തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, September 01, 2006

ഓണസമ്മാനം

“അപ്പോ അമ്മേ..മാവേലീം ക്രിസ്മസ്സ് അപ്പൂപ്പനെ പോലെയാണോ, എല്ലാ വീട്ടിലും വരുവോ?“

ഇവന്റെ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞാണ് ഞാന്‍ ഏറ്റവും കുഴയുന്നത്.ഈ കുഞ്ഞി തലയ്ക്കകത്ത് ഇത്ര മാത്രം ചിന്തകള്‍ എങ്ങനെ ഓടുന്നു എന്ന് ഉറങ്ങുന്ന അവന്റെ മുഖം നോക്കി ഞാന്‍ പലപ്പോഴും അത്ഭുതപെടാറുണ്ട്..

“ഉം..അങ്ങനെ തന്നെ..നമ്മളൊക്കെ സന്തോഷമായിട്ടിരിക്കുന്നോ എന്നൊക്കെ നോക്കാന്‍ വരും“ ഓഫീസില്‍ പോകാനിറങ്ങുന്നതിന്റെ തിരക്കില്‍ ഞാന്‍ മറുപടി പറഞ്ഞു..

കഥ പറയാന്‍ ഇഷ്ടമായ എനിക്ക് ഇത് പോലെ കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുഞ്ഞിനെ കിട്ടിയത് ഭാഗ്യമായിരുന്നു..

“പക്ഷേ കുടേം കിരീടോം ഉണ്ടാവോ?”
“വേറേ വേഷത്തില്‍ വരുവായിരിക്കും അല്ലേ?”
“നമ്മള്‍ നന്നായിട്ടിരുന്നാല്‍ സമ്മാനം തരുമോ?”, സച്ചുവിന്റെ ക്രിസ്മസ്സ് ഫാദറിനും മാവേലിക്കും ഒക്കെ ഒരേ ഷേയ്പ്പാണ്.

“ശാന്തേച്ചീ..ഞാനിറങ്ങുവാട്ടോ..സച്ചൂ പുറത്തൊന്നും ഒറ്റയ്ക്കിറങ്ങരുത്..ശാന്തേച്ചീ ഒരു കണ്ണ് വേണേ..പോവുമ്പോള്‍ രഹന ചേച്ചിയോടെ പറഞ്ഞിട്ട് പോണേ.”

ഞാന്‍ വരുന്നത് വരെ സച്ചു പിന്നെ അവിടെയിരുന്നോളും.അവിടെയും സമപ്രായക്കാര്‍ ഉള്ളത് കൊണ്ട് അവനും സന്തോഷമാണത്..മലയാളി മനസ്സിന്റെ നൈര്‍മല്യമുള്ള രഹന ചേച്ചി എനിക്കൊരു തണലും.

ഒരു ശ്വാസത്തില്‍ എല്ലാം പറഞ്ഞ് ഇറങ്ങുമ്പോള്‍ വല്ലാത്ത വിഷമം തോന്നി,അവധി ദിവസമാണ്..ഓണമൊരുക്കാന്‍ എന്തെങ്കിലും വാങ്ങാം എന്നൊക്കെ പറഞ്ഞ് സച്ചുവിനെ കൊതിപ്പിച്ചിരുന്നു, അപ്രതീക്ഷിതമായി ഓഫീസില്‍ പോവേണ്ടി വരുമ്പോള്‍, എന്നും പണി തീര്‍ത്ത് പോവാറുള്ള ശാന്തേച്ചിയെ പിടിച്ചു നിര്‍ത്തും..പേടിയാണ്..എന്റെ ഉണ്ണി...കേള്‍ക്കുന്ന ഓരോ കഥകള്‍.

പതിവിലും നീണ്ടു ഓഫീസില്‍..തളര്‍ന്നിരുന്നു വീട്ടിലെത്തുമ്പോള്‍..ശാന്തേച്ചി രാത്രി ഭക്ഷണം ഉണ്ടാക്കി വച്ചു പോകുന്നത് കൊണ്ട് ഇനി പണിയുണ്ടാവില്ല..

