തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, November 27, 2006

ഈ പോത്തിന് ഈ വേദം

“മൂധേവി. കുടുംബം കുളം തോണ്ടാനാ അവളെ ഇങ്ങോട്ട് കെട്ടിയെടുത്തെ, എടീ ശ്യാമളെ, എടീ ശ്യാമളെ”

അലറി വിളിക്കല്‍ തുടങ്ങിയിട്ട് കുറെ നേരമായിരിക്കുന്നു, ഇത്തിരി കാപ്പിക്കുരു ഉള്ളത് പറിക്കാനിറങ്ങിയതാണ് എന്റെ കുടുംബം, ഞാനാണെങ്കില്‍ ഒരു ഏണിയില്‍ കയറി പൊങ്ങി നിന്ന കുരുമുളക് കൊടി വള്ളികളൊക്കെ കെട്ടിവയ്ക്കയും..

“ഇതെന്ത് പറ്റി സോമന്? അവനിന്ന് തട്ടകത്തിലാണല്ലോ”

കട്ടങ്കാപ്പിയും കൊണ്ട് വന്ന അമ്മയോട് അപ്പന്‍ ചോദിച്ചു.

“അവള്‍ടെ അമ്മായിയമ്മ അവനെ എരികേറ്റി വിട്ടതാരിക്കും, അല്ലേലും എല്ലാ തള്ളമാരും അങ്ങനെതന്നെയാ“ പൊതുവാക്കില്‍ അമ്മായിയമ്മെയെന്ന് പറയപ്പെടുന്ന സ്വന്തം അമ്മയ്ക്കിട്ടും ഭാര്യ ഒന്ന് താങ്ങിയത് കേട്ടിട്ട് അപ്പന്‍ ഇത്തിരി അന്തിച്ച് നിന്നു.

“എന്താ സോമാ കാര്യം?”

അപ്പന്‍ കലിതുള്ളി നിന്ന സോമന്‍ ചേട്ടനോട് ചോദിച്ചു..

“ഒന്നും പറയണ്ടെ ജോയിചേട്ടാ..ഈ മൂധേവി കാരണം എനിക്ക് ജീവിതം നരകമായി. ഇവള്‍ക്ക് ദിവസവും പണി ഉണ്ടെന്നുള്ളതിന്റെ ഹുങ്കാ, ഇവക്കെവിടുന്നാ മാസാമാസം പുതിയ തുണീം ദിവസവും പലഹാരങ്ങളും വാങ്ങാന്‍ കാശ്, ഞാന്‍ ചോദിച്ചാ ഇല്ലെന്ന് പറയുകേം, ഇന്നറിഞ്ഞീട്ട് തന്നെ കാര്യം അവളാണൊ ഞാനാണൊ കെട്ടിയോനെന്ന്.”

“പോട്ടെ സോമാ, അവള്‍ അധ്വാനിച്ചുണ്ടാക്കുന്ന കാശ് കൊണ്ടല്ലേ, നീ മാസാമാസം മൂന്ന് മക്കള്‍ക്കും അവള്‍ക്കും കൂടി ഒരു ചാക്ക് അരിയും വാങ്ങി കൊടുത്ത് കടമ തീര്‍ക്കും, ഓണോം കോടീം നിനക്ക് പറഞ്ഞിട്ടില്ലേലും അവര്‍ക്ക് വേണ്ടെ“, അമ്മയുടെ വക ഉപദേശം

