തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, November 14, 2006

ജന്മാന്തര ബന്ധങ്ങള്‍

ജനല്‍കമ്പിയില്‍ തല ചായ്ച്ച് ഇരിക്കുമ്പോള്‍ തണുത്ത കാറ്റ് ആദ്യം വന്ന് പരിചയം പുതുക്കി

“മറന്നില്ല ഈ വഴികളൊന്നും അല്ലേ?”
“എങ്ങനെ മറക്കാന്‍. മനസ്സ് തന്നെ ഇവിടെ കളഞ്ഞ് പോയതല്ലേ ഞാന്‍?”

മനസ്സിലായത് പോലെ അവളെന്നെ ചുറ്റിപ്പറ്റി നിന്നു..

വേനലിന്റെ വരവറിയിക്കുന്നത് പോലെ തണുപ്പ് കുറഞ്ഞ പുക മഞ്ഞ് തെയിലതോട്ടങ്ങള്‍ക്ക് മീതെ ഒഴുകി നടന്നു..

കാറ്റിന്റെ കുശലം ചൊല്ലല്‍ കേട്ട് അവരും വന്നു.

“അറിയാമായിരുന്നു, ഒന്നെങ്കിലും തിരിച്ചു വരുമെന്ന്, ആരുമറിയാതെ പൊഴിഞ്ഞ കണ്ണുനീര്‍ത്തുളളികള്‍ മായ്ച്ചു കളയാന്‍ എത്ര പണിപെട്ടിരിക്കുന്നു..“

വാത്സല്യത്തോടെ അവര്‍ കവിളില്‍ തലോടി.

കുന്നിന്‍ മുകളിലെ അമ്പാടികണ്ണന്റെ അമ്പലത്തില്‍ ഉത്സവത്തിന്റെ കൊടിയിറങ്ങിയെന്നും ഇത്തവണയും ചന്ദനവും കളഭവും ചാര്‍ത്തി നിന്ന കണ്ണന് കണ്ണേറ് കിട്ടാനും മാത്രം അഴകായിരുന്നെന്നും ആയിരം കുശലം പറച്ചിലിനിടയില്‍ അവര്‍ പറഞ്ഞു.

ഓടിക്കയറിയിരുന്ന നടവഴികള്‍ പതുക്കെ നടന്ന് കയറുമ്പോഴും അവര്‍ കൂട്ട് നിന്നു.

“എല്ലാമറിഞ്ഞിരുന്നോ നീ?“

“അറിഞ്ഞിരുന്നു, എങ്കിലും കാത്തിരിക്കുമെന്ന് എന്നോട് പറഞ്ഞിരുന്നില്ലല്ലോ, അതു കൊണ്ട്....”

ചിരിക്കിടയില്‍ പൊടിഞ്ഞ ഒരു തുള്ളി കണ്ണീര്‍ കാറ്റ് പെട്ടന്ന് ഉണക്കി കളഞ്ഞു, പണ്ടും ഞാന്‍ ഈ വഴികള്‍ തനിയെ നടന്ന് കയറുമ്പോള്‍ കരയുന്നത് അവര്‍ സഹിക്കില്ലായിരുന്നല്ലോ.

വായനശാലയ്ക്ക് ഒത്തിരി മാറ്റം വന്നിരിക്കുന്നു, സന്ധ്യ ആവോളം മതി മറന്ന് കേട്ടിരിക്കാറുള്ള കവി സദസ്സുകള്‍ ഓര്‍മ്മ വരുന്നു.. തുലാമഴയ്ക്ക് താളം കൊടുക്കുന്ന ഇടിമുഴക്കം പോലെ നിന്റെ സ്വരം, അതെന്നോ എന്നെ പിരിഞ്ഞോ..

ബിരുദാനന്തര ബിരുദത്തിന്റെ അവസാന നാളില്‍, കൈവഴികള്‍ പിരിയുന്നത് വീണ്ടും കണ്ടു മുട്ടാനാണെന്നത് എല്ലാവരോടും പറഞ്ഞ നീ, എന്നോട് മാത്രം മാറ്റം ജീവിതത്തിന്റെ മാറ്റമില്ലാത്ത ഏക മൂലകം എന്ന് പറഞ്ഞത് എന്തിനായിരുന്നു?

