തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, October 27, 2006

ആത്മാവിന്റെ അനാഥത്വം

വൈകിയെഴുന്നേറ്റ പ്രഭാതത്തിന്റെ മൌഡ്യവുമായാണ് ഞാന്‍ ടി.വി ഓണ്‍ ചെയ്തത്, പ്രഭാത ഗീതങ്ങളും ചിലപ്പോള്‍ കേള്‍ക്കാനാവുന്ന കവിതകളും സന്തോഷം തരും, ഇന്ന് ദേവരാഗം ആയിരുന്നു, പാരിജാതം തിരുമിഴിതുറന്നപ്പോഴും പവിഴമല്ലി പൂത്തപ്പോഴും വിണ്ണിലെ കന്യക നിശാഗന്ധിയായി മണ്ണിലെത്തിയെപ്പോഴും നമ്മളെ അറിയിച്ച കവിയുടെ ഓര്‍മ്മ പുതുക്കല്‍.

പ്രശസ്തരാ‍യ ഒരുപാട് പേരുടെ മുഖങ്ങള്‍ കണ്ടു, ഉദിച്ചുയര്‍ന്ന മേഘജ്യോതിസ്സെന്ന് വിശേഷിപ്പിച്ച ഓ, ഏന്‍. വി. മനുഷ്യന്റെ സുകൃതമെന്ന് പറഞ്ഞ ഭാസ്കരന്‍ മാസ്റ്റര്‍. എന്നാല്‍ എന്റെ മനസ്സില്‍ കുപ്പിച്ചില്ല് കൊണ്ടത് പോലെ തറഞ്ഞത് അവരാരുമായിരുന്നില്ല, പ്രായത്തിന്റെ എല്ലാ ചുളിവുകളും, നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കതയും, മുഖം മൂടിയില്ലാത്ത മുഖവുമായി ഭാരതി തമ്പുരാട്ടി.

എന്റെ മനസ്സില്‍ ഇപ്പോഴും നില്ക്കുന്ന ആ വാക്കുകള്‍ ഞാന്‍ ഒന്നെഴുതി നോക്കട്ടെ..

“പൂക്കളെയും ചെടികളെയും ഒത്തിരി ഇഷ്ടമായിരുന്നു,ഈ പാരിജാതവും പിന്നെ ഒത്തിരി റൊസകളും ഒക്കെ വച്ചു പിടിപ്പിച്ചു, ഇതിനിടയിലൂടെ മിണ്ടാതെ നടക്കും, എഴുതുവാനുള്ള പാട്ടിനെ പറ്റി ആലോചിക്കയാവും, നമുക്കറിയില്ലല്ലോ, ചിലപ്പോല്‍ രാത്രി പെട്ടന്നെഴുന്നേറ്റ് പോയി കുത്തികുറിക്കുന്നത് കാണാം”

“.....ഓര്‍മ്മകളെന്ന് പറയാന്‍....ഇവിടുണ്ടായിരുന്നില്ലല്ലോ, അത് കൊണ്ട് എനിക്കധികം ഓര്‍മ്മകളില്ല, പിന്നെ ഇവിടെ വരുമ്പോള്‍ ആരെങ്കിലും പാട്ട് ചോദിച്ചാല്‍ എഴുതുന്നത് കണിട്ടുണ്ട്:

“.....പിന്നെ ഒരോര്‍മ്മ, അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു, അന്ന് അമ്മയ്ക്ക് വയ്യാണ്ടായി കിടക്കുകയായിരുന്നു, എന്നും മകന്‍ അടുത്ത് വേണമെന്ന് നിര്‍ബദ്ധം. അത് കൊണ്ട് പാട്ട് വേണ്ടവര്‍ക്ക് പറഞ്ഞ് കൊടുത്ത് എഴുതിക്കുകയായിരുന്നു.....ഇവിടെ ചുറ്റും പവിഴമല്ലി മരമായിരുന്നു,........അച്ഛനും മക്കളും ഒരുമിച്ച് വീട്ടിലുണ്ടാവുന്നത് അപൂര്‍വ്വമാണ്,,,,അന്ന് കൊച്ചു മകനെ അടുത്ത് വിളിച്ച് ചൊദിച്ചു....“

“നീ നിന്റെ അമ്മയോട് ചോദിക്ക്...അവള്‍ക്കെന്നെ അറിയാമോന്ന്...ഉം..അവള്‍ പറയും നാല് മക്കളുടെ തന്ത എന്ന്..അല്ലാതെ അവള്‍ക്കൊന്നും അറിയില്ല എന്നെ പറ്റി....അറിയും....ഞാന്‍ പോയി കഴിയുമ്പോള്‍ അവളെന്നെപറ്റി കൂടുതലറിയും...”