എന്തോ ചോദ്യവുമായി തയ്യാറായി വാതില്‍ പടിക്കെതന്നെ നില്‍പ്പുണ്ടായിരുന്നു സച്ചു

.“എന്താപ്പോ“
“മ്മേ..,ഓണം അടുത്ത ആഴ്ചേലല്ലേ?”
“അതേല്ലൊ, മോനു,,എന്താണാവോ?”
“മാവേലി അപ്പോ നേരത്തെ വരുവോ?”
“എന്ന്വച്ചാ?”

“അതേയ്യ്,ശാന്താമ്മ പോയൈ കുറേ നേരം കഴിഞ്ഞപ്പോ മാവേലി വന്നു, കിരീടവും കുടയും ഒന്നും ഇല്ലാര്‍ന്നു..ഒത്തിരി താടീണ്ടാര്‍ന്നു..എന്നെ മനസ്സിലായപ്പോ ചിരിച്ചിട്ട് എന്തേലും തരാന്‍ പറഞ്ഞു..വിശക്കുന്നുന്ന് പറഞ്ഞു. ഞാന്‍ ശാന്താമ്മ ഉണ്ടാക്കിയതെല്ലാം കൊടുത്തു..എല്ലാം കവറിലാക്കീട്ട് പോയി..“

“അപ്പോ മ്മേ..ഈ മാവേലിക്ക് ആരും സദ്യ ഒന്നും കൊടുക്കില്ലേ..നേരത്തെ വരണതെന്തിനാ?”

നെഞ്ചിന്‍ കൂട്ടില്‍ നിറഞ്ഞ ഒരു നടുക്കത്തില്‍ നിന്നും ഞാന്‍ അപ്പോഴും ഉണര്‍ന്നിരുന്നില്ല,ശാന്തേച്ചി പോയതിനും ഞാന്‍ വരുന്നതിനും ഇടയിലെ ഒരു നിമിഷം..

“എന്റെ കുഞ്ഞേ”, വിളറിയ മുഖത്തോടേ ഞാന്‍ അവനെ വാരി എടുത്തു..

എന്നും ടീ.വിയില്‍ കാണുന്ന കഥകളിലെ ഒത്തിരി ഒത്തിരി കുഞ്ഞുങ്ങളെ ഓര്‍ത്ത് സഹതപിച്ചാലും എന്റെ കുഞ്ഞ്..അവനാണെന്റെ ഓണവും..എന്റെ സ്വപ്നവും..

കുഞ്ഞ് മുഖത്തിന്റെ നിഷ്കളങ്കതയില്‍, ആഹാരം മാത്രം വാങ്ങി പോയ ആ നല്ലവനായ യാചകനെ മനസ്സ് തേടി.

ഏതോ ജന്മത്തില്‍ ഞാന്‍ ചെയ്ത പുണ്യങ്ങളോട് എന്റെ ഓണപൂത്തുമ്പിക്ക് കൂട്ടിരുന്നതിന് നന്ദി പറഞ്ഞു..

-പാര്‍വതി.

25 comments:

Anonymous said...

ഓണാശംസകള്‍!!!
മലയാളിക്കെന്നാ ഭയത്തില്‍ നിന്നു വിമോചനം കിട്ടുന്നത്?
(നല്ല കഥയാ കേട്ടോ)

വല്യമ്മായി said...

നല്ല കഥ.പിള്ള മനസ്സില്‍ കള്ളമില്ലല്ലോ

പച്ചാന said...

നല്ല കഥ.സച്ചു എന്‍റെ അനീയന്‍റെ പോലെയാണല്ലൊ

അനംഗാരി said...

ചെറിയ വരികള്‍. മനോഹരമായ ആശയം. നന്നായിരിക്കുന്നു പാര്‍വ്വതി. അഭിനന്ദങ്ങള്‍.

ലിഡിയ said...

നന്ദി നവന്‍, സ്നേഹിക്കുന്നതൊക്കെ നഷ്ടപെടുമോന്ന ശങ്ക മലയാളിക്ക് മാത്രമാണോ അല്ല, എന്നാണെന്റെ അനുഭവം.

നന്ദി വല്യമ്മായി.. :-)

പച്ചാന എത്തിയോ,താങ്ക്സ്ട്ടോ.. :-)

ഒത്തിരി നന്ദി കുടിയന്‍,എല്ലാം എത്രയും വേഗം ശരിയാവാന്‍ പ്രാര്‍ത്ഥിക്കുന്നു..

-പാര്‍വതി.

സ്നേഹിതന്‍ said...

സ്നേഹമാണഖിലസാരമൂഴിയില്‍...

