തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, April 16, 2007

ഓര്‍മ്മകളിലല്ലാത്ത വിഷു

എല്ലാ ഞായറാഴ്ചയും വിനുവിന് എവിടെങ്കിലും ഓഫീസാവശ്യമെന്നും പറഞ്ഞ് പോവാനുണ്ടാവും, പക്ഷേ വിഷുവായിട്ടും കൂടി പോകേണ്ടി വന്നപ്പോള്‍ രമ്യക്ക് കൂടുതല്‍ സങ്കടം തോന്നി, അതിനും കൂടെ വിനുവിന്റെ അമ്മയും വന്നിരിക്കുന്നു നാട്ടില്‍ നിന്ന്.

“എന്താ വിനുവേട്ടാ ചെയ്യാ, കണിയൊരുക്കണ്ടെ?“ രമ്യ ചിന്താഭാരത്തോടെ ചോദിച്ചു.

“എന്താ മോളെ തര്‍ക്കം?” ടി.വി കണ്ടിരുന്ന അമ്മ ചോദിച്ചു.

“ഡെല്‍ഹീല് വിഷുക്കണിയൊരുക്കാന്‍ പെടാപ്പാടാണമ്മേ“ വിനു പറഞ്ഞു.

“കണി കാണണതൊക്കെ നല്ലതല്ലേ മണീ, വീടിനും വീടോര്‍ക്കും ഒക്കെ ഐശ്വര്യാ അത്,“

അമ്മ വേണ്ടാന്ന് പറയുമെന്ന് കരുതി പറഞ്ഞത് ബൂമാറാംഗ് പോലെ തിരിച്ചു വന്നപ്പോള്‍ കുടുങ്ങി.

ഇവിടെ കണിക്കൊന്നയൊന്നും കിട്ടില്യാമ്മേ, അവിടെയൊരു മലയാളികടയുണ്ട്, പക്ഷേ ഒരു കൊന്ന പൂവിന് ഇത്ര രൂപ എന്ന നിലയ്ക്കാ വില, ഒരു കുലയൊന്നും കിട്ടുക പോലും ഇല്ല. രമ്യ സങ്കടം അറിയിച്ചു.

“ഞാന്‍ പോകാനൈറങ്ങുകയാ, നിനക്കിന്ന് ലീവല്ലേ. എന്തെങ്കിലും പ്ലാനൊരുക്ക്,“

വിനു വണ്ടി ചാവിയുമെടുത്ത് പുറത്ത് കടന്നു. ഡെല്‍ഹിയിലെ ചൂടില്‍ വിഷുക്കണിയും സദ്യയൊരുക്കും പിന്നെ ജോലിക്ക് പോക്കും.ഒക്കെ നൊസ്റ്റാല്‍ജിയ പറയാന്‍ കൊള്ളാമെന്നല്ലാതെ ഇതൊക്കെ ആഘോഷിക്കാന്‍ നേരവും സാഹചര്യവും ആര്‍ക്കാ,തല നന്നായൊന്ന് കുടഞ്ഞ് ആ ഓര്‍മ്മകളെ ഒഴിവാക്കി വണ്ടി എടുത്തു.

“നീയൊരു പേനയും പേപ്പറും എടുക്ക് മോളെ,“ വിലാസിനിയമ്മ മരുമോളോട് പറഞ്ഞു.

“എഴുതിക്കോ വിഷുക്കണി എന്നൊരു തലക്കേട്ട്.”
“എന്തൊക്കെ സാധനം ആണ് വേണ്ടത്.“
“കൊന്നപ്പൂവ്“
“കിട്ടില്ലാമ്മേ,വിനുവേട്ടന്‍ പറഞ്ഞത് കേട്ടില്ലേ,വല്യ വിലതന്നെയാണ്”
“ആ പാര്‍ക്കില് ഒരു പൂവ് കണ്ടൂല്ലോ, കൊന്നപ്പൂവിന്റെ മഞ്ഞ നിറം, എന്താ അത്?“
“അതീ വേനക്ക് ഇവിടെ ഒത്തിരി പൂത്ത് നില്‍ക്കണ ഒരു ചെടിയാ,വഴിയരികില്‍ എല്ലാം ഉണ്ടാവും അത്.“
“അത് ഒരു ചെറിയ പാത്രം നിറയെ പറിച്ചോളൂട്ടോ ഇന്ന് നടക്കാന്‍ പോവുമ്പോള്‍.“

അമ്മ കൊന്നപൂവ് പേന കൊണ്ട് കോറി കളഞ്ഞു.

