തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, January 31, 2007

പറയാനാവാതെ പോവുന്ന ആശംസകള്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ ഒരു ചോര കിനിയുന്ന മുറിപാടുമായി അവള്‍ വന്നത്, ഹുക്ക് പൊട്ടിയ ബ്ലൌസിന്റെ അടിഭാഗത്തായി എഴുന്ന് നില്‍ക്കുന്ന നെഞ്ചിന്‍ കൂടിന്റെ ഒടുക്കത്തില്‍ ചോര വരാന്‍ മടിച്ച് നില്‍ക്കുന്ന ഒരു കീറല്‍ പാട്. കണ്ടിട്ടും ഞാന്‍ മിണ്ടിയില്ല.

തലേന്നൊ മറ്റോ നടന്ന ഭര്‍തൃവൃത്തിയുടെ മറ്റൊരു പങ്കായിരിക്കും, കയ്പ്പോടെ മനസ്സില്‍ കരുതി, ഒരിക്കല്‍ വീങ്ങിയ മുഖവുമായി എത്തിയ അന്ന് , വെളുപ്പാന്‍ കാലത്ത് ആറ് വീടുകളില്‍ തറ തുടയ്ക്കുന്നതിന്റെ കൂലിയ്ക്കായി തല്ലിച്ചതയ്ക്കുന്നവനെ നിനക്കങ്ങ് അവസാനിപ്പിച്ചൂടെ എന്ന് ചോദിച്ച എന്നെ, “ഹേ റാം, “വോ മേരാ പതീദേവ് ഹേ” എന്ന് പറഞ്ഞ് തന്റെ സിന്ദൂരം വലത് കൈ കൊണ്ട് മറച്ച് ഞാന്‍ പറഞ്ഞതിന് അവള്‍ ഏത്തമിട്ട് പ്രായശ്ചിത്തം ചെയ്തു.

ഉണങ്ങാന്‍ മടിക്കുന്ന മുറിവുമായി അവള്‍ കുനിയാന്‍ വയ്യാതെ വേദനയില്‍ പുളയുന്നത് കണ്ടാണ് മരുന്ന് പെട്ടിയുമായി പിന്നെ എഴുന്നേറ്റത്.

“ഇതെന്തിനായിരുന്നു?”

3 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയാണ് ഈ ഇരുപത് തികയാത്ത പെണ്ണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു, കരിഞ്ഞ റോസമൊട്ടുകള്‍ പോലെ എങ്ങോ മറഞ്ഞു പോയ മാറിടങ്ങള്‍, എണ്ണിപറയാവുന്ന തരത്തില്‍ എഴുന്ന് നില്‍ക്കുന്ന വാരിയെല്ലുകള്‍, ഈ ശരീരത്തിനകത്ത് ഇത്രയും ശക്തി എങ്ങനെയെന്ന് പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്. ഏത് തണുപ്പിലും ചൂടിലും മുടങ്ങാതെ അഞ്ചുമണിക്ക് അലാറം പോലെ അവള്‍ ബെല്ലടിച്ച് ഉണര്‍ത്തുമ്പോള്‍ കതക് തുറന്ന് കൊടുത്ത് വീണ്ടും പോയികിടന്ന് ഉറങ്ങാറാണ് പതിവ്.

“ലഡ്കി പൈതാ നഹി കിയാ, ഇസ് ലിയേ“ .. (പെണ്‍കുട്ടിയെ പ്രസവിച്ചില്ലാത്തത് കൊണ്ട്)

പെണ്‍ഭ്രൂണങ്ങള്‍ എവിടെയും കരിച്ചും കുത്തിയും ഒഴുക്കപ്പെടുമ്പോള്‍ ഇവര്‍ക്ക് മാത്രം അത് ആശ്വാസ ലക്ഷണമാണെന്ന് തോന്നിയിട്ടുണ്ട്, പന്ത്രണ്ട് വയസ്സിലേ അമ്മയുടെ തലയ്ക്കടിച്ച് ഉള്ളതും കൊണ്ട് സ്വന്തം വഴി തേടുന്ന ആണിനേക്കാളും, പത്ത് വയസ്സു മുതല്‍ കൂടെ കൊണ്ട് നടന്ന് വേല പഠിപ്പിച്ചാല്‍ ഒരു വരുമാനമുണ്ടാക്കി തരുന്ന പെണ്ണ്.

