തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, January 31, 2007

പറയാനാവാതെ പോവുന്ന ആശംസകള്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ ഒരു ചോര കിനിയുന്ന മുറിപാടുമായി അവള്‍ വന്നത്, ഹുക്ക് പൊട്ടിയ ബ്ലൌസിന്റെ അടിഭാഗത്തായി എഴുന്ന് നില്‍ക്കുന്ന നെഞ്ചിന്‍ കൂടിന്റെ ഒടുക്കത്തില്‍ ചോര വരാന്‍ മടിച്ച് നില്‍ക്കുന്ന ഒരു കീറല്‍ പാട്. കണ്ടിട്ടും ഞാന്‍ മിണ്ടിയില്ല.

തലേന്നൊ മറ്റോ നടന്ന ഭര്‍തൃവൃത്തിയുടെ മറ്റൊരു പങ്കായിരിക്കും, കയ്പ്പോടെ മനസ്സില്‍ കരുതി, ഒരിക്കല്‍ വീങ്ങിയ മുഖവുമായി എത്തിയ അന്ന് , വെളുപ്പാന്‍ കാലത്ത് ആറ് വീടുകളില്‍ തറ തുടയ്ക്കുന്നതിന്റെ കൂലിയ്ക്കായി തല്ലിച്ചതയ്ക്കുന്നവനെ നിനക്കങ്ങ് അവസാനിപ്പിച്ചൂടെ എന്ന് ചോദിച്ച എന്നെ, “ഹേ റാം, “വോ മേരാ പതീദേവ് ഹേ” എന്ന് പറഞ്ഞ് തന്റെ സിന്ദൂരം വലത് കൈ കൊണ്ട് മറച്ച് ഞാന്‍ പറഞ്ഞതിന് അവള്‍ ഏത്തമിട്ട് പ്രായശ്ചിത്തം ചെയ്തു.

ഉണങ്ങാന്‍ മടിക്കുന്ന മുറിവുമായി അവള്‍ കുനിയാന്‍ വയ്യാതെ വേദനയില്‍ പുളയുന്നത് കണ്ടാണ് മരുന്ന് പെട്ടിയുമായി പിന്നെ എഴുന്നേറ്റത്.

“ഇതെന്തിനായിരുന്നു?”

3 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയാണ് ഈ ഇരുപത് തികയാത്ത പെണ്ണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു, കരിഞ്ഞ റോസമൊട്ടുകള്‍ പോലെ എങ്ങോ മറഞ്ഞു പോയ മാറിടങ്ങള്‍, എണ്ണിപറയാവുന്ന തരത്തില്‍ എഴുന്ന് നില്‍ക്കുന്ന വാരിയെല്ലുകള്‍, ഈ ശരീരത്തിനകത്ത് ഇത്രയും ശക്തി എങ്ങനെയെന്ന് പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്. ഏത് തണുപ്പിലും ചൂടിലും മുടങ്ങാതെ അഞ്ചുമണിക്ക് അലാറം പോലെ അവള്‍ ബെല്ലടിച്ച് ഉണര്‍ത്തുമ്പോള്‍ കതക് തുറന്ന് കൊടുത്ത് വീണ്ടും പോയികിടന്ന് ഉറങ്ങാറാണ് പതിവ്.

“ലഡ്കി പൈതാ നഹി കിയാ, ഇസ് ലിയേ“ .. (പെണ്‍കുട്ടിയെ പ്രസവിച്ചില്ലാത്തത് കൊണ്ട്)

പെണ്‍ഭ്രൂണങ്ങള്‍ എവിടെയും കരിച്ചും കുത്തിയും ഒഴുക്കപ്പെടുമ്പോള്‍ ഇവര്‍ക്ക് മാത്രം അത് ആശ്വാസ ലക്ഷണമാണെന്ന് തോന്നിയിട്ടുണ്ട്, പന്ത്രണ്ട് വയസ്സിലേ അമ്മയുടെ തലയ്ക്കടിച്ച് ഉള്ളതും കൊണ്ട് സ്വന്തം വഴി തേടുന്ന ആണിനേക്കാളും, പത്ത് വയസ്സു മുതല്‍ കൂടെ കൊണ്ട് നടന്ന് വേല പഠിപ്പിച്ചാല്‍ ഒരു വരുമാനമുണ്ടാക്കി തരുന്ന പെണ്ണ്.

