തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, August 09, 2006

കറുപ്പിലെ വെളുപ്പ്

“കടന്ന് വരൂ,കടന്ന് വരൂ…ഇതാ നിങ്ങള്‍ക്കായി അമൂല്യ ഔഷധങ്ങളുടെ ശേഖരം.....മടിച്ച് നില്‍ക്കാതെ അറച്ച് നില്‍ക്കാതെ കടന്ന് വരൂ.. വര്‍ഷങ്ങളായി നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് ഇതാ ഒരു അന്ത്യം..”

“എന്റെ സുഹൃത്തുക്കളെ, ഞാന്‍ ചോദിക്കുക്കയാണ്.നിങ്ങളിലെത്ര പേര്‍ക്ക് സുഖമായി ഉറങ്ങാനാവുന്നുണ്ട്? ഉറക്കമില്ലായ്മ മൂലം പിടിപെടുന്ന രോഗങ്ങലെത്ര?...വരൂ..വരൂ..നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരുത്തരം..

കഷണ്ടി കയറാത്ത തല ആഗ്രഹിക്കാത്തവരാരാണ്..?.സുഹൃത്തുക്കളെ, താരനും പേനും ഇല്ലാത്ത കുട്ടികളുടെ തലമുടി, തഴച്ച് വളര്‍ന്ന കാര്‍കൂന്തല്‍ കണ്ടാല്‍ കൊതിക്കാത്ത സ്ത്രീകള്‍ ഉണ്ടോ...ഇതാ നിങ്ങള്‍ക്കോരു സുവര്‍ണ്ണാവസരം...കള്ളവും കലര്‍പ്പുമില്ലാത്ത ഔഷധി..ഒരു മാസം ഉപയോഗിച്ചു നോക്കൂ, ഫലം കണ്ടില്ലെങ്കില്‍ പൈസ തിരികെ തരും..കടന്ന് വരൂ, കടന്ന് വരൂ...

ഒരു മായിക വലയത്തില്‍ പെട്ടപോലെ ഞാനവിടെ നിന്നിട്ട് സമയം കുറെയായിരിന്നിരിക്കണം.അയാളുടെ വാഗ്ധോരണിയിലും കൈ മെയ്യ് മറന്നുള്ള പ്രകടനത്തിലും എന്നെ ആകര്‍ഷിച്ച് നിര്‍ത്തിയത് ആ ചെറിയ കുപ്പിയായിരുന്നു..ആ അത്ഭുത മരുന്ന്..അതു പോലെയൊന്ന് എന്റെ സ്വപ്നത്തില്‍ മാത്രമെ കണ്ടിരുന്നുള്ളു.

ചെവിക്ക് താഴേയ്ക്ക് വളരാത്ത എന്റെ മുടിയായിരുന്നു,എന്റെ ഏറ്റവും വലിയ ദുഃഖം. സ്പ്രിംഗിന് പകരം ഉപയോഗിക്കാന്‍ പറ്റിയ സാധനം.ശ്രമിക്കാത്ത ഉപായങ്ങളുണ്ടോ അതൊന്ന് നീട്ടികിട്ടാന്‍..ഒരിക്കല്‍ അഭ്യുദയകാംഷികളാരോ പറഞ്ഞ് തന്നു (അമ്മ തന്നെയാണെന്നാണ് ഓര്‍മ്മ) കല്ല് കെട്ടിത്തൂക്കിയാല്‍ ചിലപ്പോള്‍ നീ‍ളുമെന്ന്..അപ്പന്‍ പാവയ്ക്കക്കും പടവലങ്ങയ്ക്കക്കും ഭാരമിടുന്നത് കണ്ടപ്പോള്‍ സത്യമാണല്ലോന്ന് തോന്നി അതുമൊന്ന് പരീക്ഷിച്ചു..കുറച്ച് മെറ്റല്‍ വാരി കൊണ്ട് വന്ന് ഒരു തുണിയില്‍ കെട്ടി, തലമുടീ നനച്ച് ചീകി പിന്നെ കെട്ടിത്തൂക്കി. കട്ടിലിന്റെ പടിയില്‍ തലയും കൊടുത്ത് ഒരു രാത്രി (2 ദിവസം തല അനക്കാനായില്ല എന്നത് തുടര്‍ക്കഥ).

