തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, January 09, 2007

ഞാനും...

ചൂളം കുത്തി പാഞ്ഞ കാറ്റിന്റെ, എങ്ങോ മറന്ന് പോയ ചില നൊമ്പരങ്ങളുടെ, ജീവിതം ഇതോ എന്ന് അമ്പരപ്പോടെ നിന്ന് പോയ ഉയര്‍ച്ച താഴ്ചകളുടെ കഥകളൊക്കെയും മാറാപ്പിലടുക്കുമ്പോള്‍ അവധിക്കാലം കഴിഞ്ഞ് വീണ്ടും ഈ സ്കൂളില്‍‍ എത്തിചേരുന്ന നിമിഷങ്ങളായിരുന്നു മനസ്സില്‍.

പക്ഷേ ഇപ്പോ , പണ്ട് കുറെ കാലത്തിന് ശേഷം സ്കൂളില്‍ തിരിച്ചെത്തിയപ്പോള്‍ പഴയകൂട്ടുകാരൊക്കെ ജയിച്ച് പോയെന്നറിഞ്ഞ് തനിയെ ക്ലാസില്‍ പുതിയവരെ കാത്തിരുന്ന പോലെ.

ഇനി പുതിയ പുസ്തകങ്ങളും നോട്ടുബുക്കുകളും ഉള്ളതിലേയ്ക്കും നല്ല വര്‍ണ്ണ പേപ്പര്‍ കൊണ്ട് പൊതിയണം, നെയിംസ്ലിപ്പും ഒട്ടിക്കണം, യൂണിഫോം വേണ്ട, എന്നാലും പുതിയ ഐഡന്റിറ്റി ഫോട്ടോ ഇടണം..എന്നിട്ട് എനിക്കും ഈ സ്കൂള്‍ വര്‍ഷം ആഘോഷിക്കണം.എല്ലാവരും ഒത്തിരി ഒത്തിരി വിശേഷങ്ങള്‍ പറയുന്നു അതൊക്കെ കേള്‍ക്കണം, തിരക്കാണ്.

:)

-പാര്‍വതി.

28 comments:

പാര്‍വതി said...

പുതിയ വര്‍ഷത്തിലേയ്ക്ക് മഴനനഞ്ഞ കുപ്പായവും, വലിച്ച് കെട്ടിയ സ്കാര്‍ഫും അലൂമിനിയപെട്ടിയില്‍ നിറച്ച ബുക്കുകളും,ജലദോഷം കൊണ്ട് ഇത്തിരി ഒലിക്കുന്ന മൂക്കുമായി ഞാനും എത്തീന്ന് പറയാന്‍..

-പാര്‍വതി.

Sul | സുല്‍ said...

എല്ലാരും ജയിച്ച് പോയില്ല. ഞാന്‍ ഇവിടെ തന്നെയുണ്ട്. എനിക്കും തിരക്കാണ്.

സ്കൂളായാതിനാല്‍ തേങ്ങ കൊണ്ടുവന്നില്ല.

-സുല്‍

ഏറനാടന്‍ said...

പള്ളിക്കൂടത്തില്‍ പുള്ളിക്കുട ചൂടി പുള്ളിമാനെ പോലെ തത്തിക്കളിച്ചു പോവുന്ന കുട്ടിക്കാലമേ ഇനിയൊരിക്കലുമീ ജന്മത്തിലതില്ലല്ലോ!
അന്നത്തെ മഴക്കാലം, നിറഞ്ഞ തോടിലെ മീന്‍-തവള-മാക്രി പിടുത്തം എല്ലാം പാര്‍വതീടെ പോസ്‌റ്റ്‌ ഒന്നൂടെ ഓര്‍മ്മിപ്പിച്ചു തന്നു. നന്ദി.

Siju | സിജു said...

ജലദോഷം പിടിച്ചതു കൊണ്ട് തോന്നുന്നതാ
എല്ലാം അങ്ങിനെ തന്നെയുണ്ട്; ഞാനും :-)

നന്ദു said...

വെല്‍ക്കം ബാക്ക് :0
(അയ്യോ.. അതു നമ്മളൊരിക്കെ പറഞ്ഞതാല്ലേ. എന്നാലും ഇരിക്കട്ടെ ഒരെണ്ണം കൂടെ.)

പാര്‍വതി said...

