തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, October 02, 2006

വീട്ടാക്കടങ്ങള്‍

“അന്റെ അമ്മയ്ക്കിതെന്തിന്റെ കേടാ,പെമ്പിള്ളേരായാലും കയ്യും കാതും നിറച്ച് ഇട്ട് നടക്കണം,അവരിക്ക് വേണ്ടാന്ന് തോന്ന്യാലും കുഞ്ഞ് മനസ്സില്‍ പൂതിയില്യാണ്ടിരിക്കോ”

“റംലേടുമ്മ എന്റെ കാതു കുത്തിത്തരുവോ?”

“കാളികുട്ട്യേ,നിനക്ക് ഞാന്‍ കമ്മല്‍ വാങ്ങിത്തരാം,എനിക്ക് പത്ത് ബീഡി തെറുത്ത് തരാണെങ്കില്‍”

“ഞാന്‍ കാളിയല്യാ...അതല്ലാ എന്റെ പേര്..”

“റംലേടുപ്പാ,ദേ പത്ത് ബീഡി,എനി എനിക്ക് കമ്മല്‍ താ “

“ഇങ്ങക്കിതെന്തിന്റെ കേടാ,ആ കൊച്ചിനെ വെറുതേ കൊതിയേറ്റാണ്ട്”ഇച്ചിരി കറുത്താന്ന് വച്ച് എന്താപ്പോ,അന്റ്റെ കണ്ണിലെ ചിരി മതീലോ സൌന്തര്യം കൂട്ടാന്‍.“

“റംല,നെനക്ക് അഷറഫിക്ക തന്ന ആ മുത്ത് കമ്മലിങ്ങ് താ മോളെ,ഇവടെ സങ്കടം തീരട്ടെ,ഉമ്മ നിനക്ക് നാരകത്ത് മുള്ള് കൊണ്ട് കാത് കുത്തി തരാം,ഇച്ചിരീം നോവും,കൂട്ടട്ടണ്ട,പഴുക്കേം ഒന്നുല്ലാ,റംലാന്റെ കാതും ഞാനല്ലേ കുത്ത്യേ.”

“ഓയ്യ്..പെണ്ണ് ചമഞ്ഞൂല്ലോ..,പൊന്നും കുടത്തിന് പൊട്ട് മാതിരി,അന്റെ അപ്പനോടും അമ്മേനോടും ഞാന്‍ പറഞ്ഞോളാട്ടോ കാളിക്കുട്ടീ..ഇനി ആരു തല്ലൂന്ന് പറഞ്ഞാലും നീയിതൂരണ്ടാ“

“ഞാന്‍ വല്യതായീ ഒത്തിരി കമ്മല് വാങ്ങുമ്പോ റംലയ്ക്ക് ഒത്തിരി കമ്മല് കൊണ്ടിത്തരാട്ടോ..”

“അന്നേകൊണ്ടാതാവൂടീ കൊച്ചേ,നെന്റെയീ കാതില് അലുക്ക് കമ്മലു കുത്തീടുമ്പോളും റംലേടുമ്മേനേ ഓര്‍ക്കണട്ടോ.“


“ഉമ്മ ഞാനാ ...

“ആരാ?”

“റംലേടുമ്മാ ഞാന്‍ .......”

“നീയാണോ...എത്ര കാലായി നിങ്ങളൊക്കെ എവടന്ന് പോയിട്ട്,ആ വീട് ഇടിഞ്ഞ് കെടക്കണത് കാണുമ്പോളൊക്കെ ഓര്‍ക്കേം പറവേം ചെയ്യാര്‍ന്നു”

“ഉപ്പേണ്ടാര്‍ന്നിടം വരെ നീയാ ഏറ്റം പെട്ടന്ന് ബീഡി തെറുക്കാന്‍ പഠിച്ചേന്ന് സങ്കടം പറയുവാര്‍ന്നു”

“എവിടേപ്പോ നീയ്യ്..?”

