരെ ചുട്ടെരിക്കാനായെങ്കില്‍ എന്ന് മനസ്സാ ആഗ്രഹിച്ചു.

ഇത്ര തിരക്കിട്ട് ഇതിവിടെ ടൈപ്പ് ചെയ്യുമ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്ഥന മാത്രം,കഴിച്ച മരുന്നുകള്‍ ഫലിക്കാതെ ആളുകള്‍ മരിച്ച് വീഴുമ്പോള്‍ ആ മരുന്നുകള്‍ വെറും അറക്കപൊടിയും കുമ്മായമിക്സും ആണെന്ന് നമുക്കാരോടെങ്കിലും പറയാനായാല്‍..

സുഹൃത്തുക്കളെ..നിങ്ങളുടെ സഹായം ഏതൊക്കെ തരത്തില്‍ ആവുമോ അതൊക്കെ എത്തിക്കൂ,കാത് കേള്‍ക്കിന്നില്ലെന്ന് നടിക്കുന്ന ലോകത്തിന്റെ മുന്നില്‍,അല്ലെങ്കില്‍ അന്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവനെ തിരയുന്ന ഈശ്വരന്റെ മുന്നില്‍.-പാര്‍വതി.

ഡയറിതാളുകള്‍-ജീവിതം തന്ന പാഠം

“ഇനിയെന്താ നിങ്ങളുടെ പരിപാടി, മറ്റവരൊക്കെ പോയല്ലോ ഷോപ്പിങ്ങിന്,ഇനിയൊരു കാര്യം ചെയ്യൂ,ബസ്സ് പാര്‍ക്കിങ്ങിന്റെ അടുത്ത് തന്നെ വെയ്റ്റ് ചെയ്തോളൂ”

നിരാ‍ശരായി നില്‍ക്കുന്ന ഞങ്ങളെ നോക്കി സന്തോഷ് സാര്‍ പറഞ്ഞു,

സംഭവിച്ചിതെന്താണെന്നാല്‍....

ഫെബ്രുവരിയുടെ കുളിരില്‍ വിനോദയാത്ര പുറപെട്ട ഒരു പറ്റം പ്ലസ്റ്റൂ വിദ്യാര്‍ത്ഥികള്‍ ആണ് ഞങ്ങള്‍.പീരുമേടിന്റെ പുകമഞ്ഞും കുളിരും കാണുന്ന ഞങ്ങള്‍ക്ക് ഊട്ടിയിലെ കുളിര് അത്ര പുതിയതല്ല,മനസ്സുടക്കി നിന്നത് തടാകത്തിലെ ബോട്ട് യാത്രയ്ക്കാണ്.

പക്ഷേ എല്ലാ ചരിത്രത്തിലേയും പോലെ ആണ്‍കുട്ടികള്‍ അവസര വാദികളായി,കൂട്ടം തിരിഞ്ഞ് അവര്‍ ബോട്ട് തിരഞ്ഞെടുത്ത് പുറപ്പെടുമ്പോള്‍ മിച്ചം വന്ന് പോയത് ഞങ്ങള്‍ നാല് പെണ്‍കുട്ടികളായിരുന്നു.

എല്ലാവര്‍ക്കും ബോട്ട് യാത്ര നടത്തണം എന്ന് കലശലായ ആഗ്രഹം,എന്തിനും നേതൃത്വം കൊടുക്കാറുള്ള എന്നെ അവര്‍ നോക്കി, എനിക്കും ഈ യാത്ര മുടക്കരുത് എന്നാഗ്രഹമുണ്ട്,എന്നാലും നിലയില്ലാക്കയങ്ങള്‍ ഒരു പേടിസ്വപ്നങ്ങളാണ്,കൂടെ നീന്തലും അറിയില്ല.

തടാകത്തില്‍ ചന്നം പിന്നം ഒഴുകി നടക്കുന്ന ബോട്ടുകളെ കണ്ട് നില്ക്കവെ,കൂട്ടുകാരുടെ കണ്ണിലെ നിരാശ കാണവെ,നാല് പേര് ചേര്‍ന്ന് ബോട്ടെടുക്കാന്‍ തന്നെ തീരുമാനിച്ചു,നാലു പേരിരിക്കുന്ന പെഡല്‍ ബോട്ടാണ് ഞങ്ങള്‍ എടുത്തത്.

