തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, January 10, 2013

പുതുമഴയിലെ കള പോലെ - Trivandrum Lodge


തകർന്നു വീഴാറായ ഒരു കെട്ടിടം, പ്രത്യേകിച്ച് ആവശ്യമൊന്നിമില്ലാത്ത ഇത്തിരി പൈസ, ഇക്കിളി കഥകൾ വായിച്ച സുഖങ്ങളുടെ അതിശയോക്തിയും ന്യൂ ജെനറേഷൻ എന്ന പേരിൽ ഓരോ ഡയലോഗിന്റെയും ഇടയ്ക്കും തലയ്ക്കുംറൊരു ഫക്കും ബിച്ചും വച്ചാൽ തിരക്കഥയായി എന്ന ആത്മവിശ്വാസം, ഇതായിരുന്നു ടിവാണ്ഡ്രം ലോഡ്ജ് എന്ന ചലചിത്രത്തിന്റെ മുടക്ക് മുതലെന്ന് പറഞ്ഞാൽ അതിയോക്തിയാവില്ല.

പുതുമഴ പെയ്യുമ്പോൾ കളയ്ക്കും വിളയ്ക്കും അത് ഗുണം ചെയ്യും, കളയുണ്ടാവുന്നത് ചീഞ്ഞ് വളമായാൽ അത് വിളയ്ക്ക് നല്ലത് തന്നെ. പക്ഷെ കള വളരുമോ അതോ വിള വളരുമോ എന്നത് നട്ടവന്റെയും നനച്ചവനേയും ആശ്രയിച്ചിരിക്കുമെന്നത് പോലെ, ഇത്തരം ചിത്രങ്ങൾ നല്ല സിനിമയെ തളർത്തുമോ വളർത്തുമോ എന്നത് സൃഷ്ടിക്കുന്നവരുടേയും ആസ്വദിക്കുന്നവരുടേയും കയ്യിലാണ്.

തുടക്കം മുതലൊടുക്കം വരെ ഒരു കഥാതന്തു തിരയുകായിരുന്നു ഞാൻ. ഇത്രയേറെ കഥാപാത്രങ്ങളേ നിരത്തുമ്പോൾ പൊതുവായി പ്രതിഫലിക്കുന്ന ഒരു വിഷയം. അങ്ങനെയൊന്ന് പ്രതീക്ഷിച്ചതാണ് മണ്ടത്തരമെന്ന് അവസാനത്തോടെ മനസ്സിലായി, ന്യൂ ജെനറേഷനെന്ന ലേബലിന്റെ ബലത്തിലാവാം.

അനൂപ് മേനോനും ജയസൂര്യയും ജനാർദ്ധനനും അങ്ങനെ ഒരു പാട് കഴിവുള്ള അഭിനേതാക്കളുടെ പരിശ്രമം പാഴായി പോവുന്നത് കണ്ടപ്പോൾ വിഷമം തോന്നി. കുശവന്റെ കയ്യിലെ കളിമണ്ണ് പോലെയാണ് സംവിധായകന്റെ കയ്യിൽ കഥയും കഥാപാത്രങ്ങളും എന്നത് എത്ര സത്യമെന്നും. 
പെണ്ണ് പഠിച്ചവളാണെങ്കിൽ ,ഒറ്റയ്ക്ക് താമസിക്കാനാഗ്രഹിക്കുന്നവളാണെങ്കിൽ പിഴച്ചവളാണെന്ന് പതിവ് ശൈലി മാത്രം എത്ര തലമുറ പുതുക്കിയാലും മാറാത്തത് കുളത്തിന്റെ തവളയുടെ വാനനിരീഷണം പോലെ പരിഹാസ്യമായി തോന്നി.

സൂപ്പർ ഹീറോസിന്റെ ക്യാമ്പുകളിലും ലോബിയിലും പെട്ട് പരീക്ഷണങ്ങൾക്കു മുതിരുവാൻ ധൈര്യമില്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിൽക്കുന്ന ബോളിവുഡിന്റെയൊക്കെ ഗതികേട് കാണുന്നുണ്ട് നമ്മൾ. മലയാളത്തിലെങ്കിലും ലോബിയും ചേരി തിരിവും ഇല്ലാതെ, നല്ല കഥകൾക്കും പരീക്ഷണങ്ങൾക്കും സിനിമയ്ക്ക് വേണ്ട ആളുകളെല്ലാം ചേർന്ന് നിൽക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം 
കുറെ ഡയലോഗുകൾക്ക് വേണ്ടി കാണാൻ പറ്റിയ പ്രത്യേക മൂല്യങ്ങളൊന്നും തേടാനില്ലാത്ത ഒരു പടം എന്ന് പറയുമ്പോൾ, ഈ കള ചീഞ്ഞ് നല്ല പടങ്ങൾക്ക് വളമാവട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു..

പ്രതീക്ഷയോടെ,


No comments: