തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, November 28, 2006

കണക്കിലെ കളികള്‍

“പെണ്ണേ നീ മിണ്ടാതിരിക്കുന്നുണ്ടോ, അപ്പനെ എരികേറ്റി വിട്ടോ നീ, എന്നിട്ട് അതും പറഞ്ഞ് കണ്ടവരോടൊക്കെ തല്ലൊണ്ടാക്കാന്‍ നടക്കുന്ന ഒരപ്പനും പറ്റിയ മോളും..”

പതുക്കെ ഊതിയൂതി കത്തിച്ച തീയാണ് അമ്മ വെള്ളമൊഴിച്ച് കെടുത്താന്‍ നോക്കുന്നത്.

“അത് ശരി, ഞാന്‍ പറയുന്നതാ തെറ്റ്, ഞങ്ങളെ കൊരങ്ങന്മാരെന്ന് വിളിച്ചാല്‍ അതിന്റെ അര്‍ത്ഥം എന്താ, ഞാന്‍ കൊരങ്ങാണെങ്കില്‍ വീട്ടിലുള്ളവരെല്ലാം കൊരങ്ങല്ലേ, അപ്പനും കൊരങ്ങാന്നല്ലേ അപ്പോ ടീച്ചറ് പറഞ്ഞേ..” ഞാന്‍ പിന്നെയും പ്രതീക്ഷ കൈവിടാതെ തുടര്‍ന്നു.

സര്‍ക്കാര്‍ സ്കൂളിലെ ആദ്യവര്‍ഷമാണ്, തൊട്ടപ്പുറത്തുള്ള ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് വന്നിട്ട് തട്ടികേറാന്‍ വന്ന ചേട്ടന്മാരെ വിരട്ടിയതിന്റെ ബഹളം അടങ്ങിയിട്ടില്ല, അപ്പോഴാണ് ഞാന്‍ അടുത്ത പുകിലും കൊണ്ട് വീട്ടിലെത്തിയത്.

ആ വര്‍ഷം പുതിയതായി വന്നതാണ് മലപ്പുറത്ത് നിന്ന് റഷീദ ടീച്ചര്‍. ലോറേഞ്ചിലേയ്ക്കുള്ള പലര്‍ക്കും ഒരു പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആണ് ഹൈറേഞ്ചിലെ നിയമനങ്ങള്‍, സര്‍ക്കാര്‍ ചിലവില്‍ ആറ് മാസം ലീവിലായിരിക്കും പലരും, വല്ലപ്പോഴും വരുമ്പോഴാവട്ടെ അങ്ങാടീ തോറ്റതിന് അമ്മയോട് എന്ന പോലെ ദേഷ്യം മുഴുവന്‍ കുട്ടികളുടെ അടുത്തും.

അല്ലെങ്കില്‍ തന്നെ കണക്കില്‍ ഇത്തിരി കണക്കായ ഞാന്‍, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച പല വാക്കുകളും ഒരര്‍ത്ഥവും അറിയാതെ മലയാളത്തില്‍ കണ്ടപ്പോള്‍ വീണ്ടും പേടിച്ചു, ല.സാ.ഗു വും ഉ.സാ.ഗു. വും ഒക്കെ പഠിച്ചതാണെങ്കില്‍ അതെന്ത് എന്ന് പിടികിട്ടാന്‍ ഇത്തിരി സമയമെടുത്തു,പക്ഷേ ഈ സമയം കൊണ്ട് ഞാന്‍ അവരുടെ കണ്ണിലെ കരടും ആയി.പോരാത്തതിന് ക്ലാസ് ടീച്ചറും.

കൂട്ടത്തില്‍ തേങ്ങാചമ്മന്തിക്ക് മുകളില്‍ കടുക് കിടക്കുന്നത് പോലെ നാടടച്ച് ആക്ഷേപവും, എന്നേ ചീത്ത പറഞ്ഞെന്ന് കേട്ടാല്‍ അപ്പന്‍ അത്ര അനങ്ങില്ലെന്നറിയാമെങ്കിലും നാടിനെ പറഞ്ഞാല്‍ അപ്പന് ചോര തിളയ്ക്കുമെന്ന് എനിക്ക് നന്നായറിയാം..

അതിന്റെ ഭാഗമായാണ് ഈ എരികയറ്റല്‍.

“ഗുരുക്കന്മാരെ ബഹുമാനിക്കണം, അവര് ചീത്ത പറഞ്ഞാലും കേക്കുന്നത് കൊണ്ട് ദോഷമൊന്നും ഇല്ല” അമ്മ വക.

“അത് കൊള്ളാം, അപ്പോ ഈ മലമോളിലുള്ളവരൊക്കെ കാടന്മാരാന്നും, കപ്പേം കാച്ചിലും മാത്രം തിന്നുന്നത് കൊണ്ടാ പോത്തിന്റെ ബുദ്ധിയെന്നും ഒക്കെ പറയുന്നത് വെറുതെ ഇരുന്ന് കേള്‍ക്കാം അല്ലേ, അദ്ധ്യാപകരെ ബഹുമാനിക്കണം പക്ഷേ കുട്ടികളെ കുരങ്ങന്മാരായി കാണുന്നവരെ ബഹുമാനിക്കാന്‍ എന്താ ചെയ്യണ്ടേ?” ഞാന്‍ വക

ഈ പരിശ്രമം കര്‍ക്കിടകം തീരുന്നത് വരെ ഞാന്‍ തുടര്‍ന്നു, പറമ്പില്‍ പോവാതെ അപ്പന്‍ വീട്ടിലിരിക്കുന്ന സമയമാണല്ലൊ അത്, അങ്ങനെ ഒരു ദിവസം അപ്പന്‍ തേച്ച വെള്ളമുണ്ടും പുതിയ ഷര്‍ട്ടും ഒക്കെയിട്ട് കുടയും തൂക്കി ഇറങ്ങിയപ്പോള്‍ എന്റെ പ്രയത്നങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയെന്ന് കണ്ട് ഞാന്‍ സന്തൊഷിച്ചു.

“കുരുത്തം കെട്ട പെണ്ണ്”, എന്ന അമ്മയുടെ ചൊരുക്ക് കേള്‍ക്കാതെ തന്നെ

എന്റെ മനസ്സമാധാനത്തിന് റഷീദ ടീച്ചറിന് പെട്ടന്ന് തന്നെ സ്ഥലം മാറ്റം കിട്ടി, എന്റെ ആഗ്രഹം അവര്‍ക്ക് വല്ല അട്ടപ്പാടീലോ മാട്ടുപെട്ടീലോ കിട്ടണമെന്നായിരുന്നു, എന്റെ കാണിക്ക മാത്രമല്ല അവരുടെ കാണിക്കയും സ്വീകാര്യമാണെന്നറിയിച്ചാവും അവര്‍ക്ക് നാട്ടിലേയ്ക്ക് തന്നെ സ്ഥലം മാറ്റം കിട്ടി.

അപ്പന്‍ സഹപാഠി ലൊക്കല്‍ ചോട്ടാ നേതാവിനേയും അത് വഴി വലിയ നേതാവിനേയും ഒക്കെ കണ്ടുവെന്നറിഞ്ഞപ്പോഴേയ്ക്കും ഞാന്‍ ല.സാ.ഗു വും ഉ.സാ.ഗു വും ഒക്കെ പഠിച്ച് കഴിഞ്ഞിരുന്നു.


