തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, July 27, 2006

ഒരു സങ്കീര്‍ത്തനം പോലെ-

പകലുകള്‍ ഇഴഞ്ഞു നീങ്ങുന്നു.ഓരോ നിമിഷവും എന്റെ വ്രണിത ഹൃദയത്തില്‍ ദൌര്‍ഭാഗ്യകരവും തമോജഡിലവുമായ ഒരു പ്രേമത്തിന്റെ വിഷാദവും വ്യത്ഥയും ഖനീഭവിപ്പിക്കുന്നു.നിദ്രാവിഹീനങ്ങളായ രാത്രികള്‍ പ്രേതബാധോപമകളായ ഉന്മാദ സ്വപ്നങ്ങളെ ജനിപ്പിക്കുന്നു.എങ്കിലും എനിക്കു പരാതിയില്ല,പകരം ഞാന്‍ കരയുന്നു.എന്റെ കണ്ണീര്‍ എനിക്ക് ആശ്വാസമായി തീരുന്നു.അവ എന്നെ ആശ്വസിപ്പിക്കുന്നു.ദുഃഖത്തിന്റെ തടവില്‍ കിടക്കുന്ന എന്റെ ആത്മാവ് അഗാധവും തിക്തവുമായ ഒരാനന്ദം കണ്ണുനീരില്‍ കണ്ടെത്തുന്നു.ഞാന്‍ പറയുന്നത് സത്യമാണ്.ജീവിതമേ കടന്നു പോകൂ,പൊള്ളയായ മായരൂപമേ വരൂ,പറന്ന് പറന്ന് ഇരുളിന്റെ ഏകാന്തശൂന്യതയില്‍ മറയൂ!
പ്രേമത്തിന്റെ അനന്തമായ കഠിന വെദന എനിക്ക് പ്രിയങ്കരമാണ്.എന്റെ പ്രേമം പോലെയാണ് എന്റെ മരണമെങ്കില്‍ ഞാന്‍ മരിച്ചുകൊള്ളട്ടെ!

-പുഷ്കിന്റെ കവിതകള്‍
-------------------------------------------------------------------
ജീവിതം ഒരു ചൂതുകളിയാണ്.ചിലര്‍ നേടുന്നു,ചിലര്‍ നഷ്ടപ്പെടുത്തുന്നു........!ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയില്‍ ഒരു സന്ധ്യക്ക് ചെന്നിരുന്ന് മനുഷ്യന്‍ കണക്ക് നോക്കുന്നു.ജീവിതം ലാഭമോ നഷ്ടമൊ?ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഒരു കളി.

-ദെസ്തയെവിസ്കിയുടെ വാക്കുകള്‍
-------------------------------------------------------------------
ഏതോ ഒരു കൊടുംകാട്ടില്‍,ഏതോ ഒരു ധ്രുവകാന്താരത്തില്‍ അകപ്പെട്ടത് പോലെയാണ് തോന്നുന്നത്.ഇരുട്ടില്‍ വിജനതയുടെ ഭയാനകമായ മുഴക്കങ്ങള്‍ കേള്‍ക്കുന്നു.അകാരണമായ ഒരു വിഹ്വലത കൊണ്ട് താനിടറിപോകുന്നു.......
..........വഴിയറിയാതെ ചുറ്റിത്തിരിഞ്ഞ് ഈ ഇരുണ്ട കൊടുംകാടിന്റെ ഭയാനകമായ വിജനതയില്‍ വീണുപോവുകയാണോ?അങ്ങനെയാണോ തന്റെ ജീവന്‍ അവസാനിക്കാന്‍ പോകുന്നത്?ഒരിരുട്ടില്‍,ഒരു വിജനതയില്‍,ഒരു ശൂന്യതയില്‍....ഒരു കൊടുംകാടിന്റെ ഗര്‍ഭത്തില്‍....

-ദെസ്തയെവിസ്കിയുടെ ചിന്തകള്‍
-----------------------------------------------------------------
..........ദുരന്തത്തിന്റെയോ മരണത്തിന്റെയോ ഗര്‍ത്തങ്ങളില്‍ നിന്ന് ഒരാത്മാവ് ദൈവീകമായ ഒരു നിമിഷത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് അനശ്വരതയുടെ ഏതോ ഒരു ശിഖരത്തില്‍ വച്ച് അതിന്റെ ഇണയെ കണ്ടുമുട്ടുന്നത് പോലെയായിരുന്നു അത്.

-ദെസ്തയെവിസ്കിയുടെ ജീവിതം


......പാര്‍വ്വതി.

12 comments:

സു | Su said...

മറ്റുള്ളവരുടെ ചിന്തകള്‍ പാറുവിന്റെ ബ്ലോഗിലൂടെ കേട്ടറിഞ്ഞു.

