തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, August 21, 2006

കച്ചി കള്ളന്‍

“ആ‍രാടാ അവിടെ?“

അപ്പന്റെ അലര്‍ച്ച കേട്ട് പേര മരത്തില്‍ സ്വസ്ഥമായി പേരയ്ക്ക തിന്നിരുന്ന പക്ഷികള്‍ മറ്റൊരു യുദ്ധം കണേണ്ടി വരുമോ എന്ന ഭയം കൊണ്ട് ചിറകടിച്ച് പറന്ന് പോയി..

അപ്പന് കുറെ നാളായി സംശയം..ആരോ നമ്മുടെ കച്ചിത്തുറുവില്‍ നിന്ന് കച്ചി വലിക്കുന്നുണ്ട്.തുറുവിട്ടിട്ട് അധികം നാളായില്ല, എന്നിട്ടും ആതിനാകെപാടെ ഒരു ഉടച്ചില്‍, പ്രത്യേകിച്ചും മുകള്‍വശത്തായി..അമ്മയോട് സംശയം പറഞ്ഞപ്പോള്‍ “എന്തൊന്നാ മനുഷ്യാ..ഇനി കച്ചിവലിക്കാന്‍ ആരെങ്കിലും പാതിരാത്രിക്ക് വരുന്നുണ്ടോന്ന് കാവലിരിക്കാന്‍ എന്നെകൊണ്ട് മേല” എന്ന മറുപടി കേട്ടിട്ടും അപ്പന് ഉറപ്പായിരുന്നു..തീക്കട്ടയില്‍ ഏതോ ഉറുമ്പരിക്കുന്നുണ്ടെന്ന്.

അദ്ദേഹത്തിന്റെ സംശയം സത്യമായതിന്റെ സന്തോഷവും കൂടിയാണ്, അലര്‍ച്ചയുടെ വോള്യം കൂടിയത്..പാടത്ത് നിന്നും പതിവിലും നേരത്തെ വന്നപ്പോള്‍ പശുവിന് ഒരു കവിള്‍ കച്ചി ഈവിനിങ്ങ് സ്നാക്ക് കൊടുത്തേക്കാം എന്ന് കരുതി തുറുവിനടുത്തെത്തിയപ്പോള്‍ അതാ തുറുവിന് മുകളില്‍ രണ്ട് കാലുകള്‍..

അപ്പന്റെ അലര്‍ച്ച കേട്ട് അരണ്ടത് കിളികള്‍ മാത്രമല്ല, മുകളില്‍ നോവലില്‍ ലയിച്ചിരുന്ന ഞാനും കൂടിയാണ്..ഇനി ഒരു രക്ഷയുമില്ല എന്ന് കരുതി അടികൊള്ളാന്‍ റെഡിയായി ഞാന്‍ കച്ചിത്തുറുവില്‍ നിന്ന് ഊര്‍ന്നിറങ്ങി..

എന്റെ കയ്യിലെ പുസ്തകം കണ്ടതും അപ്പന് കാര്യം പിടികിട്ടി.ഞാനും അമ്മയും തമ്മിലുള്ള പിടിവലി പുള്ളി കാണാറുള്ളതാണല്ലോ.ഏതാ പുസ്തകം എന്ന് നോക്കി, സ്റ്റാന്‍ഡേര്‍ഡ് ഉള്ളത് തന്നെ എന്ന് കണ്ടപ്പോള്‍ പകുതി ആശ്വാസം..

നീയെങ്ങനെ അതിന് മുകളില്‍ കയറി?

ഞാന്‍ തുറുവിന് മുകളിലേയ്ക്ക് ചരിഞ്ഞ് നില്‍ക്കുന്ന പേരക്കൊമ്പ് ചൂണ്ടി കാട്ടി..