“പക്ഷേ ഇപ്പോഴിങ്ങനെ ഉപദ്രവിക്കാന്‍ ?”

മുറിവ് നഖമോ മറ്റോ കൊണ്ടതാണ്, തണുപ്പിന്റെ വരള്‍ച്ചയും കൂടി ആകെ മൊരി പൊടിഞ്ഞ് നിന്ന് പഴുക്കാനുള്ള പരുവത്തില്‍, കഴുകി മരുന്ന് പുരട്ടുമ്പോള്‍ നാവില്‍ വന്ന പല വാര്‍ത്തകളേയും പിടിച്ച് നിര്‍ത്തി.

ഉത്തരമറിയാത്ത ശൂന്യമായ മിഴികളുമായി അവള്‍ നിന്നു.

“വോ, പാഞ്ച് ലാക്ക് മിലാനാ ഥാ നാ? വോ ബോല്‍ രേക്കീ, അപ്പനീ ലഡ്ക്കീ ഭീ ഉഥര്‍ ഥീ തോ, ഹമേ ഭീ.....“
(ആ അഞ്ച് ലക്ഷം കിട്ടിയില്ലേ, അവര്‍ പറയുന്നു, നമ്മുടെ പെണ്‍കുട്ടിയും അതിലുണ്ടായിരുന്നെങ്കില്‍ നമുക്കും...)

“ജല്‍ദീ ലഡ്കീ കോ പൈത കര്‍നേ കേലിയേ...”
(പെട്ടന്ന് പെണ്ണിനെ പ്രസവിക്കാനായി...)

പൂര്‍ത്തിയാക്കാപ്പെടാതെ പോവുന്ന വാചകങ്ങള്‍..

എന്നത്തേയും പോലെ, തണുത്ത വെള്ളത്തില്‍ തറ തുടച്ച്, വാങ്ങില്ലെന്നറിയാമായിട്ടും മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് കൊടുത്ത അന്‍പത് രൂപാ അയഞ്ഞ് തൂങ്ങുന്ന ബ്ലൌസിനകത്ത് വച്ച് അവള്‍ പുറപ്പെടുമ്പോള്‍ ആശ്വാസവാക്ക് എന്ത് പറയണമെന്ന് ഞാന്‍ കുഴങ്ങുകയായിരുന്നു.

അവിടെ പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല ആണ്‍കുഞ്ഞുങ്ങളും ഉണ്ടായിരുന്നല്ലോ എന്നോ? അതോ നിനക്ക് ഒരു പെണ്‍കുട്ടി ഉടനെ ഉണ്ടാവട്ടെ എന്നോ?

എന്റെ ഒരു ദിവസം പുലരുന്നതേ ഉള്ളൂവല്ലോ...

-പാര്‍വതി.

Thursday, January 18, 2007

യാത്രാമൊഴി.

നിലാവ് വഴിയിട്ട വീഥികളിലെന്നും ഞാന്‍-
നിനക്കായ് കാത്തുനിന്നൊരാ കാലങ്ങളിലൊന്നും
നിരര്‍ത്ഥമായൊരു വാക്കുരയ്ക്കാനായി പൊലു-
മെത്തിയില്ല നീയൊരു വേള പോലുമീ വഴി.

കാലമുണക്കിയ മുറിപ്പാടുകളിലിന്നുകളെന്നും-
തളച്ചിടാമെന്ന് വ്യാമോഹിച്ചിരിക്കവെയന്ന് നീ-
ഒരുദിനമാ മുറിപാടിന്റെ ചുളിവുകളിലൊരു-
ചിത്രശലഭത്തിന്റെ രേഖാചിത്രമൊരുക്കിത്തന്നു.