ഭീരുക്കളായിരുന്നു നാം അല്ലേ?

“ഒന്ന് വേഗം നടക്കൂ, നിനക്കായ് കാത്തിരിക്കുകയാണ് അവിടെ, നീ അതറിയാതെ പോയെങ്കിലും, അറിയിക്കാതിരിക്കാന്‍ ശ്രമിച്ചുവെങ്കിലും”

കാറ്റ് എന്നെ മുന്നൊട്ട് തള്ളി..

യാത്ര പറയലിന്റെ സാമ്പ്രാണി പുക അവളെന്റെ മൂക്കിലെത്തിച്ചു,.

“എനിക്ക് വയ്യ, ഞാന്‍ തിരിച്ചു പോവുകയാണ്, എന്നെ കാണുമ്പോള്‍ തിളങ്ങാത്ത, എനിക്കായ് മറച്ചു വച്ചൊരു പുഞ്ചിരിയില്ലാത്ത ആ മുഖം എനിക്ക് കാണണ്ട”

“നിനക്ക് തിരിച്ച് പോകാനാവില്ല, നിന്നെ കാണാതെ അവന് പോകാനാവില്ല, പാടി മുഴുമിക്കാത്ത ഒരു കവിത നിനക്ക് നല്കാനുണ്ടെന്ന് അവന്‍ പറഞ്ഞതല്ലേ.”

കാറ്റ് മാതൃവാത്സല്യത്തോടെ ശിരസ്സില്‍ തഴുകി നയിച്ചു.

മുഖമില്ലാത്ത ഒത്തിരി മുഖ രൂപങ്ങള്‍ക്ക് നടുവില്‍ നീ, എന്നത്തേയും പോലെ കൊത്തി വച്ച ശില്പത്തിന്റെ മുഖം പോലെ ദൃഡം, മറക്കാന്‍ കഴിയില്ലെങ്കില്‍, മറവിക്കപ്പുറത്തെ ലോകത്തേയ്ക്ക് യാത്ര പോകുമ്പോഴും വിളിക്കുമെന്നറിയുമായിരുന്നെങ്കില്‍ എന്തിന് നീയെന്നെ യാത്ര പറഞ്ഞയച്ചു?

ഒരേ മനസ്സോടെ പ്രണയിച്ച കാറ്റിനേയും കവിതയേയും കണ്ണനേയും മറന്ന് കുന്നിറങ്ങാന്‍ എന്തിന് നീയെന്നോട് പറഞ്ഞു. അറിയാമായിരുന്നു നിനക്കേല്ലാം..

ഒത്തിരി നേരം ഇരുന്നത് പോലെ, ആരോ കയ്യില്‍ പിടിച്ചപ്പോഴാണ് പരിസരം അറിഞ്ഞത്, ഒരു കൊച്ച് പെണ്‍കുട്ടി, ചുരുണ്ട തലമുടി, കുടുംബത്തിലാര്‍ക്കും ഇല്ലാത്ത ചുരുളിമയുള്ള മുടി അവള്‍ക്ക് കിട്ടിയതിനെ പറ്റി എല്ലാവരും അത്ഭുതപ്പെട്ടതായി നിന്റെ കത്തിലുണ്ടായിരുന്നു അല്ലേ, അവളുടെ കവിളത്തെ മറുക് ജന്മാന്തര ബന്ധങ്ങളുടെ സ്പര്‍ശനത്തില്‍ തുടുത്ത് നിന്നു. അവള്‍ തിളങ്ങുന്ന കണ്ണുകളാല്‍ എന്നെ നോക്കി നിന്നു.

വിദൂരതയില്‍ എന്നും നീ സല്ലപിക്കാറുണ്ടായിരുന്ന ആ സ്വരമാണോ നിന്നെ ഇതൊക്കെ പറഞ്ഞേല്‍പ്പിച്ചത്, നീ പറയാറുണ്ടായിരുന്നല്ലോ കാറ്റിന് കാലത്തെ മനസ്സിലാക്കാനുള്ള അതീന്ദ്രിയത്വമുണ്ടെന്ന്, ആരാണ് ഈ കുഞ്ഞിനെ എന്നിലെത്തിക്കാന്‍ എല്ലാ തടകളും മാറ്റിയിടാന്‍ നിന്നെ പ്രേരിപ്പിച്ചത്, പിന്നെ എനിക്കായ് എഴുതി വച്ച കത്തും..

