തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Sunday, September 03, 2017

ഓർമ്മകളുടെ പേരാണ് ഓണം..


ഭൂതകാലത്തിനെ സ്നേഹിക്കുന്നവരാണ് മലയാളികളെന്ന് പഴയ പാട്ടുകൾ കേട്ട് ആസ്വദിക്കുമ്പോഴൊക്കെ മലയാളികളല്ലാത്തവർ കളിയായും കാര്യമായും പറഞ്ഞിട്ടുണ്ട്.

ഓണത്തോളം വലിയ തെളിവെന്താണതിന് വേണ്ടത്?


എന്നോ ജീവിച്ചിരുന്ന ഒരു നാട്ടുരാജാവിനെയും കള്ളവും ചതിയുമില്ലാതിരുന്ന ഒരു ഭരണകാലത്തേയും ഏതീഹ്യങ്ങളിലെ പഴം പാട്ടിന്റെ ഈണങ്ങളിൽ നിന്ന് ഓർത്തെടുത്ത് ഇന്നും ഓർമ്മകളിലെ ആ നല്ല കാലം ചേർത്തും പേർത്തും ആഘോഷിക്കുന്ന ഒരു ജനത.

ഓർമ്മകളിലെങ്ങും ഓളം നിറഞ്ഞ ഓണഓർമ്മകൾ ഇല്ല, ഓണപ്പൂക്കളവും ഓണപ്പൂവിളികളും, ഓണക്കോടിയും ഓണപ്പാട്ടും എന്തിന് കൊതി തീരെ ഒന്ന് ആഞ്ഞ് കുതിച്ച ആടിയ ഓണയൂഞ്ഞാൽ പോലുമില്ല.

എങ്കിലും ഓണക്കാലം കാത്തിരുന്ന കാലമായിരുന്നു. ഓണപ്പരീക്ഷപ്പേടിയകന്നിരിക്കുന്ന കണ്മുന്നിലെ മാവേലി മന്നൻ വെള്ള ഡബിൾ മുണ്ടും വെള്ളഷർട്ടും ഇട്ട നെഞ്ചൽപ്പം കൂടുതൽ വിരിച്ച് നടക്കുന്ന ചാച്ചനായിരുന്നെന്ന് മാത്രം.

പിന്നെയുള്ള പത്ത് ദിവസം ഇളം വെയിലിന്റെയും പൊടി മഴയുടെയും കൂടെ കാട് നിരങ്ങി നടന്ന അതിരുകളില്ലാ സ്വാതന്ത്ര്യത്തിന്റെ, ഇഴപൊട്ടി പോകാതിരുന്ന സാഹോദര്യത്തിന്റെ ദിക്ക് നോക്കാതെ ഇട്ട വാഴയിലയിൽ നിരതെറ്റി വിളമ്പിയ ശുഷ്കിച്ച വിഭവങ്ങൾ വിശന്ന് കത്തുന്ന വയറിന് സമൃദ്ധ സദ്യയൊരുക്കിയ ഓണക്കാലത്തിന്റെ ഓർമ്മയായിരുന്നു.



ഇതൊക്കെ തന്നെയല്ലേ ഓർമ്മകളിലെ ഓണത്തിന്റെ സൗന്ദര്യം..

കൗതുകം തോന്നുന്ന വഴിയോര വാണിഭങ്ങളൊക്കെ വാങ്ങികൂട്ടുന്നതിന്റെ മനശാസ്ത്രം അന്വേഷിച്ചപ്പോൾ മനസ്സുകളെ പഠിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത്, നമുക്ക് നഷ്ടമായവ ഉണ്ടാക്കുന്ന വിടവുകൾ നികത്തുവാൻ മനസ്സ് കണ്ടെത്തുന്ന മാർഗ്ഗമാണ് പോലും കൗതുകം തോന്നുന്നവ കൊണ്ട് ആ വിടവുകൾ നികത്തുക എന്നത്, മറന്ന് പോയ ഒരു സ്വപ്നത്തിനെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ.

ഈ ആഘോഷങ്ങളും പൂവിളികളും നഷ്ടമായ ആ നല്ല കാലത്തിനെ തിരിച്ച് വിളിക്കട്ടെ. ഞാനും നിങ്ങളുമൊക്കെ അതിരുകളില്ലാത്ത സ്വാതന്ത്ര്യവും ആത്മാർത്ഥമായ സ്നേഹവും വിശപ്പറിഞ്ഞുണ്ണുന്ന ഒരു വയർ ചോറിന്റെ സമൃദ്ധിയും നിറഞ്ഞ് അറിഞ്ഞ ഒരു നല്ലകാലം.

-സ്നേഹത്തോടെ,


1 comment:

Punaluran(പുനലൂരാൻ) said...

ചുരുങ്ങിയ വാക്കുകളിൽ ഓണത്തേക്കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവെച്ചു..നന്നായി ..ഓണാശംസകൾ