കഥയിങ്ങനെ,

നാലാങ്ങളമാര്‍ക്ക് ഒറ്റപെങ്ങളായ ശ്യാ‍മളയെ ടി സോമന് കെട്ടിച്ച് കൊടുക്കുമ്പോള്‍ അങ്ങേര്‍ക്ക് മനുഷ്യക്കൊലം പോലും ഇല്ലെന്ന് അവര്‍ നോക്കാതിരുന്നതിന് കാരണം, പെണ്ണ് മാത്രം മതിയെന്ന് പറഞ്ഞ് ഇവരങ്ങ് ചെന്നത് തന്നെ, രണ്ട് കൂട്ടര്‍ക്കും ലാഭം, ഒരു പൈസ ചിലവില്ലാതെ പെണ്ണിനെ ഉറക്കി വിട്ട ആശ്വാ‍സം അപ്പുറത്ത്, ഈ മോന്തയ്ക്ക് ഒരു തരക്കെടില്ലാത്ത പെണ്ണിനെ കിട്ടീല്ലോ എന്ന ആശ്വാസം ഇപ്പുറത്ത്. പക്ഷേ ആശ്വാസം ദീര്‍ഘശ്വാസമായത് രണ്ടാമത്തെ കുട്ടിയുണ്ടായതോടെ, ആദ്യത്തെ കുട്ടി അമ്മായിഅമ്മയെ പോലെ, കണ്ടപ്പോ പേടിച്ച് പോയെന്ന് ശ്യാമള തന്നെ സാക്ഷ്യം പറയുന്നു, രണ്ടാമത്തെ കുട്ടി കറുത്തതെങ്കിലും ഇത്തിരി സുന്ദരികുട്ടി, മൂന്നമത്തേതോ രണ്ടും വിട്ട് നല്ല വെളുത്ത് ചുവന്ന് നിണ്ട തലമുടിയും ഒക്കെയായി..അന്ന് തോട്ട് ശ്യാമള അറിയാതെ വീടിനകത്ത് ഒളിച്ചിരിക്കുക, സമയം പറയാതെ വീട്ടില്‍ കയറി ചെന്ന് കട്ടിലിനടിയും മറ്റും പരതുക ഇതൊക്കെ പതിവായി. ദിവസ കൂലിക്കാരനായ സോമന് ഭാര്യക്ക് മൂന്നൂറ്ററുപത്തഞ്ച് ദിവസം പണിയും പിന്നെ ഉത്സവബത്തയും ഒക്കെ കിട്ടുന്നത് അതിലും വെറുപ്പ്.

ശ്യാമള ചേച്ചി തലയിലൊരു കുടം വെള്ളവുമായി വരുന്നത് കണ്ടു,

“വാടി ഇങ്ങൊട്ട്, ഇന്ന് നിന്റെ കള്ളത്തരം ഞാന്‍ പൊളിക്കും, ആരാടി നിനക്ക് എന്നും ചായക്കട പലഹാരം വാങ്ങി തരുന്നത്...ആഹാ...എന്നോട് കള്ളം പറയുന്നൊ, ഇന്ന് രണ്ടിലൊന്നറിയണം”

“നിങ്ങളൊന്ന് അലറാതിരിക്കെന്റെ മനുഷ്യാ, നാട്ടാര് മൊത്തം കേള്‍ക്കും”

“അതേടീ നാട്ടാര് കേള്‍ക്കുന്നതാ നിനക്ക് കുറവ്, ഞാനൊന്നും അറിയുന്നില്ലെന്ന് കരുതി അഹങ്കരിക്കുവാ നീ അല്ലെടീ....”

ഒച്ചയും ബഹളവും ഏറിയും കുറഞ്ഞും നിന്നു. പക്ഷേ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല, നല്ല അയല്‍ക്കാരെന്ന നിലയില്‍ ഇത്രയും സമയമായ സ്ഥിതിക്ക് ഇനി പിടിച്ച് മാറ്റാം എന്ന് തീരുമാനിച്ച് അപ്പനും അമ്മയും അങ്ങോട്ട് നീങ്ങി, പിന്നാലെ ഞാനും, ഞങ്ങള്‍ മുറ്റത്തെത്തിയതും എന്തോ വലിയ ശബ്ദത്തില്‍ വീഴുന്നതും അയ്യോ അമ്മേ ന്ന് ശ്യാമള ചേച്ചിയുടെയുടെ കരച്ചിലും കേട്ടു, അത്യാഹിതം സംഭവിച്ചു എന്ന് തന്നെ കരുതി ഓടി അകത്ത് ചെന്നപ്പോള്‍ സോമന്‍ ചേട്ടനെ താങ്ങിയിരുത്തുന്ന ശ്യാമള ചേച്ചിയേ ആണ് കണ്ടത്, ഇത്തിരി ദൂരത്ത് ഒരു കൊരണ്ടി പലകയും..

