തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, July 17, 2006

പ്രണയത്തിന്റെ ഓര്‍മ്മ

അപ്പര്‍ പ്രൈമറി വരെയും ആണ്‍കുട്ടികള്‍ എന്റെ ശത്രുക്കളായിരുന്നു.ഒരു കളരി ആശാനു ദക്ഷിണ വച്ചതിന്റെ ധൈര്യവും,പിന്നെ കഷ്ടിച്ചു ഒന്നര വയസ്സിനു ഇളപ്പമുള്ള അനിയനുമായി നടത്തുന്ന ഗുസ്തിയില്‍ പ്രയോഗിച്ച് ഫലപ്രദമെന്ന് കണ്ട ഇടങ്കാലിട്ടു വീഴ്ത്തല്‍,വാരിയെല്ലിനിടി,തലകൊണ്ടിടി, എന്നിവയിലൊക്കെ വിജ്ഞാനവും ഉള്ളതു കൊണ്ടും ക്ലാസ്സിലെ വബ്ബന്‍മാരുമായി വരെ അടി കൂടിയിട്ടുള്ളതും കൊണ്ടു എന്റെ ശത്രുത തീരാന്‍ ഒരവസരം കിട്ടാതെ പോയി.ഒരിക്കല്‍ മാര്‍ച്ചു പാസ്റ്റ് നയിച്ച എന്നെ 'കുളക്കൊഴി' എന്നു വിളിച്ച സഹപാഠിയെ ലോങ്ങ് ജംപ് പിറ്റില്‍ തള്ളിയിട്ട് മൂക്കിലൂം വായിലും കാപ്പിക്കുരു തൊണ്ടു കുത്തിനിറയ്ക്കുകയും പിന്നെയവന്‍ ആശുപത്രി കിടക്ക പുല്കുകയും ചെയ്തതു എന്റെ കുപ്രസിദ്ധി കൂട്ടി.


പക്ഷെ ഈ പരിവേഷം പ്രശ്നമായി തോന്നിതുടങ്ങിയത് കൌമാരത്തിന്റെ വസന്തകാലം വന്നു കഴിഞ്ഞപ്പോളാണ് ‍.പൂര്‍വ്വകാല പരാക്രമങ്ങളും കബടി ടീമിലെ അംഗത്വവും,പിന്നെ ഒന്നാം ബെല്ലടിക്കുന്നതിനു മുന്‍പ് സൈക്കിള്‍ ക്യാരിയറില്‍ വാക്കത്തിയും വച്ച് അല്പം ദൂരെയുള്ള പാടത്തേയ്ക്കു പൊവുന്ന എന്റെ അപ്പന്റെ കപ്പടാ മീശയും,പ്രെമിക്കാന്‍ ആരെയെങ്കിലും തിരഞ്ഞു നടന്ന സെക്കണ്ട് ഹീറോസിനെ പോലും എന്നില്‍ നിന്ന് അര മൈല്‍ ദൂരത്തില്‍ നിര്‍ത്തി.ഫലം ഭാഗ്യവതികളായ കൂട്ടുകാരികള്‍ പ്രായത്തിന്റെ ബോണസ്സായ പ്രേമലെഖനങ്ങള്‍ വായിച്ചു അതിനു മറുപടി എഴുതാന്‍ കുഴയുബ്ബോള്‍ കാവ്യാത്മകമായ പ്രണയ ലേഖനങ്ങള്‍ എഴുതി കൊടുക്കേണ്ട വിധിയായി എനിക്ക്.