“പക്ഷേ ഇപ്പോഴിങ്ങനെ ഉപദ്രവിക്കാന്‍ ?”

മുറിവ് നഖമോ മറ്റോ കൊണ്ടതാണ്, തണുപ്പിന്റെ വരള്‍ച്ചയും കൂടി ആകെ മൊരി പൊടിഞ്ഞ് നിന്ന് പഴുക്കാനുള്ള പരുവത്തില്‍, കഴുകി മരുന്ന് പുരട്ടുമ്പോള്‍ നാവില്‍ വന്ന പല വാര്‍ത്തകളേയും പിടിച്ച് നിര്‍ത്തി.

ഉത്തരമറിയാത്ത ശൂന്യമായ മിഴികളുമായി അവള്‍ നിന്നു.

“വോ, പാഞ്ച് ലാക്ക് മിലാനാ ഥാ നാ? വോ ബോല്‍ രേക്കീ, അപ്പനീ ലഡ്ക്കീ ഭീ ഉഥര്‍ ഥീ തോ, ഹമേ ഭീ.....“
(ആ അഞ്ച് ലക്ഷം കിട്ടിയില്ലേ, അവര്‍ പറയുന്നു, നമ്മുടെ പെണ്‍കുട്ടിയും അതിലുണ്ടായിരുന്നെങ്കില്‍ നമുക്കും...)

“ജല്‍ദീ ലഡ്കീ കോ പൈത കര്‍നേ കേലിയേ...”
(പെട്ടന്ന് പെണ്ണിനെ പ്രസവിക്കാനായി...)

പൂര്‍ത്തിയാക്കാപ്പെടാതെ പോവുന്ന വാചകങ്ങള്‍..

എന്നത്തേയും പോലെ, തണുത്ത വെള്ളത്തില്‍ തറ തുടച്ച്, വാങ്ങില്ലെന്നറിയാമായിട്ടും മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് കൊടുത്ത അന്‍പത് രൂപാ അയഞ്ഞ് തൂങ്ങുന്ന ബ്ലൌസിനകത്ത് വച്ച് അവള്‍ പുറപ്പെടുമ്പോള്‍ ആശ്വാസവാക്ക് എന്ത് പറയണമെന്ന് ഞാന്‍ കുഴങ്ങുകയായിരുന്നു.

അവിടെ പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല ആണ്‍കുഞ്ഞുങ്ങളും ഉണ്ടായിരുന്നല്ലോ എന്നോ? അതോ നിനക്ക് ഒരു പെണ്‍കുട്ടി ഉടനെ ഉണ്ടാവട്ടെ എന്നോ?

എന്റെ ഒരു ദിവസം പുലരുന്നതേ ഉള്ളൂവല്ലോ...

-പാര്‍വതി.

34 comments:

പാര്‍വതി said...

അവളെ ഞാന്‍ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്, നട്ടെല്ലിനോട് ഒട്ടിനില്‍ക്കുന്ന വയറ്റില്‍ ഇനിയൊരു പെണ്‍കുരുന്ന് കുരുക്കട്ടെയെന്നോ,

അഴുകിനാറുന്ന ഓടയില്‍ നിന്ന് കിട്ടിയ, കിട്ടാനിരിക്കുന്ന എണ്ണമറ്റ ചെറിയ തലയോടുകള്‍ക്ക് സമര്‍പ്പണം.

എന്റെ ഒരു കണ്ണുനീര്‍ത്തുള്ളി..

-പാര്‍വതി.

ഗുണ്ടൂസ് said...

നമുക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. പാവം പെണ്ണ്..

ദില്‍ബാസുരന്‍ said...

