തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, August 14, 2006

കൂട്ടിനൊരാള്‍...

പുറത്ത് മഴ കനക്കുന്നു..ഒരു ഇരുണ്ട ജനാലകപ്പുനത്തിരുന്ന് കയ്യിലൊരു പേപ്പര്‍ കപ്പില്‍ മഷീന്‍ ചായയും പിടിച്ച് നില്‍ക്കുന്ന ഞാന്‍.

മഴ കാണുമ്പോള്‍ ഓര്‍മ്മകള്‍ തീവണ്ടി പെട്ടികള്‍ പോലെ നിരനിരയായി വരുന്നത് എന്തു കോണ്ടാണ്?ദെല്‍ഹിയിലെ മഴയും വരണ്ട മഴയാണ്.കുട ഇവിടെയൊരു ആഡംബരവസ്തുവാണ്.ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും നിരത്തില്‍ നടക്കും.

ഇത് പോലൊരു മഴയത്താണ് പൂനം ഭട്നാഗര്‍ എന്നെ ചായ കുടിക്കാന്‍ ക്ഷണിച്ചത്.ചായയും ചൂട് പക്കോഡയും.കോണാട്ട് പ്ലേസിലെ ബാ‍ങ്കില്‍ സൈറ്റ് എഞ്ചീയറായിരുന്ന അവളും ഫീല്‍ഡ് എഞ്ചീയറായ ഞാനും ഒരേ തട്ടുകാരായിരുന്നെങ്കിലും അവള്‍ക്ക് കാറുണ്ടായിരുന്നതിനാല്‍ വല്ലപ്പോഴും എനിക്കൊരു ലിഫ്റ്റ് തരപ്പെട്ടിരുന്നു.

കാറിന് ചുറ്റും ദ്രുതതാളത്തില്‍ നൃത്തം വയ്ക്കുന്ന മഴ.ഈ ലോകത്ത് ഈ രണ്ട് മനുഷ്യജന്മങ്ങള്‍ മാത്രമേ ഉള്ളു എന്ന പോലെ...എഫ്.എമ്മിലെ പെണ്‍കുട്ടി നിര്‍ത്താതെ ചിലയ്ക്കുന്നു,ഇടയ്ക്ക് മഴ പുരണ്ട പാട്ടുകളും.

പൂനത്തിന്റെ ചോദ്യം അപ്രതീക്ഷിതമായിരുന്നു.അഭിപ്രായം എനിക്കും ഇഷ്ടപെട്ടു.മഴ ഒലിച്ചിറങ്ങി നനഞ്ഞ തറയുള്ള ആ ടാര്‍പോളിന്‍ കൂടാരത്തിന്റെ മുന്‍പില്‍ ഇറങ്ങി.പ്ലാസ്റ്റിക്ക് കപ്പില്‍ ഇഞ്ചി ഇട്ട ചായയും ഇല പ്ലേറ്റില്‍ പക്കോഡയും..ചാറ്റലടിക്കാതിരിക്കാന്‍ അവള്‍ അടുത്തേയ്ക്ക് നീങ്ങിയിരുന്നപ്പോഴും എന്റെ പ്ലേറ്റില്‍ നിന്നും നുള്ളിപെറുക്കിയപ്പോഴും വരികള്‍ക്കിടയില്‍ വായിക്കാത്ത ബാല്യത്തിന്റെ നിഷ്കളകതയ്ക്കായി കൊതിച്ചു ഞാന്‍.

ഉച്ച മയങ്ങിയ നേരമായതിനാല്‍ ട്രാഫിക്ക് കുറവായിരുന്നു.ഇന്ദ്രപ്രസ്ഥ പാര്‍ക്ക് ഒട്ടും തിരക്കില്ലാതെ കണ്ടു..ഒന്നും പറയാതെ തന്നെ വണ്ടി ഒതുക്കിയപ്പോള്‍ മനസ്സോന്ന് പിടച്ചു.”നമുക്കോന്ന് നടക്കാം” മറുപടി കേള്‍ക്കാതെ തന്നെ അവള്‍ ഇറങ്ങിയിരുന്നു.പിന്നാലെ ഞാനും.

നീണ്ട പാതയടികളിലൂടെ ഒന്നും മിണ്ടാതെ തന്നെ നടന്നു.ഒറ്റയ്ക്കും പെട്ടയ്ക്കും നില്‍ക്കുന്ന മരചോട്ടില്‍ ലൊകം തന്നെ മറന്ന് ലയിച്ചിരിക്കുന്ന പ്രണയ ജോടികള്‍.