നല്ല കഥ. ഓണാശംസകള്‍!!!

റീനി said...

പാര്‍വതി, ഒരമ്മയുടെ കുഞ്ഞിനെക്കുറിച്ചുള്ള വേവലാതികള്‍ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു. ഉണ്ണിയായാലും മുതിര്‍ന്നവരായാലും കുട്ടികള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ.

അനോമണി said...

പാര്‍വ്വതീ..
വളരെ വളരെ നന്നായിരിക്കുന്നു. വായിച്ചുകഴിഞ്ഞപ്പോള്‍ മുന്‍പത്തെ ഏതോ കഥ വായിച്ച സമയത്ത് മനസ്സില്‍ വന്ന കാര്യം വീണ്ടും ഓര്‍ത്തു. മാധവിക്കുട്ടിയുടെ ‘നെയ്പായസം’ (അങ്ങനെത്തന്നെയാണ് പേര് എന്ന് തോന്നുന്നു)വായിക്കുമ്പോള്‍ ഉള്ള ഒരു മൂട് ആ കഥ ഉണ്ടാക്കിയിരുന്നു. കഥയില്‍ നന്നായി ശ്രദ്ധിച്ചാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ സാധ്യമാകും. വായനക്കാരായ ഞങ്ങള്‍ക്ക് നല്ല സൃഷ്ടികള്‍ തരുന്ന ഉന്മേഷവും ഉണര്‍വും നിങ്ങള്‍ക്ക് കടപ്പെട്ടത് തന്നെയാണ്.

Rasheed Chalil said...

പാര്‍വ്വതീ നല്ലകഥ. ഒത്തിരി ഇഷ്ടമായി.. വല്ലപ്പോഴും നാട്ടിലെത്തുന്ന എന്നെ ചോദ്യങ്ങള്‍ കൊണ്ട് മൂടുന്ന മോനേയും ഓര്‍ത്തു..

ഓണാശംസകള്‍.

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു... പാര്‍വ്വതി.

പിള്ളമനസിന്‍റെ നിഷ്കളങ്കതയ്ക്കും, അമ്മ മനസ്സിന്‍റെ വേവലാതിക്കും അപ്പുറം, അണുകുടുംബത്തിന്‍റെ അല്ലെങ്കില്‍ പ്രവാസി കുടുംബങ്ങളുടെ... നിസ്സഹായത എടുത്തുകാട്ടിയിരിക്കുന്നു... കുറഞ്ഞ വരികളിലൂടെ.

അഭയാര്‍ത്ഥി said...

മാവേലി എങ്ങിനെയിരിക്കും?.

വാക്കിന്‌ വേണ്ടി മഹാബെലി കൊടുത്തവനാകയാല്‍ കാരുണ്യം നിറഞ്ഞ കണ്ണുകളായിരിക്കും. മഹാ തപസ്വിയും ദാന ധര്‍മിയുമായാതിനാല്‍ മെലിഞ്ഞ കുറിയ ശരിര പ്രകൃതിയായായിരിക്കും. കയ്യില്‍ പാരമ്പര്യത്തിന്റെ പനയോല ക്കുടയും, ശിരസ്സില്‍ സ്വര്‍ണത്തലപ്പാവും, കയ്യില്‍ അസുര രാജ മുദ്രയും ഉണ്ടായിരിക്കും.

ഇനിയും പിടികിട്ടുന്നില്ലെങ്കില്‍ പറയാം നമ്മുടേ ഏ കെ ആന്റണിയേപ്പോലെയിരിക്കും.

പാര്‍വതിയുടെ മാതൃഭാവതിന്റെ സാരള്യം വെളിപ്പെടുന്നു ഇക്കഥയില്‍.

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍.

ഏറനാടന്‍ said...

ഏറെ ചിന്തിക്കേണ്ടുന്ന സംഗതികളാണ്‌ ഇതിലെ കുട്ടിയും ചോദിക്കുന്നത്‌! മലയാളികളായ ഏവര്‍ക്കും പണ്ടുണ്ടായിരുന്ന മാവേലിയുടെ രൂപം പാടെ മാറ്റിമറിച്ച്‌ വെറുമൊരു കോമാളിക്കോലമാക്കിയ മിമിക്രിരാജാക്കന്മാര്‍ക്ക്‌ സല്‍ബുദ്ധി വരുത്തുവാന്‍ ഒന്നു പ്രാര്‍ത്ഥിക്കാം..

raghumadambath@gmail.com said...

