തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, August 15, 2006

സ്വാതന്ത്ര്യം...

പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിലെ തിരക്ക് അവസാനിക്കാത്തത് മീനാക്ഷിഅമ്മയുടെ വേവലാതി കൂട്ടി.സാധാരണ അവരെഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ മകനും ഭാര്യയും രണ്ട് മക്കളും സ്ഥലം വിടേണ്ടതാണ്.

മലയാളമറിയാത്ത വേലക്കാരിക്കുട്ടിയുമായി അവര്‍ മുന്‍പേ തന്നെ സൌഹൃദത്തിലായിരുന്നു..മലയാളം ചാനലുകള്‍ ഏതൊക്കെ അക്കങ്ങള്‍ ഞെക്കിയാലാണ് കാണുകയെന്നും,പിന്നെ അര്‍ത്ഥമറിയാത്ത ഹിന്ദിപടങ്ങളുടെ കഥയും അവളാണ് പറഞ്ഞ് തരുക.മറ്റുള്ളവര്‍ വീട്ടിലുള്ളപ്പോള്‍ അവര്‍ മനപ്പൂര്‍വ്വമായ ഒരു അകല്‍ച്ച പാലിക്കും, അല്ലെങ്കില്‍ അവളുടെ ജോലി തെറിക്കും എന്ന് നന്നായി അവര്‍ക്കറിയാം.

രാവിലെ മുതല്‍ എല്ലാവരും ടി.വി യുടെ മുന്‍പില്‍ തന്നെ. മറ്റുള്ളവര്‍ വീട്ടിലുള്ളപ്പോള്‍ മുന്‍ പുറത്ത് വരരുതെന്ന് മകന്റെ പരോക്ഷമായ ആജ്ഞയുടെ പ്രത്യാഘാതങ്ങള്‍ അവര്‍ക്ക് നന്നാ‍യി അറിയാമായിരുന്നു..അവനേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കുറച്ച് നേരം പതുപതുത്ത മെത്തയിലിരുന്നാല്‍ മെലാകെ വേദനിക്കും,ഇറങ്ങി നിലത്തിരുന്നാല്‍ കാലിനും നടുവിനും ഒക്കെ സുഖം തോന്നും.

അമ്മയെ പറ്റി അവന് പരാതികളേറെയാണ്.ഇവിടെയും മുറുക്കാന്‍ കിട്ടുമെന്ന് പറഞ്ഞത് മുന്നിയാണ്.മുറിഹിന്ദിയില്‍ അവളോട് ആഗ്രഹം പറഞ്ഞപ്പോള്‍ വാങ്ങികോണ്ട് തന്നു..പക്ഷെ ചുവന്ന തുപ്പല്‍ സിങ്കില്‍ കണ്ടുവെന്ന് പറഞ്ഞ് അവനുണ്ടാക്കിയ പുകില്‍.പിന്നെ മുറുക്കി തുപ്പുന്നത് കവറിലാക്കി കൂടയിലിടാന്‍ തുടങ്ങി. ഒരു വിഷമവും അറിയാതെ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ അനിയനെ പറ്റി അവന്‍ പരിചയക്കാരോട് പരാതി പറയുന്നത് കേള്‍ക്കുന്നില്ലെന്ന് നടിക്കും.ഒരു പ്രായത്തില്‍ കാഴ്ചയും കേള്‍വിയുമൊക്കെ ഇല്ലാത്തത്,ഇല്ലെന്ന് നടിക്കുന്നതെങ്കിലും നല്ലതാണെന്ന് അനുഭവം അവരെ പഠിപ്പിച്ചു.

അടച്ചിട്ട മുറിയില്‍ മീനാക്ഷിഅമ്മയ്ക്ക് വീര്‍പ്പു മുട്ടാന്‍ തുടങ്ങി.ഇന്നെല്ലാം മുടങ്ങും, 11 നൊന്നിന്റെ സിനിമയും കണ്ടുള്ള രാവിലത്തെ ഭക്ഷണവും അത് കഴിഞ്ഞ് നാലും കൂട്ടിയ മുറുക്കും എല്ലാം.

അവര്‍ ഒച്ചയുണ്ടാക്കാതെ അടുക്കളയിലെത്തി.അവരുടെ ഒച്ച കേട്ടാല്‍ തലവേദനയെടുക്കുന്ന മരുമകളെ ഓര്‍ത്താണത്.പിന്നെ നാനീജി കണ്ട്രിയാണെന്ന് പറയുന്ന കൊച്ചു മക്കളേയും..അതിന്റെയും അര്‍ത്ഥം പറഞ്ഞ് തന്നത് മുന്നി തന്നെയാണ്..

മുന്നി തിരക്കിട്ട പണിയിലാണ്.ഓരോരുത്തര്‍ക്കും ഓരോന്നാവും ആവശ്യം.അവധി ദിവസങ്ങളില്‍ പോലും അവര്‍ വീട്ടിലിരിക്കാത്തത് കൊണ്ട് അവള്‍ക്കാശ്വാസമുണ്ടാവും..ഇന്ന് പക്ഷെ വലിയ തിരക്കിലാണ്..