പണ്ടെ ഇഷ്ട ഭഗവാനായിരുന്ന ശിവനെപോലെ ഒത്ത ഒരാളെ നോക്കിയിരുന്ന് കണ്ണിലൊഴിക്കുന്ന എണ്ണയും തീര്‍ന്നു തുടങ്ങിയ ഒരു സുപ്രഭാതത്തിലാണ് എന്റെ രാഹുവും ശനിയും ഒക്കെയൊന്നു കളം മാറി ചവിട്ടിയത്.അന്ന് സ്കൂളിന്റെ യുവജനോത്സവ ദിനമായിരുന്നു.കായിക മത്സരങ്ങളുടെ അന്ന്, ട്രാക്കിലും ഗ്രൊണ്ടിലും തിളങ്ങിനിന്ന പയ്യന്‍ 'സിബ്ബളനെന്ന്' മനസ്സില്‍ കരുതുകയും ചെയ്തു.പിന്നെ കലാ മത്സരങ്ങളിള്‍ പുതുമുഖമായ (ആ സ്കൂളില്‍)ഞാനും എന്റെ ടീമും പോയിന്റ്റുകള്‍ നേടുന്നത് കണ്ട് കൌതുകത്തോടെ എന്നെ ശ്രദ്ധിച്ച ആ അധികം സംസാരിക്കാത്ത മുഖം ഞാനും ശ്രദ്ധിച്ചു.
-------------------------------
എന്തിനേറെ പറയുന്നു.കാറ്റും കടലും പോലെ, അങ്ങനെ കേട്ടു പഴകിയ ഒരുപാടു ജോടികളെ പോലെ ഞങ്ങള്‍....
---------------------------------------

ഒരു നനഞ്ഞ പ്രഭാതത്തില്‍ ദൂരെയൊരു നഗരത്തിലെ പ്രശസ്തമായ കായിക സ്കൂളില്‍ തുടര്‍ പഠനത്തിനു തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയുമായി അവന്‍ വന്നു.ഇടവപാതിയിലെ കോരിചൊരിയുന്ന മഴയത്ത് അധികം സംസാരിക്കാനാവാതെ അവന്‍ പോയി.
വിധിയെപറ്റിയും ക്രൂരനായ ദൈവത്തെപറ്റിയും ഞാന്‍ കവിതകളെഴുതിക്കൂട്ടി,ആരും കാണാതെയവ ചിതലരിച്ചു.പിന്നെ പത്താം തരത്തിന്റെ ചൂടില്‍ ഞാനും മുങ്ങിപോയി.
-------------------------------------

ഡിസംബറിലെ മഞ്ഞ് പെയ്യുന്ന തണുപ്പും പാതിരാ കുര്‍ബാനയും കൂടാന്‍ അവധിയെടുത്ത് നാട്ടിലെത്തിയ ഞാന്‍ പുറപ്പെടാന്‍ നില്‍ക്കുന്ന ഒരു ബസ്സില്‍ അരിച്ചിറങ്ങുന്ന തണുപ്പിനെ ആവോളം ആസ്വദിച്ചിരിക്കുകയായിരുന്നു.ആരോ പേര് വിളിക്കുന്നതു കേട്ട് തിരിഞ്ഞു നോക്കവെ മറക്കാനഗ്രഹിക്കാതെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു മുഖം.
എവിടെ ഇപ്പോള്‍....? ചെന്നയില്‍....
താന്‍ എന്ത് ചെയ്യുന്ന്....? ജീവിക്കാനോരോ തൊഴിലുകള്‍.....
അപ്പോള്‍ സ്പൊര്‍റ്റ്സ് ക്വാട്ട...?അതൊക്കെ....പാഴായി പോയ സ്വപ്നം....
ഇതെന്റെ ഭാര്യ......കല്യാണം.......?ഇല്ല വിരഹദുഃഖത്തിലാണ് ഇപ്പൊഴും....

ശവം പൊലെ വിളറി പൊയ അവന്റെ മുഖം കണ്ടപ്പോള്‍ പറയേണ്ടിയിരുന്നില്ല എന്നു തോന്നി.ബസ്സില്‍ നിന്നിറങ്ങി നില്ക്കുന്ന ആ കുഞ്ഞ് കുടുംബത്തെ കണ്ടപ്പോള്‍ എന്നെയും അതിശയിപ്പിച്ചു കൊണ്ട് എന്റെ മനസ്സില്‍ സന്തോഷം തോന്നി.ഭാര്യയുടെ അടിവയറിനു ഒരല്‍പ്പം കനം വച്ചിട്ടുണ്ടെന്നും എന്നാലും എന്നിലും സുന്ദരിയൊന്നും അല്ലെന്നും എന്റെ തൊന്ന്യാസ മനസ്സ് പറഞ്ഞു.
--------------------

അനുപദംഇന്നും മനസ്സില്‍ അടുക്കിപെറുക്കു നടക്കുബ്ബോള്‍ കയ്യില്‍ തടയാറുണ്ടെങ്കിലും പിന്നെയും എടുത്തു വയ്ക്കും."ആദ്യ പ്രണയവും ആദ്യ ചുംബനവും മറക്കാനാവില്ലെന്നു ആരോ പറഞ്ഞിട്ടില്ലേ?