“ദേ നിന്നെ സ്റ്റാഫ് റൂമില്‍ വിളിക്കുന്നു..”
ഇന്നേത് കുറ്റസമ്മതമാണ് നടത്തേണ്ടത് എന്ന് കരുതി,ചെന്നപ്പോള്‍ അവിടെ റഷീദ ടീച്ചറിനെ കണ്ടു
“അവസാന വര്‍ഷം ആയീല്ലേ, പഠിത്തം നടക്കുന്നുണ്ടോ?”
“നല്ല മാര്‍ക്ക് കിട്ടട്ടെ, ഉഴപ്പിത്തിരി കൂടുതലാണല്ലേ, പഠിത്തത്തില്‍ ശ്രദ്ധിക്കണം ”

ചങ്കില്‍ മീന്‍ മുള്ള് തടഞ്ഞത് വിഴുങ്ങുമ്പോള്‍ ഇളിക്കുന്നത് പോലെ ഒരു ചിരി ചിരിച്ച് അവിടെ നിന്നും ഊരി പോരുമ്പോള്‍ യുണിഫോം ഇടാതെ നടക്കുന്നത് കണ്ടാല്‍ ചെവി കിഴുക്കി പൊന്നാക്കി വിടുന്ന ഹെഡ്മാഷിനെ കാണാതിരുന്നതിലുള്ള സന്തോഷം ആയിരുന്നു മനസ്സില്‍ കൂടുതല്‍.

-പാര്‍വതി.

Monday, November 27, 2006

ഈ പോത്തിന് ഈ വേദം

“മൂധേവി. കുടുംബം കുളം തോണ്ടാനാ അവളെ ഇങ്ങോട്ട് കെട്ടിയെടുത്തെ, എടീ ശ്യാമളെ, എടീ ശ്യാമളെ”

അലറി വിളിക്കല്‍ തുടങ്ങിയിട്ട് കുറെ നേരമായിരിക്കുന്നു, ഇത്തിരി കാപ്പിക്കുരു ഉള്ളത് പറിക്കാനിറങ്ങിയതാണ് എന്റെ കുടുംബം, ഞാനാണെങ്കില്‍ ഒരു ഏണിയില്‍ കയറി പൊങ്ങി നിന്ന കുരുമുളക് കൊടി വള്ളികളൊക്കെ കെട്ടിവയ്ക്കയും..

“ഇതെന്ത് പറ്റി സോമന്? അവനിന്ന് തട്ടകത്തിലാണല്ലോ”

കട്ടങ്കാപ്പിയും കൊണ്ട് വന്ന അമ്മയോട് അപ്പന്‍ ചോദിച്ചു.

“അവള്‍ടെ അമ്മായിയമ്മ അവനെ എരികേറ്റി വിട്ടതാരിക്കും, അല്ലേലും എല്ലാ തള്ളമാരും അങ്ങനെതന്നെയാ“ പൊതുവാക്കില്‍ അമ്മായിയമ്മെയെന്ന് പറയപ്പെടുന്ന സ്വന്തം അമ്മയ്ക്കിട്ടും ഭാര്യ ഒന്ന് താങ്ങിയത് കേട്ടിട്ട് അപ്പന്‍ ഇത്തിരി അന്തിച്ച് നിന്നു.

“എന്താ സോമാ കാര്യം?”

അപ്പന്‍ കലിതുള്ളി നിന്ന സോമന്‍ ചേട്ടനോട് ചോദിച്ചു..

“ഒന്നും പറയണ്ടെ ജോയിചേട്ടാ..ഈ മൂധേവി കാരണം എനിക്ക് ജീവിതം നരകമായി. ഇവള്‍ക്ക് ദിവസവും പണി ഉണ്ടെന്നുള്ളതിന്റെ ഹുങ്കാ, ഇവക്കെവിടുന്നാ മാസാമാസം പുതിയ തുണീം ദിവസവും പലഹാരങ്ങളും വാങ്ങാന്‍ കാശ്, ഞാന്‍ ചോദിച്ചാ ഇല്ലെന്ന് പറയുകേം, ഇന്നറിഞ്ഞീട്ട് തന്നെ കാര്യം അവളാണൊ ഞാനാണൊ കെട്ടിയോനെന്ന്.”

“പോട്ടെ സോമാ, അവള്‍ അധ്വാനിച്ചുണ്ടാക്കുന്ന കാശ് കൊണ്ടല്ലേ, നീ മാസാമാസം മൂന്ന് മക്കള്‍ക്കും അവള്‍ക്കും കൂടി ഒരു ചാക്ക് അരിയും വാങ്ങി കൊടുത്ത് കടമ തീര്‍ക്കും, ഓണോം കോടീം നിനക്ക് പറഞ്ഞിട്ടില്ലേലും അവര്‍ക്ക് വേണ്ടെ“, അമ്മയുടെ വക ഉപദേശം

കഥയിങ്ങനെ,

നാലാങ്ങളമാര്‍ക്ക് ഒറ്റപെങ്ങളായ ശ്യാ‍മളയെ ടി സോമന് കെട്ടിച്ച് കൊടുക്കുമ്പോള്‍ അങ്ങേര്‍ക്ക് മനുഷ്യക്കൊലം പോലും ഇല്ലെന്ന് അവര്‍ നോക്കാതിരുന്നതിന് കാരണം, പെണ്ണ് മാത്രം മതിയെന്ന് പറഞ്ഞ് ഇവരങ്ങ് ചെന്നത് തന്നെ, രണ്ട് കൂട്ടര്‍ക്കും ലാഭം, ഒരു പൈസ ചിലവില്ലാതെ പെണ്ണിനെ ഉറക്കി വിട്ട ആശ്വാ‍സം അപ്പുറത്ത്, ഈ മോന്തയ്ക്ക് ഒരു തരക്കെടില്ലാത്ത പെണ്ണിനെ കിട്ടീല്ലോ എന്ന ആശ്വാസം ഇപ്പുറത്ത്. പക്ഷേ ആശ്വാസം ദീര്‍ഘശ്വാസമായത് രണ്ടാമത്തെ കുട്ടിയുണ്ടായതോടെ, ആദ്യത്തെ കുട്ടി അമ്മായിഅമ്മയെ പോലെ, കണ്ടപ്പോ പേടിച്ച് പോയെന്ന് ശ്യാമള തന്നെ സാക്ഷ്യം പറയുന്നു, രണ്ടാമത്തെ കുട്ടി കറുത്തതെങ്കിലും ഇത്തിരി സുന്ദരികുട്ടി, മൂന്നമത്തേതോ രണ്ടും വിട്ട് നല്ല വെളുത്ത് ചുവന്ന് നിണ്ട തലമുടിയും ഒക്കെയായി..അന്ന് തോട്ട് ശ്യാമള അറിയാതെ വീടിനകത്ത് ഒളിച്ചിരിക്കുക, സമയം പറയാതെ വീട്ടില്‍ കയറി ചെന്ന് കട്ടിലിനടിയും മറ്റും പരതുക ഇതൊക്കെ പതിവായി. ദിവസ കൂലിക്കാരനായ സോമന് ഭാര്യക്ക് മൂന്നൂറ്ററുപത്തഞ്ച് ദിവസം പണിയും പിന്നെ ഉത്സവബത്തയും ഒക്കെ കിട്ടുന്നത് അതിലും വെറുപ്പ്.

