തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, January 18, 2007

യാത്രാമൊഴി.

നിലാവ് വഴിയിട്ട വീഥികളിലെന്നും ഞാന്‍-
നിനക്കായ് കാത്തുനിന്നൊരാ കാലങ്ങളിലൊന്നും
നിരര്‍ത്ഥമായൊരു വാക്കുരയ്ക്കാനായി പൊലു-
മെത്തിയില്ല നീയൊരു വേള പോലുമീ വഴി.

കാലമുണക്കിയ മുറിപ്പാടുകളിലിന്നുകളെന്നും-
തളച്ചിടാമെന്ന് വ്യാമോഹിച്ചിരിക്കവെയന്ന് നീ-
ഒരുദിനമാ മുറിപാടിന്റെ ചുളിവുകളിലൊരു-
ചിത്രശലഭത്തിന്റെ രേഖാചിത്രമൊരുക്കിത്തന്നു.

നിന്റെ കൈവേലകളാലിത്തിരി പൊടിഞ്ഞു ചോര-
യെങ്കിലുമുയിര്‍ കൊണ്ടൊരാ ശലഭത്തെ കാണവെ-
നീ വരും വഴികളില്‍ കാത്തിരിക്കും പുല്‍ച്ചാടിയും-
പുഴുക്കളും പിന്നെ പൂക്കളുമെന്റെ കൂട്ടുകാരാകവെ-

ഒരു രാത്രിയിരുണ്ട് വെളുക്കവെ, മറയുന്നുവോ നീ-
പാതി പാടാതെ പോയൊരാ പാട്ടിന്റെ ശീലുമായി-
മറയുന്ന നിലാവിലുണരുന്നൊരരൂപികളെന്റെ മനസ്സിലും
വരികയില്ലേ നീ കാത്തുനില്‍പ്പിന്റെയവസാനനൊടിയിലെങ്കിലും.

നീ വരാതെയീ വഴിത്താരയിനി മറഞ്ഞു പോമീ, പുല്‍-
നാമ്പുകളിലിടറി,യിവിടെ കാത്ത് നില്‍ക്കാനാവാതെ-
ഞാനുമെരിവിയിലിന്റെ മരുപച്ച തേടിയകലുമെങ്കിലു-മെരിയുന്ന മുറിപാടുകളെല്ലാമുണര്‍ന്നു ചോരവാര്‍ക്കും

-പാര്‍വതി.

26 comments:

ലിഡിയ said...

ഉണങ്ങിയ മുറിപാടുകളൊക്കെയും തുറന്ന്-
നിണമൊഴുക്കി തുടങ്ങവെ, യറിയുന്നു-
പുലരുന്നതൊരു വേനലെന്ന്, യാത്ര-
തുടങ്ങുവാനിനി നാഴികയേറയില്ലെന്ന്.

-പാര്‍വതി.

Anonymous said...

പാര്‍വതീ നല്ല കവിത:)

മുല്ലപ്പൂ said...

പാറൂ,
നല്ല നല്ല നല്ല കവിത.
കാത്തു നില്‍പ്പിന്റെ അവസാനം, വെറുതെ ഒന്നു തിരിഞ്ഞു നോക്കൂ. അടുത്തുണ്ടാകും :)

മനോജ് കുമാർ വട്ടക്കാട്ട് said...

വരികയില്ലേ നീ കാത്തുനില്‍പ്പിന്റെയവസാനനൊടിയിലെങ്കിലും.

വരാതിരിക്കില്ല!

മുസ്തഫ|musthapha said...

പാര്‍വ്വതീ വളരെ നന്നായിരിക്കുന്നു ഈ കവിത...

പാര്‍വ്വതിയുടെ കവിതകള്‍ വായിച്ചതില്‍ ഏറ്റവും നല്ലതായി (എനിക്ക്) തോന്നിയിത്.

:)

ലിഡിയ said...

നന്ദുവേട്ടാ, വന്നതിന് നന്ദി :)

മുല്ലപൂ :)

പടിപ്പുരേ, ആ ചിന്തയുമണയുവോളമോ?

അഗ്രജാ അംഗീകാരത്തിന് നന്ദി. :)

-പാര്‍വതി.

mydailypassiveincome said...

പാര്‍വതി,

എല്ലാവരും കവികളും കവയിത്രികളുമായിക്കൊണ്ടിരിക്കുന്നു. കൊള്ളാം.. നല്ല കവിത. ഇനിയും പോരട്ടെ :)

അനംഗാരി said...

യാത്രാമൊഴി എന്ന കേട്ടപ്പോള്‍ ഞാന്‍ കരുതി പാറു എവിടെയോ പോകുകയാ‍ണെന്ന്! പിന്നല്ലേ മനസ്സിലായത്.നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

ലിഡിയ said...

