തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Sunday, October 08, 2006

മടക്കയാത്ര.

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സാന്ത്വനയിരുള്‍.
ഉണ്ണിയായ് പിന്നെയും നിന്‍ മടിത്തട്ടില്‍-
ഒരു ശുഭമുഹൂര്‍ത്തത്തില്‍ പിറക്കാന്‍.

നിന്റെ താരാട്ടിനീണങ്ങള്‍ കേട്ടിടാ-
നമൃതായ് നീയൂട്ടിയതൊക്കെയും വാങ്ങുവാന്‍,
അമ്പിളിമാമനും താരകള്‍ കൂട്ടവും,അച്ഛന്റെ-
കഥയും കേട്ടു പിന്നെയുമുറങ്ങാന്‍.

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സാന്ത്വനയിരുള്‍

മുറ്റത്തെ പൂവിന്‍ മധുനുകര്‍ന്നെത്തിയൊ-
രാ തുമ്പിയെ തന്നെന്റെ മോഹമാറ്റവേ,
അറിയാത്തൊരെന്റെ കൈയാലതിന്‍-
ചിറകൊടിഞ്ഞതിന്‍ പാപം തീര്‍ക്കാന്‍.

നിന്റെ വിയര്‍പ്പും സ്നേഹവും ചാലിച്ച്-
നീ തന്നൊരുരുളകള്‍ മണ്ണിലെറിയവെ,
നിന്റെ കണ്ണില്‍ പൊടിഞ്ഞൊരാ തുള്ളിയാ-
ലെന്നെ പൊള്ളിക്കുമീ വേനലില്‍ ചൂടാറ്റാന്‍

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സാന്ത്വനയിരുള്‍.

കാലത്തിന്‍ മുമ്പിലൊരു കളിക്കോലമായ്-
കാവടികെട്ടിയാടുവാന്‍ വിധിക്കവെ.
കാക്കാതെപോയതെന്നെയെന്തു നിന്‍-
പ്രാര്‍ത്ഥനകുളി,രാതുമ്പി തന്‍ ശാപമോ?

വിണ്ടുകീറുന്ന മണ്‍പാടങ്ങലെത്ര തുടിക്കുമാ-
വേനല്‍മഴതന്റെ കുളിരിനെന്ന പോലെ-
അമ്മേ നിന്‍ സാന്ത്വന കുളിര്‍ തേടുന്നു-
ഞാനൊരു നീണ്ട രാവിന്റെയിരുള്‍ തേടുന്നു.

-പാര്‍വതി.

40 comments:

ലിഡിയ said...

പാര്‍വതി said...
ഒരുമടക്കയാത്ര കൊതിക്കുന്ന മനസ്സ്..അറിയാതെ ചെയ്ത പാപങ്ങള്‍ തിരുത്താനൊരവസരം,അതിന്റെ ചൂടില്‍ പൊള്ളുന്നൊരീയുണ്മയില്‍ നിന്നൊരു മോചനം.
നിശബ്ദമായ നന്മയുടെ ആ ഉറക്കം എന്നോ കൈവിട്ടു പോയോ..?

-പാര്‍വതി

വല്യമ്മായി said...

പലപ്പോഴും ആഗ്രഹിച്ച് പോകുന്ന മടക്കയാത്ര.നന്നായിരിക്കുന്നു.

Physel said...

“പിന്നെയും ശങ്കരന്‍ തെങ്ങില്‍ തന്നെ” എന്നു പറഞ്ഞ പോലായല്ലോ പാര്‍വതീടെ കാര്യം? മനോഹരമായ ഒരാശയം വീണുകിട്ടിയാല്‍ അതപ്പൊ തന്നെ കവിതയാക്കണം എന്നെന്തിനാ ഇത്ര വാശി? അതൊന്ന് പാകപ്പെടാനുള്ള സമയം കൊടുത്തൂടേ...?

