തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Sunday, September 21, 2008

എന്നെ കോമാളിയാക്കുന്ന ലോകം


ഒരു ദിവസം ഈ ലോകം അവസാനിക്കുമെന്നാരെങ്കിലും പറയുമ്പോള്‍
മനസ്സ് പിടയ്ക്കാറുണ്ട്.എന്റെ സമ്പാദ്യങ്ങള്‍,
കാത്തുസൂക്ഷിക്കുന്ന അമൂല്യങ്ങള്‍ ഒക്കെ നഷ്ടപെടുമെന്നോ?
ചൂടിലുരുകുന്ന മഞ്ഞിന്റെയും ഓട്ടവീണ ഓസോണിന്റെയും
ഭാവിയോര്‍ത്ത് രാത്രികളില്‍ ഉറക്കം നഷ്ടപെടാറുണ്ട്.
പിറക്കാനിരിക്കുന്ന എന്റെ കുട്ടികള്‍, പണിയാനിരിക്കുന്ന എന്റെ വീട്..
പേടിസ്വപ്നങ്ങളില്‍ ഊളിയിട്ടവസാനം ഉണര്‍ന്ന് ചൂടുചായയും നുണഞ്ഞ്
ഒരു സുന്ദരപ്രഭാതത്തില്‍ ലോകത്തിന്റെ മുഖത്ത് നോക്കുമ്പോള്‍...

എന്റെ വിഹ്വലതകളെ കളിയാക്കികൊണ്ട് അതെന്നെ കൊഞ്ഞനം കുത്തുകയാണ്‌.
ഇന്നെലെകളില്‍ എല്ലാം നഷ്ടപെട്ടവരുടെ ധൈര്യത്തിന്റെ കാഴ്ചകള്‍ കാട്ടി.

വന്‍ തിരകള്‍ ആഞ്ഞടിക്കുമ്പോഴാണ്‌ മണല്‍ത്തരികളുടെ യഥാര്ത്ഥ ശക്തി
അറിയാനാവുന്നതെന്ന് പറയുന്നതെന്ത് ശരിയാണ്‌....

പാര്‍വതി.

Friday, September 19, 2008

സത്യമെന്ന ബിന്ദു.

ലോകം ഒരു ബിന്ദുവില്‍ ഒതുങ്ങി നില്ക്കുന്നു.
എന്നിലിലുണരുന്ന സത്യത്തിന്റെ നിറവായി നീ..
നിന്നെയറിയാനെനിക്കിനി വേണമായിരം ജന്മങ്ങള്‍
എങ്കിലും നിയതിയുടെ കൈപിടിച്ചെങ്ങോ മറയുമ്പോഴും....
എന്റെ വഴിത്താരകളില്‍ നീരൂറ്റിത്തണുപ്പിക്കേണം നീ...
ഇനിയും കൂട്ടിമുട്ടാത്ത നമ്മുടെ വഴികളെങ്ങോതമ്മിലൊന്നിക്കു-
മെന്നയോര്മ്മയിലുറങ്ങാതെയുണരാതെ കാതോര്‍ക്കുകയാണ്‍ ഞാന്‍.

