തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, January 10, 2007

കച്ചിതുരുമ്പുകള്‍

ഏതോ അഭയാര്‍ത്ഥിക്യാമ്പില്‍ നിന്ന് വന്ന ഒരാളെ നോക്കുന്ന സഹതാപത്തോടെ നോക്കി കറിയാചേട്ടന്‍ പറഞ്ഞു.

“അപ്പോ അവടെ നിനക്ക് എന്നാ പണീന്നാ പറഞ്ഞേ, നമ്മടെ സമയത്തല്ലിയോ ഊണും ഒറക്കോമൊന്നും, പിന്നെന്നാ കാശ് കിട്ടീട്ടെന്താ..?നിനക്കിങ്ങ് പോരരുതായോ?ഇവിടെ കപ്പേം കഞ്ഞീം കുടിച്ച് നേരത്തിന് തിന്നും കുടിച്ചും കഴിയാല്ലോ“

“ഓ, പിന്നെ ഇവിടെ അങ്ങനെ പറമ്പ് നിറഞ്ഞ് വെളയുവല്ലേ കപ്പേം കാച്ചിലും, മേലനങ്ങാതിരുന്ന് തിന്നാന്‍, ഈ മനുഷ്യന്റെ വിചാരം ഇപ്പോഴും കന്നിമണ്ണാ ഇതെന്നാ”

അടുക്കളയില്‍ കത്താത്ത നനഞ്ഞ വിറകിന്റെ ചന്തിക്കൊരുന്ത് കൊടുത്ത് അടുപ്പിലേയ്ക്ക് തള്ളി മറിയചേടത്തി കെട്ടിയോനിട്ട് ഒരു തട്ടി.

എന്നത്തേയും പോലെ കറിയാചേട്ടന്റെ മിണ്ടാട്ടം മുട്ടി.

“ഒന്നും പറയണ്ട കൊച്ചേ, ഇപ്പോ വിളയൊന്നും വിളയല്ലല്ലോ എല്ലാം പണവിളയല്ലേ, എങ്ങാണ്ട് ആര്‍ക്കാണ്ട് വാനില ഒരു കിലോയ്ക്ക് മൂവായിരം രൂപാ കിട്ടീന്നും പറഞ്ഞ് പറമ്പായ പറമ്പൊക്കെ വാനില നട്ടു, എന്നിട്ടിപ്പോ ആര്‍ക്കും വേണ്ടാത്ത വള്ളിയായി, പട്ടുനൂല്‍ പുഴു കൃഷിക്കെന്നും പറഞ്ഞ് പിന്നെ പറമ്പൊക്കെ നിരത്തി മള്‍ബറി ചെടി നട്ടതില്‍ മിച്ചം ഇരുട്ടത്ത് തന്നിവീഴാന്‍ പാകത്തിന് കുഴികള്‍ മാത്രം.“

“ഒള്ള കണ്ടമൊക്കെ പാതാളകിണറ് പോലെ തോണ്ടി മണല് വാരലാ ഇപ്പോ, അതോണ്ട് കൃഷി നടക്കുന്ന കണ്ടത്തിലും വെള്ളം നില്‍ക്കില്ല, ഒന്നൂല്ലേലും വയറ് വിശക്കാതെ രണ്ട് നേരമെങ്കിലും തിന്നാല്‍ നെല്ല് തന്നിരുന്ന കണ്ടങ്ങളാ ഇപ്പോ തരിശ് നിലം പോലെ കിടക്കുന്നത്, വാങ്ങാന്‍ ആളുകളും ഉണ്ടേ, രണ്ട് സെന്റില്‍ വീട് പണിത് വില്‍ക്കും പോലും.“

ഇനീപ്പോ മലനാട് വഴി മുല്ലപ്പൂ കൃഷിയാണ് പോലും എല്ലാരും ചെയ്യുന്നത്, പശൂന് കൊടുക്കാന്‍ പുല്ല് വിളഞ്ഞില്ലെലും മുല്ലപ്പൂ വിരിയും പോലും, തമിഴ്നാട്ടിലേ പോലെ”