“ഉമ്മാ..ചെന്നേല്..മദ്രാസില്.. ഒരു ജോലി കിട്ടി...”

“ഉം...എന്നിട്ട് ഒത്തിരി ഉടുപ്പും കമ്മലും കഥാബുക്കും ഒക്കെ വാങ്ങ്യ്യൊ?”

“ഉണ്ടാര്‍ന്ന ഒരു പെണ്ണിനെ ഉള്ള പൊന്നും പണോം മൊത്തം കൊടുത്ത് കെട്ടിച്ചതാ,എന്നിട്ടെന്താ ചെക്കന് കൂലി കൂടുതല് കിട്ടണ ജോലികിട്യപ്പൊ അവള് വേണ്ടാ പോലും,ചോദിക്കേം പറയേം ചെയ്യാണ്ട് അവള് തന്നെ അങ്ങ് തിര്‍ത്തു എല്ലാ കണക്കും,വിട്ടത്ത് ഞാന്നൂന്ന് കേട്ടപ്പോ നെഞ്ഞ് പൊടിഞ്ഞൂ,അന്ന് വീണതാ..”

“ഉമ്മാ..കുറച്ച് പൈസ....”

“എനിക്കിപ്പൊ എന്തിന്നാ മോളെ പൈസ,ഇത്തിരി കഞ്ഞീടെ വെള്ളം തരാന്‍ അഷറഫും പെണ്ണും കൂടെയുണ്ട്.അങ്ങേരും റംലേം പടച്ചോനോട് എരക്കണ്ടാവും ഉമ്മേനെ കൂടെ കൂട്ടാന്‍,ഒറ്റയ്ക്കിവിടെ..”

“നീ കമ്മല് വാങ്ങി വന്നത് വാങ്ങാന്‍ നിന്നിലെന്നാലും,അവളും സന്തോഷിക്യാരിക്കും,“അത്രയ്ക്ക് കൂട്ടാര്‍ന്നല്ലോ”

“പോയിട്ട് വാ...പടച്ചോന്‍ കാക്കട്ടെ”


-പാര്‍വതി.

26 comments:

ലിഡിയ said...

അഷറഫിക്ക തന്ന ഹൈദ്രാബാദീ മുത്തുകമ്മല്‍ നീയെനിക്കെടുത്ത് തന്നപ്പോള്‍ നിന്റെ കൈ വിറച്ചിരുന്നില്ല,ഇന്ന് നിനക്കായീ കുറിപ്പെഴുതി വയ്ക്കുമ്പോള്‍ എന്റെ കൈ വിറയ്ക്കുന്നു,മരണം വരെ ഓര്‍മ്മകളൊരുക്കുന്നു മുള്‍പാതകള്‍.

സ്നേഹത്തിന്റെ വേനല്‍പച്ചകള്‍ നിറഞ്ഞിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മയ്ക്ക്

-പാര്‍വതി.

വല്യമ്മായി said...

നീറുന്ന ഓര്‍മ്മ അല്ലേ.

നന്നായി അവതരിപ്പിച്ചിരിക്കുന്നു.

thoufi | തൗഫി said...

മനസ്സിലെന്നും ഒരു വീട്ടാക്കടമായി കിടക്കുന്ന ഇത്തരം നീറുന്ന ഓര്‍മ്മകളാണു ഹൃദയബന്ധങ്ങളെ
വിളക്കിച്ചേര്‍ക്കുന്നത്‌.
നന്നായിരിക്കുന്നു,പാര്‍വതി

RP said...

നന്നായി എഴുതിയിരിക്കണൂ പാര്‍വതീ...
വീട്ടാക്കടങ്ങള്‍ മധുരവും കയ്പ്പും ചേര്‍ന്ന ഓര്‍മ്മകള്‍ അല്ലേ?

krish | കൃഷ് said...

വായിച്ചു, നന്നായിട്ടുണ്ട്‌. നന്ദി.

Unknown said...