സര്‍ക്കാര്‍ സ്കൂള്‍ പഠനക്കാലയളവിലെ ഉച്ചഭക്ഷണ ഇടവേളകളൊന്നായിരുന്നു അത്.അങ്ങനെ കണ്ട മൈല്‍കുറ്റിയോടും അതില്‍ കെട്ടിയിട്ടുള്ള കയറിനറ്റത്തെ പൈക്കളോടുമൊക്കെ കുശലം പറഞ്ഞിങ്ങെത്തുമ്പോഴേയ്ക്കും ഒരു സമയമാവും, അതിനിടയിലാണ് ഇന്നീ സ്വപ്നവില്പന...മുട്ടോളം നീണ്ട് കിടക്കുന്ന മുടിയുമായി ഒരു സുരസുന്ദരിയായ എന്നെ ഞാന്‍ സങ്കല്‍പ്പിച്ച് തന്നെ കഴിഞ്ഞിരുന്നു ഈ സമയം കൊണ്ട്..ഇനിയിതിന്റെ വിലയറിഞ്ഞാല്‍ മതി..പെരുന്നാളിന് ഉഴുന്നാടയും പിരിയന്‍ വളയും വാങ്ങാന്‍ വച്ചിരിക്കുന്ന ഇത്തിരി പൈസയുണ്ട്.പിന്നെ പാല്‍ മില്‍മയിലെത്തിക്കുന്നതിന് അമ്മയോട് കണക്ക് പറഞ്ഞ് വാങ്ങുന്ന പണവും..മതിയാവും.

അങ്ങനെ മിഠായി ഭരണിയില്‍ നോക്കി കൊതിയൂറി നില്‍ക്കുന്ന കുഞ്ഞിപിള്ളേരെ പോലെ വായും പൊളിച്ച് നില്‍ക്കുന്ന എന്നെ അയാളും കുറെ നേരമായി ശ്രദ്ധിക്കുന്നുവെന്ന് കണ്ടപ്പോഴാണ് അടിവച്ചടിവച്ച് ഞാന്‍ മുന്നോട്ട് നീങ്ങിയത്...

“എന്താ വേണ്ടെ?”
“ആ തലമുടി വളരാനുള്ള......മരുന്ന്.....”
“പൈസയുണ്ടോ?”
“ഇത്രേമുണ്ട്”

“കൊച്ചൊരു കാര്യം ചെയ്യ്..വീട്ടില്‍ ചെന്നിട്ട് നല്ല വെളിച്ചെണ്ണയില്‍ തുളസിയും അല്പം പനിക്കൂര്‍ക്കിലയും മയിലാഞ്ചി ഇലയും ഇട്ട് ഒരു കുപ്പിക്കകത്ത് ഒരാഴ്ച തുറക്കാതെ അടച്ച് വയ്ക്ക്. പിന്നെ അത് തലയില്‍ തേച്ച് നോക്ക്, മുടി നീണ്ടില്ലെങ്കിലും നന്നാവും”

എനിക്ക് സങ്കടം വന്നു. എന്റെ എല്ലാ വിഷമങ്ങളും തീര്‍ക്കുന്ന ഈ ഔഷധം ഈ കുപ്പിയില്‍ വച്ചിട്ടാണ് ഇയാള്‍ എന്നെ പറഞ്ഞ് വിടുന്നത്..ഇനിയും പൈസ എടുത്തിട്ട് വരാമെന്നോക്കെ പറഞ്ഞ് നോക്കി..