“പണ്ട് കാട്ടാനേം കാട്ടുപന്നീം ഉണ്ടാരുന്നപ്പോ കൈവിടാത്ത മണ്ണാ, ഇന്നും കൈവിടില്ലാന്നാ അങ്ങോരു പറയുന്നത്, ഇന്നോക്കെ നാട്ടില്ലല്ലെ ആനേം പന്നീം, ഒക്കേം ഈ മനുഷരുടെ കൂട്ടത്തിലാന്ന് മാത്രം, കൂട്ടത്തിലുള്ളോനേയും പച്ചയ്ക്ക് തിന്നുവ”

വിശേഷം പറയുന്നതിനേക്കാളുപരി ഉറക്കെപറയുന്ന ആത്മഗതം പോലെ മറിയചേടത്തിയുടെ വാക്കുകള്‍ മനസ്സില്‍ നീറ്റലുണ്ടാക്കുന്നത് അറിഞ്ഞു, മുഖമില്ലാത്ത ആരോടൊക്കെയോ തോന്നുന്ന അമര്‍ഷം.

തണുപ്പിന് മരുന്ന് പോലെ ഇത്തിരി ചുക്കും ചേര്‍ത്ത് കടും കാപ്പി കയ്യില്‍ തന്ന്, മറിയചേടത്തി ഒരു ഗ്ലാസ്സ് കറിയാചേട്ടനും നീട്ടി.

പഴയ റെഡോക്സ് തറയില്‍ അങ്ങോരുടെ പുറത്തൊന്ന് ചാരിയിരുന്ന്, തന്റെ കാപ്പി ഊതി കുടിക്കുന്നതിനിടയ്ക്ക് പകുതി അങ്ങോട്ടും പകുതി തന്നോടെന്ന പോലെയും പറഞ്ഞു.

“സാരമില്ലാന്നേ, ഈയ്യാണ്ട് എട്ടുപത്ത് മൂട് കപ്പയിടാം, പെരുച്ചാഴി കുത്താതെ നോക്കിയാല്‍ പിന്നെ ഒരാണ്ട് തിന്ന് കിടക്കാനുള്ളത് തമ്പുരാന്‍ തരും, നിങ്ങളെന്നെലും പറ”

“ഒരു ജന്മം നമ്മളറിഞ്ഞ മണ്ണല്ലേ, ചതിക്കൂല്ല,കനിഞ്ഞാ മണ്ണ് പൊന്ന് വിളയിക്കൂന്നല്ലേ നിങ്ങള് തന്നെ പറയുന്നെ...”

ഒത്തിരിക്കാലം കഴിഞ്ഞ് കണ്ടതിന്റെ സ്നേഹം താടയിലെ പരുപരുത്ത രോമം കൊണ്ടുരച്ച് പ്രകടിപ്പിച്ച നന്ദിനിപശുവിന്റെ നീറ്റലുണ്ടാക്കുന്ന സ്നേഹം പോലെ, ഈ ധൈരയ്ത്തിന്റെ മുന്നില്‍ മുട്ട് മടക്കിയ പ്രകൃതിയും അവരും എന്നും ഒന്ന് തന്നെ എന്നറിവില്‍ ‍ആ വര്‍ത്തമാനം കേട്ടു നിന്നപ്പോള്‍ തൊണ്ടയിലുണ്ടായ തടസ്സം ചൂട് കട്ടന്‍ കാപ്പിയുടേതോ, നെഞ്ചിലുടക്കിയ പോയ ഒരു ഗദ്ഗദ്ത്തിന്റെയോ?

