തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, November 02, 2006

ഊടുവഴികളില്‍ അലയുന്ന മനസ്സ്

ഇല്ല, എന്ത് പറയാനാ? അല്ലെങ്കില്‍ ഞാന്‍ എന്ത് പറഞ്ഞിട്ടെന്താ കാര്യം, കണ്ടില്ലേ ഒരു കൂട്ടത്തിനുണ്ടോ ശ്രദ്ധ? അല്ല അവര്‍ക്കും പണി തിരക്കിലിതൊക്കെ ശ്രദ്ധിക്കാന്‍ പറ്റിയെന്നു വരില്ല. എന്നാലും ഇത്രയും വില കൂടിയ പാത്രങ്ങളും മറ്റും വയ്ക്കുമ്പോള്‍ ഒരു ശ്രദ്ധ വേണ്ടെ? അല്ലങ്കില്‍ അവരെ എന്തിനാ പറയുന്നത്? സ്വന്തം ഭര്‍ത്താവ് എങ്ങനെയായിരുന്നു, എടുക്കുന്നതൊന്നും ഒരിടത്ത് തിരിച്ച് വയ്ക്കില്ല, എന്തെങ്കിലും പറഞ്ഞാല്‍ ആളെ കത്തിക്കുന്ന നോട്ടവും നോക്കി ഒരു നില്‍പ്പും, ഇതൊക്കെ കണ്ട് പേടിക്കുമെന്നായിരുന്നു കരുതിയിരുന്നത്, പിന്നല്ലെ മനസ്സിലായത് അതാ പാവാടക്കാരിയുടെ പിന്നാലെ പൊകുന്നതിന് തടസ്സം നില്‍ക്കുന്നത് കൊണ്ടുള്ള കെറുവാണെന്ന്, അല്ല എനിക്കെന്തിനാ കുറവ്? അമ്മ ആരോടും പറയാതെ പോയപ്പോള്‍ അപ്പന്‍ ബോര്‍ഡിങ്ങില്‍ ആക്കിയെങ്കിലും പെട്ടന്നങ്ങ് പോയപ്പോള്‍ ഉള്ളതൊക്കെ എനിക്ക് തന്നെയല്ലെ കിട്ടിയത്, അത് കണ്ട് തന്നെയാ കെട്ടിയത് എന്നങ്ങ് പറയാന്‍ മടിയായിരുന്നു, പിന്നെ പണം കണ്ട് നില്‍ക്കണ്ടാന്ന് പറഞ്ഞപ്പോഴല്ലേ അവളുടെ കൂടെ അങ്ങിറങ്ങി പോയത്, കൊച്ചിനെ പിന്നെ ഞാന്‍ കൊടുക്കുമോ? ഒന്നൂല്ലേലും അവന്റെ അമ്മ ഞാനല്ലേ, പിന്നെ കൈ നിറയെ കാശുണ്ടെങ്കിലാണൊ ജയിക്കുമെന്നുറപ്പുള്ള വക്കീലിനെ കിട്ടാന്‍ ബുദ്ധിമുട്ട്, പിന്നെ അവനെ നോക്കാന്‍ ഞാന്‍ നിന്നില്ല പോലും, അവനെന്തിനാ കുറവ് വച്ചത്? അവന്‍ ചോദിക്കുന്നതൊക്കെ അവന് കൊടുത്തില്ലേ ഞാന്‍, എന്നാലും ഇപ്പോ ഒരു ചായ്‌വുണ്ട് അയാളുടെ വശത്തേയ്ക്ക്, ഇനീപ്പോ എന്റെ പൈസ ആവശ്യമില്ലല്ലോ, അല്ലെങ്കില്‍ അവനെ എന്തിനാ കുറ്റം പറയുന്നത്? അയാളുടെ അവസ്ഥ കണ്ടില്ലേ കാശും പണീം ഇല്ലാത്ത അവളെ കെട്ടി മൂന്ന് കുട്ടികളും, എന്നെ തോല്‍പ്പിക്കാമെന്ന് കരുതി, പക്ഷേ കഷ്ടപെട്ടപ്പോള്‍ മനസ്സിലായി പണമില്ലെങ്കില്‍ ജീവിതം അത്ര എളുപ്പമല്ലന്ന്, അതാവും ഇപ്പോ അവനെ വശത്താകാന്‍ നോക്കുന്നത്, അമ്മയ്ക്ക് ഭ്രാന്താന്ന് അവനോട് പറഞ്ഞു കൊടുത്തിരിക്കുന്നു പോലും. അവനിനി അതെങ്ങാനും കേട്ടു നില്‍ക്കുമോ? അതെങ്ങനെയാ അവനെ എല്ലാ കാലത്തും നോക്കിയത് ഞാനല്ലേ? അപ്പോ അവനെങ്ങനെ എന്നെ ഇട്ടിട്ട് പോവാന്‍ പറ്റുമോ? വക്കീലിനോട് ചോദിക്കണം, അങ്ങനെ ഇട്ടിട്ട് പോയാല്‍ പിന്നെ ചില്ലി കാശ് പോലും അവനും അയാള്‍ക്കും കിട്ടരുത്, വക്കിലിനെ ഇപ്പോ തന്നെ കാണണം.