-പാര്‍വതി

Sunday, June 01, 2008

തീരാത്ത യാത്ര

ചരല്‍ നിറഞ്ഞ പാഥയിലൂടെ അയാള്‍ നടന്ന് തുടങ്ങിയിട്ട് കുറെ നേരമായിരുന്നു. ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ സൂര്യന്‍ തലയ്ക്ക് മുകളില്‍ തന്നെ ആയിരുന്നു.
പലപ്പോഴും വഴിയില്‍ നിന്ന് മാറി നില്ക്കാന്‍ അയാള്‍ക്ക് തോന്നിയിരുന്നു. ആ വഴികളില്‍ അയാള്‍ ആരെയും കണ്ടിരുന്നില്ല. ഏകാന്തതയുടെ നരച്ച ആകാശത്ത് ഇടയ്ക്കിടയ്ക്ക് മിന്നി പൊലിയുന്ന നക്ഷത്രങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ വേദനയും.
വഴിവക്കില്‍ കാണുന്ന പൂവുകള്‍ അയാള്‍ നുള്ളി പറിച്ചിരുന്നില്ല, എങ്കിലും അവയുടെ മുള്ളുകള്‍ കാലടികള്‍ കീറിമുറിച്ചു. രാത്രിയുടെ കൂടാരങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് തപ്പിതടയുമ്പോള്‍ തന്നെ പിന്തുടരുന്ന നീരാളികയ്യുകളുടെ ഈര്‍പ്പം അയാള്‍ക്കനുഭവിക്കാനാവുമായിരുന്നു.
ഓരൊ രാത്രിയും യാത്രയുടെ അവസാനമായിരുന്നെങ്കില്‍ എന്ന് അയാളാഗ്രഹിച്ചു,
പക്ഷെ ഉച്ചസൂര്യന്റെ തീചൂടുമായി അയാളുടെ പകലുകള്‍ തെളിഞ്ഞു കൊണ്ടിരുന്നു. അവയില്‍ നിറയെ മുള്ളുകള്‍ കാത്തു നിന്നു.
എങ്ങ് തീരുമെന്ന് അറിയാത്ത യാത്രയുടെ ഇടയിലെവിടെയോ ആയിരിക്കും അയാള്‍.

Friday, May 30, 2008

തിരിച്ചറിവുകളുടെ തുടക്കം...

ആമാശയത്തിന്റെ ഉള്ളറകള്‍ വരെ എരിയുന്ന ഒരു തോന്നല്‍, രണ്ട് ദിവസമായി ഒന്നും കഴിക്കാതിരുന്നത് കൊണ്ടാണ് എന്നറിയാമുള്ളത് കൊണ്ട് ഇത് തന്നെ വിശപ്പ് എന്ന വികാരം എന്ന് ബ്രൂണോയ്ക്ക് മനസ്സിലായി. വേണ്ടിയിരുന്നില്ല ഒന്നും വേണ്ടിയിരുന്നില്ല, കുടല്‍മാലകള്‍ വരെ അഴുകി പുറത്ത് വരുമോ എന്ന ഭയം കൊണ്ടും ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജീവിക്കണം എന്ന് പൂതി കൊണ്ടും മാത്രമാണ് ഇറങ്ങി പുറപ്പെട്ടത്. വീട്ടില്‍ കാത്തിരിക്കുന്ന ഫിഷ് ഫിംഗര്‍ ചിപ്പുസുകളും മറ്റും ഓര്‍ക്കുമ്പോള്‍ എരിച്ചില്‍ കുടുന്നു. എന്നാലും വയര്‍ ഉറച്ചു എന്നതില്‍ അവന് സന്തോഷം തോന്നി.

കത്തിക്കാളുന്ന വെയില്‍, കാല് പൊള്ളാതെ ഒന്ന് മാറി നിന്നപ്പോള്‍ ദൂരത്തൊരു ബഹളം കേട്ടു, കരിമ്പച്ച നിറത്തില്‍ ഒരു വണ്ടിയും അതിന്റെ പിന്തുടര്‍ന്ന് ഒരു കൂട്ടവും, ആഹാരത്തിന്റെ മണമടിച്ചപ്പോള്‍ അവന് കാര്യം മനസ്സിലായി, അവനും അവരുടെ പിന്നാലെ കൂടി. പേരോ പഴക്കമോ അറിയാത്ത എന്തൊക്കെയോ തിന്നു തീര്‍ക്കുമ്പോള്‍ അകത്തെ ചൂട് കുറഞ്ഞ് കുറഞ്ഞ് വരുന്നത് അറിയാനായി.

എണ്ണമെടുക്കാനാവാതെ രാവും പകലും പോയിയെന്ന് മാത്രം അവന്ന് മനസ്സിലായി തുടങ്ങിയുരുന്നു, തുടുത്ത് നിന്ന ശരീരം ഒതുങ്ങി തുടങ്ങിയിരിക്കുന്നു, പണ്ടത്തെ പോലെ ഇപ്പോ ഓടാനും മത്സരിച്ച് പങ്ക് വാങ്ങിക്കാനും ആയാസം തോന്നുന്നില്ല, അല്പം വലുപ്പം കൂടുതലുള്ളതിനാല്‍ ആരും പെട്ടന്ന് അടുക്കുന്നുമില്ല. ഉപജീവനത്തിന്റെ ആദ്യ പാഠങ്ങള്‍ അവന്‍ പഠിച്ചു തുടങ്ങിയ ആ ദിവസങ്ങളിലൊന്നില്‍ പരിചയമുള്ള ഒരു മണം അവന്റെ മൂക്കിന് ചുറ്റും അടിച്ചു.