”മോഹന്‍,നിനക്കൊരു ഗേള്‍ ഫ്രണ്ടില്ലെ? എന്താ അവളുടെ പേര്?.
ഒന്ന് പകച്ച ഞാന്‍ പതുക്കെ പറഞ്ഞു
“നയന”,
ഇപ്പോള്‍ എവിടെയാണ്? “
“പഠിക്കുന്നു, കോയമ്പത്തൂരില്‍,എഞിചിനീയറിങ്ങിന്”
“നിങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണല്ലെ?, ഒത്തിരി മരംചുട്ടി നടന്ന് കാണുമല്ലൊ?”

കനം നിന്ന മൌനം ഉടഞ്ഞതില്‍ ഞാന്‍ സന്തോഷിച്ചു.സിമന്റ് ബന്‍സില്‍ ഇരുന്ന അവള്‍ക്കരികിലായി ഞാനും ഇരുന്നു.പെട്ടന്നാണ് അവള്‍ തല എന്റെ തോളില്‍ ചായിച്ചത്.പിന്നെ ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു..ഉള്ളിലെ വാദപ്രതിവാദങ്ങള്‍ പുറത്ത് കേള്‍ക്കാതെ ഞാനും.

പിന്നെയവള്‍ എഴുന്നേറ്റ് നടന്നു.ഒന്നും മിണ്ടാതെ കാറില്‍ കയറി,പിന്നലെ വരുന്ന എനിക്കായി കാത്തിരുന്നു.അതു വരെയില്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ തൊന്നി.

എന്നും ഞാനിറങ്ങാറുള്ള സ്ഥലത്തിന് അല്പം മുമ്പ് വണ്ടി നിര്‍ത്തി അവള്‍ പാഞ്ഞു.”മോഹന്‍, ഇന്നെന്റെ വെഡ്ഡിങ്ങ് ആനിവേഴ്സറിയാണ്,കാത്തിരിക്കാന്‍ ആരുമില്ല, ഈ സന്ധ്യയും അതിന്റെ ഓര്‍മ്മകളും മറന്നേയ്ക്കൂ”,”നയനയോട് പോലും പറയേണ്ടാത്തതായി”

മഴക്കാറ് മൂടി കൂടുതലിരുണ്ട ഒരു സന്ധ്യയിലേയ്ക്ക് ഞാനിറങ്ങവെ അവളും വണ്ടിയും തിരക്കില്‍ മറഞ്ഞു.

നയനയോട് പറഞ്ഞിട്ടില്ലാത്ത ആ ഓര്‍മ്മകള്‍...

-പാര്‍വതി.

14 comments:

myexperimentsandme said...

കൊള്ളാം. ഇഷ്ടപ്പെട്ടു.

പണ്ടത്തെ രീതികളൊക്കെ ഒത്തിരി മാറിയെന്ന് തോന്നുന്നു, നാട്ടില്‍.

Rasheed Chalil said...

പാര്‍വ്വതി നന്നായി..

ഇത്തിരി നൊമ്പരം ബാക്കിവെക്കുന്നു ഈ കഥ. കാത്തിരിക്കാന്‍ ഒരു മനസ്സില്ലെങ്കില്‍..സാന്ത്വനത്തിയി ഒരു നിശ്ശബ്ദതയെങ്കിലും ലഭിച്ചില്ലങ്കില്‍..

പുഞ്ചിരിക്കു പിന്നില്‍പോലും പണത്തിന്റെ കിലുകം മാത്രം കാണുന്ന ലോകത്ത് ഒരു നിശ്ശബ്ദ ശ്രോതാവിന് ഒത്തിരി വിലയുണ്ട്... കണക്കക്കാവുന്നതിലപ്പുറം..

ഡാലി said...

പാറൂ.. കഥ നന്നായി. ഈ കഥ കുമാരേട്ടന്റെ ഒരു കഥയുടെ ഓര്‍മ്മ ഉണര്‍ത്തി.
http://kumarnm.blogspot.com/2006/07/blog-post.html
അക്ഷരതെറ്റുകളും പറ്റിയാല്‍ ഒന്നു ശ്രദ്ധിക്കണേ..

സഞ്ചാരി said...

കനത്തുവരുന്ന മനസ്സിലെ ദു:ഖം ഇറക്കിവെക്കന്‍ ഒരു അത്താണി ലഭിക്കുന്നത് മഹാഭാഗ്യം തന്നെയണ്.
വരികള്‍ നന്നായിട്ടുണ്ട്. അക്ഷരപിശകെന്ന പിശാചിനെ അകറ്റുമല്ലൊ.

സു | Su said...

പാറൂ :) കഥ നന്നായിട്ടുണ്ട്.

ലിഡിയ said...