“വെള്ളരിക്ക.“
“നാട്ടിലെ മഞ്ഞ വരയുള്ള വെള്ളരിക്ക കിട്ടില്ല, പക്ഷെ വെള്ളരിക്കയുടെ പല ജാതി നമുക്ക് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും.“
“മതീ‍ല്ലോ, നമുക്ക് കുറ്റപ്പാടില്ലാത്ത ഒന്ന് നോക്കിയെടുക്കാം. അമ്മ ആശ്വസിപ്പിച്ചു.“

അമ്മയ്ക്കേറ്റവും ഇഷ്ടപെട്ട ലാലിന്റെ നാടോടികാറ്റ് പടം കാണുന്നത് വിട്ടിട്ട് അമ്മ തന്ന ടിപ്സ് കേട്ട് രമ്യയ്ക്കും ഉന്മേഷമായി.

“ഫേസ്ത്രീയില്‍ കടയില്‍ വെള്ളമുണ്ടും നേര്യതും കിട്ടും, നല്ല കുത്തരിയും വാങ്ങാം, പക്ഷേ ഉരുളിയില്ലല്ലോ അമ്മേ,“ അടുത്ത പ്രശ്നത്തോരി പോലെ രമ്യ നിന്നു.

“ഉരുളിക്കിപ്പോ എന്താ ഹിന്ദീല് പറയുക, തന്നേല്ലാ ഇന്നാട്ടില് ഉരുളി ഇത് വരെ കണ്ടിട്ടും ഇല്ല.“

“എന്തായാലും ഇന്ന് കടയില്‍ പോവാം, വെയിലൊന്ന് താഴട്ടെ, അല്ലേങ്കില്‍ നല്ല ചെമ്പ് തളികയായാലും നമുക്ക് മതി“. അമ്മ ഉത്തരം കണ്ടു പിടിച്ചു.

വെയിലൊന്ന് താന്നതും അമ്മ കുടയുമെടുത്ത് റെഡിയായിരുന്നു, വെയില് താഴ്ന്നിട്ടും ചൂട് കുറയാത്ത സന്ധ്യയായിരുന്നു അത്.

എല്ലാ സാധനങ്ങളും വാങ്ങി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു പേരും നന്നായി തളര്‍ന്നിരുന്നു.ചൂടും പിന്നെ അലച്ചിലും.എന്നും വൈകുന്നേരം നടക്കാന്‍ പോവുമ്പോള്‍ അമ്മ കുറെ ഹിന്ദി വാക്കുകള്‍ പഠിച്ചുവെന്ന് രമ്യ അറിഞ്ഞത് ഇന്നാണ്.

കൃഷ്ണന്റെ ഫോട്ടോയും മഞ്ഞപ്പൂവുകള്‍ കൊരുത്തെടുത്ത മാലയും മൂത്ത മഞ്ഞ നിറം കയറിയ നല്ല കണിവെള്ളരിക്കയും, ചെമ്പ് താലത്തില്‍ കണിയൊരുങ്ങി കഴിഞ്ഞപ്പോള്‍ മനസ്സിന് സന്തൊഷം തോന്നി.

“സദ്യവട്ടങ്ങളൊക്കെ കുറേശ്ശേ മതീട്ടോ മോളെ, ഒന്നും വെറുതെ കളയരുത്, തിന്നാല്‍ പശുവും കുഴിച്ചിടാന്‍ തോടിയും കൂടിയില്ലല്ലോ“ വിലാസിനിയമ്മ പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

പപ്പവടവും പാ‍യസവുമായി ഇലനിറയെ വിഭവങ്ങളും വച്ച് ഊണ് കഴിച്ച് കഴിഞ്ഞപ്പോള്‍ വിനുവിന് പുറത്തെ വരണ്ട വെയിലിന്റെ ചൂട് കുറഞ്ഞത് പോലെയും ഉള്ളിലും പുറത്തും കുളിരിന്റെ ചെറിയ തണുപ്പ് പടരുന്നത് പോലെയും തോന്നി.

“ഒത്തിരി താങ്ക്സ് ഡാ,“ അവന്‍ രമ്യക്ക് സ്നേഹത്തോടെ ഒരുമ്മ കൊടുത്തു.

“അമ്മയ്ക്കും കൊടുത്തേയ്ക്കൂ, ഇതിലും നല്ലൊരുമ്മ,“ അവള്‍ വിശ്വസ്തതയോടെ മനസ്സ് നിറഞ്ഞ് പറഞ്ഞു,അമ്മയും നിറഞ്ഞ് ചിരിച്ചു.