മഴത്തുള്ളീ :)

അനംഗാരീ :) സ്വപ്നങ്ങളും ദുഖങ്ങളും അവസാനമായി കണ്ണ് ചിമ്മുന്ന ആ കനലുകള്‍ക്ക് മീതെയിട്ടിട്ട് ഒന്ന് കൂടി തീകാഞ്ഞ് ഒഴിഞ്ഞ ഭാണ്ഡവുമായി എങ്ങോട്ടെങ്കിലും നടന്നാലോന്ന്..അദൃശ്യമായ ബന്ധനങ്ങള്‍, ഉള്ളിലും പുറത്തും, ഭീരുത്വമെന്നും ആരോ പിറുപിറുക്കുന്നു.

പാര്‍വതി.

Raghavan P K said...

ഈയ്യിടെ പല തരത്തിലുള്ള കവിതകള്‍ ബ്ലോഗില്‍ വായിക്കാന്‍ സന്ദറ്ഭം കിട്ടുന്നുണ്ട്.ഇത് എനിക്ക് എളുപ്പത്തില്‍ വായിക്കാനും ഒരു പരിധിവരെ മനസ്സിലാക്കാനും കഴിഞു.വരികള്‍ നന്നായിട്ടുന്ണ്ട് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

Anonymous said...

മഞ്ഞുതുള്ളിപോലെ ഒരു കവിത

brijviharam.blogspot.com

ഇട്ടിമാളു അഗ്നിമിത്ര said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം മുഴുവന്‍ പറഞ്ഞോ എന്ന്.. പറഞ്ഞോ? വെറുതെ എന്റെ ഒരു സംശയമാ.. മുഴുവന്‍ എങ്ങിനെയാ പറായാ അല്ലെ?

സൂര്യോദയം said...

വളരെ നന്നായിരിയ്ക്കുന്നു.
ഒരു ചെറിയ തിരുത്തല്‍..
'ഞാനുമെരിവിയിലിന്റെ' പകരം..
'ഞാനുമെരിവെയിലിന്റെ' എന്നതാണോ ശരി..
പിന്നെ ഒരു നിര്‍ദ്ദേശം... (നിര്‍ദ്ദാക്ഷിണ്യം തള്ളിക്കളയാന്‍ ഒരു മടിയും വിചാരിക്കണ്ട... കാരണം എഴുതുന്ന ആളുടെ യുക്തി തന്നെ പ്രധാനം..) എങ്കിലും പറയാം..
'മെരിയുന്ന' എന്ന ഭാഗം അവസാനത്തെ വരിയിലേക്ക്‌ മാറ്റിയാല്‍ നന്നായിരിയ്ക്കുമെന്ന് തോന്നി.

കണ്ണൂരാന്‍ - KANNURAN said...

കഥകള്‍ മാത്രമല്ല കവിതയും ഉണ്ടല്ലെ... നന്നായിട്ടുണ്ട്. സൂര്യോദയം: പാര്‍വതി e എന്നു ടൈപ്പ് ചെയ്യേണ്ട്തിനു പകരം i എന്നായതുകൊണ്ടു വന്ന തെറ്റല്ലെ അത്??

കുറുമാന്‍ said...

പതിവുപോലെ തന്നെ ഇതും നന്നായി പാര്‍വ്വതീ.

പിന്നെ ഒരു കാര്യം, ഈയിടേയായി തിരഞ്ഞെടുക്കുന്ന വിഷയങ്ങളെല്ലാം ഒരു പോലെയല്ലേയെന്നൊരു സംശയം. വേഷങ്ങള്‍ മാറി, മാറി ആടൂ :)

Sona said...

പാറു...നല്ല കവിത..ഉള്ളിന്റെ ഉള്ളില്‍ നിന്നൊരു തേങ്ങല്‍ ഉയര്‍ന്നുവോന്നൊരു ശങ്ക.

വേണു venu said...

ഒരു രാത്രിയിരുണ്ട് വെളുക്കവെ, മറയുന്നുവോ നീ-
പാതി പാടാതെ പോയൊരാ പാട്ടിന്റെ ശീലുമായി-
മറയുന്ന നിലാവിലുണരുന്നൊരരൂപികളെന്റെ മനസ്സിലും

ഹൃദ്യമായ വരികള്‍. പാറൂ നല്ല കവിത.

വാളൂരാന്‍ said...

പാറൂ, കവിത നന്നായിരിക്കുന്നു....

ലിഡിയ said...

