തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, November 28, 2006

കണക്കിലെ കളികള്‍

“പെണ്ണേ നീ മിണ്ടാതിരിക്കുന്നുണ്ടോ, അപ്പനെ എരികേറ്റി വിട്ടോ നീ, എന്നിട്ട് അതും പറഞ്ഞ് കണ്ടവരോടൊക്കെ തല്ലൊണ്ടാക്കാന്‍ നടക്കുന്ന ഒരപ്പനും പറ്റിയ മോളും..”

പതുക്കെ ഊതിയൂതി കത്തിച്ച തീയാണ് അമ്മ വെള്ളമൊഴിച്ച് കെടുത്താന്‍ നോക്കുന്നത്.

“അത് ശരി, ഞാന്‍ പറയുന്നതാ തെറ്റ്, ഞങ്ങളെ കൊരങ്ങന്മാരെന്ന് വിളിച്ചാല്‍ അതിന്റെ അര്‍ത്ഥം എന്താ, ഞാന്‍ കൊരങ്ങാണെങ്കില്‍ വീട്ടിലുള്ളവരെല്ലാം കൊരങ്ങല്ലേ, അപ്പനും കൊരങ്ങാന്നല്ലേ അപ്പോ ടീച്ചറ് പറഞ്ഞേ..” ഞാന്‍ പിന്നെയും പ്രതീക്ഷ കൈവിടാതെ തുടര്‍ന്നു.

സര്‍ക്കാര്‍ സ്കൂളിലെ ആദ്യവര്‍ഷമാണ്, തൊട്ടപ്പുറത്തുള്ള ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് വന്നിട്ട് തട്ടികേറാന്‍ വന്ന ചേട്ടന്മാരെ വിരട്ടിയതിന്റെ ബഹളം അടങ്ങിയിട്ടില്ല, അപ്പോഴാണ് ഞാന്‍ അടുത്ത പുകിലും കൊണ്ട് വീട്ടിലെത്തിയത്.

ആ വര്‍ഷം പുതിയതായി വന്നതാണ് മലപ്പുറത്ത് നിന്ന് റഷീദ ടീച്ചര്‍. ലോറേഞ്ചിലേയ്ക്കുള്ള പലര്‍ക്കും ഒരു പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആണ് ഹൈറേഞ്ചിലെ നിയമനങ്ങള്‍, സര്‍ക്കാര്‍ ചിലവില്‍ ആറ് മാസം ലീവിലായിരിക്കും പലരും, വല്ലപ്പോഴും വരുമ്പോഴാവട്ടെ അങ്ങാടീ തോറ്റതിന് അമ്മയോട് എന്ന പോലെ ദേഷ്യം മുഴുവന്‍ കുട്ടികളുടെ അടുത്തും.

അല്ലെങ്കില്‍ തന്നെ കണക്കില്‍ ഇത്തിരി കണക്കായ ഞാന്‍, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച പല വാക്കുകളും ഒരര്‍ത്ഥവും അറിയാതെ മലയാളത്തില്‍ കണ്ടപ്പോള്‍ വീണ്ടും പേടിച്ചു, ല.സാ.ഗു വും ഉ.സാ.ഗു. വും ഒക്കെ പഠിച്ചതാണെങ്കില്‍ അതെന്ത് എന്ന് പിടികിട്ടാന്‍ ഇത്തിരി സമയമെടുത്തു,പക്ഷേ ഈ സമയം കൊണ്ട് ഞാന്‍ അവരുടെ കണ്ണിലെ കരടും ആയി.പോരാത്തതിന് ക്ലാസ് ടീച്ചറും.

കൂട്ടത്തില്‍ തേങ്ങാചമ്മന്തിക്ക് മുകളില്‍ കടുക് കിടക്കുന്നത് പോലെ നാടടച്ച് ആക്ഷേപവും, എന്നേ ചീത്ത പറഞ്ഞെന്ന് കേട്ടാല്‍ അപ്പന്‍ അത്ര അനങ്ങില്ലെന്നറിയാമെങ്കിലും നാടിനെ പറഞ്ഞാല്‍ അപ്പന് ചോര തിളയ്ക്കുമെന്ന് എനിക്ക് നന്നായറിയാം..

അതിന്റെ ഭാഗമായാണ് ഈ എരികയറ്റല്‍.

“ഗുരുക്കന്മാരെ ബഹുമാനിക്കണം, അവര് ചീത്ത പറഞ്ഞാലും കേക്കുന്നത് കൊണ്ട് ദോഷമൊന്നും ഇല്ല” അമ്മ വക.

