തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Saturday, May 13, 2017

വീണ്ടെടുപ്പിന്റെ ആലിംഗനങ്ങൾ
"ഹേയ്.. ഇറ്റ് വാസ് നൈസ് സ്പീക്കിങ്ങ് റ്റു യൂ.."

"മീ റ്റൂ.."

"ഇഫ് യൂ വോണ്ട് മൈൻഡ്... ക്യാൻ ഐ ഹഗ് യൂ ഒൺസ്..."

"മീ...ഒഹ്..."

ഓർമ്മയിലെവിടെയോ ചിറക് വെട്ടിച്ചുരുക്കപ്പെട്ട ഒരു കിളി കുതറി പിടഞ്ഞു..
------------------------------
 “എന്നാലെഴുതിയത് വായിച്ചോ“

“ഞാൻ ഇനി മേലാൽ സഹപാഠികളായ ആൾകുട്ടികളെയോ പെൺകുട്ടികളെയോ കെട്ടിപിടിക്കുകയോ ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യില്ല.“

“ഉറപ്പാണോ... ഇനി ഒരു പരാതി കിട്ടിയാൽ നിന്നെ നേരെ വീട്ടിൽ വിടും“

“മെക്കിട്ട് കേറാൻ വന്നാൽ ഇനിയും മറിച്ചിട്ടിടിക്കും“

കണ്ടൊ നീ, ഒന്നൂല്ലേലും ഒരു പെണ്ണല്ലേ, ഇതിനെ നീ എങ്ങനാ വളർത്തിയെടുക്കാൻ പോവുന്നത്?

“പിള്ളേരല്ലേ ടീച്ചറെ, അടിച്ചും കളിച്ചും വളരട്ടെ, അതല്ലേ നല്ലത്?“ പണ്ട് തന്നെയും പഠിപ്പിച്ചിരുന്ന ടീച്ചറെന്ന ബഹുമാനത്തിൽ അച്ഛൻ പറഞ്ഞു.

“കുളക്കോഴീന്ന് വിളിച്ചെന്ന് പറഞ്ഞ് മറിച്ചിട്ട് മൂക്കിലും വായിലും മണൽ കോരിയിടുക, കിളിക്കുഞ്ഞിനെ തിരിച്ചു വയ്ക്കാൻ ആൺകുട്ടിയെ കെട്ടിപിടിച്ച് വട്ടം കറക്കി അനുമോദിക്കുക, ഇവളേത് ലോകത്താണ് ജീവിക്കാൻ പോവുന്നത്. നമ്മുടെ നാടാണെന്ന് കൂടി ഓർത്താൽ നന്ന്..“

“ഇനി ആരെയും കെട്ടിപിടിച്ച് സന്തോഷം കാണിക്കാനൊന്നും പോവണ്ട കേട്ടോ, തല്ലണൊന്ന് തോന്നുന്നവരെ തല്ലിക്കോ, അത് പറഞ്ഞ് തീർക്കാൻ എളുപ്പമുള്ള വിഷയമാണ്“ സ്വയം വിശ്വസിക്കാത്ത നിയമങ്ങളെ തലമുറ പകർന്ന് പറഞ്ഞ് കൊടുക്കുമ്പോൾ അച്ഛന്റെ സ്വരത്തിലും ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല..

അതിരുകൾ അറിയാതെ പറക്കാൻ കൊതിക്കുന്ന ഒരു ആത്മാവിന്റെ ചിറകുകൾ കെട്ടിയിടുന്ന ഓർമ്മകൾ അയാളെ വേട്ടയാടി.

----------------------

വിരലുകൾ മാത്രം തൊട്ടുള്ള പ്രണയം, ചുണ്ടുരുമ്മി പോവുന്ന ചുംബനങ്ങൾ, ചൂട് തേടുന്ന വിരലുകളുടെ സ്നേഹം, ഓരോ സ്പർശനങ്ങളും ഒളിച്ചു വയ്ക്കലുകളുടെ താക്കോൽ പഴുതുകളാണെന്ന തിരിച്ചറിവിലും, ഹൃദയം ഹൃദയത്തെ തിരിച്ചറിയുന്ന ഒരു ആലിംഗനത്തിന്റെ സുരക്ഷിതത്വം എല്ലാവരും തേടുന്നുണ്ടെന്നത് ഒരു നോവുന്ന കണ്ടുപിടിത്തമായിരുന്നു..

-----------------------------

“ജീനേ...“

സാധാരണ ഇത്രയും പേടിച്ച് വിളിക്കുക ചെന്നെയിലെ വലിയ ചിലന്തികളെ കാണുമ്പോഴാണ്, പക്ഷേ മറീന ബീച്ചിൽ ഇവളിത് എന്തിനെ കണ്ടാണ് പേടിച്ചത്?

രണ്ട് പ്ളേറ്റ് ബജ്ജിയും വാങ്ങി വരുമ്പോൾ, പ്രേതത്തിന്റെ കണ്ടെന്ന പോലെ മുത്തുലക്ഷി..

“ഈസ് ദിസ് യുവേഴ്സ്?“

അവരുടെ കയ്യിൽ മുത്തിന്റെ പേഴ്സ്..

“ഒഹ്ഹ്.. താങ്ക്യൂ..“

“നിങ്ങളവിടെ മറന്നിട്ട് പോരുന്നത് കണ്ടിരുന്നു..ഹോസ്റ്റൽ കുട്ടികളാണെന്ന് മനസ്സിലായി. പേഴ്സിൽ അധികമൊന്നും ഉണ്ടാവില്ലെന്നും.“

“സത്യം, അതിൽ പത്തിന്റെ നാലോ അഞ്ചോ നോട്ടും കുറച്ച് ഫോൺ നമ്പറും ഉണ്ടാവും..“ 

മുത്തിന്റെ വിളർച്ച അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.