ഇടങ്ങള്‍|idangal said...

vbപാറുവിന്റെ വായന, അതിന്റെ തെരെഞ്ഞെടുപ്പ് എന്നെ ഷന്തൊഷിപ്പിക്കുന്നു,
സാധാരണ കേള്‍‌കാത്തതാണ് നമ്മുടെ നാട്ടിലെ സ്ത്രീകളില്‍നിന്ന് ദെസ്തയെവിസ്കിയും
ബ്രഹ്തുമൊന്നും,
തുടരുക

വളയം said...

കള്ളിന്റെ ലഹരിയില്‍ ആരൊ എറിഞ്ഞു കൊടുത്ത ഒറ്റനാണയം വെച്ച്‌ അവസാനത്തെ കളി. അത്‌ നേടി. നേടിയത്‌ വീണ്ടും വെച്ചു. അതും നേടി. പിന്നെയും വെച്ചു. അതും കിട്ടി.. പിന്നെയും.... പിന്നെയും....പിന്നേയും.... മേശപ്പുറം നിറയെ പണം....കൂട്ടുകാരന്‍ നിര്‍ബന്ധിച്ചു...മതി... പോകാം.. ശരി.. ഇത്‌ കൂടി.. കിട്ടിയ മുഴുവന്‍ പണവും ഇറക്കി.....

മുഷിഞ്ഞ തൊപ്പിയും കയ്യിലെടുത്ത്‌, തലകുനിച്ചയാള്‍ നടന്നു...

dooradarshanam said...

തിരകിന്റെയും കാഴ്ചയുടെയും ലോകത്തുനിന്നും ഗൌരവമേറിയ വായന പലപ്പോഴും വിചാരിച്ച വേഗതയില്‍ മുന്നേറാറില്ല. ലോകസാഹിത്യത്തിലെ പ്രഗല്‍ബ്ബരുടെ വാക്കുകള്‍ ചീന്തിയെടുത്ത് അവതരിപ്പിച്ചത് എന്തുകൊണ്ടും നന്നായി.
തുടരുമല്ലോ?

കുറുമാന്‍ said...

പാര്‍വതി - പാറൂ......പ്രേമം 98% 916 അല്ല......വെറും പറക്കാട്ട് 1 ഗ്രാം പൂശിയത്.....അത് അങ്ങോട്ടുമാവാം, ഇങ്ങോട്ടുമാവാം......പ്രേമത്തിന്റെ ഒരു രക്തരക്ഷസ്സാണു ഞാന്‍...സോറി, രക്ത സാക്ഷി......

ജര്‍മ്മനിയിലും, ഫിന്‍ലാന്റിലും അസൈലം ഉറപ്പാക്കിയിട്ടും പ്രേമം കാരണം തിരിച്ച് ദില്ലിയെലെത്തിയ ഒരു പഴയ നിരാശാ കാമുകനാണു ഞാന്‍.......പോകാന്‍ പറ പുല്ല്.

വേദനിപ്പിക്കാന്‍ പറഞ്ഞതല്ല....

പ്രേമം രസകരം, ആനന്ദദായകം,
ജീവിക്കാന്‍ തോന്നുന്ന ദിനങ്ങള്‍,
സ്വപ്നത്തില്‍ അലിഞ്ഞലിഞ്ഞുപോകുന്ന നാളുകള്‍,
കാത്തിരിപ്പിന്റെ നിമിഷങ്ങളില്‍ പോലും വിരഹം.....
ഒന്നടുത്തെത്തിയെങ്കില്‍.....

ഒക്കെ വെറുതെയാ കുട്ടീ......വെറും ജാഡ....കത്തിച്ച ചൂട്ടുപോലെ, കുറച്ചു നേരത്തെ വെളിച്ചത്തിന്നു വേണ്ടി വീശികൊണ്ടിരിക്കാം.......പിന്നെ കുത്തികെടുത്തി കളയാം......അത്ര തന്നെ.

അനുഭവം ഗുരോ........

വിഷമിക്കരുത്..........
ജീവിക്കാന്‍ പഠിക്കൂ......പറ്റിക്കാനും.

Raghavan P K said...

....ആദ്യ നഖക്ഷതം മറക്കുവനേ കഴിയൂ....!
കഴിയുന്നില്ലങ്കില്‍ കഥകളായി തുടരട്ടേ...!!
My best wishes for your good writing.
Raghavan P K

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

പാറു,

എഴുത്തിനൊരു JNU ടച്ച്‌
മറ്റു ബ്ലോഗുകളില്‍ നിന്നും വേറിട്ടൊരെയുത്ത്‌...മലയാള വിവര്‍ത്തനം നന്ന്

സൂര്യോദയം said...

പാര്‍വ്വതി... റിയാലിറ്റി സ്പര്‍ശം ശ്രദ്ദിച്ചു.. പ്രേമം എന്നും ഒരു സുഖമാണ്‌... എന്നും ഒരേ സ്രോതസ്സ്‌ തന്നെ വേണം എന്ന് ശഠിക്കാതിരുന്നാല്‍ മതി... :-)

പല്ലി said...