അല്പസമയത്തിനുള്ളില്‍ തന്നെ ആദ്യം തോന്നിയ അപരിചിതത്വം മാറി.പച്ച നിറത്തില്‍ കൊഴുത്ത് മലിനമായ ജലമാണെങ്കിലും അറ്റം കാണാതെ അത് പരന്ന് പരന്ന് പോവുന്നത് മനസ്സില്‍ സന്തോഷം ഉണ്ടാക്കി,മറ്റ് ബോട്ടുകളില്‍ ഉള്ള സഹപാഠികളുമായി സംസാരിച്ചും കളീ പറഞ്ഞും സമയം പോയി,

യാത്രയ്ക്കിടയ്ക്ക് തടാകത്തീരത്ത് ഒരു പക്ഷിക്കൂടും അതിന്റെ മൂക്കടയ്ക്കുന്ന മണവും,പച്ചച്ച കാട്ടിനുള്ളില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു വീടിന്റെ ഫോട്ടോയും എടുത്ത് നീങ്ങുമ്പോള്‍ ആരും ചവിട്ടി തള്ളിയ ദൂരത്തെ ഓര്‍ത്തില്ല,അകലെ ഒരു മങ്ങിയ കാഴ്ച പോലെ കടവ് കാണാം.

കഥകളും കടംകഥകളുമായി സമയം പോയി,പെട്ടന്നാണ് അന്തരീക്ഷം മാറിയത്,നന്നായി കാറ്റ് വീശാന്‍ തുടങ്ങി,മഴയും,പുകമഞ്ഞ് നല്ല കനത്തില്‍ പടര്‍ന്നു,അകലെ മങ്ങി കണ്ട ബോട്ട് ജെട്ടി കാണാനില്ല,വെള്ളത്തിന്റെ ദിശ നിയന്ത്രിക്കുന്ന പലക പിടിച്ച് അധികം പരിചയമില്ലാത്തതിനാല്‍ കാറ്റിന്റെ ഗതിയില്‍ അത് അങ്ങുമിങ്ങും തെന്നുന്നു.ബോട്ട് നന്നായി തന്നെ ചാഞ്ചാടുന്നു,എല്ലാവര്‍ക്കും ഒരു പരിഭ്രമം തോന്നാന്‍ തുടങ്ങിയിരുന്നു.അടുത്തെങ്ങും മറ്റൊരു ബോട്ട് കാണാനാവാത്തതും നന്നായി ഒന്ന് നിലവിളിച്ചാല്‍ കൂടി കേള്‍വിപ്പുറത്തല്ല കര എന്നതും കാരണമാവം,എന്റെ മനസ്സില്‍ ഈ സ്ഥലത്ത് എന്ത് മാത്രം ആഴമുണ്ടാവും എന്നതായി,അത് വരെ വെള്ളതിന്റെ മാലിന്യം മാത്രം നിനച്ചിരുന്ന ഞാന്‍ വീണാല്‍ കൂടി നീന്തി കര പറ്റാന്‍ ആവില്ലെന്ന് ഉറപ്പിച്ചു.

മഴയ്ക്ക് ശക്തി കൂടി,നിനച്ചിരിക്കാത്ത ഇത്തരം മഴ കുട്ടിക്കാനത്തിന്റെയും പ്രത്യേകതയാണ്,തണുപ്പിന്റെ കൂടെ ചരല്‍ വാരിയെറിഞ്ഞത് പോലെ പെയ്യുന്ന മഴ.

മനസ്സില്‍ ഒന്നും ഉറപ്പിക്കാനായില്ല,സ്വയവും മറ്റുള്ളവരേയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ തിരയുമ്പോള്‍ ഒന്നോര്‍മ്മ വന്നു “ആരോടെങ്കിലും സംസാരിക്കുമ്പോള്‍ അവരുടെ കണ്ണില്‍,നോക്കി സംസാരിക്കുക,എത്ര വലിയവരായാലും ഉറച്ച ഒരു നോട്ടത്തില്‍ പതറും അവിടെ നമ്മുടെ ആദ്യ വിജയം നെടാം”

“ഉണ്ണീ നമ്മളെങ്ങനെ പോവും,ഇവിടാരെയും കാണുന്നില്ല”

കരച്ചിന്റെ വക്കതെത്തി നിന്ന് സബി എന്ന സബിത ചോദിച്ചു.