“...അപ്പോള്‍ ഞാന്‍ പറഞ്ഞു, വേണ്ട...എനിക്കിപ്പോള്‍ ഉള്ളതൊക്കെ മതി...പോയിക്കഴിഞ്ഞ് കൂടുതലറിയണ്ട...“
“....പിന്നെ അങ്ങനെ തന്നെ സംഭവിച്ചു,....ഒത്തിരി വൈകാതെ തന്നെ പോയി....പിന്നെ ഞാനും അറിഞ്ഞു”

എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ആര്‍ക്കുവേണ്ടിയാണെനിക്കറിയില്ല, കൈവഴികളായി ഒഴുകിപിരിയുന്ന പുഴ കരയുന്നുവോ എന്ന് ആരാഞ്ഞ കവിക്കായിട്ടൊ, അതോ ഏകാന്തമായ ഈ ശില്പത്തിന് വേണ്ടിയോ, അതോ ഈ ഓര്‍മ്മയില്‍ നീറി നീറി ജീവിച്ചുവെന്ന കേട്ട മറ്റൊരാത്മാവിന് വേണ്ടിയോ...മനുഷ്യനെ ചായങ്ങള്‍ തേച്ച് ആട്ടമറിയാത്ത വേദികളില്‍ കൊണ്ട് നിര്‍ത്തുന്ന വിധിയോര്‍ത്തോ..അതോ എന്നെ പറ്റി തന്നെ ഓര്‍ത്തോ..

അറിയില്ല..

--------------------------------------------------
വയലാറിന്റെ പറ്റിയുള്ള കൈരളിയുടെ ഡോക്യുമെന്ററി കണ്ട എന്റെ ചിന്തകള്‍
*ഭാരതി തമ്പുരാട്ടി- വയലാറിന്റെ ഭാര്യ.
---------------------------------------------------
-പാര്‍വതി.

31 comments:

ലിഡിയ said...

പണ്ടോരു ദേവകന്യക ഭൂമിയെ സ്നേഹിച്ചു, അവള്‍ മണ്ണില്‍ ഒരു നിശാഗന്ധിയായ് വിടര്‍ന്നു, രാവെളുക്കും മുന്‍പ് ഒരു സര്‍പ്പത്തിന്റെ വിഷശ്വാസമേറ്റ് അവള്‍ മണ്ണിലടര്‍ന്ന് വീണു..

ഇത് കവിതയോ ജീവിതമോ....ജീവിതത്തില്‍ നിന്ന് തന്നെയല്ലേ കവിതയുണ്ടാവുന്നത് അല്ലേ?

-പാര്‍വതി.

വല്യമ്മായി said...

കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ലല്ലോ

പാച്ചു said...

എല്ലാ വലിയ ആള്‍ക്കാരുടെയും കുടുംബ ജീവിതം ഇങ്ങിനെയൊക്കെതന്നെയാണു.

ക്ഷയം വന്നു മരിക്കുന്ന നേരത്തും ചങ്ങമ്പുഴയുടെ തലയണക്കീഴില്‍ മദ്യക്കുപ്പിയുണ്ടായിരുന്നു.

ആ ഭാര്യ എത്ര മാത്രം സഹിച്ചു കാണും.

തകഴിയെക്കാത്ത കാത്തയെപ്പോലെ..
ഒരാള്‍ ഇതൊക്കെ സഹിക്കുന്നു.

സമൂഹത്തിനു വേണ്ടി....
വരും തലമുറകള്‍ക്കു വേണ്ടി...

മനോജ് കുമാർ വട്ടക്കാട്ട് said...

കലാകാരന്റെ കഴിവുകളെമാത്രം അപ്പാടെ അനുവാചകര്‍ കൈകൊള്ളുന്നു. അയാളുടെ കഴിവുകേടുകളെ, അസ്വസ്ഥതകളെ, ദുശ്ശീലങ്ങളെ കുടുംബവും.

ഒരു സുഹൃത്തിനെ തേടിവരുന്ന കവി അയ്യപ്പന്‍ മദ്യത്തിന്‌ വേണ്ടി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളെ അല്‍ഭുതത്തോടെയാണ്‌ ഞാന്‍ കേട്ടത്‌.

നമ്മള്‍ ആരുടെ പക്ഷം ചേരും?

ലിഡിയ said...