കാലത്തിന്‍ മുമ്പിലൊരു കളിക്കോലമായ്-
കാവടികെട്ടിയാടുവാന്‍ വിധിക്കവെ.
കാക്കാതെപോയതെന്നെയെന്തു നിന്‍
പ്രാര്‍ത്ഥനകുളി,രാതുമ്പി തന്‍ ശാപമോ?

വിണ്ടുകീറുന്ന മണ്‍പാടങ്ങലെത്ര തുടിക്കുമാ-
വേനല്‍മഴതന്റെ കുളിരിനെന്ന പോലെ-
അമ്മേ നിന്‍ സ്വാന്തനത്തിന്‍ കുളിര്‍ തേടുന്നു-
ഞാനൊരു നീണ്ട രാവിന്റെയിരുള്‍ തേടുന്നു.

ഇത്രേം വരികള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിവരികളില്‍ ഗദ്യം മുറിഞ്ഞ് പദ്യമായ ഒരു പ്രതീതി!

നിന്റെ താരാട്ട് കേട്ട് പിന്നെയുമുറങ്ങാന്‍-
നീയുരുട്ടുന്നോരുരുളകളിന്‍ അമൃതം നുണയാന്‍
അമ്പിളിമാമനും താരകള്‍ കൂട്ടവും,അച്ഛന്റെ-
കഥയും കേട്ടു പിന്നെയുമുറങ്ങാന്‍

ഇവിടെ “പിന്നെയുമുറങ്ങാന്‍” എന്ന വാക്ക് ആവര്‍ത്തിച്ചുവന്നത് ആ വരികളുടെ ഭംഗി കെടുത്തിക്കളയുകയും ചെയ്തു!

സ്ഥിരമായി വായിക്കുന്ന എഴുത്തുകാരിയായതുകൊണ്ടും, സ്വപ്നം കാണാനുള്ള മനസ്സും, എഴുതാനുള്ള കഴിവും ദൈവം അനുഗ്രഹിച്ചുതന്ന ചുരുക്കം ചില അനുഗ്രഹീതരില്‍ പെട്ട ഒരാളാണ് പാര്‍വതി എന്നുറപ്പൂള്ളത് കൊണ്ടുമാണ്, ഇങ്ങനെ കാണുമ്പോള്‍ സങ്കടം തോന്നുന്നതും..അത് തുറന്നു തന്നെ പറയുന്നതും..
ഇത്രയും പറഞ്ഞത് പാര്‍വതിയുടെ കാല്പനിക ഹൃദയത്തെ മുറിപ്പെടുത്തിയെങ്കില്‍, ഉദ്ദേശ ശുദ്ധിയാല്‍ എനിക്ക് മാപ്പു തരിക!

ലിഡിയ said...

നന്ദി വല്യമ്മായീ

ഒരിക്കലും ഇല്ല ഫൈസല്‍,എന്റെ ന്യൂനതയായി എനിക്കും തോന്നുന്നത് അത് തന്നെയാണ്..ഇത് എന്റെ മനസ്സിന്റെ വാക്കുകള്‍ മാത്രമാണ്.അത് വരുന്നത് പോലെ എഴുതിവയ്ക്കുകയാണെന്ന് തോന്നുന്നു.ഈ വാക്കുകള്‍ നന്നാവാനുള്ള അനുഗ്രഹം മാത്രമാണെന്ന് നന്നായറിയാം,അത് അതേ ഉത്തരവാദിത്വത്തോടേ സ്വീകരിക്കുന്നു.താങ്കളെ നിരാശപെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു..

-പാര്‍വതി.

sreeni sreedharan said...

കവിത നന്നായി;
ഇതിന്‍റെ തന്നെ, അമ്മ ആഗ്രഹിക്കുന്ന ഒരു വെര്‍ഷനും കൂടി എഴുതാവോ?

വേണു venu said...

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സ്വാന്തനയിരുള്‍.

ഇല്ല പാറൂ ഇല്ല.
കവിത എനിക്കിഷ്ടമായി.

കരീം മാഷ്‌ said...