എന്ത് പറയും? എനിക്കൊന്നും പറയാനില്ല. മനസ്സിലാക്കാന്‍ പറ്റാത്ത തലത്തിലുള്ള ഒരു ജീവിതം. എനിക്ക് മന‍സ്സിലാക്കാന്‍ പറ്റുന്നില്ല എന്നുള്ളതില്‍ ഞാന്‍ ലജ്ജിക്കുന്നുമുണ്ട്.

രക്ഷപ്പെടാനുള്ള പഴുതും ഊര്‍ജ്ജവുമുണ്ടായിട്ടും രക്ഷപ്പെടാനുള്ള ചിന്ത ഉദിക്കാതെ നരകയാതനയുടെ വൃത്തത്തില്‍ ചുറ്റുന്നവര്‍. അവരുടെ ‘പതിദേവ്‘ എന്ന ചിന്ത തന്നെ ഉദാഹരണം. അതിനെ മറികടക്കാന്‍ അവര്‍ക്ക് കഴിയില്ല, യാതനകളെ മറികടക്കാനും.മനുഷ്യന് ഒന്നും ചെയ്യാനാവാതെ മറ്റാരോ അടിച്ചേല്‍പ്പിച്ച യാതന എന്നും നരകം എന്ന കണ്‍സെപ്റ്റിനെ പറ്റിയും ചിന്തിച്ച് പോകും ഇങ്ങനെയുള്ളവരെ കാണുമ്പോള്‍. :-(

നന്ദു said...

പീഡനക്കേസിൽപ്പെട്ട് കാശും “അണ്‍ലിമിറ്റഡ് ഫെയിമും“ നേടുമ്പോള്‍ അസൂയയോടെ എനിക്കും ഇതുപോലൊരു പെണ്ണില്ലാതായിപ്പോയല്ലോ എന്നു കേഴുന്ന ചില അമ്മമാരെങ്കിലും കേരളത്തിലും ഉണ്ടാവും. മക്കളുടെ നഷ്ടം യഥറ്ത്ഥത്തില്‍ കരയിക്കുന്ന അമ്മമരും കാശ് കിട്ടാതെപോയതിന്‍റെ ദുഖത്തില്‍ വിഷമിക്കുന്ന അമ്മമരും നോയിഡയില്‍ ഉണ്ടാവുമായിരിക്കും!

ഇടിവാള്‍ said...

ഡെസ്പായി ട്ടാ പാറു..... ;(

Anonymous said...

നോയിഡയിലെ കുഴിയില്‍ ഈ പതീദേവിനെ തള്ളിയിട്ടലോ പാറുവെ?..എന്ന്ട്ടാ കാശു ആ പെണ്‍കുട്ടിക്കു കൊടുക്കാം. പാവം .
priyamvada

അനംഗാരി said...

ജീവിതം ഇങ്ങനെയൊക്കെയാണ് പാറൂ.നിസ്സഹായത നമുക്കു മുന്നില്‍ പത്തി വിരിച്ച് നില്‍ക്കുന്നു.
ഭാരത് മാതാ കീ ജയ്!

സുഗതരാജ് പലേരി said...

ഹൃദയത്തില്‍ കൊള്ളുന്ന വരികള്‍. ഇവരും ജീവിതം ജീവിച്ചു തീര്‍ക്കുന്നു.

Peelikkutty!!!!! said...

ന്നിട്ടും ദിവസവും തറ തുടക്കാന്‍ അവളെത്തുന്നു..
അവളും ജീവിതം ജീവിച്ചു തീര്‍‌ക്കുന്നു... :(

പടിപ്പുര said...

ചില യാഥാര്‍ത്ഥ്യങ്ങള്‍ എത്ര ശ്രമിച്ചാലും, ഉള്‍ക്കൊള്ളാന്‍ മനസ്സ്‌ തയ്യാറാവില്ല.

