തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, August 30, 2006

ഇന്നലെ പെയ്ത മഴ.

ഇന്നലെ രാവിന്റെ ഏകാന്തതയില്‍
എനിക്കായ് ഒരു മഴ പെയ്തുനിന്നു.
മാനം തേടുന്ന കൂട്ടിലെ കിളിയായ്
ഞാനുമാമഴ നോക്കി നിന്നു..

ഏകാന്തമായൊരെന്‍ കൂട്ടിനുള്ളില്‍
മുനിഞ്ഞുകത്തുന്നൊരീ വിളക്കിനരികില്‍
വിധിയായി വന്നുചേര്‍ന്നൊരീ വാല്മീക-
മൊരുക്കുന്ന മൌനമെന്നെ ഞെരിക്കവെ..

ഒരു സ്വപ്നമായി നീ പെയ്തിറങ്ങി..
ഒരുതുള്ളി അമൃതുപോല്‍നീയീ പൊടി-
മണ്ണിന്റെ ഊഷരതയില്‍ ഊര്‍ന്നിറങ്ങെ-
ശ്വസിക്കുന്നു ഞാനീ മണ്ണിലുയരും മണം..

കാലൊച്ചയില്ലാതെ വന്നിന്നലെ നീ-
കാത്തൊന്ന് നില്ക്കാതെ പോകയും,
എങ്കിലും പാടുന്നു നിനക്കായി ഞാന്‍
എനിക്കായ് പെയ്തുവല്ലോ നീ

അറിയാതെ ആരുമറിയാതെയെങ്കിലും..

-പാര്‍വതി

17 comments:

സു | Su said...

:)

റിച്ചുമോളു said...

നല്ല കവിത.കാത്തിരിപ്പുകള്‍ വെറുതെ ആവില്ല്ല.


എല്ലാ ആശംസകളും

അഗ്രജന്‍ said...

കാത്ത് നില്‍ക്കാതെ പോയെങ്കിലും, ഒന്ന് വന്നല്ലോ...
അതുപോലുമില്ലാതെ കാത്തിരിക്കുന്ന ജന്മങ്ങളെത്ര.. അല്ലേ..!!

നന്നായിരിക്കുന്നു പാര്‍വ്വതി..

അനംഗാരി said...

പാര്‍വ്വതീ, കവിതയിലെ വാക്കുകള്‍ ഇടമുറിയാതെ എഴുതി നോക്കൂ.. ഭംഗി കൂടും. വായിക്കാനും താളം കിട്ടും. പാര്‍വ്വതുയുടെ കവിതകളില്‍ പലപ്പോഴും വാ‍ക്കുകള്‍ മുറിഞ്ഞു പോകുന്നു. ശ്രദ്ധിക്കുമല്ലൊ?. ആശംസകള്‍.

ഇത്തിരിവെട്ടം|Ithiri said...

കാലൊച്ചയില്ലാതെ വന്നിന്നലെ നീ-
കാത്തൊന്ന് നില്ക്കാതെ പോകയും,
എങ്കിലും പാടുന്നു നിനക്കായി ഞാന്‍
എനിക്കായ് പെയ്തുവല്ലോ നീ

അറിയാതെ ആരുമറിയാതെയെങ്കിലും..


പാര്‍വ്വതി നന്നയിട്ടുണ്ട്. ഒത്തിരി ഇഷ്ടമായി

വല്യമ്മായി said...

വേഴാമ്പിലിന്‍റെ കാത്തിരിപ്പുകള്‍ ഒരിക്കലും വെറുതെയാകാറില്ല.

Radheyan said...

രാത്രിമഴ,തൂവാനത്തുമ്പികള്‍ മഴയുടെ വാങ്മയചിത്രങ്ങള്‍ ഇന്നും തുടരുന്നു.ക്ലീഷേകള്‍ ആകാതെ നോക്കുക.മഴ വലിയ ഒരു കാന്‍വാസ് തന്നെ.എന്നോട് ഒരിക്കല്‍ ആരൊ ചോദിച്ചു.മലയാളത്തിലെ ഇഷ്ടസിനിമായേതെന്ന്.തൂവാനത്തുമ്പികള്‍ എന്ന ഉത്തരം പെട്ടെന്നായിരുന്നു.സിനിമായുടെ കഥയെക്കാള്‍ പശ്ചാത്തലം മനസ്സിനെ കീഴടക്കിയത് കൊണ്ടാവം.
മഴകള്‍ കിനിയട്ടെ,മണ്ണിലെ പാപക്കറകളും ചോരപ്പാടുകളും കഴുകപ്പെടട്ടെ,ഉള്ളം നിറയട്ടെ,പ്രളയത്തിരയില്‍ ആലിലത്തോണിയില്‍ അമ്പാടി പൈതലെന്ന പൊലെ നന്‍മ മാത്രം പൊങ്ങി കിടക്കട്ടെ

:: niKk | നിക്ക് :: said...