***************************
അര്‍ത്ഥഭേദങ്ങള്‍:

കന്നിമണ്ണ് : പണ്ട് കുടിയേറ്റക്കാലത്തെ ഫലഭൂയിഷ്ടമായ പുതുമണ്ണിനെ വിശേഷിപ്പിച്ചിരുന്നത്.
പണവിള : വ്യാവസായിക വിളയിനങ്ങള്‍.
വാനില : വാനില എസ്സെന്‍സ് ഉണ്ടാക്കുന്ന ചെടി, മറ്റൊരു പരാജയപ്പെട്ട കാര്‍ഷിക പദ്ധതി.
കണ്ടം : നെല്‍ പാടം
മലനാട് : മലനാട് സര്‍വ്വീസ് സഹകരണ സംഘം(ഒരു പ്രാദേശിക ഗ്രാമീണ സഹായ പദ്ധതി)

24 comments:

ലിഡിയ said...

അനിശ്ചിതത്വത്തിന്റെ ആഴക്കടലില്‍ സ്നേഹത്തിന്റെ കൊതുമ്പുവള്ളങ്ങളില്‍ ഇനിയും മരിക്കാത്ത മണ്ണിന്റെ നനവും നിറവും തേടി അവര്‍ കച്ചിത്തുരുമ്പുകള്‍ തിരയുന്നു.

തിത്തിരിപക്ഷികള്‍ കൂടൊരുക്കാന്‍ ചകിരിനാര് കൂട്ടുന്നത് പോലെ..

ഇനിയും ഭൂമി വിണ്ടൊടുങ്ങാത്തതെന്തേ എന്ന പലപ്പോഴുമുള്ള ചോദ്യത്തിന് ഉത്തരം ലഭിച്ച വേളകള്‍.

-പാര്‍വതി.

സു | Su said...

കഥ ഇഷ്ടമായി.:)

വരളാന്‍ മടിക്കുന്ന മണ്ണും,

മടുക്കാത്ത മനസ്സും,

ചെയ്യാനുള്ള ധൈര്യവും,

ഒക്കെയാണ് എല്ലായിടത്തും ഊഷ്മളത നിറയ്ക്കുന്നത്.

Abdu said...

പാര്‍വതീ,

നന്നായിരിക്കുന്നു, ശരിക്ക് കാണാനവുന്നുണ്ട് ഈ വരികളിലെ ആളുകളെയൊക്കെ.


മണ്ണ് സ്വയം വിള്ളാറില്ലെന്ന് തോന്നുന്നു, മനുഷ്യന്റെ ആര്‍ത്തി തന്നെയാവും അതിനേയും വിള്ളിച്ചത്.

ലിഡിയ said...

വീണ്ടും വന്നതിന് നന്ദി സൂ :)

ഇടങ്ങള്‍, പല കലിയുഗ കുരുതികളും കാണുമ്പോള്‍ ഈ ഭൂമിക്കങ്ങ പൊട്ടിത്തെറിച്ച് പൊയ്ക്കൂടെ എന്ന് വേദനയോടെ ചിന്തിക്കുന്ന കാര്യമാണ് ഓര്‍ത്തത്.
വന്നതിന് നന്ദി.

-പാര്‍വതി.

sandoz said...

ഈ സംഭാഷണങ്ങളില്‍ വ്യംഗ്യാര്‍ഥങ്ങള്‍ ഇല്ല്,അര്‍ഥഭേദങ്ങള്‍ ഇല്ല,ഒരു വിശദീകരണത്തിന്റേയും ആവശ്യം ഇവിടെ ഇല്ല.സാധാരണ മനുഷ്യരുടെ നെഞ്ചെരിച്ചിലുകള്‍. സംഭാഷണങ്ങള്‍ കൂട്ടി ചേര്‍ത്ത കൈയ്യടുക്കത്തിനു അഭിനന്ദനങ്ങള്‍.

വേണു venu said...

കാശ് കിട്ടീട്ടെന്താ..?നിനക്കിങ്ങ് പോരരുതായോ?
ഏതു പ്രവാസിയും കേള്‍ക്കുന്ന സ്നേഹമസ്രുണമായ ചോദ്യം.ചോദ്യവും ഉത്തരവും വീണ്ടും ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കുന്ന ചോദ്യം.
എന്തായാലും പാറൂ ഒത്തിരി ക്ലാസ്സു നഷ്ടപ്പെട്ടുപോയെങ്കിലും കഴിഞ്ഞ ക്ലാസ്സുകളില്‍ പഠിച്ചതൊന്നും മറന്നിട്ടില്ല. എനിക്കു് ഈ കുട്ടിയുടെ ബഞ്ചില്‍ ഇരിക്കണം. എന്ത്എങ്കിലും കാണിച്ചു തരുകയും വേണം..
കഥയിഷ്ടപ്പെട്ടു.