(എല്ലാം ഒരു fiction ആയിരുന്നു, ഒരു സ്വപ്നമായിരുന്നു എന്നൊക്കെ സമാധാനിക്കാന്‍ വെറുതെ ഒരു പാഴ്‌ശ്രമം)

ittimalu said...

പാര്‍വ്വതി... അവിടെ മാത്രമല്ല.. ഇവിടേയും ഉണ്ട് ഇങ്ങിനെ ഉള്ളവര്‍ ...
ദില്‍ബൂ.. "രക്ഷപ്പെടാനുള്ള പഴുതും ഊര്‍ജ്ജവുമുണ്ടായിട്ടും രക്ഷപ്പെടാനുള്ള ചിന്ത ഉദിക്കാതെ നരകയാതനയുടെ വൃത്തത്തില്‍ ചുറ്റുന്നവര്‍." ഇങ്ങനെ പറയരുത്... എങ്ങിനെ രക്ഷപ്പെടാന്‍ .. വളര്‍ന്നതും പുലര്‍ന്നതും ഇങ്ങിനെ ഒക്കെ ആവുമ്പോള്‍

തമനു said...

കമന്റ് ബോക്സ്‌ തുറന്ന്‌ വച്ചിട്ട്‌ കുറേ നേരമായി. എന്തെഴുതണമെന്ന്‌ വാക്കുകള്‍ കിട്ടുന്നില്ല.

മനസില്‍ തോന്നുന്നത് രോഷമാണോ വേദനയാണോ എന്നും തിരിച്ചറീയാനാകുന്നില്ല.

ഒരു കണ്ണുനീര്‍ത്തുള്ളി ... എന്റെയും

അഗ്രജന്‍ said...

എന്തു പറയണം! പറയാം കനിവൂറുന്ന വാക്കുകള്‍.

പക്ഷെ, എന്തു ചെയ്യണം എന്ന ചോദ്യത്തിനു മുന്‍പില്‍ നാം നിസ്സഹായരാവുന്നു. കഷ്ടപ്പെടുന്ന അനേകായിരങ്ങള്‍ക്ക് വേണ്ടി പറയാന്‍ നമുക്ക് വാക്കുകള്‍ മാത്രമേയുള്ളൂ... ചെയ്യാനൊന്നുമില്ല.

ഇങ്ങിനെ ചിലത് കാണുമ്പോള്‍ നമ്മുടെ ഉള്ളം വേദനിക്കുന്നു, അവര്‍ക്കായി സങ്കടപ്പെടുന്നു... കുറച്ചു കഴിയുമ്പോള്‍ നമ്മുടെ അടുത്ത (സ്വന്തം) നേട്ടം എത്തിപ്പിടിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരാവുന്നു - അല്ലാതെ നാമെന്ത് ചെയ്യാന്‍ അല്ലേ!

ശാലിനി said...

എന്താ പറയേണ്ടതെന്ന് അറിയില്ല. മനസ് വിങ്ങുന്നു.

പട്ടേരി l Patteri said...

നേരിന്റെ കഥ പറയുന്ന കഥാകാരീ,
നീറുന്ന വേദനകള്‍ ..എവിടെയൊക്കെയോ :(

Inji Pennu said...

പാര്‍വ്വതീ, അവളെ അക്ഷരങ്ങള്‍ പഠിപ്പിക്കൂ, അറിവിന്റെ ലോകത്തേക്ക് നയിക്കൂ. എന്നിട്ട് അവളോട് അവനെ കൊന്നു കളയാന്‍ പറയൂ, അപ്പോള്‍ അവള്‍ അത് ചെയ്തേക്കും. വെറുതേ സഹതപിക്കുന്നത് അവളുടെ ഭര്‍ത്താവ് ചെയ്യുന്നതിനേക്കാളും ക്രൂരം.

കണ്ണൂസ്‌ said...

അവളെ ആശ്വസിപ്പിച്ചിട്ട്‌ കാര്യമില്ല പാര്‍വതീ. സ്വയം ആശ്വസിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കാം നമുക്ക്‌. :-(

indiaheritage said...