ശ്യാമള ചേച്ചി തലയിലൊരു കുടം വെള്ളവുമായി വരുന്നത് കണ്ടു,

“വാടി ഇങ്ങൊട്ട്, ഇന്ന് നിന്റെ കള്ളത്തരം ഞാന്‍ പൊളിക്കും, ആരാടി നിനക്ക് എന്നും ചായക്കട പലഹാരം വാങ്ങി തരുന്നത്...ആഹാ...എന്നോട് കള്ളം പറയുന്നൊ, ഇന്ന് രണ്ടിലൊന്നറിയണം”

“നിങ്ങളൊന്ന് അലറാതിരിക്കെന്റെ മനുഷ്യാ, നാട്ടാര് മൊത്തം കേള്‍ക്കും”

“അതേടീ നാട്ടാര് കേള്‍ക്കുന്നതാ നിനക്ക് കുറവ്, ഞാനൊന്നും അറിയുന്നില്ലെന്ന് കരുതി അഹങ്കരിക്കുവാ നീ അല്ലെടീ....”

ഒച്ചയും ബഹളവും ഏറിയും കുറഞ്ഞും നിന്നു. പക്ഷേ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല, നല്ല അയല്‍ക്കാരെന്ന നിലയില്‍ ഇത്രയും സമയമായ സ്ഥിതിക്ക് ഇനി പിടിച്ച് മാറ്റാം എന്ന് തീരുമാനിച്ച് അപ്പനും അമ്മയും അങ്ങോട്ട് നീങ്ങി, പിന്നാലെ ഞാനും, ഞങ്ങള്‍ മുറ്റത്തെത്തിയതും എന്തോ വലിയ ശബ്ദത്തില്‍ വീഴുന്നതും അയ്യോ അമ്മേ ന്ന് ശ്യാമള ചേച്ചിയുടെയുടെ കരച്ചിലും കേട്ടു, അത്യാഹിതം സംഭവിച്ചു എന്ന് തന്നെ കരുതി ഓടി അകത്ത് ചെന്നപ്പോള്‍ സോമന്‍ ചേട്ടനെ താങ്ങിയിരുത്തുന്ന ശ്യാമള ചേച്ചിയേ ആണ് കണ്ടത്, ഇത്തിരി ദൂരത്ത് ഒരു കൊരണ്ടി പലകയും..

“ഈ മനുഷ്യനോട് ഞാന്‍ പണ്ടേ പറഞ്ഞതാ ഞാന്‍ കഷ്ടപെട്ടുണ്ടാക്കുന്ന പൈസ എനിക്കും മക്കള്‍ക്കും വേണ്ടിയാണെന്ന്, ഇങ്ങേര് രാവും പകലും ഇല്ലാതെ സ്വന്തം വീട്ടില്‍ ഒളിച്ചിരിക്കുന്നതും പാതിരാത്രിയില്‍ കയറി വന്ന് കട്ടിലിനടിയിലും അലമാര പിന്നിലും ഒക്കെ പരതുന്നതും ഞാന്‍ എന്തെലും പറഞ്ഞോ, നാല് വയറിന്റെ തീറ്റയ്ക്ക് ഇങ്ങേര് എന്തേലും തരണേന്ന് പറഞ്ഞ് അങ്ങോട്ട് വന്നോ, പിന്നെ എന്നെ മേക്കിട്ട് കേറാനും കൂടി വന്നാലോ, ദേ മനുഷ്യാ കാപ്പി, വേണെല്‍ കുടി..ഈ പോത്തിന് ഈ വേദമെന്ന് എനിക്കറിയാഞ്ഞിട്ടാണൊ, വേണ്ടാന്ന് വച്ചാ സമ്മതിക്കേലാന്നാണെങ്കില്‍ എന്ത് ചെയ്യാനാ?

ശ്യാമള ചേച്ചി ഇട്ട കട്ടങ്കാപ്പിയും കുടിച്ച് തിരിച്ച് കാപ്പി ചൊട്ടിലേയ്ക്ക് നടക്കുമ്പോള്‍ അപ്പന്‍ അമ്മയെ സ്നേഹത്തോടെ ഒന്ന് നോക്കുന്നത് പോലെ തോന്നി.

അല്ല ഞാനൊന്നും കണ്ടില്ല.

-പാര്‍വതി.

Tuesday, November 21, 2006

കാലം തെറ്റിയ പെയ്യുന്ന മഴകള്‍

“വിനോദ്, ഇനി വയ്യ, ഇത് അവസാനത്തെ ശ്രമം” നിര്‍മ്മലയ്ക്ക അങ്ങനെ പറയുമ്പോഴും മനസ്സിലെ സങ്കടം കാരണം തൊണ്ട അടഞ്ഞു നിന്നു..

എത്രകാലമായെന്ന് പോലും ഓര്‍ത്തെടുക്കാനാവാത്ത പരീക്ഷണങ്ങളുടെ കൊടും വേനല്‍ കാലം, ഈ ആശുപത്രി മുറികളും ഇവിടുത്തെ നിശബ്ദതയും ഇടനാഴികള്‍ തെളിയുന്ന കണ്ണുകളുള്ള മനുഷ്യരും ആദ്യമാദ്യം നിര്‍മ്മലയെ പേടിപ്പിച്ചിരുന്നു, പിന്നെ ഓരോ പരാജയങ്ങളുടെയും പുനര്‍ചിന്തനത്തിനും ഒരിക്കല്‍ കൂടി എന്ന മോഹത്തിനും അടിമപെട്ട് തിരിച്ചെത്തവെ എന്നോ ആ പേടികള്‍ ഒഴിഞ്ഞ് പോയി.

ഇടവഴികള്‍ കടന്ന് വന്ന് ഇണചേരുവാന്‍ ബലമില്ലാത്ത ബീജങ്ങളുടെ കാത്തിരിപ്പിനാല്‍ ഊഷരമായ ഭൂമി പോലെ അവളുടെ ഉള്ളില്‍ പിറക്കാന്‍ കാത്തിരിക്കുന്ന ജീവനുകള്‍ തുടിച്ചു, ഓരോ പ്രാവശ്യവും ശീതീകരിച്ച് സൂക്ഷിച്ച് വച്ചിരിക്കുന്ന അവയെ ഉള്ളില്‍ കടത്തിവിടുമ്പോള്‍ ഒരു പരീക്ഷണവസ്തുവിന്റെ നിസ്സാരതയില്‍ അവള്‍ നീറി.

“സങ്കടപെടാതെ നിമ്മി” ഡോക്ടര്‍ വിനോദിന്റെ സ്വരം ഒരു മന്ത്രണം പോലെ, ഒരു പൂമ്പാറ്റയെ പിടിക്കാന്‍ പോകുന്ന മൃദുലതയോടെയാണ് അയാളുടെ കയ്യുകള്‍ ജോലി ചെയ്യുന്നത് എന്ന് അവള്‍ വിചാരിച്ചു,

“ഇപ്രാവശ്യം ശരിയാവും, ശുപാപ്തിവിശ്വാസം അതാണല്ലോ നിന്നെ ഇത്രയും കാത്തിരിക്കാന്‍ പ്രേരിപ്പിച്ചത്, ഈയൊരുവട്ടം കൂടി”, അവളുടെ മനസ്സിലെ തീക്കനല്‍ കാറ്റിനെ അണയ്ക്കാന്‍ പെയ്യുന്ന പുതുമഴ പോലെ ആ ശബ്ദം..

