തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Sunday, May 07, 2017

ആദ്യത്തെ ഒളിച്ചോട്ടം
നാട്ടിൻപുറമായത് ഇരുട്ടിന് കട്ടി കൂടുതലാണ്, നല്ല തണുപ്പും. കച്ചിത്തുറുവിന് ഉള്ളിലാണ് ഇരുപ്പെങ്കിലും കാറ്റടിക്കുമ്പോൾ തണുക്കുന്നുണ്ട്.. സ്വെറ്ററിനുള്ളിൽ കുറുകുന്ന മറ്റൊരു ജീവനും ഉണ്ട്, ഞങ്ങൾ രണ്ട് പേരും കൂടി ഒളിച്ചോടാൻ പോവുകയാണ്. ബസ് സ്റ്റോപ്പിലേയ്ക്ക് 2 കിലോമീറ്ററോളം നടക്കണം, ഒളിച്ചോടാൻ എളുപ്പം തമിഴ്നാട്ടിലേയ്ക്കാണ്. ജങ്ങ്ഷനിലെത്തി അവിടെ നിന്ന് സ്റ്റാന്റിൽ എത്തണം, അവിടുന്ന് വേണം തമിഴ്നാട്ടിലേയ്ക്കുള്ള ബസ് പിടിക്കാൻ. അവിടെ വരെ ഈ ഇരുട്ടത്ത് പോവാനാണ് പേടി. നേരം വെളുക്കാൻ കാത്തിരിക്കുകയാണ് ഞങ്ങൾ.

ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും ഇന്ന് ഞാൻ ജീപ്പിന്റെ ടയറിനടിയിൽ നിന്ന് രക്ഷപെടുത്തിയ ഈ പട്ടികുഞ്ഞും.

ഞങ്ങളുടെ നാട്ടിൽ മിക്ക വീട്ടിലും രണ്ട് പട്ടികൾ വീതമെങ്കിലും ഉണ്ടാവും, കാലാകാലങ്ങളിൽ നാട് നീളെ പട്ടികുഞ്ഞുങ്ങളും. അല്പമെങ്കിലും മനസ്സാക്ഷിയുള്ളവർ, ഉപകാരപ്പെടുമെന്ന് കണ്ടാൽ ചിലതിനെയൊക്കെ വീട്ടിൽ കൊണ്ട് പോവും, അതും ആൺകുഞ്ഞുങ്ങളെ മാത്രം, വണ്ടിക്കടിയിൽ പെട്ടും വിശന്നും ചാവാൻ എന്നാലും ബാക്കിയാവും കുറെ. ആ സമയങ്ങളിൽ പട്ടി പ്രസവിച്ച് കിടക്കുന്ന വഴികൾ ഒഴിവാക്കി വളഞ്ഞ വഴികളിലൂടെയാവും സ്കൂളിൽ പോവുക. 

പക്ഷേ ഇന്ന് നടന്നത് ഒഴിവാക്കാനാവാത്ത ഒരു സന്ദർഭമായിരുന്നു. പാഞ്ഞ് വരുന്ന ഷെയർ ജീപ്പിന്റെ ചക്രത്തിന് നേരെയായിരുന്നു ആ നായ്കുട്ടി, ഓടി റോഡിൽ കയറി നിൽക്കാനല്ലാതെ മറ്റൊന്നും തോന്നിയില്ല ആ സമയത്ത്, നായ്കുട്ടിയേയും എടുത്ത് വശത്തേയ്ക്ക് മാറുമ്പോൾ കേട്ട ചീത്തയൊന്നും എന്നെയല്ല എന്ന ഭാവവുമായി പതുക്കെ വീട്ടിലേയ്ക്ക് നടന്നു..

പട്ടികുട്ടി എന്റെ നെഞ്ച് ചേർന്നിരുന്നു. തണുപ്പ് കൊണ്ട് അത് ചൂളുന്നുണ്ടായിരുന്നു, ദേഹത്തെ രോമമൊക്കെ പൊഴിഞ്ഞ് തുടങ്ങിയ ഒരു അർദ്ധപ്രാണൻ. സ്വെറ്ററിനകത്തേയ്ക്ക് അതിനെ പൊതിഞ്ഞ് പിടിക്കുമ്പോൾ ഇനി വീട്ടിൽ നിന്ന് കേൾക്കാൻ പോവുന്ന ചീത്തയെ പറ്റിയായിരുന്നു മനസ്സ് നിറയെ.

എന്റെ വീട്ടിൽ ഒരു മിനി സൂ ആയിരുന്നു. മൂന്ന് നായ്ക്കളും നാല് പൂച്ചകളും മൂന്ന് പശുക്കളും ഒരു പ്രാവും പിന്നെ നാല് ഇരുകാലി മൃഗങ്ങളും . ഞാനും അനിയനും ഒഴികെയുള്ള മറ്റുള്ളവയെ ഒക്കെ ഇത് പോലെ ഞാനോ അനിയനോ അച്ഛനോ എവിടെ നിന്നെങ്കിലുമൊക്കെ പെറുക്കി കൊണ്ട് വന്നവയാണ്, അവയെ ഫില്ലറിൽ പാല് കൊടുത്ത് ചോറരച്ച് കൊടുത്ത് രക്ഷിക്കുക അമ്മയുടെ ജോലിയും.

