തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, May 10, 2017

ഭ്രാന്തിന്റെ പേടി സ്വപ്നങ്ങൾ




ശ്യാമേച്ചിക്ക് ഭ്രാന്തുണ്ടായിരുന്നില്ല..

അതറിയാവുന്ന ചുരുക്കം ചില ആൾക്കാരിൽ ഒരാളായിരുന്നു ഞാൻ. ഭ്രാന്തുള്ളവരുടെ കണ്ണുകളിൽ നോക്കിയാൽ അറിയാം, ചിലത് ഒരിടത്തുറച്ച് നിൽക്കില്ലെങ്കിൽ ചില കണ്ണുകൾ ചൂഴ്ന്നെടുക്കും.
വഴിയിൽ കിടന്ന് പ്രസവിച്ചിട്ടും ആർക്കും കൊടുക്കാതെ കുഞ്ഞിനേയും കൊണ്ട് നടന്ന നാടിന്റെ ഭ്രാന്തിയും എന്നും രണ്ടു രൂപയുടെ വണ്ടി നൂല് വാങ്ങി പകൽ മുഴുവൻ അതിൽ കെട്ടിട്ട് രാത്രി ഇരുന്ന് അത് അഴിച്ചെടുക്കാൻ ശ്രമിക്കുന്ന ആ ഭ്രാന്തൻ യുവാവും ഒക്കെ അങ്ങനാണ്.. പക്ഷേ ശ്യാമേച്ചിയുടെ കണ്ണുകളിൽ അലകളില്ലാത്ത കടൽ മാത്രമാണ്, ഇടയ്ക്കിടെ ചെറിയ മിന്നലുകൾ തെളിയുന്ന പോലെയുള്ള രാത്രി കടൽ.

ചേറൊത്ത് കാവെന്നായിരുന്നു അവരുടെ പറമ്പിന്റെ പേര് തന്നെ, പണ്ടെന്നോ പണിത ഒരു കുഞ്ഞ് അമ്പലമുണ്ട് പറമ്പിനുള്ളിൽ തന്നെ, ദേവിയുമുണ്ട് പോലും, കരയിലകളടിക്കാതെ ഇറമ്പ് വെട്ടാതെ കാട് കയറിയപ്പോൾ കാവ് പോലെയായി. പാമ്പും പഴുതാരയും തേളുമൊക്കെ തോന്നും പോലെ നടക്കുന്നിടമാണെന്ന് സാക്ഷ്യം പറഞ്ഞവർ പകല് പോലും കയറാൻ ധൈര്യപ്പെട്ടില്ല.

കാശും പൊന്നും അങ്ങോട്ട് കൊടുത്താണ് പോലും ശ്യാമേച്ചിയെ കെട്ടി കൊണ്ട് വന്നത്, മുട്ടോളം മുടിയും ചെമ്പൊന്നിന്റെ നിറവും ഈ നാട്ടിലാർക്കും ഇല്ലാതിരുന്ന കാലത്ത്. മൂന്ന് മക്കളും പിറന്നിട്ടാണ് അവർക്കൊന്നും തന്റെ ഛായയില്ലെന്ന് പറഞ്ഞയാൾ ആ മുടികുത്തിന് പിടിച്ച് കറികത്തി കൊണ്ട് മുറിച്ച് കളഞ്ഞു പോലും, അന്ന് മുതലായിരുന്നു ഭ്രാന്തിന്റെ തുടക്കമെന്ന്. 

മണ്ണും കല്ലും ചെതുക്കിയുണ്ടാക്കിയ തകർന്ന് കിടക്കുന്ന പടി കടന്നാൽ വീട് വരെ ഇരുവശത്തും മണ്മതിലുള്ള നീളൻ വഴിയാണ്. 

ഒരു ദിവസം പാമ്പ് കൊത്തി ചാവും നീ... 

അമ്മയുടെ വഴക്കും കേട്ട് പോവുന്നത് കൊണ്ട് ഒരിക്കലും നേർവഴി പോവാറില്ല, ഇടിഞ്ഞ മതില് ചാടി കാവിന്റെ പിന്നിലൂടെ അടുക്കളപടിക്കലെത്തും. ശ്യാമേച്ചിയപ്പോൾ അവലും ശർക്കരയും നുറുക്കുകയാവും, അല്ലെങ്കിൽ വഴനയിലയിൽ കുമ്പിളട, അല്ലെങ്കിൽ അരിയും പഴവും കുഴച്ച് കല്ലിൽ ചുട്ട ഇലയടക്ക് കുഴക്കുകയാവും. ദേവിക്ക് നേദ്യമാണ്.. ഒന്നും മിണ്ടാതെ നോക്കിയിരുന്നാൽ തൊട്ട് നക്കി തിന്നാൻ തരും. അപ്പോഴൊക്കെയാണ് കണ്ണിൽ ഒരു നക്ഷത്രം ചിമ്മി മറയുക.