നന്നായിരിക്കുന്നു ശിവ പ്രിയേ :)

ഞാനും കാത്തിരിക്കുന്നൂ...

Physel said...

കവിതയുടെ ആശയം നന്നായിരിക്കുന്നു...പക്ഷെ ഒരുഴുക്കു കിട്ടുന്നില്ലല്ലോ പാര്‍വതീ...ആധുനികതയില്‍ ഒട്ടിനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ കവിത വ്ര്‌ത്ത നിബദ്ധമായിരിക്കാന്‍ ശ്രമിക്കുക..വായനാ സുഖം കൂടും..പ്രത്യേകിച്ചും കാല്പനികമായ വരികള്‍ക്ക്

തഥാഗതന്‍ said...

കവിത എങ്ങനെ വേണം എന്ന് നിര്‍വചിക്കാന്‍ പറ്റില്ല.
കവിയുടെ അല്ലെങ്കില്‍ കവയിത്രിയുടെ മനസ്സിന്റെ വിഹ്വലതകളും ആകുലതകളും ആണല്ലോ കവിതയായി ബഹിര്‍ഗമിക്കുന്നത്‌

പാര്‍വതി ഒരു നല്ല കവിത എഴുതാന്‍ ശ്രമിച്ചിരിക്കുന്നു

പട്ടേരി l Patteri said...

so touching,,,,,
കൂടുതല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലല്ലൊ പാറൂട്ടിയേ.
ഇനിയും എഴുതൂ...
ഓ ടൊ. കവിത എന്തെന്നു നിര്‍വചിക്കാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല... എന്നാലും പറയുകയാ you can write better :)

Anonymous said...

ശ്ശൊ! എനിക്ക് കവിത ആസ്വദിക്കാനെ അറിഞ്ഞൂടാ..:-( അതില്‍ ഞാന്‍ ശരിക്കും വിഷമിക്കുന്നു :-( അല്ലെങ്കില്‍ പാറുക്കുട്ടി എന്താ വിചാരിക്കണേന്നൊക്കെ മനസ്സിലാക്കായിരുന്നു...

qw_er_ty

പാര്‍വതി said...

നന്ദി സൂയേച്യ്യേ..

റിച്ചൂന്റെ കഥകള്‍ എനിക്ക് പ്രിയപ്പെട്ടവയാണ്. :-)

അഗ്രജന്‍:നമുക്ക് കിട്ടിയിരുന്നെങ്കില്‍ അല്ലേ നമ്മള്‍ ആദ്യം ആഗ്രഹിക്കൂ,സ്വാര്‍ത്ഥരായത് കൊണ്ടാവും അല്ലേ?

കുടിയന്റെ എല്ലാ കവിതകളും നെറ്റ് ട്രാഫിക്ക് കുറഞ്ഞൊരു ദിവസം കാത്തിരുന്ന് അര്‍ദ്ധരാത്രിക്ക് കേട്ട എനിക്ക് ഈ അഭിപ്രായത്തിന്റെ ആഴം മനസ്സിലാവുന്നു.ഞാന്‍ ആത്മാര്‍ഥമായി ശ്രമിക്കും,ഇനിയും വന്നെത്തി നോക്കി പോവുക :-)

ഇത്തിരിവെട്ടത്തിനും,വല്യമ്മായിക്കും രാധേയനും നിക്കിനും ഒത്തിരി വല്യ നന്ദികള്‍,വന്നതിനും കമന്റിയതിനും ഒക്കെ :-)

ഫൈസല്‍, ആധുനികതയും അര്‍ത്ഥം മനസ്സില്ലാവത്ത ബിംബങ്ങളും എനിക്ക് ഇഷ്ടമില്ല, പക്ഷേ..എനിക്ക് ഈ വൃത്തങ്ങള്‍ മനസ്സിലാവുന്നില്ല,:-(, സങ്കടമുണ്ട് പറയാന്‍ എന്നാലും,ഉമേഷേട്ടയും ജ്യോതി ടീച്ചറിന്റെയും ഒരോ പോസ്റ്റും ഇങ്ങനെ മുടങ്ങാതെ നോക്കാറുണ്ട്..എന്നാലും പണ്ട് തോന്നിയ ആ അകല്‍ച്ച ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നു..