വിണ്ടുകീറുന്ന മണ്‍പാടങ്ങലെത്ര തുടിക്കുമാ-
വേനല്‍മഴതന്റെ കുളിരിനെന്ന പോലെ-

ഈ വിണ്ടുകീറിയ പാടശേഖരങളും ദു:ഖം ഖനീഭവിച്ച ഹൃദയവും സഹിക്കാന്‍ കഴിയിണില്ല പാര്‍വതി.
എന്താണിത്ര ദു;ഖം?
മനസ്സില്‍ വല്ലാത്തോരു നോമ്പരം.

വിനോദ്, വൈക്കം said...

കവിത വായിക്കുമ്പോള്‍ കണ്ണിനൊരു മൂടല്‍ വന്നു. പിന്നീടറിഞ്ഞു നനവായിരുന്നെന്ന്..
നന്നായിരിക്കുന്നു പാര്‍വ്വതി..
ഫൈസലിന്റെ ശ്രമവും നന്ന്..

ലിഡിയ said...

പച്ചാളം കുട്ടീ..ഒരു കവിത പഴയതുണ്ട്..അത് പോസ്റ്റ് ചെയ്യാം,ഇഷ്ടമായോന്ന് പറയണം.

വേണൂ..അമ്മയുടെ ഗര്‍ഭപാത്രത്തിലും മരണത്തിന്റെ മടിയിലുമാണ് ഏറ്റവും ശാന്തമായ ഉറക്കമെന്ന് അറിവ്.

കരീമാഷേ :-) അറിയില്ല ..അസ്ഥിത്വ ദുഃഖം ആവാം, :-) എപ്പോഴും മനസ്സിന് പൊള്ളുന്ന റോട്ടിലൂടെ വിശക്കുന്ന വയറുമായി നടക്കുന്ന നായുടെ ഭാവം.

നന്ദി വൈക്കന്‍

-പാര്‍വതി

വിഷ്ണു പ്രസാദ് said...

ഗര്‍ഭപാത്രത്തിലേക്ക് തിരിച്ച് പോകാനുള്ള ആഗ്രഹം
സര്‍ഗവൃത്തിയിലേര്‍പ്പെടുന്നവര്‍ക്കൊക്കെ ഉണ്ടാകാവുന്ന ഒന്നാണ്.ജീവിതത്തെ പുതുക്കുകയാണ്
ഏറ്റവും ആയാസകരമായ കാര്യം.

Unknown said...

സത്യം പറയാല്ലോ.. എന്റെ കണ്ണു നിറഞ്ഞു..ദാ..ഈ വാക്കുകള്‍ എഴുതുമ്പോള്‍ കീ ബോറ്ഡില്‍ ഒരു മങ്ങല്‍, കണ്ണിരിന്റെ..

Rasheed Chalil said...

പാര്‍വ്വതീ നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടമായി.

Promod P P said...

പാര്‍വതി..
കവിത നന്നായിട്ടുണ്ട്‌.
ഒന്നുകൂടെ ചിട്ടപ്പെടുത്തിയിരുനെങ്കില്‍ ഇതിലും നന്നാകുമായിരുന്നു.

പിന്നെ, അസ്തിത്വ ദു:ഖം എന്നാണ്‌ ശരി എന്ന് തോന്നുന്നു. അസ്ഥിത്വം അല്ല എന്നാണ്‌ എന്റെ വിശ്വാസം.എനിക്ക്‌ ഉറപ്പില്ല. കണ്ണൂസിന്റെ പ്രൊഫെയിലില്‍ അസ്തിത്വം എന്നും,ഉമേഷ്ജിയുടെ ബ്ലൊഗില്‍ എവിടെയൊ അസ്ഥിത്വം എന്നും (എഴുതിയത്‌ ഉമേഷ്ജി അല്ല) എഴുതിക്കണ്ടു.

തറവാടി said...

പാര്‍വ്വതി നന്നായിരിക്കുന്നു

ഇടിവാള്‍ said...

പാറൂ, കൊള്ളാം നല്ല വരികള്‍.. പെരുത്തിസ്ടായി.. അതുകൊണ്ടു തന്നെ..