“ഇന്നെനിക്ക് ബേണ്‍ അന്‍ഡ് ഇഞ്ച്യുയറി വാര്‍ഡില്‍ ഒരു ഇന്‍സ്പെക്ഷനുണ്ട്, അത് കഴിഞ്ഞ് ഞാന്‍ കൊണ്ട് വിടാം” വേണ്ടെന്ന് പറയാന്‍ തോന്നിയില്ല, ഇരുട്ടിന്റെ ഏകാന്തതയില്‍ ഒരു കല്ലറ പോലെ വലിയ വീടും അതിലെ അനക്കമില്ലാത്ത കാറ്റും, അതിലും ആശ്വാസം ജീവന്റെയും മരണത്തിന്റെയും നിരന്തര പാദപതനം കേള്‍ക്കുന്ന ഈ ഇടനാഴികള്‍ തന്നെ.

“എന്നാല്‍ എന്റെ കൂടെ പോന്നോളൂ, അവിടെ ഡ്യൂട്ടി റൂമില്‍ ഇരുന്നോളൂ, ഒരു ക്രിട്ടിക്കല്‍ കേസ്സ് ആണ്, ഒരു കൂട്ടം കുട്ടികളുണ്ട്“ വിനോദിന്റെ കൂടെ ഇടവഴികള്‍ ഇറങ്ങികയറി നടന്നപ്പോള്‍ മരച്ച് കിടക്കുന്ന ജീവിതത്തിന്റെ കണികകള്‍ ശല്യപെടുത്താന്‍ വരുന്നില്ലെന്ന് അവള്‍ ഓര്‍ത്തു.

സ്റ്റാഫ് നേഴ്സ് മുന്‍പരിചയത്തോടെ ഒരു കസേര നീക്കിയിട്ടു തന്നു, അതില്‍ വെറുതെ മേശപ്പുറത്ത് കിടന്ന മാനുവലുകള്‍ തിരിച്ച് നോക്കിയിരിക്കുമ്പോള്‍ പലതരത്തില്‍ പൊള്ളലേറ്റവരുടെ മുഖങ്ങളും നീറ്റലിന്റെ ശബ്ദങ്ങളും കാതില്‍ വീണ് കൊണ്ടിരുന്നു, ഒട്ടോരു അപരിചത്വത്തോടെ ഇരിക്കവെയാണ് ഒരു കൂട്ടം യൂണിഫോമിട്ട കുട്ടികള്‍ സംസാരിച്ച് കൊണ്ട് കടന്ന് പോയത്, വിനോദ് പറഞ്ഞ ഹോസ്പിറ്റലിലെ ജൂനിയേര്‍സ് ആവും എന്ന് കരുതിയിരിക്കവെയാണ് ഇരുമ്പ് സ്ട്രക്ചറില്‍ എണ്ണ തേച്ച പ്ലാസ്റ്റിക്ക് ഷീറ്റില്‍ കിടത്തിയ ആ രൂപം കൊണ്ട് വരുന്നത് കണ്ടത്, ഒരു പകുതി കരിഞ്ഞ ശരീരം, വല്ലത്തൊരു വിറ ശരീരത്തില്‍ പടരുന്നതറിഞ്ഞു, ഭയത്തിന്റെ. കണ്‍പോളകള്‍ കരിഞ്ഞ് വെന്തിരുന്നു, എങ്ങോ മറഞ്ഞ കണ്മണികള്‍, അടയാന്‍ തുടങ്ങിയ കണ്ണുകളില്‍ കണ്ടത് ഉന്തി നില്‍ക്കുന്ന വയറും അതില്‍ കരിഞ്ഞ് പിടിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ബാക്കിയും വിണ്ട് കീറിയ വയറിന്റെ ഉള്ളില്‍ നിന്ന് കണ്ട ഇളം ചുവപ്പ് നിറമുള്ള ഭാഗങ്ങളും ആയിരുന്നു.

“നിമ്മി, സോറി, ഞാന്‍ നിന്നെ കൂട്ടിക്കൊണ്ട് വരരുതായിരുന്നു, ഒഴിവാക്കാന്‍ പറ്റാത്ത പാനലായതു കാരണവും നിന്റെ ഈ മാനസികാവസ്ഥയില്‍ ഒറ്റയ്ക്ക് വിടാന്‍ തോന്നാഞ്ഞതും കൊണ്ടാണ് ഞാന്‍ നിന്നെ കൂട്ടികൊണ്ട് വന്നത്” ജഗ്ഗിലെ തണുത്ത വെള്ളം നീട്ടി വിനൊദ് മാപ്പ് പറഞ്ഞു, കണ്ണില്‍ ഇരുട്ട് കയറിയ പോലെ തോന്നിയ നിമിഷങ്ങള്‍ പെട്ടന്ന് തന്നെ മറഞ്ഞിരുന്നു..

ഒന്നും മിണ്ടാതെ പതിവിലും പതുക്കെ നടക്കുന്ന വിനൊദിനെ പിന്തുടരുമ്പോള്‍ അറിയാതെ ചൊദിച്ച് പോയി,

“എന്തായിരുന്നു അത്.“

ഉറക്കെ പറയുന്ന ആത്മഗതം പോലെയാണ് വിനോദ് മറുപടി പറഞ്ഞത്

“അപകടമെന്ന് പറയുന്നു, എങ്കിലും ഞങ്ങള്‍ ഡോക്ടേഴ്സിനറിയാം അപകടവും ആത്മഹത്യയും തമ്മിലുള്ള വ്യത്യാസം, സ്വയം തീകൊളുത്തുമ്പോള്‍ ഏറ്റവും വൃണപെടുക മുഖവും നെഞ്ചും ശരീരത്തിന്റെ മുകള്‍ഭാഗവും ആണ്, അതേ സമയം അപകടത്തില്‍ ഏറ്റവും പെട്ടന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഭാഗങ്ങളും അത് തന്നെ,“ഗര്‍ഭിണിയാണ്, കൂടെ മൂത്ത കുട്ടിയേയും കൂട്ടിയാണ് ശ്രമിച്ചത്”

“ആ കുട്ടി”

“മരിച്ചു”

“അപ്പോ ഈ ശരീരം, പഠിക്കാന്‍?”

“അല്ല മരിച്ചിട്ടില്ല, ജീവന്റെ ഒരു തുടിപ്പുണ്ട് ബാക്കി, നിലനിര്‍ത്താനാവില്ല”

ഇനിയൊന്നും കേള്‍ക്കണമെന്നില്ലാതെ കാറിന്റെ സൈഡ് സീറ്റിലിരിക്കുമ്പോള്‍, നോവിലും ഉള്ളില്‍ കാര്‍മേഘങ്ങള്‍ കൂടൊഴിയുന്നത് പോലെ തോന്നി. എവിടെയോ പുതിയ മെഴുകുതിരികള്‍ തെളിയുന്നതായും.