അല്ല പാച്ചൂ എനിക്ക് തോന്നുന്നത് എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനാഥത്വം അനുഭവിക്കുന്നു എന്ന്, ഇന്ന് ഈ പരിപാടി കേട്ടപ്പോള്‍ കവിയും ഭാര്യയും അച്ഛനെ വിരുന്നുകാരനെ പോലെ കാണേണ്ടി വന്ന കുഞ്ഞും ഒക്കെ മനസ്സില്‍ വന്നു.. എല്ലാവരും അനാഥത്വത്തിന്റെ പൂതലിപ്പുകളറിയുന്നു.

ഇല്ല പടിപ്പുരെ ആരെയും കുറ്റം പറയാനോ വിധിക്കാനോ ആയിരുന്നില്ല എഴുതിയത്, എന്നും ഞാന്‍ ഊറങ്ങാന്‍ ശ്രമിച്ച് കിടക്കുമ്പോള്‍ കേള്‍ക്കുന്ന ഗാനങ്ങളുടെ രചയിതാവും ഇത് പോലെ ആള്‍ക്കൂട്ടത്തിലെ ഒറ്റപെട്ടവനായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ അനാഥത്വം, അപ്പോള്‍ അവിടെ തുടങ്ങിയ മറ്റുള്ളവരുടെ അനാഥത്വം, ആത്മാവിന്റെ അനാഥത്വം ആയിരുന്നു വിഷയം.

-പാര്‍വതി.

sreeni sreedharan said...

പാര്‍വ്വതിചേച്ചീ ജീവിതവും, കവിതയും കഥയും ഒന്നും വേറിട്ട് നില്‍ക്കുന്നില്ലാ..

(പാച്ചു: എല്ലാ മഹാന്മാരുടേയും കുടുംബ ജീവിതം...
പാവം എന്‍റെ വുഡ്ബീ.. ;)

Rasheed Chalil said...
This comment has been removed by a blog administrator.
Rasheed Chalil said...

കാവ്യഭാവനയും ജീവിതയാഥര്‍ത്ഥ്യവം എത്ര വ്യത്യസ്ഥം അല്ലേ... പാര്‍വതീ


ഓ.ടോ :
ലോക പ്രസിദ്ധമായ ഒരു ഗ്രന്ഥത്തിലെ ഒരു വാചകം അറിയാതെ ഇവിടെ ഓര്‍ത്ത് പോയി. ഗ്രന്ഥകര്‍ത്താവ് താന്‍ സൃഷ്ടിക്കാനാഗ്രഹിക്കുന്ന ഒരു മാതൃകാ രാജ്യത്തെക്കുറിച്ച് പറയുന്നിടത്ത് ഇതും കൂടി അതില്‍ ഉള്‍പ്പെടുത്തി. ‘ അവിടെ കവികള്‍ ഉണ്ടായിരിക്കുകയില്ല’. ഗ്രന്ഥം പ്ലാറ്റോയുടെ ‘ദി റിപ്പബ്ലിക്ക്’ ആണെന്നാണെന്റെ ഓര്‍മ്മ. എന്നെ ഒരു പാട് ചിന്തിപ്പിച്ച വാചകങ്ങള്‍ ആയിരുന്നു അത്. ഇപ്പോള്‍ പലപ്പോഴും തോന്നാറുണ്ട്. അത് ശരിയാണെന്ന്.

മുസ്തഫ|musthapha said...

എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ആര്‍ക്കുവേണ്ടിയാണെനിക്കറിയില്ല, കൈവഴികളായി ഒഴുകിപിരിയുന്ന പുഴ കരയുന്നുവോ എന്ന് ആരാഞ്ഞ കവിക്കായിട്ടൊ, അതോ ഏകാന്തമായ ഈ ശില്പത്തിന് വേണ്ടിയോ, അതോ ഈ ഓര്‍മ്മയില്‍ നീറി നീറി ജീവിച്ചുവെന്ന കേട്ട മറ്റൊരാത്മാവിന് വേണ്ടിയോ...മനുഷ്യനെ ചായങ്ങള്‍ തേച്ച് ആട്ടമറിയാത്ത വേദികളില്‍ കൊണ്ട് നിര്‍ത്തുന്ന വിധിയോര്‍ത്തോ..അതോ എന്നെ പറ്റി തന്നെ ഓര്‍ത്തോ..


പാര്‍വ്വതി... എത്ര മനോഹരമാണ് താങ്കളുടെ വരികള്‍!

വാളൂരാന്‍ said...

ഏതാണോ ശരി ഏതാണോ തെറ്റ്‌ ഒന്നും അറിയാന്‍ വയ്യ.