ഭ്രാന്തിന്റെ തുടക്കം മൗനമായിരുന്നു,കുഞ്ഞുങ്ങളോട് പോലും മിണ്ടാതെ. മുടി ചീകാണ്ട് ജട പിടിക്കാൻ തുടങ്ങിയത്രെ, ഞാൻ കാണുമ്പോൾ കഴുത്തൊപ്പം ജട കെട്ടിയ മുടിയായിരുന്നു. ദോഷം കിട്ടിയ സ്ഥലത്ത് നിന്ന് കുഞ്ഞുങ്ങളേയും കൊണ്ട് അയാളും അമ്മായിഅമ്മയും പോയപ്പോഴാണ് രണ്ടരയടീ നീളമുള്ള ഒരു ചങ്ങല കൊണ്ട് ശ്യാമേച്ചി രണ്ട് കാലുകളും കെട്ടിയത്. അവർ നടക്കുമ്പോൾ അത് നിലത്തുറഞ്ഞ് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.. കാലകാലങ്ങളിൽ കാല് പൊട്ടി വൃണമാവുകയും പൊറുക്കുകയും ചെയ്തിരുന്നു, എന്നിട്ടും അവർ ദേവിക്ക് എന്നും വിളക്ക് വച്ചു, നൈവേദ്യമുണ്ടാക്കി..

കുളീം തേവാരോം ഇല്ലാണ്ട് ദേവിക്ക് വിളക്ക് വച്ചിട്ടാ ഭ്രാന്ത് വന്നതെന്ന്, അമ്മ പറയുന്നൂ..

വാതോരാതെ എത്ര വർത്തമാനം പറഞ്ഞാലും ഒരു വാക്ക് പോലും ശ്യാമേച്ചീ പറഞ്ഞ് കേട്ടിട്ടില്ല, പക്ഷേ അവരുടെ ചുണ്ടിന്റെ കോണിൽ വിരിയുന്ന ചിരി കണ്ടാലറിയാം ഞാൻ പറഞ്ഞത് അവരാസ്വദിച്ചിരിക്കുന്നു എന്ന്..

പഠിത്തം കഴിഞ്ഞ് പിന്നെയൊരിക്കൽ പായൽ കെട്ടിയ അതേ മതിൽ ചാടി കാവ് കടന്ന് അടുക്കള വശത്തെത്തുമ്പോൾ ശ്യാമേച്ചീ വാതിൽ പടിയിലിരിക്കുകയായിരുന്നു, അതേ കണ്ണും ജട കെട്ടിയ മുടിയുമായി.

കട്ടിളപടിയിലിരിക്കുന്നത് മൂധേവികളാണെന്ന്.. അമ്മ പറയുന്നുണ്ട്..

ഒത്തിരി കാലം കഴിഞ്ഞിട്ടെന്ന പോലെ ചുണ്ട് വിടർന്നൊന്ന് ചിരിച്ചു, അകത്ത് നിന്ന് എടുത്ത് കൊണ്ട് വന്ന ചുട്ട ഇലയട തിന്നുമ്പോൾ കാലിലെ ചങ്ങല തുരുമ്പും മണ്ണും കൂടി കറുത്തിരിക്കുന്നത് കണ്ടു.. 
 
മിണ്ടാതിരിക്കുന്നവരും എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി തുടങ്ങിയ പ്രായം, കുറെ നേരം മിണ്ടാതിരുന്നു എഴുന്നേറ്റ് പോവാനൊരുങ്ങുമ്പോൾ പുരികത്തിന് മെലെ അലസമായി കിടന്ന ഒരു മുടി കുറെ സമയമെടുത്ത് ഒതുക്കി വച്ചു.

പിന്നെ ആ വഴി നടന്നിട്ടില്ല, പാമ്പും തേളും സ്വപ്നങ്ങളിൽ പേടിപ്പിക്കാൻ തുടങ്ങിയത് കോണ്ടാവും, അവർ മരിച്ചൂന്നറിഞ്ഞപ്പോഴും പോകാനായില്ല.





2 comments:

സുധി അറയ്ക്കൽ said...

ഹോ.എന്തൊരു ദയനീയജീവിതമാ.കഷ്ടം തന്നെ.സങ്കടം തോന്നി.

ലിഡിയ said...

നന്ദി സുധി.. സുധിയുടെ ബ്ളോഗുകൾ വായിച്ചു കൊണ്ടിരിക്കുന്നു :)