Achoos said...

“അടുക്കളയില്‍ കത്താത്ത നനഞ്ഞ വിറകിന്റെ ചന്തിക്കൊരുന്ത് കൊടുത്ത് അടുപ്പിലേയ്ക്ക് തള്ളി മറിയചേടത്തി കെട്ടിയോനിട്ട് ഒരു തട്ടി. “ മനസിന്റെ ആവലാതികള്‍ക്കിടയില്‍ ഇങനെ അറിയാതെ വരുന്ന ഇത്തരം ചില ചലനങള്‍ പല ക്ലാസ്സിക്കു സിനിമകളിലും കാണാം. ഇഷ്ടപ്പെട്ടു.

സാബി said...

"ഒത്തിരിക്കാലം കഴിഞ്ഞ് കണ്ടതിന്റെ സ്നേഹം താടയിലെ പരുപരുത്ത രോമം കൊണ്ടുരച്ച് പ്രകടിപ്പിച്ച നന്ദിനിപശുവിന്റെ നീറ്റലുണ്ടാക്കുന്ന സ്നേഹം"
വളരെ നല്ല വരികള്‍

അനംഗാരി said...

നാട്ടില്‍ പോയി വന്നതിന്റെ ഹാങോവര്‍ ഇതുവരെ മാറിയില്ല അല്ലേ?

Siju | സിജു said...

മനസ്സില്‍ തട്ടുന്ന ഒന്ന്

ശാലിനി said...

ഒരു സ്വപ്നം പോലെ കൊണ്ടുനടക്കുന്ന ഒരു ആഗ്രഹമാണ് നാട്ടില്‍ പോയി, കുറച്ചു ക്ര്യഷിയൊക്കെ ചെയ്തു ജീവിക്കുക എന്നത്. ടിവിയിലെ ഹരിതകേരളവും മറ്റും കാണുമ്പോള്‍ കൊതി തോന്നാറുണ്ട്. പക്ഷേ സാഹചര്യം അനുവദിക്കുന്നില്ല ഈ നാടുവിടാന്‍.

കറിയാചേട്ടനേയും ചേടത്തിയേയും പോലുള്ളവര്‍ ഇപ്പോഴും ഉണ്ടല്ലോ, ഈ മണ്ണ് ഒരിക്കലും ചതിക്കില്ല എന്നു വിശ്വസിക്കുന്നവര്‍.

അനുഭവത്തില്‍ നിന്നെഴുതിയ നന്മ കാണുന്നുണ്ട്. നന്നായി.

സാരംഗി said...

'കച്ചിത്തുരുമ്പുകള്‍' വളരെ ഇഷ്ടമായി. മണ്ണില്‍ നിന്നും അകന്നു പോകുന്ന മനുഷ്യര്‍...ഒരിയ്ക്കലും കനിയാതെ പിണങ്ങി നില്‍ക്കുന്ന മണ്ണും...വാനിലകൃഷി ചെയ്ത്‌ പാപ്പരായ ഒത്തിരി പേര്‍ ഞങ്ങളുടെ നാട്ടിലും ഉണ്ട്‌.
സെക്യൂരിറ്റിഗാര്‍ഡുകളെ നിര്‍ത്തി വാനിലത്തോട്ടം സൂക്ഷിച്ചവര്‍, പിന്നെ ആത്മഹത്യയുടെ വക്കു വരെ എത്തിയ കഥകള്‍...

Rasheed Chalil said...

ഒത്തിരി ഇഷ്ടമായി...

സജിത്ത്|Sajith VK said...

:)

ലിഡിയ said...