അത്തിക്കുര്‍ശി said...

പാര്‍വതി,

താങ്കളുടെ പോസ്റ്റുകള്‍ ഒന്നും വിടാതെ വായിക്കാറുണ്ട്‌. കമന്റിടാന്‍ സാവകാശം കിട്ടാറില്ല!!

ഹൃദയത്തില്‍ തൊടുന്ന വരികള്‍..
നേര്‍ വരകള്‍!!

Anonymous said...

നന്നായി പാറുച്ചേച്ചീ

Kiranz..!! said...

പ്രശസ്തരായ കലാകാരന്മാരുടെ കുടുബംങ്ങള്‍ പലപ്പോഴും അണിയറയില്‍ വായ് മൂടപ്പെട്ടവ്വരായിരിക്കും..

പാറൂസ്..ഒരു ടെക്കിയില്‍ നിന്നും ഇത്ര അനായാസകരമായ ഭാഷ വിരളമായേ കാണാറുള്ളു..മനോഹരമായിരിക്കുന്നു..!

Unknown said...

പാറു ചേച്ചീ,
ഒന്നും നഷ്ടപ്പെടാതെ ഒന്നും നേടാനാവില്ലല്ലോ....

ഓടോ: പച്ചാളം... പാവം വുഡ്ബി അല്ലേ? (പോയി ക്ലബ്ബിലെ മാറാ‍ലയൊക്കെ തട്ടാന്‍ നോക്കഡേയ്. എനിക്ക് ഒറ്റയ്ക്ക് വെയ്യ):-)

ഞാന്‍ ഇരിങ്ങല്‍ said...

പ്രശസ്തരുടെ ഭാര്യമാരും കുടുംബങ്ങളും പലതരത്തിലുള്ള നഷടങ്ങളും സഹിക്കുന്നു. നമ്മളതൊന്നും അറിയുന്നില്ല.
ഭര്‍ത്താവിന്‍റെ ഒരു സാമീപ്യം,ഒരു തലോടല്‍, ഇടയ്ക്കൊരു കൊച്ചു വര്‍ത്തമാനം അങ്ങിനെ . പക്ഷെ പ്രശസ്തരായവര്‍ പൊതു സ്വത്താണല്ലൊ.
ജീവിതം അങ്ങിനെ വിഷമങ്ങളും ആവലാതികളും പൊതിഞ്ഞൊരു ബലിച്ചോറ്. അല്ലേ..

അന്‍‌വര്‍ സാദത്ത് | anwer sadath said...

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണെന്നു തോന്നുന്നു... തിരുവനന്തപുരത്തേക്കുള്ള ഒരു യാത്രക്കിടയില്‍ കാര്‍ ഡ്രൈവര്‍ ഇട്ട വയലാറിന്റെ ഗാനങ്ങള്‍ കാറില്‍ മറ്റെല്ലാവരും ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിരുന്നു കേട്ടതോര്‍ക്കുന്നു...അന്നേ “കാറ്റടിച്ചു...കൊടുങ്കാറ്റടിച്ചു...കായലിലെ വിളക്കുമരം കണ്ണടച്ചു...”. എന്നെഴുതിയ എഴുത്തുകാരനെ ഇഷ്ടമായിരുന്നു...ഇപ്പോഴിതാ...“....പിന്നെ അങ്ങനെ തന്നെ സംഭവിച്ചു,....ഒത്തിരി വൈകാതെ തന്നെ പോയി....പിന്നെ ഞാനും അറിഞ്ഞു”” എന്നു പറയുന്ന ദേവകി തമ്പുരാട്ടി ( ആയമ്മക്ക് ഭാരതി അമ്മ എന്നോരു പേരുണ്ടോ ? വിക്കിയിലെവിടെയോ അങ്ങിനെ വായിച്ചപോലെ ഓര്‍ക്കുന്നു...)...


ഒത്തിരി ഇഷ്ടമാണ് മാഷിനേയും...മാഷിന്റെ പാട്ടുകളും...ഇപ്പോ ഈ ആയമ്മയേയും....


ഞാന്‍ ഉറങ്ങാന്‍ കിടന്നതാണ്..ഇന്നു അവസ്സാനം വായിച്ച പോസ്റ്റാണിത്...പക്ഷേ കമന്റിടാതെ ഉറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല...അത്ര കണ്ടു തീവ്രമാണ്, തമ്പുരാട്ടിയുടെ ഓരോ വാക്കും...നന്ദി പാര്‍വ്വതിചേച്ചി തമ്പുരാട്ടിയെ പരിചയപ്പെടുത്തിയതിന്...