ഇതാണെന്റെ സ്ഥിരം ഒളിത്താവളം..സ്കൂള്‍ വിട്ട് വന്നാലും വന്നിലെങ്കിലും 7 മണിവരെ കളിക്കാനുള്ള സ്വാതന്ത്യം അമ്മ തന്നിട്ടുണ്ട്..കുഞ്ഞ് കുടുംബം ആയതിനാല്‍ അടുക്കള പണിക്ക് എന്നെ കൂട്ടിയിരുന്നില്ല, എന്നെ വിശ്വാസമില്ല എന്നതും ഒരു കാരണമാവും.എന്നാലും എനിക്ക് അസൈന്‍ ചെയ്ത കുറെ പണികളുണ്ടായിരുന്നു.രാവിലെ 6 മണിക്ക് മില്‍മയില്‍ പാലു കൊണ്ട് പോകല്‍ ഒക്കെ അതില്‍ പെടും. അത് കഴിഞ്ഞാല്‍ ഫ്രീ..അവധി ദിവസമാണെങ്കില്‍ ഞങ്ങള്‍ വീട്ടിലില്ലാതിരിക്കുന്നതാണ് അമ്മയ്ക്കിഷ്ടം,അത്രയും തലവേദന കുറയുമല്ലോ..ഞങ്ങളും ബിസിയാണേ..

എന്നാലും എന്റെ ഏറ്റവും വലിയ വിനോദം വായന തന്നെ..അമ്മയെ പേടിച്ച് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നാലഞ്ച് എണ്ണം എടുത്തു കൊണ്ട് വരും..അത് നല്ല പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കക്ച്ചിത്തുറുവിനടിയില്‍ വയ്ക്കും..എന്നിട്ട് അവധി ദിവസങ്ങളില്‍ ഉച്ച തിരിയുന്ന സമയത്ത്,സ്കൂള്‍ ദിവസങ്ങളില്‍ സ്കൂള്‍ വിട്ട് വന്ന് ഒരു ചായ നില്‍പ്പനടിച്ച് ഞാന്‍ പേരമരം വഴി തുറുവില്‍ കയറും.പിന്നെ ഒരു ശല്യവുമില്ലാത്ത പ്രണയസല്ലാപം ഞാനും ബുക്കും തമ്മില്‍..ഇരുട്ട് വീഴുന്നത് വരെ..

അപ്പന്‍ എന്നെയൊന്ന് ഇരുത്തി നോക്കി, പിന്നെ പുസ്തകം തിരിച്ച് തന്നു..ഒരു വാണിങ്ങും..തുറുവിലെങ്ങാനും വെള്ളമിറങ്ങിയാല്‍ പണ്ടാരമേ അന്ന് നിന്റെ വായന ഞാന്‍ നിര്‍ത്തും..

പിന്നെ കച്ചിയെടുത്ത് തിരിഞ്ഞപ്പോള്‍ ഒരു വാണിങ്ങ് കൂടി,“ആ പൊതിഞ്ഞ് വച്ചിരിക്കുന്ന് പുസ്തകം ഒക്കെ എടുത്ത് അകത്ത് വയ്ക്ക്..മഴയെങ്ങാനും പെയ്ത് നനഞ്ഞാല്‍ കാശ് എന്നൊട് ചോദിക്കും നിന്റെ ലൈബ്രറിക്കാര്‍..

രാത്രി അത്താഴം കഴിക്കുമ്പോള്‍ ഒരു ആത്മഗതവും..”എന്റെ മൂത്ത സന്തതി ഒരു ആണാവാഞ്ഞത് എന്റെ കുരുത്തം..

പെട്ടന്നുള്ള പ്രസ്താവനയില്‍ അമ്മ അന്തം വിട്ടിരുന്നു...ഞാന്‍ രണ്ടാമൂഴത്തിലെ ഭീമന്റെ കൂടെ കാട്ടില്‍ വെള്ളം തേടി പോയി..

-പാര്‍വതി.

20 comments:

അനംഗാരി said...

ആണാകാഞ്ഞിട്ടും വല്ല പ്രയോജനവും ഉണ്ടായോ പാരവതിയേ?..നന്നായി. ഒരു കച്ചിക്കഥ എന്റെ കയ്യിലും ഉണ്ട്. നാളെ പറയാം.

Girish said...