നിന്റെ കൈവേലകളാലിത്തിരി പൊടിഞ്ഞു ചോര-
യെങ്കിലുമുയിര്‍ കൊണ്ടൊരാ ശലഭത്തെ കാണവെ-
നീ വരും വഴികളില്‍ കാത്തിരിക്കും പുല്‍ച്ചാടിയും-
പുഴുക്കളും പിന്നെ പൂക്കളുമെന്റെ കൂട്ടുകാരാകവെ-

ഒരു രാത്രിയിരുണ്ട് വെളുക്കവെ, മറയുന്നുവോ നീ-
പാതി പാടാതെ പോയൊരാ പാട്ടിന്റെ ശീലുമായി-
മറയുന്ന നിലാവിലുണരുന്നൊരരൂപികളെന്റെ മനസ്സിലും
വരികയില്ലേ നീ കാത്തുനില്‍പ്പിന്റെയവസാനനൊടിയിലെങ്കിലും.

നീ വരാതെയീ വഴിത്താരയിനി മറഞ്ഞു പോമീ, പുല്‍-
നാമ്പുകളിലിടറി,യിവിടെ കാത്ത് നില്‍ക്കാനാവാതെ-
ഞാനുമെരിവിയിലിന്റെ മരുപച്ച തേടിയകലുമെങ്കിലു-മെരിയുന്ന മുറിപാടുകളെല്ലാമുണര്‍ന്നു ചോരവാര്‍ക്കും

-പാര്‍വതി.

Wednesday, January 10, 2007

കച്ചിതുരുമ്പുകള്‍

ഏതോ അഭയാര്‍ത്ഥിക്യാമ്പില്‍ നിന്ന് വന്ന ഒരാളെ നോക്കുന്ന സഹതാപത്തോടെ നോക്കി കറിയാചേട്ടന്‍ പറഞ്ഞു.

“അപ്പോ അവടെ നിനക്ക് എന്നാ പണീന്നാ പറഞ്ഞേ, നമ്മടെ സമയത്തല്ലിയോ ഊണും ഒറക്കോമൊന്നും, പിന്നെന്നാ കാശ് കിട്ടീട്ടെന്താ..?നിനക്കിങ്ങ് പോരരുതായോ?ഇവിടെ കപ്പേം കഞ്ഞീം കുടിച്ച് നേരത്തിന് തിന്നും കുടിച്ചും കഴിയാല്ലോ“

“ഓ, പിന്നെ ഇവിടെ അങ്ങനെ പറമ്പ് നിറഞ്ഞ് വെളയുവല്ലേ കപ്പേം കാച്ചിലും, മേലനങ്ങാതിരുന്ന് തിന്നാന്‍, ഈ മനുഷ്യന്റെ വിചാരം ഇപ്പോഴും കന്നിമണ്ണാ ഇതെന്നാ”

അടുക്കളയില്‍ കത്താത്ത നനഞ്ഞ വിറകിന്റെ ചന്തിക്കൊരുന്ത് കൊടുത്ത് അടുപ്പിലേയ്ക്ക് തള്ളി മറിയചേടത്തി കെട്ടിയോനിട്ട് ഒരു തട്ടി.

എന്നത്തേയും പോലെ കറിയാചേട്ടന്റെ മിണ്ടാട്ടം മുട്ടി.

“ഒന്നും പറയണ്ട കൊച്ചേ, ഇപ്പോ വിളയൊന്നും വിളയല്ലല്ലോ എല്ലാം പണവിളയല്ലേ, എങ്ങാണ്ട് ആര്‍ക്കാണ്ട് വാനില ഒരു കിലോയ്ക്ക് മൂവായിരം രൂപാ കിട്ടീന്നും പറഞ്ഞ് പറമ്പായ പറമ്പൊക്കെ വാനില നട്ടു, എന്നിട്ടിപ്പോ ആര്‍ക്കും വേണ്ടാത്ത വള്ളിയായി, പട്ടുനൂല്‍ പുഴു കൃഷിക്കെന്നും പറഞ്ഞ് പിന്നെ പറമ്പൊക്കെ നിരത്തി മള്‍ബറി ചെടി നട്ടതില്‍ മിച്ചം ഇരുട്ടത്ത് തന്നിവീഴാന്‍ പാകത്തിന് കുഴികള്‍ മാത്രം.“