---------------------------------

17 comments:

ദിവാസ്വപ്നം said...

അത് നന്നായിട്ടുണ്ട്. പെട്ടെന്ന് വായിച്ച് തീര്‍ക്കാവുന്ന, വളരെ കുറച്ച് പാരഗ്രാഫുകള്‍ മാത്രമായി, പുതുമയുള്ള ഒരു പ്രണയ/നൈരാശ്യ കഥ.

പ്രേമ സാഫല്യത്തിന്റെ കഥ വല്ലതും സ്റ്റോക്ക് ഉണ്ടെങ്കില്‍ പോരട്ടെ, ചുമ്മാ ഒരു വെറൈറ്റിക്കായിട്ട്.. (തമാശിച്ചതാണ് കേട്ടോ)

Santhosh said...

മ്പ ഇപ്പോഴും തെറ്റിച്ചാണല്ലോ എഴുതുന്നത്. mpa എന്നെഴുതിയാല്‍ മതി.

ബിന്ദു said...

നന്നായിട്ടുണ്ട്‌. :)

Adithyan said...

നന്നായി...നല്ല എഴുത്ത്
:)

ദിവാസ്വപ്നം പറഞ്ഞപോലെ ഇപ്പോള്‍ നൈരാശ്യഗാധകള്‍ക്കാണു മാര്‍ക്കറ്റ് :))

സു | Su said...

അയാള്‍ ഞെട്ടിക്കാണും. പിന്നെയും കണ്ടുമുട്ടിയില്ലേ?
കഥ തുടരട്ടെ.

അനംഗാരി said...

പുതു തലമുറക്ക് ഈ പ്രണയ നൈരാശ്യം അന്യമാണു ലിഡിയ....അവര്‍ പ്രായോഗിക ജീവിതക്കാരാണു ( പ്രാക്റ്റിക്കല്‍). പുളിങ്കൊമ്പ് നോക്കി പ്രണയിക്കുകയും, കാര്യം കഴിയുമ്പോള്‍, യാത്രാമംഗളം ഓതി, പിരിയുകയും ചെയ്യുന്ന പുത്തന്‍ തലമുറക്കാര്‍...പ്രണയം അവര്‍ക്ക്, ഒരു വിനോദ ഉപാധി മാത്രമാകുന്നു...
നൈരാശ്യ ലേഖനം നന്നായി.....

പരസ്പരം said...

നന്നായ് എഴുതിയിരിക്കുന്നു, വീണ്ടും ഇത്തരം അല്ലെങ്കില്‍ ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു.

ലിഡിയ said...

നന്ദി കൂട്ടുകാരെ,
ദിവാസ്വപ്നം,ആദിത്യന്‍- സത്യമായും ഇത് നൈരാശ്യ കഥ അല്ല.ഓര്‍ക്കുമ്പോള്‍ വെദനയൊ, നീറ്റലോ ഒക്കെ തോന്നണ്ടെ നൈരാശ്യമാവാന്‍‍.താലോലിക്കപെടുന്ന ചില ഓര്‍മ്മകള്‍ അത്രെയുള്ളു.
നന്ദി സന്തോഷ്,
പിടിച്ചാല്‍ കിട്ടാത്ത കുറെ കൂട്ടക്ഷരങ്ങള്‍ പ്രശ്നം തരുന്നുണ്ട്.മ്പ കുറെ ശ്രമിച്ചു നൊക്കിയതാ, വീണ്ടും നന്ദി.
നന്ദി ബിന്ദു,കുടിയന്‍,സു...

ഇടിവാള്‍ said...

ലിഡിയ.. നന്നായിരിക്കുന്നു !

ഒരിക്കല്‍ മാര്‍ച്ചു പാസ്റ്റ് നയിച്ച എന്നെ 'കുളക്കൊഴി' എന്നു വിളിച്ച സഹപാഠിയെ ലോങ്ങ് ജംപ് പിറ്റില്‍ തള്ളിയിട്ട് മൂക്കിലൂം വായിലും കാപ്പിക്കുരു തൊണ്ടു കുത്തിനിറയ്ക്കുകയും പിന്നെയവന്‍ ആശുപത്രി കിടക്ക പുല്കുകയും ചെയ്തതു എന്റെ കുപ്രസിദ്ധി കൂട്ടി.