Abdu said...

ഇതൊരു പുതിയ അറിവാണ്, പുതിയ അനുഭവവും,

നന്ദി പാര്‍വതീ

-അബ്ദു-

റീനി said...

പാര്‍വതി, നന്നായി എഴുതിയിരിക്കുന്നു.

കലാകാരന്മാരും അവരുടെ സര്‍ഗശക്തിയും പൊതുസമ്പത്താണന്ന്‌ സമൂഹം വിശ്വസിക്കുന്നു. അപ്പോള്‍ സ്വന്തം കുടുംമ്പാംഗങ്ങള്‍ പരിചിതരായ അപരിചിതരാവുന്നതില്‍ അല്‍ഭുതമില്ലല്ലൊ!

പാച്ചു said...

ഒരു കലാകാരന്റെ സദാചാരം കൊണ്ട്‌ ആര്‍ക്കെന്തു നേട്ടം.?

വൈലോപ്പള്ളിയുടെ ഒരു കവിതയില്‍ തെങ്ങിന്റെ തലയില്‍ എല്ലുകൊണ്ടടിക്കുമ്പൊള്‍ ഉണ്ടാകുന്ന ചോരയാണു കള്ളെന്ന ലഹരി എന്നും,
അതു പോലെ സ്വന്തം ജീവിതം പിഴിഞ്ഞ്‌ അതിന്റെ ആത്മനൊമ്പരമാണു കവി അനുവാചകര്‍ക്കു നല്‍കുന്നതെന്നും വര്‍ണിച്ചിരിക്കുന്നു.

എത്ര സത്യം..

suicide point ലെ പോലത്തെ ജീവിതമായിരുന്നപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ നല്ല കവിത എഴുതി.

ബാങ്കിലെ ജോലിയും സീരിയല്‍ അഭിനയത്തിനും ശേഷം ഒരൊറ്റ നല്ല കവിത എഴിതിയിട്ടുണ്ടൊ?.

ഒരു കവി ജീവിതത്തിലേക്കു പ്രവേശിക്കുമ്പൊള്‍ കവിത നഷ്ടപ്പെടുന്നു.?!

രസകരം തന്നെ..

അതു കൊണ്ട്‌ എല്ലാ കവികളുടെയും കുടുംബ ജീവിതം തകരട്ടെയെന്നും,അങ്ങിനെ അവര്‍ നല്ല കവിത എഴുതട്ടെയെന്നും ആശംസിയ്ക്കണൊ..

നമ്മള്‍ അത്രയ്ക്കും സ്വാര്‍ത്ഥരാവണോ..അതാണു ചോദ്യം.!!

Siju | സിജു said...

കലാകാരന്‍‌മാര്‍ അവരുടെ സ്രിഷ്ടികള്‍ മഹത്തരമാക്കാന്‍ ലഹരികള്‍ തേടി പോകുമ്പോള്‍ തകരുന്നതു അവരുടെ കുടുംബജീവിതവും മനസ്സമാധാനവുമാണ്.
പക്ഷേ, ഇതിനെല്ലാം അപവാധമായിട്ടുള്ളവരും ഉണ്ട്

റീനി said...

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‌ കവിത നവീകരിക്കുവാന്‍ സാധിക്കുന്നില്ല, പഴയ രീതിയില്‍ എഴുതുവാനും മടി. ചുള്ളിക്കാടിനെ അറിയാവുന്നവരാരോ പറഞ്ഞ്‌ കേട്ടതാണ്‌.

Anonymous said...

keep it up

ajikalathera said...

ഓര്‍ക്കുവാനേറെയുണ്ട്
പറയുവാനേറെയുണ്ട്
കാഴ്ചകള്‍ തേടി ഈ വഴി
വന്നിരുന്നു ഞാന്‍
എന്റെ പുഴയുറങ്ങി
പൂക്കളം വാടി
മനസ്സിലായിരം മരിച്ച
വസന്തം മാത്രം

ലിഡിയ said...