“ബ്രൂണോ.. ഓഹ് മി സ്വീറ്റീ.. എന്ത് മെലിഞ്ഞ് പോയി നീയ്യ്, എന്ത് പറ്റിതാ ബേബീ നിനക്ക്... എന്തൊരു നാറ്റം” ശരീരം മുഴുവന്‍ പതഞ്ഞൊഴുകുന്ന, ജനിച്ച നാള്‍ മുതല്‍ പരിചിതമായ മണം. ഫിഷ് ഫിംഗേര്‍സും ബിസ്ക്കറ്റുകളും ആര്‍ക്കും വേണ്ടാതെ......

“സ്വീറ്റി, ബ്രൂണോ ഒന്നും കഴിക്കുന്നില്ല.. പ്ലീസ് കാള്‍ ദെ ഡോക്റ്റര്‍, ഞാന്‍ ഇന്ന് ഓഫീസില്‍ പോവുന്നില്ല, ഐ കാണ്ട്”.

ഡൊക്റ്റടിന്റെ കുഴലിനും കയ്യുറയിട്ട കൈക്കും വഴങ്ങി കൊടുക്കുമ്പോള്‍ അവന്ന് വിശപ്പ് തോന്നി തുടങ്ങി. “ഹീ ഈസ് പെര്‍ഫെക്റ്റ്ലി ആള്‍ റൈറ്റ്, ലുക്കിങ്ങ് ഹെല്‍ത്തി ആള്‍സോ. പ്രത്യേകിച്ച് ഒരു മരുന്നിന്റെയും ആവശ്യമില്ല.“

വിശപ്പടങ്ങാന്‍ മാത്രം കഴിച്ച് പുറത്തേയ്ക്കിറങ്ങുമ്പോള്‍ തന്റെ അനുഭവജ്ഞാനങ്ങള്‍ അവന്ന് എഴുത്തറിയാമായിരുന്നെങ്കില്‍ അവന്‍ പങ്ക് വച്ചേനെ.

മറ്റൊരു ആട്ടോബയോഗ്രഫിയായി.

Sunday, May 11, 2008

എന്റെ കിളികൂട്...

സ്വപ്നങ്ങള്‍ കൊണ്ടൊരു കിളിക്കൂട്-
ഇന്ന് ഞാനുമൊരുക്കിയതിലൊരു കൂട്ടും.
ഇനി വിരിയുന്ന പ്രഭാതങ്ങളില്‍ കൂടെ നില്‍ക്കാന്‍,
സന്ധ്യ ചേക്കേറുമ്പോള്‍ കാവലായി നില്‍ക്കാന്‍.

വൈകിപ്പൊയെന്ന് തോന്നുന്നു, എങ്കിലും ആരും പിണങ്ങില്ലെന്ന വിശ്വാസത്തോടെ ഒരു കാര്യം പറയാം, ഞാനും ഒരു കല്യാണം കഴിച്ചു, ഇത്തിരി പെട്ടന്നായി പോയി, അതോണ്ട് വിരുന്ന് വിളിക്കാനും, സദ്യ ഒരുക്കാനും ഒന്നും പറ്റിയില്ല.

എന്നാലും നിങ്ങളുടെ എല്ലാം ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും എന്നും ഉണ്ടാവണം.ഈ സൌഹൃദങ്ങളും.

ഫോട്ടോസ് ഇവിടെ കാണാം.
http://picasaweb.google.com/lidiyajoy/MarriageAlbum
സ്നേഹത്തോടെ,
പാര്‍വതി.