“മാഡം, തെറ്റിദ്ധരിക്കരുത്, ആ ബാഗ് ഒന്ന് പരിശോധിക്കണം”

ബാഗ് പരിശോധിക്കാനൊ? ഇവര്‍ക്കറിയില്ല ഞാന്‍ ആരാന്ന്, ഞാന്‍ കേസ്സ് കൊടുത്താല്‍ പിന്നെ ഒരുത്തനും പണിയുണ്ടാവില്ല.

വെയിറ്റ് ചെയ്യണമെന്നോ, എന്തിന്? എനിക്ക് പോവണം, അല്ല ഞാന്‍ നിങ്ങള്‍ പറയുന്നതിന് എന്തിനാ വെയിറ്റ് ചെയ്യുന്നത്? ദാ വരുന്നു മകന്‍, ഇവനെന്ത് ഇവിടെ? ഈയിടെയായി ഇങ്ങനെയാ, ഒരിടത്തും തന്നെ വിടില്ല, അവനറിയാതെ വക്കീലിനെ കണ്ട് എല്ലാം മറ്റിയെഴുതിക്കുമെന്ന പേടിയാവും, അപ്പനും മകനും ഒക്കെ ഒത്തു ചേര്‍ന്നുള്ള നാടകമാണ് എല്ലാം, അയാളെ കണ്ടതിന് ശേഷമാണ് ഈ അന്വേഷണവും തിരക്കിവരവും ഒക്കെ. എന്നാലും ഇപ്പോഴും എല്ലാം എന്റെ പേരില്‍ തന്നെ അല്ലേ, വക്കിലിനെ കാണട്ടെ.

“ഇതെന്റെ അമ്മയാണ്, അതെ ഒരു തരം രോഗമാണ്, മെഡിക്കല്‍ സയന്‍സ് ക്ലെപ്റ്റോമാനിയ എന്ന് പറയുന്നു, ഒത്തിരി കാലമായിരിക്കുന്നു, ശ്രദ്ധിക്കാറുണ്ട്, എന്നാലും ആരും അറിയാതെ ഇറങ്ങി പോരുകയാണ്, നിങ്ങള്‍ എനിക്ക് വേണ്ടി ക്ഷമിക്കണം”

അവര്‍ കാണാതെ ആ സ്പൂണുകള്‍ തിരിച്ചേല്‍പ്പിച്ച് അയാള്‍ അമ്മയെ ചെര്‍ത്തുപിടിച്ച് തന്റെ വാഹനത്തിന്റെ നെര്‍ക്ക് നടന്നു.
---------------------------
ക്ലെപ്റ്റോമാനിയ : മോഷണത്വര തോന്നുകയും അത് നിയന്ത്രിക്കാനാവാതെ വരുകയും ചെയ്യുന്ന ഒരു മാനസിക വിഭ്രാന്തി,( സ്നേഹപൂര്‍വ്വമായ ഇടപെടലുകളും അത് വഴി സ്വഭാവരൂപാന്തരവും അല്ലാതെ ഫലപ്രദമായ ഒരു ചികിത്സ ഇത് വരെ കണ്ടുപിടിക്കപെട്ടിട്ടില്ല)

-പാര്‍വതി.

21 comments:

ലിഡിയ said...

ഒരു കഥ, ഊടുവഴികളില്‍ അലയുന്ന മനസ്സ്, ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു(പൂക്കളും കല്ലുകളും എല്ലാം :-) ), അഭിപ്രായങ്ങള്‍ക്ക് കാത്തിരിക്കുന്നു.

-പാര്‍വതി.

ഗുപ്തന്‍സ് said...

കഥയ്ക്ക്‌ പുതിയൊരു ടച്ച്‌ കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌... എങ്കിലും എവിടേയോ എന്തോ ഒന്ന്‌ നഷ്ടപ്പെടുന്ന മാതിരി..ചിലപ്പോള്‍ തോന്നലാവാം. പൊതുവേ നന്നായി..