സുല്ലേ തേങ്ങയില്ലേലും ആ പറങ്കിമാമ്പഴത്തിന്റെ പങ്ക് കൊണ്ട് വന്നിട്ടില്ലേ..പിന്നെ അവധികഴിഞ്ഞ് വരുമ്പോ കാണിച്ച് തരാമെന്ന് പറഞ്ഞ പുതിയ പളുങ്കുഗോട്ടിയും :) (ഒരു നൊസ്റ്റാള്‍ജിയ പറഞ്ഞതാ)

ശരിക്കും ഏറനാടന്‍ മാഷേ,സ്കൂളു തുറന്ന് വരുന്നത് പരീക്ഷക്കാലമാണെങ്കിലും ഒരു വികൃതിക്ക് പിറന്നാള്‍ സമ്മാനം വേണ്ടത് നല്ല കാറിന്റെ വര്‍ണ്ണപടങ്ങള്‍, പുസ്തകം പൊതിയാന്‍.മഴവെള്ള ചാലില്‍ നിന്ന് കയറാതെ നടക്കുമ്പോള്‍ അപരിചിതര്‍ ഉറ്റുനോക്കുന്നു,അപ്പോള്‍ ആ കാലം തിരിച്ച് കിട്ടില്ലെന്ന് മനസ്സിലാവുന്നു.

സിജൂ :)

നന്ദുവേട്ടാ :)

-പാര്‍വതി.

അഗ്രജന്‍ said...

പാര്‍വ്വതി... മയക്കാത്തറിയുണ്ടോ അലൂമിനിയപെട്ടിയില്‍... ഈ സ്ലേറ്റൊന്ന് തൊടക്കാനാ :)

chithrakaranചിത്രകാരന്‍ said...

ബ്ലൊഗില്‍ എന്നും ഗൃഹാതുരത്വത്തിന്റെ വസന്തമാണ്‌.... എപ്പൊഴും പൂക്കുന്ന ഒരു പൂംന്തോട്ടം !!... ഭാഗ്യം തന്നെ !!!!
പാര്‍വതി.. നന്നായിരിക്കുന്നു.

സു | Su said...

പാര്‍വതിയ്ക്ക് പുതുവത്സരാശംസകള്‍.

ആരും ജയിച്ച് കയറിപ്പോയില്ല. എല്ലാവരും, പുത്തന്‍ സ്ലേറ്റും, പുതുവസ്ത്രങ്ങളുമണിഞ്ഞ്, പുഞ്ചിരിയോടെ നില്‍ക്കുന്നു. അവരോടൊപ്പം ഞാനും ഒരു മൂലയ്ക്ക് എഴുതിയും മായ്ച്ചും, എഴുതിയും മായ്ച്ചും, ഇങ്ങനെ...

അനംഗാരി said...

പാറൂ, ചിലര്‍ക്ക് നേരിട്ട് പി.എച്ച്.ഡി കിട്ടി.ചിലര്‍ക്ക് ബുദ്ധി ജീവി പട്ടം കിട്ടി.അതും ഒരു സ്ഥന കയറ്റം തന്നെ അല്ലെ?. പാറു എന്തായാലും ജയിച്ചു.പുതിയ ക്ലാസ്സില്‍ വന്ന് ഇരുന്നാട്ടെ.ആരൊക്കെയാ പുതിയ കൂട്ടുകാര്‍ എന്ന് നോക്കൂ.പിന്നെ ഞാന്‍ പഴയ പടി ഇവിടെ തന്നെ.

വല്യമ്മായി said...

അയ്യോ മഴ കാരണം എത്താന്‍ വൈകി,എന്റെ പെന്‍സിലിന്റെ പകുതി തന്നാല്‍ നിന്റെ കയ്യിലുള്ളതില്‍ നിന്നും ഒരു ചെമ്പകം തര്വോ പാറൂ

venu said...

പാര്‍വ്വതി, എല്ലാരും ജയിച്ചു.പാര്‍വ്വതിയും.പുതിയ സ്ലേറ്റും പെന്‍സിലുമായി ആ മൂക്കൊലിക്കാത്ത കൊച്ചിനിപ്പുറം ഇരുന്നോളൂ. പക്ഷേ പഴയ ക്ലാസ്സുപോലല്ല..ഒത്തിരി പഠിക്കണം. പിന്നെ എന്‍റെ പുത്തന്‍ ഉടുപ്പിഷ്ടപ്പെട്ടില്ലെ.
ഒന്നും പറഞ്ഞില്ല.
പാര്‍വതിയ്ക്ക് പുതുവത്സരാശംസകള്‍.
സ്നേഹപൂര്‍വ്വം,
വേണു.