എല്ലാവരുടേയും ഉള്ളിലുറങ്ങി കിടന്നിരുന്ന ആ ആരോടും പറയാത്ത ഏകാന്തതയേ തൊടാനായതില്‍ സന്തോഷം..

നന്ദി വക്കാരി..

കൈത്തിരി ;-)കരഞ്ഞാല്‍ സൌന്ദര്യം കൂടും..

നന്ദി ഇത്തിരിവെട്ടമേ..

നന്ദി ഡാലി..ഇപ്പോള്‍ എവിടെയാണ്..വെടിനിര്‍ത്തല്‍ പ്രയോഗത്തിലായോ?

നന്ദി സഞ്ചാരീ...

നന്ദി സൂയേച്ച്യേയ്..

-പാര്‍വതി.

Unknown said...

പാര്‍വതി ചേച്ചീ,
നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥ. ഇഷ്ടപ്പെട്ടു.

Anonymous said...

ഞാനിച്ചിരെ കണ്‍ഫ്യൂഷന്‍ അടിച്ചു..ഈ ഞാന്‍ ഞാന്‍ എന്ന് വായിച്ചപ്പോള്‍ പാറുക്കുട്ടിയായിരിക്കുമെന്ന് കരുതി..അപ്പോ ദേ ഒരു മോഹന്‍.. :)

നൈസ്....

അപ്പൊ ഇനി എല്ലാ ദിവസവും ബ്ലോഗുമല്ലൊ...കമ്പ്യൂട്ടര്‍ ഒക്കെ കിട്ടീല്ലെ..

വളയം said...

മരീചിക തേടുന്ന പഥികന്റെ മുന്നില്‍ മരുപ്പച്ചയാകാന്‍ കൊതിച്ചിരുന്നു.... പക്ഷെ.....

-B- said...

കൊള്ളാം പാറൂ :)

ലിഡിയ said...

നന്ദി ദില്‍ബൂ...

എന്റെ ഇഞ്ചി പെണ്ണെ,കഥാകൃത്തിന് വര്‍ഗ്ഗം ഇല്ല..അല്ലേല്‍ വിവരമുള്ള ആരെങ്കിലും പറയട്ടെ,ഇനി ആണത്തമുള്ള കുറെ കഥകളെഴുതാം...തമാശ പറഞ്ഞതാ കെട്ടോ.. :-)

നന്ദി വളയം...

നന്ദി ബീക്കു..ബീക്കുവിന് വധഭീക്ഷണി കിട്ടുന്നതൊക്കെ കാണുന്നുണ്ട്..ആരുടെയെങ്കിലും കയ്യില്‍ പറ്റി പോവുമോ? :-)

-പാര്‍വതി.

K.V Manikantan said...

ഹാ..

അച്ചടക്കമുള്ള വാക്കുകള്‍.....

മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം ഒക്കെ പോലെയുള്ള വെട്ടി-മാടി ഒതുക്കിയ നല്ല കഥ.

റിയലി, നോട്ട്‌ ജോക്കിംഗ്‌

കീപ്പ്‌ ഇറ്റ്‌ അപ്പ്‌

ബിന്ദു said...

നല്ല കഥ.ചൂടുകാപ്പിയും പക്കാവടയും... പുറത്തു നല്ല മഴക്കാറുണ്ട്. മഴ പെയ്തിരുന്നെങ്കില്‍.. :)

(ഓഫടിക്കാന്‍ കൈ തരിക്കുന്നു പാറൂ...)

ലിഡിയ said...

ദേ ബിന്ദൂ,

ഇന്നലെ ദെല്‍ഹിയില്‍ നല്ല മഴയായിരുന്നു..ആകെ ഇരുണ്ട് മൂടി..മഴയത്തിറങ്ങി നനയാന്‍ വല്ലാത്ത കൊതി തോന്നി.എന്തു ചെയ്യാം “കോര്‍പറേറ്റ് കള്‍ച്ചര്‍”എന്തെങ്കിലും പ്രൊഡക്റ്റീവായിട്ടല്ലാതെ സംസാരിക്കുന്നത് "hey buddy..it's waste of time"എന്ന് അമേരിക്കന്‍ ആക്സന്റില്‍ തട്ടി ബുദ്ധിജീവി ചമയുന്നവര്‍..

പോട്ടെ..നമ്മുടെ ആഗ്രഹങ്ങളൊക്കെ കഥകളായി എത്തിനോക്കാന്‍ ഈ ഇടമുണ്ടല്ലോ..അതു മതി അല്ലേ..

ഇനി പോയൊരു ചായയും പക്കോടയും കഴിച്ചോ...

:-)

-പാര്‍വതി.