ഞാന്‍ അമ്മയോടു ഈ വരികള്‍ പറഞ്ഞു .. അപ്പോ അമ്മ പറയുകയാ..

“ഒന്നു പോയേര ചെക്കാ, അഞ്ചു വയസ്സു വരെ നിന്റെ കുരുത്തക്കേടു സഹിച്ചത് ഞാന്‍ മറക്കില്ല.. ഇനീം എന്നെ ദ്രോഹിക്കാനാ നിന്റെ ഉദ്ദേശം ല്ലേ” എന്ന്..

അനവസരത്തിലെ ക്വാമഡി.. അറിയാം .. ഹി ഹി..

ചമ്പക്കാടന്‍ said...

പാര്‍വതീ,
നല്ല ആശയം. നന്നായിരിക്കുന്നു.
കവിതയല്ലേ, ആത്മപ്രകാശനം എന്നു കരുതിയാല്‍ ഗദ്യം കടന്നുകൂടിയതിന്റെ അഭംഗി കുറയില്ലേ ഫൈസലേ? ആശയം ഉള്ളില്‍ തിളയ്ക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വരുന്നതാവും എന്നാണ് എനിക്കു തോന്നുന്നത്.

റീനി said...

പാര്‍വതി, കവിത നന്നായിരിക്കുന്നു.

അല്‍പ്പം ദുഖവും നൈരാശ്യവും മനസ്സില്‍ ഉള്ളപ്പോഴാണ്‌ നല്ല കലാസൃഷ്ട്ടികള്‍ പലര്‍ക്കും വരുന്നതെന്ന്‌ ഈയിടെ എവിടെയോ വായിച്ചു.

asdfasdf asfdasdf said...

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സ്വാന്തനയിരുള്‍.

അതൊക്കെ വലിയ പാടാ കുട്ട്യേ..

നന്നായിട്ടുണ്ട് പാറുചേച്ച്യേ..

സൂര്യോദയം said...

പര്‍വ്വതീ, നന്നായിരിക്കുന്നു ആശയം... ആ സുരക്ഷിതത്ത്വത്തിന്റെ സുഖം വീണ്ടും അനുഭവിക്കാനും പലതും തിരുത്താനും കഴിയുക എന്നത്‌ നല്ലൊരു ആഗ്രഹം....

പക്ഷെ...

'വീണ്ടുമെന്‍ ശൈശവകാലത്തിന്‍ അജ്ഞത
ചെയ്യിക്കുമോയെന്നെ പാപത്തിന്‍ ലീലകള്‍
പലതും തിരുത്താന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍
തിരുത്തപ്പെടുമോ പല ശരിയായ ചെയ്തികള്‍'

Kalesh Kumar said...

രാവിലെ എന്റെ അമ്മച്ചിയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി പാര്‍വ്വതി. നന്നായിട്ടൂണ്ട് കവിത

ശാലിനി said...

"ഉണ്ണിയായ് പിന്നെയും നിന്‍ മടിത്തട്ടില്‍-
ഒരു ശുഭമുഹൂര്‍ത്തത്തില്‍ പിറക്കാന്‍."

എനിക്കും തോന്നാറുണ്ട് ഒന്നു പോയി വന്നാലോ എന്ന്. നന്നായിട്ടുണ്ട്.

mydailypassiveincome said...

പാര്‍വതി,

മഞ്ഞുതുള്ളി പറഞ്ഞ പോലെ എന്റെ കണ്ണുകളും നിറഞ്ഞു.. ഇന്നലെ മമ്മൂട്ടിയുടെ ബസ്കണ്ടക്ടര്‍ കണ്ടും ഇതുപോലെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചില സൃഷ്ടികള്‍ മനസ്സിന്റെ ഉള്ളില്‍ എത്ര പെട്ടെന്നാണ് ചലനങ്ങള്‍ സൃഷ്ടിക്കുന്നത്. ഇനിയും പോരട്ടേ കവിതകള്‍. ആശംസകള്‍..