ഇത്തിരിവെട്ടം|Ithiri said...

മുഖങ്ങള്‍ മാറിയത് തോറ്റത് കോണ്ടാണോ പാര്‍വ്വതീ... എല്ലാവരും തോറ്റപ്പോഴും ലഭിച്ച ഒരു വിജയത്തിന്റെ നീക്കിയിരുപ്പാവും അത്.

ശ്രദ്ധിച്ചാ‍ല്‍ മനസ്സിലാക്കാനാവും... പഴയ ഗന്ധ പേറുന്ന പുതിയ ക്ലാസ്സ് റൂം. പുതിയ സ്ലേറ്റും പെന്‍സിലും മായ്ക്കൌള്ള വെള്ളത്തണ്ടും വര്‍ണ്ണകടലാസുകള്‍ക്കുള്ളില്‍ പുഞ്ചിരിക്കുന്ന പുതുപുത്തന്‍ പുസ്തകങ്ങളും (അകത്ത് കാലങ്ങളായി തുടരുന്ന സിലബസ്സ് താന്നെ ). എല്ലാം പുതിയത്.

എന്നാല്‍ മഴക്കാലത്തെ ബെഞ്ചിന്റെ കുളിരില്‍, ഒത്തിരി കണ്ട് മറന്ന സ്നേഹവുമായി വീണ്ടുമെത്തുന്ന അദ്ധ്യാപകരില്‍, കാല്‍ തട്ടി വീഴാന്‍ പഴയപോലെ തന്നെ സ്കൂള്‍ ഗ്രൌഡില്‍ ഇത്തിരി ഉയര്‍ന്ന് നില്‍ക്കുന്ന കല്ലിന്‍ കഷ്ണത്തില്‍. വഴിയില്‍ പരിഭവം കേള്‍ക്കാറുള്ള കുറ്റിച്ചെടികളില്‍... പലതും ഇപ്പോഴും പഴമയുടെ ഭാരം പേറുന്നു.

പുതിയ ഉടുപ്പും പുതിയ ചിന്തകളും പുതിയ തീരുമാനങ്ങളുമായി പുതിയ അദ്ധ്യായങ്ങളും പ്രതീക്ഷിച്ച് പഴമയുടെ ഗന്ധത്തില്‍ കാത്തിരിക്കാം നമുക്ക്... മറ്റൊരു പുതിയ ക്ലാസ്സും പുതിയ കൂട്ടുകാരേയും പ്രതീക്ഷിച്ച്.

വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍.
പുതിയ ക്ലാസ്സിന്റെ ഗന്ധം കിട്ടുന്നില്ലേ.

തറവാടി said...

പാര്‍വതീ,

ഓര്‍മ്മയില്ലെ പാര്‍വതി ,

നാട്ടിന്‍പുറത്തെയൊക്കെ നമ്മുടെ സ്കൂളിലുണ്ടായിരുന്ന പഠിപ്പിസ്റ്റുകളും ,

അവരുടെ ഒപ്പം നടന്നിരുന്ന ഒരു ചെറിയ

"പഠിപ്പിന്‍ വിദ്യാര്‍ത്ഥി" കൂട്ടത്തെ? ,

ഏറ്റവും കൂടുതല്‍ , തമ്മില്‍തമ്മില്‍ സംസാരിച്ചിരുന്നെങ്കിലും ,

ഏറ്റവും കൂടുതല്‍ ഉള്‍പ്പോരും അവര്‍ തമ്മിലായിരുന്നു.

പിന്നെയുള്ള ഒരു മധ്യവര്‍ഗ്ഗം ,
അങ്ങോട്ടും ചാടാം ഇങ്ങോട്ടും ചാടാം എന്ന രീതിയിലുള്ളവര്‍ ;
പിന്നെ ഏറ്റവും പിന്നിലുള്ള

" കച്ചറകള്‍"

എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ,

ക്ളാസ്സില്‍ തോന്നുമ്പോള്‍ മാത്രം കയറുന്ന , താന്തോന്നികളായ , ഏറ്റവും പിന്നിലെ ബെഞ്ചില്‍ എന്നും ഇരിക്കുന്ന , തല്ലുകള്ളികളയ ഒരു കൂട്ടര്‍.