എന്നും, തിരശീല വീഴേണ്ടതെപ്പോഴെന്ന് നീയാണ് തീരുമാനിച്ചിരുന്നത് അല്ലേ..

അവളുടെ തോളില്‍ കയ്യിട്ട് തിരിച്ചിറങ്ങുമ്പോള്‍ കാറ്റ് ഞങ്ങളെ ഒരുമിച്ച് പുല്‍കി,

“പോയി വരൂ, “

കുന്നിന്‍ മുകളിലെ കണ്ണന്‍ പുഞ്ചിരി പൊഴിച്ച് പറഞ്ഞു,

“ആ കണ്ണുകളിലെ തിളക്കം ഇനിയൊരിക്കലും നിന്നെ പിരിയില്ല, ഇനി കരയരുത്..“

-പാര്‍വതി.

20 comments:

പാര്‍വതി said...

എന്റെ ചുരുള്‍ മുടിയും മറുകും സ്വന്തമാക്കി എനിക്ക് പിറക്കാതെ പോയ മകളെ, നീയെനിക്ക് തിരിച്ചു തന്നു..

-പാര്‍വതി.

മഞ്ഞുതുള്ളി said...

നല്ല കഥ. വേര്‍പാടുകളും പിരിയലും എന്നും വേദനയുള്ള കാര്യങ്ങളാണ്. ഭംഗിയായി എഴുതിയിരിക്കുന്നു.

പിന്മൊഴി said...

വായിച്ചപ്പോള്‍് അറിയാതെ കണ്ണുകളീറനായി…
നന്നായെഴുതിയിരിയ്ക്കുന്നു, പാറ്വതീ.

വല്യമ്മായി said...

എന്തോ,വല്ലാതെ നൊന്തു

kochugupthan said...

വാക്കുകളുടെ നൈര്‍മ്മല്ല്യത്തിന്‌ അപാര ശക്തിയുണ്ടെന്നു ഈ കൊച്ചു കഥ കാണിച്ചുതന്നിരിയ്ക്കുന്നു...

മനസ്സിന്റെ കോണിലെവിടെയോ ഒരു തേങ്ങല്‍....

...കൊച്ചുഗുപ്തന്‍

മിന്നാമിനുങ്ങ്‌ said...

പാര്‍വതിയുടെ കഥകള്‍ക്കെപ്പോഴും
നൊമ്പരത്തിന്റെ ഇളംചൂടുണ്ടല്ലൊ,
നന്നായിരിക്കുന്നു

പാര്‍വതി said...

വന്ന് കണ്ട് അഭിപ്രായമറിയിച്ച മഞ്ഞുതുള്ളിക്കും, പിന്മൊഴിക്കും, വല്യമ്മായിക്കും, ഗുപ്തനും, മിന്നാമിനുങ്ങിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി..

എല്ലാവര്‍ക്കും ശിശുദിനാശംസകള്‍.

-പാര്‍വതി.

കുട്ടന്മേനൊന്‍::KM said...
This comment has been removed by a blog administrator.
തറവാടി said...

വേര്‍പാട് , അതെന്തിന്‍റേതായാലും , ഫലം ദുഖം തന്നെയല്ലെ പാര്‍വതി

ചന്ദ്രു said...

ഈ കഥ വായിച്ചിട്ട് ആകെ ഒരു വിമ്മിഷ്ടം...:(

ഇനി ആ ശ്രീജിത്തിന്റെ മുറിയില്‍ പോയി നോക്കട്ടെ എന്തെങ്കിലും മരുന്നുകാണുമോന്ന്..

Kiranz..!! said...

ഉം..പാറൂസ് വീണ്ടും അസൂയ..:)

അനംഗാരി said...

പാറുവേ, ഞാന്‍ കയ്യടിക്കുന്ന ശബ്ദം നീ കേള്‍ക്കുന്നുണ്ടോ?...
നിനക്കത് കേള്‍ക്കാതെ പോകാന്‍ കഴിയില്ല. നിന്റെ സ്നേഹിച്ച കാറ്റും,തേയില തോട്ടങ്ങള്‍ക്ക് മീതെ ഒഴുകി നടക്കുന്ന പുക മഞ്ഞും അത് നിന്നോട് പറയാതിരിക്കില്ല...