“ഒള്ള കണ്ടമൊക്കെ പാതാളകിണറ് പോലെ തോണ്ടി മണല് വാരലാ ഇപ്പോ, അതോണ്ട് കൃഷി നടക്കുന്ന കണ്ടത്തിലും വെള്ളം നില്‍ക്കില്ല, ഒന്നൂല്ലേലും വയറ് വിശക്കാതെ രണ്ട് നേരമെങ്കിലും തിന്നാല്‍ നെല്ല് തന്നിരുന്ന കണ്ടങ്ങളാ ഇപ്പോ തരിശ് നിലം പോലെ കിടക്കുന്നത്, വാങ്ങാന്‍ ആളുകളും ഉണ്ടേ, രണ്ട് സെന്റില്‍ വീട് പണിത് വില്‍ക്കും പോലും.“

ഇനീപ്പോ മലനാട് വഴി മുല്ലപ്പൂ കൃഷിയാണ് പോലും എല്ലാരും ചെയ്യുന്നത്, പശൂന് കൊടുക്കാന്‍ പുല്ല് വിളഞ്ഞില്ലെലും മുല്ലപ്പൂ വിരിയും പോലും, തമിഴ്നാട്ടിലേ പോലെ”

“പണ്ട് കാട്ടാനേം കാട്ടുപന്നീം ഉണ്ടാരുന്നപ്പോ കൈവിടാത്ത മണ്ണാ, ഇന്നും കൈവിടില്ലാന്നാ അങ്ങോരു പറയുന്നത്, ഇന്നോക്കെ നാട്ടില്ലല്ലെ ആനേം പന്നീം, ഒക്കേം ഈ മനുഷരുടെ കൂട്ടത്തിലാന്ന് മാത്രം, കൂട്ടത്തിലുള്ളോനേയും പച്ചയ്ക്ക് തിന്നുവ”

വിശേഷം പറയുന്നതിനേക്കാളുപരി ഉറക്കെപറയുന്ന ആത്മഗതം പോലെ മറിയചേടത്തിയുടെ വാക്കുകള്‍ മനസ്സില്‍ നീറ്റലുണ്ടാക്കുന്നത് അറിഞ്ഞു, മുഖമില്ലാത്ത ആരോടൊക്കെയോ തോന്നുന്ന അമര്‍ഷം.

തണുപ്പിന് മരുന്ന് പോലെ ഇത്തിരി ചുക്കും ചേര്‍ത്ത് കടും കാപ്പി കയ്യില്‍ തന്ന്, മറിയചേടത്തി ഒരു ഗ്ലാസ്സ് കറിയാചേട്ടനും നീട്ടി.

പഴയ റെഡോക്സ് തറയില്‍ അങ്ങോരുടെ പുറത്തൊന്ന് ചാരിയിരുന്ന്, തന്റെ കാപ്പി ഊതി കുടിക്കുന്നതിനിടയ്ക്ക് പകുതി അങ്ങോട്ടും പകുതി തന്നോടെന്ന പോലെയും പറഞ്ഞു.

“സാരമില്ലാന്നേ, ഈയ്യാണ്ട് എട്ടുപത്ത് മൂട് കപ്പയിടാം, പെരുച്ചാഴി കുത്താതെ നോക്കിയാല്‍ പിന്നെ ഒരാണ്ട് തിന്ന് കിടക്കാനുള്ളത് തമ്പുരാന്‍ തരും, നിങ്ങളെന്നെലും പറ”

“ഒരു ജന്മം നമ്മളറിഞ്ഞ മണ്ണല്ലേ, ചതിക്കൂല്ല,കനിഞ്ഞാ മണ്ണ് പൊന്ന് വിളയിക്കൂന്നല്ലേ നിങ്ങള് തന്നെ പറയുന്നെ...”