“ഈ മനുഷ്യനോട് ഞാന്‍ പണ്ടേ പറഞ്ഞതാ ഞാന്‍ കഷ്ടപെട്ടുണ്ടാക്കുന്ന പൈസ എനിക്കും മക്കള്‍ക്കും വേണ്ടിയാണെന്ന്, ഇങ്ങേര് രാവും പകലും ഇല്ലാതെ സ്വന്തം വീട്ടില്‍ ഒളിച്ചിരിക്കുന്നതും പാതിരാത്രിയില്‍ കയറി വന്ന് കട്ടിലിനടിയിലും അലമാര പിന്നിലും ഒക്കെ പരതുന്നതും ഞാന്‍ എന്തെലും പറഞ്ഞോ, നാല് വയറിന്റെ തീറ്റയ്ക്ക് ഇങ്ങേര് എന്തേലും തരണേന്ന് പറഞ്ഞ് അങ്ങോട്ട് വന്നോ, പിന്നെ എന്നെ മേക്കിട്ട് കേറാനും കൂടി വന്നാലോ, ദേ മനുഷ്യാ കാപ്പി, വേണെല്‍ കുടി..ഈ പോത്തിന് ഈ വേദമെന്ന് എനിക്കറിയാഞ്ഞിട്ടാണൊ, വേണ്ടാന്ന് വച്ചാ സമ്മതിക്കേലാന്നാണെങ്കില്‍ എന്ത് ചെയ്യാനാ?

ശ്യാമള ചേച്ചി ഇട്ട കട്ടങ്കാപ്പിയും കുടിച്ച് തിരിച്ച് കാപ്പി ചൊട്ടിലേയ്ക്ക് നടക്കുമ്പോള്‍ അപ്പന്‍ അമ്മയെ സ്നേഹത്തോടെ ഒന്ന് നോക്കുന്നത് പോലെ തോന്നി.

അല്ല ഞാനൊന്നും കണ്ടില്ല.

-പാര്‍വതി.

28 comments:

ലിഡിയ said...

ഓരോ രോഗത്തിന് ഓരോ ചികിത്സ, അല്ല അതങ്ങനെ തന്നെയല്ലേ വേണ്ടെ..വന്നൊരു കട്ടങ്കാപ്പി കുടിച്ച് പോകൂ.

-പാര്‍വതി.

Inji Pennu said...

ഹഹഹഹ....ശ്യാമളേച്ചി മിടുമിടുക്കി! :)

ഡാലി said...

പാറുന്റെ കഥയിലെ പെണ്ണുങ്ങളെല്ലാം മിടുമിടുക്കികളാ!. ഇങ്ങനെയേ പോത്തിനോട് വേദമോതാവൂ. ശ്യാമള ചേച്ചിയ്ക്ക് ഒരു ഷേയ്ക്ക് ഹാന്‍ഡ് കൊടുക്കട്ടെ.

Unknown said...

പറുച്ചേച്ചീ,
ശ്യാമളേച്ചി പെടച്ചു അല്ലേ? ഉം.....

ഓടോ: പാറുച്ചേച്ചീ...(പ്രേം കുമാറിന്റെ അമ്മാവാ ശൈലിയില്‍) സുഖമല്ലേ? എന്തെങ്കിലും ഹെല്‍പ്പ് വേണോ? (ഡീസന്റാന്ന് തോന്നിക്കോട്ടെ.അടിയ്ക്ക് അല്‍പ്പം മയം കാണും) :-)

ബിന്ദു said...

അല്ലാ പിന്നെ.:)ആ നാട്ടില്‍ പെണ്ണുങ്ങളെല്ലാം ഒരു പോലെ ആണോ? അവിടേ ഇത്തിരി സ്ഥലം കിട്ടുമോ ആവോ? ;)

വല്യമ്മായി said...

വിദ്യാസമ്പന്നരേക്കാള്‍ ഭര്ത്താക്കന്മാരെ നിലയ്ക്ക് നിര്ത്തുന്നത് ഇവരാണ്‌.ശ്യാമള ചേച്ചി നീണാല്‍ വാഴട്ടെ

കുറുമാന്‍ said...

അല്ല പാറൂ, എന്റെ വാമഭാഗമായിട്ടെങ്ങാനും അടുത്തിടെ ചാറ്റ് ചെയ്തിരുന്നോ? അല്ല എന്റെ വീട്ടില്‍ നടക്കുന്ന കാര്യം (ഒളിക്കലൊഴികെ) വെറുതെ കാപ്പിക്കുരുവും, കയറ്റി മാറ്റിയതോണ്ടു ചോദിച്ചതാ :)

വേണു venu said...