പുസ്തകം വായിക്കാന്‍ ഇതു വരെ ഞാന്‍ കച്ചിത്തുറുവില്‍ കേറീട്ടില്ല..എന്താ പാര്‍വതി...വേറെ ഒരു സ്ഥലവും കിട്ടീല്ലെ?തനിക്കു ചൊറിയില്ലെ?......ഞാനും കേറീട്ടുണ്ടു..കൊയ്ത്ത് കഴിഞ്ഞു ,കച്ചി തുറു കൂട്ടുന്ന ദിവസം..ഞാനും അനിയനും കേറും..അന്നാകുമ്പൊള്‍ അച്ഛനും വഴക്കു പറയില്ല..തുറു കൂട്ടുന്ന പഞ്ഞിമരത്തില്‍ പിടിച്ചു പൊങ്ങി ചാടാനും..ഒടുവില്‍ മുകളില്‍ നിന്നും(അച്ഛന്‍ കാണാതെ )താഴേക്ക് ഊഴ്ന്നിറങ്ങാനും കഴിയുന്ന ആ കുട്ടിക്കാലം...അതു മതിയായിരുന്നു..വളരേണ്ടിയിരുന്നില്ല.

ദിവാസ്വപ്നം said...

അത് നന്നായിട്ടുണ്ട് പാര്‍വത്യേച്ച്യേ...

പഴയ ഓര്‍മ്മകള്‍ ലളിതമായി പറഞ്ഞ് ഓര്‍മ്മകളെ വിളിച്ചുവരുത്തിയിരിക്കുന്നു...:)

റീനി said...

മാഷ്‌....ലോകത്തിലേക്കും വണ്ണമുള്ള മരം ഏത്‌?

കുട്ടി....പാറുന്റെ വീട്ടിലെ തെങ്ങ്‌, അതിന്റെ അടിഭാഗത്തിന്‌ പത്തടി വണ്ണമുണ്ട്‌.

(പേരമരത്തിന്‌ അടുത്തുള്ള തെങ്ങില്‍ തുറുവിട്ടിരുന്നു)

Kuttyedathi said...

പാറ്വതി, വായിക്കാന്‍ വേണ്ടി ചെറുതല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടല്ലോ. ഗിരി ചോദിച്ചതു പോലെ ചൊറിയില്ലേ ? എന്തായാലും അമ്മ കാണാതിരുന്നതു ഭാഗ്യം.:)

സൂര്യോദയം said...

നന്നായിരിക്കുന്നു.
രാത്രി മണ്ണെണ്ണ വിളക്കുമായി മുകളില്‍ കയറി വായിക്കാന്‍ ഇരിക്കാന്‍ തോന്നാഞ്ഞത്‌ നന്നായി. ഇപ്പൊ ഇതെഴുതാന്‍ ആള്‌ ബാക്കിയുണ്ടല്ലോ... :-)

ലിഡിയ said...

കുടിയന്‍സേ..ആണാകഞ്ഞിട്ട് ഒത്തിരി നഷ്ടബോധങ്ങളുണ്ട്..പ്രത്യേകിച്ചും യാത്രകള്‍ ഒത്തിരി ഇഷ്ടപെടുന്ന എനിക്ക്..
ഈ ജന്മം ഇനി പ്ലാനില്ല, അടുത്ത ജന്മത്തേയ്ക്ക് ഒരു രെക്കമന്റേഷന്‍ മേലാപ്പില്‍ ഇട്ട് നോക്കാം.

ചൊറിയാറുണ്ട് ഗിരി..പിന്നെന്താന്ന് വച്ചാല്‍ അധികം വെയില്‍ വീഴാത്ത അത്ന്റെ പുറത്ത് പേരയ്ക്കയും ചവച്ച് കാട്ടും കൊണ്ട് പുസ്തകം വായിച്ചു കിടക്കാന്‍ നല്ല രസമായിരുന്നു.

നന്ദി ദിവാ...

റീനി..തേങ്ങേലല്ല തുറുവിട്ടിരുന്നത്.അതിന് വേണ്ടീ കമ്പു നാട്ടി താഴെ തട്ടൊക്കെ ഇട്ട്,വൈക്കോല്‍ ചീത്തയാവാണ്ടിരിക്കാന്‍.

കുട്ട്യെടത്തി..അമ്മ കണ്ടാല്‍ ഒരു തല്ല് സെഷന്‍ കൂടി അത് വാങ്ങി ഭയങ്കര തഴമ്പാണ്..