പോയവഴിക്ക്‌ അവള്‍ മരുന്നു മേടിച്ചില്ലെങ്കില്‍ ആ കാശും പിടിച്ചു മേടിച്ച്‌ പൗവ്വ അടിക്കുന്നവരാണേ ഈ "പതിദേവന്‍"മാര്‍

അത്തിക്കുര്‍ശി said...

ദൈവമേ!

കുട്ടന്മേനൊന്‍::KM said...

നഗരത്തിന്റെ മറ്റൊരു മുഖം. :(

സജിത്ത്|Sajith VK said...

മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, അതിനെനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്തോ?
ഇഞ്ചിപ്പെണ്ണ് പറഞ്ഞതാണ് മാര്‍ഗ്ഗം എന്ന് തോന്നുന്നു, അവരെ അല്ലെങ്കിലും, അടുത്തതലമുറയെ എങ്കിലും നമുക്ക് പഠിപ്പിക്കാന്‍ ശ്രമിക്കാം........

ഈമൊഴി said...

ദയവായി താങ്കളുടെ പുതിയ മലയാളം ബ്ലോഗ് URL emozhi.com -ലും കൂടി സമര്‍പ്പിക്കുക. മലയാളത്തില്‍ ബ്ലോഗുകള്‍ സേര്‍ച്ചുചെയ്യുവാനും, സബ്മിറ്റ് ചെയ്യുവാനും ഇവിടെ അവസരമുണ്ട്. ഓരോ സൃഷ്ടിയും തനത് url ഉം, keyword കളും ഉപയോഗിച്ച് ഈമൊഴിയില്‍ സബ്മിറ്റ് ചയ്യുമല്ലോ..

രാജു ഇരിങ്ങല്‍ said...

പാര്‍വ്വതിയുടെ കഥ വല്ലാതെ നോവിക്കുന്നു വായനക്കാരനെ.
ഈ കഥ വായിക്കുമ്പോള്‍ ഓര്‍മ്മ വന്നത് ഇന്ദു മേനോന്‍റെ കഥയില്‍ കുതിര മൂത്രം വാങ്ങിക്കാന്‍ പോകുന്ന മകന്‍ റെയും അമ്മയുടേയും കഥയാണ്. വായിച്ചു കാണുമല്ലൊ.
അഭിനന്ദനങ്ങള്‍.

പിന്നേ.. ഡല്‍ഹിബ്ലോഗേഴ്സ് ആരൊക്കെയാണെന്ന് എനിക്ക് അറിയില്ല. മാര്‍ച്ച് 2 - ന്‍ മുഴുവന്‍ സമയം ഞാന്‍ ഡല്‍ഹിയില്‍ ഉണ്ടാകും അന്ന് കഴിയുമെങ്കില്‍ അറിയാവുന്ന ബ്ലോഗേഴ്സിനെ കാണണമെന്ന് ആഗ്രഹമുണ്ട്. ആരൊക്കെ എന്നുള്ളത് അറിയുവാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു.

വല്യമ്മായി said...

:(

KANNURAN - കണ്ണൂരാന്‍ said...

നിതാരിയിലെരിഞ്ഞടങ്ങിയ കുരുന്നുകള്‍ക്ക് പാര്‍വതിയുടെ സമര്‍പ്പണം... അറിയാതെ ഉള്ളിന്റെയുള്ളിലൊരു തേങ്ങല്‍...

KANNURAN - കണ്ണൂരാന്‍ said...

നിതാരിയിലെരിഞ്ഞടങ്ങിയ കുരുന്നുകള്‍ക്ക് പാര്‍വതിയുടെ സമര്‍പ്പണം... അറിയാതെ ഉള്ളിന്റെയുള്ളിലൊരു തേങ്ങല്‍...

മഴത്തുള്ളി said...

കഷ്ടം. ഇതു വായിച്ചിട്ട് എന്തെഴുതണമെന്ന് തന്നെ മനസ്സിലാവുന്നില്ല. ഏതു രീതിയിലും പണമുണ്ടാക്കാന്‍ തക്കംനോക്കിയിരിക്കുന്നു ചിലര്‍. കുരുന്നുകളെ വില്‍ക്കുന്നവര്‍.. :(

കുറുമാന്‍ said...