“ഓണവും വിഷുവും ഒക്കെ മനസ്സിലല്ലേ. സ്നേഹത്തോടെ വിളിച്ചാല്‍ ഐശ്വര്യം ചൊരിയാതിരിക്കാന്‍ ഏത് നാട്ടിലെ ദൈവത്തിനാ ആവുക.“

അമ്മ വീണ്ടും ടിവിയില്‍ തകര്‍ക്കുന്ന കൊച്ചീ രാജാവില്‍ മുഴുകി.

കാലമൊരിക്കലും പഴയതാവുന്നില്ലെന്നും ഓര്‍മ്മകളേക്കാള്‍ ഇന്നുകള്‍ക്ക് മധുരം എന്നും കൂട്ടാനാവുമെന്നും ഓര്‍ത്ത് വിനു അമ്മയുടെ മടിയിലേയ്ക്ക് തലചായ്ച്ചു.

-പാര്‍വതി.

21 comments:

പാര്‍വതി said...

“ഓണോ വിഷൂം ഒക്കെ പണ്ടല്ലാര്‍ന്നോ, ഇന്ന് വല്ലോ നടക്ക്വോ,ഒക്കേം മാറി പോയില്ലേ??, മിച്ചം നഷ്ടബോധം മാത്രം ഹാ.“

ഇല്ലെന്ന് പറയാന്‍ മനസ്സൊരുക്കുന്ന വിഷുക്കണി.
എല്ലാവരും കാണൂ‍ല്ലേ?

-പാര്‍വതി.

Manu said...

കണ്ടു... ഇഷ്ടപ്പെടുകേം ചെയ്തു..പക്ഷെ പാര്‍വതി, ഇതു വിഷുവിനുമുന്നേ ഇട്ടിരുന്നേല്‍ ആരെങ്കിലും ഒക്കെ കണിവച്ചേനെ...

SAJAN | സാജന്‍ said...

പാര്‍വതി, മനു പറഞ്ഞതു പോലെ വിഷു കഴിഞ്ഞുപോയല്ലോ.. ഇനിയെന്താ ആശംസിക്കുക!
ഏതായാലും പുതു വര്‍ഷമാണല്ലൊ..
ഈ പുതു വര്‍ഷത്തില്‍ എല്ലാ
ഐശര്യങ്ങളും ഉണ്ടാവട്ടെ!
പിന്നെ എഴുത്ത് അതു നന്നായിരുന്നു:)

അപ്പു said...

“ഓണവും വിഷുവും ഒക്കെ മനസ്സിലല്ലേ. സ്നേഹത്തോടെ വിളിച്ചാല്‍ ഐശ്വര്യം ചൊരിയാതിരിക്കാന്‍ ഏത് നാട്ടിലെ ദൈവത്തിനാ ആവുക.“

പാര്‍വ്വതീ, നല്ല പോസ്റ്റ്. വൈകിയാണെണെങ്കിലും വിഷു ആശംസകള്‍.

Sul | സുല്‍ said...

പാര്‍വതീ
പഴയ ഓണത്തിന്റെം വിഷുവിന്റെം പ്രൌഢിയൊന്നും ഇപ്പോഴില്ലെന്നത് നേരുതന്നെ. കുട്ടിക്കാലങ്ങളില്‍ ഒരേത്തപ്പഴം മൊത്തം സ്വന്തമായിക്കിട്ടാന്‍ ഒരോണം വരണം. ഇന്നോ ഇന്നെന്നും ഓണമല്ലേ. അതിനിടയില്‍ മറ്റൊരോണത്തിനെവിടെ നേരം.
ആശംസകള്‍ ഞാന്‍ ഒരു പോസ്റ്റാക്കിയിട്ടിരുന്നു. :)
-സുല്‍

സതീശ് മാക്കോത്ത് | sathees makkoth said...

Onavum,vishuvum ellaam OrmmakaLilitt thalolikkan vidhikkappetta pravasikal!
nannayi Parvathi.

(keyman illa)

ഇത്തിരിവെട്ടം|Ithiri said...

:)

മഴത്തുള്ളി said...

ഇപ്പോ എല്ലായിടത്തും എല്ലാ ആഘോഷങ്ങളും വ്യാപാരികള്‍ മുതലെടുക്കുന്നു. ഇന്‍സ്റ്റന്റ് ആയിക്കിട്ടുന്ന വിഷുക്കണി പാക്കറ്റുകള്‍ പല വിപണികളിലും ലഭിക്കുന്നുണ്ടായിരുന്നല്ലോ. അതു കൂടാതെ കൊന്നപ്പൂവിനൊക്കെ നല്ല വിലയും. ഡല്‍ഹിയിലും പലയിടത്തും കൊന്നയുണ്ടെങ്കിലും അതെല്ലാം പൂക്കാന്‍ ഇനിയും ഒരു മാസമെടുക്കും :)

ഒരു കൊച്ചുകുടുംബത്തിന്റെ വിഷു ആഘോഷം നന്നായി എഴുതി :)

പാര്‍വതി said...