-പാര്‍വതി.

Friday, November 17, 2006

മൂന്ന് വാര്‍ത്തകള്‍

മുല്ലപെരിയാര്‍ ഡാം തകരാന്‍ പോവുകയാണ് പോലും, ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ആഘോഷപൂര്‍വ്വം ഒരുക്കങ്ങളൊക്കെ തുടങ്ങി.. വേവലാതിപ്പെട്ട് അമ്മയെ വിളിച്ചിരുന്നു ഇന്നലെ, മലമുകളില്‍ നിന്ന് വെള്ളം താഴേയ്ക്കല്ലേ ഒഴുകൂ, നമുക്കൊരു കുഴപ്പവുമില്ല എന്ന് അമ്മ പറഞ്ഞപ്പോള്‍ സമാധാനം, എന്റെ ആരും മരിക്കില്ലല്ലോ,പിന്നെയെനിക്കെന്താ, ഇനി മറ്റൊരു സുനാമി വാര്‍ത്ത പ്രതീക്ഷിച്ചിരിക്കാം.
*************************************
കഴിഞ്ഞയാഴ്ച്ചത്തെ വാര്‍ത്തയാണ്, ഇപ്പോ പുതുമ നഷ്ടപെട്ടു, എന്നാലും, ടാക്സികളില്‍ സഞ്ചരിച്ച്, വൈകിയ വേളകളില്‍ നഗരത്തില്‍, (തലസ്ഥാന നഗരി തന്നെ) വന്നിറങ്ങുന്ന ആളുകളെ ഒരു മൊബൈലിന് വേണ്ടിയും, ലാപ്ടോപ്പിന് വേണ്ടിയും വസ്ത്രങ്ങള്‍ക്ക് വേണ്ടിയും കൊന്നൊടുക്കിയ ഏഴ് ആണ്‍കുട്ടികള്‍,പിടിയിലായത്രെ. എല്ലാവരും പതിനെട്ടിനും ഇരുപത്തിയൊന്നിനും മധ്യേ പ്രായം.കൂടുതലൊന്നും ലാഭമുണ്ടായിരുന്നില്ലെന്നും, എത്ര പേരെ കൊന്നെന്ന് ഉറപ്പില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞുവത്രെ, എന്നാലും പോലീസിന്റെ കണക്കനുസരിച്ച് ഇരുപത്തിയേഴ് പേരോളം ഇങ്ങനെ ആളറിയാത്ത ഓടകളില്‍ കിടന്ന് ചീയുന്നുണ്ട്..
എന്നാലെന്താ എന്റെ ആരും രാത്രികളില്‍ വരാനില്ല, നമുക്കെന്ത് സംഭവിക്കാന്‍..ലോകത്ത് അങ്ങനെയെന്തൊക്കെ സംഭവിക്കുന്നു, എന്ന് കരുതി ജീവിക്കാതിരിക്കനൊക്കുമോ, ഒട്ടും ശ്രദ്ധയില്ലാത്തവര്‍ക്കാണ് അങ്ങനൊക്കെ വരുന്നത്.
*********************************************
തൊട്ടടുത്ത സെക്ടറിലെ മൂന്നര വയസ്സുള്ള കുട്ടിയെ തട്ടികൊണ്ട് പോയിരിക്കുന്നു, വെറും കുട്ടിയല്ല, അഡോബിന്റെ (പ്രശസ്ഥ സോഫ്ട്വെയര്‍ കമ്പനി) സി.ഇ.ഓ യുടെ മകന്‍, രണ്ട് കോടിയാണ് പോലും വിടുതല്‍ തുക ചോദിക്കുന്നത്,തട്ടിയെടുത്തത് പട്ടാപകല്‍ ഒരു ബൈക്കിലും.ഇപ്പോള്‍ കൈമാറി കൈമാറി കുട്ടി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തി എന്ന് പോലീസ് പറയുന്നു..എന്തായാലെന്താ നാട്ടിലുള്ള എല്ലാ കുട്ടികളേയും പറ്റി ഞാന്‍ എന്തിനാ വേവലാതിപ്പെടുന്നത്, കൊടുക്കാനുള്ളത് ഉണ്ട് എന്നറിഞ്ഞ് തന്നെയാവും തട്ടി കൊണ്ട് പോയത്, അല്ലാണ്ടെന്താ
********************************
അടുപ്പില്‍ വച്ചിരിക്കുന്ന അരി തിളച്ച് തൂവുന്നുണ്ടോ, അതാ വേവലാതി, അല്ലെങ്കില്‍ പിന്നെ അത് വൃത്തിയാക്കാന്‍ ആ തൂപ്പുകാരി പെണ്ണിന്റെ കാല് പിടിക്കേണ്ടി വരും, കൂടുതല്‍ കാശും കണക്ക് പറഞ്ഞ് വാങ്ങും..അതൊന്ന് നോക്കട്ടെ.

-പാര്‍വതി.

Tuesday, November 14, 2006

ജന്മാന്തര ബന്ധങ്ങള്‍

ജനല്‍കമ്പിയില്‍ തല ചായ്ച്ച് ഇരിക്കുമ്പോള്‍ തണുത്ത കാറ്റ് ആദ്യം വന്ന് പരിചയം പുതുക്കി

“മറന്നില്ല ഈ വഴികളൊന്നും അല്ലേ?”
“എങ്ങനെ മറക്കാന്‍. മനസ്സ് തന്നെ ഇവിടെ കളഞ്ഞ് പോയതല്ലേ ഞാന്‍?”

മനസ്സിലായത് പോലെ അവളെന്നെ ചുറ്റിപ്പറ്റി നിന്നു..

വേനലിന്റെ വരവറിയിക്കുന്നത് പോലെ തണുപ്പ് കുറഞ്ഞ പുക മഞ്ഞ് തെയിലതോട്ടങ്ങള്‍ക്ക് മീതെ ഒഴുകി നടന്നു..

കാറ്റിന്റെ കുശലം ചൊല്ലല്‍ കേട്ട് അവരും വന്നു.

“അറിയാമായിരുന്നു, ഒന്നെങ്കിലും തിരിച്ചു വരുമെന്ന്, ആരുമറിയാതെ പൊഴിഞ്ഞ കണ്ണുനീര്‍ത്തുളളികള്‍ മായ്ച്ചു കളയാന്‍ എത്ര പണിപെട്ടിരിക്കുന്നു..“

വാത്സല്യത്തോടെ അവര്‍ കവിളില്‍ തലോടി.

കുന്നിന്‍ മുകളിലെ അമ്പാടികണ്ണന്റെ അമ്പലത്തില്‍ ഉത്സവത്തിന്റെ കൊടിയിറങ്ങിയെന്നും ഇത്തവണയും ചന്ദനവും കളഭവും ചാര്‍ത്തി നിന്ന കണ്ണന് കണ്ണേറ് കിട്ടാനും മാത്രം അഴകായിരുന്നെന്നും ആയിരം കുശലം പറച്ചിലിനിടയില്‍ അവര്‍ പറഞ്ഞു.