“അത് കൊള്ളാം, അപ്പോ ഈ മലമോളിലുള്ളവരൊക്കെ കാടന്മാരാന്നും, കപ്പേം കാച്ചിലും മാത്രം തിന്നുന്നത് കൊണ്ടാ പോത്തിന്റെ ബുദ്ധിയെന്നും ഒക്കെ പറയുന്നത് വെറുതെ ഇരുന്ന് കേള്‍ക്കാം അല്ലേ, അദ്ധ്യാപകരെ ബഹുമാനിക്കണം പക്ഷേ കുട്ടികളെ കുരങ്ങന്മാരായി കാണുന്നവരെ ബഹുമാനിക്കാന്‍ എന്താ ചെയ്യണ്ടേ?” ഞാന്‍ വക

ഈ പരിശ്രമം കര്‍ക്കിടകം തീരുന്നത് വരെ ഞാന്‍ തുടര്‍ന്നു, പറമ്പില്‍ പോവാതെ അപ്പന്‍ വീട്ടിലിരിക്കുന്ന സമയമാണല്ലൊ അത്, അങ്ങനെ ഒരു ദിവസം അപ്പന്‍ തേച്ച വെള്ളമുണ്ടും പുതിയ ഷര്‍ട്ടും ഒക്കെയിട്ട് കുടയും തൂക്കി ഇറങ്ങിയപ്പോള്‍ എന്റെ പ്രയത്നങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയെന്ന് കണ്ട് ഞാന്‍ സന്തൊഷിച്ചു.

“കുരുത്തം കെട്ട പെണ്ണ്”, എന്ന അമ്മയുടെ ചൊരുക്ക് കേള്‍ക്കാതെ തന്നെ

എന്റെ മനസ്സമാധാനത്തിന് റഷീദ ടീച്ചറിന് പെട്ടന്ന് തന്നെ സ്ഥലം മാറ്റം കിട്ടി, എന്റെ ആഗ്രഹം അവര്‍ക്ക് വല്ല അട്ടപ്പാടീലോ മാട്ടുപെട്ടീലോ കിട്ടണമെന്നായിരുന്നു, എന്റെ കാണിക്ക മാത്രമല്ല അവരുടെ കാണിക്കയും സ്വീകാര്യമാണെന്നറിയിച്ചാവും അവര്‍ക്ക് നാട്ടിലേയ്ക്ക് തന്നെ സ്ഥലം മാറ്റം കിട്ടി.

അപ്പന്‍ സഹപാഠി ലൊക്കല്‍ ചോട്ടാ നേതാവിനേയും അത് വഴി വലിയ നേതാവിനേയും ഒക്കെ കണ്ടുവെന്നറിഞ്ഞപ്പോഴേയ്ക്കും ഞാന്‍ ല.സാ.ഗു വും ഉ.സാ.ഗു വും ഒക്കെ പഠിച്ച് കഴിഞ്ഞിരുന്നു.


“ദേ നിന്നെ സ്റ്റാഫ് റൂമില്‍ വിളിക്കുന്നു..”
ഇന്നേത് കുറ്റസമ്മതമാണ് നടത്തേണ്ടത് എന്ന് കരുതി,ചെന്നപ്പോള്‍ അവിടെ റഷീദ ടീച്ചറിനെ കണ്ടു
“അവസാന വര്‍ഷം ആയീല്ലേ, പഠിത്തം നടക്കുന്നുണ്ടോ?”
“നല്ല മാര്‍ക്ക് കിട്ടട്ടെ, ഉഴപ്പിത്തിരി കൂടുതലാണല്ലേ, പഠിത്തത്തില്‍ ശ്രദ്ധിക്കണം ”

ചങ്കില്‍ മീന്‍ മുള്ള് തടഞ്ഞത് വിഴുങ്ങുമ്പോള്‍ ഇളിക്കുന്നത് പോലെ ഒരു ചിരി ചിരിച്ച് അവിടെ നിന്നും ഊരി പോരുമ്പോള്‍ യുണിഫോം ഇടാതെ നടക്കുന്നത് കണ്ടാല്‍ ചെവി കിഴുക്കി പൊന്നാക്കി വിടുന്ന ഹെഡ്മാഷിനെ കാണാതിരുന്നതിലുള്ള സന്തോഷം ആയിരുന്നു മനസ്സില്‍ കൂടുതല്‍.

-പാര്‍വതി.

16 comments:

ലിഡിയ said...

ഇതല്ലാതെ എനിക്ക് വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല..
ഒരു ഓര്‍മ്മക്കുറിപ്പ്.

-പാര്‍വതി.

മുല്ലപ്പൂ said...

ഓര്‍മ്മക്കുറിപ്പു ഒരുപാട് ഓര്‍മ്മകളെ തന്നു.
ഞാന്‍ വക . അമ്മ വക. കൊള്ളാം

തേങ്ങ എന്റെ വക ആണോ?

mydailypassiveincome said...

അതുശരി, എവിടെയാ ആ റഷീദ ടീച്ചര്‍, ഇതു ചോദിച്ചിട്ടുതന്നെ കാര്യം. ഗ്ര്ര്ര്ര്ര്ര്ര്ര്ര്...