പച്ചാളം കാല് മാറാന്‍ തന്നെ തീരുമാനിച്ചു, ആദ്യം ഒരു കണ്ണീ‍ര്‍ കഥ പിന്നെ ലുക്കുള്ള ഒരു സൈറ്റ്, ഇനി?? :-)

നന്ദി e-ways

ഇത്തിരീ വീണ്ടും വന്നതിന് നന്ദി :-)

ഞാന്‍ ഒരു കവിയായത് കൊണ്ടല്ല എഴുതാന്‍ തുനിഞ്ഞത് അവരത് പറഞ്ഞപ്പോള്‍ എനിക്ക് തോന്നി ലോകത്ത് ഒരു കൂട്ടം മനുഷ്യര്‍ ജനിക്കുന്നുണ്ട് പിറവിയിലെ ഒരു അനാഥത്വ ബോധവും പേറി,ജീവിതം മുഴുവന്‍ അവര്‍ക്കൊരു തേടലായിരിക്കും,ചുള്ളികാടോക്കെ അങ്ങനെയായിരുന്നു എന്നെനിക്ക് തോന്നുന്നു, ചുള്ളിക്കാടിന്റെ കവിത നന്നായില്ലെങ്കിലും ജീവിതം നൂല്പാലങ്ങളിലൂടെയുള്ള യാത്രയാക്കിയിരുന്ന ആ മനുഷ്യന്‍ മനസ്സില്‍ സംതൃപ്തനാണ് എന്നറിഞ്ഞാല്‍ ഒത്തിരി സന്തോഷം.

നന്ദി അഗ്രജാ :-)

നന്ദി മുരളീ വന്നതിന് വായ്ച്ച് അഭിപ്രായമറിയിക്കാന്‍ ക്ഷമ കാട്ടിയതിന് :-)

നന്ദി അത്തിക്കുറിശ്ശീ :-)

ഇക്കാസേ, കിരണ്‍സ്, ദില്‍ബൂ, ഇരിങ്ങല്‍, അന്‍വര്‍, ഇടങ്ങള്‍, റീനി, പാച്ചൂ, മുഹമദ്, അജിത്ത് വന്ന് കണ്ട എല്ലാവര്‍ക്കും ഒത്തിരി നന്ദി.

അനോണീ ആളറിയിക്കാതെ വന്ന് അഭിപ്രായമറിയിച്ചതിന് ആയിരം നന്ദി.

-പാര്‍വതി.

പരാജിതന്‍ said...

തണ്റ്റെ ഭര്‍ത്താവ്‌ / ഭാര്യ പ്രതിഭാശക്തിയുള്ള വ്യക്തിയാണെന്ന് തിരിച്ചറിയുന്നതും ആ വ്യക്തിയുടെ പരിശ്രമങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നതും പിന്‍ബലമാകുന്നതുമൊക്കെയല്ലേ കൊച്ചു വര്‍ത്തമാനങ്ങളെക്കാളും ഒരുമിച്ചിരുന്ന് തട്ടുപൊളിപ്പന്‍ സിനിമകള്‍ കാണുന്നതിനെക്കാളുമൊക്കെ ആനന്ദകരം? പക്ഷേ അതൊക്കെ വ്യക്തികളെ ആശ്രയിച്ചിരിക്കും, തീര്‍ച്ചയായും. പിന്നെ, ഉയര്‍ന്ന ബൌദ്ധികജീവിതമുള്ളവരുടെയെല്ലാം ഭാര്യമാര്‍ നിരാശയുള്ളവരായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. സ്ത്രീകളൊക്കെ ഒരു തരം 'പൈങ്കിളി'ജീവികളാനെന്ന് കരുതുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ കഴിയൂ. പിന്നെ, വയലാറിണ്റ്റെ കാര്യം. അദ്ദേഹം ധിഷണാശ്ക്തിയുള്ളയാളും നല്ല മനുഷ്യനും രസികനുമായിരുന്നെന്ന് മലയാറ്റൂരിനെപ്പോലുള്ളവര്‍ എഴുതിക്കണ്ടിട്ടുണ്ട്‌. പക്ഷേ, നല്ല കവിയായിരുന്നില്ല, ഒരിക്കലും. മനോഹരങ്ങളായ കുറെയധികം സിനിമാഗാനങ്ങളെഴുതിയിട്ടുണ്ടെന്നത്‌ സത്യം. പി. ഭാസ്കരനും ഒ.എന്‍.വി. യും ഒരളവു വരെ ശ്രീകുമാരന്‍ തമ്പിയുമൊക്കെ എഴുതിയിട്ടുണ്ട്‌ നല്ല ഗാനങ്ങള്‍. അവരെക്കാളൊക്കെയേറെ മഹത്വമുള്ള ഗാനരചയിതാവാണ്‌ വയലാറെന്ന് വാദിക്കാമെന്നല്ലാതെ തെളിവൊന്നുമില്ല. വയലാറിന്‌ brand value കൂടുതലുണ്ടായിരുന്നു എന്നുള്ളത്‌ സത്യം. അതിന്‌ വേറെയുമുണ്ട്‌ കാരണങ്ങള്‍.
കവിയെന്ന നിലയില്‍ പരിഗണിച്ചാല്‍ എവിടെ നില്‌ക്കും വയലാര്‍? കുട്ടിക്കാലത്ത്‌ വയലാറിണ്റ്റെ കടുത്ത ആരാധകനായിരുന്ന നാളുകളില്‍ എം. കൃഷ്ണന്‍ നായര്‍ വയലാറിനെ 'മാറ്റൊലിക്കവി' എന്നു വിളിച്ചതറിഞ്ഞ്‌ അദ്ദേഹത്തോട്‌ കടുത്ത ദേഷ്യം തോന്നിയിരുന്നു. കൃഷ്ണന്‍ നായര്‍ പറഞ്ഞതില്‍ സത്യമുണ്ടെന്ന് പില്‌ക്കാലത്ത്‌ മനസ്സിലായി. പരന്ന പാണ്ഡിത്യവും വാഗ്കസര്‍ത്തും ഉപരിപ്ളവതയുമാണ്‌ വയലാറിണ്റ്റെ കവിതകളില്‍ കാണുന്നത്‌. കവിതയുടെ കനലാട്ടം വളരെ വിരളം.
റീനിയോട്‌ ഒരു വാക്ക്‌: 'ഒറിജിനല്‍' ആയി എഴുതുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‌ തണ്റ്റെ കവിതയെ നവീകരിക്കാന്‍ കഴിയുന്നില്ല. വയലാറിനാകട്ടെ, കുറച്ചെങ്കിലും 'ഒറിജിനല്‍' ആയി (കവിയെന്ന നിലയില്‍) എഴുതാന്‍ കഴിഞ്ഞതേ വളരെ അപൂര്‍വ്വം. ബാലചന്ദ്രന്‍ തന്നെ എന്തു കൊണ്ടും ഭേദം!