ഇനി ഇതൊന്നിലും പെടാത്ത ,

തങ്ങളെല്ലാം ഈ ലോകത്ത് വന്നത്‌ അബദ്ധത്തില്‍ പറ്റിയത് എന്ന് അറിക്കാന്‍ വേണ്ടി

എല്ലാരില്‍ നിന്നും വെത്യസ്ത്ഥന്‍മാരായി നടക്കുന്ന മറ്റു ചിലര്‍

കഴിഞ്ഞ ക്ളാസ്സിലെ പാര്‍വതിയെ എനിക്കറിയാം ,

പുതിയ ക്ളാസ്സല്ലെ ,

പുതിയ കുറെ പേരുണ്ട് , പുതിയ രീതി അവലംഭിച്ചാലും ആരും അറിയില്ല ,

പ്രത്യേകിച്ചും ഞാനൊന്നും ഇപ്പോ ക്ളാസ്സില്‍ പണ്ടത്തേതിന്‍റ്റെ

പകുതിപോലും കയറാത്ത സാഹചര്യത്തില്‍

എന്നേത്തേതിനെപ്പോലെ ഈ പുതിയ ക്ളാസ്സിലും ഞാന്‍  പിന്നിലെ ബെഞ്ചില്‍ത്തന്നെയുണ്ട്.


പാര്‍വതിക്ക് വൈകിയ പുതുവത്സരാശംസകള്‍

ittimalu said...

എന്തിനാ വെറുതെ എന്നെ ആ സ്കൂള്‍ ഓര്‍മ്മയിലേക്ക് കൊണ്ടോയെ.. ഇന്നു യുവജനോല്സവം തുടങ്ങാ.. ഞാന്‍ ഇപ്പൊ ഒരാളോട് പറഞ്ഞെ ഉള്ളു എന്തായാലും ഒരു ഫസ്റ്റ ഞങ്ങടെ സ്കൂളിനാണെന്ന്.. എനിക്കും പോവണം ...

കുറുമാന്‍ said...

അല്ലാ പാറൂ, ഇതെന്താ പറ്റ്യേ? നാട്ടിലൊന്നു പോയി വന്നപ്പോ മൊത്തം തിരിഞ്ഞു പോയോ?

ഇത് മാസം ജനുവരി. ക്രിസ്തുമസ്സ് അവധി കഴിഞ്ഞെല്ലാവരും വീണ്ടും സ്കൂളില്‍ പോയി തുടങ്ങിയ സമയത്താണോ? മഴയെല്ലാം അവസാനിച്ച്, മകരകുളിരും അവസാനിക്കാറായ നേരത്താണോ ജൂണിലെ സ്കൂള്‍ തുറപ്പിന്റെ, കോരിചൊരിയുന്ന മഴയുടെ, നനുത്ത ഓര്‍മ്മകള്‍ അയവിറക്കുന്നത്?

പാര്‍വതി said...

അല്ല കുറൂസ്..നാട്ടില്‍ നല്ല സ്കാര്‍ഫ് കെട്ടാനുള്ള തണുപ്പുണ്ട്, പോയ തക്കത്തിന് വിശേഷം പറഞ്ഞ് പോവാന്‍ ഒളിച്ചും പാത്തും ഒരു മഴയും വന്നു.മഴയത്ത് വെള്ളച്ചാലില്‍ കൂടി മാത്രം നടന്നപ്പോള്‍ കൂടെയുള്ള കുട്ടികള്‍ കാല് നനയാതെ നടക്കാന്‍ ശ്രമിക്കുകയായിരുന്നു, തിരിച്ചിവിടെയെത്തിയപ്പോഴൊ ഒരു സ്ഥലജലവിഭ്രാന്തി, അതാണ് ജൂണിലെ തുറക്കലും ഒറ്റയ്ക്കിരിക്കലും(ഒരിക്കല്‍ സംഭവിച്ചതാണത്)മൂക്കൊലിപ്പും ഒക്കെയായി ഭാണ്ടം തുറന്ന് വന്നത്.

ശരിക്കും ഇപ്പോ പരീക്ഷാ ക്കാലമാണ്,മോഡല്‍ എക്സാമും, റിവിഷനും-ഇപ്പോഴത്തേ പരീക്ഷകള്‍ക്ക് പണ്ടത്തേതിലും കൂടുതല്‍ ചൂട്, എന്നാലും പഴയ കോപ്പിയടി ടെക്നിക്കുകള്‍ക്ക് ഇപ്പോഴും നല്ല മാര്‍ക്കറ്റ് :)

എന്റെയീ ‘താളവട്ടം’ ഇപ്പോഴത്തേയ്ക്ക് ഒന്ന് ക്ഷമിക്കൂ..