“നമുക്ക് അനങ്ങാതിരിക്കാം,ഈ കാറ്റ് കുറയുന്നത് വരെ,പെഡല്‍ ചവിട്ടണ്ട”
എന്റെ മുഖത്തേയ്ക്ക് നോക്കിയ മൂന്ന് ജോടി കണ്ണുകളില്‍ നോക്കി ദിശ മാറ്റുന്ന പലക അനക്കാതെ പിടിച്ച് ഞാന്‍ പറഞ്ഞു.

“നിനക്ക് പേടി തോന്നണില്ലേ?”

“ഇല്ല”

അവളുടെ കൃഷ്ണമണിയില്‍ എന്റെ പ്രതിബിംബം കണ്ട് പറയവെ വാക്കിലെ കനം ഞാന്‍ തന്നെ അറിഞ്ഞു.

നന്നായി പെയ്തു തോര്‍ന്ന മഴ ഞങ്ങളെ അടിമുടി നനച്ചിരുന്നു.യുഗങ്ങളെന്ന് തോന്നിക്കുന്ന കുറെ സമയത്തിന് ശേഷം അന്തരീക്ഷം തെളിഞ്ഞു.പുക മഞ്ഞ് അല്പം മാറി,പെട്ടന്ന് മാറിയ കാലാവസ്ഥ കാരണം അങ്ങു ദൂരെ കരയില്‍ തെളിഞ്ഞ വിളക്കുകള്‍ ഇപ്പോള്‍ കാണാം,

“നമുക്ക് പോകാം” ഞാന്‍ പറഞ്ഞു

തണുപ്പും പേടിയും ഞങ്ങളുടെ തുഴച്ചിലിനെ നന്നായി ബാധിച്ചിരുന്നു,പേടിയുടെ കുളിര് കൂടുന്നുവെന്ന് തോന്നുമ്പോഴൊക്കെ ഞാന്‍ കേട്ടുമറന്ന പറഞ്ഞു മറന്ന കടംകഥകളും തമാശകളും എടുത്തിട്ടു.

സമയത്തിന്റെ സൂചിക മറഞ്ഞു പോയവരെ പോലെ തിരിച്ച് കടവത്തെത്തിയപ്പോഴേയ്ക്കും മൂവരില്‍ നിന്നും പേടിയുടെ അവസാന കണിക വരെ മാഞ്ഞുവെന്നുറപ്പിക്കാന്‍ വിക്രമാദിത്യ കഥകളിലെ പേശാമടന്തയുടെ കഥയില്‍ മറ്റ് രണ്ടെണ്ണം കൂട്ടികെട്ടി ഞാന്‍ പറഞ്ഞ് തീര്‍ത്തിരുന്നു.

അധികമെടുത്ത രണ്ടര മണിക്കൂറിന്റെ പൈസയും കൊടുത്ത്,ഞങ്ങള്‍ക്ക് വേണ്ടി കാത്ത് നില്‍ക്കുന്ന കൂട്ടുകാരുടെ ഇടയിലേയ്ക്ക് ഞങ്ങള്‍ക്ക് മാത്രം കിട്ടിയ നിറമുള്ള കൊറ്റികളുടെ ചിത്രങ്ങളുടെ വിശേഷവും പറഞ്ഞ് നടന്ന് പോവുമ്പോള്‍ മനസ്സ് ആര്‍ക്കൊക്കെയോ നന്ദി പറഞ്ഞു.

തണുത്ത് മരച്ച കമ്പിളി പുതപ്പിന് ചൂട് കൊടുത്ത് ഉറങ്ങുന്ന സബിയേയും അന്‍ഷയേയും നോക്കി ഉറക്കം വരാതിരിക്കെ മനസ്സില്‍ അടക്കി പിടിച്ച പേടികളോക്കെ കണ്ണീരായി ഒഴുകി തീര്‍ന്നു.