Anonymous said...

പരാജിതന്‍,
താങ്കള്‍ പറഞ്ഞതു ശരിയാണു്‌.
ആരാധകരുടെ വൈകാരികതക്കപ്പുറം പോയി നിന്നാല്‍, വയലാര്‍ക്കവിതകളില്‍ നമുക്കു കാണാന്‍ കഴിയുക, ഇടപ്പള്ളിശൈലിയുടെ ഒരു തുടര്‍ച്ച മാത്രമാണു്‌. ആ ശൈലിയും കാല്പനികതയും സൃഷ്ടിച്ച ആസ്വാദനപശ്ചാത്തലം അന്നു നിലനിന്നിരുന്നു എന്നു വേണം കരുതാന്‍. സാമന്യജനത്തിനു അതുകൊണ്ടു തന്നെ വയലാറിനോടു വേഗം അടുക്കാന്‍ കഴിഞ്ഞു. ഏതാനും നല്ല വരികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട് എന്നതു ശരി തന്നെ!, പക്ഷേ ഒരുപാടെഴുതിക്കൂട്ടിയവക്കിടയില്‍ അവ തീരെക്കുറവാണെന്നു മാത്രം.
ജനപ്രിയകവി എന്നദ്ദേഹത്തെ വിളിക്കാം.
സുഗതകുമാരിയും ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊക്കെ അദ്ദേഹത്തെക്കാള്‍ മികച്ച കവികളാണു്‌.

വയലാറിന്റെ ആരാധകര്‍ പൊറുക്കുമോ?

പാര്‍വതീ, ടോപിക് മാറിയുള്ള കമന്റാണു. കുഴപ്പമില്ലല്ലോ?

ലിഡിയ said...

മനുഷ്യന്‍ ഭാഷ സൃഷ്ടിച്ചതില്‍ എവിടെയാണ് തെറ്റ് സംഭവിച്ചത്, എന്ത് കൊണ്ടാണ് ഒരിക്കലും നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുവാന്‍ ആവാത്തതെന്താണ്? മനുഷ്യന്റെ എല്ലാ ബുദ്ധിക്കും പകരം ദൈവം നന്ന ശാപമാണൊ ഇത്..

ഞാന്‍ എഴുതുമ്പോള്‍ വയലാറോ കവിയോ ഒന്നും ഉണ്ടായിരുന്നില്ല എന്റെ മനസ്സില്‍ എന്റെ കൂട്ടുകാരെ, സ്വയം ഒറ്റപെടുകയും അത് കാരണം മറ്റ് പല ജീവിതങ്ങളും ഒറ്റപെടുകയും സംഭവിച്ച ജീവിതത്തിന്റെ ആ നാടകങ്ങളെ ഓര്‍ത്താണ് എന്റെ കണ്ണ് നിറഞ്ഞത്.

