തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Saturday, August 19, 2006

വായനാശീലം

കുലുങ്ങി കുലുങ്ങി നീങ്ങുന്ന കുതിരവണ്ടി..യാത്രക്കാരെല്ലാം നിശബ്ദരാണ്..പുകമറഞ്ഞ ചില്ലിനപ്പുറത്തൊന്നും കാണാനാവുന്നില്ല,പുറത്ത് ശീതകാറ്റ് വീശിയടിക്കുന്നു…എതിര്‍വശത്തിരുന്ന് പകുതി മുഖം മറച്ച വൃദ്ധ കൊന്ത ചോല്ലുന്നു..കുതിര കുളമ്പടികളുടെ അപസ്വരം മാത്രം..അതിന്റെ താളത്തില്‍ നിന്നും പോകുന്ന വഴി മോശമാണെന്ന് മനസ്സിലാവും...

പെട്ടന്ന്..

ദൂരെ..ഒരു കൂട്ടം ചെന്നായ്ക്കളുടെ ഓരിയിടല്‍, വൃദ്ധയുടെ കൊന്തയുരുട്ടലിന്റെ വേഗം കൂടി.മറ്റ് യാത്രക്കാ‍രും അരണ്ടത് പോലെ..

കുതിരകുളമ്പടികള്‍ നിലച്ചു.വണ്ടി എവിടെയോ നിന്നിരിക്കുന്നു. പുറത്ത് ഒരു നുറുങ്ങ് വെട്ടം കാണാം..അയാളൊഴികെ എല്ലാവരും അവിടെയിറങ്ങി..വൃദ്ധ വിറയ്ക്കുന്ന കയ്യുകളോടെ ആ കൊന്ത അയാളുടെ കൈവെള്ളയില്‍ വച്ചമര്‍ത്തി..എല്ലാവരും അയാള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് പോലെ..

വണ്ടി ചലിച്ച് തുടങ്ങി, കുളമ്പടികള്‍ കൂടുതല്‍ താളം തെറ്റിയവയായി..ഇപ്പോള്‍ ഓരിയിടല്‍ കൂടുതല്‍ വ്യക്തമായി കേല്‍ക്കാം,പുറത്തേ തണുപ്പ് അകത്തേയ്ക്കും അരിച്ച് കയറുന്നത് പോലെ..കുതിരകാരന്റെ കറുത്ത അവ്യക്ത രൂപം ചില്ലിനുപുറത്തൂടെ മുന്‍പില്‍ കാണാം.

ആ...............മ്മേ....................

---------------------------------------------------------------
പതുങ്ങിയെത്തിയ അനിയന്‍ പുതപ്പെടുത്ത് തല വഴി ഇട്ടതാണ്..

------------------------------------------------------------
അമ്മേ.......പ്ലീസ്...പ്ലീസ് അത് തീയിലിടരുത്....ലൈബ്രറി പുസ്തകമാണ്....ഡ്രാകുളയാണ്...പ്ലീസ്...പ്ലീസ് ഇനി ഒളിച്ചിരുന്ന് വായിക്കില്ല...നല്ല അമ്മയല്ലെ...പ്ലീ‍സ്..ഇനി രാത്രിയില്‍ വായിക്കില്ല...

-പാര്‍വതി..

15 comments:

Anonymous said...

ഹിഹിഹി.എന്റെ പാറുക്കുട്ടിയെ, അങ്ങിനെ എന്റെ എത്ര പുസ്തകങ്ങള്‍ അമ്മ ദേഷ്യം വന്ന് കീറിയിരിക്കുണു...അനിയത്തിയായിരുന്നു ഒറ്റു കൊടുക്കലുകാരി!

റീനി said...

പാറുക്കുട്ടിയെ, മേരിചേച്ചി പറഞ്ഞതു കേട്ടോണ്ട്‌ ഓരോന്നു ചെയ്തിട്ടല്ലെ അമ്മേടെ വഴക്കു കേക്കണേ? ഇനീപ്പം അമ്മ ഉറങ്ങിക്കഴിഞ്ഞു ടോര്‍ച്ചു ലൈറ്റും കത്തിച്ചു വെച്ച്‌ വായിക്ക്‌.

ബിന്ദു said...

ഈ ഡ്രാക്കുള വായിച്ചിട്ട് തനിയെ അപ്പുറത്തെ മുറിയിലേയ്ക്കു പോവാന്‍ എന്തുമാത്രം പേടിച്ചിരിക്കുന്നു. :) ഇവിടെ സിനിമ കിട്ടും. എടുത്തുകാണാന്‍ ധൈര്യമില്ല.

Anonymous said...

ഒത്തിരി പേടി വരുമ്പൊള്‍ ഞാന്‍ എന്റെ മുഖം കണ്ണാടിയില്‍ നോക്കും.അഹ്! ഇതില്‍ കൂടുതല്‍ എന്ത് പേടിക്കാനിരിക്കുന്നു എന്ന് വിചാരിച്ച് ധൈര്യം സംഭരിക്കും :)

Adithyan said...