ഓടിക്കയറിയിരുന്ന നടവഴികള്‍ പതുക്കെ നടന്ന് കയറുമ്പോഴും അവര്‍ കൂട്ട് നിന്നു.

“എല്ലാമറിഞ്ഞിരുന്നോ നീ?“

“അറിഞ്ഞിരുന്നു, എങ്കിലും കാത്തിരിക്കുമെന്ന് എന്നോട് പറഞ്ഞിരുന്നില്ലല്ലോ, അതു കൊണ്ട്....”

ചിരിക്കിടയില്‍ പൊടിഞ്ഞ ഒരു തുള്ളി കണ്ണീര്‍ കാറ്റ് പെട്ടന്ന് ഉണക്കി കളഞ്ഞു, പണ്ടും ഞാന്‍ ഈ വഴികള്‍ തനിയെ നടന്ന് കയറുമ്പോള്‍ കരയുന്നത് അവര്‍ സഹിക്കില്ലായിരുന്നല്ലോ.

വായനശാലയ്ക്ക് ഒത്തിരി മാറ്റം വന്നിരിക്കുന്നു, സന്ധ്യ ആവോളം മതി മറന്ന് കേട്ടിരിക്കാറുള്ള കവി സദസ്സുകള്‍ ഓര്‍മ്മ വരുന്നു.. തുലാമഴയ്ക്ക് താളം കൊടുക്കുന്ന ഇടിമുഴക്കം പോലെ നിന്റെ സ്വരം, അതെന്നോ എന്നെ പിരിഞ്ഞോ..

ബിരുദാനന്തര ബിരുദത്തിന്റെ അവസാന നാളില്‍, കൈവഴികള്‍ പിരിയുന്നത് വീണ്ടും കണ്ടു മുട്ടാനാണെന്നത് എല്ലാവരോടും പറഞ്ഞ നീ, എന്നോട് മാത്രം മാറ്റം ജീവിതത്തിന്റെ മാറ്റമില്ലാത്ത ഏക മൂലകം എന്ന് പറഞ്ഞത് എന്തിനായിരുന്നു?

ഭീരുക്കളായിരുന്നു നാം അല്ലേ?

“ഒന്ന് വേഗം നടക്കൂ, നിനക്കായ് കാത്തിരിക്കുകയാണ് അവിടെ, നീ അതറിയാതെ പോയെങ്കിലും, അറിയിക്കാതിരിക്കാന്‍ ശ്രമിച്ചുവെങ്കിലും”

കാറ്റ് എന്നെ മുന്നൊട്ട് തള്ളി..

യാത്ര പറയലിന്റെ സാമ്പ്രാണി പുക അവളെന്റെ മൂക്കിലെത്തിച്ചു,.

“എനിക്ക് വയ്യ, ഞാന്‍ തിരിച്ചു പോവുകയാണ്, എന്നെ കാണുമ്പോള്‍ തിളങ്ങാത്ത, എനിക്കായ് മറച്ചു വച്ചൊരു പുഞ്ചിരിയില്ലാത്ത ആ മുഖം എനിക്ക് കാണണ്ട”

“നിനക്ക് തിരിച്ച് പോകാനാവില്ല, നിന്നെ കാണാതെ അവന് പോകാനാവില്ല, പാടി മുഴുമിക്കാത്ത ഒരു കവിത നിനക്ക് നല്കാനുണ്ടെന്ന് അവന്‍ പറഞ്ഞതല്ലേ.”

കാറ്റ് മാതൃവാത്സല്യത്തോടെ ശിരസ്സില്‍ തഴുകി നയിച്ചു.

മുഖമില്ലാത്ത ഒത്തിരി മുഖ രൂപങ്ങള്‍ക്ക് നടുവില്‍ നീ, എന്നത്തേയും പോലെ കൊത്തി വച്ച ശില്പത്തിന്റെ മുഖം പോലെ ദൃഡം, മറക്കാന്‍ കഴിയില്ലെങ്കില്‍, മറവിക്കപ്പുറത്തെ ലോകത്തേയ്ക്ക് യാത്ര പോകുമ്പോഴും വിളിക്കുമെന്നറിയുമായിരുന്നെങ്കില്‍ എന്തിന് നീയെന്നെ യാത്ര പറഞ്ഞയച്ചു?

ഒരേ മനസ്സോടെ പ്രണയിച്ച കാറ്റിനേയും കവിതയേയും കണ്ണനേയും മറന്ന് കുന്നിറങ്ങാന്‍ എന്തിന് നീയെന്നോട് പറഞ്ഞു. അറിയാമായിരുന്നു നിനക്കേല്ലാം..

ഒത്തിരി നേരം ഇരുന്നത് പോലെ, ആരോ കയ്യില്‍ പിടിച്ചപ്പോഴാണ് പരിസരം അറിഞ്ഞത്, ഒരു കൊച്ച് പെണ്‍കുട്ടി, ചുരുണ്ട തലമുടി, കുടുംബത്തിലാര്‍ക്കും ഇല്ലാത്ത ചുരുളിമയുള്ള മുടി അവള്‍ക്ക് കിട്ടിയതിനെ പറ്റി എല്ലാവരും അത്ഭുതപ്പെട്ടതായി നിന്റെ കത്തിലുണ്ടായിരുന്നു അല്ലേ, അവളുടെ കവിളത്തെ മറുക് ജന്മാന്തര ബന്ധങ്ങളുടെ സ്പര്‍ശനത്തില്‍ തുടുത്ത് നിന്നു. അവള്‍ തിളങ്ങുന്ന കണ്ണുകളാല്‍ എന്നെ നോക്കി നിന്നു.

വിദൂരതയില്‍ എന്നും നീ സല്ലപിക്കാറുണ്ടായിരുന്ന ആ സ്വരമാണോ നിന്നെ ഇതൊക്കെ പറഞ്ഞേല്‍പ്പിച്ചത്, നീ പറയാറുണ്ടായിരുന്നല്ലോ കാറ്റിന് കാലത്തെ മനസ്സിലാക്കാനുള്ള അതീന്ദ്രിയത്വമുണ്ടെന്ന്, ആരാണ് ഈ കുഞ്ഞിനെ എന്നിലെത്തിക്കാന്‍ എല്ലാ തടകളും മാറ്റിയിടാന്‍ നിന്നെ പ്രേരിപ്പിച്ചത്, പിന്നെ എനിക്കായ് എഴുതി വച്ച കത്തും..

എന്നും, തിരശീല വീഴേണ്ടതെപ്പോഴെന്ന് നീയാണ് തീരുമാനിച്ചിരുന്നത് അല്ലേ..

അവളുടെ തോളില്‍ കയ്യിട്ട് തിരിച്ചിറങ്ങുമ്പോള്‍ കാറ്റ് ഞങ്ങളെ ഒരുമിച്ച് പുല്‍കി,

“പോയി വരൂ, “

കുന്നിന്‍ മുകളിലെ കണ്ണന്‍ പുഞ്ചിരി പൊഴിച്ച് പറഞ്ഞു,

“ആ കണ്ണുകളിലെ തിളക്കം ഇനിയൊരിക്കലും നിന്നെ പിരിയില്ല, ഇനി കരയരുത്..“

-പാര്‍വതി.

Thursday, November 09, 2006

പ്രവാചകന്‍ സൃഷ്ടിക്കപെടുന്നു...

