തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, August 18, 2017

"ധൈര്യോണ്ടോങ്കി" കളികൾ

"ധൈര്യോണ്ടോങ്കി ആ പ്ലാവിൽ കയറി  ചക്കേല്  ഉപ്പ് വയ്ക്കുക."
"ധൈര്യോണ്ടോങ്കി അമ്മമാരുടെ തോട്ടത്തിലെ റോസാ പൂ മോഷ്ടിക്കുക"
"ധൈര്യോണ്ടോങ്കി മദ്ബഹയിൽ കയറി നിന്ന് ഒരു ഫുൾ സിനിമാ പാട്ട് പാടുക."

അങ്ങനത്തെ ധൈര്യോണ്ടോങ്കി കളികളിൽ തുഞ്ചത്തെ ആയിരുന്നു..

ധൈര്യോണ്ടോങ്കി ഒരു ഉച്ച ബ്രെക്ക് മുഴുവൻ തെമ്മാടിക്കുഴിയിൽ ഇരിക്കുക എന്നത്.

ശവക്കോട്ടയ്ക്ക് പിന്നിലെ ഒരാൾപൊക്കത്തിൽ മതിൽ കെട്ടിയ പുണ്യം പോയ ആത്മാക്കളെ അടക്കുന്ന തെമ്മാടിക്കുഴി. പള്ളി പറമ്പിലെ  പേരമരത്തിൽ  നിന്ന്  പോക്കറ്റ്  നിറയെ പേരയ്ക്കയുമായി മതിൽ ചാടുമ്പോൾ തോന്നാതിരുന്ന പേടി മണ്ണിൽ കാൽ വച്ചപ്പോൾ തണുപ്പായി അരിച്ചുകയറി.

മൊത്തത്തിൽ ഒരു തണുപ്പ്, ഇളകി കിടക്കുന്ന മണ്ണിൽ കാണുന്നത് എല്ലുകളാണോ എന്നൊരു സംശയം. കാൽ താന്ന് പോവുന്നപോലെ, തിരിച്ച് മതിലിൽ കയറാൻ പോയിട്ട് ശ്വാസം വലിക്കാൻ വരെ പേടി തോന്നുന്ന പോലെ.

കാട് പിടിച്ച സ്ഥലം വൃത്തിയാക്കിയത് ഈയിടെയ്ക്കാണ്. അപ്പൻ അന്നൊരു വൈകുന്നേരം പറഞ്ഞ പൂവൻമ്പഴം പോലത്തെ ചെറുക്കനെ അടക്കാൻ.

"നല്ല പൂവമ്പഴം പോലൊരു ചെറുക്കാനാരുന്നെടി, ഇട്ടുമൂടാൻ കാശ് ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം ഉപകാരപ്പെടാണ്ട് പോയി." എന്ന് അപ്പൻ അമ്മയോട് പറയുന്നത് കേട്ടിരുന്നു. കാശിനാവശ്യം വന്ന് കുരുമുളകെടുത്ത് വിറ്റെന്നും അത് കണ്ട് പിടിച്ച അപമാനത്തിൽ ആത്മഹത്യ ചെയ്തുവെന്നും.

ശ്വാസം പിടിച്ച് നിൽക്കുമ്പോഴാണ് ആ പുതിയ മൺകൂന കണ്ടത്, എന്തായാലും ബെല്ലടിക്കുന്നത് വരെ നിന്നെ പറ്റൂ, ധൈര്യമില്ലാണ്ട് നേരത്തെ തിരിച്ച് കയറി നാണംകെടുന്നതിലും എളുപ്പം പേടിച്ച് ചാവുന്നതാവും എന്ന് തോന്നി.

അധികം കഴിയുന്നതിന് മുന്നേ വിശപ്പ് പേടിയെ തോല്പിച്ചു.ഒരു പേരയ്ക്കയെടുത്ത് തിന്നുകൊണ്ടിരിക്കുമ്പോൾ  കയ്ക്കും കാലിനുമൊക്കെ ജീവൻ വന്നു.മൊത്തം ഒന്ന് ചുറ്റി നടന്നു. മതിലിനടയ്ക്ക് പാമ്പിന്റെ പൊത്തും ഒക്കെ കണ്ട് പുതിയ മൺകൂനയ്ക്ക് അടുത്ത് ഒരു കല്ലേൽ ഇരുന്നു.

മരിക്കാനായിരുന്നിരിക്കില്ല പാട്, അന്ന് മരിക്കാതിരുന്നാൽ അടുത്ത ദിവസം മറ്റുള്ളവരുടെ മുഖത്തെങ്ങനെ നോക്കും എന്നാവും കരുതിയിരിക്കുക. അപമാനം, തോൽവി, നിരാശ, ഒറ്റപ്പെടുത്തിയതിലുള്ള വേദന മരണത്തിന്റെ ഒരു നിമിഷം എളുപ്പമായി തോന്നിയിട്ടുണ്ടാവും. അങ്ങനൊക്കെ ആലോചിച്ചപ്പോൾ പാവം തോന്നി,ശവക്കോട്ടയിലെ രണ്ട് മാർബിൾ കല്ലറകളിൽ ഒന്നുള്ള കുടുംബത്തിലെ പയ്യനാണ് ഒരു മതിലിനിപ്പുറത്ത്, ഓർമ്മകളിൽ പോലും ഒറ്റപെട്ടവനായി.

ഉച്ചബെല്ലടിക്കുന്നത് കേട്ട് ഒരു ശവംനാറി ചെടി പറിച്ച് തലയ്ക്കലെന്ന് തോന്നിയ ഭാഗത്ത് നട്ട്  മതിലേൽ പിടിച്ച് കയറുമ്പോൾ തോന്നിയത്,

ജീവിക്കാനാണ് ധൈര്യം വേണ്ടത്, കഷ്ടപ്പാടിലുടെ, വേദനകളിലുടെ, ഒറ്റപ്പെടലുകളിലൂടെ, ആത്മാഭിമാനത്തിന്റെ അരക്കില്ലങ്ങളിലൂടെ ഒക്കെ നടന്നാലും തലയുയർത്തി പിടിക്കാനാണ് ധൈര്യം വേണ്ടത്. അതിലും വലിയൊരു കളിയുണ്ടോ?

1 comment:

Punaluran(പുനലൂരാൻ) said...

ജീവിക്കാനാണ് ധൈര്യം വേണ്ടത്, കഷ്ടപ്പാടിലുടെ, വേദനകളിലുടെ, ഒറ്റപ്പെടലുകളിലൂടെ, ആത്മാഭിമാനത്തിന്റെ അരക്കില്ലങ്ങളിലൂടെ ഒക്കെ നടന്നാലും തലയുയർത്തി പിടിക്കാനാണ് ധൈര്യം വേണ്ടത്. അതിലും വലിയൊരു കളിയുണ്ടോ?....സൂപ്പർ... ഹൃദയത്തിൽ തൊടുന്ന എഴുത്ത് ..ആശംസകൾ