ലളിതമായ ഭാഷ മനസ്സിലായെന്നറിയിച്ചതില്‍ ഒത്തിരി നന്ദി രാഘവന്‍ :)

മനു :)

ഒന്നും പറയാന്‍ തോന്നുന്നില്ല ഇട്ടിമാളൂ, വാക്കുകളൊക്കെ വ്യര്‍ത്ഥമാവുന്ന ആ അവസാന വിനാഴിക.

സൂര്യോദയം തിരുത്താം,അവസാനവരി റ്റെമ്പ്ലേറ്റ് നശിപ്പിച്ചാലോ എന്ന് കരുതിയാണ് ആ അര്‍ദ്ധവിരാമമിട്ടത് :)

കണ്ണൂരാന്‍ :) വന്നതില്‍ സന്തോഷം

കുറുമന്‍സ് :) ആ ധൈര്യത്തിന്റെ പകുതി കടം കിട്ടിയിരുന്നെങ്കില്‍ :)

സോനാ :)

വേണൂ :) നന്ദി.

മുരളീ :) നന്ദി.

സ്നേഹത്തോടെ പാര്‍വതി.

സാരംഗി said...

പ്രിയപ്പെട്ട പാര്‍വതീ കവിത ഇപ്പോഴാണു വായിച്ചത്‌..വളരെ നന്നായിരിയ്ക്കുന്നു.. എനിക്കിഷ്ടമായത്‌ ഈ വരികളാണു..

"ഒരു രാത്രിയിരുണ്ട് വെളുക്കവെ, മറയുന്നുവോ നീ-
പാതി പാടാതെ പോയൊരാ പാട്ടിന്റെ ശീലുമായി-
മറയുന്ന നിലാവിലുണരുന്നൊരരൂപികളെന്റെ മനസ്സിലും
വരികയില്ലേ നീ കാത്തുനില്‍പ്പിന്റെയവസാനനൊടിയിലെങ്കിലും".
അഭിനന്ദനങ്ങള്‍

Rasheed Chalil said...

പ്രതീക്ഷയുടെ ‍പുല്‍നാമ്പുകള്‍ ഇനിയുമിനിയും പൊടിയട്ടേ... ആ കാത്തിരുപ്പാണ് ജീവിതത്തിന്റെ സൌന്ദര്യം... കാത്തിരിക്കൂ... അത് സാര്‍ത്ഥകമാവുക തന്നെ ചെയ്യും.

പാര്‍വതീ. നല്ല കവിത.

mumsy-മുംസി said...

നീ വരാതെയീ വഴിത്താരയിനി മറഞ്ഞു പോമീ, പുല്‍-
നാമ്പുകളിലിടറി,യിവിടെ കാത്ത് നില്‍ക്കാനാവാതെ-
ഞാനുമെരിവിയിലിന്റെ മരുപച്ച തേടിയകലുമെങ്കിലു-മെരിയുന്ന മുറിപാടുകളെല്ലാമുണര്‍ന്നു ചോരവാര്‍ക്കും
...വായിക്കാന്‍ വൈകിപോയി...
simply...superb..!

കടയ്ക്കല്‍ said...

nalla kavitha

Inji Pennu said...

ഹൊ! ഞാനിച്ചിരെ ടെന്‍ഷന്‍ അടിച്ചതു മിച്ചം. ഇതിന്റെ ടൈറ്റില്‍ യാത്രാമൊഴി എന്ന് കാണേം ചെയ്തു തനിമലയാളത്തില്‍, പക്ഷെ ഞെക്കുമ്പൊ ബ്ലോഗ് നോട്ട് ഫൌണ്ട് എന്ന് വരേം ചെയ്തു കൊറേ നേരം. ഞാന്‍ വിചാരിച്ചു, ഏ പാറുക്കുട്ടി സ്ഥലം കാലിയാക്കിയതാണൊയെന്ന്...ഇപ്പൊ ഞെക്കിയപ്പളല്ലേ നല്ല ക്യൂട്ടൊരു കവിത ആയിരുന്നു എന്ന് മനസ്സിലായെ....
നന്നായിട്ടുണ്ട് പാറുക്കുട്ട്യേ..

ലിഡിയ said...

ഇഞ്ചി പെണ്ണേ, വന്ന് കണ്ടതിന് നന്ദി...

ഒരു യാത്ര പോയി തിരിച്ചു വന്നു. :)

-പാര്‍വതി.

ഏറനാടന്‍ said...

പാര്‍വതിചേച്ചി (എന്നേക്കാള്‍ മൂത്തയാള്‍ എന്ന് കരുതുന്നു) എവിടേയാ പോയത്‌? അതും ഒരു കവിതയില്‍ പറയുമെന്ന് വിചാരിക്കുന്നു