തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, August 28, 2006

കളിപ്പാവകള്‍

എന്റെ മനസ്സിന്റെ നോവറിയാതെ നീ പോകയോ?
വരണ്ടോരെന്‍ മനസ്സില്‍ പെയ്യാതെ പോവതെങ്ങ് നീ..
എന്റെ പുണ്യത്തിന്‍ തുളസി കരിയുന്നതും,തണലേകി-
നിന്നൊരാ നീര്‍മാതളം ഉണങ്ങി കടമുറിഞ്ഞതും,

അറിഞ്ഞില്ല പോലും നീയെന്നോ, അതൊ മറയ്കയോ നീ-
അഭിശാപങ്ങള്‍ പേറി പെയ്തൊഴിയേണ്ടി വരുന്ന വിധിയെ..
നീ മറന്ന് പോവുന്നൊരെന്‍ താഴ്വരകള്‍ മരുക്കളാവുന്നതും,
ഉറങ്ങുന്ന പിഞ്ചു പൈതലിന്‍ മേല്‍ നീ പ്രളമാവുന്നതും.

വിധിയെന്ന വാക്കിലൊതുക്കി ഞാനെന്റെ തണലുകള്‍-
കരിഞ്ഞ,വാടിക തണല്‍ നല്കാമരം നോക്കി നില്‍ക്കെ.
എങ്ങു പോയ് കരഞ്ഞ് തീര്‍ക്കും നീ,നിന്നിലൊഴുകി –
മറഞ്ഞൊരാ കുഞ്ഞുങ്ങള്‍ തന്‍ നൊമ്പരകീറുകള്‍.

പെയ്യാതെ പോവുകയാണ് നീയെന്‍ മനസ്സിലെ –
മരുഭൂമികളേ നീരവം ചാര്‍ത്താതെയെങ്കിലും,
പൊഴിക്കുന്നു ഞാനൊരുതുള്ളി കണ്ണീര്‍ നിനക്കായ്
വിധിയുടെ കയ്യിലെ കളിപ്പാവകളല്ലോ നമ്മളെല്ലാം

-പാര്‍വതി

11 comments:

Rasheed Chalil said...

പെയ്യാതെ പോവുകയാണ് നീയെന്‍ മനസ്സിലെ –
മരുഭൂമികളേ നീരവം ചാര്‍ത്താതെയെങ്കിലും,
പൊഴിക്കുന്നു ഞാനൊരുതുള്ളി കണ്ണീര്‍ നിനക്കായ്
വിധിയുടെ കയ്യിലെ കളിപ്പാവകളല്ലോ നമ്മളെല്ലാം


പാര്‍വ്വതീ... ഒത്തിരിനന്നായിട്ടുണ്ട്. മനോഹരമായ വരികള്‍... എനിക്കിഷ്ടമായി..

അനോമണി said...

പാര്‍വ്വതീ..
നിങ്ങളുടെ ഗദ്യമാണു് കൂടുതല്‍ മനോഹരം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇതെന്റെ അഭിപ്രയം മാത്രമാണു കെട്ടോ. അഭിപ്രായങ്ങളോട് പിണങ്ങരുതേ. അപ്പോള്‍ പുതിയ കഥ എപ്പോഴാ??

വല്യമ്മായി said...

നല്ല വരികള്‍.കാലത്തെ കുറിച്ച് ഞാനും പണ്ടെഴുതിയിട്ടുണ്ട്.

ലിഡിയ said...

നന്ദി ഇത്തിരിവെട്ടമേ,അനോമണി..വല്യമ്മായി....വേനലില്‍ പെയ്യുന്ന മഴ പ്പൊലെ ആശ്വാസം തരുന്നു, ഈ കമന്റുകള്‍...

കവിതകളെയാണ് ആദ്യം സ്നേഹിച്ച് തുടങ്ങിയത്..അതു കൊണ്ട് എഴുതി പോവുനതാണ് മണി..

കവിതയുടെ വ്യംഗ്യത്തെ കവിയല്ല തിരിച്ചെഴുതേണ്ടതെന്ന നിയമം തെറ്റിക്കുന്നു, കാലം തെറ്റി പെയ്തൊഴിയുന്ന മഴയാണ് വല്യമ്മായി എന്റെ ദുഃഖ ഹേതു.

നന്ദി വീണ്ടും വരിക..സൌഹൃദത്തിന്റെ തണല്‍ പകരാന്‍.

-പാര്‍വതി.

Mubarak Merchant said...

'വിധിയുടെ കയ്യിലെ കളിപ്പാവകളല്ലോ നമ്മളെല്ലാം'
ath correct!

വല്യമ്മായി said...

ഇക്കാസ്
http://rehnaliyu.blogspot.com/2006/08/blog-post_24.htmlകണ്ടില്ലേ

വര്‍ണ്ണമേഘങ്ങള്‍ said...

കാലം തെറ്റി പെയ്തൊഴിയുന്ന മഴ.
അതൊരു പ്രയോഗം തന്നെ.
മണ്ണ്‌, ഊഷരമോ ഊര്‍വ്വരമോ ..
മഴയറിയുന്നില്ല.

Physel said...

ഒത്തിരിപ്പെയ്യാന്‍ കൊതിക്കുന്ന കാര്‍മുകില്‍
എന്തേ ചുരത്താന്‍ മറന്നു നില്‍പ്പൂ...
പൂത്തും തളിര്‍ത്തും മദിക്കേണ്ട വാസന്ത-
മെന്തേ വഴിയില്‍ മടിച്ചു നില്പൂ...

പാര്‍വതിയില്‍ നിന്നും ഞങ്ങള്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്.....

painter said...

ഹായ്‌, പാര്‍വ്വ്തീടെ ഫോട്ടോയാണൊ പ്രൊഫൈലില്‍ ഫ്രെയിമിട്ടു വച്ചിരിക്കുന്നത്‌? നല്ല ഭംഗി. കുറച്ചൂടെ വലുതാവാമായിരുന്നു.

ലിഡിയ said...

നന്ദി ഇക്കാസ്..

വിശന്നവനറിയാം വിശപ്പിന്റെ ആഴം.
ദുഃഖം നുകര്‍ന്നവനറിയാം മനസ്സിന്റെ നീറ്റല്‍..

ഒത്തിരി നന്ദി വര്‍ണ്ണമേഘങ്ങള്‍ക്കും ഫൈസലിനും..

പെയിന്ററേ അത് ഞാന്‍ പറയില്ല,അങ്ങനെയെങ്ങാനും ഞാന്‍ പറഞ്ഞാല്‍ ഇവിടെ വിവരമുള്ള ഒരുപാട് പേരുണ്ട് എന്നെ ഓടിച്ചിട്ട് തല്ലും..

എല്ലാവര്‍ക്കും നന്ദി..പഴയ കൂട്ടുകാരെ ആരെയും കാണാത്തതില്‍ ഒരു വിഷമം,എല്ലാവരും തിരക്കിലാവും അല്ലേ..അതോ അഗ്രഗേറ്ററ്റില്‍ നമ്മളൊക്കെ പിന്നില്‍ മറഞ്ഞ് പോവുകയാണോ?

സാരമില്ല,ഞാന്‍ പരാതി പറയുന്നില്ല,മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമല്ലേ?

-പാര്‍വതി.

വളയം said...

കാലമാം ദൈവത്തിനുണ്ണുവാന്‍....