നന്ദി സൂര്യോദയം


എന്ത് പറയാനാ പല്ലി...
എന്തെല്ലാമ്മെന്ന്തെല്ലാം ഓര്‍മ്മകളാണെന്നോ..
എന്തെല്ലാമെന്തെല്ലാം...

-പാര്‍വതി.

മുല്ലപ്പൂ said...

ലളിതമായ് എഴുത്തു കൊള്ളാം.

കരീം മാഷ്‌ said...

പ്രിയ പാര്‍വതിക്കു.
കഥ കച്ചിയുടെതാവുമ്പോള്‍ എനിക്കു നല്ലോണം പിടിക്കും ഒരു കര്‍ഷക പുത്രനാണെ...!.
പാര്‍വ്വതിക്കു എന്‍റെ ശ്രീമതിയുടെ ഒരു മെസ്സേജുണ്ട്‌ ഈമെയില്‍ കാണാത്തതിനാള്‍ അതിവിടെ ഇടുന്നു. ക്ഷമിക്കുക.
Send this message to Parvathy " when I receive him he was like a sulphur coated(failed love affair) Koolambi. In the Thattumpuram of cheerful life. I found it and Polished. With ten years I am trying to make it good to show others. So the Finger tips are mine he only signing. So parvathy Half credit put in my Bank a/c. His failed love affair story is in my editorial desk, I have to edit it cruelly because He mentioned me a Villain or villi?( I don't know ask Umesh)
With best wishes from our small family. Sabi.A.Kareem

ലിഡിയ said...

കരീം മാഷേ എന്റെ മനസ്സ് നിറഞ്ഞു..എന്റെ എല്ലാ ആശംസകളും സാബിയെ അറിയിക്കുക..ഈ മെയില്‍ പോസ്റ്റ് ചെയ്തതിനും ഒത്തിരി നന്ദി..നിങ്ങളുടേ ആ കുഞ്ഞ് കുടുംബത്തിലും ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ടാവട്ടെ..

-പാര്‍വതി.

വളയം said...

നന്നായി. കച്ചിത്തുറുവിന്റെ മോളിലിരുന്ന് ആരും കാണാതെ, എല്ലാം കാണുന്ന വിദ്യ.

ലിഡിയ said...

കമന്റിയ എല്ലാവര്‍ക്കും എല്ലാവര്‍ക്കും നന്ദി..

ഓര്‍മ്മകളുണ്ടിത്തരമൊരുപാട്..
ചിലത് മധുരിക്കുന്നവ,ചവര്‍പ്പും,
വെറുപ്പും നിറഞ്ഞ പലതും,
കണ്ണീരില്‍ കുതിര്‍ന്നവയുമുണ്ടാവും..

കാലം ഇന്നെന്നോട് കണക്ക് ചോദിക്കുന്നു..
ഒളിക്കാനില്ലയെനിക്കൊരൊളിത്താവളം.
ഓടിത്തളര്‍ന്നിന്നു ഞാനീ പൊള്ളുന്ന മണലില്‍-
കുഴഞ്ഞുവീഴുന്നെന്റെ പ്രാണനില്‍ തീ പടരുന്നു.

-പാ‍ര്‍വതി.

Promod P P said...

പാര്‍വതി..
അതീവ ഹൃദ്യം..ശെരിക്കും മനസ്സില്‍ തട്ടി..

വീണ്ടും എഴുതുക.
ആശംസകള്‍

അരവിന്ദ് :: aravind said...

അത് ശരി..നൊസ്റ്റാള്‍‌ജിയക്കാര്‍ വേറേം ണ്ട് അല്ലേ?
ഞാനിത് ഇപ്ലാ കാണണേ..ക്ഷമിക്കൂ.

വളരെ നന്നായി എഴുതി..ഹൃദ്യം..സുന്ദരം..

വായിക്കാന്‍ എന്റെ ഫേവറിറ്റ് സ്ഥലം അപ്പഴും ഇപ്പോഴും എന്റെ ടോയ്‌ലെറ്റാണ്. സത്യം. ആ മുറിയില്‍ ഇപ്പോഴും ദാ പുസ്തകങ്ങള്‍ ഞാന്‍ നിരത്തി വച്ചിട്ടുണ്ട്..:-)

ഓര്‍മക്കുറിപ്പ് വളരെ നന്നായി.:-)

myexperimentsandme said...