-പാര്‍വതി.

-പാര്‍വതി.

kaithamullu - കൈതമുള്ള് said...

ഞാനും പോയിരുന്നു നാട്ടില്‍.
- കനത്ത മഴയായിരുന്നു, അപ്പോള്‍.
മൂന്നാലു ദിവസം അഘോഷിച്ചും ആസ്വദിച്ചും വീട്ടിലിരുന്നു.
പിന്നെ എപ്പോഴോ ‘ഈ നശിച്ച മഴയെന്താ തോരാത്തെ, ഒന്നു പുറത്തിറങ്ങാന്‍...’ എന്നായി.

തിരിച്ച് മണല്‍ക്കാട്ടില്‍,ഈ കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, വീണ്ടും തോന്നുന്നു:‘ഹാ, ആ മഴയെന്ത് രസമായിരുന്നു....’

(മനസ്സെന്തൊരു മങ്കീ, അല്ലേ?)

അരീക്കോടന്‍ said...

ഈ തണുപ്പ്‌കാലത്ത്‌ തുറക്കുന്ന സ്കൂള്‍??? Delhi യില്‍ തന്നെയല്ലേ ഇപ്പോഴും???

പാര്‍വതി said...

അഗ്രൂ ഈ മായ്ക്കത്തറി വേനപച്ച തന്നെയാണോ, സ്ലേറ്റ് മായ്ക്കാന്‍ ഉപയോഗിക്കുന്ന ഇല?പണ്ട് സ്വന്തവും ഇരന്ന് വാങ്ങിയതുമായ എല്ലാ പെന്‍സില്‍ വെട്ടിയ ചുരുളുകളെല്ലാം കൂട്ടിവെച്ച് കഞ്ഞെവെള്ളത്തില്‍ ഇട്ട് വയ്ക്കുമായിരുന്നു,അങ്ങനെയാണ് റബര്‍ ഉണ്ടാക്കുന്നത് പോലും..(ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ചിരി നിറയുന്നു)

ചിത്രകാരാ:) മധ്യേയിങ്ങനെ കാണുന്ന നേരത്ത്, വെറുതെ ഇത്തിരി നൊസ്റ്റാള്‍ജിയ കൊണ്ട് സന്തോഷമെങ്കില്‍ അങ്ങനെ :)

സൂ :) വന്നതില്‍ ഒത്തിരി സന്തോഷം.

അനംഗാരീ :) ജയിച്ചുവെന്ന് പറഞ്ഞ് സന്തോഷിപ്പിച്ചു, അപ്പോ എനിക്ക് പട്ടം ഒന്നൂല്ലാ :-O ?

വല്യമ്മായീ ചെമ്പകമില്ലല്ലോ, ശ്രീദേവിചേച്ചി തന്ന മയില്പീലീടെ രണ്ട് ഇതളുണ്ട്, അതൊന്ന് തരാം, മതിയോ, മാനം കാട്ടാതിരുന്നാല്‍ മതി, ഒത്തിരി കുഞ്ഞുങ്ങളുണ്ടാവും, അപ്പോ ഒരെണ്ണം തിരികെ തരണം.

വേണൂ മൂക്കൊലിക്കുന്നത് കണ്ടുപിടിച്ചു അല്ലേ :)

ഇത്തിരീ :)

തറവാടീ, ഞാന്‍ പിന്ബഞ്ച് താരമായിരുന്നു, താഴെ തട്ടുള്ള പിന്‍ബഞ്ചില്‍ ഉച്ചയ്ക്ക് മുമ്പുള്ള പീരിയഡില്‍ എല്ലാവരുടേയും ചോറ്റുപാത്രത്തില്‍ നിന്ന് കറി രുചി നോക്കുന്നത് ഗുണ്ടാപിരിവ് പോലെയായിരുന്നു :))

ഇട്ടിമാളൂ, ഒന്ന് പോയി ആ നാടോടിനൃത്ത മത്സരവേദിയൊക്കെ കണ്ട് വരൂ, എന്നാലും വല്ലാത്ത അപരിചിതത്വം തോന്നും, കല്ലും മണ്ണും പോലും നമ്മേ മറന്ന് പോയീന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നും, അല്ലെങ്കില്‍ സ്വാര്‍ത്ഥയ്ക്കേറ്റ ഒരടി.