ഞാന്‍ ഇരിങ്ങല്‍ said...

ഇന്നു ആദ്യം വായിച്ച ബോഗ് പാര്‍വ്വതിയുടെ മടക്കയാത്രയാണ്. രാവിലെ മുതല്‍ നെറ്റ് കണക് ഷന്‍ പ്രൊബ്ലം ആയിരുന്നു.
ഒരു പാട് തവണ ആലോചിച്ച ഒരു കാര്യമാണ്. വീണ്ടുമൊരു കുഞ്ഞായ് പിറക്കാന്‍. അതിനു വഴിയില്ലല്ലോന്ന് ഓര്‍ത്ത് പണ്ടൊക്കെ ദു:ഖം പോലും വന്നിട്ടുണ്ട്. ഇപ്പോള്‍ പാര്‍വ്വതിയുടെ കവിത. നന്നായി.
ഫൈസല്‍, തഥാഗതന്‍ പറഞ്ഞതുപോലെ ചെറിയ ചില ന്യൂനതകള്‍ ഉണ്ട്. ഒരു പാകമാകത്ത പ്രതീതി. ആവശ്യമെങ്കില്‍ വീണ്ടും തിരുത്തവുന്നതേ ഉള്ളൂ.
വീണ്ടും ഒരു കീറി മുറിപ്പിന്‍ ഇന്ന് ഞാനില്ല. മൂഡ് അത്ര ശരിയല്ല.
നന്ദി പാര്‍വ്വതി.

Anonymous said...

മടക്കയാത്ര നല്ലതു തന്നെ എന്ന് ഇപ്പോള്‍ തോന്നും പാര്‍വതീ. പക്ഷേ, ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയില്‍ ഉള്ള ത്രില്ലൊന്നും ഈ മടക്കയാത്രയ്‌ക്ക് ഉണ്ടെന്ന് തോന്നുന്നില്ല.പാര്‍വതിയുടെ കവിത നന്നായി. മനസിനെ ഇടയ്ക്കൊന്നു ശുദ്ധീകരിക്കാന്‍ ഇതു പോലുള്ള നല്ല കവിതകള്‍ ഉപകരിക്കും. തുടരുക, ഈ കാവ്യവഴി..

Steve de Ron said...

മടക്കയാത്ര നല്ലതു തന്നെ എന്ന് ഇപ്പോള്‍ തോന്നും പാര്‍വതീ. പക്ഷേ, ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയില്‍ ഉള്ള ത്രില്ലൊന്നും ഈ മടക്കയാത്രയ്‌ക്ക് ഉണ്ടെന്ന് തോന്നുന്നില്ല.പാര്‍വതിയുടെ കവിത നന്നായി. മനസിനെ ഇടയ്ക്കൊന്നു ശുദ്ധീകരിക്കാന്‍ ഇതു പോലുള്ള നല്ല കവിതകള്‍ ഉപകരിക്കും. തുടരുക, ഈ കാവ്യവഴി..

ചില നേരത്ത്.. said...

കവിത വായിച്ചു.
സാന്ത്വനമല്ലേ ശരിയായ വാക്ക്? സ്വാന്തനമെന്ന വാക്കിന്‍ വേറെയര്‍ത്ഥമുണ്ടോ?

ലിഡിയ said...

അല്പം തിരുത്തി..എന്തോ എനിക്കെന്നെ തന്നെ ഇഷ്ടമില്ലാത്ത നേരത്തായിരുന്നിരിക്കും ഇന്നലെ ഇത് ഇരുന്നെഴുതിയത്..മനസ്സിന്റെ ഭാവമായി വായിച്ചനുഭവിച്ചരോടെല്ലാം നന്ദി..ഹൃദയം നിറഞ്ഞ നന്ദി.

കവിതയായി കണ്ട് നിരാശപെട്ടവരോടെല്ലാം ക്ഷമ..ഹൃദയത്തില്‍ തട്ടിയുള്ള ക്ഷമാപണം..അല്പം തിരുത്തിയിട്ടുണ്ട്..