തോറ്റിട്ടില്ല തോറ്റിട്ടില്ല.. എന്നു പറഞ്ഞ് നിങ്ങള്‍ക്ക് സമരം ചെയ്യാന്‍ വയ്യായിരുന്നോ :)

shebi.... said...

നല്ലതായിട്ടുണ്ട് പാര്‍വ്വതി. ഒരു ബല്യകാല സ്കൂള്‍ അനുഭവം

മുസാഫിര്‍ said...

പാര്‍വതി ആളു കൊള്ളാമല്ലോ !

വല്യമ്മായി said...

ആ റഷീദ ടീച്ചറിപ്പോ എവിടെയാ,അടിയുടെ കുറവുണ്ടല്ലേ

Kiranz..!! said...

ആഹാ,അപ്പോള്‍ ഇതൊക്കെ ആണു കയ്യിലിരുപ്പ്.

അനംഗാരി said...

അപ്പോള്‍ കുരുത്തം എന്നത് കയ്യിലില്ല അല്ലേ.

ഓ:ടോ:കൊരണ്ടി പലക കയ്യിലുണ്ടോ?ഞാന്‍ ഓടണോ?

ചീര I Cheera said...

I always enjoy the journey thru one's memories..yaathra sukhamullathaayirunnu..

ലിഡിയ said...

നന്ദി മുല്ലപ്പൂ‍,മഴത്തുള്ളീ, സുനില്‍, മുസാഫിര്‍, വല്യമ്മായീ, കിരണ്‍സ്, അനംഗാരി, പി.ആര്‍..വന്ന് പ്രസന്റ് പറഞ്ഞ് പോയ എല്ലാവര്‍ക്കും എന്റെ പേരിലും ഈ ഇസ്കൂളിന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു, ജയ്ഹിന്ദ്..

:-)

-പാര്‍വതി.

മുസ്തഫ|musthapha said...

ബെസ്റ്റ് മൊതലായിരുന്നു സ്കൂളില്‍ അല്ലേ :)

Unknown said...

ഓര്‍മ്മക്കുറിപ്പ് മനോഹരമായി. കഴിഞ്ഞ പോസ്റ്റ് മുതല്‍ ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരനാണ്. മുഖം മോടിയില്ലാതെ പറയുന്ന താങ്കളുടെ ശൈലി ഇഷ്ടമാകുന്നു.

“ ചങ്കില്‍ മീന്‍ മുള്ള് തടഞ്ഞത് വിഴുങ്ങുമ്പോള്‍ ഇളിക്കുന്നത് പോലെ ഒരു ചിരി ചിരിച്ച് അവിടെ നിന്നും ഊരി പോരുമ്പോള്‍ യുണിഫോം ഇടാതെ നടക്കുന്നത് കണ്ടാല്‍ ചെവി കിഴുക്കി പൊന്നാക്കി വിടുന്ന ഹെഡ്മാഷിനെ കാണാതിരുന്നതിലുള്ള സന്തോഷം ആയിരുന്നു മനസ്സില്‍ കൂടുതല്‍. “

മുകളില്‍ പറഞ്ഞ വരികള്‍ ഒരു സിനിമ പോലെ തോന്നുകയും ചിരിക്ക് വക നല്‍കുകയും ചെയ്തു.
ഓഫീസിലിരിന്ന് ചിരി വന്നപ്പോള്‍ അടുത്ത ടേബിളിലെ അന്യഭാഷക്കാരന്‍ “ ക്യാ ഹു വാ” എന്ന്.

thoufi | തൗഫി said...

അതു നന്നായി
അപ്പൊ,സ്കൂള്‍ കാലത്തേ ആളൊരു വില്ലത്തിയാണല്ലെ?
ഗു(കു)രുത്വക്കേടിനു ഇമ്മിണി ശിക്ഷയൊന്നും കിട്ടീലെ?

Tedy Kanjirathinkal said...

യോ, പാര്‍വതീ, യോ!!! :-)
ഗുരുക്കന്മാര്ക്കു മൊത്തം മാനക്കേടുണ്ടാക്കുന്ന ഇത്തരം കുരുത്തംകെട്ട ടീച്ചറുമ്മാരേയും സാറുമ്മാരേയും പറ്റി എഴുതുമ്പോഴും വായിക്കുമ്പോഴും മനസ്സില്‍ എന്തെന്നില്ലാത്ത സമാധാനമാ.. ഹൊ!! :-) എനിയ്ക്കു വയ്യ :-) ഇനീം എഴുത്... ഇനീം എഴുത്... ലക്ഷം ലക്ഷം പിന്നാലെ ;-)

Anonymous said...

പാര്‍വ്വതീ, വിവരണം നന്നായി.
പല ഹൈറേഞ്ച് സ്കൂളുകളിലേയും സ്ഥിതി ഇതു തന്നെ.ചില കുട്ടികള്‍ വീട്ടില്‍ പറയുന്നു. അല്ലാത്തവര്‍ ഏറെ.

Anonymous said...

Kollam....Neeyingane okke ezuthum ennu njan innanu arinjathu....:)