നിരാശയായി തിരിഞ്ഞ എന്റെ നിഷ്കളങ്കതയോട്(?) അയാള്‍ പറഞ്ഞു..”ഞാനീ പറഞ്ഞത് മാത്രമാണ് കച്ചവടമല്ലാത്തത്”

ആ വഴിയില്‍ ഒത്തിരി നീണ്ടില്ലെങ്കിലും അല്പം വര്‍ക്കത്തായി എന്റെ മുടിക്ക്,

എല്ലാ‍ കറുപ്പും ഇരുളല്ലെന്ന് തിരിച്ചറിഞ്ഞ ഒരനുഭവം.

ഇതിലെ ഒരോ വരിയും സത്യം, സത്യം മാത്രം..


-പാര്‍വതി.

24 comments:

ലിഡിയ said...

എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം...

ഇതാ ഒരു ചായയും ചെറുകടിയും,വന്നിരുന്ന് വാ‍യിച്ച് അഭിപ്രായമറിയിച്ച് (നല്ലതും ചീത്തയും),പിന്നെയല്പം സോറ പറഞ്ഞ്,നേരം കളയാന്‍ എല്ലാ സഹൃദയരേയും ക്ഷണിച്ചു കൊള്ളുന്നു.

എന്റെ കുടുംബ വൃക്ഷത്തിലെലെവിടെയും സാഹിത്യകാരന്മാരില്ല..ചങ്ങലില്‍ നിന്ന് മുക്തയാണ് ഞാന്‍.

സഭ്യവും സമാധാനപരവുമായുള്ള എന്തും ഇവിടെ ചര്‍ച്ച ചെയ്യാം, ചായയുടെ ചൂടാറുന്നത് വരെ...

-പാര്‍വതി.

കരീം മാഷ്‌ said...

"ഓണം വന്നോണം വന്നോണം വന്നേ!".
ദൂരെ നിന്നും പൂവിളിയുടേയും തിരുവാതിരക്കളിയുടേയും നേര്‍ത്ത ഈണം കാതില്‍ വന്നെന്തോ ചൊല്ലിയോ, അതോ വെറും തോന്നലോ?.

ഉമേഷ്::Umesh said...

കൊള്ളാം. നന്നായി പറഞ്ഞിരിക്കുന്നു.

Adithyan said...

ഈ തലമുടി പോര/ ഉള്ളതിനു കറുപ്പ് പോര/ കറുപ്പുള്ളതിനു ഉള്ളു പോര/ ഉള്ളുള്ളതിന് നീളം പോര/ നീളം ഉള്ളത് ചുരുണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞ് തലമുടിയോടു ബന്ധപ്പെട്ട എന്തേലും ഒക്കെ ഒരു വലിയ ജീവിത ഭാരം താങ്ങി നടക്കാത്ത ലേഡീസിനെ വളരെ കുറവേ കണ്ടിട്ടുള്ളൂ. :)

നന്നായി എഴുതിയിരിക്കുന്നു....

ഉമേഷ്::Umesh said...

എന്തായാലും ലേഡീസിനെപ്പറ്റി ആധികാരികമായി പറയാന്‍ ഇന്നു ബൂലോഗത്തില്‍ ആദിത്യനെക്കഴിഞ്ഞേ ആരുമുള്ളൂ.

നമ്മുടെ ഭാഗ്യം :-)

Adithyan said...

ഹഹഹഹഹാഹ്.... :)

ഞാ‍ന്‍ ഇതെല്ലാം കണ്ടു പഠിക്കുന്ന ഒരു കൊച്ചു ബാലന്‍... സംസാര സാഗരത്തിന്റെ തീരത്ത് ചിപ്പിയില്‍ വെള്ളം കോരിക്കളിക്കുന്ന ഒരു സ്മാള്‍ ബോയ് :))

നിങ്ങളെപ്പോലുള്ള എക്സ്‌പീരിയന്‍സ്‌ഡ് ഹാന്‍ഡ്‌സ് വീണ് കൈകാലിട്ടടിക്കുന്നത് കരയില്‍ നിന്ന് നോക്കി പഠിക്കുന്നു. :D

സ്നേഹിതന്‍ said...