നാനീജി ആപ്കി കഞ്ജി തയ്യാര്‍ ഹെ..അബി ദേരയീയും(അമ്മുമ്മെ, കഞ്ഞി തയ്യാറാണ്..ഇപ്പോള്‍ തരാം).

മുന്നി, ക്യോം സബ്?അവര്‍ സ്വീകരണമുറിയിലേയ്ക്ക് വിരല്‍ ചൂണ്ടി മുറി ഹിന്ദിയില്‍ ചോദിച്ചു..

നാനീജി ആജ് സ്വതന്ത്രതാ ദിന്‍ ഹെ, സബ് ജഗാ ബൊംബ് ബ്ലാസ്റ്റ് ഹോനെക്കാ ഖബരാഹട്ട് ഹെ, ഇസിലിയെ കോയി ബാഹര്‍ നഹി ജാര..(അമ്മൂമ്മേ, ഇന്ന് സ്വാതന്ത്ര്യദിനം ആണ്.എല്ലായിടത്തും ബോംബ് ബ്ലാസ്റ്റ് ഭീക്ഷണിയുണ്ട്, പേടിച്ചിട്ട് ആരും പുറത്ത് പോകുന്നില്ല),

കൂട്ടിലടച്ച കിളിയുടെ മൌനത്തോടെ തന്റെ അടുത്ത സ്വാതന്ത്ര്യ ദിനം കാത്ത്, എടുത്ത് വച്ച കഞ്ഞി മറന്ന് അവര്‍ തന്റെ മുറിയിലേയ്ക്ക് നടന്നു.

-പാര്‍വതി

19 comments:

പാര്‍വതി said...

മറ്റൊരു സ്വാതന്ത്ര്യദിനം,കൂട്ടിലടയ്ക്കപെട്ട,അടയേണ്ടിവന്ന പലജാതി കിളികളുടെ സ്മരണയ്ക്ക് മുന്‍പില്‍..

എന്റെയീ കഥ...

-പാര്‍വതി.

ennu swantham... said...

ഒരു ദീര്‍ഘനിശ്വാസം...
സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങളേറെ ആയിട്ടും അന്നത്തിന് വക തേടുന്ന നൂറായിരം അനാഥക്കിളികളേയും ഓര്‍ത്തു പോകുന്നു ഞാന്‍...

-Pramod

ഉമേഷ്::Umesh said...

പാര്‍വ്വതിക്കെന്താ എല്ലാ തലക്കെട്ടിലും ഒരു അക്ഷരത്തെറ്റെങ്കിലും വേണമെന്നു നിര്‍ബ്ബന്ധമാണോ? പോസ്റ്റില്‍ ശരിയാണല്ലോ. സ്വാതന്ത്ര്യം.

Anonymous said...

ഹഹഹ..എനിക്ക് സന്തോഷമായി..ഞാന്‍ വിചാരിച്ചു.. ശ്ശെടാ..എന്നെ ആണെങ്കില്‍ ഇവിടെ ഉമേഷേട്ടന്‍ കളിയാക്കി കൊന്നേനെ.
ഈ പെണ്ണ് ഇവിടെ ഇത്രേം ക്രൂരമായ അക്ഷരതെറ്റൊന്നും വരുത്തീട്ട് ഒരു തിരുത്ത് പോലും പറയണില്ല്യല്ലൊന്ന്....ഹാവൂ!! പുറത്തെ പെയ്യണ മഴ നനഞ്ഞ ഒരു സുഖം..

ഹിഹിഹി :)

ബിന്ദു said...

എനിക്കാണെങ്കില്‍ തെറ്റു തിരുത്തി തരാഞ്ഞിട്ടാണ് വിഷമം. അപ്പോഴീ ഇഞ്ചിപെണ്ണിനിതെന്തൊരു കുശുമ്പ്. :)

അനംഗാരി said...

ഒരു അബദ്ധം ഏതു പോലീസിനും പറ്റും.ക്ഷമിച്ചു കള ഉമേഷ്ജീ....
പാര്‍വ്വതീ അതോ പാര്‍വതിയോ?..
കഥ നന്നായി. കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.

സ്നേഹിതന്‍ said...

ഡെല്‍ഹി സൈനിക വലയത്തിലായിരുന്നുവല്ലെ.

സ്വാതന്ത്ര്യ കഥ കൊള്ളാം.

അനോമണി said...

പാര്‍വതീ..
‘സ്വാതന്ത്ര്യം’ എന്ന വാക്കിനുപരിയായ അതിന്റെ അര്‍ത്ഥാന്തരങ്ങള്‍. വളരെ നന്നായിരിക്കുന്നു. സൂക്ഷ്മ രാഷ്ട്രീയപരമായ തന്തുവെ വളരെ മനോഹരമായ ഒരു കഥയായി ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയതിനു് നന്ദി.