ഇങ്ങളാളു പുലിയാണാല്ലേ ! കമന്റുമ്പോഴും സൂക്ഷിക്കണമല്ലോ ! ;) !

Cibu C J (സിബു) said...

ലിഡിയ, മൊഴിയിലെങ്ങനെയെഴുതും എന്ന് ഇവിടെയുണ്ട്‌

ഏറനാടന്‍ said...

പ്രണയകഥക്കൂട്ടത്തിലേക്കൊരു പൊന്‍തൂവല്‍ കൂടി..ഇഷ്‌ടമായി, പ്രത്യേകിച്ച്‌ ഇതിന്റെ ശൈലി...

Kalesh Kumar said...

കൊള്ളാം ലിഡിയ. നന്നായിരിക്കുന്നു!

ലിഡിയ said...

ഇടിവാളെ :-), ഒരു കാലത്ത് ഒരു കൊടുവാളായിരുന്നു. ഇന്നീ കോര്‍പ്പറേറ്റ് കമ്പനിയില്‍ മാറി മാറി വരുന്ന മാനേജര്‍ തൊലിയന്മാരുടെ ചീത്തയും വിളിയും കേള്‍ക്കുമ്പൊള്‍ ആ ഓര്‍മ്മകളൊക്കെ പല്ലിളിച്ചു കാണിക്കുന്നു:-(

ഏറനാടന്‍ സാറെ :-), താങ്കളുടെ സ്രഷ്ടികളൊക്കെ വായിച്ചതിനു ശേഷം ഇങ്ങനെയൊരു അഭിനന്ദനം ഒരു അഭിമാനമായി കരുതുന്നു.

പല്ലികുഞ്ഞേ :-), ജീവിച്ചു തുടങ്ങിയിട്ടു കുറച്ച് കാലമായില്ലെ, ഇങ്ങനെ കുറേ കഥകള്‍,ആ കപ്പടാ മീശക്കാരന്‍ ചെറിയ വയസ്സില്‍ എന്റെ അഹങ്കാരം തന്നെ ആയിരുന്നു, ആ കഥ ഇനി ഒരിക്കല്‍ പറയാം.

നന്ദി സിബു :-)

-പാറു.

തന്മാത്ര said...

അപ്പൊ, ആ കപ്പട മീശയുടെ പിന്‍ബലമായിരുന്നു ധൈര്യത്തിനാധാരം!!!
ഇപ്പൊ, ആപ്പീസില്‍ ആ പിന്‍ബലമില്ലല്ലോ?!!!
അന്നത്തെ പുലി ഇന്ന് പൂച്ച...
ഹ ഹ ഹ....

കരീം മാഷ്‌ said...

ഭര്‍ത്തവിന്റെ ആദ്യ കാമുകിയെ കാണുന്ന ഭാര്യക്കും ആദ്യ കാമുകന്റെ ഭാര്യയെ കാണുന്ന കാമുകിയുടെയും മനസ്സില്‍ ഒരേ വികാരമല്ലേ?.....

ലിഡിയ said...

തന്മാത്രെ :-) അതിനും മുമ്പെപ്പൊഴൊ എനിക്കാ സുരക്ഷിതത്വം നഷ്ടപെട്ടു.പിന്നെ ഓഫീസിലെ കാര്യം “പരദേശവാസികള്‍ ഞങ്ങള്‍“ എന്നൊരു പാട്ട് പാട്ടുണ്ട് ഞങ്ങള്‍ കൃസ്ത്യാനികള്‍ക്ക്, അത് പൊലെയാണ് ഞാനും, എങ്ങും ഉറച്ചങ്ങ് നില്ക്കാറില്ല ;-)

കരീം :-) പ്രണയിച്ചിട്ടില്ലെ?ഒരു പോലെ ആയിരിക്കില്ല എന്നെനിക്ക് തോന്നുന്നു.

-പാറു.

ഫാര്‍സി said...

പ്രണയത്തിനു കണ്ണും മൂക്കുമൊന്നുമില്ലയെന്നു പറയുന്നത് ശരിയാണൊ?
നന്നായിട്ടവതരിപ്പിച്ചിരിക്കുന്നു....