അമ്മായിയമ്മെയെന്ന് പറയപ്പെടുന്ന സ്വന്തം അമ്മയ്ക്കിട്ടും ഭാര്യ ഒന്ന് താങ്ങിയത് കേട്ടിട്ട് അപ്പന്‍ ഇത്തിരി അന്തിച്ച് നിന്നു.
കഷ്ടം.
ആഹാ പാറുവിന്‍റെ കഥയിലെ സംഭാഷണങ്ങള്‍, ഞാന്‍ മനസ്സിലാക്കിയ പാറുവില്‍നിന്നും,
മറ്റൊരു വലിയ പാര്‍വ്വതിയെലെത്തിയിരിക്കുന്നല്ലോ.
ഭാവുകങ്ങള്‍ പാറൂ,
ഇനിയൂമീവല്ലിയില്‍ നല്ല പൂക്കള്‍ വിടരട്ടെ.

reshma said...

രസിച്ചു!

qw_er_ty

അനംഗാരി said...

ങ്..ഒരു സ്ത്രീവാദത്തിന്റെ മണം ഇവിടെ വീശിയടിക്കുന്നു. അതോ എന്റെ തോന്നലാണോ?

ഓ:ടോ: കഥ നന്നായിട്ടുണ്ട്. പാര്‍വ്വതിയുടെ കഥകള്‍ നന്നായികൊണ്ടിരിക്കുന്നു. അതങ്ങിനെ തുടരട്ടെ.
അഭിനന്ദനങ്ങള്‍.

mydailypassiveincome said...

ഹഹ. പാവം സോമന്‍ ചേട്ടന്റെ കഷ്ടകാലം. ശ്യാമളേച്ചി ആളു കൊള്ളാമല്ലോ ;) അടിച്ചു തറപറ്റിച്ചില്ലേ...

ശ്യാമളേച്ചി ഇതു കാണാന്‍ വരുന്നവര്‍ക്കൊക്കെ കട്ടങ്കാപ്പി കൊടുക്കുവാണോ? :) ഹഹ.

Siju | സിജു said...

തല്ലിയതും കരഞ്ഞതും ശ്യാമളചേച്ചി തന്നെയാണല്ലോ..

സുഗതരാജ് പലേരി said...

ഈ രോഗത്തിന് ഇതുതന്നെ ചികിത്സ. അല്ല അടികൊടുത്തതുംപോര കരഞ്ഞ് ആള്‍ക്കാരെ കൂട്ടാനും ശ്യാമളേച്ചി മിടുക്കിയാ അല്യോ. നന്നായി.

asdfasdf asfdasdf said...

പാര്‍വതിയേ.. ശ്യാമള ചേച്ചി നന്നായി.

Raghavan P K said...

ആശ്വാസം ദീര്‍ഘശ്വാസമായത് രണ്ടാമത്തെ കുട്ടിയുണ്ടായതോടെ.
നന്നായി.അഭിനന്ദനങ്ങള്‍!

സൂര്യോദയം said...

ആ വേദം ഉഷാറായി.
നാട്ടില്‍ ഒരാളെപ്പറ്റി കേട്ടിട്ടുണ്ട്‌... കുടിച്ച്‌ ബോധമില്ലാതെ വീട്ടില്‍ കയറി എന്നും ഭാര്യയെ തല്ലുമത്രെ... എന്നും 'എന്നെ തല്ലല്ലെ ചേട്ടാ...' എന്ന ഭാര്യയുടെ കരച്ചില്‍ കേള്‍ക്കാം.. ഒരിക്കള്‍ അയല്‍ക്കാര്‍ ഒളിഞ്ഞ്‌ നോക്കിയപ്പോഴല്ലെ കാര്യത്തിന്റെ കിടപ്പ്‌ മനസ്സിലായത്‌... ഇടിയ്ക്കുന്നത്‌ ഭാര്യയും ഭാര്യയുടെ ശബ്ദത്തില്‍ കരയുന്നത്‌ ഭര്‍ത്താവും...

അതുല്യ said...