വന്ന് കണ്ടനുഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി.

മനൂ :)

സാജന്‍ :) ആശംസകള്‍.

അപ്പൂ :) നന്ദി

സുല്ലേ :) വന്നതിന് നന്ദി, പക്ഷെ ഞാന്‍ കാണുന്ന പല മലയാളികളും ഓണവും വിഷുവും ആകുമ്പോഴെയ്ക്കും നൊസ്റ്റാല്‍ജിയയില്‍ മുങ്ങിത്തുവര്‍ത്തുകയും അതോടെ ആ ദിവസത്തെ ഒരു പേപ്പറിലാക്കുകയും ചെയ്യുന്നു, അതല്ലാതെ ഇങ്ങനെയൊക്കെയും ആവാല്ലോ എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.

സതീഷേ :) ഇപ്പറഞ്ഞതിന് നേരെ വിപരീതമല്ലേ ഞാന്‍ പറഞ്ഞത്, മാറ്റങ്ങളെ പേടിക്കുന്തോറും മാറ്റം നമ്മളെ വിഴുങ്ങികൊണ്ടിരിക്കുകയല്ലേ,നമ്മുടെ ആ നൊസ്റ്റാള്‍ജിയയെ പലരും മുതലെടുക്കുകയും.

ഇത്തിരീ :) ഈ ചിരിക്ക് പറഞ്ഞ അര്‍ത്ഥം ഞാനോര്‍ക്കുന്നു :)

മഴത്തുള്ളീ :) സത്യം ആ സി.പി പോവുന്ന വഴിക്കൊക്കെ കൊന്ന പൂത്ത് നില്‍ക്കുന്നത് കണ്ട ഓര്‍മ്മയുണ്ട്,ഇപ്പോ ഒന്നും കാണാന്‍ കിട്ടില്ല ഇവിടെ.
കച്ചവടം നമ്മുടെ ഈ മാറ്റപ്പേടി കൊണ്ട് തന്നെയല്ലേ, ഇതാ ഇപ്പോ അക്ഷയത്രിതീയയുടെ പരസ്യബഹളമല്ലേ, അക്ഷയത്രിതീയ എന്താണെന്ന് കേരളത്തില്‍ എത്ര പേര്‍ക്ക് അറിയാം.കണ്‍സ്യൂമര്‍ എക്സ്പ്ലോയിറ്റേഷന്റെ ഇരകള്‍ (അലോചിച്ചിട്ട് ഈ അര്‍ത്ഥം വരുന്ന മലയാളം വാക്ക് കിട്ടുന്നില്ല )

സ്നേഹത്തോടെ പാര്‍വതി.

അരീക്കോടന്‍ said...

പാര്‍വ്വതീ, നല്ല പോസ്റ്റ്

കുട്ടന്മേനൊന്‍::KM said...

:)

പാര്‍വതി said...

അരീക്കോടാ, മേന്ന്യനെ :) നന്ദി.

ആശംസകള്‍.

-പാര്‍വതി.

indiaheritage said...

പാര്‍വതിയുടെ എഴുത്തു വായിച്ചിരുന്നപ്പോള്‍ പണ്ടു നാട്ടില്‍ താമസിച്ചിരുന്ന കാലത്തൊരിക്കല്‍ ഉരുളിയില്‍ കണി എല്ലാമൊരുക്കി വച്ച്‌, മുന്‌വശത്തെ കതക്‌ അടയ്ക്കാന്‍ മറന്നു കിടന്നതും, പക്ഷെ നാട്ടിന്‍പുറമായതു കൊണ്ടോ ഞങ്ങളുടെ ഭാഗ്യം കൊണ്ടോ യാതൊരു കുഴപ്പവും കൂടാതെ അതെല്ലാം കാലത്തുണര്‍നു കണികാണുന്നതു വരെ അതു പോലെ ഇരുന്നതും ഓര്‍ത്തു പോയി.

നന്നായിട്ടുണ്ട്‌

പാര്‍വതി said...