ഇന്ന് വായിയ്ക്കുന്ന രണ്ടാമത്തെ കാര്‍കൂന്തല്‍ പോസ്റ്റാണിത് (ആദ്യത്തേത് വിശാലന്റെ).

പാര്‍വതി നന്നായി എഴുതിയിരിയ്ക്കുന്നു.

സു | Su said...

നല്ല കഥ :)

Sudhir KK said...

ഞാനും കരുതും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാം എന്ന്. പക്ഷേ ഒന്നും ഓര്‍മ്മ വരുന്നില്ലല്ലോ. അനുഭവങ്ങളുടെ കുറവോ അകകണ്ണിന്റെ മയോപ്പിയയൊ എന്തോ എല്ലാം ഒരു കട്ടപ്പൊഹ പോലെ.

പാര്‍വതിയുടെ കുടുംബവൃക്ഷത്തിലെവിടെയോ സാഹിത്യകാരികളുണ്ടെന്നാണു തോന്നുന്നത്. കുട്ടിക്കാലത്തെ വ്യസനങ്ങളിലൊന്നിനെ ശ്രദ്ധയോടെ പെറുക്കിക്കാട്ടുന്നു. കൂടുതല്‍ എഴുതൂ.

കുറുമാന്‍ said...

പാര്‍വ്വതീ കഥ നന്നായി.

എനിക്കും കിട്ടുമോ ആവോ മുടി വളരാനുള്ള ഒരു കുപ്പി എണ്ണ?

അവിടേം ഇവിടേം, കുറേ കുത്തുകളും, കോമകളും ഉപയോഗിക്കാന്‍ തോന്നുന്നു. പക്ഷെ, ഇന്നലത്തെ സന്തോഷിന്റെ പോസ്റ്റ് വായിച്ചതില്‍ പിന്നെ, ഇട്ട കുത്തുകളെല്ലാം മായ്ച്ചു കളയുന്നു ഞാന്‍. ഇതൊരു രോഗമാണോ ഡോക്ടര്‍?

വളയം said...

കല്ലിന്റെയുള്ളിലും ഏതോ കരുണതന്‍ മൂര്‍ത്തിയെ...

(പാറൂട്ടീ, ഒരു സ്വകാര്യം : ഉമേഷ്ജി കാണുന്നതിന്‍ മുമ്പേ കഥയുടെ തലക്കെട്ട് ഒന്നു കൂടെ വായിക്കൂ.)

ബിന്ദു said...

പാര്‍വതി... നന്നായിട്ടുണ്ട്‌.
:)

ലിഡിയ said...

കമന്റ് പോസ്റ്റിയ എല്ലാവര്‍ക്കും എന്റെ കൂലംകഷമായ (ഹാ..ഹാ..ഹാ, ഇപ്പൊ അര്‍ഥം പഠിച്ച വാക്കാണ്, എന്നു വച്ചാല്‍ അതിര് കവിഞ്ഞൊഴുകുന്ന,മനസ്സ് നിറഞ്ഞൊഴുകുന്ന എന്നൊക്കെ അര്‍ഥം)നന്ദി .

നന്ദി മോളൂസ്,നിങ്ങളൊക്കെയല്ലെ ഈ ഏകാന്തതയിലെ ഉറ്റ സുഹൃത്തുക്കള്‍..

ഉമേഷേട്ടാ..നല്ല നീണ്ട കാര്‍കൂന്തലിന്റെ സൌന്ദര്യം വിവരിക്കുന്ന ഒരു ശ്ലൊകം പോസ്റ്റിക്കേ..പ്ലീസ്... ആദിക്കൊന്ന് പറഞ്ഞ് കൊടുക്കാനാ, ഞങ്ങള്‍ വിഷമിക്കുന്നതില്‍ കാര്യമുണ്ടെന്ന്, അല്ലെ,സത്യമല്ലേ സുയേച്യേയ്...