തഥാഗതനും പട്ടേരിക്കും ഒത്തിരി നന്ദി..

ഇഞ്ചിപെണ്ണിനെ ഒത്തിരി നാള് കൂടി കാണുകയാണ്..വന്നെത്തി നോക്കിയതില്‍ ഒത്തിരിയൊത്തിരി സന്തോഷം..ഡാങ്ക്സ്..

-പാര്‍വതി

കരീം മാഷ്‌ said...

എനിക്ക് കവിത അറിഞ്ഞൂടാ..

Otherwise I could have a good comments. I learn Urdu from Fifth Standard. sorry on my iggnorance to Poetry.
qw_er_ty

താര said...

പാറൂട്ടീ, നല്ല മഴക്കവിത! നല്ല ഇഷ്ടായീട്ടോ.

എനിക്കിപ്പൊ മഴ കണ്ടാല്‍ ഇങ്ങനെയാ കവിത വരിക.
റെയിന്‍ റെയിന്‍ ഗോ എവേ
കം എഗെന്‍ അനദര്‍ ഡേ
ലിറ്റില്‍ അമ്മു വാണ്ട്സ് റ്റു പ്ലേ
റെയിന്‍ റെയിന്‍ ഗോ എവേ...:)

വളയം said...

പെയ്യട്ടെ പിന്നെയും പിന്നെയും
കുളിര്‍ക്കട്ടെ ഒരോ വിങ്ങുംമനസ്സുകള്‍

അനംഗാരി said...

പാര്‍വ്വതീ, പാര്‍വ്വതിയുടെ എല്ലാ കൃതികളും ഞാന്‍ വായിക്കാറുണ്ട്. ഒരു അപകടം കഴിഞ്ഞെഴുന്നേറ്റ് വന്നത് കൊണ്ട് അധിക നേരം കസേരയില്‍ ഇരിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് പലപ്പോഴും എനിക്ക് തുടര്‍ച്ചയായി എല്ലാവരുടെയും കൃതികള്‍ക്ക് പ്രതികരണം എഴുതാന്‍ കഴിയാറില്ല. മറ്റൊന്ന് സമയപ്രശ്നം. അവിടെ രാത്രിയാകുമ്പോള്‍ ഇവിടെ പകല്‍. എനിക്ക് പ്രത്യേക ജോലിയൊന്നുമില്ലെങ്കിലും, മരുന്നും ആശുപത്രിയും ആയി എന്റെ പകലുകള്‍ കവര്‍ന്നെടുക്കുന്നു. അമേരിക്കന്‍ പ്രസിഡന്റിനെക്കാള്‍ തിരക്കാണെന്ന് അര്‍ത്ഥം.
പറഞ്ഞുവെന്നത് വഴി മാറിപ്പോയി. ക്ഷമിക്കുക. സുഗതകുമാരി,അയ്യപ്പപണിക്കര്‍, ഓ.എന്‍.വി. തുടങ്ങിയവരുടെ കൃതികള്‍ വായിക്കുക. എഴുത്തിന്റെ ശൈലി മനസ്സിലാകും. മനസ്സുലുള്ളത് നല്ല ബിംബങ്ങളിലൂടെ പ്രതിഫലിപ്പിക്കുക. വാക്കുകള്‍ തിളങ്ങട്ടെ. പാര്‍വ്വതിക്ക് നല്ല ആശയങ്ങളുണ്ട്. ഒരു കവിതയുള്ള മനസ്സും. അത് നന്നായി ഉലയിലിട്ട് ഊതി പഴുപ്പിച്ച് പാകപ്പെടുത്തിയെടുക്കുക. വൃത്തത്തെകുറിച്ച് ഉമേഷ്ജി എഴുതുന്നുണ്ടല്ലോ.. നല്ലൊരു പുസ്തകം സംഘടിപ്പിച്ച് വായിക്കൂ. എല്ലാ ഭാവുകങ്ങളും നേരുന്നു.