Saturday, March 15, 2008

ഒന്നും പറയാതെ പോയവര്‍

പിണങ്ങി പോയ സുഹൃത്ത് പാതി കുടിച്ച് വച്ച് പോയ ചായക്കപ്പ് പോലെയാണ് മരണം,
തിരികെ വന്ന് പറയാനാവത്ത ഒരു മാപ്പ്, കൊടുക്കാനാവാതെ പോയ ഒരു മുത്തം.
എന്നും യാത്രകളെ സ്നേഹിക്കുന്ന ഞാന്‍ മരണത്തെയും സ്നേഹിച്ചിരുന്നു-
ഒരു നീണ്ട യാത്രയില്‍ കൂട്ടുകാരില്ലാതെയെങ്കിലും പോവാന്‍, എങ്കിലും
തിരിച്ചു വരാതെ പോവുന്നവരോട് പറയാനാതെ പോയതെന്തെക്കെയോ..
തണുത്ത് മരവിച്ച് മുഖങ്ങള്‍, ഓര്‍ത്തെടുക്കാനാവാതെ ദൂരത്തിരിക്കുമ്പോള്‍-
ഒരിറ്റ് കണ്ണീര്‍ പൊഴിക്കാനാവാതെ ഓര്‍മ്മകള്‍ മാത്രം നീറി നില്ക്കുന്നു.

-പറയാനായി ഒരുപാട് ബാക്കി വച്ച് പറയാതെ പോയവര്‍ക്കായി....

-പാര്‍വതി

Monday, March 10, 2008

സ്നേഹം?വെറുപ്പ്?

തണല്‍ മരങ്ങളില്ലാത്ത വഴിയില്‍ വെയിലിലുരുകി നടന്നപ്പോള്‍ ഈ കിളിനാദം വരവേല്‍പ്പായാണ് തോന്നിയത്. പ്രളയത്തിലൊഴുകുന്ന പൊങ്ങുതടിയായി ജീവിതമെങ്കിലും ഉറവ വറ്റാതെ എവിടെയോ സ്നേഹസൌഹൃദങ്ങള്‍ വിതുമ്പി നിന്നത് കൊണ്ടാണ് ഞാന്‍ വാങ്ങിയത്, ഒരു വലിയ കൂടും അതില്‍ നാല് കിളികളും, പക്ഷെ കൂട് കെട്ടുന്നവനെയും കൂട്ടിലിടുന്നവരെയും വെറുക്കുന്ന പൊതു തത്വത്തിന്റെ കയ്പ്പറിഞ്ഞ നൊമ്പരത്തിലാണ് ഞാന്‍.
അവയുടെ ചിലമ്പല്‍ എന്നെ ശപിക്കുന്ന കൂരമ്പുകളായി എനിക്ക് തോന്നുന്നു. ചിറക് വിരിയ്ക്കാനാവത്ത ദൂരത്തിന്റെ വിഷാദം ഒരിക്കലും അടുക്കാനാവാത്ത ശത്രുവായി എന്നെ കാണുന്ന വൈരാഗ്യമായി മാറുമ്പോഴാണൊ എന്റെ സ്നേഹത്തലോടലുകള്‍ കൂര്‍ത്ത കൊക്കു കൊണ്ട് വരയ്ക്കുന്ന മുറിപാടുകളാവുന്നത്.
പുറത്ത് വട്ടം തിരിഞ്ഞ് നടക്കുന്ന കറുത്ത പൂച്ചയുടെയും വിശപ്പടങ്ങാത്ത തെരുവു നായ്ക്കളുടേയും ഇടയിലേയ്ക്ക് അവരെ തുറന്ന് വിടാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല.
ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ കര്‍ത്താവും കര്‍മ്മവും ആയി നില്‍ക്കുമ്പോള്‍ പഠിച്ചറിവുള്ള തത്വങ്ങളൊക്കെയും എന്നെ കുറ്റവാളിയാക്കുന്നു.

-പാര്‍വതി

Friday, March 07, 2008

സംശയം

ഇരുട്ടിനും ഒരു ആത്മാവുണ്ട് പോലും..
വെളിച്ചത്തിന്റെ തരിമ്പുമില്ലാത്ത സ്വപ്നങ്ങള്‍
അവ നെയ്യാറുണ്ട് പോലും...
ഇന്നിരുട്ടും വെളിച്ചവും ഇടകലര്‍ന്നൊഴുകി,
നരച്ച നിറങ്ങള്‍ പെയ്തിറങ്ങുമ്പോള്‍
സ്വപങ്ങളേത് നിറങ്ങളിലാവണം?

-പാര്‍വതി