പാറൂ... ഞാന്‍ ചിരിച്ചു... ഇത്‌ പോലെ മതി ട്ടോ കഥകള്‍.

പക്ഷെ കള്ളിന്റെ പുറത്താവുമ്പോ പൊട്ടിയ്കരുത്‌. പിറ്റേന്ന് വെളിവരുമ്പോ കിണറ്റിലേയ്ക്‌ ഒരു തള്ള്‌.... അല്ലാ പിന്നെ..... സംശയാലുക്കള്‍ക്ക്‌ ജീവിയ്കാന്‍ അര്‍ഹതിയില്ല.

ചേച്ചിയമ്മ said...

കിട്ടേണ്ടത്‌ കിട്ടിയപ്പോള്‍ സോമന്‍ചേട്ടന്‍ ആള്‌ ഡീസന്റായിക്കാണുമല്ലോ!?

Anonymous said...

മലയാള ബ്ലോഗ് സാഹിത്യത്തിലെ പെണ്ണെഴുത്തെന്ന് നിസ്സംശയം പറയാവുന്നതെങ്കിലും കരുത്തുറ്റ രചന.

മിമിക്രിക്കാരെ ഓര്‍മ്മിപ്പിച്ചെങ്കിലും
അവതരണം, വായനാ വ്യക്തത എന്നിവ കൊണ്ട് ശ്രദ്ധേയമായ രചന.

പെണ്ണ് അവളുടെ വില മനസ്സിലാക്കി കൊടുക്കുമ്പോള്‍ മാത്രമാണ് ചിലര്‍ക്ക് സത്യം മനസ്സിലാകുന്നത്. അതിന് ചിലപ്പോള്‍ നല്ല തല്ലു തന്നെ വേണം.

(ശ്രീനിവാസന്‍റെ ആദ്യ സംവിധാന സംരംഭവും പിന്നീടുള്ള ശ്യാമളയും കഥയെ വായനാനുഭവമാക്കുന്നു)
തുടര്‍ന്നും നല്ല രചനകള്‍ വായനക്കാര്‍ പ്രതീക്ഷിക്കുന്നു.

ലിഡിയ said...

ഇഞ്ചിപെണ്ണേ കണ്ടതില്‍ ഒത്തിരി സന്തോഷം :-)

ഡാലി നന്ദി :-)

ദില്‍ബൂ :-)

ബിന്ദൂ, ഇത്തിരി കുന്ന് കയറിയാല്‍ പോരേ,നോക്ക് സ്ഥലത്തിന് വില കുറവാ.

വല്യമ്മായീ :-)

കുറുമാന്‍ ;-) ശ്ശേ, പേരും സ്ഥലവും ഒക്കെ മാറ്റിയിട്ടിട്ടും കണ്ടുപിടിച്ചു.

വേണൂ :-) നന്ദി.

രേഷമാ :-)

അനംഗാരീ അത് കഷ്ടമായി, സ്വയരക്ഷ്യക്ക് പ്രതികരിക്കുന്നതാണോ സ്ത്രീവാദം.അഭിനന്ദനങ്ങള്‍ക്ക് നന്ദി :-)

ആത്മകഥേ ഇത് നടന്ന കഥ തന്നെ, തല്ലൊഴിവാക്കാന്‍ ഇത്തിരി സങ്കല്‍പ്പം, അത്രമാത്രം..

മഴത്തുള്ളീ, സിജൂ, സുഗതരാജ് മേന്ന്യന്‍, രാഘവന്‍ :-)

സൂര്യോദയം, താരേ :-)

അതുല്യചേച്ചീ :-) അയ്യോ പുള്ളി വെള്ളമടിച്ചിരുന്നില്ല, ഈ സംശയവും പിന്നെ ഇത്തിരി നൊസ്സും അതാണ് കാരണം.