ഹഹഹ അതെനിക്കിഷ്ടമായി പണിക്കര് ചേട്ടാ, എന്നും രാവിലെ പാല്‍ക്കാരന്‍ വിളിച്ചെഴുന്നേല്‍പ്പിക്കുന്നത് ഒഴിവാക്കാനായി ഞാന്‍ ഒരു പ്ലാസ്റ്റിക്ക് ബോട്ടില്‍ കഴുകി വച്ചിട്ട് അതില്‍ ഒഴിച്ച് വച്ചേക്കാന്‍ പറഞ്ഞു.പിറ്റേദിവസവും അയാള്‍ ബെല്ലടിച്ചത് കേട്ടുണര്‍ന്ന് കലിതുള്ളി ചെന്നപ്പോഴാണ് രാത്രി അടച്ച ഗേറ്റിന് ഇപ്പുറത്ത് വച്ച പ്ലാസ്റ്റിക്ക് കുപ്പി രാവിലെ 7:30 യ്ക്കുള്ളില്‍ കാണാതെ പോയതറിയുന്നത്,2 പ്രാവശ്യം കൂടി വച്ചു നോക്കി,ഒന്നില്‍ പിഴച്ചാല്‍ മൂന്നിലെന്നല്ലേ, മൂന്നും പോയപ്പോ പിന്നെ എഴുന്നേല്‍ക്കാന്‍ തുടങ്ങി.

കലികാലം എന്നല്ലാതെ എന്താ പായുക?

-പാര്‍വതി.

:: niKk | നിക്ക് :: said...

:)

ഓ.ടോ: പാറുക്കുട്ട്യേയ് നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്ട്ടോ :)

Sona said...

“ഓണവും വിഷുവും ഒക്കെ മനസ്സിലല്ലേ. സ്നേഹത്തോടെ വിളിച്ചാല്‍ ഐശ്വര്യം ചൊരിയാതിരിക്കാന്‍ ഏത് നാട്ടിലെ ദൈവത്തിനാ ആവുക.“ ശരിയാണ് ആ അമ്മ പറഞ്ഞത്.

ഇവിടെ ഞങ്ങളെല്ലാരും കൂടെ വിഷുകണി ഒരുക്കി,അമ്മ സദ്യയുണ്ടാക്കി,വാഴയിലയില്‍ സദ്യയുണ്ടു.പടക്കം മാത്രം മിസ് ചെയ്തു!

അഗ്രജന്‍ said...

പാര്‍വ്വതി,
നല്ല എഴുത്ത്, എന്നത്തേയും പോലെ...

ഒത്തിരി വൈകി... എന്നാലും വിഷും ആശംസകള്‍ :)

Inji Pennu said...

അമ്മ ഏഷ്യാനെറ്റാണല്ലേ കണ്ടത്? :)

തല കുടഞ്ഞാല്‍ ഓര്‍മ്മകള്‍ പോവുമോ? വിനുവിനോട് ചോദിക്കണം.

Siji said...

നൊസ്റ്റാള്‍ജിയ..നൊസ്റ്റാള്‍ജിയ. ഇക്കൊല്ലം നാട്ടിലേക്ക്‌ പോകണം എന്ന് സ്വരുക്കൂട്ടിയിരിക്കാ പാറൂ.

G.manu said...

മങ്ങിയകണ്ണില്‍ കെട്ട വെളിച്ച
ത്തുള്ളിയുമായിപ്പെണ്ണു വരുമ്പോള്‍
അയല്‍വക്കത്തൊരു കുഞ്ഞിന്‍ നിലവിളി
അലമുറയിട്ടു പിടഞ്ഞുവരുമ്പോള്‍
കണ്ടില്ലൊന്നും കൊന്നപ്പൂവും
തണ്ടുതുടുത്തൊരു ചെമ്പുവിളക്കും
കണ്ണുകള്‍ പൊത്തിയ പെണ്ണില്‍ കൈകള്
‍കണ്ണീര്‍ കൊണ്ടു നനഞ്ഞതിലാവാം........

ഇക്കൊല്ലം കണി കണ്ടില്ല പാര്‍വതീ....

Achooss. said...

Paruvinu...


Kurekkalam delhiyil undayirunnittum......etrayum nalla oru Vishkkani.....ngan kandittilla..orukkiyittumilla......ellam aa ammayude midukkanai.....

kollam.....Kaniyum kandu oru UGRAN sadya kazhicha pratheethi...

NB:- Pinne delhiyil...konnppovu kittilla ennu matram parayaruthu.....Kerala Housil onnu anweshikkamayirunnu... (Normal vilakku kittum....chilappol free aayum)Eniyulla Vishuvinu onu...nokku...