കുറൂ :)

കൈതമുള്ളേ, മനസ്സും മങ്കിയും തമ്മില്‍ ഒത്തിരി സാമ്യങ്ങളുണ്ടെന്ന് ഞാനും കണ്ടുപിടിക്കുന്നുണ്ട്. :)

അരീക്കോടന്‍സ്:) ഇതൊരു നാട്ടില്‍ പോക്കിന്റെ ഓളമായിരുന്നു, അത്രേയുള്ളൂ, എന്നാലും ഡേല്‍ഹിയില്‍ തണുപ്പ് വകവയ്ക്കാതെയും സ്കൂളുകള്‍ തുറന്നു, പാവം കുഞ്ഞുങ്ങള്‍, സങ്കടം വരും.അവരുടെ നഷ്ടബോധത്തിന്റെ ബ്ലോഗ്ഗിഗ് നാളുകള്‍ വരാനിരിക്കുന്നതല്ലേ ഉള്ളൂ.ഇപ്പോ എലിയുടെ പ്രാണവേദന... എന്ന ഫീലിങ്ങ്സാവും :)

സ്നേഹത്തോടെ പാര്‍വതി.

കരീം മാഷ്‌ said...

ഇതോരു പത്തു പ്രാവശ്യമെങ്കിലും എന്റെ കമണ്ടിന്റെ സ്വീകരിച്ചില്ല. ഇതവസാനത്ത ശ്രമമാണ്. ഇനിയും പബ്ലിഷായില്ലങ്കില്‍ ഞാന്‍ അനോണിയാവും(?)
പാറൂ ക്ലാസ്സു തുടങ്ങി, മിസ്സായ നോട്സുകള്‍ വേഗം എഴുതിയെടുത്തു പരീക്ഷക്കു തയ്യാറാവു

ഇതെങ്കിലും ശരിയായാല്‍ ഒരു മെഴുകുതിരി

കരീം മാഷ്‌ said...

വന്നൂ!
ഒരു മെഴുകുതിരി

sandoz said...

ഞാന്‍ ഒന്നാം ക്ലാസില്‍ ഇക്കൊല്ലം ചേര്‍ന്ന കുട്ടിയാണു.[കൃഷ്ണന്‍ കുട്ടിയോ ഗോവിന്ദന്‍ കുട്ടിയോ അല്ല]പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

പാര്‍വതി said...

കരീം മാഷേ വന്ന വഴി പരീക്ഷ കാട്ടി പേടിപ്പിക്കുന്നോ, പണ്ടേ കോപ്പിയടിയും പിന്നെ പുണ്യാളന്റെ കുരിശടിക്കല്‍ അരക്കൂട് മെഴുകുതിരിയുമാണ് ആശ്രയം.

സാന്റോസ് കുഞ്ഞാ ഇന്നാ ഒരു “കിലോമുഠായി“(തിന്നിട്ടുണ്ടോ? അരക്കിലോ,ഒരുകിലോ കട്ടികളുടെ ആകൃതിയില്‍ ഇരിക്കുന്ന മിഠായി) :) പുതിയ കുട്ടിയായത് കൊണ്ടാ.

-പാര്‍വതി.

sandoz said...

മാഷേ,
വനിതാ ലോകം വക നാരങ്ങാ മിഠായി ആണോ.അതിനു ഞാന്‍ ഒന്നാം സ്ഥാനക്കാരന്‍ അല്ലല്ലോ.വെറും ഒന്നാം ക്ലാസുകാരന്‍ അല്ലേ.

പാര്‍വതി said...

അല്ലാന്ന്, പണ്ട് നാളില് ഈ ഗ്യാസ് മിഠായി, തേന്‍ മിഠായി, പുളി മിഠായി, ഇവയൊക്കെ പോലെ കിട്ടുന്ന ഒന്നാരുന്നു ഈ കിലോ മിഠായിയും, ശ്ശോ ഇനിയിത് അറിയുന്നവര്‍ ആരുമില്ലേ..

അടിയുണ്ടാക്കരുതേ..കൊച്ചായത് കൊണ്ട് സ്നേഹത്തോടെ തന്നതാ.

:)

-പാര്‍വതി.

മഴത്തുള്ളി said...

പാര്‍വതി ഒന്നു നിക്കൂന്നേ.. ഞാന്‍ 2 നാരങ്ങാമിട്ടായീം വാങ്ങി ഇപ്പെ വരാം ;)

Anonymous said...

now I see it..