വല്യമ്മായി said...

പാവം,അവരുടെ ജിവിത അനുഭവങ്ങളാകും അതിനു കാരണം.നല്ല സബ്ജെക്റ്റ് ആണു പാര്‍വതി.

വാളൂരാന്‍ said...

പാറൂ,
പെട്ടെന്ന്‌ വൃദ്ധസദനം എന്ന നോവല്‍ മനസ്സില്‍ വന്നു. ഇതിനതുമായി ബന്ധമൊന്നുമുണ്ടാവണമെന്നില്ലല്ലോ അങ്ങിനെയൊന്നു തോന്നാന്‍. എങ്കിലും എന്തോ തോന്നി അത്രന്നെ. എന്തായാലും കഥ നല്ലതാണ്‌, ഈ മനോവ്യാപാരങ്ങളുടെ കഥകളാണ്‌ എനിക്കു പ്രിയപ്പെട്ടത്‌, മുരളിമേനോന്റെ കഥകള്‍ പോലെ. പക്ഷെ പെട്ടെന്നു ബ്രേക്കിട്ട പോലെ തോന്നി, ഒന്നുകൂടി സ്ഥൂലീകരിക്കണമായിരുന്നോ, ചിലപ്പോ വെറുതേ തോന്നിയതാവാം. ആശയം വളരെ നല്ലതാണുകെട്ടോ, അവരുടെ അടുത്തു നില്‍ക്കുന്നപോലെ തോന്നി. അതിതീവ്രമായൊരു കഥക്കുള്ള ത്രെഡ്ഡാണിതെന്നും തോന്നി. ഇനിയും ഈ ഹൃദ്യത പ്രതീക്ഷിക്കുന്നു.

അലിഫ് /alif said...

വളരെ നന്ന്, എങ്കിലും പെട്ടന്ന് കഴിഞ്ഞുപോയതു പോലെ. കഥയുടെ ഉള്ളറകളിലേക്കിറങ്ങുമ്പോള്‍ ഇനിയും എന്തൊക്കെയോ പറയാനില്ലേ എന്നൊരു തോന്നല്‍, ഒരു പക്ഷേ പാര്‍വ്വതിയും അതുതന്നെയാണോ ഉദ്ദേശിച്ചത് എന്നറിയുകയുമില്ല.ആ സ്ത്രീയുടെ മനോവ്യാപാരങ്ങള്‍ വളരെ ഹൃദ്യം.

മല്ലു ഫിലിംസ് said...

മല്ലു ഫിലിമ്സ് ഇനി മുതല്‍ മലയാളത്തില്‍
ദയവായി സന്ദര്‍ശിക്കൂ.....

Kuttyedathi said...

മോനേ, മല്ലു ഫിലിംസേ, എന്താ നാലെണ്ണത്തില്‍ നിറുത്തി കളഞ്ഞത് ?

ഈ മാതിരി പരസ്യം ഒരു രണ്ടു മൂന്നാലു ബ്ലോഗിലും കൂടി പോയി കൊടുക്കൂന്നേ. ഏവൂരാന്‍ ചേട്ടനു രണ്ടാമതൊന്നാലോചിക്കാതെ പിടിച്ചു ബാന്‍ ചെയ്യാമായിരുന്നല്ലോ. കഷ്ടം!

സൂര്യോദയം said...

പാര്‍വ്വതീ... നന്നായിട്ടുണ്ട്‌... പക്ഷെ, എവിടെയോ ഒരു മിസ്സിംഗ്‌.... ങാ... അത്ര വിവരമില്ലാത്തതുകൊണ്ട്‌ എനിക്ക്‌ തോന്നിയതാവാം :-)

ലിഡിയ said...

എന്താ എല്ലാവരും ഇങ്ങനെ പറായുന്നത്? നിങ്ങളൊക്കെ തന്നെ എന്റെ നിരൂപകര്‍,എന്താ ഇതിലില്ലാത്ത ആ അത് എന്ന് ആരും പറഞ്ഞു തരില്ലേ, ഞാന്‍ നന്നാവണമെന്ന് ആര്‍ക്കും ആഗ്രഹമില്ല പോലും.

കമന്റിയവര്‍ക്കൊക്കെ നന്ദി, ഒത്തിരി...

-പാര്‍വതി.

അനംഗാരി said...