-പാര്‍വതി

Thursday, October 12, 2006

കാലങ്ങള്‍ക്കപുറത്ത് നിന്നും …

എല്ലാ ആഴ്ചയിലേയും മലയാള മനോരമയും മംഗളവും വാരികകള്‍ വായിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.ഇന്നല്ല,സര്‍ക്കാര്‍ സ്കൂളില്‍ പത്തില്‍ പഠിക്കുന്ന കാലത്ത്,ഇതിന്റെ ആവശ്യമെന്താന്നാവും,കാരണം കൌമാര പ്രണയത്തിന്റെ ചില്ലകള്‍ കയറി നടക്കുന്ന മനസ്സുകള്‍ക്ക് എപ്പോഴും പ്രണയാതുരമായ വാക്കുകളുടെ ആവശ്യമുണ്ടാവും.

അഞ്ച് സിപ്പപ്പിന് ഒരു പ്രണയ ലേഖനം എന്ന കണക്കില്‍ ആണ്‍ പെണ്‍ വിത്യാസമില്ലാതെ ഇത്തരം സഹായങ്ങള്‍ ചെയ്ത് കൊടുക്കുവാനുള്ള പ്രൊഫഷണലിസത്തിന് വേണ്ടിയാണ് മുടങ്ങാത്ത ഈ വായന, വാരികയുടെ ലക്കങ്ങളും ആവശ്യക്കാരായ സുഹൃത്തുക്കള്‍ തന്നെ എത്തിക്കും,എല്ലാ ആഴ്ചയിലും ബുക്കുകള്‍ മൂന്നും നാലും നിരയിട്ട് പൊതിഞ്ഞ് അവര്‍ ഇതിന് പോംവഴി കണ്ടെത്തി.

അങ്ങനെയിരിക്കെ ഒരു ദിവസം,ഒത്തിരി പരുങ്ങലോടെയാണ് പീക്കിരിസുജ ഒരു കഷണം പേപ്പറുമായി വന്നത്.ഒന്നമ്പരന്നെങ്കിലും അവള്‍ക്കാദ്യമായി കിട്ടിയ പ്രണയലേഖനമായിരുന്നു അതെന്നും, കണ്‍സള്‍റ്റേഷന് എത്തിയതാണെന്നും അവളുടെ പരുങ്ങലില്‍ നിന്നും, ആ കുറിപ്പടിയിലെ ഏതൊ കാലത്തെ മലയാളം വായിച്ചതില്‍ നിന്നും മനസ്സില്ലാ‍യി,ഒരു കസ്റ്റമറെ കൂടിയ സന്തോഷമായിരുന്നു എനിക്ക്,കത്തില്‍ നിന്നും അതെഴുതിയിരിക്കുന്ന ആളും സ്ഥിരം മംഗളം വായനക്കാരനാണ് എന്ന് മനസ്സിലായി,സ്വന്തം മാര്‍ക്കറ്റിങ്ങ് ടെക്നിക്ക് മറ്റാരെങ്കിലും പകര്‍ത്തുമ്പോള്‍ തോന്നുന്ന അസഹിഷ്ണുതയാണ് എനിക്കാദ്യം തോന്നിയത്.

ഇയാളെ ഒന്ന് കണ്ടിട്ടാവാം മറുപടി തയ്യാറാക്കല്‍ എന്ന് തന്നെ കരുതി.സ്കൂളിന് താഴെയുള്ള സോമന്‍ ചേട്ടന്റെ കടയില്‍ ഉച്ചയ്ക്ക് നായകന്‍ കാത്തു നില്‍ക്കാറുണ്ടെന്ന് അറിവ് കിട്ടിയതനുസരിച്ച് ആളെ കാണാനിറങ്ങി.

കണ്ടവഴി ടോ ആന്‍ഡ് ജെറിയിലെ ജേറിയുടെ കണ്ണ് തള്ളുന്നത് മാതിരി എന്റെ കണ്ണൊന്നു തള്ളി.ഇതാരാണെന്നാ.....