ചേച്ചിയമ്മേ :-)

രാജൂ :-)

പെണ്ണെഴുത്ത് എന്ന് വിലയിരുത്തിയതില്‍ വിഷമമുണ്ട്, കാരണം എന്റെ പരിമിതമായ അറിവില്‍ പെണ്ണെഴുത്ത് എന്ന വിവചനത്തിന് വളരെ തെറ്റിദ്ധരിക്കപെട്ട ഒരു രൂപമാണ്, പെണ്ണായ ഞാന്‍ എന്റെ കഥകളില്‍ നിന്ന് ആ ഭാവം മാറ്റി നിര്‍ത്താന്‍ ആവില്ല,ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വളര്‍ത്തുന്ന സ്വീകരിക്കുന്ന സമൂഹത്തിന്റെ വലിയ വിള്ളലിന്റെ കാരണം കൊണ്ടല്ലേ ഈ ആണെഴുത്തും(അങ്ങനെ പറയില്ലല്ലോ), പെണ്ണെഴുത്തും ഉണ്ടായത്.

കഥ നന്നായി എന്ന നിരൂപണത്തിന് നന്ദി..നിങ്ങളെ പോലുള്ള വഴിവിളക്കുകള്‍ തെളിഞ്ഞ് നില്‍ക്കട്ടെ, എന്നേ പോലുള്ളവര്‍ക്ക് കാമ്പുള്ള അക്ഷരങ്ങള്‍ കുത്തിക്കുറിക്കാനായി.

എല്ലാവരോടും സ്നേഹത്തോടെ, നന്ദിയോടെ പാര്‍വതി.

krish | കൃഷ് said...

ആദ്യം കൊറണ്ടിപലക കൊണ്ട്‌ സോമന്‍ചേട്ടന്റെ തലക്കിട്ട്‌ കൊടുത്തു. ഠേ.. ഠേ.. പിന്നീട്‌ കാപ്പിയും. ഇത്രയും സ്നേഹമുള്ള ശ്യാമളചേച്ചിയെ എവിടെ കാണും.. അല്ലേ പാര്‍വ്വതീ.

കൃഷ്‌ | krish

Anonymous said...

പാര്‍വ്വതീ..,
പെണ്ണെഴുത്തെന്ന് പറഞ്ഞത് പെണ്ണെഴുതിയതു കൊണ്ടല്ല. അങ്ങിനെ കുറച്ചു കണ്ടിട്ടില്ല. ഈ കഥ ആണെഴുതിയാലും ഞാന്‍ പെണ്ണെഴുത്തെന്ന് പറഞ്ഞേനെ.
ശക്തമായ സ്ത്രീകാഴചപ്പാട് നിറഞ്ഞു നില്‍ക്കുന്നതിനാലാണ്. ഇത് ഇകഴ്ത്തല്‍ അല്ല.
കഥ വളരെ ശക്തമാണ്.

തറവാടി said...

പാര്‍വതി ,

വായിച്ചു , കഥ ഇഷ്ടമായി

ചീര I Cheera said...

with out having much disappointments,much hopes & desires,just doing their duties with the most sincerity,[and here,she is brave enough too] moreover,so loving at the same time- I think, such "down to earth" characters r seen rarely nowadays.But I understand such people will be there some where in this world..
as usual, good narration in a small frame,parvathi..

മുസ്തഫ|musthapha said...

ഞാനും ഒന്നും കണ്ടില്ല :)

നന്നായിരിക്കുന്നു പാര്‍വ്വതി... ന്നാലും ആ കൊരണ്ടി പലക തന്നെ വേണായിരുന്നോ പെരുമാറാന്‍ :)

മനോജ് കുമാർ വട്ടക്കാട്ട് said...

പാര്‍വ്വതീ,
ഇത്‌ ഈയിടെയായി ടി.വി.യില്‍ ജഗദിഷ്‌ അവതരിപ്പിക്കുന്ന 'മിന്നും താരം' എന്ന പരിപാടിയിലെ മിക്കവാറും എപ്പിസോഡുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്‌.

കരീം മാഷ്‌ said...

കെട്ട്യോനെ കൊരട്ടിപ്പലക കൊണ്ടു കൊട്ടി നന്നാക്കിയ ശ്യാമളചേച്ചി.
പാര്‍വ്വതി നന്നായിട്ടുണ്ട്‌ കഥ

ലിഡിയ said...

തറവാടീ, പി.ആര്‍, അഗ്രജാ, കരീം മാഷേ :-) നന്ദി.

പടിപ്പുരേ :-) ജീവിതത്തിന്റെ പരിശ്ഛേദങ്ങള്‍ മാത്രമല്ലേ എല്ലാ കലയും സാഹിത്യവും..

-പാര്‍വതി.