“എന്റെ സുഹ്രുത്തുക്കളെ, നിങ്ങള്‍ പോകരുത്, ഒന്ന് നില്ക്കൂ, കേള്‍ക്കൂ, ഞാന്‍ പറയുന്നത് ശരിയാണോ എന്ന് നിങ്ങളൊന്ന് ചിന്തിച്ച് നോക്കൂ, ഇനിയും നമുക്ക് സമയമുണ്ട്,കാലം അതിക്രമിച്ചിട്ടില്ല.“

“നിനക്ക് ഭ്രാന്താണ്”

“ഈ സമൂഹം നാശത്തിന്റെ പുതപ്പണിഞ്ഞിരിക്കുന്നു, നിന്റെ അഴുക്കുചാലുകള്‍ കെട്ടിക്കിടക്കുന്നത് കാണുക, അവിടെ പെറ്റുപെരുകുന്ന പാരാദ വംശങ്ങളെ കാണുക, നിന്നേയേ നശിപ്പിക്കുന്നതിന് മുമ്പ് അതിനെ ചികിത്സിക്കുക, കേള്‍ക്കൂ“

“ഇവന് ഭ്രാന്താണ്, ചങ്ങലയ്ക്കിടുക, ഇവന്‍ പുലമ്പുന്നു, അവ അസഹ്യങ്ങളാകുന്നു”

“ഹേ മാറാരോഗത്തിന്റെ വീണ്‍ വിഴുപ്പ് ചുമക്കുന്ന സമൂഹമേ നിന്റെ തെരുക്കളില്‍ നായ്ക്കള്‍ നട്ടുച്ചയ്ക്ക് ഓരിയിടുന്നു, പിളര്‍ന്ന ഗര്‍ഭപാത്രത്തില്‍ നിന്ന് പാ‍തി പുറത്ത് വീണ കുഞ്ഞ് പിടയുന്നു.നാശത്തിന്റെ ശംഖധ്വനി മുഴങ്ങുന്നു, ഇനി നീയെവിടെ പോയൊളിക്കാന്‍? നിന്നെ രക്ഷിക്കാന്‍ ഇനി ഒരു ദൈവത്തിനുമാവില്ല, വിപത്തിന്റെ ആത്മാക്കള്‍ നിന്റെ അകത്തളങ്ങളില്‍ പാര്‍പ്പു തുടങ്ങി കഴിഞ്ഞു.

“അവനെ കല്ലേറിയൂ..അവന്റെ വിഷശ്വാസം നമ്മേയും നശിപ്പിക്കും മുമ്പേ അവനെ കൊന്നു കളയൂ, അവന്റെ മേലൊരു കല്‍ക്കൂനയുയരട്ടെ, അവന്റെ വാക്കുകള്‍ അന്യം നിന്ന് പോകട്ടെ, ഒരു സമൂഹത്തിന്റെ നേര്‍ക്ക് വാളോങ്ങുവാന്‍ ഇനി ഒരു പടു ജന്മം പിറക്കാതിരിക്കാന്‍ ആ കല്‍ക്കൂന അവിടെ നിലനില്ക്കട്ടെ, എറിയൂ...അവനെ കൊല്ലൂ..”

നിശബ്ദത.............

ഒരു മര്‍മ്മരം

അവന്‍ പ്രവാചകനായിരുന്നു....

പ്രവാചകന്‍...പ്രവാചകന്‍....

വിധേയത്വത്തിന്റെ വിഴുപ്പ് താങ്ങി സമൂഹം കൈവഴി പിരിഞ്ഞൊഴുകി, ഏകാന്തതയില്‍, കല്‍ക്കൂനയില്‍ നിന്ന് ആകാശത്തിലേയ്ക്ക് ഒരു ചോദ്യ ചിഹ്നം പോലെ, ഒരു മനുഷ്യന്റെ ഉണങ്ങിയ കൈ ഉയര്‍ന്നു നിന്നു.

-പാര്‍വതി.

Monday, November 06, 2006

ഉണ്ണീ നിനക്കായ്

ഉണ്ണീ നിനക്ക് തരാനിന്നീ
അമ്മയ്ക്ക് കയ്യിലില്ലയൊന്നും

വരണ്ടൊരീ ഭൂമിയും,പാപ-
പുകയില്‍ കറുത്ത മാനവും,
കൈക്കുഞ്ഞുങ്ങള്‍ നിറയുന്ന-
കുപ്പത്തൊട്ടികളു,മതിലിര-
തേടുന്ന നായ്ക്കളും.

ഉണ്ണീ നിനക്കു തരാനിന്നീ
അമ്മയ്ക്ക് കയ്യില്ലില്ലയൊന്നും.

പിച്ചിയെറിഞ്ഞ പൂവ് പോലെ-
യീ ഭൂമിയിന്ന് നിലവിളിക്കേ-
യിവിടെ കരിവേഷങ്ങളാടുന്നു.
കാലമൊരു നോക്കുകുത്തിയായീ-
കല്‍ത്തുറങ്കിന്റെ വാതില്‍ തിരയുന്നു.

ഉണ്ണീ‍ നിനക്ക് തരാനിന്നീ
അമ്മയ്ക്ക് കയ്യില്ലില്ലയൊന്നും.

സൃഷ്ടികളൊരുക്കുന്ന മാതൃത്വവു-
മതിന്‍ ഗര്‍ഭപാത്രവുമിന്നീ ലോകത്തി-
ലേറ്റം പിഴയ്ക്കുന്ന ജോഡിയാകെ-
കണ്ണ് കാണാത്തയിരിട്ടുന്റെ ലോകത്തി-
ലായിരമുണ്ണീകള്‍ പിറന്ന് വീഴുന്നു.

അമ്മതന്നോമല്‍ സ്വപ്നമായ്,നിലാ-
കുളിരായി,കണ്ണുനീരൊപ്പുന്ന മറു-
പിള്ളയായീ താമരമൊട്ടിലെന്നു-
മൊളിക്ക,യുണ്ണീ അമ്മതന്‍ സ്നേഹ-
മൊഴുകും നിനക്കായ്, സുകൃതമായ്

-പാര്‍വതി.