എനിക്കും അയാള്‍ മരുന്ന് തന്നില്ലല്ലോ കുറൂസ് പിന്നെ കഷണ്ടിക്ക് മരുന്നില്ലെന്നാ കേള്‍വി,എനിക്കും കഷണ്ടി കയറി വരുന്നുണ്ട്.’ഗജകേസരി യോഗം’ എന്നൊക്കെ പറഞ്ഞ് തല രക്ഷിച്ച് നില്‍ക്കുകയാണ് തത്കാലം.

കരീം മാഷേ, ഓണത്തിന്റെ വിഭവങ്ങളൊക്കെ മഴത്തുള്ളിയില്‍ നിരന്ന് കഴിഞ്ഞു.

സ്നേഹിതനും, വളയത്തിനും,കൂമനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

-പാര്‍വതി.

ലിഡിയ said...

ഓണ സദ്യ ഇവിടെ

-പാര്‍വതി.

ഉമേഷ്::Umesh said...

ക്ഗുശ്ലോകം വേണമല്ലേ. “കേശപാശധൃതപിഞ്ഛികാ...”. ശ്ശെ, അതു കൃഷ്ണന്റെ തലമുടിയാണു്, അല്ലേ? “കാര്‍കൂന്തല്‍ക്കെട്ടിനെന്തിനു...”. ഓ, അതു സിനിമാപ്പാട്ടാണു്, അല്ലേ?

ശ്ലോകം... ഒന്നും ഓര്‍മ്മയില്ല...

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഈ കവിത ഓര്‍മ്മ വരുന്നു:

കുടിലകുളുര്‍കുന്തളം കെട്ടഴിഞ്ഞങ്ങനെ,
കുറുനിരകള്‍ തെന്നലില്‍ തത്തിയുമങ്ങനെ,
നിടിലമതില്‍ വേര്‍പ്പണിമുത്തണിഞ്ഞങ്ങനെ,
തൊടുകുറിയൊരല്‍പ്പം മറഞ്ഞുമാഞ്ഞങ്ങനെ,
...
അധരപുടമല്പം വിറ കലര്‍ന്നങ്ങനെ,
...
കരളു മമ പാരം കവരുമാറങ്ങനെ
സരളയുടെ നില്പു മറക്കുവതെങ്ങനെ?


ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ ഈ കവിത മുഴുവന്‍?
മഞ്ഞക്കിളിക്കൊരു മുതല്‍ക്കൂട്ടാകും.

ഈ കവി പിന്നീടു്

മനുജരിനിയെന്തൊക്കെയോതിയെന്നാലുമെന്‍
വനജയെ മറക്കുവാനാളല്ല ഞാന്‍ ദൃഢം
ചലിതജലബിംബിതമായ നേര്‍ശാഖിയില്‍
വളവധികമുണ്ടെന്നു തോന്നുന്ന പോലവേ
കുലടയവളെന്നുള്ള കാഹളമൂതുന്ന
കുടിലഹൃദയങ്ങളേ, നിങ്ങള്‍ക്കു മംഗളം!

കദനപരിപൂര്‍ണ്ണമെന്‍ ജീവിതവീഥിയില്‍
കതിരൊളി വിരിക്കുമക്കമ്രദീപത്തിനെ,
........ ദുര്‍ബ്ബലതന്തുവില്‍
പ്രണയസുധ പൂശുമപ്പുണ്‍യ്യത്തിടമ്പിനെ,
അരുതരുതു വിസ്മരിച്ചീടുവാന്‍....