പുഷ്കിന്റെയും,ദ്സ്തെയെവിസ്കിയുടെയും കവിതകളേയും,ചിന്തകളേയും വിട്ടു പാര്‍വ്വതിക്കു സ്വന്തമായ ചിന്തകളില്‍ സഞ്ചരിചു കൂടെ.
ഇതൊരു മലയാളവിവര്‍ത്തനം ആണെങ്കില്‍ കൂടിയും
പാര്‍വതിക്കു ഇതിലും കഴിയും ഈ വിഷയ്ത്തില്‍.
മുമ്പുണ്ടായിരുന്ന ചിന്തകള്‍ക്കു തനതായ ചാതുര്യം ഉണ്ടു.

പാര്‍വതി said...

സു | Su :-) നന്ദി.

ഇടങ്ങള്‍ :-) പ്രണയത്തിന്റെ നിഷേദത്തിലും നഷ്ടത്തിലും ഒരിക്കലും പ്രതിഷേധിക്കാന്‍ തോന്നിയില്ല, (പെണ്‍ബുദ്ധി).(താങ്കളുടെ ബ്ലോഗ്ഗ് കണ്ടിരുന്നു).പിന്നെ “നാട്ടിലെ സ്ത്രീകളെ കുറ്റം പറഞ്ഞാല്‍ ഞാന്‍ ഇഞ്ചിയെ കൂട്ട് വിളിക്കും ;-)“

വളയം :-)ഇനിയുനെത്രയൊ??

dooradarshanam :-) നന്ദി.

കുറുമാന്‍ :-) ഒരിക്കലും പ്രണയം എന്നെ വെറുക്കാന്‍ പഠിപ്പിച്ചില്ല.ആരും എന്നെ/ആരെയും ഞാനും പറ്റിച്ചുവെന്നും തോന്നുന്നില്ല. ഒരു യാത്രയായിരുന്നു എല്ലാം,വഴിയമ്പലങ്ങളില്‍ കണ്ടുമുട്ടിയവര്‍,ഹൃദയം കൈമാറിയവര്‍,പിന്നെ ആഗ്രഹിക്കാതെ വഴി പിരിയുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍ കാത്തു വയ്ക്കും.ഇടവഴികളില്‍ ഒറ്റയ്ക്ക് തളര്‍ന്നിരിക്കുമ്പോള്‍ ഓര്‍ക്കാന്‍.
ഈ ജീവിതം ഇത്രയൊക്കെ അല്ലെ ഉള്ളു?

Raghavan P K :-)എഴുതിവച്ചിട്ട് പിന്നെ മറയ്ക്കാന്‍ പറ്റിയില്ലെങ്കില്ലോ ;-)??

ബിജോയ്‌ മോഹന്‍ :-) ഇല്ലപ്പാ...നമ്മളൊരു നാടന്‍ പോളിടെക്നിക് ആണ്. പിന്നെ അന്നും ഇന്നും ഈ വായന കൂടെയുണ്ട്.

സൂര്യോദയം :-)
സൂര്യനെ തന്നെ കാത്തിരുന്നവള്‍ക്കാരോ-
സൂര്യകാന്തിയെന്ന് പേര്‍ വിളിച്ചു.
രാവെളുക്കുവൊളമവള്‍ മിഴികൂപ്പി നിന്നിട്ടും,
അതുപോലുമറിയാതെയാ സൂര്യനവളെ-
ജീവെന്റെ തുടിപ്പകറ്റി മണ്ണിലടര്‍ത്തിയിട്ടു.

(റെയര്‍ വെറയ്റ്റിയാണ്, എന്നാലും ;-))

പല്ലി :-) നന്ദി പല്ലി.എന്റെ അക്ഷരങ്ങള്‍ക്കായി ചെവിയോര്‍ക്കുന്നതിന്.എന്റെ അക്ഷരങ്ങളുമായി വീണ്ടും വരാം.

-പാര്‍വതി.

മഴത്തുള്ളി said...

പാര്‍വതിയുടെ സങ്കീര്‍ത്തനം പഴയ കാല ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നവയായിരുന്നു. ഒരു വേള ഞാന്‍ നാട്ടില്‍ എന്റെ പഴയ സുഹ്രുത്തുക്കളുടെ അടുത്തു വരെ പോയി വന്നു. സ്കൂള്‍ ജീവിതം മുതലിങ്ങോട്ടുള്ള കൂട്ടുകെട്ടുകളും മറ്റും ഹരം പകരുന്ന ഓര്‍മമകളാണ്. എന്നാല്‍ അതിനിടയില്‍ വേര്‍പാടിണ്ടെ വേദനയുമുണ്ട്. ഇതെല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം.......

ശാലിനി said...

എന്റെ പ്രിയ പുസ്തകങ്ങളില്‍ ഒന്നാണ് “ഒരു സങ്കീര്‍ത്തനം പോലെ”. ഹ്രുദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള എഴുത്തുകാരനെ കുറിച്ചുള്ള നൊവല്‍.