പാര്‍വ്വതി, ഞാനെന്തു പറയാന്‍ തന്റെ ഈ കഥക്കു മുന്‍പില്‍. ഇതു കഥയല്ല, നോയിഡയില്‍ ഞാന്‍ ക്ണ്ടിട്ടുണ്ട് ഇതു പോലെ അനവധി കഥാപാത്രങ്ങളെ.

സെക്റ്റര്‍ ഇരുപതിലെ ഒരു പെന്തക്കോസ്ത് ഫാമിലിയുടെ ഓര്‍മ്മകളിലേക്ക് ഈ പോസ്റ്റ് എന്നെ നയിച്ചു. യൂറോപിനു ശേഷം എഴുതാം.

പാര്‍വ്വതീ, ഒരിക്കല്‍ കൂടി, തന്റെ എഴുത്ത്, പ്രത്യേകിച്ചും സമകാലീന സംഭവങ്ങളെ ബന്ധിച്ചുള്ളത്, തുടരുക

കുറുമാന്‍ said...

പാര്‍വ്വതി, ഞാനെന്തു പറയാന്‍ തന്റെ ഈ കഥക്കു മുന്‍പില്‍. ഇതു കഥയല്ല, നോയിഡയില്‍ ഞാന്‍ ക്ണ്ടിട്ടുണ്ട് ഇതു പോലെ അനവധി കഥാപാത്രങ്ങളെ.

സെക്റ്റര്‍ ഇരുപതിലെ ഒരു പെന്തക്കോസ്ത് ഫാമിലിയുടെ ഓര്‍മ്മകളിലേക്ക് ഈ പോസ്റ്റ് എന്നെ നയിച്ചു. യൂറോപിനു ശേഷം എഴുതാം.

പാര്‍വ്വതീ, ഒരിക്കല്‍ കൂടി, തന്റെ എഴുത്ത്, പ്രത്യേകിച്ചും സമകാലീന സംഭവങ്ങളെ ബന്ധിച്ചുള്ളത്, തുടരുക

സങ്കുചിത മനസ്കന്‍ said...

കഥയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഈ പോസ്റ്റിനെ മഹത്തരമാക്കുന്നു. അനുഭവമായതിനാല്‍ ഇത് എല്ലാവരേയും ഞെട്ടിപ്പിക്കുന്നു.

ഒരു സര്‍ഗ്ഗസൃഷ്ടിയില്‍ ഉപയോഗപെടുത്താവുന്ന കുറേ വാചകങ്ങള്‍ അനുഭവക്കുറിപ്പുകളില്‍ക്കൂടി പാര്‍വതിക്ക് നഷ്ടമാകുന്നു.

ഉദാ:
അഴുകിനാറുന്ന ഓടയില്‍ നിന്ന് കിട്ടിയ, കിട്ടാനിരിക്കുന്ന എണ്ണമറ്റ ചെറിയ തലയോടുകള്‍ക്ക് സമര്‍പ്പണം.

കരിഞ്ഞ റോസമൊട്ടുകള്‍ പോലെ എങ്ങോ മറഞ്ഞു പോയ മാറിടങ്ങള്‍..

-സങ്കുചിതന്‍

G.manu said...

നഗരത്തില്‍ മലിനമാകാത്തതായി കണ്ണീരുപോലുമില്ല പാറ്‍വതി..

വിചാരം said...