എന്നെ മനസ്സിലാക്കൂ...പറയാത്ത ഒരു വിവാദത്തിന് മേല്‍ ഇനി ഇവിടെ അരങ്ങൊരുങ്ങരുതേ..

എന്നെ പോലെ എന്റെ വാക്കുകളും മരിക്കാന്‍ തുടങ്ങിയിരിക്കുന്നു

-പാര്‍വതി.

പരാജിതന്‍ said...

ഹയ്യോ! പാര്‍വതിയെ വേദനിപ്പിക്കാനായോ പാര്‍വതി പറഞ്ഞതിനെ വിവാദമാക്കാനായോ ഒന്നും എഴുതിയതല്ല. കമണ്റ്റുകളില്‍ കണ്ട ചില നിരീക്ഷണങ്ങളോട്‌ പ്രതികരിച്ചുവെന്ന് മാത്രം. പോസ്റ്റില്‍ വിവാദത്തിനോ തര്‍ക്കത്തിനോ തക്ക പ്രകോപനങ്ങളൊന്നുമില്ല താനും. നവന്‍ പറഞ്ഞതു പോലെ, ഒോഫ്‌ ടോപിക്കിന്‌ മാപ്പ്‌.

പാച്ചു said...

ഒരിയ്ക്കല്‍ വയലാറിന്റെ ഗാനത്തിന്റെ അര്‍ത്ഥ സമ്പുഷ്ടിയെപ്പറ്റി വാചാലനായ ഒരാളോട്‌ ഞാന്‍

"ഇന്ദ്രവല്ലരി പൂ ചൂടി വരും"..
എന്ന ഗാനത്തിലെ ഇന്ദ്രവല്ലരിയുടെ അര്‍ത്ഥം ചോദിച്ചു.

ആളെപ്പിന്നെ കണി കണ്ടിട്ടില്ല.

അത്രേ ഒള്ളൂ അനുവാചകരുടെ കാര്യം.
അവരെന്തിങ്കിലുമൊക്കെ പറഞ്ഞൊണ്ടിരിക്കും.

പാര്‍വതി പറഞ്ഞതു എല്ലാര്‍ക്കും മനസ്സിലായി.പക്ഷെ അനുവാചകരായിപ്പൊയില്ലേ...എന്തിങ്കിലുമൊക്കെ പറഞ്ഞൊണ്ടിരിക്കാം എന്നി വെച്ചു.

ദാ നിര്‍ത്തി.

അനംഗാരി said...

പാറൂ,
എല്ലാവര്‍ഷവും, പുന്നപ്ര-വയലാര്‍ രക്തസാക്ഷി അനുസ്മരണവും, വയലാര്‍ അനുസ്മരണവും ഒരേ സമയമാണ് വരിക.ആ ദിവസം വയലാറിന്റെ വീട്ടില്‍ കഴിയുന്നവരൊക്കെ പോകും.അഞ്ജലീ ബദ്ധരായി നില്‍ക്കും. എല്ലാവര്‍ഷവും മുടങ്ങാതെ പോകുമായിരുന്ന ഒരാളാണ് ഞാന്‍.പണ്ടൊരിക്കല്‍ വയലാറിന്റെ മകനെ (ഇപ്പോള്‍ കവി) പരിചയപ്പെട്ടതും ഓര്‍ക്കുന്നു.ഇപ്പോള്‍ ഇവിടെയായതിന് ശേഷം കഴിഞ്ഞിട്ടില്ല.ഭാരതി തമ്പുരാട്ടിയെകുറിച്ച് പറയുമ്പോള്‍ തന്നെ വയലാറിന്റെ ആദ്യ ഭാര്യയെ കുറിച്ചാണ് എനിക്ക് ഓര്‍മ്മ വരിക.ജീവിത കാലം മുഴുവന്‍ പ്രിയതമന്‍ അനുജത്തിയുടെ കൂടെ ജീവിക്കുന്നത് കാണേണ്ടി വന്ന ആ പാവം തമ്പുരാട്ടിയെ.

Peelikkutty!!!!! said...

ഞാനും വിടാതെ കണ്ടിരുന്നു വയലാറിന്റെ ഓര്‍മ്മ പുതുക്കുന്ന ഡൊക്യുമെന്ററികള്‍..എന്തു കാര്യം!!!പാര്‍വതി എത്ര മനോഹരമായിട്ടാ ആ ഒരു ഫീല്‍ എഴുത്തിലൂടെ അറിയിച്ചത്...