നീറുന്ന കഥകള്‍ എഴുതുമ്പോള്‍ കൈകള്‍ മാത്രമല്ല വാക്കുകളും വിറക്കുന്നുണ്ടോ ഈ കഥയില്‍? മറക്കാത്ത മനസ്സിന്റെ ഓര്‍മ്മകള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കട്ടെ..

പാറൂട്ടീ.. നന്നായി എഴുതിയിട്ടുണ്ട്, ഈ നുറുങ്ങ് ഏട്.

തണുപ്പന്‍ said...

നന്നായിരിക്കുന്നു, വളരെ നന്നായിരിക്കുന്നു.

Aravishiva said...

ആര്‍ദ്രമായൊരു ഓര്‍മ്മക്കുറിപ്പ്.....മനസ്സ് കണ്ണുപോലെ നിറഞ്ഞൂട്ടോ പാറുച്ചേച്ചിയേയ്......

കണ്ണൂരാന്‍ - KANNURAN said...

അനുഭവങ്ങളുടെ കയ്പ്പും മധുരവും... ഒരു നീറുന്ന ഓര്‍മ്മയായി റംല വായനക്കാരിലേക്കു സംക്രമിക്കുന്നു... നല്ല രചന...

Rasheed Chalil said...

പലകടങ്ങളും കടങ്ങളായിരിക്കലാണ് നല്ലത് പാര്‍വ്വതീ. അത് സ്നേഹത്തിന്റെ സുഖമുള്ള ഒരു നോവായി നിലനില്‍ക്കട്ടേ

അസ്സലായി കെട്ടോ...

വാളൂരാന്‍ said...

പാറൂ, ഈ സംഭാഷണം കൊണ്ടുള്ള വിവരണം നന്നായി, എന്നിട്ടും ആ നീറ്റല്‍ ഒട്ടും ചോര്‍ന്നു പോയിട്ടില്ലതാനും. ഈ ചെറു നീറ്റലുകൊണ്ടെന്റെയുള്ളം കനക്കുന്നു.

asdfasdf asfdasdf said...

പാര്‍വതി നന്നായിട്ടുണ്ട്. പക്ഷേ ഈ ഭാഷ ഏതു ഫാഗത്തുള്ളതാ ? പിന്നെ, വരണ്ടുണങിയ (കണ്ണീര്‍)പാടം ബാക് ഗ്രൌണ്ടായിട്ടതിന്റെ മെഡുല ഓബ്ലാങ്കട്ട ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

Physel said...

പാര്‍വതീ,
“നാടകാന്തം കവിത്വം“ എന്ന് കേട്ടിട്ടില്ലേ...വെറും സംഭാഷണങ്ങള്‍ കൊണ്ട് കഥ രചിക്കാന്‍ നല്ല ഭാവനയും അതിനൊത്ത രചനാപാടവവും ഇല്ലാണ്ടെ പറ്റില്ല..പാര്‍വതിക്ക് അതിനു കഴിഞിരികുന്നു..അഭിനന്ദനങ്ങള്‍!

mydailypassiveincome said...

പാര്‍വതിയുടെ ഓരോ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം. നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍.

മുസ്തഫ|musthapha said...

വളരെ നന്നായിരിക്കുന്നു പാര്‍വ്വതി.


************
താങ്കളുടെ വരികള്‍ അനംഗാരിയിലൂടെ കേട്ടിരുന്നു... അതിമനോഹരം.

ലിഡിയ said...

:-) നന്ദി വല്യമ്മായീ..

:-) നന്ദി മിന്നാമിനുങ്ങേ...

:-) നന്ദി പെപ്പറേ..

:-) നന്ദി കൃഷ്ണാ...

:-) നന്ദി മഞ്ഞുതുള്ളീ...

:-) നന്ദി തണുപ്പന്‍സ്..

:-) കണ്ണ് നനച്ചതിന് സോറി ശിവാ..വന്നതിനും വായിച്ചതിനും നന്ദി.