മനസ്സില്‍ മിന്നലില്‍ വെളിച്ചം പോലെ തെളിഞ്ഞ പദ്ധതി നടപ്പാക്കാന്‍, കൂട്ടുകാരോട് സുജയേയും കൂട്ടി സോമന്‍ ചേട്ടന്റെ കടയില്‍ പോയി എന്റെ ചിലവില്‍ സിപ്പപ്പ് വാങ്ങിക്കോന്ന് ഓഫറും കൊടുത്തിട്ട് ഞാന്‍ നാലാം ക്ലാസ്സുകാരുടെ കെട്ടിടത്തിലേയ്ക്ക് ഓടി,ഇക്രൂനെനെ വിളിച്ചിറക്കി ഒരു സിപ്പപ്പിനുള്ള രൂപയും കയ്യില്‍ കൊടുത്ത് ചെവിയില്‍ മന്ത്രമോതി പറഞ്ഞ് വിട്ടിട്ട് ഞാനും സംഭവസ്ഥലത്തെത്തി..

“വാപ്പാ.....”,

“....എന്നെ നോക്കിയാണൊ നിക്കുന്നേ..?”

അവന്‍ എന്നേയും നായകനേയും മാറിമാറി നോക്കി ചോദിച്ചു,

“ഉണ്ണിചേച്ചി സിപ്പപ്പ് വാങ്ങാന്‍ കാശ് തന്ന്..അന്‍സാത്താ ക്ലാസ്സിലാ വിളിക്കണാ..?”

നായകന്‍ താഴത്തുവീട്ടില്‍ സലി ചേട്ടന്‍,രണ്ട് ഭാര്യമാരും അതില്‍ നാല് കുട്ടികളും, അദ്യ ബാച്ചിലെയാണ് ഇകൃവും അന്‍സയും,പ്രത്യേകം പണിയൊന്നുമില്ലാത്ത മാന്യ ദേഹം വീട്ടില്‍ അരി വാങ്ങിയില്ലെങ്കിലും സ്വന്തം പെര്‍ഫ്യൂമിനുള്ള വക കാണാന്‍ തേക്കടി കാട്ടിലെ തേക്കിന്‍ തടിയേയാണ് ആശ്രയിക്കുക.പറയിയുടെ കുലത്തിന്റെ തുടര്‍കഥ പോലെ മക്കള്‍ വാ കീറിയ ദൈവത്തെ തന്നെ ആശ്രയിക്കുന്നു.

എന്റെ ചിലവില്‍ വാങ്ങികൊടുത്ത സിപ്പപ്പ് എന്തിനാണ് സുജ കഴിക്കാതെ കളഞ്ഞതെന്നും,പിന്നെ ആ വര്‍ഷം തീര്‍ന്ന് പിരിയുവോളം അവളെന്നോട് മിണ്ടാഞ്ഞതും എന്തു കൊണ്ടാന്ന് എനിക്കറിയില്ല. കച്ചവടക്കാരന്റെ നഷ്ടം പോലെ ബിസിനസ്സ് നഷ്ടത്തിന്റെ പുറമേ സിപ്പപ്പിന്റെ കാശും കിട്ടാക്കടമായി പോയതും.

ഇന്നലെ സുജയുടെ കത്ത് വന്നു,കാലങ്ങള്‍ക്കപ്പുറത്ത് നിന്ന്,എവിടുന്നോ തിരഞ്ഞു പിടിച്ച അഡ്രസ്സില്‍ അയച്ച കത്തിലെ വടിവില്ലാത്ത ആ അക്ഷരങ്ങളില്‍ ഒരുപാട് ഭാവങ്ങള്‍ തെളിയുന്ന മുഖം ഞാന്‍ കണ്ടു.

അവള്‍ തയ്യല്‍ ടീച്ചറാണെന്നും സീനിയറായി പഠിച്ച, ഇലക്ട്രിക്കല്‍ കട നടത്തുന്ന ഷിജുവുമായി വീട്ടുകാര്‍ നടത്തിയ കല്യാണവും,ഒരു ആണ്‍കുഞ്ഞ് പിറന്ന വിവരവും..

ആ കത്ത് വായിച്ച ശേഷം ഒത്തിരി കാലം ഓര്‍ത്ത് വച്ച് പിന്നെ മറന്ന് പോയ ആ കടം ഞാന്‍ എഴുതി തള്ളി.

-പാര്‍വതി

Sunday, October 08, 2006

മടക്കയാത്ര.