ഇന്നേതായാലും അരവിന്ദന്റെ പിന്‍‌ഗാമി. നന്നായിരിക്കുന്നു പാര്‍വ്വതി. നല്ലൊരു ഓര്‍മ്മക്കുറിപ്പ്. വായിക്കാനൊന്നും നിയന്ത്രണം വീട്ടില്‍ ഇല്ലായിരുന്നതുകാരണം കച്ചിത്തുറുവിലൊന്നും കയറേണ്ടി വന്നിട്ടില്ല. പിന്നെ ധൈര്യമായിട്ട് കയറിയ ഏക മരം പേരയായിരുന്നു. ഒരു മാവിന്റെയോ മറ്റോ മുകളില്‍ വലിഞ്ഞ് കയറിയിട്ട് അവസാനം പത്തിരുപത് പേര്‍ വേണ്ടിവന്നു, തിരിച്ചിറക്കാന്‍ :)

ലിഡിയ said...

നന്ദി തഥാഗതന്‍,
ഏകാന്തതയുടെ തുരുത്തില്‍ എഴുത്ത് ഒരു ആശ്വാസമാവുകയാണ്.ബോഗ്ഗും അതിന്റെ കമ്ന്റുകളും ജീവിത്തിന്റെ അര്‍ത്ഥവും...

നന്ദി അരവിന്ദന്‍..

ഇപ്പോ എന്റെ ബുക്ക് ഷെല്‍ഫ് എന്റെ കട്ടില്‍ തന്നെയാണ്..ഒരു വശത്ത് അവരിങ്ങനെ ഉറക്കത്തിലും എനിക്ക് കൂട്ടിരിക്കും.

നന്ദി വക്കാരിമഷ്ടാ..

തെങ്ങില്‍ വരെ കയറാന്‍ ശ്രമിച്ചു..പക്ഷേ കുടുങ്ങി പോയത് അമ്മ വീട്ടില്‍ ഒരു പേരയ്ക്കാമാവുണ്ട്(മാങ്ങ പുളിയുണ്ടാവില്ല,പച്ച തിന്നാനാണ് നല്ലത്..ശരിക്കുള്ള പേര്‍ അതാണോന്ന് അറിയില്ല)അതിലാണ്..മുകളിലോട്ടും നോക്കി വലിഞ്ഞ് കയറിയപ്പോള്‍ താഴോട്ടുള്ള ദൂരം കണ്ടില്ല,മുകളില്‍ ചെന്നപ്പോള്‍ വലിയൊരു നീറിന്‍ കൂടും..പിന്നെ ആദ്യത്തെ ജയന്റ് വീല്‍ എഫക്റ്റ് അതായി..താഴെയെത്തിയപ്പോള്‍ വല്യപ്പന്‍ ചൂടോടെ 2 പെട തന്നിട്ടും അവിടം കൊണ്ടൊന്നും തീര്‍ന്നില്ല ബാല്യം..

അത് നന്നായീന്ന് ഇപ്പോ തോന്നുന്നു...ഓര്‍മ്മകളെങ്കിലും ഉണ്ടല്ലോ ബാക്കി.

-പാര്‍വതി.

ദേവന്‍ said...

പാര്‍വതീടെ ബ്ലോഗ്ഗ്‌ ഇപ്പോഴാ വായിക്കാനെടുത്തത്‌.

എന്റെ വായന പറങ്കിമാവിന്റെ മുകളിലായിരുന്നു .ഒരു ദിവസം വായിച്ചിരിക്കവേ (ചിരി അല്ല ഇരി) ഒരു പാമ്പ്‌ ചില്ലവഴി വന്നു ഞാന്‍ ഒറ്റച്ചാട്ടം. നാലുകാലില്‍ ലാന്‍ഡ്‌ ചെയ്ത്‌ ചില സന്ധികള്‍ ലോപസന്ധിയായതിനെത്തുടര്‍ന്ന് അമ്മാവന്‍സ്‌ ഒരു തിരുമ്മല്‍ വാരാഘോഷം നടത്തിയാണ്‌ എന്നെ വര്‍ക്കിംഗ്‌ കണ്ടീഷന്‍ എത്തിച്ചത്‌..