ഓ:ടോ:ഡല്‍ഹി മുഖ്യമന്ത്രിക്കുള്ള പരാതി ഞാന്‍ കീറി കളയട്ടയോ? അതോ അക്ഷരത്തെറ്റുകൂടി തിരുത്തിയിട്ട് മതിയോ?

മഴത്തുള്ളി said...

വേര്‍പിരിയലും ഒത്തുചേരലുമെല്ലാം ജീവിതത്തിന്റെ അഭിവാജ്യഘടകങ്ങളാണല്ലോ. കൊള്ളാം. നന്നായിരിക്കുന്നു.

കുറുമാന്‍ said...

പാര്‍വ്വതീ, എന്താ ഈയിടേയായി, വിരഹവും, വേര്‍പാടും, ഏകാന്തതയും മറ്റുമാണല്ലോ, തൂലികയില്‍ നിന്നും (അല്ല, കീ ബോര്‍ഡില്‍ നിന്നും) പിറക്കുന്നത്. അക്ഷരപിശാചും പിടിച്ചിട്ടുണ്ട്.

മനസ്സില്‍ ഉദ്ദേശിച്ചത് മൊത്തമായും, വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ പറ്റിയോ എന്നൊരു സംശയം ഇല്ലാതില്ല, എന്നാലും കൊള്ളാം

പാച്ചു said...

ക്രാഫ്റ്റ്‌ നന്നായിട്ടുണ്ട്‌.
'യാത്ര പറയലിന്റെ സാമ്പ്രാണിപ്പുക'-തുടങ്ങിയ പ്രയോഗങ്ങളും ഏശിയിട്ടുണ്ട്‌.

Keep it up..ന്നാച്ചാ കൈയ്യില്‍ത്തന്നെ ഇരിക്കട്ടേന്നല്ലാട്ടോ.!!

shefi said...

പാര്‍വതി, സുന്ദരമായ ഭഷ. നേരെ ഹൃദയത്തിലേക്കഴ്‌ന്നിറങ്ങുന്നു

പാര്‍വതി said...

മേന്ന്യനേ വേദനിപ്പിച്ചോ ഞാന്‍, ക്ഷമിക്കുക :-)

തറവാടി :-)

ക്ഷമിക്കൂ ചന്ദ്രൂ :-)

കിരണ്‍ :-)

അനംഗാരീ :-) അതിവിടെ എത്തിച്ചിരിക്കുന്നൂ അവര്‍, കരിയിലകള്‍ പൂര്‍ത്തിയാക്കാഞ്ഞതിന് പരിഭവവും പറഞ്ഞിരിക്കുന്നു

മഴത്തുള്ളീ :-)

കുറുമഗുരോ :-) അക്ഷര പിശാചിനെ തളയ്ക്കാന്‍ പരമാവധി ശ്രമിക്കുന്നു, എന്നാലും ചില സമയം ശല്യം കൂടുന്നു.

പാച്ചൂ :-) നന്ദി

നന്ദി ഷെഫീ :-)

-പാര്‍വതി.

പടിപ്പുര said...

നേരത്തെ പിരിഞ്ഞുപോകുന്നവരുടെ ഓര്‍മ്മള്‍ എന്നപോലെ മുഖത്തിനും വാര്‍ദ്ധക്യമില്ല.

(കരയാതിരിക്കുക
ആ കണ്ണുകളിലെ തിളക്കം ഒരിക്കലും നിന്നെ പിരിയാതിരിക്കട്ടെ)

ഇത്തിരിവെട്ടം|Ithiri said...

വേര്‍പാടുകള്‍ ദുഃഖകരം... കൂടിച്ചേരലിന്റെ സന്തോഷിത്തിലെവിടെയോ വേര്‍പാടിന്റെ ഗന്ധവുമില്ലേ...
പാര്‍വതീ നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടമായി.

Anonymous said...

നല്ല കഥ. പിന്നിട്ട വഴികളുമായുള്ള പരിചയം പുതുക്കല്‍ ഏറെ സ്പര്‍ശിച്ചു. ആശംസകള്‍.