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സാന്ത്വനയിരുള്‍.
ഉണ്ണിയായ് പിന്നെയും നിന്‍ മടിത്തട്ടില്‍-
ഒരു ശുഭമുഹൂര്‍ത്തത്തില്‍ പിറക്കാന്‍.

നിന്റെ താരാട്ടിനീണങ്ങള്‍ കേട്ടിടാ-
നമൃതായ് നീയൂട്ടിയതൊക്കെയും വാങ്ങുവാന്‍,
അമ്പിളിമാമനും താരകള്‍ കൂട്ടവും,അച്ഛന്റെ-
കഥയും കേട്ടു പിന്നെയുമുറങ്ങാന്‍.

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സാന്ത്വനയിരുള്‍

മുറ്റത്തെ പൂവിന്‍ മധുനുകര്‍ന്നെത്തിയൊ-
രാ തുമ്പിയെ തന്നെന്റെ മോഹമാറ്റവേ,
അറിയാത്തൊരെന്റെ കൈയാലതിന്‍-
ചിറകൊടിഞ്ഞതിന്‍ പാപം തീര്‍ക്കാന്‍.

നിന്റെ വിയര്‍പ്പും സ്നേഹവും ചാലിച്ച്-
നീ തന്നൊരുരുളകള്‍ മണ്ണിലെറിയവെ,
നിന്റെ കണ്ണില്‍ പൊടിഞ്ഞൊരാ തുള്ളിയാ-
ലെന്നെ പൊള്ളിക്കുമീ വേനലില്‍ ചൂടാറ്റാന്‍

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സാന്ത്വനയിരുള്‍.

കാലത്തിന്‍ മുമ്പിലൊരു കളിക്കോലമായ്-
കാവടികെട്ടിയാടുവാന്‍ വിധിക്കവെ.
കാക്കാതെപോയതെന്നെയെന്തു നിന്‍-
പ്രാര്‍ത്ഥനകുളി,രാതുമ്പി തന്‍ ശാപമോ?

വിണ്ടുകീറുന്ന മണ്‍പാടങ്ങലെത്ര തുടിക്കുമാ-
വേനല്‍മഴതന്റെ കുളിരിനെന്ന പോലെ-
അമ്മേ നിന്‍ സാന്ത്വന കുളിര്‍ തേടുന്നു-
ഞാനൊരു നീണ്ട രാവിന്റെയിരുള്‍ തേടുന്നു.

-പാര്‍വതി.

Monday, October 02, 2006

വീട്ടാക്കടങ്ങള്‍

“അന്റെ അമ്മയ്ക്കിതെന്തിന്റെ കേടാ,പെമ്പിള്ളേരായാലും കയ്യും കാതും നിറച്ച് ഇട്ട് നടക്കണം,അവരിക്ക് വേണ്ടാന്ന് തോന്ന്യാലും കുഞ്ഞ് മനസ്സില്‍ പൂതിയില്യാണ്ടിരിക്കോ”

“റംലേടുമ്മ എന്റെ കാതു കുത്തിത്തരുവോ?”

“കാളികുട്ട്യേ,നിനക്ക് ഞാന്‍ കമ്മല്‍ വാങ്ങിത്തരാം,എനിക്ക് പത്ത് ബീഡി തെറുത്ത് തരാണെങ്കില്‍”

“ഞാന്‍ കാളിയല്യാ...അതല്ലാ എന്റെ പേര്..”

“റംലേടുപ്പാ,ദേ പത്ത് ബീഡി,എനി എനിക്ക് കമ്മല്‍ താ “

“ഇങ്ങക്കിതെന്തിന്റെ കേടാ,ആ കൊച്ചിനെ വെറുതേ കൊതിയേറ്റാണ്ട്”ഇച്ചിരി കറുത്താന്ന് വച്ച് എന്താപ്പോ,അന്റ്റെ കണ്ണിലെ ചിരി മതീലോ സൌന്തര്യം കൂട്ടാന്‍.“

“റംല,നെനക്ക് അഷറഫിക്ക തന്ന ആ മുത്ത് കമ്മലിങ്ങ് താ മോളെ,ഇവടെ സങ്കടം തീരട്ടെ,ഉമ്മ നിനക്ക് നാരകത്ത് മുള്ള് കൊണ്ട് കാത് കുത്തി തരാം,ഇച്ചിരീം നോവും,കൂട്ടട്ടണ്ട,പഴുക്കേം ഒന്നുല്ലാ,റംലാന്റെ കാതും ഞാനല്ലേ കുത്ത്യേ.”