:-) നന്ദി കണ്ണൂരാന്‍

:-) നന്ദി ഇത്തിരീ

:-) നന്ദി മുരളി,മുരളിയെ പോലെ ഒരാളില്‍ നിന്ന് ഇങ്ങനെയൊരു അഭിപ്രായം കിട്ടിയതില്‍ ഞാന്‍ വിനയപൂര്‍വ്വം അഭിമാനിക്കുന്നു.

:-)മേന്ന്യനെ..ഹാ ഫാഗ്യമുള്ള ഫാര്യയും ഫര്‍ത്താവും ഞങ്ങളുടെ ടെ പ്രൊപൈറ്ററിയാ..പക്ഷേ ഞാന്‍ കണ്ടിട്ടുള്ളതെന്താന്നു വച്ചാല്‍ പലയിടത്ത് നിന്ന് കുടിയേറിയവരുടെ ഒരു മിക്സഡ് സ്ലാങ്ങ് ആണ്.ഇവര്‍ അമ്മവഴി കൊയിലാണ്ടിയൊ വാപ്പ വഴി വൈക്കവും ആയിരുന്നു എന്നാണ് എന്റെ അറിവ്.
(“എന്റെ കുടുമ്മക്കാര് കപ്പാട്ടൂന്നാരുന്നേ..തോമാശ്ലീഹാ വെള്ളം തളിച്ച ഒന്നാന്തരം നായര് നസ്രാണിയാണേ..”,ഇതൊരു ലോക്കല്‍ പൊങ്ങച്ചം) :-)

:-)നന്ദി ഫൈസല്‍,ഫൈസലിന്റെ വിലയിരുത്തലുകളെ വളരെ മാനിക്കുന്നു :-)

:-)നന്ദി മഴതുള്ളീ...

:-) നന്ദി അഗ്രജാ,കവിതയുടെ കാര്യത്തില്‍ ആ ഭാഗ്യം എനിക്ക് സിദ്ധിച്ചു,മധുസൂദനന്‍ നായരുടെ കവിത പാടിയ അനംഗാരീ എന്റെ കവിതയ്ക്ക് ജീവന്‍ കൊടുത്തതില്‍ ഞാന്‍ ഒത്തിരി സന്തോഷിക്കുന്നു.

-പാര്‍വതി

Unknown said...

പാറു ചേച്ചീ,
സങ്കടായി... :(

ശെഫി said...

ഹൃദയത്തില്‍ എന്തൊ കൊളുത്തി വലിച്ച അനുഭവം. നല്ല അവര്‍തരണം

ഫാരിസ്‌ said...

നല്ല അവതരണം..കഥാപാത്രങള്‍ മുന്നില്‍ തെളിയുന്നു.. ഇനിയും ഇനിയും എഴുതണം..

അനംഗാരി said...

പ്രതികരിക്കാന്‍ എനിക്ക് വയ്യ! എന്റെ ഉള്ളില്‍ ഒരു കമ്മല്‍ കിടന്നങ്ങനെ കിലുങ്ങുന്നു..ആ കിലുക്കം തീരട്ടെ!എന്നിട്ടെഴുതാം.

തറവാടി said...

എന്റെ കണണ്‍ നനച്ചല്ലൊടോ താന്‍ , ഇനി ഉണ്ടാകുമൊ ഇത്തരം ബന്ധങ്ങള്‍ , ആവോ!!

ഇടിവാള്‍ said...

പാറൂ... വായിക്കാന്‍ ലേറ്റായി..

വളരേ വളരേ നന്നായി കേട്ടോ ! ശരിക്കും ഹൃദ്യമായി അവതരണം.

അഭിനന്ദനങ്ങള്‍ !


ഓ.ടോ: എന്താപ്പോ,അന്റ്റെ കണ്ണിലെ ചിരി മതീലോ സൌന്തര്യം കൂട്ടാന്‍...