ഭാരതീയ സംസ്ക്കാരത്തിന്‍റെ മഹത്വവും(“ഹേ റാം, “വോ മേരാ പതീദേവ് ഹേ” എന്ന് പറഞ്ഞ് തന്റെ സിന്ദൂരം വലത് കൈ കൊണ്ട് മറച്ച് ഞാന്‍ പറഞ്ഞതിന് അവള്‍ ഏത്തമിട്ട് പ്രായശ്ചിത്തം ചെയ്തു.) ജീര്‍ണ്ണതയും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളെന്ന പോലെ ആവഷ്ക്കരിച്ചിരിക്കുന്നു പാര്‍വ്വതി ഈ സംഭവത്തില്ലൂടെ
ഭര്‍ത്താവിനെ ദേവനായി (ദൈവതുല്യനായി) കാണുന്ന ഭാരതീയ സ്ത്രീകളോട് അസുരന്‍റെ സ്വഭാവ വൈശിഷ്ട്യം പ്രകടിപ്പിക്കുന്ന ഭര്‍ത്താക്കന്മാര്‍ നമ്മുടെ ഭാരതത്തിന്‍റെ ജീര്‍ണ്ണത നിറഞ്ഞ സംസ്ക്കാരത്തിന്‍റെ വക്താക്കളാവുന്നു ഇവിടെ പാര്‍വ്വതി ചെയ്യേണ്ടത് ബോധവത്കരണമാണ് ഭര്‍ത്താവിന്‍റെ ചുമതലകള്‍ എന്തെല്ലാമാണന്ന് ആ പാവം സ്ത്രീയെ പറഞ്ഞു മനസ്സിലാക്കണം ആ സ്ത്രീയുടെ ചിന്താശക്തിയെ ഉണര്‍ത്തണം അവര്‍ക്കൊത്തിരി നിയമ സം‍രക്ഷണമുണ്ടന്ന് മനസ്സിലാക്കി കൊടുക്കണം ഏറ്റവും പുതിയ നിയമമായ ഗാര്‍ഹിക പീഢനത്തെ കുറിച്ച് ബോധവതിയാക്കണം, ഭര്‍ത്താവിനെ ദേവനായി കാണുന്നുവെങ്കില്‍ ഭാര്യയെ ദേവിയായും കാണണം, ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഇഷ്ടക്കേടും പൊരുത്തക്കേടും ഊണ്ടാവാം രണ്ട് വ്യക്തികളുടെ കൂടി ചേരലുകളില്‍ അതു തികച്ചും സ്വാഭാവികമാണ് ഭര്‍ത്താവിന്‍റെ ക്രൂരതകള്‍ സഹിച്ച് ഭാര്യയും ഭാര്യയുടെ സ്വഭാവ രീതിയില്‍ മനം നൊന്ത് ഭര്‍ത്താവും തന്‍റെ വിലപ്പെട്ട ജീവിതം ഹോമിക്കപ്പെടാനുള്ളതല്ല പരിഹരിക്കന്‍ ശ്രമിക്കുക ഇല്ലെങ്കില്‍ നിയത്തിന്‍റെ വഴിയില്ലൂടെ പരിഹാരം തേടാന്‍ സ്വയം പര്യാപ്തമക്കുക അതിനായ് പാര്‍വ്വതിമാരും മറ്റും മുന്നോട്ട് വരണം നിങ്ങള്‍ കൊടുക്കുന്ന നാണയ തുട്ടുകള്‍ കൊണ്ട് ഇതൊന്നും പരിഹരിക്കപ്പെടുകയില്ല ആ നാണയ തുട്ടുകള്‍ ഏതെങ്കിലും ചാരായ ഷോപ്പിലെ മുതലാളിക്ക് മുതല്‍ കൂട്ടായിതീരും പീഢനം പിന്നേയും ആ പാവം സ്ത്രീക്ക് ബാക്കി

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

That was touching..!

maheshcheruthana/മഹേഷ്‌ ചെറുതന said...

അഴുകിനാറുന്ന ഓടയില്‍ നിന്ന് കിട്ടിയ, കിട്ടാനിരിക്കുന്ന എണ്ണമറ്റ ചെറിയ തലയോടുകള്‍ക്ക് സമര്‍പ്പണം.....................ഒരു കണ്ണുനീര്‍ത്തുള്ളി .............
ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ ഈ കാലഘട്ടത്തിന്റെ അവശ്യമാണു!