താരാട്ട് പാടിയെന്നെ നീ ഉറക്കിയില്ല,
തണുപ്പിന്റെ തലോടലേറ്റ് ഞാനുണരുമ്പോള്‍-
തലയില്‍ തലോടി കഥ പറഞ്ഞുറക്കിയില്ല.
കൈപിടിച്ചെന്നെ നീ നടത്തിയില്ല,
കല്ലില്‍ കാല്‍തട്ടി വീഴവെ, ഒരിക്കലും-
കൈപിടിച്ചുയര്‍ത്തി നീ നിര്‍ത്തിയില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളു-
രുവാകുന്ന പ്രായത്തിലൊന്നും,
ഉണ്ടായിരുന്നില്ല നീയെന്റെ കൂടെ
കൊതിച്ചിരുന്നെന്നും ഞാന്‍,
കൊച്ചുകുട്ടിയായെന്നും നിന്റെ-
കൈപിടിച്ചറിയാത്ത വഴികള്‍ താണ്ടാന്‍.
ഇന്നു നീ യാത്ര പറയാതിറങ്ങവെ,
ഇനിയെന്തിനെന്‍ മനം നോവണ,മെന്തി-
നീറനണിയണമെന്‍ കണ്ണുകള്‍.
കാലിടറി വീഴുന്നു ഞാനിന്നും,
കളിക്കോലമായി മാറാന്‍ വിധിക്കവെ,
കണ്ണുനീരിലും പക നിറയുന്നു.
അടഞ്ഞ നിന്‍ മിഴികള്‍ കാണാന്‍ വരില്ല ഞാന്‍,
ആത്മാവിനാശ്വസിക്കാന്‍ കൈ തട്ടി വിളിക്കില്ല ഞാന്‍
അനാദികാലത്തോളം കാത്തിരിക്ക ഇനി നീയെനിക്കായി-
ആത്മം വെടിഞ്ഞ് ഞാനുമവിടെത്തും വരെയിനി.
-പാര്‍വതി.
4 comments:
ഇത് ഇഷ്ടപ്പെട്ടൂ പാര്‍വതീ...
കവിതയെപ്പറ്റിയൊന്നും അറിയില്ലെങ്കിലും ഇത് എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചു.
വളരേ നന്നായീ ..ഇത്രയും ഇന്റെന്‍സ് ആയ ഒന്നും അടുത്ത കാലത്തു വായിച്ചതായീ ഓര്‍മയില്ല.ഓ മറന്നു..ഓര്‍മകള്‍ ഒരു ശാപമാണല്ലോ
നന്നായിട്ടുണ്ട്, ഉള്ളില്‍ ഒരു ചെറിയ നൊമ്പരം ഉണര്‍ത്തി. അവസാനത്തെ 4 വരികളിലാണ് പകരം വീട്ടല്‍.
കവിതയിലൊരു വിതയുണ്ടെന്നു
കുഞ്ഞുണ്ണീ മാഷു പറഞ്ഞുവച്ചതാണു.
ആ "വിത" പാര്‍വതീടെ രചനകളില്‍ കണ്ടു.
വിത മാത്രമായാല്‍ കവിതയ്ക്കു എന്തൊ പൊരായ്മ തൊന്നും.
വിമര്‍ശനങ്ങളെ ക്രിയാത്മകമായി സമീപിക്കുമല്ലോ !.
ഭാവുകങ്ങള്‍ പാര്‍വതീ..
Post a Comment