ഹ ഹ ! കോമ്പ്ലെക്സ് .. കോമ്പ്ലെക്സ് !

മനോജ് കുമാർ വട്ടക്കാട്ട് said...

ഇടിവാളിന്റെ കമ്മന്റ്‌ പിന്തുടര്‍ന്നെത്തിയതാണിത്‌ വായിച്ചത്‌. ഹൃദ്യം.
പണ്ട്‌ നാട്ടില്‍ കാതുകുത്താതെ സ്കൂളില്‍ വന്നിരുന്ന ഒരു പെണ്‍കുട്ടിയുടെ കാത്‌ സ്കൂള്‍ ടീച്ചര്‍മാര്‍ കൊണ്ട്‌ പോയി കുത്തിച്ചതിനെതുടര്‍ന്നുണ്ടായ പുകില്‌ ഓര്‍ത്തു പോയി.

സുഗതരാജ് പലേരി said...

വായിക്കന്‍ വൈകിപ്പോയി. വായിച്ചുകഴിഞ്ഞപ്പോള്‍ നെഞ്ചിനുള്ളില്‍ വല്ലാത്ത ഒരുനീറ്റല്‍. ഇത്തരം സംഭവങ്ങള്‍ കൈ വിറക്കാതെ എഴുതാനും മനസ്സുനീറാതെ വായിക്കാനും കഴിയില്ല.
ഈ സംഭാഷണം കൊണ്ടുള്ള വിവരണം നന്നായി, മലയാളത്തില്‍ ‘വിലാസിനി’ മാത്രമാണ് ഈ ശൈലി പരീക്ഷിച്ചിട്ടുള്ളതെന്നാണ് എന്‍റെ അറിവ് (യാത്രാമുഖം).
ഓ.ടോ: പാര്‍വതി ദെല്‍ഹിയിലെവിടെയാണ് താമസം. ഞാന്‍ രോഹിണിയിലാണ് താമസവും ജ്വാലിയും. താല്‍‍പര്യമുണ്ടെങ്കില്‍ ഇ-മെയില്‍ അയക്കൂ sugatharajp@rediffmail.com

കര്‍ണ്ണന്‍ said...

എന്റെ ഓര്‍മ്മകളെ മുറിവേല്‍പ്പിക്കാന്‍ പാറൂ നിങ്ങള്‍ക്ക് കഴിയുന്നു. വായനക്കാരനെ തന്നിലേക്ക് താത്മ്യം ചെയ്യിപ്പിക്കു എന്നതാണ് ഏത് എഴുത്തിന്റെയും വിജയം. ഈ കഥയുടെ, സംഭവത്തിന്റെ കാര്യത്തില്‍ എന്നെ കീഴടക്കാന്‍ നിങ്ങളുടെ എഴുത്തിനായി. അഭിനന്ദനങ്ങള്‍. എഴുത്തു തുടരുക, ഹൃദയത്തെ കീറി മുറിക്കുക.

ലിഡിയ said...

ദില്‍ബൂ :-)

ഷെഫി :-) നന്ദി

ഫാരിസ് :-)

അനംഗാരീ :-)കാത്തിരിപ്പിന്റെ ഇടവേളകളില്‍ വന്ന് പോവുക.

തറവാടീ :-) കമന്റ് വായിച്ച് സന്തോഷം തോന്നി,ആത്മനിര്‍വൃതി.

ഇടിവാളെ :-) ഈ ഗോമ്പ്ലക്സ് എന്നും ഉണ്ട് ;-)വന്നതിന് നന്ദി,ഇനിയും വരണം.

പടിപ്പുരേ :-) നന്ദി.

പലേരി :-) വന്നതിന്,അനുഗ്രഹങ്ങള്‍ക്ക് നന്ദി

കര്‍ണ്ണന്‍ :-) ഒത്തിരി സന്തോഷം എന്റെ വരികള്‍ക്ക് താങ്കളെ സ്വാധീനിക്കാനായതില്‍

-പാര്‍വതി