ഒത്തിരിക്കാലം കഴിഞ്ഞ് കണ്ടതിന്റെ സ്നേഹം താടയിലെ പരുപരുത്ത രോമം കൊണ്ടുരച്ച് പ്രകടിപ്പിച്ച നന്ദിനിപശുവിന്റെ നീറ്റലുണ്ടാക്കുന്ന സ്നേഹം പോലെ, ഈ ധൈരയ്ത്തിന്റെ മുന്നില്‍ മുട്ട് മടക്കിയ പ്രകൃതിയും അവരും എന്നും ഒന്ന് തന്നെ എന്നറിവില്‍ ‍ആ വര്‍ത്തമാനം കേട്ടു നിന്നപ്പോള്‍ തൊണ്ടയിലുണ്ടായ തടസ്സം ചൂട് കട്ടന്‍ കാപ്പിയുടേതോ, നെഞ്ചിലുടക്കിയ പോയ ഒരു ഗദ്ഗദ്ത്തിന്റെയോ?

***************************
അര്‍ത്ഥഭേദങ്ങള്‍:

കന്നിമണ്ണ് : പണ്ട് കുടിയേറ്റക്കാലത്തെ ഫലഭൂയിഷ്ടമായ പുതുമണ്ണിനെ വിശേഷിപ്പിച്ചിരുന്നത്.
പണവിള : വ്യാവസായിക വിളയിനങ്ങള്‍.
വാനില : വാനില എസ്സെന്‍സ് ഉണ്ടാക്കുന്ന ചെടി, മറ്റൊരു പരാജയപ്പെട്ട കാര്‍ഷിക പദ്ധതി.
കണ്ടം : നെല്‍ പാടം
മലനാട് : മലനാട് സര്‍വ്വീസ് സഹകരണ സംഘം(ഒരു പ്രാദേശിക ഗ്രാമീണ സഹായ പദ്ധതി)

Tuesday, January 09, 2007

ഞാനും...

ചൂളം കുത്തി പാഞ്ഞ കാറ്റിന്റെ, എങ്ങോ മറന്ന് പോയ ചില നൊമ്പരങ്ങളുടെ, ജീവിതം ഇതോ എന്ന് അമ്പരപ്പോടെ നിന്ന് പോയ ഉയര്‍ച്ച താഴ്ചകളുടെ കഥകളൊക്കെയും മാറാപ്പിലടുക്കുമ്പോള്‍ അവധിക്കാലം കഴിഞ്ഞ് വീണ്ടും ഈ സ്കൂളില്‍‍ എത്തിചേരുന്ന നിമിഷങ്ങളായിരുന്നു മനസ്സില്‍.

പക്ഷേ ഇപ്പോ , പണ്ട് കുറെ കാലത്തിന് ശേഷം സ്കൂളില്‍ തിരിച്ചെത്തിയപ്പോള്‍ പഴയകൂട്ടുകാരൊക്കെ ജയിച്ച് പോയെന്നറിഞ്ഞ് തനിയെ ക്ലാസില്‍ പുതിയവരെ കാത്തിരുന്ന പോലെ.

ഇനി പുതിയ പുസ്തകങ്ങളും നോട്ടുബുക്കുകളും ഉള്ളതിലേയ്ക്കും നല്ല വര്‍ണ്ണ പേപ്പര്‍ കൊണ്ട് പൊതിയണം, നെയിംസ്ലിപ്പും ഒട്ടിക്കണം, യൂണിഫോം വേണ്ട, എന്നാലും പുതിയ ഐഡന്റിറ്റി ഫോട്ടോ ഇടണം..എന്നിട്ട് എനിക്കും ഈ സ്കൂള്‍ വര്‍ഷം ആഘോഷിക്കണം.എല്ലാവരും ഒത്തിരി ഒത്തിരി വിശേഷങ്ങള്‍ പറയുന്നു അതൊക്കെ കേള്‍ക്കണം, തിരക്കാണ്.

:)

-പാര്‍വതി.