“ഓയ്യ്..പെണ്ണ് ചമഞ്ഞൂല്ലോ..,പൊന്നും കുടത്തിന് പൊട്ട് മാതിരി,അന്റെ അപ്പനോടും അമ്മേനോടും ഞാന്‍ പറഞ്ഞോളാട്ടോ കാളിക്കുട്ടീ..ഇനി ആരു തല്ലൂന്ന് പറഞ്ഞാലും നീയിതൂരണ്ടാ“

“ഞാന്‍ വല്യതായീ ഒത്തിരി കമ്മല് വാങ്ങുമ്പോ റംലയ്ക്ക് ഒത്തിരി കമ്മല് കൊണ്ടിത്തരാട്ടോ..”

“അന്നേകൊണ്ടാതാവൂടീ കൊച്ചേ,നെന്റെയീ കാതില് അലുക്ക് കമ്മലു കുത്തീടുമ്പോളും റംലേടുമ്മേനേ ഓര്‍ക്കണട്ടോ.“


“ഉമ്മ ഞാനാ ...

“ആരാ?”

“റംലേടുമ്മാ ഞാന്‍ .......”

“നീയാണോ...എത്ര കാലായി നിങ്ങളൊക്കെ എവടന്ന് പോയിട്ട്,ആ വീട് ഇടിഞ്ഞ് കെടക്കണത് കാണുമ്പോളൊക്കെ ഓര്‍ക്കേം പറവേം ചെയ്യാര്‍ന്നു”

“ഉപ്പേണ്ടാര്‍ന്നിടം വരെ നീയാ ഏറ്റം പെട്ടന്ന് ബീഡി തെറുക്കാന്‍ പഠിച്ചേന്ന് സങ്കടം പറയുവാര്‍ന്നു”

“എവിടേപ്പോ നീയ്യ്..?”

“ഉമ്മാ..ചെന്നേല്..മദ്രാസില്.. ഒരു ജോലി കിട്ടി...”

“ഉം...എന്നിട്ട് ഒത്തിരി ഉടുപ്പും കമ്മലും കഥാബുക്കും ഒക്കെ വാങ്ങ്യ്യൊ?”

“ഉണ്ടാര്‍ന്ന ഒരു പെണ്ണിനെ ഉള്ള പൊന്നും പണോം മൊത്തം കൊടുത്ത് കെട്ടിച്ചതാ,എന്നിട്ടെന്താ ചെക്കന് കൂലി കൂടുതല് കിട്ടണ ജോലികിട്യപ്പൊ അവള് വേണ്ടാ പോലും,ചോദിക്കേം പറയേം ചെയ്യാണ്ട് അവള് തന്നെ അങ്ങ് തിര്‍ത്തു എല്ലാ കണക്കും,വിട്ടത്ത് ഞാന്നൂന്ന് കേട്ടപ്പോ നെഞ്ഞ് പൊടിഞ്ഞൂ,അന്ന് വീണതാ..”

“ഉമ്മാ..കുറച്ച് പൈസ....”

“എനിക്കിപ്പൊ എന്തിന്നാ മോളെ പൈസ,ഇത്തിരി കഞ്ഞീടെ വെള്ളം തരാന്‍ അഷറഫും പെണ്ണും കൂടെയുണ്ട്.അങ്ങേരും റംലേം പടച്ചോനോട് എരക്കണ്ടാവും ഉമ്മേനെ കൂടെ കൂട്ടാന്‍,ഒറ്റയ്ക്കിവിടെ..”

“നീ കമ്മല് വാങ്ങി വന്നത് വാങ്ങാന്‍ നിന്നിലെന്നാലും,അവളും സന്തോഷിക്യാരിക്കും,“അത്രയ്ക്ക് കൂട്ടാര്‍ന്നല്ലോ”

“പോയിട്ട് വാ...പടച്ചോന്‍ കാക്കട്ടെ”


-പാര്‍വതി.