പ്രതീക്ഷിച്ച പോലെ തന്നെ, വീടെത്തിയതും പൂരം തുടങ്ങി. എത്ര കരഞ്ഞ് നിലവിളിച്ചിട്ടും അമ്മ അടുക്കുന്നില്ല, ഇതിനെ കാണാൻ പോലും ഒരു വർക്കത്തില്ല എന്നതാണ് പ്രധാന പരാതി, കിട്ടിയിടത്ത് കൊണ്ട് തിരിച്ച് വിട്ടിട്ട് വീട്ടിൽ കയറിയാൽ മതി എന്ന് അന്ത്യ ശാസനയും നൽകി അമ്മ വാതിലടച്ചു, ഞാൻ എന്റെ പുതിയ സുഹൃത്തും മുറ്റത്തും. 

വിശപ്പ് കാളിയപ്പോൾ കൊണ്ട് കളയാമെന്ന് കരുതി മുറ്റം കടന്നതാണ്, പക്ഷേ പളുങ്ക് പോലത്തെ ആ കണ്ണുകൾ അതീ ലോകത്ത് വിശ്വസിക്കുന്ന ഏക വ്യക്തി ഞാൻ മാത്രമാണെന്ന് പറയുന്ന പോലെയുണ്ടായിരുന്നു. എന്റെ വിശപ്പ് കെട്ടു പോയി. സാധാരണ ഒരു നേരമൊക്കെയേ അമ്മ പുറത്ത് നിർത്താറുള്ളൂ, ഇന്ന് പക്ഷേ രണ്ട് നേരവും കഴിഞ്ഞ് ഇരുട്ട് വീണ് കഴിഞ്ഞു. ഞാൻ എവിടെ പോയി എന്ന് പോലും ആരും അന്വേഷിക്കുന്നില്ല. ആർക്കും വേണ്ടങ്കിൽ നാട് വിട്ടേക്കാം എന്നൊരു തോന്നൽ ഉണ്ടായത് അപ്പോഴാണ്, വിശപ്പ് കാരണം തലയ്ക്ക് കയറിയ പെരുപ്പാവാം പിന്നെ എല്ലാം പെട്ടന്നായിരുന്നു..

അമ്മ കാണാതെ അകത്ത് കയറി വയറ് നിറയെ ചോറുണ്ട്, വീട്ടിൽ നിന്നുള്ള അവസാനത്തെ ആഹാരം. തൈരു കൂട്ടി ഉടച്ച ചോറ് അവൾക്കും കൊടുത്തു..

പിന്നെയൊരു പെട്ടിയിൽ രണ്ടുടുപ്പും ഒരു പുതപ്പും, അവളെ പുതപ്പിക്കാൻ ഒരു ഷാളും കുറച്ച് സമ്പാദ്യങ്ങളും ചില്ലറയും കുറച്ച് പൈസയും ഒക്കെയായി ബാഗ് എടുത്ത് പുറത്തിറങ്ങി. ഏഴ് മണി കഴിഞ്ഞു, എന്നാലും നല്ല ഇരുട്ട്. വഴിവിളക്കുകൾ ഒന്നും ഇല്ലാത്ത നാട്ടിൻ പുറമാണ്, പാമ്പുകളൊക്കെ റോഡ് മുറിച്ച് കടക്കുന്ന പാടങ്ങളുള്ള വഴി, അല്പമെങ്കിലും വെളിച്ചം വീഴാതെ പോവാൻ പറ്റില്ല.. 

ലോവർ പെരിയാർ കഴിഞ്ഞാൽ മുന്തിരി തോപ്പുകൾ ആണ്.... 

തമിഴ് നാട്ടിലെ വെള്ളയരിച്ചോറിൽ തൈരൊഴിച്ച് തിന്നാൽ എനിക്ക് ഒത്തിരി ഇഷ്ടമാണ്...

അവിടെ നിന്ന് നോക്കിയാൽ ഇങ്ങ് ദൂരെ മലമുകളിൽ എന്റെ നാട് കാണാൻ പറ്റും, മഞ്ഞിന്റെ തോർത്ത് കൊണ്ട് തലയിൽ ഒരു കെട്ടും കെട്ടി നിൽക്കുന്ന അപ്പൂപ്പനെ പോലെ...

...............................
ഉറക്കമുണർന്നപ്പോൾ ഞാൻ അതേ വേഷത്തിൽ എന്റെ കട്ടിലിൽ ആയിരുന്നു. ആദ്യം ഓർമ്മ വന്നത് ആ പട്ടികുഞ്ഞിനെ ആയിരുന്നു. ഓടിയെഴുന്നേറ്റ് വന്ന് നോക്കിയപ്പോൾ ഒരു കുട്ടയ്ക്കകത്ത് പഴയ പുതപ്പിനുള്ളിൽ അവളും നല്ല ഉറക്കമായിരുന്നു.

എന്നെ കാണാതെ പോയാൽ ആദ്യം തിരയേണ്ട സ്ഥലം എന്റെ അച്ഛനറിയാമായിരുന്നു.. 

നായ്കുട്ടിയേയും പൊതിഞ്ഞ് പിടിച്ച് ഉറങ്ങിയ എന്നെയും ബാഗും ഒക്കെ വീട്ടിലെത്തിച്ചപ്പോൾ എന്തായിരുന്നിരിക്കുമോ ആ മനസ്സിൽ..

പാലും ചോറും കൊടുത്ത് അമ്മ ആ നായ്കുട്ടിയേയും വളർത്തി, പക്ഷേ അധികം താമസിക്കാതെ അത് ചത്തു പോയി..

എന്റെ ആദ്യത്തെ ഒളിച്ചോട്ടത്തിന്റെ ഓർമ്മ..2 comments:

സുധി അറയ്ക്കൽ said...

ഹോ.കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

ലിഡിയ said...

:)