ആരെങ്കിലു ഉമേഷേട്ടന്റെ “അക്ഷരതെറ്റുകളുടെ പേജി“ന്റെ ലിങ്ക് തരാമോ.പെട്ടന്നൊരു നിമിഷം ഒത്തിരി സംശയങ്ങള്‍.

-പാര്‍വതി.

Aravishiva said...

കവിതയും കവിതയുടെ ആശയവും വളരെ നന്നായിരിയ്ക്കുന്നു....

ഉമേഷ്::Umesh said...

തഥാഗതാ,

“അസ്തിത്വം” തന്നെ ശരി. “അസ്ഥിത്വം” ഒരു തമാശയായതു് എന്റെ ബ്ലോഗിലല്ല-ഇവിടെ ആണു്.

പാര്‍വ്വതീ,
അക്ഷരത്തെറ്റുകളുടെ ലിങ്ക് ഇവിടെ ഉണ്ടു്. അല്ലെങ്കില്‍ എന്റെ ബ്ലോഗില്‍ പോയാല്‍ ഇടത്തുവശത്തു മുകളിലായി ഒരു ലിങ്കുണ്ടു്.

Physel said...

ഇനി ഇതൊന്ന് അനംഗാരി ചൊല്ലിക്കൂടി കേട്ടാല്‍ ഭേഷായി...
പാര്‍വതീ,
വിണ്ടുകീറുന്ന മണ്‍പാടങ്ങളെത്ര തുടിക്കുമാ-
വേനല്‍മഴതന്റെ കുളിരിനെന്ന പോലെ-
അമ്മേ നിന്‍ സ്വാന്തനത്തിന്‍ കുളിര്‍ തേടുന്നു-
ഞാനൊരു നീണ്ട രാവിന്റെയിരുള്‍ തേടുന്നു.

ഇ വരികള്‍ ഉറവയെടുത്ത മനസ്സിന് കൂപ്പുകൈ!

അനംഗാരി said...

പാറൂ, ഞാന്‍ പകര്‍പ്പ് എടുത്ത് വെച്ചിട്ടുണ്ട്. തീര്‍ച്ചയായും ഞാന്‍ ചൊല്ലാം. അമ്മയ്ക്കുള്ള മറ്റൊരു സമ്മാനം.കവിത അതിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്.

ഇടിവാള്‍ said...

അനംഗാരി...

പാറുവിന്റെ ഈ കവിത ചൊല്ലി പോസ്റ്റു ചെയ്താല്‍ സന്തോഷം. ഇതെനിക്കൊന്നു കേള്‍ക്കണമെന്നു ആ‍ഗ്രഹമുണ്ട്.

ബ്ലോഗുകളുടേയും, പോസ്റ്റുകളുടേയും ആധിക്യം മൂലം പല നല്ല പോസ്റ്റിങ്ങുകളും മിസ്സാവുന്നു. ഈ കവിത ചൊല്ലി പൊസ്റ്റിയാം ഒന്നറിയിക്കണേ..

അനംഗാരി said...

ഇടിവാള്‍: തീര്‍ച്ചയായും ഞാന്‍ അറിയിക്കാം.
ഫൈസലും ആവശ്യപ്പെട്ടിട്ടുണ്ട്.

Sanal Kumar Sasidharan said...

paadumpol valichu neeti paadaruthu.swaram nallathu thanne.Oru moolippattinte sukham athu vere thanne.

ലിഡിയ said...

ശിവാ നന്ദി

ഉമേഷേട്ടാ..കഴിഞ്ഞദിവസം കരീം മാഷിന്റെ കുറച്ച് സംശയങ്ങളും കണ്ടിരുന്നു,ഇങ്ങനെ പറഞ്ഞുതരുന്നവ അതില്‍ കൂട്ടിചേര്‍ക്കാമോ,അപ്പോള്‍ ഭാവിയില്‍ എല്ലാവര്‍ക്കും ഉപകാരപെടുമല്ലോ.