ഇടശ്ശെര്യടെ പൂതപ്പാട്ടൊര്‍മ്മ വരുന്നു

വെയില്‍ മങി മഞ്ഞകതിരു പൊങി
വിദയങ്കണത്തിലെ കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീലെ
വിടെപ്പൊയ് നങേലി നിന്നു തേങി

ത് മലയാളിക്ക് മാത്രല്ല
എവിടൊക്കെ
അമ്മ ണ്ടോ
അവ്ടൊക്കെ ഈ ഭയണ്ടാവും

Visala Manaskan said...

പാര്‍വതിയുടെ ഓണസമ്മാനം ഇഷ്ടപ്പെട്ടു. നല്ല പോസ്റ്റ്.
മോനും പാര്‍വ്വതിക്കും രെഹന ചേച്ചിക്കും എന്റെയും ഓണാശംസകള്‍!

മാവേലി ഓണദിവസം രാവിലെ 100% വരും എന്ന് തന്നെയായിരുന്നു ഞാനും ഏറെക്കാലം വിശ്വസിച്ചിരുന്നത്. 100% എന്ന് പറയാന്‍ കാരണം നമ്മടെ ചേട്ടന്‍ ഒരോണത്തിന് മാവേലിയെ രണ്ട് തവണ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞത് കേട്ടായിരുന്നു.

പിന്നെയല്ലേ മനസ്സിലായേ.. ‘നിത്യഗര്‍ഭിണി‘ മോഡല്‍ വയറുള്ള ആരോ തിരുവോണദിവസം അതിരാവിലെ എന്റെ വീടിന്റെ മുന്‍പിലൂടെ ആള്‍ടെ ഏതോ ബന്ധുവീട്ടിലേക്കും ഉച്ചകഴിഞ്ഞ് തിരിച്ചും പോണത് കണ്ടിട്ട് അതാണ് മാവേലി എന്ന് തെറ്റിദ്ധരിച്ചായിരുന്നു എന്ന്!

sreeni sreedharan said...

പാര്‍വതിചേച്ചി ഓണാശംസകള്‍, കഥ ഇഷ്ടപ്പെട്ടു..

(ഓ.ടോ. ഈ പാര്‍വതി എന്ന പേരിനോട് എനിക്ക് വല്ലാത്ത ഒരു അറ്റച്ച്മെന്‍റ് ഉണ്ട്; മൂന്ന് വയസുള്ളപ്പോള്‍ ഞാന്‍ എന്‍റ മാതാപിതാക്കളോട് പറയുമായിരുന്നു...പാര്‍വതി-എന്‍റെ ഭാര്യ പുറത്ത് പോവാന്‍ റെഡിയായിക്കൊണ്ടിരിക്കുംബോള്‍ ഞാന്‍ അവളറിയാതെ പുറപ്പെട്ട് വന്നാതാന്ന്)

അലിഫ് /alif said...

നല്ല ഓണസമ്മാനം..ഒരുപാടിഷ്ടമായി. എന്റെ അഭാവത്തില്‍ മോന്റെയും മോളുടെയും സംശയങ്ങള്‍ക്ക് മറുപടികൊടുത്തു തളര്‍ന്നിട്ടുണ്ടാവും എന്റെ ശ്രീമതിയും..ഒപ്പം, കുഞ്ഞുങ്ങളെ ക്കുറിച്ചുള്ള ആശങ്കയും..ഇനിയും എഴുതൂ. ആശംസകള്‍.

Mubarak Merchant said...

ഇത്രനാളത്തെ വികസനം കൊണ്ട് നാം ഒരുപാട് നേടിയപ്പോ കൂടെ ഫ്രീയായി കിട്ടിയതാ ചേച്ചീ ഈ അരക്ഷിതാവസ്ഥ. ഇതില്ലാതാവണമെങ്കില്‍ നേടിയെന്നു കരുതുന്ന പലതും ഉപേക്ഷിക്കാന്‍ മലയാളി തയ്യാറാവണം. കഥ പറഞ്ഞ രീതിയും കഥയുടെ തീമും നന്നായി.

asdfasdf asfdasdf said...