Thursday, November 02, 2006

ഊടുവഴികളില്‍ അലയുന്ന മനസ്സ്

ഇല്ല, എന്ത് പറയാനാ? അല്ലെങ്കില്‍ ഞാന്‍ എന്ത് പറഞ്ഞിട്ടെന്താ കാര്യം, കണ്ടില്ലേ ഒരു കൂട്ടത്തിനുണ്ടോ ശ്രദ്ധ? അല്ല അവര്‍ക്കും പണി തിരക്കിലിതൊക്കെ ശ്രദ്ധിക്കാന്‍ പറ്റിയെന്നു വരില്ല. എന്നാലും ഇത്രയും വില കൂടിയ പാത്രങ്ങളും മറ്റും വയ്ക്കുമ്പോള്‍ ഒരു ശ്രദ്ധ വേണ്ടെ? അല്ലങ്കില്‍ അവരെ എന്തിനാ പറയുന്നത്? സ്വന്തം ഭര്‍ത്താവ് എങ്ങനെയായിരുന്നു, എടുക്കുന്നതൊന്നും ഒരിടത്ത് തിരിച്ച് വയ്ക്കില്ല, എന്തെങ്കിലും പറഞ്ഞാല്‍ ആളെ കത്തിക്കുന്ന നോട്ടവും നോക്കി ഒരു നില്‍പ്പും, ഇതൊക്കെ കണ്ട് പേടിക്കുമെന്നായിരുന്നു കരുതിയിരുന്നത്, പിന്നല്ലെ മനസ്സിലായത് അതാ പാവാടക്കാരിയുടെ പിന്നാലെ പൊകുന്നതിന് തടസ്സം നില്‍ക്കുന്നത് കൊണ്ടുള്ള കെറുവാണെന്ന്, അല്ല എനിക്കെന്തിനാ കുറവ്? അമ്മ ആരോടും പറയാതെ പോയപ്പോള്‍ അപ്പന്‍ ബോര്‍ഡിങ്ങില്‍ ആക്കിയെങ്കിലും പെട്ടന്നങ്ങ് പോയപ്പോള്‍ ഉള്ളതൊക്കെ എനിക്ക് തന്നെയല്ലെ കിട്ടിയത്, അത് കണ്ട് തന്നെയാ കെട്ടിയത് എന്നങ്ങ് പറയാന്‍ മടിയായിരുന്നു, പിന്നെ പണം കണ്ട് നില്‍ക്കണ്ടാന്ന് പറഞ്ഞപ്പോഴല്ലേ അവളുടെ കൂടെ അങ്ങിറങ്ങി പോയത്, കൊച്ചിനെ പിന്നെ ഞാന്‍ കൊടുക്കുമോ? ഒന്നൂല്ലേലും അവന്റെ അമ്മ ഞാനല്ലേ, പിന്നെ കൈ നിറയെ കാശുണ്ടെങ്കിലാണൊ ജയിക്കുമെന്നുറപ്പുള്ള വക്കീലിനെ കിട്ടാന്‍ ബുദ്ധിമുട്ട്, പിന്നെ അവനെ നോക്കാന്‍ ഞാന്‍ നിന്നില്ല പോലും, അവനെന്തിനാ കുറവ് വച്ചത്? അവന്‍ ചോദിക്കുന്നതൊക്കെ അവന് കൊടുത്തില്ലേ ഞാന്‍, എന്നാലും ഇപ്പോ ഒരു ചായ്‌വുണ്ട് അയാളുടെ വശത്തേയ്ക്ക്, ഇനീപ്പോ എന്റെ പൈസ ആവശ്യമില്ലല്ലോ, അല്ലെങ്കില്‍ അവനെ എന്തിനാ കുറ്റം പറയുന്നത്? അയാളുടെ അവസ്ഥ കണ്ടില്ലേ കാശും പണീം ഇല്ലാത്ത അവളെ കെട്ടി മൂന്ന് കുട്ടികളും, എന്നെ തോല്‍പ്പിക്കാമെന്ന് കരുതി, പക്ഷേ കഷ്ടപെട്ടപ്പോള്‍ മനസ്സിലായി പണമില്ലെങ്കില്‍ ജീവിതം അത്ര എളുപ്പമല്ലന്ന്, അതാവും ഇപ്പോ അവനെ വശത്താകാന്‍ നോക്കുന്നത്, അമ്മയ്ക്ക് ഭ്രാന്താന്ന് അവനോട് പറഞ്ഞു കൊടുത്തിരിക്കുന്നു പോലും. അവനിനി അതെങ്ങാനും കേട്ടു നില്‍ക്കുമോ? അതെങ്ങനെയാ അവനെ എല്ലാ കാലത്തും നോക്കിയത് ഞാനല്ലേ? അപ്പോ അവനെങ്ങനെ എന്നെ ഇട്ടിട്ട് പോവാന്‍ പറ്റുമോ? വക്കീലിനോട് ചോദിക്കണം, അങ്ങനെ ഇട്ടിട്ട് പോയാല്‍ പിന്നെ ചില്ലി കാശ് പോലും അവനും അയാള്‍ക്കും കിട്ടരുത്, വക്കിലിനെ ഇപ്പോ തന്നെ കാണണം.

“മാഡം, തെറ്റിദ്ധരിക്കരുത്, ആ ബാഗ് ഒന്ന് പരിശോധിക്കണം”

ബാഗ് പരിശോധിക്കാനൊ? ഇവര്‍ക്കറിയില്ല ഞാന്‍ ആരാന്ന്, ഞാന്‍ കേസ്സ് കൊടുത്താല്‍ പിന്നെ ഒരുത്തനും പണിയുണ്ടാവില്ല.

വെയിറ്റ് ചെയ്യണമെന്നോ, എന്തിന്? എനിക്ക് പോവണം, അല്ല ഞാന്‍ നിങ്ങള്‍ പറയുന്നതിന് എന്തിനാ വെയിറ്റ് ചെയ്യുന്നത്? ദാ വരുന്നു മകന്‍, ഇവനെന്ത് ഇവിടെ? ഈയിടെയായി ഇങ്ങനെയാ, ഒരിടത്തും തന്നെ വിടില്ല, അവനറിയാതെ വക്കീലിനെ കണ്ട് എല്ലാം മറ്റിയെഴുതിക്കുമെന്ന പേടിയാവും, അപ്പനും മകനും ഒക്കെ ഒത്തു ചേര്‍ന്നുള്ള നാടകമാണ് എല്ലാം, അയാളെ കണ്ടതിന് ശേഷമാണ് ഈ അന്വേഷണവും തിരക്കിവരവും ഒക്കെ. എന്നാലും ഇപ്പോഴും എല്ലാം എന്റെ പേരില്‍ തന്നെ അല്ലേ, വക്കിലിനെ കാണട്ടെ.

“ഇതെന്റെ അമ്മയാണ്, അതെ ഒരു തരം രോഗമാണ്, മെഡിക്കല്‍ സയന്‍സ് ക്ലെപ്റ്റോമാനിയ എന്ന് പറയുന്നു, ഒത്തിരി കാലമായിരിക്കുന്നു, ശ്രദ്ധിക്കാറുണ്ട്, എന്നാലും ആരും അറിയാതെ ഇറങ്ങി പോരുകയാണ്, നിങ്ങള്‍ എനിക്ക് വേണ്ടി ക്ഷമിക്കണം”

അവര്‍ കാണാതെ ആ സ്പൂണുകള്‍ തിരിച്ചേല്‍പ്പിച്ച് അയാള്‍ അമ്മയെ ചെര്‍ത്തുപിടിച്ച് തന്റെ വാഹനത്തിന്റെ നെര്‍ക്ക് നടന്നു.
---------------------------
ക്ലെപ്റ്റോമാനിയ : മോഷണത്വര തോന്നുകയും അത് നിയന്ത്രിക്കാനാവാതെ വരുകയും ചെയ്യുന്ന ഒരു മാനസിക വിഭ്രാന്തി,( സ്നേഹപൂര്‍വ്വമായ ഇടപെടലുകളും അത് വഴി സ്വഭാവരൂപാന്തരവും അല്ലാതെ ഫലപ്രദമായ ഒരു ചികിത്സ ഇത് വരെ കണ്ടുപിടിക്കപെട്ടിട്ടില്ല)

-പാര്‍വതി.