“ഷെയർ ചെയ്യുന്നോ?“ ജീൻ ബജ്ജി പ്ളേറ്റ് അവരുടെ നേരെ നീട്ടി.

“ഷുവർ“ , ബ്ളൗസിനുള്ളിലെ മുഴകൾക്ക് മേലെ തെറിച്ച് നിൽക്കുന്ന രോമങ്ങൾ, സ്ത്രൈണതയും പൗരുഷവും കലർന്ന മുഖത്തെ കുറ്റിരോമങ്ങൾ, എത്ര സ്വഭാവികമെന്ന് കരുതിയിട്ടും കണ്ണുകൾ തിരിച്ചു പോവുന്നത് അവരും ശ്രദ്ധിച്ചു.

വാട്ട് ഡു യു ഡൂ? നിന്നു പോയ സംസാരത്തിന്റെ തുടരാനെന്ന പോലെ ചോദിച്ചു.

കടൽ കളിയാക്കുമ്പോൾ ചിരിക്കുന്നത് പോലെ മുഴങ്ങുന്നതായിരുന്നു അവരുടെ ചിരി.

“വാട്ട് ഡൂ യൂ തിങ്ക്“ ?

ട്രാഫിക്ക് ജംഗ്ഷനുകളിൽ, തിരക്കിട്ട ടി-നഗർ റോഡിൽ ഉച്ചത്തിൽ രണ്ട് കയ്യും കൊട്ടി, സാരി തുമ്പ് മാറിൽ നിന്ന് മാറ്റിയിട്ട്, പൈസ കൊടുക്കാൻ പറയുന്ന അവർക്ക് പോലീസുകാർ പോലും ഒന്നും മിണ്ടാതെ കൊടുത്തൊഴിവാക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷേ അത് പറയാനുള്ള ധൈര്യം വന്നില്ല.

“ഭിക്ഷയല്ല, പകൽ ജോലി എങ്ങും കിട്ടാത്തത് കൊണ്ട് വീട്ടിൽ ഇരിക്കും, ഈ സമയത്ത് മരീനയിലുണ്ടാവും, ഇത് ഞങ്ങളുടെ സപ്പോർട്ട് ഗ്രൂപ്പാണ്. രാത്രി ടി-നഗറിലെ ഒരു ട്രാവൽ ഏജൻസിയിൽ രാത്രി മുഴുവൻ ജോലി ചെയ്യും. ഞാനൊരു ഗ്രാജ്വേറ്റ് ആണ്.“

ആണിനെയും പെണ്ണിനെയും കളം തിരിച്ച്, കവടി നിരത്തി വില്പനയ്ക് വയ്ക്കുന്ന ലോകത്തിന്റെ ആരും അംഗീകരിക്കാൻ ഇഷ്ടപെടാത്ത, ആരാലും ശ്രദ്ധിക്കപെടാത്ത ഒരു മൂന്നാം ലോകത്തിന്റെ തിരുമുറിവുകളുടെ കഥ കേൾക്കുകയായിരുന്നു ആ രാത്രി. ജനിക്കുമ്പോൾ ഉപേക്ഷിക്കപ്പെടുന്നവർ മുതൽ തിരിച്ചറിവിൽ ഇറങ്ങി പോവുന്നവർ വരെ. ഭയപ്പെടുത്താനും അന്ധവിശ്വാസത്തിന്റെ പൈസ മുതലാക്കാനും ദിവസക്കൂലി വാങ്ങുന്നവർ. അപരിചിതത്വത്തിനെ അന്നമാക്കുന്നവർ. അവരെ സഹായിക്കാനും മാന്യമായൊരു ജീവിതമാർഗ്ഗമെങ്കിലും ഉണ്ടാക്കി കൊടുക്കാനുമായി ശ്രമപ്പെടുന്ന അവരുടെ തന്നെ സംഘടന.

ബാലാ, യാരത്? ബീറ്റ് പോലീസുകാർ ബീച്ച് ചുറ്റാനെത്തിയിരിക്കുന്നു..

“നമ്മൾ ലേറ്റായി,“ മുത്ത് ഓർമ്മിപ്പിച്ചു..

“നമ്മ പസങ്ക സാർ“..

“ബദ്രമാ പോവ സൊല്ല്“

“ശരി വീണ്ടും കാണാം..“ യാത്ര പറഞ്ഞ് പിരിയുമ്പോൾ ഔപചാരികതയുടെ മുഖം മൂടിയല്ല, ഏതോ അദൃശ്യ സൗഹൃദത്തിന്റെ വെളിച്ചമാണ് ഉള്ളിൽ നിറഞ്ഞ് നിന്നത്..

“ഇഫ് യൂ വോണ്ട് മൈൻഡ്... ക്യാൻ ഐ ഹഗ് യൂ ഒൺസ്...“

രണ്ട് കയ്യും വിടർത്തി ഹൃദയത്തൊട് ചേർക്കുമ്പോൾ തോലിനോട് തോലുരുമ്മുന്ന അമ്പരപ്പല്ല, ആത്മാവ് നിറഞ്ഞ് തുളുമ്പുന്ന ഒരു സന്തോഷം. ആണും പെണ്ണുമല്ലാത്ത ദൈവത്തിനെ തൊടുമ്പോൾ നീങ്ങി പോയ അജ്ഞാനത്തിന്റെ ഇരുട്ട് പോലെ.

തിരിച്ചറിവുകൾക്ക് സാക്ഷിയായി കടൽ എപ്പൊഴുമെന്ന പോലെ ആയിരം കൈകൾ കൊണ്ട് കരയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..