നന്ദി സാന്‍ഡോസ് :)

വേണൂ :)

അച്ചൂസേ :)

സാബീ :)

അനംഗാരീ :) എഴുത്തിനേ പറ്റി ഒന്നും പറഞ്ഞില്ല :(

സിജൂ, ശാലിനീ, സാരംഗീ :)

ഇത്തിരീ :)

സജിത്ത് :)

എല്ലാവര്‍ക്കും ഒത്തിരി നന്ദി..

സ്നേഹത്തോടെ പാര്‍വതി.

:: niKk | നിക്ക് :: said...

ഉം

mumsy-മുംസി said...

പാര്‍വതി കുടിയേറ്റക്കാരിയാണോ?
'വഴികണക്കുകള്‍' നന്നായി.
പിന്നെ ജ്ഞാനപാനയുടെ ലിങ്ക് ഒന്നു പറഞ്ഞു തരുമോ?

Unknown said...

ആരും കാണാതെ പോകുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍.

ഒരോര്‍മ്മപ്പെടുത്തല്‍ അത്യാവശ്യം തന്നെ.

umbachy said...

ശ്രീ പാര്‍വതീ
സ്റ്റാറ്റ് കൌണ്ടര്‍
എന്നു പറഞ്ഞാല്‍ എന്താണ്`
മനസ്സിലാക്കി തന്നാല്‍ വലിയ ഉപകാരം

ലിഡിയ said...

പ്രിയ മംസി..മറൂപടി താമസിച്ചതില്‍ ക്ഷമിക്കൂ.ഞാന്‍ നല്ല ഗാനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് http://cooltoad.com/ ഇവിടെ നിന്നാണ്.

ജ്ഞാനപാന ഇവിടെയുണ്ട്, cooltoad->malayalam->relegious അവിടെ njaanapana എന്നോ p.leela എന്നോ സേര്‍ച്ച് ചെയ്യൂ, ഞാന്‍ മൂന്ന് പാര്‍ട്ടും ഡൌണ്‍ലോഡ് ചെയ്ത് നോക്കി പക്ഷേ മൂന്നും ഒന്ന് തന്നെയാണെന്ന് തോന്നുന്നു.

-പാര്‍വതി.

ലിഡിയ said...

പൊതുവാളന്‍, വന്നതിന് നന്ദി.

ഉമ്പാച്ചീ ഇതിന് മറുപടി ഞാന്‍ ആ കവിതയ്ക്ക് കമന്റായി തന്നെ ഇട്ടു കേട്ടോ, പിന്മൊഴിയില്‍ ഈ ചോദ്യം കണ്ട് പോയി ഇട്ടതാണ്.

എല്ലാവര്‍ക്കും നന്ദി.

-പാര്‍വതി.

ചീര I Cheera said...

ഇത്തിരി വൈകിപ്പോയി..എന്നാലും കഥ വളരെ ഇഷ്റ്റമായി എന്നൊന്നു പറഞു പോകാം എന്നു വെച്ചു.
നാ‍ട്ടിലെ കാര്യങള്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ വല്ലാതെ ഭയം തോന്നാറുണ്ട്- മണ്ണും അതിന്റെ നനവും ഒക്കെ കുറച്ചെങ്കിലും ബാക്കിയുണ്ടോ എന്ന സംശയത്തില്‍..

mydailypassiveincome said...

ഹഹ.പാര്‍വതീ, ഇതു വായിച്ചിട്ട് ഇനിയുള്ള കാലം ഇങ്ങിനെ വല്ല കപ്പ നട്ടോ മറ്റോ നാട്ടില്‍ പോയി ജീവിക്കാന്‍ തോന്നുന്നു. അല്ല പിന്നെ :)

Anil said...

I have just seen ur blogs..

I like the way u present some facts but with in the formats of a story.

Your writing skills are good, Dont let it down.

I love kariyachettan and mariyettathi.Between ur lines we can see the kind of bond between them. And in hardships, they found solution leaning backwards to each other,, Cooolllll. You have said everything...

~Anil