ഫൈസല്‍ ഈ അഭിനന്ദനത്തില്‍ മനസ്സ് നിറഞ്ഞു,ഫലവൃക്ഷത്തിന്റെ ശിരസ്സ് താഴ്ന്ന് നില്‍ക്കുന്നത് പോലെ എന്നിലും അഹങ്കാരം നിറയാതിരിക്കട്ടെ..ദൈവത്തിനോട് പ്രാര്‍ത്ഥന.

അനംഗാരീ ഇടിവാളിനും ഫൈസലിനും പിന്നെ എനിക്കും വേണ്ടി ഈ കവിത ഈണമിട്ട് ആലപിക്കുമോ,കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

-പാര്‍വതി.

കര്‍ണ്ണന്‍ said...

"നിന്റെ വിയര്‍പ്പും സ്നേഹവും ചാലിച്ച്-
നീ തന്നൊരുരുളകള്‍ മണ്ണിലെറിയവെ,
നിന്റെ കണ്ണില്‍ പൊടിഞ്ഞൊരാ തുള്ളിയാ-
ലെന്നെ പൊള്ളിക്കുമീ വേനലില്‍ ചൂടാറ്റാന്‍"
ഇത് പ്രണയമാണെന്നു കരുതുന്നു. കാമവും പ്രണയം തന്നെയാണെന്നു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍

Murali K Menon said...

സങ്കല്പം എനിക്കിഷ്ടമായി. കാരണം ചുരുണ്ടുകൂടി കിടക്കുവാന്‍ മനുഷ്യന്‍ ഇഷ്ടപ്പെടുന്നതു തന്നെ അമ്മയുട ഗര്‍ഭപാത്രത്തില്‍ കിടന്ന സുഖത്തിന്റെ അബോധ മനസ്സിന്റെ വെളിപാടുകൊണ്ടാണ്. ആരും തിരിച്ചുപോകാന്‍ കൊതിക്കുന്ന ഇടം കവി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളു. വരികള്‍ക്കിടയിലൂടെ തലനാരിഴ കീറി പരിശോധിക്കാന്‍ താത്പര്യമില്ല, നേരവുമില്ല. മൌന നൊമ്പരങ്ങളും, സ്നേഹത്തിന്റെ തൂവത്സ്പര്‍ശവും രേഖപ്പെടുത്തുന്നതിന് മുന്‍പ് അളവുകോലുകളെ കുറിച്ച് ചിന്തിക്കേണ്ടതില്ല

ബിന്ദു said...

ഉണ്ണിയാവണമെന്നു വേണമെന്നില്ല, ഇപ്പോഴത്തെ പാറുവിനെ പോലെ തന്നെ മതി. അനുഭവങ്ങള്‍ വേണമെങ്കില്‍ ഒന്നു മാറി വരട്ടെ.ചുരുക്കത്തില്‍ ജീവിതം ഒന്നു കൂടി റിവൈന്‍ഡ് ചെയ്തു കിട്ടിയാല്‍ മതി.;)എനിക്കിഷ്ടായി.

Unknown said...

പാറു ചേച്ചീ,
ഞാനും കവിതയും തമ്മില്‍ കാദറ് കാക്കയുടെ കടയില്‍ നാരങ്ങ അച്ചാറ് വാങ്ങാന്‍ ചെന്നപ്പോള്‍ “അമ്പത് പൈസ ചില്ലറയുണ്ടോ മോളേ?” എന്ന് ചോദിച്ച ബന്ധമേയുള്ളൂ. (അല്ലാതെ നിങ്ങള്‍ കരുതുന്നത് പോലെയൊന്നുമില്ലെന്നേ ;-))

എങ്കിലും ഇത് മനോഹരമായിരിക്കുന്നു എന്ന് പറയാതെ വയ്യ. കലക്കി പാറൂച്ചേച്ചീ.... :-)

-B- said...

തിരുത്തിയതിനു ശേഷമാണ്‌ ഞാ‍ന്‍ വായിച്ചതെന്നു തോന്നുന്നു. പാര്‍വതീ, നല്ല ആശയം.. നല്ല അവതരണം.