ഒരു പെണ്‍കുട്ടിക്ക് സ്വന്തം മുറിയിലിരുന്ന് ഡ്രാക്കുള വായിക്കാനുള്ള സ്വാതന്ത്ര്യം കൂടിയല്ലേ അന്ന് ഗാന്ധിജി ആ 1947 ഓഗസ്റ്റ് 15-ആം തിയത് നട്ടപ്പാതിരാക്ക് നമ്മക്ക് മേടിച്ചു തന്നത് എന്നു ഞാന്‍ ഉറക്കെച്ചോദിച്ചു പോകുകയാണ് ;)

ഈ ഇഞ്ചിച്ചേച്ചീടെ ചെല നേരത്തെ തമാശ കേട്ടാ ചിരിച്ചു പോകും.. ഹോ... :D

ഉമേഷ്::Umesh said...

ഇതു നല്ല കൂത്തു്! സത്യം പറഞ്ഞാല്‍ ആദിത്യനു തമാശയായാ തോന്നുക?

ചങ്കെടുത്തു കാട്ടിയാലും ചെമ്പരത്തിപ്പൂ. അല്ലേ ഇഞ്ചീ?

പാര്‍വ്വതിയേ, കൊള്ളാം!

ബിന്ദു said...

അത് ആദി പറഞ്ഞത് പോയിന്റ്. എന്നെ ഏതായാലും ബുക്കു വായിക്കുന്നതിനാരും വഴക്കു പറയാറില്ലായിരുന്നു. :)ഞാന്‍ എന്റെ മുഖം കണ്ടു വീണ്ടും പേടിച്ചു പനി പിടിച്ചു.

ബിന്ദു said...

ഇന്നു ഉമേഷ്ജിയെ കണ്ടില്ലല്ലൊ എന്നിപ്പോള്‍ ആദിയോടു പറഞ്ഞതേയുള്ളൂ.. :)

സു | Su said...

ഒരു ജോലിയും ഇല്ലാതെ വെറുതെ ഇരിക്കുന്ന അപൂര്‍വം ദിവസങ്ങളിലൊന്ന്. എന്നാല്‍ എന്തെങ്കിലും വായിച്ചുകളയാമെന്ന് വിചാരിച്ച് കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുപ്പുറപ്പിച്ചു. പുതിയ പോസ്റ്റ് ഒന്നും ഇല്ല വായിക്കാന്‍. എന്തെങ്കിലുമൊക്കെ കിടക്കട്ടേന്ന് വിചാരിച്ച് അവിടുന്നും ഇവിടുന്നും ഒക്കെ വായിച്ചു. ദേവനും സിബുവും ഒക്കെ വെച്ചതില്‍ പോയി വായിച്ചു. ചിലതൊക്കെ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ച്ഛെ! മനുഷ്യര്‍ക്ക് ഇങ്ങനെയൊക്കെ എഴുതാന്‍ തോന്നുമോ? കീചകന്‍ പറഞ്ഞതുപോലെ മലയാളസാഹിത്യത്തിന് വല്യ വിപത്ത്. ഞെട്ടി ഞെട്ടി വായിക്കുമ്പോഴേക്ക് ചേട്ടന്‍ വന്നു. “എന്താ നീ അസ്വസ്ഥയായിട്ട് വായിക്കുന്നത്?”

“ഇതൊക്കെ കണ്ടോ, ഓരോന്നെഴുതിവെച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ മനുഷ്യര്‍ എഴുതുമോ? എഴുതാന്‍ അറിയില്ലെങ്കില്‍ രാമായണം വായിച്ചാല്‍പ്പോരേ? അഹങ്കാരവും ഓവര്‍സ്മാര്‍ട്നസ്സും നിഷ്പ്രഭമാക്കാം എന്ന് കീചകന്‍ പറഞ്ഞിട്ടില്ലേ? ഇതൊക്കെ ഉണ്ടാവില്ലേ ഈ എഴുതിയ ആള്‍ക്ക്? ഒക്കെ അറിഞ്ഞിട്ടാവുമല്ലോ വിമര്‍ശിക്കുന്നത്. ശരിയാ, ഇതൊക്കെ അഹങ്കാരം തന്നെ.”

ചേട്ടന്‍ ഒന്നുകൂടെ നോക്കി” സു നീ തന്നെ ഞെട്ടിയത് നന്നായി. ഒന്നുകൂടെ നോക്ക്. ഇതൊക്കെ നീ തന്നെ പണ്ട് എഴുതിയ പോസ്റ്റുകളാ.”

ഞാന്‍ ഒന്നുകൂടെ ഞെട്ടി. എന്നിട്ട് കമ്പ്യൂട്ടര്‍ ഉപേക്ഷിച്ച് രാമായണം കൈയിലെടുത്തു. അഹങ്കാരവും ധാര്‍ഷ്ട്യവും ഓവര്‍സ്മാര്‍ട്നെസ്സും നശിപ്പിക്കണമല്ലോ.