എന്നു് അല്പം വീണ്ടുവിചാരം വന്നതും, അവസാനം

സുജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാഹൃഷ്ടനായ്
അടിയുറയ്ക്കാതെ മേലോട്ടുയര്‍ന്നുപോയ്
അലകടലിന്റെയാഴമളക്കുവാന്‍!
മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികള്‍ തട്ടിത്തഴമ്പിച്ചതാണു ഞാന്‍!
തടവെഴാപ്രേമദാരിദ്ര്യബാധയാല്‍
തടവുകാരനായ്ത്തീര്‍ന്നവനാണു ഞാന്‍!
കുടിലു കൊട്ടാരമാകാനുയരുന്നു
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍
പ്രണയനാടകമെന്നുമിതു വിധം
നിണമണിച്ചിലിലെത്താതിരുന്നിടാ...


എന്നു കരഞ്ഞു ഹൃദയം പൊട്ടി അതും പോരാഞ്ഞു കെട്ടിത്തൂങ്ങിച്ചത്തു ചങ്ങമ്പുഴയുടെ രമണനിലെ രമണനായി ഉയിര്‍ത്തെഴുന്നേറ്റു്, “ഉയിര്‍ത്തെഴുനേല്‍ക്കണ്ടായിരുന്നു” എന്നു വിലപിച്ചു വിലപിച്ചു് ഇപ്പോഴും പ്രണയനൈരാശ്യം തലയ്ക്കു പിടിച്ചവരുടെ നാവിന്‍‌തുമ്പത്തുകൂടി ചിരഞ്ജീവിയായി വാഴുന്നു...

ഞാന്‍ വികാരിയായി. ആദിത്യാ, പ്ലീസ് ഇതു കട്ട്‌പോസ്റ്റു ചെയ്തു മഞ്ഞക്കിളിയിലിടൂ. അല്ലെങ്കില്‍ എനിക്കൊരു ഇന്‍‌വിറ്റേഷന്‍ അയയ്ക്കൂ...

ഇനി ഞാന്‍ ഓഫ് അടിക്കില്ല, സത്യം!

ഉമേഷ്::Umesh said...

കഴിഞ്ഞ കമന്റിന്റെ ആദ്യത്തിലുള്ള ക്ഗു എന്നതു വേര്‍ഡ് വേരിഫിക്കേഷന്‍ തെറ്റായി ഇവിടെ മലയാളത്തില്‍ അടിച്ചുപോയതാണെന്നു പ്രസ്താവിച്ചുകൊള്ളുന്നു.

ലിഡിയ said...

ഞാന്‍ ഒരു ലിങ്ക് ഇടാന്‍ നൊക്കിയിട്ട് ഇങ്ങനെ ആയി, എവിടാ അബദ്ധം പറ്റിയതെന്ന് പറയാമോ ഉമേഷേട്ടാ..

പഴയ ഹെല്‍പ്പൊക്കെ വായിച്ചിരുന്നു, എന്നിട്ടും...അങ്ങോട്ട് ഒരു ലിങ്ക് തന്നാല്‍ മതി.

-പാര്‍വതി.

ഉമേഷ്::Umesh said...

സിബു പറഞ്ഞതാണു ബെസ്റ്റ് വഴി. ബ്ലോഗറില്‍ ഒര്‍ പോസ്റ്റായി എഴുതുക. കമന്റാണെങ്കിലും അതു മതി. മുകളില്‍ ലിങ്കിടാനുള്ള ബട്ടനുണ്ടല്ലോ. അവസാനം HTML കോപ്പി/പേസ്റ്റ് ചെയ്യുക.

എന്തൊക്കെ പറഞ്ഞാലും സിബുവിനെപ്പോലെ ഐഡിയയുള്ള ഒരു മനുഷ്യന്‍ മലയാളബൂലോഗത്തില്‍ വേറെയില്ല. ചുമ്മാതാണോ വരമൊഴി ഇത്ര നന്നായതു് :-)

പാര്‍വ്വതി ചോദിച്ച കമന്റ് ഇവിടെ.

ഉമേഷ്::Umesh said...

നീലാഭം കുഞ്ചിതാഗ്രം... എന്ന നാരായണീയശ്ലോകം മതിയോ?