ലാപുട said...
This comment has been removed by a blog administrator.
ലാപുട said...

നന്നായിരിക്കുന്നു....
ചുവരുകള്‍ക്കു പുറത്ത് പ്രതീക്ഷിക്കപ്പെടുന്ന സ് ഫോടനങ്ങള്‍, ചുവരുകള്‍ക്കുള്ളില്‍ ബന്ധങ്ങളില്‍ പാകിയിരിക്കുന്ന കുഴിബോബുകള്‍...സ്വാതന്ത്ര്യം എന്ന വാക്കു നമ്മെ ഒരു പാടു പൊള്ളിക്കുന്നു

വല്യമ്മായി said...

നമ്മളും നടന്ന് കയറുന്നത് ഈ പാരതന്ത്രത്തിലേക്കല്ലേ.

നല്ല കഥ.മനസ്സില്‍ തട്ടി.

വളയം said...

സ്വാതന്ത്ര്യദിനത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പാരതന്ത്ര്യത്തെക്കുറിച്ചായത് നന്നായി.

അത്തിക്കുര്‍ശി said...

കൊള്ളാം. പാര്‍വതി. നന്നയിട്ടുണ്ട്‌.

കാലിക പ്രസക്തിയുള്ള പ്രമേയം.

പാര്‍വതി said...

ഉമേഷേട്ടാ...രവിലെ എഴുന്നെറ്റപ്പോള്‍ മുതല്‍ തിരുത്താന്‍ ശ്രമിക്കുന്നു..ബ്ലൊഗ്സ്പോട്ടില്‍ എന്റെര്‍ ചെയ്യാന്‍ പറ്റുന്നില്ല..ശരിക്കും സോറി...

അക്ഷരതെറ്റുകള്‍ വരാതെ ഇനി ശ്രദ്ധിക്കാം..

-പാര്‍വതി.

പാര്‍വതി said...

ദേ, ഇതിലും തെറ്റ്, എന്നെയങ്ങ് കൊല്ല്..ഈ അക്ഷര പിശാച് കാരണം..

:-((

-പാര്‍വതി

സന്തോഷ് said...

ഏതായാലും തിരുത്തുന്ന സ്ഥിതിക്ക്, കറുപ്പിലെ ‘വേളുപ്പും’ കൂടിയങ്ങു തിരുത്തിയേക്കൂ, പാര്‍വതീ.

പാര്‍വതി said...

‘വേളുപ്പ്‘ ‘വെളുപ്പ്’ ആക്കി സന്തോഷ് ചേട്ടാ..അരോചകങ്ങളാണീ തെറ്റുകള്‍ എന്നറിയാം,അറിയാതെ പറ്റുന്നവയാണ്.ക്ഷമിക്കണം..(excuse is the biggest lie)എന്നറിയാം.

-പാര്‍വതി.

കണ്ണൂസ്‌ said...

രാവിലെ 5.15 ന്‌ എണീറ്റ്‌ കാര്യങ്ങളെല്ലാം ചെയ്ത്‌, നിലം തൊടാതെ വൈകുന്നേരം 6.30 ന്‌ തിരിച്ചെത്തി, പിറ്റേ ദിവസത്തേക്കുള്ള ഒരുക്കങ്ങളൊക്കെ ചെയ്ത്‌ 11 മണിക്ക്‌ ന്യൂസ്‌ പോലും കാണാനാകാത്ത വിഷമത്തില്‍ കിടക്കയിലേക്ക്‌ ചായുമ്പോള്‍ ഞാന്‍ ഒരു സ്വപ്നം കാണാറുണ്ട്‌. ഞാന്‍ ആകെ കാണാറുള്ള സ്വപ്നം.

റിട്ടയര്‍മന്റ്‌ കഴിഞ്ഞ്‌ അധികം തിരക്കൊന്നുമില്ലാത്ത ഒരിടത്ത്‌ കാറ്റും വെളിച്ചവുമുള്ള ഒരു തുറന്ന മുറിയില്‍ ഒരു പെഗ്‌ വിസ്കിയും ഒരു സിഗരറ്റും പിടിച്ചിരുന്ന് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കുന്ന എന്നെത്തന്നെ:

എന്തരാകുമോ എന്തോ?
എന്തരോ വരട്ട്‌!!
എന്തരു വരാനാ???

അനു ചേച്ചി said...

എന്റെ പാറൂ,പറക്കാന്‍ ചിറകുകള്‍ തന്നെങ്കില്‍,ഞാനൊരു അമ്മകിളിയായ് ചെന്ന് എല്ലാ കൂടുകളും തുറന്നേനെ.കാക്കതൊള്ളായിരം കിളികള്‍ക്ക് പിന്നില്‍ ദേ കണ്ണൂസ് കുറേ പുസ്തകങ്ങളുമായി.രക്ഷിക്കണേ!