പാറുക്കുട്ട്യേ, എന്താത്?
കഥയുടെ ബീജം അസ്സലായിട്ടുണ്ട്. എന്നാലും, എവിടെയോ എന്തോ ഒന്ന് വിട്ടുപോയത് പോലെ. ഏതോ ക്ലെപ്റ്റോമാനിയക്കാരന്‍ അടിച്ചോണ്ട് പോയതു പോലെ,ഇടക്കൊരു ഒഴുക്ക് നഷ്ടപ്പെടല്‍.
ഒറ്റശ്വാസത്തില്‍ ഞാന്‍ വായിച്ച് വരികയായിരുന്നു, അപ്പോഴാണ്...
എഴുതുന്നത് മൂന്നാലു തവണ എഴുതിയും, തിരുത്തിയും ആലോചിച്ച് വീണ്ടും എഴുതിയും നോക്കൂ. കഴിഞ്ഞ മിനിക്കഥ പോലെ, നല്ലത് ഇനിയും വരട്ടെ.

asdfasdf asfdasdf said...

പാര്‍വതി,നല്ലൊരു സബ്ജക്റ്റായിരുന്നു. എവിടെയൊക്കെയോ വാക്കുകള്‍ സെന്‍സര്‍ ചെയ്തപോലെ.. വല്യമ്മായി പറഞ്ഞതുപോലെ അവരുടെ അനുഭവങ്ങളാവാം അവരെ ഈയവസ്ഥയിലാക്കിയത്.

പാച്ചു said...

പാറൂസ്‌,കഥ കൊള്ളാം.

ഒന്നു കൂടി.....
കാശൊള്ളവന്‍ കട്ടാല്‍ 'ക്ലെപ്റ്റൊമോനിയ'..!

അല്ലാത്തവന്‍ കട്ടാല്‍ വെറും 'മോഷണം'........

....ഏത്‌..?!!

പരാജിതന്‍ said...

പാര്‍വ്വതീ, കഥയുടെ ചില കുഴപ്പങ്ങള്‍ ഞാന്‍ പറയാം, വിരോധമില്ലെങ്കില്‍.
കഥയുടെ അവസാനം വായനക്കാരനെ ചെറുതായോ വലുതായോ ആശ്ചര്യപ്പെടുത്തുന്ന ഒരു twist കൊടുക്കുന്നത്‌ (ഒ. ഹെന്‍റിയുടെ സ്ഥിരം കലാപരിപാടിയായിരുന്നതിനാല്‍ ഹെന്‍റിയന്‍ ട്വിസ്റ്റ്‌ എന്നു പറയും.) കാലഹരണപ്പെട്ട ടെക്നിക്കാണ്‌. വായിക്കുന്നയാള്‍ക്ക്‌ പുതുമ തോന്നില്ലെന്ന്‌ മാത്രമല്ല, അത്രയും നേരം കഥയുമായി അയാള്‍ക്ക്‌/അവള്‍ക്ക്‌ ഉണ്ടായിരുന്ന വൈകാരികവും ധിഷണാപരവുമായ സംവേദനത്തിന്‌ കാര്യമായ ക്ഷതം പറ്റുകയും ചെയ്യും. ചില കലാസൃഷ്ടികളില്‍ ഇതിനൊരപവാദമെന്നോണം വളരെ ഫലപ്രദമായി ഇപ്പറഞ്ഞ തരം ട്വിസ്റ്റ്‌ ഉപയോഗിച്ചിട്ടുണ്ട്‌, അപൂര്‍വ്വമായെങ്കിലും. ഉദാ: അരമണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള Incident at owl creek എന്ന ചലച്ചിത്രം.

കൂടാതെ, ക്ളെപ്റ്റോമാനിയയും കഥയുടെ ആദ്യഭാഗവും തമ്മില്‍ കഥയ്ക്ക്‌ പ്രയോജനം ചെയ്യുന്ന തരത്തില്‍ ഒരു ബന്ധവും കാണുന്നില്ല. രോഗത്തിണ്റ്റെ പേര്‌ വേറൊന്നായാലും കഥയ്ക്ക്‌ പ്രത്യേകിച്ച്‌ മാറ്റമൊന്നും സംഭവിക്കില്ല. എല്ലാം കഥാകൃത്ത്‌ കരുതിക്കൂട്ടി ചെയ്തതു പോലെ വായിക്കുന്നയാള്‍ക്ക്‌ തോന്നുന്നതാണ്‌ ഒരു കഥയ്ക്ക്‌ സംഭവിക്കാവുന്ന പരാജയങ്ങളിലൊന്ന്‌. പാര്‍വ്വതിയുടെ പല കഥകള്‍ക്കും ഇത്തരം ന്യൂനതകളുണ്ട്‌. പക്ഷേ അതു കൊണ്ടൊന്നും 'ബക്കറ്റില്‍ വിരിയുന്ന മഴവില്ല്‌' എന്ന സുന്ദരമായ ലേഖനം എഴുതിയയാളിന്‌ എഴുതാനറിയില്ലെന്ന്‌ പറയാന്‍ കഴിയില്ല.