പാര്‍വ്വതി പറഞ്ഞതുപോലെ അതൊക്കെ ഓര്‍ക്കാനും പറയാനും കേള്‍ക്കാനും സുഖം.. അന്ന് അങ്ങനെയൊക്കെ നടന്നത്‌ നന്നായി.

അതുല്യ said...

പാര്‍വതീ ഞാനും വരാന്‍ വൈകി. ഓര്‍മകള്‍ നന്നായിരിയ്കുന്നു. വിശപ്പോ വലുത്‌ വായനയോ വലുത്‌ എന്ന തര്‍ക്കത്തിലായിരുന്നു എന്റെ ചെറുപ്പം. സോ നാച്ച്വറലീ എനിക്ക്‌ ഓര്‍മകള്‍ കുറവ്‌. കോച്ചുട്ട്യാതി വാസുവിന്റെ കടയിലെ പലചരക്ക്‌ പൊതിഞ്ഞ കടലാസ്‌ തുണ്ടിലെ സിനിമാ പരസ്യങ്ങള്‍ എന്നെ കൊതിപ്പിച്ചിരുന്നു. ഇഷ്ടമാണു പക്ഷെ... അവള്‍ വിശ്വസ്തയായിരുന്നു.... പിന്നെ അതിലെ ഒരു നാലു വരി കഥാ തന്തു... അവളിലെ ഹൃദയം തേങ്ങി.. നിങ്ങള്‍ക്കും അതില്‍ കൂട്ടാളികളാവണ്ടേ ?

ഇപ്പോ ഞാനേത്‌ തുറുവില്‍ കേറും വായിക്കാന്‍ എന്ന അങ്കലാപ്പിലാണു പാര്‍വ്വതി. കൈയ്യത്തും ദൂരത്ത്‌ ഒക്കെയുണ്ട്‌. പക്ഷെ കൈയ്യില്ല.

രാജ് said...

വായനയ്ക്ക് തടസ്സം പറയുവാന്‍ ആരുമുണ്ടായിരുന്നില്ല, പക്ഷെ ‘നയനമനോഹരമായ’ അന്തരീക്ഷത്തില്‍ ചെന്നു വായിച്ചു മരിക്കട്ടെ എന്നു കരുതി പാടത്തിന്റേയും കുളത്തിന്റേയും കരയിലിരുന്നു വായിച്ചപ്പോഴൊക്കെ വഴിയാത്രക്കാര്‍ എന്നെ ‘വട്ടനാണോ?’ എന്നൊരു ചോദ്യത്തോടെയാണു നോക്കിയിരുന്നത്. വായന പിന്നെ അഴിയിട്ടു മറച്ചിരിക്കുന്ന മുകള്‍നിലയിലെ ‘ബ്രാന്ത’യിലേയ്ക്കു മാറ്റി, ഒറ്റയ്ക്കിരുന്നു വായിക്കുന്നതിന്റെ സുഖം...

ലിഡിയ said...

വ്നന്ദി അതുല്യചേച്ചി..ഒരു പുസ്തകം സ്വന്തമായി കിട്ടുന്ന ദിവസം,പിറന്നാളുടുപ്പ് കിട്ടുന്നതിലും സന്തോഷമായിരുന്നു മനസ്സില്‍,രണ്ടും അഗ്രഹിച്ചിരുന്ന പ്രായത്തില്‍ കിട്ടിയിരുന്നില്ല.

ഇന്ന് കുന്നോളം പുസ്തകങ്ങള്‍ വാങ്ങാമെന്നിരിക്കെ മനസ്സിലും വിരക്തി മാത്രം,എല്ലാറ്റിനോടും.

ഒത്തിരി ചൂടുള്ള നെഞ്ചില്‍ നിന്ന് മാത്രമല്ലേ ഇത്തിരിയെങ്കിലും ചൂടുള്ള വാക്കുകള്‍ വരൂ?എല്ലാവരും ഈ ഇടവഴിയമ്പലത്തില്‍ വന്ന് കാണുന്നതില്‍ ഒത്തിരി സന്തോഷം.

-പാര്‍വതി.