രാധ
രാധയെ തേടി ഞാനലഞ്ഞു,
ഇരുള്‍വിങ്ങുമിരുട്ടിന്‍ കൈവഴി-
കളിലൂടെ,അഗ്നിപുത്രന്റെ ശോഭ-
പടരുന്ന രാജവീഥികളിലൂടെ..
ഏകാന്തത തന്‍ തുടിതാളമിമ്പ-
മായ് കൊട്ടുമൊരു വിജനതതന്‍-
വിരിമാറിലൂടെ,കുളിരായ് പെയ്-
തിറങ്ങുമീ മഴയിലൂടെ,എന്നന്ത-
രാത്മാവിനെയൊരു തേങ്ങലായ്-
തൊട്ടുണര്‍ത്തുമീ കാറ്റിലൂടെയീ-
ജീവന്റെ തുടിപ്പെന്നോ മാഞ്ഞു-
പോയമരുഭൂമിയിലൂടെ,ഞാന്‍ തേടി,
നിന്നെ കണ്ണന്റെ രാധയെ !
എന്നുമിരുട്ടിനെ കൂട്ടുപിടിച്ചാ കൃഷ്ണ-
ശിലയില്‍ തന്‍ കണ്ണീരര്‍പ്പണം ചെയ്യുവോള്‍.
അറിയാതെ പോലുമെന്നാലുമാ-
മധുരാപതി കാണാതെ മറയുവോള്‍.
ദൂരത്തു നിന്നുമൊഴുകിയെത്തുന്നാ-
വേണു നാദമിമ്പമായ് കെട്ടിടാനായ്-
മാത്രമൊരു ജന്മം നീക്കിവച്ചതില്‍-
സാഫല്യമടയുന്നൊളിവള്‍.
കാളിന്ദി വീണ്ടും കറുത്തുവൊ-
നിന്‍ കണ്ണീരെന്നുമേറ്റ് വാങ്ങിയാ-
വിരഹദുഃഖത്തിന്‍ മൂകസാക്ഷിയായ്.
സ്വപ്നങ്ങളെ മാത്രം മോഹിച്ചവളെ-
ന്നാലതുപോലുമാകാതെ തേങ്ങവെ,
തിരഞ്ഞു ഞാനവളെ, രാധയെ,
കൃഷ്ണന്റെ പ്രിയ ഗോപികയെ.
അറിയാതെ യാത്രയിലെന്നോ-
ഞാനൊരു ദര്‍പ്പണ മുന്നിലെത്തി,
“കണ്ടു ഞാന്‍ “ രാധയെ-
കണ്ണാടിയിലവളുടെ കണ്ണീലണ-
യാതെരിയുന്ന വിരഹത്തെ, അതി-
നിടയിലൂടെത്തിനോക്കുന്നൊരാശ-
തന്‍ തിരിനാളത്തെ, അവിടെ വ്യര്‍ത്ഥ-
സ്വപ്നങ്ങള്‍ തന്‍ ശവദേഹങ്ങളെ,
എന്നുമൊരു നീറുന്ന നോവുമായിടറി-
നീങ്ങുന്ന മനസ്സുമെല്ലാമവിടെ കണ്ടു ഞാന്‍.
തീര്‍ന്നുവോയിവിടെയെന്റെ തീര്‍ത്ഥയാത്ര?
ഇതുതന്നെയൊയെന്നുമതിന്റെയന്ത്യം?
രാധ തന്‍ തേടലായൊരീ യാത്ര-
എത്തിയതീ ദുഃഖസത്യത്തിന്‍ മുന്നിലോ?
അതോ ഇതുമെന്റെ മനസ്സെന്ന-
മായ തന്‍ മറ്റൊരു വിഭ്രാന്തിയോ?
-പാര്‍വതി.