പാറൂ :) ഞാന്‍ ഞെട്ടിയ കഥയും ഇവിടെ ഇരുന്നോട്ടെ എന്ന് വെച്ചിട്ടാ.

Raghavan P K said...

വൃദ്ധ കൊന്ത ചോല്ലുന്നു...ഇതിന്റെ അര്‍ഥം മനസിലായില്ല.ആരെങ്കിലു ഒന്നു വിവരിക്കുമോ?

ലിഡിയ said...

രാഘവന്‍ മാഷേ, ഈ കൊന്തയെന്താന്ന് വച്ചാല്‍, കണ്ടിട്ടില്ലെ പ്രായമായ കത്തോലിക്ക കൃസ്ത്യാനികളുടെ കഴുത്തില്‍ ഇട്ടിരിക്കുന്നത്..പ്രാര്‍ത്ഥനാ വസ്തുവാണ്.(അറ്റത്തൊരു കുരിശും ഇടവിട്ടിടവിട്ട് 10 മണികളുമായി) ഇന്നത്തെ കുട്ടികള്‍ അത് ഫാഷനും ധരിക്കുന്നുണ്ട്.നമ്മുടെ നാട്ടില്‍(മറുനാട്ടില്‍ കൃസ്ത്യാനിയെന്ന് പറയാന്‍ അല്പം സൂക്ഷിക്കണം).

-പാര്‍വതി

വളയം said...

പുസ്തകം വായിക്കുകയാണെങ്കില്‍, പറമ്പില്‍ തേങ്ങ പെറുക്കാന്‍ സഹായിക്കണ്ട, കടയിലേക്കോടണ്ട, അങ്ങേപറമ്പില്‍ പശു കേറീട്ടുണ്ടോന്ന് നോക്കാന്‍ പോണ്ട, ഓ,ശല്യം ന്ന് മനസ്സില്‍ തോന്നുന്ന പണികള്‍ക്കൊന്നും കല്‍പ്പനകള്‍ വരില്ല....അതൊരു സൌകര്യമായിരുന്നു.

അരക്കൊല്ല പരീക്ഷയുടെ തലേന്നാളുവരെ അയ്യേനത്തിന്റെ “കൊടുങ്കാറ്റും കൊച്ചുവള്ളവും” എന്ന തടിച്ച പുസ്തകം വായിച്ചതിനിപ്പൊഴും കുറ്റബോധമൊന്നും തോന്നുന്നില്ല.

ഇത്രയൊക്കെ വായിച്ചിട്ടൂം ഈ ചെക്കനെന്താ മാര്‍ക്ക് കിട്ടത്തതെന്ന ചോദ്യത്തിലും കുറ്റപ്പെടുത്തലില്ലായിരുന്നു...(കാലം ചിരിക്കുന്നു. ഒപ്പം ഞാനും)

Rasheed Chalil said...

പാര്‍വ്വതീ കൊള്ളാം..

ഡ്രാക്കുള ഞാന്‍ വായിച്ചു. പലരും പറഞ്ഞ് പേടിപ്പിച്ചതിനു ശേഷം.എങ്കിലും എനിക്ക് ഒരു അത് കൊണ്ട് ഒരു ഭയപ്പാടും ഉണ്ടായിട്ടില്ല.

ജന്മനാ ഇത്തിരി പേടി കൂടുതലുള്ളത് കൊണ്ടാവും.

ലിഡിയ said...

കമന്റിയ എല്ലാ‍വര്‍ക്കും നന്ദി..ഹും..അങ്ങനെ ഒളിച്ചും പതുങ്ങിയും വായിക്കേണ്ടി വരാത്തവര്‍ ഭാഗ്യവാന്മാരും വതികളും...എന്റെ x ക്രോമസോം വഴി കിട്ടിയതാണ് ഈ വായന, Y ക്രോമസോം ഉറങ്ങാന്‍ വേണ്ടി പേപ്പര്‍ വായിക്കുന്ന സ്വഭാവവും..അനിയന് കിട്ടിയത് ആ ഗുണം, അത് കൊണ്ടാണ്‍ ഈ ഒറ്റ്.

അപ്പനെനിക്ക് തന്ന ഏറ്റവു വലിയ സമ്മാനം, കൈരളി ലൈബ്രറിയില്‍ പുള്ളിയുടെ പേരിലെടുത്ത ലൈഫ് ടൈം മെംബര്‍ഷിപ്പാണ്.എന്റെ വായനാ-വിശപ്പടക്കാന്‍ നടത്തിയ സാഹസങ്ങളൊക്കെ ഒരു പോസ്റ്റിനുള്ള വകയാണ്...

-പാര്‍വതി..

രാജാവു് said...

ഓര്‍മകള്‍ക്കു ചുറ്റും കല്‍തുറുങുകള്‍ കെട്ടിയ കാലമെന്ന മഹാമാന്ത്രികന്‍.
രാജാവു്‍