ഒരു suggestion: ഈ കഥ മാറ്റിയെഴുതുകയാണെങ്കില്‍ ആദ്യം മുതലെ ഷോപ്പിനുള്ളിലെ ചെറിയ ചെറിയ incidents, ആ സ്ത്രീയുടെ ചിന്തകള്‍ എന്നിവ ഇട കലര്‍ത്തി കഥ പറയുന്ന രീതി പരീക്ഷിച്ചു നോക്കൂ. വെറും suggestion ആണേ! ആശംസകള്‍.

mydailypassiveincome said...

പാര്‍വതി,

കഥ കൊള്ളാം. പക്ഷേ എവിടെയോ എന്തോ ഒരു കുറവുള്ളതു പോലെ ;) അല്ല എനിക്കും തോന്നിയതാവും :-)

സുല്‍ |Sul said...

:) പാര്‍വതി.

Siju | സിജു said...

എനിക്ക് പ്രത്യേകിച്ചൊന്നും തൊന്നിയില്ല; കുറവ്.
പക്ഷെ പരാജിതന്റെ കമന്റ് വായിച്ചപ്പോള്‍ തോന്നി അതാണു ശരിയെന്ന്.
എന്തു ചെയ്യാനാ, വിവരമില്ലാത്തതുകൊണ്ടാ..

മനോജ് കുമാർ വട്ടക്കാട്ട് said...

ആ സ്ത്രീയുടെ മാനസീകാവസ്ഥയുടെ പക്ഷം ചേര്‍ന്ന് ചിന്തിക്കുമ്പോള്‍, അവര്‍ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കാന്‍ അവരുടെ അബോധതലത്തില്‍ നടത്തുന്ന ശ്രമങ്ങളായെ കഥയുടെ തുടക്കത്തിനെ കാണേണ്ടതുള്ളൂ എന്നെനിക്ക്‌ തോനുന്നു.

സുഗതരാജ് പലേരി said...

നന്നായിരിക്കുന്നു. വളരെ കൈയ്യടക്കത്തോടുകൂടി വളരെ വലിയൊരു സബ്‍ജക്റ്റ് കൈകാര്യം ചെയ്തിരിക്കുന്നു.

ലിഡിയ said...

ആത്മാര്‍ത്ഥമായി അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ഒത്തിരി നന്ദി, ഇത് കൊണ്ട് തന്നെയല്ലെ ഞാനീ ലോകത്തെ ഒത്തിരി സ്നേഹിക്കുന്നത്, എന്തെങ്കിലും എഴുതി പോസ്റ്റ് ചെയ്തു കഴിഞ്ഞ് കാത്തിരിക്കുമ്പോള്‍ ബോര്‍ഡില്‍ ഉത്തരമെഴുതി ടീച്ചറിന്റെ മറുപടി കാത്തു നില്‍ക്കുന്ന കുട്ടിയുടെ മനസ്സാണ്.

എല്ലാവര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി.

-പാര്‍വതി.

ഗുപ്തന്‍സ് said...

കഥ വായിച്ചപ്പോള്‍ പെട്ടെന്നു തോന്നിയ അഭിപ്രായമായിരുന്നു രേഖപ്പെടുത്തിയത്‌ ...അതും പ്രത്യേകിച്ച്‌ പൂവും കല്ലും പ്രതീക്ഷിയ്ക്കുന്നു എന്നു കണ്ടതുകൊണ്ടും....പിന്നത്തെ കമന്റുകളും ആ വഴിയ്ക്കു കണ്ടപ്പോല്‍ തോന്നി,ആദ്യം തന്നെ ചാടിക്കേറി കമന്റണ്ടാര്‍ന്നൂന്ന്... എങ്കിലും വിശദമായ ഒരു വിശകലനം നടന്നുവല്ലോ എന്നു സമാധാനം...

പാര്‍വതി സൂചിപ്പിച്ചപോലെ, അഭിപ്രായം വരുമ്പോഴാണല്ലോ സൃഷ്ടിയ്ക്ക്‌ പൂര്‍ണ്ണത വരുന്നത്‌..

nerampokku said...

ക്ളെപ്ലൊമാനിയ കലക്കി പാറൂ.