ഗുരുവായൂരപ്പന്റെ തലമുടിയാണു്; പക്ഷേ അതു ശ്ലോകത്തിലെങ്ങും പറഞ്ഞിട്ടില്ല-തവ (നിന്റെ) എന്നേ പറഞ്ഞിട്ടുള്ളൂ. ആരുടെയും ആകാമല്ലോ :-)

Anonymous said...

പാറുക്കുട്ടിയെ,
സുഖാണോ? ഇതിലെ അവസാനത്തേന് മുമ്പത്തെ വരി എനിക്ക് ഒരുപാട് ഇഷ്ടായി..

ഈ പോസ്റ്റിന്റെ ഹെഡിങ്ങിലുള്ള ‘വേളുപ്പ്’ എന്ന് പറയുന്നത് ഇന്ദുപ്പ് പോലെ വല്ലതുമാണോ? :)

പിന്നെ പിരിയന്‍ വള എന്നു പറയുന്നത്, ഇങ്ങിനെ കോണ്‍സെന്റ്രിക് സര്‍ക്കിളില്‍ ഇരിക്കുന്ന കുറെ വളയുള്ള ഒരൊറ്റ വളയണോ?

ഡാലി said...

പാറൂ, ഈ പോസ്റ്റ് കാണാന്‍ വൈകി. നല്ല ഓര്‍മ്മകള്‍. നല്ല എഴുത്ത്.
പഴയ പോസ്റ്റ് ഒക്കെ കണ്ടിരുന്നു. അന്ന് വെറുതെ കുറെ തിരക്കായിരുന്നു

ലിഡിയ said...

ഈ ചായയും നാലുമണിപലഹാരവും വീതിച്ചെടുക്കാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.ഇഞ്ചിയേയും ഡാലിയേയും കണ്ടതില്‍ ഒത്തിരി സന്തോഷം,അങ്ങനെ പുതിയ ഓഫീസില്‍ ഒരു പി.സി യും നെറ്റ് കണക്ഷനും ഒക്കെ കെട്ടി ഞാന്‍ ഹാപ്പിയായി.

ഇനി ഇടവേളകളില്ലാതെ വന്നു പോകണമെന്ന് ആഗ്രഹിക്കുന്നു..ഒരു ബ്ലൊഗഡിക്റ്റ് ആയോന്ന് ഒരു സംശയം..പാതിരാത്രിയില്‍ ഒക്കെയാണ് “അയ്യോ..ഇന്നോരു കമന്റ് പോലും വായിച്ചില്ലല്ലോ,അത് കൂടി വായിച്ചിട്ട് കിടക്കാം” എന്നോക്കെ ചിന്തിക്കുന്നു...

പിന്നെ ഇഞ്ചി ഈ പിരിയന്‍ വള അത് തന്നെ, ചെറുപ്പത്തില്‍ അത് വാങ്ങാന്‍ എന്തൊരാക്രാന്തമായിരുന്നു..പിരിയന്‍ വളയും ഉഴുന്നാടയും പിന്നെ ബാലയും,നാടകവും. അതാണ് എന്റെ ബാല്യകാല ഓര്‍മ്മകളിലെ ഒത്തിരി ഇഷ്ടപെട്ട ഭാഗങ്ങള്‍..

-പാര്‍വതി.

മുസ്തഫ|musthapha said...

ഞാന്‍ ഒത്തിരി വൈകിയോ, ഇനിപ്പോ പലഹാരമില്ലെങ്കിലും കുഴപ്പമില്ല.. ചായങ്ങെട്ടെടുത്തോളു..

“എന്‍റെ കുടുംബ വൃക്ഷത്തിലെവിടെയും സാഹിത്യകാരന്മാരില്ല..” പാര്‍വതിയുടെ ഒരു കുടുംബാംഗത്തിനും ഇനി ആ ‘പരാതി’ ഉണ്ടാവില്ല.. തീര്‍ച്ച :)

Ente samragyam/blogspot.com said...

Yes... മനസ്വിനി