പാര്‍വതിയുടെ ഓണസമ്മാനം പ്രവാസിയുടെ വിഹ്വലതകളെക്കൊണ്ട് മൂടിയിരിക്കുന്നു. നാടു നന്നാവട്ടെ. നമുക്കെല്ലാം തിരിച്ചു പോയി തൊടിയിലെ പൂക്കള്‍ പറിച്ച് പൂക്കളമിടാം.ത്രിക്കാരപ്പനെ ഉണ്ടാക്കാം. പടിഞ്ഞാറ്റിലെ വേലായിയുമായി കുമ്മാട്ടിക്കളി നടത്താം. ഉരലില്‍ അരിയിടിച്ച് വാഴയിലയില്‍ അടയുണ്ടാക്കി പ്രഥമനൊരുക്കാം. മുറ്റത്ഥെ മൂവ്വാണ്ടന്‍ മാവില്‍ ഊഞ്ഞാലാടാം. ഓണത്തല്ല് നടത്താം..... ആന കൊടുത്താലും ആശ കൊടുക്കരുത് അല്ലേ.. ഓണാശംസകള്‍.

മനോജ് കുമാർ വട്ടക്കാട്ട് said...

ഓരോരുത്തരും അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഇനിയും സ്നേഹത്തിന്റെയും ഒരുമയുടെയും കഥകള്‍ പറഞ്ഞുകൊടുക്കട്ടെ.

അവര്‍ ഇനിയും നല്ലതുമാത്രം പ്രവര്‍ത്തിക്കുകയും കാണുകയും ചിന്തിക്കുകയുമാറാകട്ടെ!!

Physel said...

പാര്‍വതീ കഥ നന്നായിട്ടോ...ഓണാശംസകള്‍

തറവാടി said...

പാര്‍വതീ , എനിക്കിഷ്ടായി കഥ ...ഒത്തിരി

Peelikkutty!!!!! said...

കാക്കയ്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് ..!!! നന്നായിഎഴുതി പാർവതീ.
ഓണാശംസകൾ!

Promod P P said...

കഥ വായിച്ച്‌ ഞാന്‍ ഞെട്ടിപ്പോയി

ഞാന്‍ പണ്ട്‌ സാകേത്‌ സെക്ടര്‍ 5 ഇല്‍ താമസിക്കുമ്പോള്‍ അവിടെ ഇതു പോലെ ഒരു സംഭവം ഉണ്ടായി.

കുട്ടികളെ നാം സൂക്ഷിക്കണം.. പ്രത്യേകിച്ച്‌ ദില്ലി പോലെ ഉള്ള നഗരത്തില്‍.

നന്മ നിറഞ്ഞ തിരുവോണം ആശംസിക്കുന്നു.

ലിഡിയ said...

കണ്ടറിഞ്ഞും കേട്ടറിഞ്ഞും എത്തിയ എല്ലാവര്‍ക്കും,വായിച്ച് സന്ദര്‍ശ‍പുസ്തകത്തില്‍ എന്റെ സന്തോഷത്തിനായി ഒരു വരി കുറിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..

എല്ലാവരും ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാവും എന്ന് കരുതട്ടെ..സത്യം പലരും ബ്രഡ്ഡും ചായയും കുടിച്ച് ഒഴിവില്ലാതെ പണി ചെയ്യുകയാണെങ്കിലും..

കാലം മാറി കൊണ്ടേ ഇരിക്കുന്നു,എങ്കിലും നമ്മള്‍ ഭാഗ്യമുള്ളവരാണ്..കുറെ നിറമുള്ള തെളിവുള്ള ഓര്‍മ്മകളുണ്ടല്ലോ,നമ്മുടെ കുഞ്ഞുങ്ങള്‍ക്കും അതു പോലെ എന്തെങ്കിലും ബാല്യത്തിന്റെ ഓര്‍മ്മയായി കൊടുക്കാന്‍ നമുക്ക് ഈ തിരക്കില്‍ മറക്കാതിരിക്കാം..

അവര്‍ക്കും കാലത്തിന്റെ കൈവഴിക്കപ്പുറത്തു നിന്നും ഗൃഹാതുരതയോടെ ഓര്‍ക്കാന്‍.

-പാര്‍വതി.

mydailypassiveincome said...

നല്ല കഥ. തന്റെ എല്ലാ കഥകളും കവിതകളും ഒന്നിനൊന്ന് മെച്ചം. ആശംസകള്‍.